പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 5)

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം | വിവര്‍ത്തനം: ശമീര്‍ മദീനി )

പത്താമത്തെ കാരണം: ഒരു പണ്ഡിതന്‍ താന്‍ ദുര്‍ബലമായി കരുതുന്നതുകൊണ്ടോ മന്‍സൂഖാണെന്ന് കരുതുന്നതുകൊണ്ടോ വല്ല വ്യാഖ്യാനങ്ങളും ഉള്ളതുകൊണ്ടോ ഒരു ഹദീഥിന് എതിരായി സംസാരിക്കുന്നത്. എന്നാല്‍ മറ്റുള്ളവരാകട്ടെ അതിനെ അങ്ങനെ കാണുന്നില്ല. അതല്ലെങ്കല്‍ സത്യത്തില്‍ അത് അംഗീകൃത തത്ത്വങ്ങള്‍ക്ക് എതിരല്ലാതിരിക്കാം; ഭൂരിഭാഗം കൂഫീ പണ്ഡിതന്മാരും ക്വുര്‍ആനിക സൂക്തങ്ങളുടെ പ്രത്യക്ഷാര്‍ഥത്തിന് എതിരാണ് എന്ന ന്യായം പറഞ്ഞ് പല വിഷയങ്ങളിലും സ്വഹീഹായ ഹദീഥിന് എതിരായി സംസാരിക്കുന്നതുപോലെ. കാരണം, വ്യാപകര്‍ഥം പോലെയുള്ള ക്വുര്‍ആനിന്റെ പ്രത്യക്ഷ ആശയങ്ങള്‍ ഹദീഥിന്റെ പദങ്ങളെക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നതാണെന്നാണ് അവര്‍ കരുതുന്നത്. കൂടാതെ ചിലപ്പോള്‍ പ്രത്യക്ഷാര്‍ഥമല്ലാത്തതിനെ പ്രത്യക്ഷാര്‍ഥമായി ഗണിക്കുകയും ചെയ്തുപോകാറുണ്ട്. ചില വാക്കുകള്‍ക്ക് വിവിധ ആശയങ്ങളുടെ മുഖങ്ങളുള്ളതിനാലാണ് അങ്ങനെ ഉണ്ടാവുന്നത്.

ഇക്കാരണത്താല്‍ കൂഫീ പണ്ഡിതന്മാര്‍ സാക്ഷ്യത്തിന്റെയും ശപഥത്തിന്റെയും ഹദീഥിനെ നിരാകരിച്ചു. എന്നാല്‍ മറ്റു പണ്ഡിതന്മാര്‍ മനസ്സിലാക്കുന്നത് ക്വുര്‍ആനിക വചനങ്ങളുടെ ബാഹ്യാര്‍ഥത്തിന് ഇത് എതിരാകുന്നില്ല എന്നാണ്.

ഇനി അവ തമ്മില്‍ വല്ല പൊരുത്തക്കേടും തോന്നിയാല്‍ തന്നെ സുന്നത്ത് അഥവാ ഹദീഥ് ക്വുര്‍ആനിന്റെ വിശദീകരണമാണ്; അതിനാല്‍ ഹദീഥനുസരിച്ചാണ് വിധിക്കേണ്ടത് എന്നാണ് അവരുടെ ന്യായം.

ഇമാം ശാഫിഈ(റഹി)ക്ക് ഈ വിഷയത്തില്‍ പ്രസിദ്ധമായ ചില പ്രസ്താവനകളുണ്ട്. നബി ﷺ യുടെ സുന്നത്ത് കൂടാതെ തന്നെ ക്വുര്‍ആനിന്റെ ബാഹ്യാര്‍ഥമനുസരിച്ച് വിധിപറയാമെന്ന വാദഗതിക്കാര്‍ക്ക് ഖണ്ഡനമായിക്കൊണ്ട് ഇമാം അഹ്മദി(റ)നും പ്രസിദ്ധമായ ഒരു പ്രബന്ധം തന്നെയുണ്ട്. ഇവിടെ നമുക്ക് വിശദീകരിക്കാന്‍ പരിമിതികളുള്ള നിരവധി തെളിവുകള്‍ അദ്ദേഹം ആ പ്രബന്ധത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ക്വുര്‍ആനിന്റെ വ്യാപകാര്‍ഥത്തെ (ആമിനെ) പരിമിതപ്പെടുത്തുന്ന ഹദീഥുകള്‍, ക്വുര്‍ആന്‍ നിരുപാധികം പറഞ്ഞതിനെ സോപാധികമാക്കി വിശദീകരിക്കുന്ന ഹദീഥുകള്‍, ക്വുര്‍ആനില്‍ പരാമര്‍ശിച്ചതിനെക്കാള്‍ കുടുതലായി ഹദീഥുകളില്‍ വന്ന ഭാഗങ്ങള്‍ പോലുള്ളവയെല്ലാം നിരാകരിക്കല്‍ അതില്‍പെട്ടതാണ്. ഈ വാദഗതിക്കാര്‍ കരുതുന്നത്, നിരുപാധികം പറഞ്ഞതിനെ സോപാധികമാക്കിപ്പറയുന്നതും വ്യാപകാര്‍ഥത്തില്‍ പറഞ്ഞതിനെ പരിമിതപ്പെടുത്തിപ്പറയുന്നതുമൊക്കെ വചനത്തെക്കാള്‍ (നസ്സ്വ്) അധികരിച്ചു വന്നതാണെന്നും അതിനാല്‍ അത് ദുര്‍ബലമാണെന്നുമാണ്.

മദീനക്കാരായ ഒരു വിഭാഗം പണ്ഡിതന്മാര്‍ മദീനക്കാരുടെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കിക്കൊണ്ട് സ്വഹീഹായ ചില ഹദീഥുകള്‍ക്ക് എതിരാകുന്നതും ഇതുപോലെയാണ്. ഹദീഥിന് എതിരായാണ് അവര്‍ ഏകോപിച്ചിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഏകോപനത്തെ (മദീനക്കാരുടെ 'ഇജ്മാഇ'നെ) ഹദീഥിനെക്കാള്‍ പരിഗണിക്കേണ്ട പ്രമാണമായിട്ടാണ് അവര്‍ കാണുന്നത്.

ഈ തത്ത്വപ്രകാരം 'ഖിയാറുല്‍ മജ്‌ലിസി'ന്റെ ഹദീഥുകള്‍ക്ക് ചിലര്‍ എതിരായത് ഉദാഹരണം. എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്മാരും സ്ഥിരീകരിക്കുന്നത്, മദീനക്കാരായ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഏകാഭിപ്രായക്കാരല്ലെന്നാണ്. ഇനി അവര്‍ ഏകാഭിപ്രായക്കാരാണെന്ന് വന്നാല്‍ തന്നെ മറ്റ് പണ്ഡിതന്മാര്‍ അവരോട് വിയോജിച്ചിട്ടുണ്ട്. അപ്പോള്‍ തെളിവ് അഥവാ പ്രമാണം ഹദീഥില്‍ തന്നെയാണ്. (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി)ക്ക് 'മദീനക്കാരുടെ പ്രവൃത്തി' -അമലു അഹ്‌ലിന്‍ മദീന- എന്ന പേരില്‍ ഒരു പ്രബന്ധമുണ്ട്).

അപ്രകാരം തന്നെ രണ്ടു നാടുകളില്‍ നിന്നുള്ള ചില പണ്ഡിതന്മാര്‍ വ്യക്തമായ ക്വിയാസിനോട് എതിരാണെന്ന ന്യായം പറഞ്ഞുകൊണ്ട് ചില ഹദീഥുകള്‍ക്കെതിരില്‍ വിധി പറഞ്ഞതും ഇതുപോലെയാണ്. അതായത്, പൊതു തത്ത്വങ്ങള്‍ ഇതുപോലുള്ള ഹദീഥുകള്‍കൊണ്ട് നിരാകരിക്കപ്പെടുകയില്ല എന്നതാണ് അവരുടെ ന്യായം.

ഇത്തരത്തിലുള്ള വിയോജിപ്പുകളും എതിരഭിപ്രായങ്ങളും നിരവധിയുണ്ട്. വിയോജിച്ചവര്‍ ശരിയുടെ പക്ഷത്തോ അല്ലെങ്കില്‍ ശരികേടിന്റെ പക്ഷത്തോ ആകട്ടെ (ഇത്തരം എതിരഭിപ്രായങ്ങളില്‍) ഈ പത്ത് കാരണങ്ങള്‍ പ്രകടമാണ്.

നമ്മള്‍ മനസ്സിലാക്കിയിട്ടില്ലാത്ത ന്യായങ്ങള്‍ കാരണമയി ഒരു പണ്ഡിതന്‍ ഹദീഥ് അനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്നേക്കാം. കാരണം, അറിവ് ആര്‍ജിക്കുന്നതിനുള്ള വഴികള്‍ വിശാലമാണ്. അവരുടെ മനസ്സിലുള്ളത് നമുക്ക് അറിഞ്ഞുകൂടല്ലോ.

ഒരു പണ്ഡിതന്‍ തന്റെ ന്യായം ചിലപ്പോള്‍ വ്യക്തമാക്കിയേക്കും. മറ്റുചിലപ്പോള്‍ വ്യക്തമാക്കാതെയും വരാം. വ്യക്തമാക്കിയാല്‍ തന്നെ ചിലപ്പോള്‍ അത് നമ്മിലേക്ക് എത്താം, എത്താതെയുമിരിക്കാം. ഇനി ആ ന്യായങ്ങള്‍ നമ്മുടെ പക്കല്‍ എത്തിയാല്‍ തന്നെ അദ്ദേഹം മനസ്സിലാക്കിയ ന്യായത്തിന്റെ വശം ചിലപ്പോള്‍ നമുക്ക് മനസ്സിലായേക്കാം. മറ്റു ചിലപ്പോള്‍ മനസ്സിലാകാതെയും വന്നേക്കും. അദ്ദേഹത്തിന്റെ ന്യായം ശരിയാണെങ്കിലും ഇല്ലെങ്കിലും ഇതാണ് അവസ്ഥ.

ഈ സാധ്യതയെ നാം അംഗീകരിക്കുന്നതോടൊപ്പം തന്നെ സ്വഹീഹായ ഒരു ഹദീഥു കൊണ്ട് തെളിവു ബോധ്യമായ ഒരുപറ്റം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ട ഒരു കാര്യത്തില്‍ നിന്ന് വേറെ ഏതെങ്കിലും ഒരു പണ്ഡിതന്റെ അഭിപ്രായത്തിലേക്ക് അന്ധമായി മാറാന്‍ പാടുള്ളതല്ല. ഈ തെളിവിനെ നിരാകരിക്കാവുന്ന മറ്റ് വല്ല തെളിവുകളും  അദ്ദേഹത്തിന്റെ പക്കല്‍ ഒരു പക്ഷേ ഉണ്ടായേക്കാം; അദ്ദേഹമാണ്  കൂടുതല്‍ അറിവുള്ള ആളെങ്കില്‍. എന്നാല്‍ നമുക്ക് ആ സാധ്യതയെ മാത്രമായി ന്യായമാക്കാന്‍ നിര്‍വാഹമില്ല. കാരണം, മതത്തിന്റെ പ്രമാണങ്ങളിലേക്ക് അബദ്ധങ്ങള്‍ കടന്നു വരുന്നതിനെക്കാള്‍ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ അത് സംഭവിക്കുവാനാണ് സാധ്യതകള്‍ ഏറെയുള്ളത്. (അവസാനിച്ചില്ല)