ലൈംഗിക വിശുദ്ധിയുടെ ഇഹപര നേട്ടം

അബൂമുജാഹിദ് വളപട്ടണം

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03

സ്ത്രീ പീഡങ്ങളുടെ, മാനഭംഗങ്ങളുടെ ചൂടുള്ള വാര്‍ത്തകളുമായാണ് ദിനേന പത്ര മാധ്യമങ്ങള്‍ നമ്മുടെ കൈകളിലെത്തുന്നത്! മൂന്നു വയസ്സുള്ള പിഞ്ചു ബാലികയും  തൊണ്ണൂറു വയസ്സുള്ള പടുവൃദ്ധയും പീഡനത്തിനിരയായ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞെട്ടലുളവാകാത്ത രൂപത്തില്‍ അത് പതിവ് വാര്‍ത്തയായി മാറിയിരിക്കുന്നു. പിതാവ് മകളെ, അധ്യാപകന്‍ വിദ്യാര്‍ഥിനിയെ, സഹോദരന്‍ സഹോദരിയെ...! പിന്നെ വാണിഭങ്ങളും! മാതാപിതാക്കള്‍ കൗമാരം കടക്കാത്ത പെണ്‍മക്കളെ കാശിനു വില്‍ക്കുന്നു! സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരും സമ്പന്നരും സാധാരണക്കാരുമൊക്കെ ഉപഭോക്താക്കളായി മാറുന്നു!

സിനിമ പോലുള്ള മാധ്യമങ്ങളും ഇന്റര്‍നെറ്റ് സംവിധാനവും മറ്റും വല്ലാത്തൊരു അവസ്ഥയിലേക്കാണ് സമുഹത്തെ ആനയിക്കുന്നത്. അവയുടെ ചീത്തവശങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലാണ് മനുഷ്യര്‍ക്ക് താല്‍പര്യം. വിവാഹപൂര്‍വ ലൈംഗികബന്ധത്തെയും സ്വവര്‍ഗാനുരാഗത്തെും ആദര്‍ശവല്‍ക്കരിക്കുവാനും അതിലൊന്നും യാതൊരു തെറ്റുമില്ലെന്ന് വരുത്തിത്തീര്‍ക്കുവാനും ശ്രമിക്കുന്നത് ആധുനിക മാധ്യമങ്ങളും ചില പുരോഗമന(?) ചിന്താഗതിക്കാരുമാണ്. വഴിവിട്ട ലൈംഗികതയുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന ജനസമൂഹങ്ങളുടെ ദുരസ്ഥ അറിഞ്ഞിട്ടും ആ നാശത്തിന്റെ പാതയിലേക്ക് പാഞ്ഞടുക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍ അനുഭവിച്ചറിയും. അതിന്റെ ദുരന്തം അല്ലാത്തവരെയും ബാധിക്കും എന്നതാണ് ഏറെ സങ്കടകരം.

ലൈംഗിക രംഗത്തെ അരാജകത്വം ഏറ്റവും അപകടകരമായ പാപമാണെന്നതിനാല്‍ ഇസ്‌ലാം അതി ശക്തമായി എതിര്‍ക്കുകയും അതിലേക്കുള്ള സകല വഴികളും കൊട്ടിയടക്കുകയും ചെയ്തിട്ടുണ്ട്. വിവാഹേതരവും പ്രകൃതിവിരുദ്ധവുമായ എല്ലാതരം ലൈംഗിക ബന്ധങ്ങളെയും ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്.

വിവാഹം എന്ന സംവിധാനം നിശ്ചയിച്ചു തന്നത് അല്ലാഹുവാണ്. വിവാഹം എന്ന സംവിധാനത്തിന് എതിരാകുന്നതും അതിന്റെ മൂല്യങ്ങളെ നിരാകരിക്കുന്നതുമായ എല്ലാറ്റിനെയും അവന്‍ വിലക്കിയിട്ടുണ്ട്. അല്ലാഹു അനുവദിച്ച രീതിയിലും, വിവാഹത്തിലടങ്ങിയ മൂല്യങ്ങളും യുക്തിയും അന്വര്‍ഥമാക്കുന്ന മാര്‍ഗത്തിലൂടെയുമല്ലാതെ തങ്ങളുടെ ലൈംഗിക വികാരങ്ങള്‍ ശമിപ്പിക്കുകയില്ല എന്നത് സത്യവിശ്വാസിയുടെ ഒരു സുപ്രധാന ലക്ഷണമാണ്.

വ്യഭിചാരം എന്നത് ഈ ജീവിതത്തില്‍ വന്‍വിപത്തുണ്ടാക്കുന്നതും  ചെയ്തവന്ന് പരലോകത്ത് വെച്ച് കഠിനശിക്ഷ ലഭിക്കുന്നതുമായ ഒരു വന്‍പാപമാണ്. ഇസ്‌ലാം വ്യഭിചാരത്തെ മാത്രമല്ല വിലക്കുന്നത്. അതിലേക്ക് നയിക്കുന്ന എല്ലാറ്റിനെയും വിലക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.'' (അല്‍ ഇസ്‌റാഅ് 32).

വ്യഭിചാരത്തിലേക്ക് സമീപിക്കുന്നതിനെ വിലക്കുന്നതിലൂടെ, നോട്ടം, ശൃംഗാരം, സ്പര്‍ശനം, ചുംബനം, തുടങ്ങി അതിലേക്ക് നയിക്കുന്ന സകല കുറ്റകൃത്യങ്ങളെയും വ്യക്തമായി വിലക്കുകയാണ് ചെയ്യുന്നത്.

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''ആദമിന്റെ സര്‍വസന്താനങ്ങളുടെ മേലും വ്യഭിചാരത്തില്‍ നിന്നുള്ള ഒരു ഓഹരി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതവന്‍ കരസ്ഥമാക്കുക തന്നെ ചെയ്യും. അതില്‍ അസംഭവ്യതയില്ല. കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്. കാതിന്റെ വ്യഭിചാരം കേള്‍വിയാണ്. നാവിന്റെ വ്യഭിചാരം സംസാരമാണ്. വായയുടെ വ്യഭിചാരം ചുംബനമാണ്. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ് (അല്ലെങ്കില്‍ സ്പര്‍ശനമാണ്). കാലിന്റെ വ്യഭിചാരം (പാപത്തിലേക്കുള്ള) നടത്തമാണ്. മനസ്സ് (അല്ലെങ്കില്‍ ഹൃദയം) അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അവയെ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യുന്ന.'' (ബുഖാരി, മുസ്‌ലിം).  

ഈ ഹദീഥില്‍ പരാമര്‍ശിച്ച ചെയ്തികളൊന്നും തന്നെ സമ്പൂര്‍ണ വ്യഭിചാരത്തിന് സമമല്ല. സമ്പൂര്‍ണ വ്യഭിചാരത്തിന് നല്‍കുന്ന ഭൗതിക ശിക്ഷ ഇവയ്ക്ക് ബാധകമല്ല.  എന്നാല്‍, അവയെ ശ്രദ്ധിക്കാതെ വിടുകയാണെങ്കില്‍ ആത്യന്തികമായി അതിലേക്ക് നയിക്കും.

അബൂമൂസല്‍ അശ്അരി(റ) ഉദ്ധരിക്കുന്നു: റസൂല്‍ ﷺ  പറഞ്ഞു:

''എല്ലാ കണ്ണുകളും വ്യഭിചരിക്കും. ഒരു സ്ത്രീ സുഗന്ധം പൂശിയ ശേഷം (പുരുഷന്മാരുടെ) ഒരു സദസ്സിന് മുന്നിലൂടെ നടന്നുപോകുകയാണെങ്കില്‍, അവള്‍ ഇന്ന ഇന്ന രൂപത്തിലുള്ളവളാണ് (അഥവാ, വ്യഭിചാരിണിയാണ്)'' (തിര്‍മിദി).

കുറ്റകൃത്യത്തില്‍ സഹകരിക്കുകയോ, ഒരു വിശ്വാസിയെ പ്രലോഭിപ്പിക്കാന്‍ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് പാപത്തിന്റെ ഒരു ഓഹരിയുണ്ടെന്ന് ഇത് തെളിയിക്കുന്നു.

അതിനാല്‍, മറ്റുള്ളവര്‍ കാണുംവിധം ഔറത്ത് വെളിവാക്കുന്നത് വ്യഭിചാരത്തിന്റെ ചില തലങ്ങളിലേക്കുള്ള വ്യക്തമായ ക്ഷണമാണ്. അതുകൊണ്ട് തന്നെ, ഔറത്ത് വെളിവാക്കുന്നത് വലിയൊരു പാപവും ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യവുമാണ്.

നിഷിദ്ധമായ ഔറത്തുകളിലേക്കുള്ള നോട്ടമാണ് കണ്ണിന്റെ വ്യഭിചാരമെന്നതിനാല്‍ തങ്ങളുടെ ദൃഷ്ടികളെ നിയന്ത്രിക്കാന്‍ അല്ലാഹു വിശ്വാസിളോട് കല്‍പിക്കുന്നു: ''(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (അന്നൂര്‍ 30).

അല്ലാഹു സത്യവിശ്വാസിനികളോടും ഇത് തന്നെ കല്‍പിക്കുന്നുണ്ട്.

ആദ്യത്തെ നോട്ടം മാത്രമേ ഒരാള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. ശേഷമുള്ള നോട്ടങ്ങള്‍ പാപമാണ്. ബുറയ്ദ(റ) നിവേദനം: നബി ﷺ  അലി(റ)യോട് പറഞ്ഞു:

''ഓ അലി, ഒരു നോട്ടത്തെ മറ്റൊരു നോട്ടം കൊണ്ട് നീ പിന്തുടര്‍ത്തരുത്. എന്തെന്നാല്‍, ഒന്നാമത്തേത് നിനക്കുള്ളതാണ്. അടുത്തത് നിനക്കുള്ളതല്ല.'' (അഹ്മദ്, നസാഈ).  

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികബന്ധം അടഞ്ഞ വാതിലുകള്‍ക്കും മറയ്ക്കും പിന്നില്‍ സ്വകാര്യതയിലാണ് നടക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ സ്വകാര്യതയിലും രഹസ്യസ്വഭാവത്തിലും നിലനില്‍ക്കണം. അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് വിശ്വാസികളുടെ മനസ്സില്‍ ദുഷ്ചിന്തകള്‍ വരാന്‍ കാരണമാകും. വ്യഭിചാരത്തിലേക്ക് നയിക്കുന്ന ഒരു കവാടമാണിത്. അതിനാല്‍, അത് പൂര്‍ണമായും അടയ്ക്കണം.  

ദമ്പതികള്‍ തമ്മിലുള്ള കിടപ്പറ രഹസ്യങ്ങളെയും അതുപോലെത്തന്നെ ലൈംഗികവികാരത്തെ ഉത്തേജിപ്പിക്കുന്ന മറ്റു കാര്യങ്ങളെയും കുറിച്ച് സംസാരിക്കുന്നത് വലിയ പാപമാണെന്ന് വ്യക്തം. ഈ പ്രവൃത്തി നാവിന്റെയും കാതിന്റെയും വ്യഭിചാരമാണ്. ലൈംഗികതാല്‍പര്യം ജനിപ്പിക്കുന്ന ഏത് കാര്യവും സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത് നാവിന്റെയും കാതിന്റെയും വ്യഭിചാരത്തിന്റെ പരിധിയില്‍ പെടും. ശൃംഗാരം, ലൈംഗികോത്തേജകമായ പാട്ടുകള്‍, കാമോദ്ദീപകമായ തമാശകള്‍ എന്നിവ അതിന്നുദാഹരണങ്ങളാണ്.

സ്വന്തം ഭര്‍ത്താവിനും മഹ്‌റമുകള്‍ക്കുമിടയിലും മാത്രമെ ഒരു സ്ത്രീക്ക് സുഗന്ധം ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഒരു സ്ത്രീ അപരിചിതര്‍ക്കിടയില്‍ സുഗന്ധം പൂശി നടന്നാല്‍, അത് ഏറ്റവും ചുരുങ്ങിയത് അവളുടെ സൗന്ദര്യം പരിഗണിക്കാനുള്ള ക്ഷണമായി പരിണമിക്കും. അപ്രകാരം ഒരു സ്ത്രീ ചെയ്താല്‍, അവള്‍ ലഘുവായ വ്യഭിചാരമാണ് ചെയ്യുന്നത്.

മഹ്‌റമല്ലാത്ത പുരുഷന്റെ കൂടെ ഒരു സ്ത്രീ സ്വകാര്യതയില്‍ കഴിച്ചുകൂട്ടുവാന്‍ പാടില്ല. ഈ 'സ്വകാര്യത' എന്നത് വീടോ, ഓഫീസോ, കാറോ, ലിഫ്‌റ്റോ, അതുമല്ലെങ്കില്‍ ഒരു നിരീക്ഷകന്റെ സാന്നിധ്യമുണ്ടാകാന്‍ നേരിയ സാധ്യത മാത്രമുള്ള തുറസ്സായ പാര്‍ക്കോ ആകാം. അത് പിശാചിന് കെണിയൊരുക്കാനും മനസ്സില്‍ ദുഷ്ടവിചാരം ഉണ്ടാക്കുവാനും അവസരം നല്‍കലാണ്.

സ്വന്തം ഭാര്യ, കുടുംബത്തിലെ മറ്റു സ്ത്രീകള്‍ എന്നിവരുടെ  കാര്യത്തില്‍ ശ്രദ്ധചെലുത്താത്ത ചില പുരുഷന്മാരുണ്ട്. പാപത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത് അയാള്‍ ശ്രദ്ധിക്കുകയില്ല. ഉദാഹരണത്തിന്; നഗ്‌നത വെളിവാക്കല്‍, പരപുരുഷന്മാരുമായി അയവുള്ള സമീപനം സ്വീകരിക്കല്‍, പാര്‍ട്ടികളിലും ജോലിസ്ഥലങ്ങളിലും മറ്റും യാതൊരു നിയന്ത്രണവുമില്ലാത്ത വിധം പുരുഷന്മാരുമായി കൂടിക്കലരല്‍ എന്നിത്യാദി കാര്യങ്ങള്‍ തന്റെ കീഴിലുള്ള സ്ത്രീകളിലുണ്ടായാലും അയാള്‍ അത് ഗൗരവത്തിലെടുക്കുകയില്ല. പലപ്പോഴും തന്റെ കുടുംബത്തിലുള്ള സ്ത്രീകളെ അന്യപുരുഷന്മാരോടൊപ്പം പോകാന്‍ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്ന പുരുഷനെ 'ദയ്യൂഥ്' എന്നാണ് നബി ﷺ  വിശേഷിപ്പിച്ചത്.

ദയ്യൂഥിന്റെ ഈ അധാര്‍മിക ചെയ്തി ഒരു വന്‍പാപമാണ്. അത് ചെയ്യുന്നവന്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് താക്കീത് നല്‍കപ്പെട്ടിട്ടുണ്ട്.

അമ്മാര്‍ ഇബ്‌നു യാസര്‍(റ) നിവേദനം: റസൂല്‍ ﷺ  പറഞ്ഞു:

''മൂന്നാളുകള്‍-അവര്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല: ദയ്യൂഥ്, പുരുഷന്മാരോട് സാദൃശ്യം പുലര്‍ത്തുന്ന സ്ത്രീ, മദ്യപാനത്തിന് അടിമപ്പെട്ടവന്‍'' (ത്വബ്‌റാനി).  

ഇബ്‌നു ഉമര്‍(റ) നിവേദനം: റസൂല്‍ ﷺ  പറഞ്ഞു:

''മൂന്നാളുകളുടെ മേല്‍ സ്വര്‍ഗം നിഷിദ്ധമാണ്. മദ്യപാനത്തിന് അടിമപ്പെട്ടവന്‍, മാതാപിതാക്കളോട് മോശമായി പെരുമാറുന്നവന്‍, സ്വന്തം കുടുംബത്തിലെ മ്ലേച്ഛത അംഗീകരിക്കുന്ന ദയ്യൂഥ്'' (അഹ്മദ്, ഹാകിം).