ബറേല്‍വിസം: അവ്യക്തതകള്‍, ദുരൂഹതകള്‍

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 മാര്‍ച്ച് 30 1440 റജബ് 23

ഭരണകൂടങ്ങളുടെ സകലമാന പിന്തുണകളും ആര്‍ജിച്ച് പുഷ്ടിപ്രാപിച്ച ബറേല്‍വികള്‍ ഇന്ന് ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്; പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍. ഇന്ത്യയില്‍ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയ ഖാദിയാനി-ബറേല്‍വി ഗ്രൂപ്പുകള്‍ക്ക് ബ്രിട്ടന്‍ ആവശ്യമായ താങ്ങുംതണലും നല്‍കുന്ന വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ഖാദിയാനി-സ്വൂഫി-ബറേല്‍വി വിഭാഗങ്ങളോട് വിസാ നിയമത്തില്‍ തന്നെ ഏറ്റവും ഉദാരമായ നയമാണ് ഈ രാജ്യങ്ങളുടെ എംബസികള്‍ പുലര്‍ത്തിവരുന്നത്.

എന്നാല്‍ നേരത്തെ വ്യാപകമായി അറിയപ്പെട്ടിരുന്ന''ബറേല്‍വി'കളെന്ന പേരില്‍ അറിയപ്പെടുന്നതില്‍ എന്തോ വൈമനസ്യം ഇക്കൂട്ടര്‍ക്ക് ഉള്ളതായും മനസ്സിലാകുന്നു. ഈയിടെയായി 'ബറേല്‍വി' എന്ന പേരുതന്നെ ഇവര്‍ വ്യാപകമായി പ്രയോഗിക്കാറില്ല. ബറേല്‍വിസത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള കേരള മുസ്‌ലിം സമൂഹത്തിന്റെ വൈമനസ്യത്തെപ്പറ്റി ഈ വിഷയത്തില്‍ പ്രഥമഗ്രന്ഥം തയ്യാറാക്കിയ ഷാഹുല്‍ ഹമീദ് ബാഖവി ശാന്തപുരത്തിന്റെ പരിഭവവും പരാതിയും നേരത്തെ വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. ബ്രിട്ടണില്‍ ജംഇയ്യതു അഹ്‌ലുസ്സുന്ന, ജംഇയ്യതു തബ്‌ലീഗുല്‍ ഇസ്‌ലാം എന്നീ പേരുകളിലാണ് നിലവില്‍ ഈ വിഭാഗം അറിയപ്പെടുന്നത്. കേരളത്തില്‍നിന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം 'വിദഗ്ധന്മാര്‍' വടക്കേ ഇന്ത്യയിലെ ബറേല്‍വി നേതാക്കളുമായി ബന്ധം സുദൃഢമാക്കിയതോടേ സംഘടയുടെ ചട്ടക്കൂട് ആകെയും പരിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. 'മര്‍കസ് അഹ്‌ലുസ്സുന്ന ബറകാത്ത് റദാ' എന്നാണ് ബറേല്‍വികളുടെ പരിഷ്‌ക്കരിച്ച നാമധേയം.

കേരളത്തിലെ സുന്നികള്‍ എന്ന് അവകാശപ്പെടുന്നവരില്‍ തീവ്രസുസുന്നി വിഭാഗമായ കാന്തപുരം ഗ്രൂപ്പാണ് ബറേല്‍വികളുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയിലെ ബറേല്‍വി/ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം വ്യാപകമായി കണ്ടുവന്നിരുന്ന പല നവീന ആചാരങ്ങളും ഈ ബന്ധത്തിലൂടെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു ഈ വിഭാഗം. ബറേല്‍വികളുടെ സഹകരണത്തോടെ ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാന്തപുരം വിഭാഗം കലാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു.

ഗുജറാത്തിലെ അഹ്മദാബാദില്‍ ബറേല്‍വികള്‍ നടത്തിയ വമ്പന്‍ സമ്മേളനത്തിന്റെ രഹസ്യവും അജണ്ടകളും ഇന്നും ദുരൂഹമായി തുടരുന്നു. മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും പ്രത്യേക താല്‍പര്യ സംരക്ഷണത്തിനായി ദില്ലിയില്‍ അടുത്തിടെ തട്ടിക്കൂട്ടിയ 'സൂഫി സമ്മേളന'ത്തില്‍ കേരളത്തില്‍നിന്നും ക്ഷണിക്കപ്പെട്ടത് കാന്തപുരവും മുട്ടിപ്പടി സ്വലാത്ത് നഗറിലെ ഇബ്രാഹീം ഖലീല്‍ ബുഖാരിയുമായിരുന്നു. സ്വൂഫി-ത്വരീക്വത്ത്-ആത്മീയ സരണികളെ അനുസരിക്കുകയും അംഗീകരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാണക്കാട്ടെ പ്രമുഖരും കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും കേരളത്തില്‍ നിലവിലുള്ളപ്പോള്‍ കാന്തപുരത്തെയും ഖലീല്‍ ബുഖാരിയെയും 'മാത്രം' സവിശേഷമായി ക്ഷണിച്ചുകൊണ്ട് ഇങ്ങനെ ഒരു 'ആത്മീയ സമ്മേളനം' സംഘപരിവാറിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടതിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നിടത്താണ് 'ബറേല്‍വി'കളുടെ തനിസ്വരൂപം തിരിയുന്നത്. കാന്തപുരം വിഭാഗം പ്രസിദ്ധപ്പെടുത്തുന്ന 'സിറാജ്' ദിനപ്പത്രം ഈ സമ്മേളനത്തെ ന്യായീകരിക്കുന്ന നിലയില്‍ വാര്‍ത്തയും കവറേജും നല്‍കിയിരുന്നു.

ബറേല്‍വികളുടെ രാജ്യസ്‌നേഹം

ഏറനാട്ടിലെ പ്രമുഖ പണ്ഡിതനും ഖിലാഫത്ത് നേതാവുമായിരുന്ന തയ്യില്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (കെ.എം.മൗലവി) ബ്രിട്ടീഷുകാര്‍ക്കെതിരില്‍ പടനയിച്ചതിന്, ജീവനോടെയോ അല്ലാതെയോ അദ്ദേഹത്തെ പിടിച്ച് കൊടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരുന്ന വിവരം പ്രസിദ്ധമാണ്. ഈ സന്ദര്‍ഭത്തിലാണ് കെ.എം.മൗലവി കൊടുങ്ങല്ലൂരിലേക്ക് പലായനം ചെയ്യുന്നത്. ബ്രിട്ടീഷ് അനുഭാവികളും കെ.എം.മൗലവിയുടെ ആശയ വിരോധികളുമായ പുരോഹിതന്മാര്‍ ഈ സംഭവത്തെ വാലുംതലയും മുറിച്ച് ഇന്നും അപഹസിക്കാന്‍ ഉപയോഗിച്ചുവരുന്നു. ബ്രിട്ടീഷുകാര്‍ക്ക് സകല പിന്തുണയും പതിച്ചുനല്‍കി 'ഖാന്‍ ബഹാദൂര്‍' പട്ടവും 'ഖാദിയാര്‍' പദവിയും കൊട്ടാരസമാനമായ വീടും ജീവിത സൗകര്യങ്ങളും സ്വന്തം വീട്ടിലേക്ക് രാജവീഥിയുമെല്ലാം -അവസരത്തിനൊത്ത് തുള്ളിയതിന്റെ പേരില്‍- നിര്‍ലജ്ജം തരപ്പെടുത്തിയെടുത്തവരാണ് പുരോഹിതന്മാരില്‍ പലരും. ചരിത്രം പഠിക്കുന്നവര്‍ക്ക് ഈ വസ്തുതകളെ നിഷേധിക്കാന്‍സാധിക്കില്ല.

ബറേല്‍വിയിലൂടെ ശാലിയാത്തി മാര്‍ഗത്തില്‍ ബ്രിട്ടണിനോടുള്ള പ്രണയവും പ്രേമവും ഇവരില്‍ വളര്‍ന്നുവന്നു. ബ്രിട്ടണിനെതിരായി രാജ്യമെമ്പാടും വികാരം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിലും അവര്‍ക്കനുകൂലമായി കേരളത്തിലെ പുരോഹിതന്മാര്‍ ഫത്‌വ വനല്‍കി 'കിഴി' വാങ്ങി. പ്രായപൂര്‍ത്തിയും വിവേകവുമുള്ള എല്ലാ സ്ത്രീ-പുരുഷന്മാരും കോണ്‍ഗ്രസ്സില്‍ മെമ്പര്‍മാരാകണമെന്നും നെഹ്‌റു-ഗാന്ധി-ആസാദ്-അലി സഹോദരന്മാര്‍ നേതൃത്വം കൊടുക്കുന്ന സ്വാതന്ത്യ സമരത്തില്‍ സജീവമാകണമെന്നും വിവേകമതികളായ കേരള മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ 'ഭരണകര്‍ത്താക്കളെ എതിര്‍ക്കലും അവരുടെ കല്‍പന അനാദരവ് ചെയ്യലും മതവിരോധമുള്ള കാര്യമായതിനാല്‍ കോണ്‍ഗ്രസ്സ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്' എന്ന്'സമസ്ത-ബറേല്‍വി പുരോഹിതന്മാര്‍ പ്രമേയം പാസ്സാക്കി ബ്രിട്ടീഷ് മേധാവികളെ സുഖിപ്പിച്ചു.

ഇവിടെയും അവസാനിച്ചില്ല ഈ പുരോഹിതന്മാരുടെ ബ്രിട്ടനോടുള്ള വിധേയത്വം. ''സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ സംഘത്തിലെ അംഗങ്ങളായ മുസ്‌ല്യാന്മാര്‍ എല്ലാവരും കോണ്‍ഗ്രസ്സുകാര്‍ അല്ലാത്തവരും ഗവര്‍മ്മെന്റെ് കക്ഷിയും ആയിരിക്കണമെന്നും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ നടപടികളെയും അതിനുള്ള ഉപകരണങ്ങളെയും പൊതുസമാധാന പാലനത്തെയും പുനര്‍ജ്ജീവിപ്പിക്കല്‍ മേപ്പടി സംഘത്തിന്റെ മൂലസിദ്ധാന്തങ്ങളില്‍ പെട്ടതാണന്നുള്ള മുന്‍നിശ്ചയത്തെ ഈ യോഗം പുനരാവര്‍ത്തിച്ചു ശക്തിപ്പെടുത്തുകയും ചെയ്യുന്നു...'' എന്നും പ്രമേയത്തില്‍ പറഞ്ഞു.'

പുരോഹിതന്മാരുടെ ബ്രിട്ടനോടുള്ള സ്‌നേഹം ഖാന്‍ ബഹാദൂര്‍ പദവിയോടുള്ള വിധേയത്വവും അവിടെയും അവസാനിച്ചില്ല. അവര്‍ വീണ്ടും തുടരുന്നു: ''നമ്മുടെ വൈസ്രോയി ഇര്‍വിന്‍ പ്രഭു അവര്‍കളും പത്‌നിയും സര്‍ക്കീട്ടില്‍നിന്ന് മടങ്ങി ദല്‍ഹി പട്ടണത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ ഏതോ ദുഷ്ടന്മാര്‍ ബോംബ് പ്രയോഗിച്ചതില്‍ ഈ യോഗം വ്യസനിക്കുകയും ഭാഗ്യവശാല്‍ യാതൊന്നും ഭലിക്കാതെ പോയതില്‍ അളവറ്റ സന്തോഷത്തെ വെളിവാക്കുകയും ചെയ്യുന്നു...'' '

ഇതായിരുന്നു വഹാബി വിരോധം പറഞ്ഞുനടന്ന സമസ്ത- ബറേല്‍വി പുരോഹിതന്മാരുടെ രാജ്യസ്‌നേഹത്തിന്റെ അവസ്ഥ! ഈ രണ്ടു പ്രമേയങ്ങളും സമസ്തയുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച് പുരോഹിതന്മാരുടെ പിന്തുണയാര്‍ജിച്ചെടുക്കാന്‍ മുന്നില്‍ നിന്നിരുന്നത് ബ്രിട്ടീഷുകാരില്‍നിന്നും പട്ടും വളയും ഖാന്‍ബഹാദൂര്‍ പദവിയും സ്വന്തമാക്കിയ ഏറനാട് താലൂക്ക് ബോര്‍ഡ് മെമ്പര്‍ കെ.മമ്മൂട്ടി സാഹിബ്, കല്ലടി മൊയ്തുട്ടി സാഹിബ് എന്നിവരായിരുന്നു. സമസ്തയിലെ പ്രമുഖ നേതാക്കളായ പി.കെ.മുഹമ്മദ് മീരാന്‍ മൗലവി, എ.പി.അഹ്മദ് കുട്ടി മൗലവി എന്നിവര്‍ കുപ്രസിദ്ധമായ ഈ ബ്രിട്ടീഷ് അനുകൂല പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു.

ഈ വിവരങ്ങള്‍ സമസ്തയുടെ നേതൃത്വത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന 'അല്‍ബയാന്‍' അറബിമലയാളം മാസികയിലും ഇവര്‍തന്നെ പ്രസിദ്ധപ്പെടുത്തിയ സമസ്ത സമ്മേള റിപ്പോര്‍ട്ടിലും കണ്ടെത്താനാകും. ബ്രിട്ടീഷുകാരോട് അങ്ങേയറ്റം വിധേയത്വം കാണിച്ചിരുന്ന ബറേല്‍വിയുമായി ശാലിയാത്തി ബന്ധപ്പെടുന്നതോടേയാണ് കേരളത്തിലെ പുരോഹിതന്മാരില്‍ ഇത്തരം രൂപമാറ്റം സംഭവിച്ചതെന്ന് നാം മനസ്സിലാക്കുക. ഇന്നും 'മതരംഗത്ത്' കാലോചിതമായ ഇത്തരം പല രൂപമാറ്റങ്ങള്‍ക്കും നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നു. ഫാഷിസ്റ്റ് സ്വഭാവത്തോടെ സംഘപരിവാര്‍ നടത്തുന്ന ക്രൂരമായ നരഹത്യകളും മതന്യൂനപക്ഷ പീഡനങ്ങളും കണ്ടില്ലെന്ന് നടിക്കുകയും ഇവിടെ മുസ്‌ലിം സമൂഹത്തിന് പീഡനമില്ലെന്ന് പരസ്യമായി വിളിച്ചു പറയുകയും ചെയ്യുന്ന ബറേല്‍വി ശിഷ്യന്മാരുടെ മനഃസ്ഥിതി റിളാഖാന്‍ ബറേല്‍വിയുടെയും ശാലിയാത്തിയുടെയും തായ്‌വഴിയാണെന്ന് നാം ഗ്രഹിക്കുക.

ബ്രിട്ടീഷ് ഇന്ത്യയില്‍ വ്യാജപ്രവാചകനായി എഴുന്നള്ളിയ മിര്‍സാഗുലാം ഖാദിയാനിയുടെ ജ്യേഷ്ഠസഹോദരന്‍ ഗുലാംഖാദര്‍ബേക,് ബറേല്‍വി സാഹിബിന്റെ ഗുരുനാഥനായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയുന്ന യാഥാര്‍ഥ്യമാണ്. എന്നാല്‍ ഖാദിയാനികളുമായുള്ള ബന്ധം, അറബ് രാഷ്ട്രങ്ങളുമായുള്ള സൗഹൃദത്തില്‍ അപകടകരമായ വിള്ളല്‍ സമ്മാനിക്കാനിടയുണ്ടെന്ന് ബറേല്‍വികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ അടുത്തകാലത്തായി പ്രസിദ്ധീകരിക്കപ്പെട്ട ബറേല്‍വിയെപ്പറ്റിയുള്ള രചനകളില്‍നിന്നും വിവാദ നായകനായ ഗുലാംഖാദര്‍ബേകിന്റെ പേര് അതിവിദഗ്ധമായി ഒഴിവാക്കുന്നുണ്ട്.

ഇ.കെ വിഭാഗം സുന്നികള്‍ക്കും പ്രിയപ്പെട്ട ബറേല്‍വി

വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ബറേല്‍വികളുമായുള്ള ബന്ധത്തിലൂടെ ഏറ്റവുമധികം നേട്ടം കൈവരിക്കുന്നവര്‍ നിലവില്‍ കേരള സുന്നികളില്‍ കാന്തപുരം വിഭാഗമാണ്. എന്നാല്‍ പൊതുവെ മിതവാദി വിഭാഗമായി കരുതപ്പെടുന്ന ചേളാരി വിഭാഗം സുന്നികള്‍ക്കും ഈ ബറേല്‍വി നേതാവ് കാണപ്പെട്ട ദൈവം തന്നെയാണ്. ബറേല്‍വി സാഹിബിന്റെ ശിഷ്യത്വം സ്വീകരിച്ച വ്യക്തിയായിരുന്നു കേരളത്തിലെ ശാലിയാത്തിയെന്ന് ഇവര്‍ സമ്മതിക്കുന്നുണ്ട്. ബറേല്‍വിയെപ്പറ്റി ഇ.കെ.വിഭാഗം സുന്നികളിലെ പ്രമുഖന്മാര്‍ രേഖപ്പെത്തുന്നു: ''തബ്‌ലീഗ് ജമാഅത്തുകാരുടെ ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വികലാശയങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന പണ്ഡിതനാണ് ഇമാമെ അഹ്‌ലുസ്സുന്നത്ത് മുജദ്ദിദെ മില്ലത്ത് അഹ്മദ് രിദാ മുഹദ്ദിസ് ബറേല്‍വി. അഅ്‌ലാ ഹദ്‌റത്ത് എന്ന പേരില്‍ അറിയപ്പെടുന്നു. കേരളത്തിലെ വിശ്രുത പണ്ഡിതനായിരുന്ന അഹ്മദ് കോയാ ശാലിയാത്തി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പെടുന്നു.

റസൂല്‍ ﷺ തങ്ങളെ അളവറ്റ് സ്‌നേഹിച്ച അഅ്‌ലാ ഹദ്‌റത്തിനെ തബ്‌ലീഗീ ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനിന്ന വാദമുഖങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. അവര്‍ക്കെതിരെ ശക്തമായി രംഗത്തുവരികയും ഗ്രന്ഥരചനകള്‍ നടത്തുകയും ചെയ്തു. ദയൂബന്ധി പണ്ഡിതരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് അറേബ്യന്‍ പണ്ഡിതര്‍ക്ക് അയച്ചു കൊടുക്കുകയും അവരില്‍നിന്നും ലഭിച്ച അംഗീകാര പത്രങ്ങള്‍ 'ഹുസ്സാമുല്‍ഹറമൈന്‍'എന്നപേരില്‍ ഗ്രന്ഥമായി പുറത്തിറക്കുകയും ചെയ്തു...''

ചുരുക്കത്തില്‍, കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രമുഖ വക്താക്കളായി അവകാശപ്പെടുന്ന ഇരുവിഭാഗത്തിനും ബറേല്‍വിയും അയാളുടെ വികലമായ ആശയങ്ങളും എന്നും 18 കാരറ്റ് തന്നെ! ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിനെപ്പറ്റി എറ്റവും മോശമായ, കല്ലുവെച്ചനുണകള്‍ പ്രചരിപ്പിക്കുന്ന വിഷയത്തിലും ഇവര്‍ ദഹ്‌ലാനെയും ബറേല്‍വിയെയുമാണ് ശൈഖായി അംഗീകരിച്ചിട്ടുള്ളത്. മുകളില്‍ വിശദീകരിച്ച അവരുടെ പുസ്തകത്തില്‍ ഇതിന് ധാരാളം തെളിവുകള്‍ കണ്ടെത്താനാകും.

യഥാര്‍ഥ രാജ്യസ്‌നേഹികള്‍ ആരായിരുന്നു?

ബ്രിട്ടീഷ് ഗവര്‍മെന്റ് കനിഞ്ഞരുളുന്ന ബഹുമതികളും ആദരപത്രങ്ങളും സ്ഥാനമാനങ്ങളും സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രബലമായ തീരുമാനം. തുര്‍ക്കി ഖിലാഫത്തിന്റെ നിര്‍മാര്‍ജനത്തിന് ബ്രിട്ടീഷുകാര്‍ വഹിച്ച ദൗത്യം പ്രകടമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. ലക്‌നോ ദാറുല്‍ഉലൂം നദ്‌വത്തുല്‍ ഉലമ, ലക്‌നോ ഫറങ്കി മഹല്ലിലെ പണ്ഡിതന്മാര്‍, ദാറുല്‍ഉലൂം ദയൂബന്ദ് തുടങ്ങിയ പ്രമുഖ പണ്ഡിതകേന്ദ്രങ്ങളുടെ സംയുക്ത കൂട്ടായ്മയായിട്ടാണ് ജംഇയ്യത്തുല്‍ ഉലമായെ

ഹിന്ദ് രൂപീകരിക്കപ്പെട്ടത്. മൗലാനാ അബ്ദുല്‍ബാരി, ശൈഖുല്‍ഹിന്ദ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന മൗലാനാ മഹ്മൂദുല്‍ ഹസന്‍, സയ്യിദ് സുലൈമാന്‍ നദ്‌വി, ഹകീം അജ്മല്‍ ഖാന്‍, ഹാജി ഇസ്ഹാഖ് മലബാരി തുടങ്ങിയ പ്രമുഖര്‍ ഈ സംഘടനയെ നയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപ്രക്ഷോഭത്തില്‍ മുസ്‌ലിം സമൂഹം ഒന്നടങ്കം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നതായിരുന്നു ജംഇയ്യത്തിന്റെ തീരുമാനം.

എന്നാല്‍ ആദ്യകാലത്ത് ജംഇയ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബറേല്‍വി സാഹിബ്. പണ്ഡിതന്മാരെ നിഷ്‌ക്രിയരാക്കാനും ക്രമേണ ഈ കൂട്ടായ്മയില്‍നിന്നും പിന്നാക്കം വലിക്കാനും ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചു. അതിന് അനുകൂലമായി ബറേല്‍വി വിഭാഗം നിരത്തിയിരുന്ന കാരണങ്ങളും ബ്രിട്ടന്റെ മസ്തിഷ്‌ക്കത്തില്‍ ഉദിച്ചവയായിരുന്നു. 'ഖാന്‍ബഹാദൂര്‍' പദവിയും ബ്രിട്ടന്‍ നല്‍കുന്ന 'ഖാദി'പദവിയുമൊന്നും ആദ്യകാലത്ത് സ്വീകരിക്കാതിരുന്ന പണ്ഡിത പുരോഹിതന്മാര്‍ പിന്നീട് അത് നേടിയെടുക്കാന്‍ സഹായകമാകുന്ന നിലയിലുള്ള ഫത്‌വകളും നിലപാടുകളും കൊണ്ട് ബ്രിട്ടന്റെ മനതാരില്‍ 'കുളിരു'പകരുന്നതിന് രാജ്യം സാക്ഷ്യംവഹിച്ചു. ഗുലാം ഖാദിയാനിയെ ഇറക്കി പരാജപ്പെട്ട റോളുകളില്‍ ബറേല്‍വിയും അയാളുടെ അനുയായികളും ജയിച്ചുകയറുന്നതാണ് പിന്നീട് കണ്ടത്.