അനുസരണക്കേടിന്റെ ഫലം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 42)

മുസ്‌ലിംകള്‍ മുശ്‌രിക്കുകളെ യുദ്ധക്കളത്തില്‍നിന്ന് തുരത്തി ഓടിക്കുകയും കൊലപ്പെടുത്തുകയും ബന്ദികളാക്കുകയും യുദ്ധസ്വത്ത് സമാഹരിച്ച് കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ മലമുകളില്‍ നിര്‍ത്തിയ അമ്പെയ്ത്തുകാര്‍ അവിടെ നിന്നും ഇറങ്ങിവന്നു. മറ്റുള്ള ആളുകളോടൊപ്പം യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടുവാന്‍ വേണ്ടിയായിരുന്നു അവര്‍ ഇറങ്ങിവന്നത്. ഈ സന്ദര്‍ഭത്തില്‍ അവരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പറഞ്ഞു: ''നബിയുടെ വാക്കുകളെ നിങ്ങള്‍ മറന്നുവോ?'' പക്ഷേ, മറ്റുള്ളവര്‍ അത് ചെവിക്കൊണ്ടില്ല. മുശ്‌രിക്കുകള്‍ പരാജയപ്പെട്ടതാണല്ലോ. ഇനി ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത് എന്തിന് എന്നാണ് അവര്‍ ചിന്തിച്ചത്. 'ജനങ്ങളുടെ കൂട്ടത്തിലേക്ക് ഞങ്ങളും ഇറങ്ങിച്ചെല്ലുകയും അവരോടൊപ്പം യുദ്ധസ്വത്ത് സമാഹരിക്കുകയും ചെയ്യും' എന്ന് പറഞ്ഞുകൊണ്ട് അവര്‍ ഇറങ്ങിപ്പോന്നു (ബുഖാരി: 3039).

അമ്പെയ്ത്തുകാര്‍ മലമുകളില്‍ നിന്ന് ഇറങ്ങി വന്നതോടു കൂടി ശത്രുക്കള്‍ കടന്നുവരാനുള്ള വഴി തുറക്കപ്പെടുകയായിരുന്നു. നബി ﷺ യുടെ നിര്‍ദേശത്തെ മാനിച്ചുകൊണ്ട് അബ്ദുല്ലാഹിബ്‌നു ജുബൈര്‍(റ) അവിടെത്തന്നെ നിന്നു. പത്തോളം വരുന്ന സ്വഹാബികളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. നബിയോട് കാണിച്ച ഈ അനുസരണക്കേടിന്റെ ഭാഗമായിക്കൊണ്ട് അല്ലാഹു ക്വുര്‍ആനിലെ ഈ വചനം ഇറക്കുകയുണ്ടായി:

''അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്). നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു''(ആലു ഇംറാന്‍: 152).

മുശ്‌രിക്കുകളുടെ കുതിരപ്പടയുടെ നേതൃത്വം വഹിച്ചിരുന്ന ഖാലിദ്ബ്‌നുല്‍ വലീദ് മലമുകളില്‍ നിന്നും അമ്പെയ്ത്തുകാര്‍ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ അതിവേഗത്തില്‍ ആ വഴി കുതിച്ച് ഉഹ്ദിലേക്ക് കടന്നു ചെന്നു. മുസ്‌ലിം സൈന്യത്തിന്റെ നേരെ പിന്‍ഭാഗത്താണ് അദ്ദേഹം എത്തിയത്. ഉഹ്ദിലേക്ക് കടന്നു വന്നു എന്ന് മാത്രമല്ല മുസ്‌ലിംകളുടെ പിന്നിലൂടെയും മുന്നിലൂടെയും ഖാലിദിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട വലയം ചെയ്യുകയുണ്ടായി. ഇംറ ബിന്ദു അല്‍ഖമതുല്‍ഹാരിസിയ്യ എന്ന മുശിക്കത്തായ വനിത യുദ്ധക്കളത്തിലേക്ക് ഓടിവരികയും മുമ്പ് മുശ്‌രിക്കുകള്‍ വലിച്ചെറിഞ്ഞ കൊടിയെടുത്ത് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അതോടെ മുശ്‌രിക്കുകള്‍ കൊടിക്ക് ചുറ്റും ഒരുമിച്ചു കൂടി. ഖാലിദിന്റെ സൈന്യം മുസ്‌ലിംകളെ നാലുഭാഗത്തു നിന്നും വലയം ചെയ്തതോടുകൂടി മുസ്‌ലിം സൈന്യം ഛിന്നഭിന്നമായി. അവരുടെ അണികള്‍കള്‍ക്ക് താളംതെറ്റി. വ്യവസ്ഥകള്‍ താറുമാറായി. അമ്പെയ്ത്തുകാരായ സ്വഹാബിമാര്‍ നബിയുടെ കല്‍പനക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി ഒരു കെട്ടിടം പോലെ ഉറച്ചുനിന്ന് യുദ്ധം ചെയ്തിരുന്ന മുസ്‌ലിം സൈന്യം ചിതറുകയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയും ചെയ്തു. വ്യവസ്ഥകള്‍ താറുമാറായിക്കൊണ്ടുള്ള പരസ്പരം ഏറ്റുമുട്ടലില്‍ ആര് ആരെയാണ് വെട്ടുന്നത് എന്നു പോലും അറിയുമായിരുന്നില്ല. ഒട്ടനവധി മുസ്‌ലിംകള്‍ ഈ സന്ദര്‍ഭത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

ആഇശ(റ) പറയുന്നു: ''ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടപ്പോള്‍ അവരെ വീണ്ടും യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ട് ഇബ്‌ലീസ് വിളിച്ചു കൂവുകയുണ്ടായി. അങ്ങനെ മുശ്‌രിക്കുകള്‍ വീണ്ടും ഒരുമിച്ചു കൂടുകയും ചെയ്തു'' (ബുഖാരി: 4065).

നിയന്ത്രണവും വ്യവസ്ഥയും നഷ്ടപ്പെട്ട യുദ്ധഭൂമിയില്‍ മുസ്‌ലിംകള്‍ അറിയാതെ ഹുദൈഫയുടെ പിതാവായ യമാനിനെ കൊലപ്പെടുത്തി. അത് ഹുദൈഫയുടെ പിതാവാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ഈ രംഗം ഹുദൈഫ കണ്ടപ്പോള്‍ 'എന്റെ പിതാവ്, എന്റെ പിതാവ്' എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ, അറിയാതെ അവര്‍ കൊലപ്പെടുത്തി. ഹുദൈഫ അവരോട് പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ. (ബുഖാരി: 4065).

കൊല ചെയ്യപ്പെട്ട പിതാവിന്റെ പ്രായച്ഛിത്തമായി ഹുദൈഫക്ക് ഫിദ്‌യ നല്‍കാന്‍ നബി ﷺ  ഉദ്ദേശിച്ചു. അങ്ങനെ ഫിദ്‌യയായി ലഭിച്ചത് ഹുദൈഫ മുസ്‌ലിംകള്‍ക്ക് തന്നെ ദാനം ചെയ്യുകയും ചെയ്തു. അതോടെ നബിയുടെ അടുക്കലുള്ള ഹുദൈഫയുടെ സ്ഥാനം കൂടുതല്‍ വര്‍ധിച്ചു. ഉഹ്ദ് യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്ക് ശക്തമായ വിജയം നേടുവാന്‍ സാധിച്ചുവെങ്കിലും യുദ്ധത്തിന്റെ അവസാന സന്ദര്‍ഭം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നഷ്ടത്തിന്റെതായിരുന്നു.

''നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ'' (അന്നൂര്‍: 63).

മുസ്‌ലിംകളില്‍ ചിലര്‍ യുദ്ധക്കളം വിട്ടു പോയി. മുസ്‌ലിംകളുടെ കൊടി വഹിച്ചിരുന്ന മിസ്അബ് ഇബ്‌നു ഉമൈര്‍(റ) അവിടെത്തന്നെ ഉറച്ചു നിന്നു. റസൂലിന്റെ ചുറ്റും നിന്ന് അദ്ദേഹം യുദ്ധം ചെയ്യുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകളുടെ ഒരു കുതിരപ്പടയാളിയായ ഇബ്‌നു ഖംഅ മിസ്വ്അബിന്റെ നേരെ വന്നു. മിസ്അബിനെ അയാള്‍ കൊലപ്പെടുത്തി. കൊടി താഴെ വീണു. ആ കൊടി എടുക്കുവാനും ഉയര്‍ത്തിപ്പിടിക്കുവാനും നബി ﷺ  അലി(റ)യോട് കല്‍പിച്ചു.

മിസ്അബ്(റ)തന്റെ പടയങ്കി ധരിച്ചാല്‍ നബി ﷺ യുടെ അതേ പോലെ തോന്നുമായിരുന്നു. മിസ്അബിനെ കൊന്ന ഇബിനുഖംഅ തെറ്റിദ്ധരിച്ചത് താന്‍ കൊന്നത് മുഹമ്മദ് നബി ﷺ യെയാണ് എന്നായിരുന്നു. അതോടെ ഞാന്‍ മുഹമ്മദിനെ കൊന്നു എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് മുശ്‌രിക്കുകള്‍ക്കിടയിലേക്ക് അയാള്‍ മടങ്ങിച്ചെന്നു. ഉയര്‍ന്ന ശബ്ദത്തില്‍ പിശാചും ഇപ്രകാരം വിളിച്ചുപറഞ്ഞു: 'അറിയുക; മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.' ഇത് കേട്ടതോടു കൂടി മുസ്‌ലിംകളുടെ  അവസ്ഥ വളരെ പ്രയാസമുള്ളതായി മാറി. അവരുടെ എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നടിഞ്ഞു. മുസ്‌ലിം സൈന്യം ആകെ പരിഭ്രാന്തരായി. എന്തു ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥയാണ് അവര്‍ക്കുണ്ടായത്. ഇതോടെ മുസ്‌ലിംകള്‍ മൂന്ന് തരക്കാരായി മാറി.

(1) യുദ്ധക്കളം വിട്ട് പിന്തിരിഞ്ഞോടിയവര്‍. തെറ്റില്‍ ഉറച്ചു നില്‍ക്കുവാനോ തിന്മ ചെയ്യണമെന്നുള്ള ഉദ്ദേശത്തോടുകൂടിയോ അല്ല അവര്‍ യുദ്ധക്കളം വിട്ടോടിയത്. മറിച്ച് അവിടെ അവര്‍ കണ്ട സാഹചര്യവും നാശത്തിന്റെതായ രംഗങ്ങളും സ്വാഭാവികമായും മനുഷ്യനില്‍ ഉണ്ടാവുന്ന ചിന്തകളിലൂടെ ഉടലെടുത്ത ദുര്‍ബലതയായിരുന്നു അവര്‍ തിരിഞ്ഞോടാനുള്ള കാരണം. നബിയുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനെക്കാള്‍ അപ്പുറമായിരുന്നു. എന്നാല്‍ ഇങ്ങനെ തിരിഞ്ഞോടിയവര്‍ വളരെ കുറച്ചു മാത്രമെ ഉണ്ടായിരുന്നുള്ളൂ. അല്ലാഹു പറയുന്നു:

 ''ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ആലുഇംറാന്‍: 153).

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ), ഖാരിജതുബ്‌നു അംറ്(റ), ഹാരിസ്ബിന്‍ഹാത്വിബ്(റ)തുടങ്ങിയവരായിരുന്നു അവര്‍. എന്നാല്‍ അല്ലാഹു തന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും അവര്‍ക്ക് മാപ്പ് കൊടുത്തിരിക്കുന്നു:

''രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച് വഴിതെറ്റിക്കുകയാണുണ്ടായത്. അല്ലാഹു അവര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു'' (ആലു ഇംറാന്‍: 155).

(2) പരിഭ്രാന്തിയില്‍ അകപ്പെട്ടു പോയ ആളുകള്‍. കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്യുക എന്ന തീരുമാനത്തിലായിരുന്നു അവര്‍. ഭൂരിപക്ഷം സ്വഹാബിമാരും ഇത്തരത്തില്‍ ഉള്ളവരായിരുന്നു. എന്നാല്‍ നബി ﷺ  ജീവിച്ചിരിപ്പുണ്ട് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ നബിയിലേക്ക് മടങ്ങുകയും ചെയ്തു. മുശ്‌രിക്കുകള്‍ ഉണ്ടാക്കിയെടുത്ത വെല്ലുവിളിയെ സ്വീകരിച്ചുകൊണ്ടും സത്യവിശ്വാസികളെ യുദ്ധത്തിനു വേണ്ടി പ്രേരിപ്പിച്ചും ഈ നിര്‍ണായക ഘട്ടത്തില്‍ മുന്നോട്ടു കുതിച്ചു ഒരാളായിരുന്നു അനസുബ്‌നു നള്ര്‍(റ). ബദ്‌റില്‍ തനിക്ക് നഷ്ടപ്പെട്ട അവസരത്തിന് പകരമായി ഉഹ്ദിനെ അദ്ദേഹം സ്വീകരിച്ചു. ചില സ്വഹാബിമാര്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ അനസുബ്‌നു നള്ര്‍ ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവേ, ഈ സമൂഹം ചെയ്യുന്ന കാര്യത്തില്‍ നിന്നും ഞാന്‍ നിന്നോട് മാപ്പ് ചോദിക്കുന്നു. മുശ്‌രിക്കുകള്‍ ചെയ്ത പ്രവര്‍ത്തനത്തില്‍ നിന്നും അല്ലാഹുവേ, ഞാന്‍ നിരപരാധിയാണ്.' ശേഷം അദ്ദേഹം മുന്നോട്ടു നീങ്ങി. അപ്പോള്‍ സഅ്ദ്ബ്‌നു മുആദ് അദ്ദേഹത്തെ കണ്ടു. അന്നേരം അദ്ദേഹം പറഞ്ഞു: 'അല്ലയോ സഅ്ദ്! സ്വര്‍ഗം. നള്‌റിന്റെ റബ്ബ് തന്നെയാണ് സത്യം;  ഉഹ്ദിന്റെ പിറകില്‍ നിന്നും സ്വര്‍ഗത്തിന്റെ സുഗന്ധം ഞാന്‍ അനുഭവിക്കുന്നു.' സഅ്ദ് പറയുകയാണ്: 'അല്ലാഹുവിന്റെ പ്രവാചകരേ, എന്താണ് അനസ് ചെയ്തത് എന്ന് പോലും എനിക്ക് വര്‍ണിക്കാന്‍ സാധ്യമല്ല. ശരീരത്തില്‍ എണ്‍പതിലധികം വെട്ടുകളുടെ പാടുകള്‍ അദ്ദേഹത്തില്‍ കണ്ടു എന്നാണ് സ്വഹാബിമാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ശരീരം മുശ്‌രിക്കുകള്‍ പിച്ചിച്ചീന്തിയിരുന്നു'' (ബുഖാരി 2805. മുസ്‌ലിം: 1903).

(3) നബി ﷺ യുടെ കൂടെ ഉറച്ചു നിന്നവര്‍. അടിയുറച്ച പാറപോലെ നബി യുദ്ധക്കളത്തില്‍ ധൈര്യമായി നിന്നിരുന്നു. തന്റെ സ്ഥാനം വിട്ട് നബി ﷺ  നീങ്ങിയിട്ടില്ല. ശത്രുക്കള്‍ക്ക് അഭിമുഖമായിത്തന്നെ നബി നിന്നു. മുസ്‌ലിംകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതായി കണ്ടപ്പോള്‍ നബി ﷺ  വിളിച്ചു പറഞ്ഞു: ''അല്ലാഹുവിന്റെ അടിമകളേ, എന്റെ അടുക്കലേക്ക് വരൂ. ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണ്.'' ഈ ശബ്ദം കേട്ടപ്പോള്‍ മുശ്‌രിക്കുകള്‍ക്ക് നബിയെ മനസ്സിലായി അവര്‍ നബിക്ക് നേരെ ചാടി വീണു. നബിയുടെ കൂടെ വളരെ വിരളം ആളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മുഹാജിറുകളില്‍ നിന്ന് 7 പേരും അന്‍സ്വാറുകളില്‍ നിന്ന് ഏഴു പേരും. ത്വല്‍ഹയും സഅ്ദുബ്‌നു അബീവക്വാസുമാണ് മുഹാജിറുകളുടെ കൂട്ടത്തില്‍ നിന്ന് ഉണ്ടായിരുന്നത്. അനസുബ്‌നു മാലിക് (റ)പറയുന്നു: 'നബി ﷺ  അന്‍സ്വാരികള്‍ക്കൊപ്പം ഒറ്റപ്പെട്ടു പോയി. ക്വുറൈശികളിലെ രണ്ട് ആളുകളും ഉണ്ടായിരുന്നു. അവര്‍ നബിയെ ആക്ഷേപിച്ചുകൊണ്ടും ചീത്ത പറഞ്ഞുകൊണ്ടും സംസാരിക്കാന്‍ തുടങ്ങി.'' നബി ﷺ  ചോദിച്ചു: ''ആരാണ് ഇവരെ നമ്മില്‍ നിന്നും അകറ്റിക്കളയുക? അവര്‍ക്ക് സ്വര്‍ഗമുണ്ട്. അല്ലെങ്കില്‍ അവര്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരായിരിക്കും.'' ഇതു കേട്ടപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ മുന്നോട്ടുവന്നു. കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്തു. വീണ്ടും അവര്‍ നബിയെ മോശപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. നബി ﷺ  വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചു: ''ആരാണ് ഇവരെ നമ്മില്‍ നിന്നും അകറ്റിക്കളയാനുള്ളത്? അവനു സ്വര്‍ഗമുണ്ട്. അല്ലെങ്കില്‍ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലായിരിക്കും.'' അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ രംഗത്തുവരികയും കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്യുകയും ചെയ്തു. അങ്ങിനെ 7 പേരും ശഹീദാകുന്നതു വരെ ഈ അവസ്ഥ തുടര്‍ന്നു.

7 അന്‍സ്വാറുകള്‍ കൊല്ലപ്പെട്ടപ്പോള്‍ മുശ്‌രിക്കുകള്‍ നബിക്കെതിരെയുള്ള ആക്രമണം ശക്തമാക്കി. നബി ﷺ യെ കൊല്ലലായിരുന്നു അവരുടെ ലക്ഷ്യം. ഉതുബതുബ്‌നു അബീവക്വാസ് നബിയെ കല്ലെടുത്തെറിഞ്ഞു. നബിയുടെ കീഴ്ചുണ്ടിന് മുറിവേറ്റു. താഴ്ഭാഗത്തുള്ള വലത്തെ പല്ല് പൊട്ടുകയും ചെയ്തു. നബിയുടെ പടത്തൊപ്പി പൊട്ടി. അബ്ദുല്ലാഹിബിനു ശിഹാബ് എന്ന വ്യക്തി മുന്നോട്ട് ചെന്ന് നബിയുടെ നെറ്റിയില്‍ മുറിവേല്‍പിച്ചു. ഇബ്‌നു ഖംഅ നബി ﷺ യുടെ മുകളിലേക്ക് വാള്‍ ഉയര്‍ത്തുകയും നബിയുടെ ചുമലില്‍ അതിശക്തമായ നിലക്ക് അടിക്കുകയും ചെയ്തു. ഒരു മാസത്തിലധികം ഇതിന്റെ പ്രയാസം നബി ﷺ  അനുഭവിച്ചിട്ടുണ്ട്. ശേഷം നബിയുടെ കവിളത്താണ് അയാള്‍ അടിച്ചത്. ഇതു പിടിച്ചോ, ഞാന്‍ ഇബ്‌നു ഖംഅയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അടിച്ചത്. പടത്തൊപ്പിയുടെ ആണി നബിയുടെ കവിളില്‍ തറച്ചു. നബി ﷺ  പറഞ്ഞു: ''അല്ലാഹു നിന്നെ നിന്ദിക്കട്ടെ.'' ഈ മുശ്‌രിക്കുകളെ നബി ﷺ  തന്നില്‍ നിന്നും തള്ളിമാറ്റിക്കൊണ്ടിരുന്നു. ഈ അവസരത്തില്‍ അബു ആമിര്‍ കുഴിച്ച കുഴിയില്‍ നബി ﷺ  വീഴുകയുണ്ടായി. നബിയുടെ കാല്‍മുട്ടില്‍ മുറിവേറ്റു. അലി(റ)യാണ് നബി ﷺ യെ വാരിക്കുഴിയില്‍ നിന്നും പിടിച്ചുയര്‍ത്തിയത്.

നബി ﷺ  തന്റെ പൊട്ടിപ്പോയ പല്ലിലേക്ക് ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ''തങ്ങളുടെ പ്രവാചകനെ ഇത്രയൊക്കെ ചെയ്ത സമൂഹത്തോട് അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു.'' ത്വല്‍ഹയും സഅ്ദുബ്‌നു അബീവക്വാസുമായിരുന്നു നബിയുടെ ചുറ്റും നിന്നു കൊണ്ട് നബിക്കു വേണ്ടി പ്രതിരോധിച്ചിരുന്നത്. ഉഹ്ദിന്റെ ദിവസം നബിയിലേക്ക് വരുന്ന അമ്പുകള്‍ തടഞ്ഞ് ത്വല്‍ഹയുടെ കൈകള്‍ക്ക് തളര്‍ച്ച ബാധിച്ചിട്ടുണ്ട് എന്ന് ഹദീസില്‍ കാണുവാന്‍ സാധിക്കും (ബുഖാരി: 4063).

സഅ്ദ്(റ) പറയുന്നു: ''നബി ﷺ  തന്റെ ആവനാഴിയില്‍ നിന്നും എനിക്ക് ഒരു അമ്പെടുത്തു തരികയും എന്റെ ഉമ്മയും ഉപ്പയും നിങ്ങള്‍ക്ക് ദണ്ഡമാണ്, നിങ്ങള്‍ എറിയൂ എന്ന് എന്നോട് പറയുകയും ചെയ്തിട്ടുണ്ട്'' (ബുഖാരി: 4055, മുസ്‌ലിം: 2412).

നബിയെ സഹായിക്കുന്നതിനുവേണ്ടി മലക്കുകളും ഉഹ്ദ് യുദ്ധത്തില്‍ ഇറങ്ങി വന്നിട്ടുണ്ട്. (ബുഖാരി: 4054, മുസ്‌ലിം: 2306). സ്വഹാബികള്‍ മുശ്‌രിക്കുകളോട് യുദ്ധം ചെയ്തുകൊണ്ടിരുന്നു. എന്റെ അടുക്കലേക്ക് വരൂ എന്ന് നബി ﷺ  വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ അവര്‍ നബിയിലേക്ക് ധൃതിപ്പെട്ട് ചെന്നു. പതിനാലോളം വരുന്ന സ്വഹാബിമാര്‍ നബിയുടെ അടുക്കല്‍ ഒരുമിച്ചുകൂടി. ശരീരമാകമാനം മുറിവേറ്റവരായിരുന്നു അവര്‍. മുഹാജിറുകളും അന്‍സ്വാറുകളുമാണ് ആ സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്നത്. ശരീരത്തില്‍ ശക്തമായ മുറിവുണ്ടായിട്ടു പോലും നബിയെ സംരക്ഷിക്കുവാനുള്ള കഠിനാധ്വാനം ചെയ്യുകയായിരുന്നു അവര്‍. അബൂബക്കര്‍(റ), ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ), അലിയ്യുബ്‌നു അബീ ത്വാലിബ്(റ), അബൂഉബൈദ ഇബ്‌നുല്‍ ജര്‍റാഹ്(റ), അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ), അബൂത്വല്‍ഹതുല്‍ അന്‍സ്വാരിഫ(റ), ഹാരിസുബ്‌നുസ്സമ്മ(റ), മാലിക്ബ്‌നു സിനാന്‍(റ), അബൂദുജാന(റ), ഉമ്മുഅമ്മാറ(റ) തുടങ്ങിയവരായിരുന്നു അവര്‍.

ഉഹ്ദ് യുദ്ധത്തില്‍ സ്വഹാബി വനിതകളും അവരാല്‍ കഴിയുന്ന സഹായം ചെയ്തിട്ടുണ്ട്. ആഇശ(റ)യും ഉമ്മുസുലൈമും(റ) വെള്ളം കൊണ്ടുവന്ന് ആളുകളുടെ വായിലൊഴിച്ചു കൊടുക്കുമായിരുന്നു. വെള്ളം തീര്‍ന്നാല്‍ വീണ്ടും പോയി വെള്ളം പാത്രത്തില്‍ നിറച്ചു കൊണ്ടുവന്ന് വീണുകിടക്കുന്ന ആളുകളുടെ വായിലേക്ക് ഒഴിച്ചുകൊടുക്കുകയായിരുന്നു (ബുഖാരി: 2880, മുസ്‌ലിം: 1811).  മുറിവേറ്റ ആളുകളെ അവര്‍ ചികിത്സിക്കുകയും ചെയ്യുമായിരുന്നു (മുസ്‌ലിം: 1810).