ഹിജ്‌റ മൂന്നാം വര്‍ഷത്തിലെ പ്രധാന സംഭവങ്ങള്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 39)

ഉഹ്ദ് യുദ്ധം

ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍ മാസത്തിന്റെ പകുതിയില്‍ ശനിയാഴ്ച പകലിലാണ് ഉഹ്ദ് യുദ്ധം നടക്കുന്നത്. മദീനയുടെ വടക്കു കിഴക്കായി ഉള്ള ഒരു മലയാണ് ഉഹ്ദ്. ചുറ്റുമുള്ള മലകളില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്നതിനാലാണ് 'ഉഹ്ദ്' എന്ന പേര് അതിന് ലഭിച്ചത്. ബദ്‌റില്‍ സംഭവിച്ച പരാജയത്തിന് പകരം വീട്ടുവാനും അതിലൂടെ മുസ്‌ലിംകളോടുള്ള ദേഷ്യം തീര്‍ക്കുവാനും ക്വുറൈശികള്‍ ഉദ്ദേശിച്ചതാണ് യുദ്ധത്തിന് കാരണം. ബദ്‌റില്‍ സംഭവിച്ച അപമാനം ഇല്ലായ്മ ചെയ്യലും അവരുടെ ലക്ഷ്യമായിരുന്നു. ക്വുറൈശികളുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന രൂപത്തിലുള്ള മുസ്‌ലിംകളുടെ ശക്തിയെ തകര്‍ക്കാന്‍ വേണ്ടി കൂടിയായിരുന്നു അവര്‍ യുദ്ധത്തിനൊരുങ്ങിയത്. അബൂസുഫ്‌യാന്‍ ഇബ്‌നു ഹര്‍ബ്, സഫ്‌വാന്‍ ഇബ്‌നു ഉമയ്യ, ഇക്‌രിമ ഇബ്‌നു അബീജഹല്‍, അബ്ദുല്ലാഹിബ്‌നു അബീറബീഅ തുടങ്ങിയവരായിരുന്നു യുദ്ധത്തില്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നത്. നജ്ദിന്റെ വഴിയിലൂടെ ശാമിലേക്കുള്ള ക്വുറൈശികളുടെ കച്ചവട സമ്പത്ത് സൈദ് ഇബ്‌നു ഹാരിസയുടെ നേതൃത്വത്തില്‍ വന്ന സൈന്യം പിടിച്ചടക്കിയത്  

ഉഹ്ദിലേക്കുള്ള ഇവരുടെ ചലനത്തെ വേഗത്തിലാക്കാന്‍ കാരണമായി. ഉഹ്ദ് യുദ്ധത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായി അവര്‍ ആദ്യം ചെയ്തത് മുമ്പ് ബദ്‌റില്‍ രക്ഷപ്പെട്ട അബൂസുഫ്‌യാന്റെ കച്ചവട സംഘത്തെ പാട്ടിലാക്കലായിരുന്നു. ക്വുറൈശികള്‍ അവരോടായി ഇപ്രകാരം പറഞ്ഞു: 'മുഹമ്മദ് നിങ്ങളെ നാഥനില്ലാതാക്കിയിരിക്കുന്നു. നിങ്ങളില്‍ നല്ലവരെ അവന്‍ കൊലപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ കയ്യിലുള്ള സമ്പത്തുകൊണ്ട് അവനെതിരെ യുദ്ധം ചെയ്യാന്‍ ഞങ്ങളെ സഹായിക്കുക. നമ്മളില്‍ നിന്നും മരണപ്പെട്ടുപോയ ആളുകള്‍ക്ക് വേണ്ടി പകരം വീട്ടുവാന്‍ നമുക്ക് ഇതിലൂടെ സാധിക്കും.' അങ്ങനെ അവര്‍ അത് സമ്മതിക്കുകയുണ്ടായി.

ക്വുറൈശികള്‍ നബിﷺയോട് യുദ്ധത്തിനു വേണ്ടി ഒരുങ്ങി. സഹായം ആവശ്യപ്പെട്ടുകൊണ്ട് അറബികളിലേക്ക് അവര്‍ ആളുകളെ അയച്ചു. മുഹമ്മദ് നബിﷺക്ക് എതിരെയുള്ള യുദ്ധത്തില്‍ അവര്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തിഹാമക്കാരെയും ബനൂകിനാനക്കാരെയും അവര്‍ കവിതകള്‍ പാടി ഉണര്‍ത്തി. ക്വുറൈശികളും അവരുടെ സഖ്യകക്ഷികളും ഒരുമിച്ചുകൂടി. അഹ്ബാശുകളും അവരുടെ കൂടെ ഉണ്ടായിരുന്നു. മലക്കുകള്‍ മയ്യിത്ത് കുളിപ്പിച്ച ഹന്‍ളല(റ)യുടെ പിതാവായ അബൂആമിറും ക്വുറൈശികളുടെ കൂടെ കൂടി. അയാളുടെ കൂടെ അമ്പതോളം ആളുകള്‍ വേറെയും ഉണ്ടായിരുന്നു. അങ്ങനെ മൂവായിരത്തോളം വരുന്ന ആളുകള്‍ ക്വുറൈശികള്‍ക്ക് വേണ്ടി ഒരുമിച്ചുകൂടി. 700 പടയങ്കികളും 200 കുതിരകളും മൂവായിരത്തോളം ഒട്ടകങ്ങളും അവരുടെ കൂടെയുണ്ടായിരുന്നു. സ്ത്രീകളെയും കൂടെ കൊണ്ടു പോകാന്‍ സൈനിക മേധാവികള്‍ തീരുമാനിച്ചു. പുരുഷന്മാര്‍ യുദ്ധക്കളത്തില്‍ നിന്നും പിന്തിരിഞ്ഞ് ഓടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ക്വുറൈശി പ്രമാണിമാരില്‍ നിന്നും പതിനഞ്ചോളം വരുന്ന സ്ത്രീകളായിരുന്നു അന്ന് ഉഹ്ദിലേക്ക് പുറപ്പെട്ടത്. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് ബിന്‍ത് ഉത്ബയും ഇക്‌രിമയുടെ ഭാര്യ ഉമ്മു ഹകീം ബിന്‍തുല്‍ ഹാരിസ് ഇബ്‌നു ഹിശാമും സ്വഫ്‌വാനുബ്‌നു ഉമയ്യയുടെ ഭാര്യ ബറസ ബിന്‍തു മസ്ഊദും ത്വല്‍ഹത്ബ്‌നു അബീത്വല്‍ഹയുടെ ഭാര്യ സലാഫ ബിന്‍തു സഅ്ദും അംറുബ്‌നുല്‍ ആസിന്റെ ഭാര്യ രീത്വ ബിന്‍തു മുനബ്ബിഹ് ഇബ്‌നുല്‍ ഹജ്ജാജുമായിരുന്നു അന്ന് പുറപ്പെട്ടവരില്‍ പ്രധാനികളായ സ്ത്രീകള്‍. ദഫ്ഫും മദ്യവും അവര്‍ കൂടെ എടുത്തു. ബദ്‌റില്‍ കൊല്ലപ്പെട്ട ആളുകളുടെ പേരുപറഞ്ഞ് അവര്‍ കരയുന്നുണ്ടായിരുന്നു. യുദ്ധത്തില്‍ ഉറച്ചു നില്‍ക്കുവാനും മുന്നോട്ടു നീങ്ങുവാനും പുരുഷന്മാര്‍ക്ക് അവര്‍ പ്രേരണ നല്‍കിക്കൊണ്ടിരുന്നു. പരാജയമോ പിന്തിരിഞ്ഞ് ഓടലോ ഉണ്ടാകുവാന്‍ പാടില്ല എന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

ക്വുറൈശീ സൈന്യത്തിന്റെ നേതൃത്വം അബൂസുഫ്‌യാന്‍ ഇബ്‌നു ഹര്‍ബിനായിരുന്നു. കുതിരപ്പടയുടെ നേതൃത്വം ഖാലിദുബ്‌നുല്‍ വലീദിനായിരുന്നു. സഹായത്തിനായി കൂടെ ഇക്‌രിമതുബ്‌നു അബീ ജഹലും. ബനൂ അബ്ദുദ്ദാറിനായിരുന്നു കൊടിയുടെ ഉത്തരവാദിത്തം. ക്വുറൈശികള്‍ ഒന്നടങ്കം മക്കയില്‍ നിന്ന് പുറപ്പെട്ട ഉടനെ അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ് ഒരു കത്തുമായി പ്രവാചകന്റെ അടുക്കലേക്ക് ആളെ അയച്ചു. ക്വുറൈശികളുടെ സൈന്യത്തെ കുറിച്ചുള്ള പൂര്‍ണ വിവരം ആ കത്തില്‍ ഉണ്ടായിരുന്നു. കൂലി നിശ്ചയിച്ചാണ് ബനൂ ഗഫ്ഫാര്‍ ഗോത്രത്തിലെ ഒരു വ്യക്തിയെ കത്തുമായി അയച്ചത്. മൂന്നു ദിവസം കൊണ്ട് മദീനയില്‍ എത്തണം എന്നതായിരുന്നു നിബന്ധന. അയാള്‍ അതുപോലെ ചെയ്തു. നബിﷺ ഖുബായിലെ പള്ളിയില്‍ ഇരിക്കവേ കത്ത് കൊണ്ടുപോയി കൊടുത്തു. ഉബയ്യുബ്‌നു കഅ്ബ് നബിക്ക് ആ കത്ത് വായിച്ചുകൊടുത്തു. കത്തിലെ വിവരങ്ങള്‍ മറച്ചുവെക്കാന്‍ നബിﷺ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്തു. മുശ്‌രിക്കുകളുടെ ഓരോ വിവരവും അബ്ബാസ്(റ) എഴുതുമായിരുന്നു. നബിﷺവേഗം മദീനയിലേക്ക് മടങ്ങി. തനിക്ക് ലഭിച്ച വിവരത്തെ കുറിച്ച് സ്വഹാബികളോട് കൂടിയാലോചന നടത്തി. ചതിയിലൂടെ മുസ്‌ലിംകള്‍ പിടിക്കപ്പെടുമോ എന്ന പേടി കാരണത്താല്‍ മദീനയില്‍ പ്രത്യേക സംരക്ഷണം ഏര്‍പെടുത്താനുള്ള കല്‍പന നബിﷺ പുറപ്പെടുവിച്ചു. പ്രഗത്ഭരായ ചില അന്‍സ്വാറുകള്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. സഅ്ദുബ്‌നു മുആദ്(റ), ഉസൈദ് ഇബ്‌നു ഖുളൈര്‍(റ), സഅ്ദുബ്‌നു ഉബാദ(റ) തുടങ്ങിയവരായിരുന്നു അവര്‍. അവരോടൊപ്പം വേറെയും ചില മുസ്‌ലിംകള്‍ നബിﷺയെ സംരക്ഷിക്കുവാനുള്ള ദൗത്യത്തില്‍ ഏര്‍പെട്ടു. വെള്ളിയാഴ്ചയുടെ രാത്രിയില്‍ നബിയുടെ റൂമിന്റെ വാതിലിന്റെ മുമ്പിലാണ് അവര്‍ കഴിച്ചുകൂട്ടിയത്.

ക്വുറൈശികള്‍ മക്കയില്‍ നിന്നും പുറപ്പെട്ട വിവരം ജനങ്ങള്‍ അറിഞ്ഞു. മൂവായിരത്തോളം വരുന്ന യുദ്ധ സൈന്യവുമായി അവര്‍ മദീനയുടെ പുറം ഭാഗത്ത് എത്തിച്ചേര്‍ന്നു. ഉഹ്ദ് മലയുടെ സമീപത്താണ് അവര്‍ വന്നിറങ്ങിയത്. മദീനയുടെ നേര്‍ വിപരീത ഭാഗമായിരുന്നു അത്. അവിടെയാണ് അവര്‍ സൈനികത്താവളം ഉണ്ടാക്കിയത്. ക്വുറൈശികള്‍ എത്തിച്ചേര്‍ന്ന വിവരമറിഞ്ഞപ്പോള്‍ നബിﷺ തന്റെ സ്വഹാബികളുമായി കൂടിയാലോചന നടത്തി. വെള്ളിയാഴ്ച രാത്രിയില്‍ നബിﷺ കണ്ട സ്വപ്‌നത്തെക്കുറിച്ച് സ്വഹാബികളെ അറിയിക്കുകയും ചെയ്തു. നബിﷺ പറയുന്നു: 'ഒരു പശു അറുക്കപ്പെടുന്നതായി ഞാന്‍ സ്വപ്‌നം കണ്ടു. അതിന്റെ വ്യാഖ്യാനം നന്മയായി ഞാന്‍ കാണുന്നു. എന്റെ വാളിന്റെ അറ്റത്ത് ഒരു വിള്ളല്‍ ഉള്ളതായും ഞാന്‍ സ്വപ്‌നം കണ്ടു. സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് എന്റെ കൈ നീട്ടുന്നതിനെയും ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. മദീനയാണ് അത് എന്നാണ് ഞാന്‍ വ്യാഖ്യാനിക്കുന്നത്' (ബൈഹഖി: 3:207).

അബൂമൂസ(റ) നബിﷺയില്‍ നിന്നും നിവേദനം ചെയ്യുന്നു: 'ഒരു വാള് കുലുക്കുന്നതായി ഞാന്‍ സ്വപ്‌നം കണ്ടു. അതിന്റെ മുന്‍ഭാഗം പൊട്ടിപ്പോയി. ഉഹ്ദില്‍ വിശ്വാസികള്‍ക്ക് ബാധിച്ച അവസ്ഥയായിരുന്നു അത്. ഞാന്‍ വീണ്ടും ആ വാള്‍ കുലുക്കിയപ്പോള്‍ അത് ആദ്യത്തേതിനെക്കാള്‍ നല്ല അവസ്ഥയിലേക്ക് മാറി. അല്ലാഹു നല്‍കിയ വിജയവും വിശ്വാസികളുടെ ഒന്നിക്കലും ആയിരുന്നു അത്. ഒരു പശുവിനെയും ഞാന്‍ സ്വപ്‌നം കണ്ടു. അല്ലാഹുവാണ് സത്യം അത് നന്മയാണ്. ഉഹ്ദിലെ വിശ്വാസികളായിരുന്നു അത്' (ബുഖാരി: 4081, മുസ്‌ലിം: 2272).

സ്വഹാബികളോട് കൂടിയാലോചന നടത്തിക്കൊണ്ട് നബിﷺ ഇപ്രകാരം പറഞ്ഞു. 'മദീനയില്‍ തന്നെ നിങ്ങള്‍ നിലകൊള്ളുവാനും നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും വീടിനകത്ത് ആക്കുവാനും ആണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അങ്ങനെ ആകാം. ക്വുറൈശികള്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട് എങ്കില്‍ അത് അവര്‍ക്ക് വളരെ മോശമായ നിലയുറപ്പിക്കലാണ്. ഇനി അവര്‍ നമ്മിലേക്ക് ഇങ്ങോട്ട് പ്രവേശിക്കുകയാണ് എങ്കില്‍ എല്ലാ ഇടുങ്ങിയ വഴികളില്‍ വെച്ചും നാം അവരെ കൊലപ്പെടുത്തും. മദീനയുടെ വഴികളെക്കുറിച്ച് അവരെക്കാള്‍ അറിയുന്നവര്‍ നമ്മളാണ്. എല്ലാ ഉയര്‍ന്ന സ്ഥലങ്ങളിലും കയറി നിന്ന് അവരെ അമ്പെയ്തു കൊള്ളുക.'

നബിﷺ പറഞ്ഞ ഈ അഭിപ്രായം തന്നെയായിരുന്നു മുഹാജിറുകളിലെയും അന്‍സ്വാറുകളിലെയും പ്രധാനികളായ ആളുകളുടെ അഭിപ്രായം. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലയും ഈ അഭിപ്രായക്കാരനായിരുന്നു. അത് മുസ്‌ലിംകളോടുള്ള ഗുണകാംക്ഷ കൊണ്ടായിരുന്നില്ല. മറിച്ച് താന്‍ കൊല്ലപ്പെടുമോ എന്ന പേടി കാരണത്താലായിരുന്നു. ഖസ്‌റജ് ഗോത്രത്തിന്റെ ആളുകളില്‍ ഒരാള്‍ എന്ന നിലക്കാണ് അബ്ദുല്ല കൂടിയാലോചനാ യോഗത്തില്‍ പങ്കെടുത്തത്.

എന്നാല്‍ ശത്രുക്കളുമായി യുദ്ധം ചെയ്യാന്‍ നമുക്ക് അങ്ങോട്ട് ചെല്ലാമെന്ന് സ്വഹാബികളിലെ ഭൂരിപക്ഷമാളുകളും അഭിപ്രായമായി പറഞ്ഞു; പ്രത്യേകിച്ചും ചെറുപ്പക്കാരായ സ്വഹാബികള്‍. ബദ്‌റില്‍ പങ്കെടുത്തിട്ടില്ലാത്തവരായിരുന്നു ഈ അഭിപ്രായം പറഞ്ഞവരില്‍ അധികമാളുകളും. ഇവര്‍ നബിയോട് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ ജാഹിലിയ്യത്തിലായിരിക്കെ അവര്‍ ഞങ്ങളിലേക്ക് കടന്നുവന്നിട്ടില്ല. പിന്നെ എങ്ങനെയാണ് ഞങ്ങള്‍ ഇസ്‌ലാമിലായിരിക്കെ മദീനക്കുള്ളിലേക്ക് അവരെ കടന്നു വരാന്‍ അനുവദിക്കുക?' (നമുക്ക് അങ്ങോട്ട് യുദ്ധത്തിനു ചെല്ലാം എന്നര്‍ഥം). അപ്പോള്‍ നബിﷺ പറഞ്ഞു: 'ഇതാണ് നിങ്ങളുടെ അഭിപ്രായം എങ്കില്‍ അങ്ങനെയാകട്ടെ.' ഇതും പറഞ്ഞ് നബിﷺതന്റെ പടയങ്കി ധരിച്ചു. അപ്പോള്‍ അന്‍സാറുകള്‍ പറഞ്ഞു: 'നബിﷺ ആദ്യം എടുത്ത തീരുമാനത്തെ മാറ്റിയിരിക്കുന്നു' (അഹ്മദ്: 14787).

ഇതു കേട്ടതോടെ അബ്ദുല്ലാഹിബ്‌നു ഉബയ്യി(റ)നു പേടിയായി. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, നമുക്ക് മദീനയില്‍ തന്നെ നില്‍ക്കാം. ക്വുറൈശികളിലേക്ക് നാം അങ്ങോട്ട് ഇറങ്ങി ചെല്ലേണ്ടതില്ല. അല്ലാഹുവാണ് സത്യം; ശത്രുക്കളിലേക്ക് അങ്ങോട്ട് ഇറങ്ങിച്ചെന്ന യുദ്ധങ്ങളിലെല്ലാം ഞങ്ങള്‍ക്ക് തോല്‍വിയാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ ഏതൊരു യുദ്ധത്തില്‍ ശത്രുക്കള്‍ ഇങ്ങോട്ട് കടന്നു വന്നിട്ടുണ്ടോ അതിലെല്ലാം ഞങ്ങള്‍ക്ക് വിജയവും നേടാന്‍ സാധിച്ചിട്ടുണ്ട്.' എന്നാല്‍ അധികം ആളുകളും മദീനക്ക് പുറത്തു ചെന്നു തന്നെ യുദ്ധം ചെയ്യണമെന്ന അഭിപ്രായക്കാരായതു കൊണ്ട് നബിﷺ തന്റെ അഭിപ്രായത്തില്‍ നിന്നും പിന്മാറുകയുണ്ടായി. (അഹ്മദ്: 14787).

ശേഷം നബിﷺ സ്വഹാബികളെയും കൊണ്ട് ജുമുഅ നമസ്‌കരിച്ചു. അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി. കഠിനാധ്വാനവും നല്ല പരിശ്രമവും ചെയ്യാന്‍ അവരോട് കല്‍പിച്ചു. ക്ഷമിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം ഉണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിച്ചു. ശത്രുവിനെ നേരിടുന്നതിനുവേണ്ടി ഒരുങ്ങുവാനുള്ള കല്‍പനയും നല്‍കി. സ്വഹാബികള്‍ക്ക് മുഴുവന്‍ സന്തോഷമായി.

ശേഷം നബിﷺ ജനങ്ങളെയും കൊണ്ട് അസ്വ്ര്‍ നമസ്‌കരിച്ചു. മിക്കവാറും ആളുകളും അവിടെ ഒരുമിച്ചുകൂടിയിരുന്നു. ശേഷം നബിﷺ തന്റെ വീട്ടിലേക്ക് പ്രവേശിച്ചു. സ്വഹാബികള്‍ നബിﷺ പുറത്തു വരുന്നതും കാത്തിരുന്നു. അപ്പോള്‍ സഅ്ദ് ഇബ്‌നു മുആദും ഉസൈദ് ബ്‌നു ഖുളൈറും പറഞ്ഞു: 'നിങ്ങള്‍ നബിയെ മദീനക്ക് പുറത്തു പോയി യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിച്ചതാണ്. അല്ലാഹുവിന്റെ കാര്യത്തില്‍ നമ്മളെക്കാള്‍ അറിയുന്നത് നബിക്കാണ്. കാരണം നബിക്കാണല്ലോ ആകാശത്തു നിന്നും വഹ്‌യ് വരുന്നത്.' ഇത് കേട്ടപ്പോള്‍ അവര്‍ അവരുടെ അഭിപ്രായത്തില്‍ നിന്ന് മടങ്ങുകയും തങ്ങള്‍ക്കു സംഭവിച്ചു പോയതില്‍ ഖേദം തോന്നുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ നബിﷺ തന്റെ വീട്ടില്‍ നിന്നും പുറത്തു വന്നു. പടയങ്കി ധരിച്ച അവസ്ഥയിലായിരുന്നു നബിﷺ. രണ്ട് പടത്തൊപ്പിയാണ് അവിടുന്ന് ധരിച്ചിരുന്നത്. വാള് തൂക്കിയിട്ടിട്ടുമുണ്ട്. നബിﷺ ഇറങ്ങി വന്നപ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്നുകൊണ്ട് നബിയോട് മാപ്പു പറഞ്ഞു. അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ ഒരിക്കലും അങ്ങേക്ക് എതിര് പ്രവര്‍ത്തിക്കുന്നവരല്ല. മദീനക്ക് പുറത്തു പോയി യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ താങ്കളെ നിര്‍ബന്ധിക്കുകയുമില്ല. താങ്കള്‍ക്ക് എന്താണോ ഉചിതമായി തോന്നുന്നത് അത് ചെയ്തു കൊള്ളുക.' നബിﷺ അവര്‍ക്കെല്ലാം മാപ്പ് കൊടുത്തു. പക്ഷേ, പടയങ്കി ധരിച്ച കാരണത്താല്‍ നബിﷺ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. നബിﷺ പറയുന്നു: 'ഒരു പ്രവാചകന്‍ പടയങ്കി ധരിച്ചു കഴിഞ്ഞാല്‍ യുദ്ധം ചെയ്യുവോളം അത് അഴിച്ചു വെക്കാന്‍ പാടില്ല' (അഹ്മദ്: 14787). പിന്നീട് ശത്രുക്കളിലേക്ക് ഇറങ്ങിപ്പുറപ്പെടാനുള്ള വിളംബരം നബിയുടെ വിളിച്ചു പറയുന്ന ആള്‍ നടത്തി.