മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി: യഥാര്‍ഥ അനന്തരാവകാശികള്‍ ആര്?

ഇ.യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 ഫെബ്രുവരി 23 1440 ജുമാദല്‍ ആഖിര്‍ 18

(മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി: 02)

അന്ന് അമുസ്‌ലിം സഹോദരങ്ങള്‍ക്ക് മാത്രം പ്രാപ്യമായിരുന്നു ആര്യന്‍ മലയാളം. ശുദ്ധമായ മലയാളത്തില്‍ സംസാരിക്കുന്നതും മതവിഷയം പറയുന്നതും വിലക്കപ്പെട്ടതായി കരുതപ്പെട്ടിരുന്ന അക്കാലത്ത് ചാലിലകത്തിനെപ്പോലെയുള്ള ഒരു വ്യക്തി നടപ്പിലാക്കുന്ന പരിഷ്‌ക്കരണങ്ങള്‍ കാണുമ്പോള്‍ പുരോഹിതന്മാര്‍ക്ക് ഹാലിളക്കം സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. അന്ന് വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിതാക്കളായിരുന്നവര്‍ക്ക് മലയാളഭാഷ അറിയില്ലായിരുന്നുവെന്ന യാഥാര്‍ഥ്യം ബറെലവി സുന്നികളും നിഷേധിച്ചിട്ടില്ല. മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മുസ്‌ലിം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ അയക്കുന്ന പരിപാടി തീരെത്തന്നെയില്ലാത്ത അവസ്ഥയുണ്ടായിരുന്നു. മലബാര്‍ മുസ്‌ലിംകളുടെ ഭൗതികവും മതപരവും സാംസ്‌ക്കാരികവുമായ കണക്കെടുപ്പ് നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രി:വര്‍ഷം 1800 ഫെബ്രുവരി 24ന് കേണല്‍ വെല്ലസ്ലി പ്രഭു ചുമതലപ്പെടുത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ഫ്രാന്‍സിസ് ബുക്കാനന്റെ വിശദമായ വിവരണം ഈ വിഷയത്തിലെ ആധികാരികരേഖ തന്നെയാണ്. 

1800 മാര്‍ച്ചില്‍ മദ്രാസില്‍നിന്നും യാത്രയാരംഭിച്ച ബുക്കാനന്‍ കര്‍ണാടക. മൈസൂര്‍, മലബാര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രത്യേക നിരീക്ഷണം നടത്തി. പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചെലവിലും ഉത്തരവാദിത്വത്തിലും ഇംഗ്ലണ്ടില്‍ 1807ല്‍ മൂന്ന് വാല്യങ്ങളിലായി ഈ റിപ്പോര്‍ട്ട് അ ഷീൗൃില്യ ളൃീാ ങമറൃമ െവേൃീൗഴവ വേല ഇീൗിൃേശല െീള ങ്യീെൃല, ഇമിമൃമ, മിറ ങമഹമയമൃ എന്ന പേരില്‍ പുസ്തക രൂപത്തിലിറങ്ങി. മാപ്പിളമാരുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതുന്നു: ''ഇവര്‍ ഒരുതരം പ്രത്യേക ലിപിയാണ് എഴുതുന്നത്. (അറബി മലയാളം ഭാഷയാകണം ഇവിടെ ഉദ്ദേശം). അതാകട്ടെ ഇപ്പോഴത്തെ അറബിയില്‍നിന്നും വിഭിന്നമാണ്. മതപണ്ഡിതന്മാര്‍ക്കൊഴികെ അറബിഭാഷ അത്ര പിടിയില്ല. അതുപോലെതന്നെ സ്വന്തം നാട്ടിലെ ഭാഷ അക്ഷര ശുദ്ധിയോടുകൂടി ഉച്ചരിച്ചു പഠിക്കുവാനോ ആ ഭാഷകളില്‍ പാണ്ഡിത്യം നേടുവാനോ ഇവര്‍ ശ്രമിക്കുന്നുമില്ല. യൂറോപ്യന്‍ കച്ചവടക്കാര്‍ ഹിന്ദുസ്ഥാന്‍ സംസാരിക്കുമ്പോഴുള്ള കൊഞ്ഞിപ്പാണ് ഇവര്‍ പ്രാദേശിക ഭാഷ സംസാരിക്കുമ്പോഴും തോന്നുന്നത്...''(1)

'ഖോജരാജാവായ തമ്പുരാനേ... പച്ച മലയാളത്തില്‍ മോടി വര്‍ത്തമാനം പറേണോരെ ശര്‍റില്‍നിന്നും ഞങ്ങളെ നീ കാക്കണേ... ശുദ്ധമലയാളത്തില്‍ പയക്കം പറേണ കൂട്ടത്തില്‍ ഞങ്ങളെ നീ ആക്കല്ലാളീ...' എന്ന് പാതിരാ വഅദുകളില്‍ കണ്ണീരോടെ കൂട്ടുപ്രാര്‍ഥന നടത്തിയിരുന്ന ഒരു സമൂഹത്തിലായിരുന്നു ചാലിലകത്ത് തന്റെ പുതിയ ദൗത്യവുമായി ഇറങ്ങിത്തിരിച്ചതെന്ന് ഈ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്.

'നോസ് വായനയും' ദുനിയാവിനെ തിരിച്ചറിയുന്നതും പരിചിതമില്ലാതിരുന്ന ഒരു സമൂഹത്തില്‍ തന്റെ ശിഷ്യന്മാര്‍ക്ക് മലയാള ഭാഷയും കണക്കും സിലബസില്‍ ഉള്‍പ്പെടുത്തിയത് അന്നത്തെ പുരോഹിത മേലാളന്മാര്‍ക്ക് തീരെ ദഹിച്ചില്ല:

''രാവിലെ പത്രവായന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമാക്കിയത് വലിയ ഒച്ചപ്പാടുണ്ടാക്കി. വൈകുന്നേരങ്ങളിലെ മലയാള സാഹിത്യ ചര്‍ച്ച അതിലേറെ വിവാദമായി. ബെഞ്ചും ഡസ്‌ക്കും ഭൂപടങ്ങളും ഗ്ലോബുകളും ഭൂഗോളത്തിലെ വിവിധ ജീവജാലങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങി വന്‍ സന്നാഹം. അക്കാലത്ത് മദ്രാസിലോ ഡല്‍ഹിയിലോ ഉണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ ഒരിക്കല്‍ സാഹിത്യ ചര്‍ച്ചയില്‍ പ്രശ്‌നമുണ്ടാക്കി. ഗണിതശാസ്ത്രത്തില്‍ അഗ്രഗണ്യനായ മാപ്പാട്ടുകര പോക്കര്‍ മുസ്‌ല്യാരാണ് മൗലാനക്ക് ഗണിതശാസ്ത്രം പഠിപ്പിച്ചു കൊടുത്തത്. ശാസ്ത്രീയ വിഷയങ്ങളില്‍ അറിയപ്പെട്ട എല്ലാ പണ്ഡിതന്മാരോടും കുഞ്ഞഹമ്മദ് ഹാജി ബന്ധപ്പെടുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 

അദ്ദേഹം രണ്ടുതവണ സിന്ധില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. പുരാതന സിന്ധൂ നദീതട സംസ്‌ക്കാരത്തെപ്പറ്റി ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞന്മാരും പണ്ഡിതന്മാരും ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠന ചര്‍ച്ചകളായിരുന്നു അത്. ഉത്തര്‍പ്രദേശുകാരനായ അബ്ദുല്‍ ജലാല്‍ നദ്‌വിയായിരുന്നു ഇതിലൊരു ഗ്രൂപ്പിന് നേതൃത്വം കൊടുത്തിരുന്നത്. സിന്ധുനദീതട ഗവേഷകര്‍ കണ്ടെടുത്ത ഇഷ്ടികകളില്‍ കണ്ട ലിഖിതങ്ങള്‍ പ്രാചീന അറബി ലിപിയാണെന്നും സിന്ധ് സംസ്‌കൃതി പുരാതന സമൂദ് വര്‍ഗമാണ് സ്ഥാപിച്ചതെന്നും ഈ ഗവേഷണ ഗ്രൂപ്പ് അവകാശവാദമുന്നയിച്ചിരുന്നു...''(2)

ചുരുക്കത്തില്‍ ചാലിലകത്തിന്റെ അമലിയ്യാത്തിലെ ക്വുനൂത്ത് കണ്ട് അദ്ദേഹത്തിനെ ബറെലവി സുന്നി ആചാര്യനാക്കി മാറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് ഒരിക്കലും അനുയോജ്യമല്ല, മൗലാനായുടെ വൈജ്ഞാനിക വൈപുല്യത്തെപ്പറ്റിയുള്ള ഈ ആധികാരികമായ രേഖപ്പെടുത്തലുകള്‍.

പ്രമുഖ മുസ്‌ലിം നേതാവും പരിഷ്‌ക്കര്‍ത്താവുമായിരുന്ന വക്കം അബ്ദുല്‍ഖാദിര്‍ മൗലവിയെ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വളരെയേറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നതായി ആലപ്പുഴയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മണിവിളക്ക്' എന്ന അറബി മലയാളം വാരികയില്‍ എ.മുഹമ്മദ് ലബ്ബ എഴുതിയ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 1901 മുതല്‍ 1910 വരെ തിരൂരില്‍നിന്ന് കെ.സെയ്താലിക്കുട്ടി മാസ്റ്റര്‍ പ്രസിദ്ധീകരിച്ചിരുന്ന 'സ്വലാഹുല്‍ ഇഖ്‌വാന്‍' എന്ന അറബി-മലയാള പത്രത്തില്‍ അതിന്റെ മലപ്പുറം പ്രദേശത്തെ ലേഖകനായിരുന്ന മാടമ്പി അലവി മുസ്‌ലിയാര്‍, വക്കം മൗലവിയുടെ തൗഹീദ് പ്രസ്ഥാനത്തെ മേലാറ്റൂരില്‍ നടന്ന ഒരു പണ്ഡിത സഭയില്‍വെച്ച് മൗലാനാ ചാലിലകത്ത് ശക്തിയായി വിമര്‍ശിച്ചിരുന്നതായി മൗലാനായുടെ വിശ്വസ്ത ശിഷ്യനായിരുന്ന ഖുത്തുബി മുഹമ്മദ് മുസ്‌ലിയാര്‍ തന്നോട് പറഞ്ഞതായി അലവി മുസ്‌ലിയാര്‍ വ്യക്തമാക്കുന്നു...(3)

ഇസ്വ്‌ലാഹി പ്രസ്ഥാനം ഇന്ന് കാണപ്പെടുന്ന രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നതിന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പരിവര്‍ത്തനത്തിന്റെ പടപ്പാട്ടുമായി മത-സാമൂഹിക പരിഷ്‌ക്കരണത്തിന്റെ ഗോദയില്‍ ഒറ്റയാന്‍ പട്ടാളമായി പ്രത്യക്ഷപ്പെട്ട മൗലാനാ ചാലിലകത്തിനെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ചേര്‍ത്തുകെട്ടുന്ന നടപടി നീതിയുക്തമായിരിക്കില്ല. കാരണം അന്ന് ഇസ്വ്‌ലാഹി സംഘടനകള്‍ കേരളത്തിന്റെ മണ്ണില്‍ വിരലൂന്നിയിട്ടില്ല. എന്നാല്‍ അതിന്റെ അര്‍ഥം മൗലാനാ ചാലിലകത്ത് പുരോഹിതന്മാര്‍ എഴുതിപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെയുമല്ല. ഒരു ബറെലവി ചിന്താഗതിക്കാരനായ സുന്നി മുസ്‌ല്യാര്‍ ആയിരുന്നുവെന്നാണോ? അതും അല്ല! കഴിഞ്ഞ നൂറ്റാണ്ടിലെ പൗരോഹിത്യന്റെ പൊതു അടയാളങ്ങളായി പ്രകടമായിരുന്ന യതൊരുവിധ സ്വഭാവങ്ങളും മൗലാനായില്‍ പ്രകടമായിരുന്നില്ല. സ്വന്തം മാതൃഭാഷപോലും ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ മതവിശ്വാസത്തിന്റെ മറപിടിച്ച് തയ്യാറാകാതിരുന്ന മലയാളക്കരയിലെ പുരോഹിതന്മാര്‍ക്കിടയില്‍ മലയാളവും ഉര്‍ദുവും ഹിന്ദിയും ഇംഗ്ലീഷും തമിഴും പഠിച്ച, അന്ന് ഏറെ ചര്‍ച്ചാവിഷയമായിരുന്ന ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവല്‍ പോലും വായിക്കാന്‍ തയ്യാറായ വിജ്ഞാനദാഹിയായിരുന്നു അദ്ദേഹം. 

ഇന്ത്യാമഹാരാജ്യത്തിലെ പ്രജകളെ അടിമകളാക്കിവെച്ച ബ്രിട്ടീഷ് മേലാളന്മാരോടുള്ള അമര്‍ഷവും വെറുപ്പുമാണ് ഭൗതിക കലാലയങ്ങളെ ബഹിഷ്‌ക്കരിക്കാനും അക്ഷരവിദ്യ അഭ്യസിക്കാതെ മാറിനില്‍ക്കാനും തങ്ങളെ പ്രേരിപ്പിച്ചതെന്നുമെല്ലാം നിലവിലെ പുരോഹിത സമൂഹത്തിലെ ചിലര്‍ വ്യാഖ്യാനിച്ച് ഒപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. സ്വരാജ്യസ്‌നേഹത്തിന്റെ മകുടോദാഹരണമായി പച്ചക്കള്ളം തട്ടിവിടാനും ലജ്ജയില്ലാത്ത അവസ്ഥ! ബ്രിട്ടീഷ് വിരോധമായിരുന്നു ഈ കലാലയ ബഹിഷ്‌ക്കരണത്തിന് പിന്നിലെ മുഖ്യഹേതുവെങ്കില്‍ പിന്നെ മാതൃഭാഷയായ മലയാളത്തിനോടും ആര്യന്‍ലിപിയോടും ഇത്രയും വിദ്വേഷം കടന്നുവന്നതെങ്ങനെയാണ്? ഇംഗ്ലീഷ് വിരോധം മലയാളത്തിനെ കയ്യൊഴിയാന്‍ പ്രേരിപ്പിക്കുന്നതെങ്ങനെയാണ്? പഠിക്കരുതെന്ന് ഉപദേശിച്ചും പഠിച്ചവനെ ഉപരോധിച്ചും അപവാദം പറഞ്ഞും കൂട്ട ദുആ നടത്തിയും കണ്ണീരൊലിപ്പിച്ചും പാതിരാ വഅദുകള്‍ സജീവമാക്കിയത് പിന്നെ എന്തിനായിരുന്നു? ഇതും സായിപ്പിനോടുള്ള വിരോധമായിരുന്നോ? ഉത്തരം പ്രതീക്ഷിക്കേണ്ടെന്ന് സാരം!

ഇസ്‌ലാമിനോടുള്ള സ്‌നേഹവും കൂറും കാരണത്താലായിരുന്നു ഈ നിലപാടുകള്‍ സ്വീകരിച്ചത് എന്ന് ഒരിക്കലും തെളിയിക്കാന്‍ സാധിക്കില്ല. മതത്തോട് ആത്മാര്‍ഥമായ സ്‌നേഹമുള്ളവര്‍ ആ മതം ശരിയായ നിലയില്‍ പഠിപ്പിക്കാനുള്ള മനസ്സും തയ്യാറെടുപ്പും കാണിക്കുക സ്വാഭാവികമാണ്. എന്നാല്‍ അതും ഉണ്ടായില്ല. മാന്തിയും ചൊറിഞ്ഞും കാലങ്ങളോളം കുളി-നനയുടെ മാഹാത്മ്യം പഠിപ്പിക്കുന്ന സാഹചര്യത്തില്‍നിന്നും ശരിയായ ലക്ഷ്യവും ഉദ്ദേശ പൂര്‍ത്തീകരണവും സാധ്യമാകുന്ന അത്യാധുനിക മദ്‌റസാ സംവിധാനങ്ങള്‍ക്ക് അന്നത്തെ പരിഷ്‌ക്കര്‍ത്താക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ പുകച്ച് ചാടിക്കാന്‍ ശ്രമിച്ച പുരോഹിതന്മാര്‍ക്ക് മതത്തോടുള്ള സ്‌നേഹം അതിരുകവിഞ്ഞതാണെന്ന് തെളിയിക്കാന്‍ എത്ര വിയര്‍ത്താലും സാധിക്കില്ല. 

''ഒരുകാലത്തും ലാ തജ്അലുല്‍ ബനീന... മദ്‌റസ ബയ്യില്‍ യതഅല്ലമൂനാ...

അറിവാളന്‍ ഇബ്‌നുതീമിയ മുന്‍കാലം... ളലാലത്തെന്ന വിത്ത് പാകിയ കോലം...

ജഹന്നമിന്റെ ആഖിറിലെ 'മീ'മാം... മദ്‌റസയുടെ ആഖിറ് ജഹന്നമാ...''

തുടങ്ങിയ വരികള്‍ കെട്ടിയുണ്ടാക്കി ഈണത്തില്‍ പാടി പ്രചരിപ്പിച്ച് നടന്നത് ബ്രിട്ടീഷ് വിരോധം കാരണമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ശിര്‍ക്കിനും ബിദ്അത്തിനും ഖുറാഫാത്തിനും നവീന ന്യായങ്ങളും വ്യാഖ്യാനങ്ങളും നല്‍കുന്നതാണെങ്കിലും ആയിരക്കണക്കിന് മദ്‌റസകള്‍ ഈ ഗ്രൂപ്പുകള്‍ക്ക് പില്‍ക്കാലത്ത് ഉണ്ടായത് പ്രശംസനീയം തന്നെ.

ശരിയായ നിലയില്‍ മലയാളഭാഷ ഉപയോഗപ്പെടുത്തുന്നതില്‍നിന്നും സമൂഹത്തെ തടയാന്‍ മതനേതാക്കളായി അറിയപ്പെട്ടിരുന്നവരുടെ ന്യായീകരണങ്ങള്‍ ഏറെ അത്ഭുതകരമായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ മലയാളഭാഷയില്‍ പരിഭാഷപ്പെടുത്തുന്നതിനും അത് സാധാരണ സമൂഹം മനസ്സിലാക്കുന്നതിനും ഇവര്‍ വ്യക്തമായി എതിരായിരുന്നു. ക്വുര്‍ആന്‍ പരിഭാഷക്കാരെ താക്കീത് ചെയ്തുകൊണ്ട് സമസ്തയുടെ പ്രമുഖനേതാവും പ്രഭാഷകനും ഇ.കെ.അബൂബക്കര്‍ മുസ്‌ല്യാരുടെ സഹോദരനുമായ ഇ.കെ.ഹസന്‍ മുസ്‌ല്യാര്‍ എഴുതിവിട്ട ക്ഷുദ്രകൃതി കേരളത്തിലെ മുസ്‌ലിം പുരോഹിതന്മാര്‍ കാലങ്ങളായി തുടര്‍ന്നുവന്നിരുന്ന നിലപാടുകള്‍ക്കുള്ള വ്യക്തമായ തെളിവാണ്. അദ്ദേഹം എഴുതുന്നു: ''എന്റെ ഉസ്താദുമാരടക്കം പഴയ ആലിമീങ്ങള്‍ ക്വുര്‍ആന്‍ വാക്കുകള്‍ ഉദാഹരണമായി വരുമ്പോള്‍ അതിന്റെ വിധി വിവരിച്ചു തരികയല്ലാതെ അര്‍ഥം പറയാറില്ല. ചോദിച്ചാല്‍ തന്നെ അര്‍ഥം പറയരുത്, പിഴച്ചുപോകും എന്ന് ഉപദേശിക്കുന്നവരായിരുന്നു...''(8) ഇതൊക്കെ ഏത് രാജ്യസ്‌നേഹത്തിന്റെയും മതസ്‌നേഹത്തിന്റെയും പേരിലായിരുന്നുവെന്ന് ചോദിച്ച് നേരംകളയുന്നതില്‍ അര്‍ഥമില്ല.

വടക്കെ ഇന്ത്യയില്‍ അഹ്മദ് രിളാഖാന്‍ ബറെലവിയുടെ ആശയവൈകല്യങ്ങളുടെ കൂമ്പാരം പേറുന്ന ബറെലവി പ്രസ്ഥാനം അരയും തലയും മുറുക്കി സജീവമായി രംഗത്തുള്ള ഒരു കാലത്തായിരുന്നു മൗലാനാ ചാലിലകത്ത് ജീവിച്ചതും പ്രവര്‍ത്തിച്ച് കാണിച്ചതും. അഹ്മദ് കോയാ ശാലിയാത്തിയെപ്പോലെ വേണമെങ്കില്‍ ചാലിലകത്തിനും ഒരു ബറെലവി ആശയങ്ങളുടെ പ്രചാരകനായി വര്‍ത്തിക്കാമായിരുന്നു. പക്ഷേ, അതുണ്ടായില്ല. അതുമല്ലെങ്കില്‍ ഖിലാഫത്ത് ലഹളയുടെ കാലംവരെയും പ്രയോജന രഹിതമായി നീണ്ടുപോയ കൊണ്ടോട്ടി-പൊന്നാനി കൈ തര്‍ക്കത്തില്‍ കക്ഷി ചേര്‍ന്ന് ഒരു പക്ഷത്തിന് കൊഴുപ്പുകൂട്ടാന്‍ ചാലിലകത്തിനാകുമായിരുന്നു. അതും ഉണ്ടായില്ല. സമൂഹത്തിന്റെ പരിഷ്‌ക്കരണവും ഭാവിതലമുറയുടെ ശോഭനവും തനതായ ഇസ്‌ലാമിന്റെ പ്രചാരണത്തിനുതകുന്ന ഒരു സമൂഹത്തിന്റെ പുനഃസൃഷ്ടിയുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. ഈ ആവശ്യങ്ങളുടെ സാഫല്യത്തിനായി അഹോരാത്രം പണിയെടുത്ത മഹാനായിരുന്നു മൗലാനാ ചാലിലകത്ത്.

ഇന്നത്തെ പുരോഹിതന്മാരില്‍ കാണപ്പെടുന്ന കുശുമ്പും സത്യം മറച്ചുവെക്കാനുള്ള വ്യഗ്രതയും ചാലിലകത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വേണം മനസ്സിലാക്കാന്‍. പില്‍ക്കാലത്ത് പിറവിയെടുത്ത ഇ്വസ്‌ലാഹി പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ വര്‍ത്തിച്ചവരും അതിന്റെ നേതാക്കളും ചാലിലകത്തിന്റെ സന്താനങ്ങളും മരുമക്കളും ഉറ്റബന്ധുക്കളുമാണ്. പുരോഹിതന്മാരില്‍ ജന്മസിദ്ധമായി കാണപ്പെടുന്ന വഹാബി വിരോധം ചാലിലകത്തില്‍ പ്രത്യക്ഷപ്പെടാതെ പോയതും ഏറെ അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ ഗുരുനാഥന്മാരില്‍ പലരും മക്കയിലെ അഹ്മദ് സൈനീ ദഹ്‌ലാന്റെ നേരിട്ടുള്ള ശിഷ്യന്മാരും 'റദ്ദുല്‍ വഹാബിയ്യ' എന്ന ക്ഷുദ്രകൃതിയുടെ പ്രചാരകരും പരിഭാഷകരുമായിരുന്നു. എന്നിട്ടും ഈ ബാധ ചാലിലകത്തിനെ പിടികൂടാത്തതാകണം അദ്ദേഹത്തിന്റെ പിന്നാലെ കൂടി വാഴക്കാട് ദാറുല്‍ ഉലൂമിനെ നശിപ്പിക്കാന്‍ പുരോഹിതന്മാരെ പ്രേരിപ്പിച്ചതെന്ന നിഗമനത്തിനും പ്രസക്തിയുണ്ട്. കൂടുതല്‍ വിശദമായി കെ.ഉമര്‍ മൗലവി പറയട്ടെ:

''മുസ്‌ലിം കേരളത്തിന്റെ നാനോന്മുഖ പുരോഗതിയുടെ കേന്ദ്രവും സ്വാതന്ത്ര്യ സമരത്തിന്റെ ചോരകൊണ്ട് ചുവന്ന മണ്ണിന്റെ പ്രദേശവുമായ തിരൂരങ്ങാടിയുടെ അരുമ സന്താനമാണ് മൗലാനാ ചാലിലകത്ത്. ഞാന്‍ ഖുത്വുബ പരിശീലിച്ച തറമ്മല്‍ പള്ളി മൗലാനാ എടുപ്പിച്ചതാണ്. പരപ്പനങ്ങാടിയില്‍നിന്നാണ് വിവാഹം ചെയ്തത്. രണ്ടു ഭാര്യമാരുണ്ടായിരുന്നു. തിരൂരങ്ങാടിയില്‍നിന്നാണ് മറ്റൊരു വിവാഹം. എന്റെ ഭാര്യാമാതാവിന്റെ ജ്യേഷ്ഠ സഹോദരി. എന്റെ ഭാര്യാകുടുംബം ചാലിലകത്തുകാര്‍ എന്നാണ് അറിയപ്പെടുന്നത്. മതവിദ്യാഭ്യാസ രംഗത്ത് ഒരു നവോത്ഥാന നായകനായി മൗലാനാ ചാലിലകത്ത് രംഗപ്രവേശനം ചെയ്തതോടെയാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകുന്നത്. വാഴക്കാട് അദ്ദേഹത്തിന്റെ ദാറുല്‍ ഉലൂം മദ്‌റസ ഇസ്വ്‌ലാഹി പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വിത്തുപാകാന്‍ ഉഴുതുമറിച്ച ഒരു പാടശേഖരമായി ഭവിച്ചു. 

സലഫി പ്രസ്ഥാനത്തിന്റെ പടനായകന്മാരുടെ നായകനായ കെ.എം.മൗലവി ഈ മദ്‌റസയില്‍നിന്നു പഠിച്ചു. പ്രിയ ശിഷ്യനായിരുന്നപ്പോള്‍ ഗുരുവിന്റെ എഴുത്തുകാരനായി കാതിബ് എന്ന പേരില്‍ അറിയപ്പെട്ടു. മൗലാനായുടെ മകളെ വിവാഹം  ചെയ്തു. ഇ.കെ മൗലവി, ഇ.മൊയ്തു മൗലവി തുടങ്ങിയ പ്രഗത്ഭ നേതാക്കള്‍ വാഴക്കാട് മദ്‌റസയിലെ വിദ്യാര്‍ഥി കെ.എം മൗലവിയുടെ സതീര്‍ഥ്യരുമായിരുന്നു. മൗലാനായുടെ പുത്രന്മാര്‍ എം.സി.സി സഹോദരന്മാര്‍ എന്ന പേരിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്.

എം.സി.സി അഹ്മദ് മൗലവി, എം.സി.സി അബ്ദുറഹ്മാന്‍ മൗലവി, എം.സി.സി ഹസന്‍ മൗലവി എന്നിവര്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട പണ്ഡിതന്മാരായി ശോഭിച്ചു. എം.സി.സി അബ്ദുറഹ്മാന്‍ മൗലവി ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങളില്‍ അതീവ ബുദ്ധിശാലിയും ആസൂത്രകനും കെ.എം മൗലവിയുടെ സന്തത സഹചാരിയുമായിരുന്നു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിനെക്കുറിച്ച് ഓര്‍ക്കുന്നത് തന്നെ എം.സി.സി മൗലവി എന്ന പേരില്‍ നിന്നാണ്. ആദ്യഘട്ടത്തില്‍ സുന്നി മുസ്‌ല്യാക്കളില്‍ വന്‍തോക്കുകളായിരുന്ന പലരുമായി വാദപ്രതിവാദങ്ങള്‍ക്ക് നിര്‍ബന്ധിതമായ ഘട്ടങ്ങളിലെല്ലാം അതിന്റെ ചുക്കാനായി എം.സി.സി അബ്ദുറഹ്മാന്‍ മൗലവി തന്നെയാണ് രംഗത്ത് നിന്നത്. മൗലാനായുടെ ശിഷ്യന്മാരും പുത്രന്മാരും ചേര്‍ന്നപ്പോള്‍ കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം വിജയഗാഥയുമായി മുന്നോട്ടു ഗമിച്ചു...(5)

ഇസ്വ്‌ലാഹി പണ്ഡിതനിരയില്‍ ജ്വലിച്ചുനിന്ന പ്രമുഖന്മാരായ പി.കെ മൂസമൗലവി പുളിക്കല്‍, ഇ.മൊയ്തു മൗലവി, ഇ.കെ മൗലവി, പി.പി ഉണ്ണീന്‍കുട്ടി മൗലവി തുടങ്ങിയ എണ്ണമറ്റ പ്രതിഭാശാലികള്‍ ചാലിലകത്തിന്റെ ശിഷ്യന്മാരാണ്. തെക്കന്‍ കേരളത്തിലെ കരുനാഗപ്പള്ളി ചിറ്റുമൂലയില്‍ മുദര്‍രിസായിരുന്ന ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം കാഞ്ഞിപ്പുഴ സ്വദേശി പി.കെ യൂനുസ് മൗലവി(6) ചാലിലകത്തിന്റെ ശിഷ്യനാണ്. സമൂഹത്തിലെ പൗരപ്രമാണിമാരുടെ സഹായത്തോടെ യൂനുസ് മൗലവി നിര്‍മിച്ച പല പൊതുവിദ്യാലയങ്ങളും പിന്നീട് സര്‍ക്കാര്‍ സംരക്ഷണത്തിലായി. 

മുകളില്‍ ഉദ്ധരിക്കപ്പെട്ട വസ്തുനിഷ്ടമായ വിവരണങ്ങളില്‍നിന്നും ചാലിലകത്തിന്റെ യഥാര്‍ഥ അനന്തരാവകാശികള്‍ ആരായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്. അത്യാധുനിക സംവിധാനങ്ങള്‍ പഠനമാധ്യമങ്ങളായി സ്വീകരിച്ചുകൊണ്ട് ഒരു കലാലയത്തിന്റെ രൂപത്തില്‍ പ്രവര്‍ത്തിച്ച ഇന്ത്യയിലെ ഒന്നാമത്തെ മതവിദ്യാഭ്യാസ കേന്ദ്രം 1867ല്‍ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനം ആരംഭിച്ച ദാറുല്‍ഉലൂം ദയൂബന്ദ് ആയിരിക്കും. വ്യവസ്ഥാപിതവും ആധുനികവുമായ പല പുതുമകളും നിറഞ്ഞതായിരുന്നു ദയൂബന്ധി ഉലമാക്കളാല്‍ നയിക്കപ്പെട്ട ദാറുല്‍ഉലൂം ദയൂബന്ദ്. ചോക്ക്, ബ്ലാക്ക് ബോര്‍ഡ്, ബെഞ്ച്, ഡെസ്‌ക്ക്, പരീക്ഷ, സര്‍ട്ടിഫിക്കറ്റ്, രജിസ്റ്റര്‍ തുടങ്ങിയ ഒട്ടുമിക്ക സംവിധാനങ്ങളും ഇവിടെ പ്രായോഗികവത്ക്കരിക്കപ്പെട്ടിരുന്നു. 

മതവിദ്യാഭ്യാസ രംഗത്തെ ലളിതമാക്കുന്ന ഈ സംവിധാനങ്ങള്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ സ്വീകാര്യതയും ലഭിച്ചിരുന്നു. തുടര്‍ന്ന് 1883ല്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തുടക്കമിട്ട ബാക്വിയാതുസ്സ്വാലിഹാത്ത് അറബിക് കോളേജും ഇതേ പാതതന്നെ പിന്തുടര്‍ന്നു. മതരംഗത്തെ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന അന്നത്തെ തലമുറയെ മദ്‌റസയിലേക്ക് ക്ഷണിക്കാനും ദീനിന്റെ പതാകവാഹകരാക്കി മാറ്റാനും ഈ പരിഷ്‌ക്കരണ ചിന്തകള്‍ കാരണമായിട്ടുണ്ട്.

മൗലാനാ ചാലിലകത്തിനെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ നായകന്മാരില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രതിപാദനങ്ങള്‍ക്ക് പ്രാമാണികമായ പിന്‍ബലമില്ലെന്ന് ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തട്ടെ. എന്നാല്‍ കേരളത്തിലെ ബറെലവി സമസ്തക്കാര്‍ വിശദീകരിക്കുന്ന നിലയിലുള്ള ഒരു സാധാരണ മുസ്‌ലിം പുരോഹിതനായിരുന്നു അദ്ദേഹമെന്ന നിഗമനത്തിന് നൂറില്‍ ഒരംശംപോലും പ്രസക്തിയുമില്ല. കെ.എം മൗലവി, ഇ.മൊയ്തു മൗലവി, ഇ.കെ മൗലവി തുടങ്ങിയവരെല്ലാം ഖിലാഫത്ത് പ്രക്ഷോഭകാലത്തും ദേശീയ സ്വാതന്ത്ര്യ സമരരംഗത്തും പ്രശോഭിച്ച് നിന്നവരാണ്. അന്നവര്‍ ഏതെങ്കിലും ഇസ്വ്‌ലാഹി ആശയങ്ങളുമായോ സംഘടനകളുമായോ ബന്ധപ്പെട്ടിരുന്നുവെന്ന് ആധികാരിക രേഖകള്‍ കൊണ്ട് തെളിയിക്കാനും സാധിക്കില്ല. ഇസ്‌ലാമിക വിശ്വാസത്തിന്റെ പ്രസക്തിയും തൗഹീദിന്റെ അനിവാര്യതയും അവര്‍ക്ക് വ്യക്തമായി ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇക്കാര്യം ദൃശ്യമായിരുന്നില്ല. സമുദായത്തിന്റെയും ദേശത്തിന്റെയും സാമൂഹികവും രാഷ്ട്രീയവുമായ ഭദ്രതക്കുവേണ്ടിയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങളും നിലപാടുകളും. വൈദേശിക ആധിപത്യത്തില്‍നിന്നും ജന്മഭൂമിയെ രക്ഷപ്പെടുത്താനുള്ള ബഹുജന പ്രക്ഷോഭത്തിലും ജനകോടികളുടെ മുന്നേറ്റത്തിലും അവരും സജീവമായി, അതിനായി അഹോരാത്രം ത്യാഗ പരിശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. 1919ല്‍ മണ്ണാര്‍ക്കാട് വെച്ച് മൗലാനാ ചാലിലകത്ത് വഫാത്താവുകയും ചെയ്തു. (അല്ലാഹു അഅ്‌ലം).

റഫറന്‍സ്:

1. ഡോ. സി.കെ കരീമിന്റെ പരിഭാഷയില്‍ നിന്നും ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ധരിച്ചത്, പുസ്തകം: മഖ്ദൂമും പൊന്നാനിയും, പേജ്:46. പ്രസാധനം: പൊന്നാനി ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി, വിതരണം: പൂങ്കാവനം ബൂക്‌സ്, കോഴിക്കോട്, പ്രിന്റ്: മാര്‍ച്ച് 2014.

2. പേജ്:119-120, ഐ.കെ കോടൂര്‍. ലേഖനം: വഴിയും സംവിധാനവുമില്ലാത്ത കാലത്ത് കോഴിക്കോട് സ്‌കൂളില്‍ പോയി പഠിച്ചു.

3. ഐ.കെ കോടൂര്‍, പേജ്: 118, ലേഖനം: വഴിയും സംവിധാനവുമില്ലാത്ത കാലത്ത് കോഴിക്കോട് സ്‌കൂളില്‍ പോയി പഠിച്ചു.

4. തഹ്ദീറുല്‍ ഇഖ്‌വാന്‍ മിന്‍ തര്‍ജുമത്തില്‍ ഖുര്‍ആന്‍, ഇ.കെ.ഹസന്‍ മുസ്‌ല്യാര്‍, പേജ്: 34.

5. കെ. ഉമര്‍ മൗലവി, ഓര്‍മകളുടെ തീരത്ത്, പേജ്:93-94, പ്രസാധനം: ദഅ്‌വാ ബുക്‌സ്, കൊച്ചി-19, പ്രിന്റ്: 2010. 

6. ഈ ലേഖകന്റെ പിതാവ് ഓച്ചിറ ഉണിശ്ശേരില്‍ കെ. ഇസ്ഹാഖ് കുഞ്ഞ്(റഹ്) പി.കെ യൂനുസ് മൗലവിയുടെ ശിഷ്യനാണ്. ജുമുഅ ദിവസം മിമ്പറില്‍ മലയാളത്തില്‍ ഖുത്വുബ നടത്തിയതിനെ ചോദ്യംചെയ്യാനെത്തിയ പുരോഹിതന്മാര്‍ക്ക് അദ്ദേഹം പ്രാമാണികമായി വിശദീകരണം നല്‍കിയ സംഭവത്തിന് സാക്ഷിയായത് പിതാവ് എന്നോട് വിശദീകരിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.