താങ്കള്‍ ക്വുര്‍ആന്‍ പഠിക്കുന്നുണ്ടോ?

മുഹമ്മദ് ശാഫി ഒറ്റപ്പാലം, ജാമിഅ അല്‍ഹിന്ദ്

2019 മെയ് 18 1440 റമദാന്‍ 13

വായിക്കുവാനും പഠിക്കുവാനും പ്രോത്സാഹനമേകിയാണ് വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായിത്തുടങ്ങിയത് തന്നെ. പഠിക്കുവാനും പഠിപ്പിക്കുവാനും ഏറെ അര്‍ഹമായ ഗ്രന്ഥം ഈ ദൈവികഗ്രന്ഥം തന്നെ എന്നതില്‍ സംശയമില്ല. വിശുദ്ധ ക്വുര്‍ആനിന്റെ പഠനത്തിന് വിവിധ മുഖങ്ങളുണ്ട്.  അര്‍ഥമറിഞ്ഞ് കൊണ്ടുള്ള പഠനം, അവതരണ പശ്ചാത്തലം അന്വേഷിച്ചറിഞ്ഞുകൊണ്ടുള്ള പഠനം, വിവിധ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ (തഫ്‌സീറുകള്‍) അവലംബിച്ചുകൊണ്ടുള്ള ആഴത്തിലുള്ള പഠനം തുടങ്ങിയവ ഉദാഹരണം. 

വിശുദ്ധ ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കുന്ന പഠനം ഇവയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പല സന്ദര്‍ഭങ്ങളിലായി പലതും ഹൃദിസ്ഥമാക്കിയവരാണ് നമ്മള്‍. ഗാനങ്ങള്‍, കഥകള്‍, മഹദ്വചനങ്ങള്‍ തുടങ്ങി ഒട്ടനേകം കാര്യങ്ങള്‍. എന്നാല്‍ മറ്റു ഗ്രന്ഥങ്ങള്‍ മനഃപാഠമാക്കുന്നത് പോലെയല്ല വിശുദ്ധ ക്വുര്‍ആന്‍ മനഃപാഠമാക്കുന്നത്. ക്വുര്‍ആന്‍ മനഃപാഠമാക്കുകയും നന്നായി പാരായണം ചെയ്യുകയും ചെയ്യുന്ന വ്യക്തിക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട് എന്നത് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതാണ്. അത്തരം പ്രത്യേകതകളില്‍ ചിലത് മാത്രം ഇവിടെ കുറിക്കുന്നു: 

നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുവാന്‍ അര്‍ഹന്‍ 

ഇസ്‌ലാമിന്റെ അടിസ്ഥാന കര്‍മങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് നമസ്‌കാരം. ഏറെ പവിത്രതയും സ്ഥാനവുമുള്ള നമസ്‌കാരത്തിന് നേതൃത്വം നല്‍കുക എന്നത് വളരെ ശ്രേഷ്ഠമായ കാര്യമാണ്. ആരെയാണ് നമസ്‌കാരത്തിന്റെ നേതൃത്വം നല്‍കാന്‍ നിയമിക്കേണ്ടതെന്ന് പ്രവാചകന്‍ ﷺ  പഠിപ്പിച്ചിട്ടുണ്ട്. 

അബൂമസ്ഉൗദ്(റ) പറയുന്നു; നബി ﷺ  പറഞ്ഞു: ''ഏറ്റവും നന്നായി ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കണം'' (മുസ്‌ലിം).

മറമാടുന്നിടത്ത് മുന്‍ഗണന 

യുദ്ധം പോലുള്ള ചില സന്ദര്‍ഭങ്ങളില്‍ ധാരാളം മരണം സംഭവിക്കുമ്പോള്‍ ഒന്നിലധികം വിശ്വാസികളെ ഒരുമിച്ച് ഒരു ക്വബ്‌റില്‍ മറമാടാറുണ്ട്. ആ സമയത്ത് അവരില്‍ ആരെയാണ് ആദ്യമായി ക്വബ്‌റിലേക്ക് ഇറക്കേണ്ടത് എന്ന സംശയം സ്വാഭാവികമാണ്. നബി ﷺ  പഠിപ്പിക്കുന്നത് ഇങ്ങനെയാണ്:

ജാബിറുബ്‌നു അബ്ദില്ല(റ) നിവേദനം: ''ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷികളായ രണ്ടാളുകളെ പ്രവാചകന്‍ ﷺ  ഒരു വസ്ത്രത്തില്‍ ഒരുമിച്ചുകൂട്ടി. ശേഷം പ്രവാചകന്‍ ﷺ  ചോദിച്ചു: 'ഇവരില്‍ ആരാണ് ക്വുര്‍ആന്‍ കൂടുതലായി പഠിച്ചിട്ടുള്ളത്?''അപ്പോള്‍ അവരിലൊരാളിലേക്ക് ചൂണ്ടിക്കാണിക്കപ്പെട്ടു. അദ്ദേഹത്തെയാണ് പ്രവാചകന്‍ ﷺ  ആദ്യമായി ക്വബറില്‍ വെച്ചത്'' (ബുഖാരി).

നേതൃത്വത്തില്‍ ആദ്യപരിഗണന 

ക്വുര്‍ആന്‍ അറിയുന്നവരെയാണ് സമൂഹത്തിന്റെ നേതൃത്വം ഏല്‍പിക്കേണ്ടത് എന്ന് ഇസ്‌ലാമിക ചരിത്രം നമ്മെ അറിയിക്കുന്നു. മക്കയിലെ അമീറായ ഉമര്‍(റ)വിനെ നാഫിഅ്ബ്‌നു അബ്ദുല്‍ ഹാരിസ് അസ്ഫഹാനില്‍ വെച്ച് കണ്ടുമുട്ടി. ഉമര്‍(റ) ചോദിച്ചു: 'താഴ്‌വരയുടെ ആളുകളുടെ (ബദവികളുടെ) നേതൃത്വം ആരെയാണ് ഏല്‍പിച്ചത്?' നാഫിഅ്(റ) പറഞ്ഞു: 'ഇബ്‌നു അബസയെ.' ഉമര്‍(റ) ചോദിച്ചു: 'ആരാണ് ഇബ്‌നു അബസ?' നാഫിഅ്(റ) പറഞ്ഞു: 'ഞങ്ങളുടെ അടിമകളില്‍പെട്ട ഒരാളാണ്.' ഉമര്‍(റ) പറഞ്ഞു: 'ഒരു അടിമയെയാണോ അവര്‍ക്ക് നേതൃത്വം നല്‍കുന്നവനായി നിയമിച്ചത്?' നാഫിഅ്(റ) മറുപടി നല്‍കി: 'അദ്ദേഹം ക്വുര്‍ആന്‍ പഠിച്ചവനും അനന്തരാവകാശത്തില്‍ ആഴത്തിലറിവുള്ളവനുമാണ്.' ഉമര്‍(റ) പറഞ്ഞു: 'തീര്‍ച്ചയായും നിങ്ങളുടെ പ്രവാചകന്‍(റ) പറഞ്ഞിരിക്കുന്നു; വിശുദ്ധ ക്വുര്‍ആനെ കൊണ്ട് അല്ലാഹു ചിലരെ ഉയര്‍ത്തുകയും ചിലരെ താഴ്ത്തുകയും ചെയ്യും'' (മുസ്‌ലിം).

സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം

സ്വര്‍ഗത്തിന് ഒട്ടേറെ പദവികള്‍ ഉണ്ട് എന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ അറിയിക്കുന്നുണ്ട്. സ്വര്‍ഗത്തിന്റെ പദവിയില്‍ മുകളിലേക്ക് കയറുംതോറും സുഖാഡംഭരങ്ങള്‍ വര്‍ധിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ മനഃപാഠമാക്കിയവന്റെ സ്ഥാനം എവിടെയാണെന്ന് നബി ﷺ  അറിയിക്കുന്നു: 

അബ്ദുല്ലാഹ് ഇബ്‌നു അംറ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ക്വുര്‍ആനിന്റെ അനുയായിയോട് പറയപ്പെടും: നീ ഇഹലോകത്ത് ക്വുര്‍ആന്‍ പാരായണം ചെയ്തത് പോലെ നീ പാരായണം ചെയ്യുക. സ്വര്‍ഗത്തില്‍ നിന്റെ പദവി നീ ഓതുന്ന അവസാന ആയത്തിന്റെ സ്ഥാനത്താണ്'' (തിര്‍മിദി).

പരലോകത്ത് മലക്കുകളോടൊപ്പം

പാരത്രിക ലോകത്തേക്ക് മനുഷ്യരെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമ്പോള്‍ ഓരോരുത്തരും ഓരോ സമുദായത്തിനോടൊപ്പമാണുണ്ടാവുക. എന്നാല്‍ ക്വുര്‍ആന്‍ പഠിച്ചവന്‍ അല്ലാഹുവിന്റെ ഏറ്റവും അടുത്ത അടിമകളായ മലക്കുകളോടൊപ്പമായിരിക്കുമെന്ന് പ്രവാചകന്‍ ﷺ  അറിയിച്ചതായി കാണാം: 

ആഇശ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്നവനും മനഃപാഠമാക്കുന്നവനും പുണ്യവാന്മാരായ മലക്കുകളോടൊപ്പമായിരിക്കും'' (ബുഖാരി, മുസ്‌ലിം).

ആഭരണവും കിരീടവും അണിയിക്കപ്പെടും

കിരീടവും ആഭരണവും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാല്‍ പാരത്രിക ലോകത്ത് സര്‍വ സൃഷ്ടികള്‍ക്കും മുമ്പാകെ അല്ലാഹു ആഭരണവും കിരീടവും അണിയിക്കുക ക്വുര്‍ആന്‍ പഠിച്ചവരെയാണ്. അബൂഹുറയ്‌റ(റ) നിവേദനം: നബി ﷺ  പറഞ്ഞു: ''പരലോകത്ത് വിശുദ്ധ ക്വുര്‍ആന്‍ കടന്ന് വരും. എന്നിട്ട് പറയും: 'എന്റെ രക്ഷിതാവേ, ഇദ്ദേഹത്തെ നീ അണിയിക്കുക.' തദവസരത്തില്‍ പവിത്രമായ ഒരു കിരീടം അണിയിക്കും. വീണ്ടും ക്വുര്‍ആന്‍ പറയും: 'എന്റെ രക്ഷിതാവേ, അദ്ദേഹത്തിന് വര്‍ധിപ്പിച്ചു നല്‍കുക.' അപ്പോള്‍ അദ്ദേഹത്തെ മുന്തിയ ആഭരണങ്ങള്‍ അണിയിക്കും. ക്വുര്‍ആന്‍ ആവര്‍ത്തിച്ച് പറയും: 'എന്റെ രക്ഷിതാവേ, നീ അദ്ദേഹത്തെ തൃപ്തിപ്പെടുക.' അല്ലാഹു അദ്ദേഹത്തെ തൃപ്തിപ്പെടും. ശേഷം അദ്ദേഹത്തോട് പറയപ്പെടും: 'നീ പാരായണം ചെയ്ത് കയറിപ്പോവുക. ഓരോ ആയത്തിനും ഓരോ പദവി നിനക്കുണ്ട്'' (തിര്‍മിദി).

ക്വുര്‍ആന്‍ ശുപാര്‍ശ ചെയ്യും

ആരും സഹായത്തിനില്ലാത്ത പരലോകത്ത്, ക്വുര്‍ആന്‍ പഠിച്ചവര്‍ക്ക് ക്വുര്‍ആനിന്റെ ശുപാര്‍ശ ലഭിക്കുമെന്ന് തിരുവചനം നമ്മെ അറിയിക്കുന്നു:

അബൂഉമാമ അല്‍ബാഹിലി(റ) പറഞ്ഞു: ''റസൂല്‍ ﷺ  പറയുന്നതായി ഞാന്‍ കേട്ടു: 'നിങ്ങള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുക. തീര്‍ച്ചയായും നാളെ നിങ്ങള്‍ക്ക് ശുപാര്‍ശക്കായി അത് കടന്ന് വരും'' (മുസ്‌ലിം, ബുഖാരി). ക്വുര്‍ആനിന്റെ ശുപാര്‍ശ ലഭിക്കണമെങ്കില്‍ ക്വുര്‍ആന്‍ പഠിക്കുവാന്‍ നാം തയ്യാറാവണം.

മാതാപിതാക്കളെ കിരീടമണിയിക്കും

വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുവാന്‍ വേണ്ടി മക്കളെ പറഞ്ഞയക്കലും പുണ്യകരമാണ്. ക്വുര്‍ആന്‍ പഠിച്ച ഒരുവന്റെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന സൗഭാഗ്യത്തെ സംബന്ധിച്ച് പ്രവാചകന്‍ ﷺ  പഠിപ്പിക്കുന്നുണ്ട്.

ബുറൈദ(റ) നിവേദനം; റസൂല്‍ ﷺ  പറഞ്ഞു: ''ആര് ക്വുര്‍ആന്‍ പഠിക്കുകയും പാരായണം ചെയ്യുകയും അതിനനുസരിച്ച്  പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്റെ മാതാപിതാക്കള്‍ക്ക് പരലോകത്ത് പ്രകാശത്താലുള്ള ഒരു കിരീടം അണിയിക്കപ്പെടും. ആ കിരീടത്തിന്റെ പ്രകാശം സൂര്യപ്രകാശത്തോട് തുല്യമാണ്. രണ്ട് ആഭരണങ്ങള്‍ അവരെ അണിയിക്കും. ദുനിയാവ് പോലും ആ ആഭരണത്തിന് സമമാവില്ല. ആ സന്ദര്‍ഭത്തില്‍ അവര്‍ ചോദിക്കും:'എന്തിനാണ് ഇത് ഞങ്ങളെ അണിയിച്ചത്?' അവരോട് പറയപ്പെടും: 'നിങ്ങളുടെ സന്താനത്തെ ക്വുര്‍ആന്‍ പഠിപ്പിച്ചതിനാല്‍'' (ഹാകിം).

പരലോകത്ത് ഉന്നതമായ ഈ നേട്ടങ്ങള്‍ കരസ്ഥമാക്കുവാന്‍ മാര്‍ഗം ഒന്ന് മാത്രം; ക്വുര്‍ആന്‍ പഠിക്കുക. ഇന്ന് ക്വുര്‍ആന്‍ പഠിക്കുവാന്‍ അനേകം മാര്‍ഗങ്ങളുണ്ട്. പരലോകത്ത് നമ്മുടെ ജയ-പരാജയം നിര്‍ണയിക്കപ്പെടുക ക്വുര്‍ആനുമായുള്ള നമ്മുടെ ബന്ധത്തിനനുസരിച്ചാണ്. ആകയാല്‍ മറ്റെന്തു പഠനത്തെക്കാളും പവിത്രതയും പുണ്യവും പ്രത്യേകതകയുമുള്ള ക്വുര്‍ആന്‍ പഠനത്തിനായി സമയം കണ്ടെത്താന്‍ നാം തയ്യാറാവുക.