ഇസ്‌റാഉം മിഅ്‌റാജും

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഏപ്രില്‍ 06 1440 റജബ് 29

(ലോകഗുരു: മുഹമ്മദ് നബിﷺ  ഭാഗം: 16)

മക്കയിലുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ശാമിലുള്ള മസ്ജിദുല്‍ അക്വ്‌സയിലേക്കുള്ള നബിﷺ യുടെ പ്രയാണമാണ് ഇസ്‌റാഅ്. ശാമിലെ മസ്ജിദുല്‍ അക്വ്‌സയില്‍ നിന്നും ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്‌റത്തുല്‍ മുന്‍തഹ വരെയുള്ള നബിﷺ യുടെ യാത്രയാണ് മിഅ്‌റാജ്. നബിﷺ ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ ഒരു ആദരവായിരുന്നു ഇസ്‌റാഉം മിഅ്‌റാജും. നബിയുടെ പ്രവാചകത്വത്തിന്റെ ഏറ്റവും വലിയ അടയാളവും അല്ലാഹു നല്‍കിയ അനവധി അമാനുഷികതകളില്‍ ഏറ്റവും ഗാംഭീര്യം നിറഞ്ഞതുമായിരുന്നു മിഅ്‌റാജ്. മറ്റൊരു നബിക്കും നല്‍കപ്പെട്ടിട്ടില്ലാത്തതാണിത്. മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ഈ സംഭവങ്ങള്‍. നബിﷺ യുടെ ഉണര്‍വില്‍ തന്നെ ഒറ്റ രാത്രിയിലായിക്കൊണ്ടാണ് ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത്. നബിﷺ യുടെ ശരീരം കൊണ്ടും ആത്മാവുകൊണ്ടും ആയിരുന്നു അത് സംഭവിച്ചത്. 

ത്വാഇഫില്‍ നിന്നും മടങ്ങിവന്ന പ്രയാസത്തിന്റെ കൈപ്പുനീരുകള്‍ അനുഭവിക്കുന്ന നബിക്ക് അല്ലാഹു നല്‍കിയ വലിയ ഒരു ആശ്വാസമായിരുന്നു ഇസ്‌റാഉം മിഅറാജും. ഇത് സംഭവിച്ചത് ഇന്ന മാസത്തിലാണ് എന്നും ഇന്ന ദിവസത്തിലാണ് എന്നും കൃത്യമായി പറയാന്‍ സാധിക്കുകയില്ല. വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും അഭിപ്രായങ്ങളും ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കുണ്ട്. നബിﷺ യുടെ ജീവിതം പരിശോധിച്ചാല്‍ അതില്‍ ഒട്ടനവധി പരീക്ഷണങ്ങളുടെ മേഖലകള്‍ നമുക്ക് കാണുവാന്‍ സാധിക്കും. വേദനാജനകമായ ചുറ്റുപാടുകളും സാഹചര്യങ്ങളും കടുപ്പമേറിയ അവസ്ഥകളുമെല്ലാം നബിക്ക് മിഅ്‌റാജിനു തൊട്ടുമുമ്പായി ഉണ്ടായിട്ടുണ്ട്.

തന്റെ സംരക്ഷകനായിരുന്ന അബൂത്വാലിബിന്റെ മരണവും തന്റെ വീട്ടിലെ ഐശ്വര്യവും സമാധാനവും ആയിരുന്ന ഖദീജയുടെ മരണവും ദീനിനെ സംരക്ഷിക്കുവാന്‍ വേണ്ടി തന്റെ അനുചരന്മാരുടെ അബിസീനിയയിലേക്കുള്ള യാത്രയും സമാധാനവും ആശ്വാസവും ലഭിക്കുമെന്ന പ്രതീക്ഷയോടുകൂടി അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടി ത്വാഇഫിലേക്ക് പോയി അവിടെ നിന്നും അനുഭവിച്ച പ്രയാസങ്ങളിലൂടെയുള്ള തിരിച്ചുവരവും താന്‍ കൊണ്ടുവന്ന ആദര്‍ശത്തെ മക്കയിലുള്ള ആളുകള്‍ അവഗണിച്ചതും തനിക്കെതിരെ എന്തും ചെയ്യാന്‍ അവര്‍ ധൈര്യം കാണിച്ചതും എല്ലാം നബിﷺ യുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യങ്ങളായിരുന്നു. തിരമാലകള്‍ പോലെ മേല്‍ക്കുമേല്‍ കടന്നുവന്ന ഇത്തരം പ്രയാസങ്ങളുടെ സന്ദര്‍ഭത്തില്‍ മിഅ്‌റാജ് എന്ന അതിമഹത്തായ മുഅ്ജിസത്തിത്തിലൂടെ അല്ലാഹു പ്രവാചകനെ ആദരിക്കുകയാണ് ചെയ്തത്. ആരൊക്കെ പ്രവാചകനെ അവഗണിച്ചാലും കുറ്റപ്പെടുത്തിയാലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്ലാഹു പ്രവാചകനെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും എന്നുള്ള ഒരു അറിയിപ്പ് കൂടിയായിരുന്നു മിഅ്‌റാജ്. 

''അവനാണ് സന്മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും'' (അത്തൗബ: 33). 

ഇസ്‌റാഇനെയും മിഅ്‌റാജിനെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അല്ലാഹു നടത്തിയത് 2 സൂറത്തുകളിലാണ്. (അല്‍ഇസ്‌റാഅ്:1, അന്നജ്മ്: 13,18).

ഇസ്‌റാഇന്റെ രാത്രിയില്‍ ഇശാഇനു ശേഷം ജിബ്‌രീല്‍ നബിﷺ യുടെ അടുക്കലേക്ക് വന്നു. നബിﷺ യുടെ നെഞ്ച് പിളര്‍ത്തി സംസം വെള്ളം കൊണ്ട് വൃത്തിയാക്കി. ശേഷം ഈമാനും ഹിക്മത്തും അതില്‍ നിറച്ചു. ശേഷം പിളര്‍ക്കപ്പെട്ട നെഞ്ച് ചേര്‍ത്തുവച്ചു. ബനൂസഅദിന്റെ കൂടെ താമസിക്കുന്ന കാലഘട്ടത്തിലുണ്ടായ ഒന്നാമത്തെ നെഞ്ച് പിളര്‍ത്തലിനു ശേഷം നബിയുടെ ജീവിതത്തിലെ രണ്ടാമത്തെ നെഞ്ചുപിളര്‍ത്തിയ സംഭവമാണിത്. ശേഷം ജിബ്‌രീല്‍ ബുറാഖുമായി വന്നു. കഴുതയെക്കാള്‍ വലുപ്പമുള്ളതും കോവര്‍കഴുതയെക്കാള്‍ ചെറുതുമായ ഒരു മൃഗമാണ് ബുറാഖ്. അതിന്റെ നോട്ടം എവിടേക്കെത്തുന്നുവോ അവിടെയെല്ലാം അതിന്റെ കാല്‍പാദങ്ങളും എത്തും. നബിﷺ  അതില്‍ കയറി ബൈത്തുല്‍ മുക്വദ്ദസിലേക്ക് യാത്രയായി. ജിബ്‌രീലും കൂടെ ഉണ്ടായിരുന്നു. നബിമാര്‍ തങ്ങളുടെ മൃഗങ്ങളെ കെട്ടുന്ന ഭാഗത്ത് ബുറാഖിനെ ബന്ധിച്ചു. ശേഷം പള്ളിയില്‍ പ്രവേശിച്ചു. മറ്റുള്ള അമ്പിയാക്കളെ അല്ലാഹു അവിടെ ഒരുമിച്ച് കൂട്ടിയിരുന്നു. അവര്‍ക്ക് ഇമാമായി നിന്ന് രണ്ടു റക്അത്ത് നമസ്‌കരിച്ചു. മദ്യത്തിന്റെയും പാലിന്റെയും 2 പാത്രങ്ങളുമായി ജിബ്‌രീല്‍ വന്നു. നബിﷺ  പാല്‍ പാത്രം തിരഞ്ഞെടുത്തു. അതിനുശേഷം നബിക്കു മുമ്പില്‍ മിഅ്‌റാജ് കൊണ്ടുവരപ്പെട്ടു. ജിബ്‌രീലിനോടൊപ്പം അതില്‍ കയറി ആകാശ ലോകത്തേക്ക് യാത്രയായി. ഓരോ ആകാശത്തിലും എത്തുമ്പോള്‍ അവിടെയുള്ള കവാടങ്ങള്‍ തുറക്കാന്‍ കല്‍പിക്കപ്പെടുകയും ആകാശ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്തു. ഓരോ ആകാശങ്ങളിലും അമ്പിയാക്കളെ കണ്ടുമുട്ടി. ഏഴ് ആകാശങ്ങള്‍ക്ക് അപ്പുറമുള്ള ബൈത്തുല്‍ മഅ്മുറില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്നും സിദ്‌റത്തുല്‍ മുന്‍തഹയിലേക്ക് ഉയര്‍ത്തപ്പെട്ടു. അവിടെ വെച്ചുകൊണ്ട് അഞ്ചുനേരത്തെ നമസ്‌കാരം ഈ ഉമ്മത്തിന് വേണ്ടി അല്ലാഹു നിര്‍ബന്ധമാക്കി നിശ്ചയിച്ചു കൊടുത്തു. നരകവും സ്വര്‍ഗവും കണ്ടു. അതിനുശേഷം ആകാശങ്ങളുടെ ഉന്നതികളില്‍ നിന്നും ബൈത്തുല്‍ മുക്വദ്ദസിലേക്ക് ജിബ്‌രീലിന്റെ കൂടെ യാത്രയായി. അവിടെനിന്നും ബുറാഖില്‍ കയറി മക്കയിലേക്ക് തിരിച്ചുപോന്നു. സുബ്ഹിയുടെ മുമ്പുതന്നെ മക്കയില്‍ എത്തിച്ചേരുകയും ചെയ്തു. ഇതാണ് ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും ചുരുക്കം. (ബുഖാരി: 3887. മുസ്‌ലിം: 264). 

മിഅ്‌റാജിന്റെ സന്ദര്‍ഭത്തില്‍ അല്ലാഹു ഈ ഉമ്മത്തിന് ആദ്യമായി നിര്‍ബന്ധമാക്കിയത് 50 നേരത്തെ നമസ്‌കാരമായിരുന്നു. എന്നാല്‍ മിഅ്‌റാജ് കഴിഞ്ഞ് തിരിച്ചുപോരുന്ന സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിﷺ മൂസാ നബി(അ)യെ കണ്ടുമുട്ടി. മൂസാ നബി(അ) ചോദിച്ചു: 'താങ്കളുടെ ഉമ്മത്തിന് എന്താണ് അല്ലാഹു നല്‍കിയിട്ടുള്ളത്?' നബി പറഞ്ഞു: 'ഓരോ ദിവസവും 50 സമയത്തെ നമസ്‌കാരങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.' അപ്പോള്‍ മൂസാ നബി(അ) പറഞ്ഞു: 'താങ്കളുടെ ഉമ്മത്തിന് 50 നേരത്തെ നമസ്‌കാരം എല്ലാദിവസവും സാധ്യമാവുകയില്ല. എന്റെ സമുദായത്തിന്റെ വിഷയത്തില്‍ ഞാന്‍ പരീക്ഷിച്ചതാണ്. ബനൂഇസ്‌റാഈല്യരില്‍ നിന്ന് വലിയ പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും ഈ വിഷയത്തില്‍ നിങ്ങളുട ഉമ്മത്തിന് ലഘൂകരണം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടുകയും വേണം.' നബിﷺ  പറയുന്നു: 'അങ്ങനെ ഞാന്‍ അല്ലാഹുവിങ്കലേക്ക് തിരിച്ചുചെന്നു. അല്ലാഹു എനിക്ക് 10 ഒഴിവാക്കി തന്നു. തിരിച്ചുപോരുന്ന സന്ദര്‍ഭത്തില്‍ മൂസാനബി വീണ്ടും എന്നോട് വിഷയങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഉണ്ടായ സംഭവങ്ങള്‍ അറിയിച്ചു. മൂസാനബി എന്നോട് പറഞ്ഞു: 'നിങ്ങളുടെ സമുദായത്തിന് അതും സാധ്യമാവുകയില്ല. അതുകൊണ്ട് അല്ലാഹുവോട് ലഘൂകരണം ആവശ്യപ്പെടണം.' ഈ നിലയ്ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അല്ലാഹുവിന്റെ അടുക്കലേക്കുള്ള പോക്കും വരവും ഉണ്ടായപ്പോള്‍ അവസാനം അത് അഞ്ചായി നിര്‍ണയിച്ചു തന്നു. മൂസാ നബി(അ) മുഹമ്മദ് നബിﷺ യോട് പറഞ്ഞു: 'താങ്കളുടെ ഉമ്മത്തിന് അഞ്ചുനേരത്തെ നമസ്‌കാരം സാധ്യമല്ല. അതുകൊണ്ട് ഇനിയും കുറച്ചുതരാന്‍ ആവശ്യപ്പെടണം. കാരണം എന്റെ സമുദായത്തെ ഞാന്‍ നന്നായി പരീക്ഷിച്ചതാണ്.' അപ്പോള്‍ മുഹമ്മദ് നബി പറഞ്ഞു: 'ഇനി എനിക്ക് ലജ്ജ തോന്നുകയാണ്. അതുകൊണ്ട് ഞാന്‍ ഇതില്‍ തൃപ്തിപ്പെടുകയും ഇത് അംഗീകരിക്കുകയും ചെയ്യുന്നു.' നബിﷺ  പറയുകയാണ്: 'ഞാന്‍ അവിടെ നിന്നും വിട്ടുകടന്നപ്പോള്‍ ഒരു വിളിയാളന്‍ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു: 'ഞാന്‍ എന്റെ നിര്‍ബന്ധം നടപ്പിലാക്കിയിരിക്കുന്നു. അടിമകള്‍ക്ക് ഞാന്‍ ലഘൂകരണം നല്‍കിയിരിക്കുന്നു.'

നേരം പുലര്‍ന്നപ്പോള്‍ മുഹമ്മദ് നബിﷺ  മക്കക്കാരോട് തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചു. താന്‍ കണ്ട അത്ഭുതകരമായ കാര്യങ്ങള്‍ അവര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. ഇതോടെ പ്രവാചകനെ വ്യാജമാക്കല്‍ ശക്തിപ്പെടുകയും അവരുടെ പരിഹാസങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. നബിﷺ  പറയുന്നു: ''ഇസ്‌റാഅ് ഉണ്ടായ ശേഷം ജനങ്ങള്‍ എന്നെ വ്യാജമാക്കുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഒരു ഭാഗത്ത് ദുഃഖിതനായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ ശത്രുവായ അബൂജഹ്ല്‍ അതിലൂടെ കടന്നുവന്നു. എന്നിട്ട് എന്റെ സമീപത്തിരുന്ന് ഒരു പരിഹാസ്യ ഭാഷയില്‍ ചോദിച്ചു: 'എന്തെങ്കിലും സംഭവിച്ചോ?' ഞാന്‍ പറഞ്ഞു: 'അതെ, സംഭവിച്ചിട്ടുണ്ട്.' 'എന്താണുണ്ടായത്?' ഞാന്‍ ഇസ്‌റാഇനെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അബൂജഹ്ല്‍ ചോദിച്ചു: 'എങ്ങോട്ടാണ് ഉണ്ടായത്?' ഞാന്‍ പറഞ്ഞു: 'ബൈത്തുല്‍ മുക്വദ്ദസിലേക്ക്.' അബൂജഹ്ല്‍ ചോദിച്ചു: 'എന്നിട്ട് ഇത്രയും പെട്ടെന്ന് ഞങ്ങള്‍ക്കിടയിലേക്ക് നീ തിരിച്ചുവന്നുവോ?' ഞാന്‍ പറഞ്ഞു: 'അതെ.' അബൂജഹ്ല്‍ ചോദിച്ചു: 'നിന്റെ ഈ ജനതയെ നിന്റെ മുമ്പിലേക്ക് കൊണ്ടുവന്നാല്‍ എന്നോട് പറഞ്ഞ ഈ വിവരം നീ അവരോടും പറയുമോ?' നബിﷺ  പറഞ്ഞു: 'അതെ, പറയും.' അബൂജഹ്ല്‍ കഅ്ബ് ഇബ്‌നു ലുഅയ്യ് ഗോത്രത്തെ അവിടേക്ക് വിളിച്ചുവരുത്തി. അബൂജഹ്ല്‍ പറഞ്ഞു: 'എന്നോട് നീ പറഞ്ഞ കാര്യം ഈ ആളുകളോടും പറയൂ.' അബൂജഹ്ല്‍ പറഞ്ഞത് പ്രകാരം നബിﷺ അവരോടു പറഞ്ഞു. അബൂജഹ്ല്‍ ചോദിച്ച ചോദ്യങ്ങള്‍ അവരും ചോദിച്ചു. മുഹമ്മദ് നബിﷺ  പറയുന്ന കാര്യങ്ങള്‍ കളവാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ചിലയാളുകള്‍ കയ്യടിച്ചു. ചിലയാളുകള്‍ തലക്ക് കൈവെച്ചു; എന്നിട്ട് ചോദിച്ചു: 'മസ്ജിദുല്‍ അക്വ്‌സയെ കുറിച്ച് ഞങ്ങള്‍ക്ക് വര്‍ണിച്ചു തരാന്‍ സാധിക്കുമോ?' (അവരുടെ കൂട്ടത്തില്‍ മസ്ജിദുല്‍ അക്വ്‌സയും ആ രാജ്യവും സന്ദര്‍ശിച്ചവര്‍ ഉണ്ടായിരുന്നു).മസ്ജിദുല്‍ അക്വ്്‌സയെക്കുറിച്ചും നബിﷺ  കണ്ട കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് മുമ്പില്‍ വര്‍ണിച്ചു കൊടുത്തു.'(അഹ്മദ്: 2819). 

മുഹമ്മദ് നബിﷺ യുടെ ഇസ്‌റാഇനെ കുറിച്ച് ജനങ്ങള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചു. സംശയം പ്രകടിപ്പിച്ചിരുന്ന ചിലയാളുകള്‍ അബൂബക്ര്‍(റ)വിനോട് ചോദിച്ചു: 'മുഹമ്മദ് ഇങ്ങനെയൊക്കെ പറയുന്നുണ്ട്. നീ അത് വിശ്വസിക്കുമോ? മുഹമ്മദ് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോയി വന്നു എന്നാണ് പറയുന്നത്. നീ അത് അംഗീകരിക്കുമോ?' അബൂബക്ര്‍(റ) ചോദിച്ചു: 'മുഹമ്മദ് നബി അങ്ങനെ പറഞ്ഞിട്ടുണ്ടോ?' അവര്‍ പറഞ്ഞു: 'അതെ, മുഹമ്മദ് പറഞ്ഞിട്ടുണ്ട്.' അബൂബക്ര്‍(റ) പറഞ്ഞു: 'ഞാന്‍ അത് അംഗീകരിക്കുന്നു. ഞാന്‍ അത് വിശ്വസിക്കുന്നു.' അപ്പോള്‍ അവര്‍ ചോദിച്ചു: 'ഒറ്റ രാത്രി കൊണ്ട് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോകുകയും നേരം പുലരുന്നതിനു മുമ്പ് തിരിച്ചു വരികയും ചെയ്തു എന്ന് പറയുകയും ചെയ്യുമ്പോള്‍ നീ അത് വിശ്വസിക്കുകയോ?' അബൂബക്ര്‍(റ) പറഞ്ഞു: 'അതെ, മുഹമ്മദ് നബി ഇതിനെക്കാള്‍ വിദൂരമായ കാര്യം പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ മുഹമ്മദ് നബി പറഞ്ഞാല്‍ ഞാനത് വിശ്വസിക്കുന്നുണ്ട്.' അങ്ങനെയാണ് അബൂബക്‌റിന് സ്വിദ്ദീക്വ് എന്ന പേരു ലഭിച്ചത്' (ഹാകിം: 3/62).

മിഅ്‌റാജ് വേളയില്‍ മുഹമ്മദ് നബിﷺ  തന്റെ ഹൃദയം കൊണ്ട് അല്ലാഹുവിനെ കണ്ടു. കണ്ണുകള്‍ കൊണ്ട് അല്ലാഹുവിനെ കണ്ടിട്ടില്ല. ഇഹലോകത്ത് വച്ചുകൊണ്ട് മനുഷ്യനേത്രങ്ങളാല്‍ അല്ലാഹുവിനെ കാണുക സാധ്യമല്ല. ഇത് ക്വുര്‍ആന്‍ പഠിപ്പിച്ച വസ്തുതയുമാണ്. മറയുടെ പിന്നില്‍ നിന്നല്ലാതെ അല്ലാഹു പ്രവാചകന്മാരോട് സംസാരിച്ചിട്ടില്ല. എന്നാല്‍ മുഹമ്മദ് നബി ജിബ്‌രീലിനെ തനതായ രൂപത്തില്‍ രണ്ട് തവണ കണ്ടിട്ടുണ്ട്. (ബുഖാരി: 4855. മുസ്‌ലിം: 177). 

അബൂദര്‍റ്(റ) നബിﷺ യോട് ചോദിച്ചു: 'നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ കണ്ടിട്ടുണ്ടോ?' അപ്പോള്‍ മുഹമ്മദ് നബിﷺ  പറഞ്ഞു: 'ഒരു പ്രകാശമാണ് ഞാന്‍ കണ്ടത്' (മുസ്‌ലിം: 178).

ഇസ്‌റാഅ് കഴിഞ്ഞ് തിരിച്ചുവന്ന് ശേഷം പകലില്‍ ജിബ്‌രീല്‍ നബി(അ)യുടെ അടുക്കലേക്ക് വരികയും എന്നിട്ട് നമസ്‌കാര സമയങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. നബിﷺ  നമസ്‌കാരത്തിനു വേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടി. നബിﷺ യെയും കൊണ്ട് ജിബ്‌രീല്‍ നമസ്‌കരിച്ചു. നബിﷺ  ജനങ്ങളെ കൊണ്ടും നമസ്‌കരിച്ചു. ആ നമസ്‌കാരത്തിന് 'ദുഹ്ര്‍' എന്ന നാമം നല്‍കുകയും ചെയ്തു. 

ജാബിര്‍ ഇബ്‌നു അബ്ദുല്ല(റ) പറയുന്നു: ''സൂര്യന്‍ മധ്യത്തില്‍ നിന്നും തെറ്റിയശേഷം ജിബ്‌രീല്‍ നബിﷺ യുടെ അടുക്കലേക്ക് വന്നു. എന്നിട്ട് പറഞ്ഞു: 'മുഹമ്മദ്! എഴുന്നേല്‍ക്കൂ, ദുഹ്ര്‍ നമസ്‌കരിക്കൂ.' മുഹമ്മദ് നബിﷺ  എഴുന്നേല്‍ക്കുകയും സൂര്യന്‍ മധ്യത്തില്‍ നിന്നും തെറ്റിയതിന് ശേഷം നമസ്‌കരിക്കുകയും ചെയ്തു.' ശേഷം ഒരു വ്യക്തിയുടെ നിഴല്‍ ആ വ്യക്തിയുടെ വലുപ്പത്തില്‍ ആയതിനു ശേഷം ജിബ്‌രീല്‍ വന്ന് കൊണ്ട് പറഞ്ഞു: 'മുഹമ്മദ്! എഴുന്നേല്‍ക്കൂ. അസ്വ്ര്‍ നമസ്‌കരിക്കൂ.' അങ്ങനെ അസ്വ്ര്‍ നമസ്‌കരിച്ചു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ ജിബ്‌രീല്‍ വന്നു പറഞ്ഞു: 'മുഹമ്മദ്! എഴുന്നേല്‍ക്കൂ, മഗരിബ് നമസ്‌കരിക്കൂ.' അസ്തമയ ശോഭ മറഞ്ഞു കഴിഞ്ഞപ്പോള്‍ ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു: 'മുഹമ്മദ്! എഴുന്നേല്‍ക്കൂ, ഇശാഅ് നമസ്‌കരിക്കൂ.' അങ്ങനെ മുഹമ്മദ് നബി എഴുന്നേല്‍ക്കുകയും ഇശാഅ് നമസ്‌കരിക്കുകയും ചെയ്തു. പ്രഭാതമായപ്പോള്‍ ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു:'മുഹമ്മദ്! എഴുന്നേല്‍ക്കൂ, ഫജ്ര്‍ നമസ്‌കരിക്കൂ.' നബിﷺ  നമസ്‌കരിച്ചു. (നമസ്‌കാരത്തിന്റെ ആദ്യ സമയങ്ങളാണ് ഈ രൂപത്തില്‍ വന്നു കൊണ്ട് ജിബിരീല്‍ മുഹമ്മദ് നബിക്ക് പഠിപ്പിച്ചുകൊടുത്തത്. രണ്ടാമത്തെ ദിവസം വന്നുകൊണ്ട് നമസ്‌കാരത്തിന്റെ അവസാന സമയവും കാണിച്ചുകൊടുത്തു. അത് ഇപ്രകാരമായിരുന്നു:)

അടുത്ത ദിവസം ഒരു വ്യക്തിയുടെ നിഴല്‍ അതേ വലുപ്പത്തില്‍ ആയപ്പോള്‍ ജിബ്‌രീല്‍ വന്നു കൊണ്ട് പറഞ്ഞു: 'മുഹമ്മദ്! എഴുന്നേല്‍ക്കൂ, നമസ്‌കരിക്കൂ.' മുഹമ്മദ് നബിﷺ  എഴുന്നേല്‍ക്കുകയും നമസ്‌കരിക്കുകയും ചെയ്തു. അതിനുശേഷം ഒരു വ്യക്തിയുടെ നിഴല്‍ അയാളുടെ ഇരട്ടി വലുപ്പത്തില്‍ ആയപ്പോള്‍ ജിബ്‌രീല്‍ വന്നു കൊണ്ട് പറഞ്ഞു: 'മുഹമ്മദ്! എഴുന്നേല്‍ക്കൂ, നമസ്‌കരിക്കൂ.' നബിﷺ നമസ്‌കരിച്ചു. മഗ്‌രിബിന്റെ സമയമായപ്പോള്‍ തലേദിവസം വന്ന അതേ സമയത്ത് തന്നെ ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു: 'മുഹമ്മദ്! എഴുന്നേല്‍ക്കൂ, നമസ്‌കരിക്കൂ.' മുഹമ്മദ് നബിﷺ  നമസ്‌കരിച്ചു. രാത്രിയുടെ മൂന്നിലൊന്ന് കഴിയുന്ന സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു: 'മുഹമ്മദ്! എഴുന്നേല്‍ക്കൂ, ഇശാഅ് നമസ്‌കരിക്കൂ.' അങ്ങനെ നബിﷺ  ഇശാഅ് നമസ്‌കരിച്ചു. പ്രഭാതം നന്നായി പൊട്ടിവിടര്‍ന്ന സമയത്ത് (സൂരേ്യാദയത്തിനു മുമ്പ്) ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു: 'മുഹമ്മദ്! എഴുന്നേല്‍ക്കൂ, സുബ്ഹി നമസ്‌കരിക്കൂ.' എന്നിട്ട് പറഞ്ഞു: 'ഇതിന് രണ്ടിനും ഇടക്കാണ് ഓരോ നമസ്‌കാരത്തിന്റെയും സമയങ്ങള്‍.' (അഹ്മദ് :1453).

 രണ്ടു ദിവസങ്ങളിലായി ജിബ്‌രീല്‍ മുഹമ്മദ് നബിﷺ യുടെ അടുക്കലേക്ക് വന്നുകൊണ്ട് നമസ്‌കാരത്തിന്റെ ആദ്യ സമയവും അതിന്റെ അവസാന സമയവും കാണിച്ചു കൊടുക്കുകയായിരുന്നു. ഇസ്‌റാഇന്റെ രാത്രിയില്‍ മുഹമ്മദ് നബിﷺ ക്കും ഈ സമുദായത്തിനും അല്ലാഹു നമസ്‌കാരം നിര്‍ബന്ധമാക്കിയപ്പോള്‍ ദുഹ്‌റും അസ്വ്‌റും രണ്ട് റക്അത്തുകള്‍ വീതം ആയിരുന്നു നമസ്‌കരിച്ചിരുന്നത്; മഗ്‌രിബ് മൂന്ന് റക്അത്തും. മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷമാണ് ചില നമസ്‌കാരങ്ങള്‍ 4 ആക്കി നിര്‍ബന്ധമാക്കുകയും യാത്രയുടെ നമസ്‌കാരം ആദ്യത്തേത് പോലെ രണ്ടില്‍ തന്നെ പരിമിതപ്പെടുത്തുകയും ചെയ്തത്. ഈ സംഭവം ആഇശ(റ) പറയുന്നു: 'നമസ്‌കാരം നിര്‍ബന്ധമാക്കിയപ്പോള്‍ ഈരണ്ടു റക്അത്തുകളായിരുന്നു ആദ്യത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് യാത്രയുടെ നമസ്‌കാരം രണ്ടില്‍ തന്നെ ഒതുക്കുകയും മറ്റു നമസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു' (ബുഖാരി: 350. മുസ്‌ലിം: 685). 

മക്കയില്‍ ആയിരുന്ന കാലഘട്ടത്തില്‍ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞുകൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. തന്റെയും ബൈത്തുല്‍ മുക്വദ്ദസിന്റെയും ഇടയിലായിരുന്നു ആ സന്ദര്‍ഭത്തില്‍ കഅ്ബ ഉണ്ടായിരുന്നത്. മദീനയിലേക്ക് ഹിജ്‌റ പോയതിനുശേഷം 16 മാസം കഴിഞ്ഞപ്പോള്‍ ക്വിബ്‌ല കഅ്ബയിലേക്ക് മാറ്റിയതായി ആയത്ത് ഇറങ്ങുകയും അതിനുശേഷം കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുകയും ചെയ്തു. 

''(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്...'' (അല്‍ബക്വറ: 144). 

മിഅ്‌റാജിന്റെ ദിവസമോ മാസമോ കൃത്യമായി നിര്‍ണയിച്ചു പറയുക സാധ്യമല്ല. ആ രാത്രിക്ക് കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു രാത്രികളെക്കാള്‍ ഒരു പ്രത്യേകതയുമില്ല. കൂടുതല്‍ ആരാധനകള്‍ നിര്‍വഹിക്കാനായി ആ രാത്രിയെ അല്ലാഹു നിര്‍ണയിച്ചുതന്നിട്ടുമില്ല. ചിലയാളുകള്‍ പ്രത്യേകമായ ദിക്‌റുകളും നമസ്‌കാരങ്ങളും സ്വലാത്തുകളും ഉംറയും ആ ദിവസത്തില്‍ വര്‍ധിപ്പിക്കുന്നു എന്നതാണ് ഇത് പ്രത്യേകം പറയുവാനുള്ള കാരണം. ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും യാത്രയിലൂടെ ഒട്ടനവധി ദൃഷ്ടാന്തങ്ങളും ഒരുപാട് നിയമങ്ങളും അല്ലാഹു പഠിപ്പിക്കുകയാണ്. 

തന്റെ വലിയ്യുകളെ അല്ലാഹു സഹായിക്കുമെന്നും അവരെ ആദരിക്കുമെന്നുമുള്ള കാര്യം ഇവിടെ ബോധ്യപ്പെടുത്തുന്നു. ഇസ്‌ലാമില്‍ നമസ്‌കാരത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നുള്ള കാര്യവും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ഇസ്‌ലാമിലെ എല്ലാ ആരാധനകളും ജിബ്‌രീല്‍ മുഖാന്തരമാണ് ഈ ഭൂമിയിലുള്ളവര്‍ക്ക് പഠിപ്പിച്ചുകൊടുത്തത്. എന്നാല്‍ നമസ്‌കാരത്തെക്കുറിച്ച് അത് നിര്‍ബന്ധമാണ് എന്ന നിലക്ക് സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ മുഹമ്മദ് നബിﷺ യെ ഏഴ് ആകാശങ്ങക്കപ്പുറത്തേക്ക് കൊണ്ടുപോയി. ഇസ്‌ലാം സത്യമതമാണെന്നും മുഹമ്മദ് നബിﷺ  അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണെന്നുമുള്ള ഉത്തമ വിശ്വാസം ഇസ്‌റാഉം മിഅ്‌റാജും നല്‍കുന്നു. ഇസ്‌ലാം സ്വന്തം ബുദ്ധികൊണ്ട് മാത്രം തീരുമാനിക്കേണ്ട കാര്യമല്ല എന്നും ഇസ്‌ലാം എന്ന് പറഞ്ഞാല്‍ വഹ്‌യും പ്രമാണവും ആണെന്നും ഈ സംഭവങ്ങള്‍ മനുഷ്യരെ ബോധ്യപ്പെടുത്തുന്നു. ആരുടെയെങ്കിലും ഹൃദയത്തിന് പ്രകാശം നല്‍കിയിട്ടുണ്ടെങ്കില്‍ അവന്‍ തന്റെ ബുദ്ധിയെക്കാള്‍ വഹ്‌യിന് മുന്‍ഗണന നല്‍കുന്നതാണ്. ഈ പ്രകാശം ലഭിച്ചവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് അബൂബക്ര്‍ സ്വിദ്ധീക്വ്(റ). കാരണം നബിയുടെ ഇസ്‌റാഇനെയും മിഅ്‌റാജിനെയും കുറിച്ച് കേട്ടയുടന്‍ സംശയമേതുമില്ലാതെ അദ്ദേഹം വിശ്വസിച്ചു. ഇത് യഥാര്‍ഥ വിശ്വാസികളുടെ അടയാളം കൂടിയാണ്.