യുദ്ധാനന്തര ഉഹ്ദ്

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 43)

തന്റെ ചുറ്റും കൂടിയ സ്വഹാബികെളയും കൊണ്ട് നബിﷺ  ഉഹ്ദിന്റെ ഭാഗത്തേക്ക് നീങ്ങി. വിദൂരത്ത് നില്‍ക്കുന്ന മുസ്‌ലിംകളില്‍ ചിലര്‍ ഇത് കണ്ടു. നബിﷺ  കൊല്ലപ്പെട്ടിരിക്കുന്നു എന്നുള്ള കുപ്രചരണത്തിനു ശേഷം ആദ്യമായി നബിയെ കണ്ട് തിരിച്ചറിഞ്ഞത് കഅ്ബ് ബ്‌നു മാലിക്(റ)ആയിരുന്നു. നബിയെ കണ്ട ഉടനെ അദ്ദേഹം ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ''അല്ലയോ മുസ്‌ലിംകളേ, സന്തോഷിച്ചു കൊള്ളുക. ഇതാ അല്ലാഹുവിന്റെ പ്രവാചകന്‍.'' അപ്പോള്‍ നബിﷺ  അദ്ദേഹത്തോട് നിശ്ശബ്ദത പാലിക്കാന്‍ ആംഗ്യം കാണിച്ചു. കഅ്ബുബ്‌നു മാലികിന്റെ ശബ്ദം കേട്ട ഉടനെ മുപ്പതോളം വരുന്ന സ്വഹാബികള്‍ നബിയുടെ ചുറ്റും ഒരുമിച്ചുകൂടി. ജീവനോടെ നബിയെ കണ്ടപ്പോള്‍ അവര്‍ എല്ലാവരും ഏറെ സന്തോഷിച്ചു. ഇതുവരെ ബാധിച്ച ഒരു പ്രയാസവും പ്രയാസമല്ല എന്നു പോലും അവര്‍ക്ക് തോന്നി പോയി.

നബിﷺ  തന്റെ ചുറ്റുമുള്ളവരോട് ഉഹ്ദിന്റെ ഭാഗത്തേക്ക് നീങ്ങാന്‍ പറഞ്ഞു. ഉഹ്ദിന്റെ താഴ്‌വരയിലുള്ള വലിയ ഒരു പാറക്കല്ലില്‍ കയറാന്‍ നബിﷺ  ശ്രമിച്ചപ്പോള്‍ നബിക്ക് ബാധിച്ച ദുര്‍ബലത കൊണ്ട് അതിനു സാധിച്ചില്ല. നബിയുടെ ശരീരത്തില്‍നിന്ന് ഒഴുകിവന്ന രക്തത്തിന്റെ ആധിക്യവും പാറപ്പുറത്ത് കയറാന്‍ തടസ്സമായി മാറി. ഈ സന്ദര്‍ഭത്തില്‍ ത്വല്‍ഹത്ബ്‌നു ഉബൈദില്ല മുട്ടുകുത്തി നില്‍ക്കുകയും നബിﷺ  അദ്ദേഹത്തിന്റെ പുറത്തു ചവിട്ടിക്കയറി പാറപ്പുറത്ത് കയറിയിരിക്കുകയും ചെയ്തു. ഉടനെ നബിﷺ  പറഞ്ഞു: ''നിര്‍ബന്ധമായിരിക്കുന്നു (സ്വര്‍ഗം)'' (അഹ്മദ് 1417).

എവിടെയാണ് മുഹമ്മദ് എന്ന് ചോദിച്ചു നടക്കുന്ന ഉബയ്യുബ്‌നു ഖലഫ് താഴ്‌വരയിലിരിക്കുന്ന നബിയെ കണ്ടു. 'നീ ഇപ്പോള്‍ രക്ഷപ്പെട്ടാലും രക്ഷപ്പെട്ടിട്ടില്ല' എന്ന് അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. സഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളില്‍ ആരെങ്കിലും ഇയാളോട് കരുണ കാണിക്കണോ?' നബിﷺ  പറഞ്ഞു: 'അയാളെ അയാളുടെ പാട്ടിനു വിട്ടേക്ക്.' സ്വഹാബികള്‍ അപ്രകാരം തന്നെ ചെയ്തു. എന്നാല്‍ അയാള്‍ നബിയുടെ അരികിലേക്ക് വന്നപ്പോള്‍ നബിﷺ  അദ്ദേഹത്തിന്റെ കഴുത്തില്‍ ഒരു കുത്ത് കൊടുത്തു. ഇതിന്റെ ഫലമായി പല തവണ തന്റെ കുതിരപ്പുറത്തു നിന്നു അയാള്‍ വീണിട്ടുണ്ട്. മക്കയിലേക്ക് മടങ്ങുന്ന വഴിയില്‍ സരിഫ് എന്ന സ്ഥലത്തുവെച്ച് അല്ലാഹുവിന്റെ ആ ശത്രു മരിക്കുകയും ചെയ്തു (ഹാകിം: 3316).

നബിﷺ  താഴ്‌വരയില്‍ ഇരുന്നപ്പോഴായിരുന്നു ശത്രുക്കള്‍ അവസാനമായി മുസ്‌ലിംകള്‍ക്കെതിരെ ഏറ്റുമുട്ടലിനിറങ്ങിയത്. അതായത്, മുശ്‌രിക്കുകളില്‍ ചില ആളുകള്‍ തങ്ങളുടെ കുതിരപ്പടയുമായി മലമുകളില്‍ കയറി. അബൂസുഫ്‌യാനും ഖാലിദുബ്‌നുല്‍ വലീദുമായിരുന്നു അവര്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. മുസ്‌ലിംകളെ കീഴടക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. ഈ സന്ദര്‍ഭത്തില്‍ നബിﷺ  പറയുകയുണ്ടായി: 'അവര്‍ക്ക് നമ്മളെക്കാള്‍ ഒരിക്കലും ഉയരാന്‍ കഴിയുകയില്ല' (അഹ്മദ്: 2609).

ഏതായാലും സ്വഹാബികള്‍ മുശ്‌രിക്കുകള്‍ക്ക് നേരെ തിരിഞ്ഞ് അവരോടു യുദ്ധം ചെയ്യുകയും അവരെ കല്ലെടുത്ത് എറിയുകയും ചെയ്തു. അങ്ങിനെ മല മുകളില്‍ നിന്നും താഴെ ഇറക്കി. ശേഷം അല്ലാഹു വിശ്വാസികള്‍ക്ക് ഒരു മയക്കം നല്‍കി. അവര്‍ ഏറ്റവും കൂടുതലായി പേടിച്ചു നില്‍ക്കുന്ന ഒരു സമയത്തായിരുന്നു അത്. ഈ മയക്കം മുസ്‌ലിംകള്‍ക്ക് ഒരു ആശ്വാസമായിരുന്നു.'പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു...' (ക്വുര്‍ആന്‍ 3:154).

അബൂത്വല്‍ഹ(റ) പറയുന്നു: 'ഉഹ്ദിന്റെ ദിവസം മയക്കം (ഉറക്കം) പിടിപെട്ട ആളുകളില്‍ ഞാനുമുണ്ടായിരുന്നു. എന്റെ കയ്യില്‍ നിന്ന് പല തവണ വാള്‍ താഴെ വീഴുകയും ഞാന്‍ അതെടുക്കുകയും വീണ്ടും വീഴുകയും എടുക്കുകയും ചെയ്തിട്ടുണ്ട്'(ബുഖാരി: 4068).

എന്നാല്‍ കപടവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടെ സ്വന്തം കാര്യമല്ലാതെ മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല എന്നും 3:154ല്‍ അല്ലാഹു വ്യക്തമാക്കുന്നുണ്ട്.

യുദ്ധരംഗം ശാന്തമാവുകയും മുശ്‌രിക്കുകള്‍ മക്കയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തപ്പോള്‍ സ്വഹാബികള്‍ നബിക്കു ബാധിച്ച മുറിവുകള്‍ ചികിത്സിക്കാന്‍ തുടങ്ങി. നബിയെ ചികിത്സിക്കുന്ന സ്വഹാബികളെ സഹായിക്കുന്നതിനു വേണ്ടി മദീനയില്‍ നിന്നും അവരുടെ ഭാര്യമാരും ഇറങ്ങിവന്നു. ഫാത്വിമ(റ) ഇക്കൂട്ടത്തില്‍ വന്ന മഹതിയായിരുന്നു. നബിയെ കണ്ട ഉടനെ മകള്‍ ഫാത്വിമ കെട്ടിപ്പിടിച്ചു. നബിയുടെ ശരീരത്തിലെ മുറിവുകള്‍ വെള്ളം കൊണ്ട് അവര്‍ കഴുകാന്‍ തുടങ്ങിയപ്പോള്‍ രക്തം കൂടുതലായി വരാന്‍ തുടങ്ങി. സഹ്‌ലുബ്‌നു സഅ്ദ്(റ) പറയുകയാണ്: 'ഉഹ്ദ് യുദ്ധ ദിവസം പ്രവാചകന്റെ മുഖത്ത് മുറിവേറ്റു. അവിടത്തെ അണപ്പല്ല് പൊട്ടി. പടത്തൊപ്പിയുടെ ആണി അവിടത്തെ തലയില്‍ തറച്ചു. ഫാത്വിമയായിരുന്നു പ്രവാചകന്റെ ശരീരത്തില്‍ നിന്നും രക്തം കഴുകിക്കൊടുത്തത്. അലി(റ) വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്തു. വെള്ളം ഒഴിക്കും തോറും രക്തം കൂടുതലായി വരുന്നത് കണ്ടപ്പോള്‍ ഫാത്വിമ(റ) ഈന്തപ്പനയുടെ പട്ട കരിച്ച വെണ്ണീര്‍ നബിയുടെ മുറിയില്‍ വെച്ച് കൊടുത്തു. ശേഷം ആ മുറി കെട്ടിക്കൊടുക്കുകയും ചെയ്തു. അങ്ങനെ രക്തം നിന്നു'(ബുഖാരി: 4075, മുസ്‌ലിം: 1790).

അനസ്(റ) പറയുകയാണ്: 'ഉഹ്ദ് യുദ്ധ ദിവസം നബിﷺ യുടെ അണപ്പല്ല് പൊട്ടുകയും തലയില്‍ മുറിവേല്‍ക്കുകയും ചെയ്തപ്പോള്‍ രക്തം തുടച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: 'തങ്ങളുടെ പ്രവാചകന്റെ അണപ്പല്ല് പൊട്ടിക്കുകയും മുറിവേല്‍പിക്കുകയും ചെയ്ത ഒരു സമൂഹം എങ്ങനെ വിജയിക്കാനാണ്? അങ്ങനെ അല്ലാഹു ഈ വചനം അവതരിപ്പിച്ചു: ''(നബിയേ,) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു (ആലുഇംറാന്‍: 128)'' (മുസ്‌ലിം: 1791).

നബിയെ ആക്രമിക്കുവാനും കൊലപ്പെടുത്തുവാനും സാധിക്കുന്നില്ല എന്ന് കണ്ട മുശ്‌രിക്കുകള്‍ മക്കയിലേക്ക് മടങ്ങിപ്പോകുമ്പോള്‍ മരിച്ചു കിടക്കുന്ന സ്വഹാബികളുടെ ശരീരം വികൃതമാക്കുകയും കാതും മൂക്കും മുറിക്കുകയും വയറുകള്‍ കുത്തിക്കീറുകയും ചെയ്തു. അങ്ങനെയാണ് ഹിന്ദ് ബിന്‍തു ഉത്ബ ഹംസ(റ)യുടെ കരള്‍ പറിച്ചെടുത്തത്. അബ്ദുല്ലാഹിബിനു അംറി(റ)ന്റെ ചെവി മുറിച്ചെടുത്തത്. അബ്ദുല്ലാഹിബ്‌നു ജഹ്ശി(റ)ന്റെ ചെവിയും മൂക്കും അവര്‍ മുറിച്ചത്. ഹന്‍ളലതുബ്‌നു അബീ ആമിറി(റ)നെ മാത്രം അവര്‍ ഒന്നും ചെയ്തില്ല. കാരണം അദ്ദേഹത്തിന്റെ പിതാവ് മുശ്‌രിക്കുകളോടൊപ്പമായിരുന്നു.

മുശ്‌രിക്കുകള്‍ പിരിഞ്ഞു പോകുവാന്‍ ഒരുങ്ങിയപ്പോള്‍ അബൂസുഫ്‌യാന്‍ മലമുകളില്‍ കയറി. എന്നിട്ട് മുസ്‌ലിംകളോടായി ഇപ്രകാരം വിളിച്ചു പറഞ്ഞു: 'എവിടെയാണ് നിങ്ങളുടെ കൂട്ടത്തിലെ മുഹമ്മദ്?' മൂന്ന് തവണ ഇത് ആവര്‍ത്തിച്ചു ചോദിച്ചു. എന്നാല്‍ അതിനു മറുപടി പറയാന്‍ നബിﷺ  മുസ്‌ലിംകളെ സമ്മതിച്ചില്ല. ശേഷം അബൂസുഫ്‌യാന്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: 'എവിടെപ്പോയി അബൂഖുഹാഫയുടെ മകന്‍?' മൂന്നു തവണ ഇത് ആവര്‍ത്തിച്ച ശേഷം ചോദിച്ചു: 'എവിടെപ്പോയി ഉമറുബ്‌നുല്‍ ഖത്ത്വാബ്?' ഇതും മൂന്നു തവണ ആവര്‍ത്തിച്ച ശേഷം തന്റെ ജനതയിലേക്ക് മലമുകളില്‍ നിന്നും ഇറങ്ങിച്ചെന്ന് കൊണ്ട് പറഞ്ഞു: 'അവരൊക്കെ കൊല്ലപ്പെട്ടിരിക്കുന്നു.' അബൂസുഫ്‌യാന്റെ ഈ സംസാരം കേട്ടപ്പോള്‍ ഉമര്‍(റ)വിന് സ്വന്തത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ് സത്യം; അല്ലയോ അല്ലാഹുവിന്റെ ശത്രുവേ, നീ പറഞ്ഞത് കളവാണ്. നീ എണ്ണിപ്പറഞ്ഞവരൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ട്. നിന്നെ വേദനിപ്പിക്കുന്ന പലതും ഇനി ബാക്കിയുണ്ട്.' അബൂസുഫ്‌യാന്‍ പറഞ്ഞു: 'ഇത് ബദ്‌റിന് പകരമാണ്. യുദ്ധം ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹങ്ങള്‍ ഇനിയും നിങ്ങള്‍ കാണും. അത് ഞാന്‍ കല്‍പിച്ചതല്ല. അതുകൊണ്ട് അതില്‍ എന്നെ ദോഷം പറയരുത്. ശേഷം ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു: 'ഹുബ്ല്‍(വിഗ്രഹം) നീണാള്‍ വാഴട്ടെ. ഹുബ്ല്‍ നീണാള്‍ വാഴട്ടെ.' ഇതു കേട്ടപ്പോള്‍ നബിﷺ  പറഞ്ഞു: 'ഇപ്പോള്‍ കൊടുക്കൂ അബൂസുഫിയാന് മറുപടി.' സ്വഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, എന്താണ് ഞങ്ങള്‍ മറുപടിയായി പറയേണ്ടത്?' നബിﷺ  പറഞ്ഞു: 'അല്ലാഹുവാണ് ഏറ്റവും ഉയര്‍ന്നവനും ഉന്നതനായിട്ടുള്ളവനും എന്നു നിങ്ങള്‍ മറുപടി പറയുക.' അബൂസുഫ്‌യാന്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.' നബിﷺ  പറഞ്ഞു: 'കൊടുക്കൂ അബൂസുഫിയാന് മറുപടി.' സ്വഹാബത്ത് ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, എന്താണ് ഞങ്ങള്‍ പറയേണ്ടത്?' നബിﷺ  പറഞ്ഞു: 'അല്ലാഹുവാണ് ഞങ്ങളുടെ മൗല(യജമാനന്‍). നിങ്ങള്‍ക്ക് മൗലയില്ല' (ബുഖാരി: 3039).

അബൂസുഫ്‌യാന്‍ തന്റെ കൂടെയുള്ള ആളുകളെയും കൊണ്ട് പിരിഞ്ഞു പോകുമ്പോള്‍ മുസ്‌ലിംകളെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: 'ഒരു വര്‍ഷത്തിനുള്ളില്‍ ബദ്‌റില്‍ വെച്ച് നമുക്ക് വീണ്ടും കാണാം. അവിടെ വെച്ചാണ് ഞങ്ങളുടെ ആളുകളെ നിങ്ങള്‍ കൊന്നത്.' അപ്പോള്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിനോട് നബിﷺ  പറഞ്ഞു: 'ഉമറേ പറയൂ: ഇന്‍ശാ അല്ലാഹ്. അതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയിലുള്ള വാഗ്ദത്ത സമയമാകുന്നു അത് എന്ന്.' ഇതോടെ ജനങ്ങളെല്ലാം പിരിഞ്ഞുപോയി (നസാഈ 11017).

മുശ്‌രിക്കുകള്‍ മടങ്ങിപ്പോയപ്പോള്‍ അലിയ്യുബ്‌നു അബീത്വാലിബിനെ നബിﷺ  അവരുടെ പിറകെ പറഞ്ഞയച്ചു കൊണ്ട് പറഞ്ഞു: 'അവരുടെ പിറകെ ചെല്ലണം. അവര്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നും നിരീക്ഷിക്കണം. അവര്‍ കുതിരകളുടെ കൂടെ നടക്കുകയും ഒട്ടകത്തെ തെളിച്ചുകൊണ്ടു പോകുകയും ചെയ്യുകയാണ് എങ്കില്‍ അവര്‍ ഉദ്ദേശിക്കുന്നത് മക്കയാണ്. മറിച്ച് അവര്‍ കുതിരപ്പുറത്ത് കയറിയാണ് യാത്ര ചെയ്യുന്നത് എങ്കില്‍ അവര്‍ ഉദ്ദേശിക്കുന്നത് മദീനയാണ്. മദീനയെയെങ്ങാനുമാണ് അവര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ഞാന്‍ അവരിലേക്ക് അങ്ങോട്ട് ചെല്ലുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്യും.' അലി(റ) പറയുകയാണ്: 'അവര്‍ എന്ത് ചെയ്യുന്നു എന്ന് അറിയാന്‍ വേണ്ടി ഞാന്‍ അവരുടെ പിറകെ ചെന്നു. അപ്പോള്‍ അവര്‍ മക്കയിലേക്ക് മടങ്ങുകയായിരുന്നു.' അലി(റ) നബിﷺ യുടെ അടുക്കലേക്ക് തിരിച്ചുവരികയും അവര്‍ മക്കയിലേക്ക് പോയി എന്നുള്ള വാര്‍ത്ത അറിയിക്കുകയും ചെയ്തു'' (സീറതു ഇബ്‌നു ഹിശാം: 3/105).

മുശ്‌രിക്കുകള്‍ മക്കയിലേക്ക് പോയ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ക്ക് സന്തോഷമായി. തങ്ങളുടെ കൂട്ടത്തില്‍ നിന്ന് മുറിവേറ്റവരെയും കൊല്ലപ്പെട്ടവരെയും അന്വേഷിച്ച് അവര്‍ ഇറങ്ങി. നബി തന്റെ പിതൃവ്യന്‍ ഹംസയെ അന്വേഷിച്ചുകൊണ്ടാണ് പോയത്. ശരീരം വികൃതമാക്കപ്പെട്ട നിലയില്‍ ഹംസ(റ)യെ നബിﷺ  കണ്ടു. അദ്ദേഹത്തിന്റെ മൂക്കും കാതും മുറിച്ചെടുക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഇതു കണ്ടപ്പോള്‍ നബിﷺ  പറയുകയുണ്ടായി: 'സ്വഫിയ്യക്ക് വിഷമം ഇല്ലായിരുന്നുവെങ്കില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും വയറ്റില്‍ നിന്ന് അല്ലാഹു ഹംസയെ ഒരുമിച്ചു കൂട്ടുന്നതുവരെ ഞാന്‍ ഇവിടെ വിട്ടേക്കുമായിരുന്നു' (അഹ്മദ്: 12300).

ഹംസ(റ) കൊല്ലപ്പെട്ട വിവരം അറിഞ്ഞ സ്വഫിയ്യ(റ) ഉഹ്ദിലേക്ക് വന്നു. അലി(റ)യെയും സുബൈറി(റ)നെയും അവര്‍ കണ്ടു. അലി(റ) സുബൈറി(റ)നോട് പറഞ്ഞു: 'നിങ്ങളുടെ ഉമ്മയോട് കാര്യങ്ങള്‍ പറയുക.' അപ്പോള്‍ സുബൈര്‍(റ) അലി(റ)യോട് പറഞ്ഞു: 'ഇല്ല, നിങ്ങള്‍ തന്നെ നിങ്ങളുടെ അമ്മായിയോട് കാര്യങ്ങള്‍ പറയുക.' അപ്പോള്‍ സ്വഫിയ്യ(റ) ചോദിച്ചു: 'എന്താണ് ഹംസക്ക് സംഭവിച്ചത്?' ഞങ്ങള്‍ക്ക് അറിയില്ല എന്ന രൂപത്തില്‍ അവര്‍ കാണിച്ചു കൊടുത്തു. നബിﷺ  അവിടേക്ക് കടന്നു വന്നു. എന്നിട്ട് പറഞ്ഞു: 'അവര്‍ക്ക് മാനസികമായി എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.' നബിﷺ  അവരെ ആശ്വസിപ്പിച്ചു. എന്നിട്ട് പ്രാര്‍ഥിക്കുകയും ചെയ്തു. സ്വഫിയ്യ(റ) ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറയുകയും കരയുകയും ചെയ്തു (ഹാകിം: 4947).

ഛിന്നഭിന്നമാക്കപ്പെട്ട ശരീരങ്ങള്‍ കണ്ടപ്പോള്‍ മുസ്‌ലിംകള്‍ക്ക് ദേഷ്യം വന്നു. അവര്‍ ഇപ്രകാരം പറഞ്ഞു: 'മുശ്‌രിക്കുകള്‍ക്കെതിരെ അല്ലാഹു ഞങ്ങള്‍ക്ക് ഒരു വിജയം തന്നാല്‍ അവരുടെ ശരീരവും ഇതേ പോലെ ഞങ്ങള്‍ വികൃതമാക്കും. ഇതിന്റെ പലിശയും കൂട്ടി ഞങ്ങള്‍ പ്രതികാര നടപടി എടുക്കും.' അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:

''നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം'' (ക്വുര്‍ആന്‍ 16:126).

അപ്പോള്‍ നബിﷺ  പറഞ്ഞു: 'ഞങ്ങള്‍ ശിക്ഷാ നടപടി എടുക്കുകയില്ല' (അഹ്മദ്: 21229).