മുജ്തഹിദുകളായ പണ്ഡിതന്മാരും ഹദീഥുകളും

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ

2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം | വിവര്‍ത്തനം: ശമീര്‍ മദീനി )

(ഭാഗം: 2)

ആറാമത്തെ കാരണം: ഹദീഥിന്റെ ആശയമറിയാതിരിക്കല്‍. ചിലപ്പോള്‍ ഹദീഥിലെ പദങ്ങള്‍ അര്‍ഥം പരിചയമില്ലാത്ത(ഗരീബ് ആയ)വയായിരിക്കും. ഉദാ: 'മുസാബത' (ഈത്തപ്പനമരത്തില്‍ വെച്ച് തന്നെ പച്ചക്കാരക്ക ഉണങ്ങിയ ഈത്തപ്പഴത്തിന് പകരമായി വില്‍പന നടത്തല്‍), 'മുഖാബറ' (1/3 അല്ലെങ്കില്‍ 1/4 എന്നിങ്ങനെ ഒരു നിശ്ചിത വിഹിതത്തിന്മേല്‍ കുട്ടുകൃഷി നടത്തല്‍). വേറെയും അഭിപ്രായങ്ങള്‍ ഇതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. 'മുലാമസ' (നീ എന്റെ വസ്ത്രത്തെയോ ഞാന്‍ നിന്റെ വസ്ത്രത്തെയോ തൊട്ടാല്‍ കച്ചവടം അനിവാര്യമായി എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു തരം കച്ചവടം എന്നും; വസ്തുവിനെ നേരിട്ട് കാണാതെ വസ്ത്രത്തിനുള്ളിലൂടെ അഥവാ മൂടിയിട്ട അവസ്ഥയില്‍ തൊട്ടു മനസ്സിലാക്കി കച്ചവടം ചെയ്യുന്ന രീതി എന്നും അഭിപ്രായം), 'മുഹാക്വല' (നിശ്ചിത ഓഹരി നിശ്ചയിച്ച് കൊണ്ട് ഭൂമി പാട്ടത്തിന് കൊടുക്കല്‍), 'മുനാബദ' (കച്ചവടമുറപ്പിക്കുന്നതിന് വേണ്ടി വസ്ത്രമെറിഞ്ഞുകൊടുത്തുകൊണ്ടുള്ള ഒരു പ്രത്യേക രീതിയാണിത്), 'ഗറര്‍' (ബാഹ്യമായി ഉപഭോക്താവിനെ കബളിപ്പിക്കുന്നതും സത്യാവസ്ഥ അജ്ഞാതവുമായ കച്ചവടമാണിത്)... ഇങ്ങനെയൊക്കെയുള്ള അപരിചിതമായ പദങ്ങള്‍ ഹദീഥുകളില്‍ വരുമ്പോള്‍ അതിന്റെ വിവക്ഷയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഉദാഹരണത്തിന്: ''ലാത്വലാക്വ വലാ അതാക്വ ഫീ ഇഗ്‌ലാക്വ്'' എന്ന ഹദീഥ്. അഥവാ 'ബലാല്‍ക്കാരമായി ത്വലാക്വോ (വിവാഹ മോചനം) അടിമയെ മോചിപ്പിക്കലോ ഇല്ല.' പണ്ഡിതനന്മാര്‍ ഇതിലെ 'ഇഗ്്‌ലാക്വ്' എന്ന പദത്തിന് 'ബലാല്‍ക്കാരമായി നിര്‍ബന്ധിച്ച് ചെയ്യിക്കല്‍' എന്ന വിവരണമാണ് നല്‍കിയിട്ടുള്ളത.് എന്നാല്‍ ഇതിന് എതിരായ പണ്ഡിതന്മാര്‍ ഈ വിശദീകരണത്തിനോട് യോജിക്കുന്നില്ല. ചിലപ്പോള്‍ ഹദീഥിലെ പദത്തിന്റെ ഭാഷയിലെ അര്‍ഥവും  വിവരിക്കുന്ന പണ്ഡിതന്റെ നാട്ടില്‍ പ്രചാരമുള്ള അര്‍ഥവും ആയിരിക്കില്ല നബി ﷺ  പറഞ്ഞതിന്റെ വിവക്ഷ. വിശദീകരിക്കുന്നയാള്‍ തന്റെ പരിചയത്തിലുള്ള അര്‍ഥം നല്‍കി വിശദീകരിക്കും. കാരണം, ഭാഷയിലെ പ്രയോഗം അങ്ങനെയാണ് എന്ന ധാരണയുടെ അടിസ്ഥാനത്തില്‍. (അഹ്മദ്, അബൂദാവൂദ്, ഇബ്‌നു ഹിബ്ബാന്‍, ഹാകിം. അദ്ദേഹം ഈ ഹദീഥ് സ്വഹീഹാണെന്ന് പറഞ്ഞു. ഇമാം ദഹബി ഇത് ദഈഫ് ആണെന്നും പറഞ്ഞു).

'ഇഗ്‌ലാക്വ്' എന്നതിന്റെ വിവക്ഷ 'നിര്‍ബന്ധിക്കല്‍' എന്നാണ്. അബൂക്വുതൈബ, ഖത്വാബി മുതലായവരില്‍ നിന്ന് ഈ വിശദീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അബൂഉബൈദ പറയുന്നു: 'ഇഗ്‌ലാക്വ്  എന്നാല്‍ കുടുസ്സാക്കല്‍ അഥവാ ബുദ്ധിമുട്ടിക്കല്‍ ആണ്.' നിര്‍ബന്ധിച്ച് ത്വലാക്വ് ചെയ്യിക്കുന്നവന്റെ ത്വലാക്വ് സാധുവാക്കുകയില്ലെന്ന് പറയുന്നവര്‍ ഈ ഹദീഥ് തെളിവാക്കിയിട്ടുണ്ട്. ഒരുപറ്റം പണ്ഡിതന്മാര്‍ ആ അഭിപ്രായക്കാരാണ്. എന്നാല്‍ മറ്റൊരു വിഭാഗം പറയുന്നത് ആ സാഹചര്യത്തിലും ത്വലാക്വ് സംഭവിക്കും എന്നാണ്. ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: 'നമ്മുടെ ഗുരുനാഥന്‍ (ഇബ്‌നു തൈമിയ(റഹി) പറഞ്ഞു: 'ഇഗ്‌ലാക്വ്' എന്നാല്‍ അറിവിന്റെയും ഉദ്ദേശ്യത്തിന്റെയും കവാടം അടയലാണ്. (അഥവാ ഉദ്ദേശ്യത്തോടെയോ അറിഞ്ഞുകൊണ്ടോ അല്ലാതെ ചെയ്യിക്കലാണ്). ബോധം നഷ്ടപ്പെട്ടവന്‍, മാനസിക രോഗി, ലഹരി ബാധിച്ചയാള്‍, കോപാകുലന്‍ തുടങ്ങി പറയുന്നത് ഗ്രഹിക്കുകയോ ബോധപൂര്‍വമോ ആകാതിരിക്കുന്ന ഏതൊരാളുടെയും ത്വലാക്വ്  സംഭവിക്കുകയില്ല എന്നത് ഇതിന്റെ വിവക്ഷയില്‍ വരുന്നതാണ്. കാരണം ഇവരുടെയൊക്കെയും അറിവിന്റെയും ഉദ്ദേശ്യത്തിന്റെയും കവാടമടഞ്ഞിരിക്കുകയാണ്. ഉദ്ദേശ്യത്തോടെയും അറിഞ്ഞുകൊണ്ടുള്ളതുമായ ത്വലാക്വ് മാത്രമെ സംഭവിക്കുകയുള്ളൂ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍! അബൂദാവൂദ് പറയുന്നു: ''ഇഗ്‌ലാഖ് എന്നാല്‍ ഞാന്‍ കരുതുന്നത്, ദേഷ്യം പിടിക്കലാണ്.''

'നബീദി'ന്റെ വിഷയത്തില്‍ ഇളവുള്ളതായി പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ കണ്ട് അത് ലഹരിയുണ്ടാക്കുന്നു ചില പാനീയങ്ങളായിരിക്കുമെന്ന് ചിലര്‍ ധരിച്ചുവശായത് ഇതിന് ഉദാഹരണമാണ്.കാരണം, അവരുടെ ഭാഷയും പ്രയോഗവുമനുസരിച്ച് അങ്ങനെയാണര്‍ഥം. എന്നാല്‍ വാസ്തവമാകട്ടെ അതല്ലതാനും. സ്വഹീഹായ നിരവധി ഹദീഥുകളില്‍ വിശദമായിത്തന്നെ എന്താണ് 'നബീദ്' എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഉണക്കമുന്തിരി, ഈത്തപ്പഴം പോലെയുള്ള പഴങ്ങള്‍ വെള്ളത്തിലിട്ട് വെച്ച് ലഹരി വരുന്നതിന് മുമ്പ് പാനീയമായി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് 'നബീദ്' എന്ന് അവയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

അപ്രകാരം തന്നെ മദ്യം(ഖംറ്) എന്ന് ക്വുര്‍ആനിലും ഹദീഥുകളിലും പറഞ്ഞിട്ടുള്ളതിനെ  മുന്തിരിയില്‍ നിന്നെടുത്ത ലഹരിയുള്ള പാനിയം എന്നാണ് ചിലര്‍ ധരിച്ചത്. കാരണം, അവര്‍ പരിചയിച്ച ഭാഷാ പ്രയോഗമനുസരിച്ച് അങ്ങനെയാണ് അതിന്റെ താല്‍പര്യം. എന്നാല്‍ സ്ഥിരപ്പെട്ട നിരവധി ഹദീഥുകളിലൂടെ 'ഖംറ്' എന്നതിന്റെ ശരിയായ വിവക്ഷ വിശദമാക്കപ്പെട്ടിട്ടുണ്ട്. അഥവാ ലഹരിയുണ്ടാക്കുന്ന എല്ലാറ്റിനും പറയുന്ന ഒരു പൊതുനാമമാണ് 'ഖംറ്.'

ഇമാം ബുഖാരിയും(റഹി) ഇമാം മുസ്‌ലിമും(റഹി) ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം; ''ഉമര്‍(റ) നബി ﷺ യുടെ മിമ്പറില്‍ വെച്ച് ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞു:'ജനങ്ങളേ, മദ്യം (ഖംറ്) നിഷിദ്ധമാക്കിക്കൊണ്ടുള്ള നിയമം അവതരിച്ചു കഴിഞ്ഞതാണ്. അത്, മുന്തിരി, ഈത്തപ്പാഴം, തേന്‍, ഗോതമ്പ്, ബാര്‍ളി എന്നിങ്ങനെ അഞ്ച് വസ്തുക്കളില്‍ നിന്നാണ് ഉണ്ടാക്കുന്നത്. മദ്യം ബുദ്ധിയെ മറയ്ക്കുന്നതാണ്.''

ഇമാം ബുഖാരി(റഹി) അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു റപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ''മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള നിയമം അവതരിച്ചു. ആ സമയത്ത് മദീനയില്‍ അഞ്ച്തരം പാനീയങ്ങളാണ് (മദ്യമായി) ഉണ്ടായിരുന്നത്. അതില്‍ മുന്തിരിയുടെ പാനീയമില്ലായിരുന്നു.''

ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ അനസ്(റ) പറയുന്നു: ''നിശ്ചയം, മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. മദ്യം അന്നുണ്ടാക്കിയിരുന്നത് പ്രധാനമായും കാരക്കയില്‍ നിന്നും ഈത്തപ്പഴത്തില്‍ നിന്നുമായിരുന്നു.''

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്: ''മദ്യം നിഷിദ്ധമാക്കപ്പെടുമ്പോള്‍ അത് പ്രധാനമായും ഉണ്ടാക്കിയിരുന്നത് ഒരു വസ്തുവില്‍ നിന്നായിരുന്നു. മുന്തിരിയില്‍ നിന്നുള്ള മദ്യം അപൂര്‍വമായിട്ടല്ലാതെ ഞങ്ങള്‍ കണ്ടിരുന്നില്ല. പൊതുവില്‍ മദ്യമുണ്ടാക്കിയിരുന്നത് ഈത്തപ്പഴത്തില്‍ നിന്നായിരുന്നു''(ബുഖാരി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയും വന്നിട്ടുണ്ട്: ''അല്ലാഹു മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്തിറക്കി. അന്ന് മദീനയില്‍ ഈത്തപ്പഴത്തില്‍നിന്നുണ്ടാക്കുന്ന മദ്യമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്'' (മുസ്‌ലിം).

അനസ്(റ) പറയുന്നു: ''ഞാന്‍ അബൂഉബൈദ, അബൂത്വല്‍ഹ, ഉബയ്യുബ്‌നു കഅ്ബ് മുതലായവര്‍ക്ക് ഈത്തപ്പഴത്തിന്റെ വീഞ്ഞ് പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒരാള്‍വന്ന് ഇപ്രകാരം പറഞ്ഞത്: 'നിശ്ചയം, മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.' അപ്പോള്‍ (മുതലാളി) അബൂത്വല്‍ഹ(റ) പറഞ്ഞു: ''അനസേ, നീ ആ മദ്യം ഒഴുക്കിക്കളയുക.' അങ്ങനെ ഞാനത് ഒഴുക്കിക്കളഞ്ഞു'' (ബുഖാരി, മുസ്‌ലിം).

ഇബ്‌നു ഉമര്‍(റ) പറയുന്നു; നബി ﷺ  പറഞ്ഞു: ''ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യം (ഖംറ്) ആണ്. എല്ലാ മദ്യവും നിഷിദ്ധവുമാണ്''(മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ വിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''മദ്യം (ഖംറ്) ഈ രണ്ടു സസ്യങ്ങളില്‍ നിന്നാണ്; അതായത്, ഈത്തപ്പനയും മുന്തിരിയും.'' (അഹ്മദ്, അബൂദാവൂദ്)

(അവസാനിച്ചില്ല)