അല്ലാഹു: ഉപമകള്‍ക്കതീതന്‍

മെഹബൂബ് മദനി ഒറ്റപ്പാലം

2019 ജൂണ്‍ 15 1440 ശവ്വാല്‍ 12

ഒരു മനുഷ്യന്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട വിജ്ഞാനീയങ്ങളില്‍ പ്രഥമമായത് തന്നെ സൃഷ്ടിച്ച അല്ലാഹുവിനെക്കുറിച്ചാണെന്നതില്‍ സംശയമില്ല. ''ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ അറിയുക'' (47:19) എന്ന ക്വുര്‍ആന്‍ വചനം ഇതിലേക്ക് സൂചന നല്‍കുന്നതാണ്. സ്രഷ്ടാവിനെക്കുറിച്ചുള്ള പ്രമാണബദ്ധമായ വിശ്വാസമാണ് എല്ലാവിധ നന്മകളുടെയും അടിസ്ഥാനം. ഇത് കരഗതമാകുന്നതിലൂടെ മാത്രമെ മനുഷ്യര്‍ക്ക് നന്മകളില്‍ അടിയുറച്ച് നില്‍ക്കുവാനും തിന്മകളെ പാടെ ജീവിതത്തില്‍നിന്ന് ഒഴിവാക്കുവാനും സാധിക്കുകയുള്ളൂ.

സൃഷ്ടിനാഥനെക്കുറിച്ച വികലമായ ധാരണകളും വിശ്വാസങ്ങളുമാണ് അധികമാളുകെളയും സന്മാര്‍ഗസരണിയില്‍നിന്ന് തെറ്റിച്ചുകളയുന്നത് എന്നത് ഒരു പരമാര്‍ഥമാണ്. പ്രവാചകന്മാരാല്‍ പഠിപ്പിക്കപ്പെട്ട കളങ്കമുക്തമായ വിശ്വാസങ്ങളില്‍നിന്ന് തെന്നിമാറുന്നതോടെ അന്ധവിശ്വാസങ്ങളായിരിക്കും മനസ്സുകളില്‍ മുളപൊട്ടുക. അതാകട്ടെ നരകത്തിലേക്ക് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

''ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്....'' (6:91).

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങള്‍ അഥവാ അസ്മാഉ വസ്സ്വിഫാതുകള്‍ പഠിക്കുന്നതിലൂടെയാണ് നമുക്ക് കാരുണ്യവാനായ നാഥനെക്കുറിച്ച് അടുത്തറിയാനാവുക. അല്ലാഹുവിന്ന് ഏറ്റവും അത്യുത്തമമായ നാമങ്ങളാണുള്ളത്. അവയെല്ലാം തന്നെ ഏറ്റവും നല്ല അര്‍ഥങ്ങളുള്ളതും അല്ലാഹുവിന്റെ മഹത്ത്വത്തിനും ഔന്നിത്യത്തിനും യോജിച്ചവയുമാണ്. അല്ലാഹു പറയുന്നു:

''അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും''(7:180).

ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ടുവന്ന നാമങ്ങളിലൂടെയാണ് നാം റബ്ബിനെക്കുറിച്ച് അറിയേണ്ടത്. നമുക്ക് തോന്നുന്ന രൂപത്തില്‍ അല്ലാഹുവിന് പേരുകള്‍ നല്‍കുന്നത് അനുവദനീയമല്ല. അത് വലിയ മാര്‍ഗഭ്രംശത്തിലേക്കാണ് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുക. മനുഷ്യബുദ്ധികൊണ്ട് ഒരിക്കലും അല്ലാഹുവിന്റെ പുതിയ നാമങ്ങളൊന്നും തേടിപ്പിടിക്കുവാന്‍ സാധ്യമല്ല. അത് റബ്ബിനോട് ചെയ്യുന്ന അന്യായമാണ്. അറിവ് നല്‍കപ്പെട്ടില്ലാത്ത കാര്യങ്ങള്‍ക്ക് പിന്നാലെ പോകുന്നത് നഷ്ടം മാത്രമെ വരുത്തിവെക്കൂ:

''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്''(17:36).

അല്ലാഹുവിന്റെ നാമങ്ങളെ അടുത്തറിയുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി നബി ﷺ  പറഞ്ഞത് കാണുക: ''നിശ്ചയം! അല്ലാഹുവിന് 99 നാമങ്ങളുണ്ട്. നൂറില്‍ ഒന്ന് കുറവ്. വല്ലവനും അവയെ 'ഇഹ്‌സ്വാഅ്' ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു'' (മുസ്‌ലിം).

'ഇഹ്‌സ്വാഅ്' ചെയ്യുക എന്നതിന്റെ ഉേദ്ദശ്യം അവയെ എണ്ണി തിട്ടപ്പെടുത്തുകയും മനഃപാഠമാക്കുകയും ചെയ്യലാണെന്നും, അവയുടെ അര്‍ഥവും തേട്ടവും അറിയലാണെന്നും, അവകൊണ്ട് പ്രാര്‍ഥിക്കലാണന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

മുകളില്‍ സൂചിപ്പിച്ച ഹദീഥില്‍നിന്ന് അല്ലാഹുവിന് 99 നാമങ്ങള്‍ മാത്രമെ ഉള്ളൂ എന്ന് ഒരിക്കലും മനസ്സിലാക്കിക്കൂടാ. കാരണം അല്ലാഹുവിന്റെ നാമങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ നമുക്ക് കഴിയാവുന്നതിലപ്പുറമാണെന്ന് മറ്റു ഹദീഥുകളില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ നാമങ്ങളില്‍നിന്ന് 'ഇഹ്‌സ്വാഅ്' െചയ്താല്‍ സ്വര്‍ഗപ്രവേശം സാധ്യമാകുന്നതിന്റെ എണ്ണത്തെയാണ് ആ എണ്ണംകൊണ്ട് അര്‍ഥമാക്കുന്നത്. നമുക്ക് വ്യക്തമാക്കിത്തരാത്ത നാമങ്ങള്‍ റഹ്മാനായ അല്ലാഹുവിനുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു ദുആയില്‍ ഇപ്രകാരം കാണാം: ''നീ നിന്റെ നഫ്‌സിന് പേരുവെച്ച, നിന്റെ സൃഷ്ടികളില്‍ ഒരാളെ പഠിപ്പിച്ച, നിന്റെ ്രഗന്ഥത്തില്‍ നീ അവതരിപ്പിച്ച,നിന്റെ അടുക്കലുള്ള അദൃശ്യജ്ഞാനത്തില്‍ നീ നിനക്ക് പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുന്‍നിറുത്തി ഞാന്‍ നിന്നോട് തേടുന്നു''(അഹ്മദ്).

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ നിഷേധിക്കുവാനോ രൂപം പറയുവാനോ ഉപമിക്കാനോ സാദൃശ്യപ്പെടുത്താനോ പാടില്ലാത്തതാണ്. ഇസ്‌ലാമികലോകത്തെ അറിയപ്പെട്ട അക്വീദഃ ഗ്രന്ഥമായ 'അക്വീദതുല്‍ വാസിത്വിയ്യഃ'യില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നത് കാണുക: ''ഫിര്‍ക്വതുന്നാജിയ്യയുടെ, അത്ത്വാഇഫതുല്‍ മന്‍സ്വൂറയുടെ അഥവാ അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃയുടെ വിശ്വാസ സംഹിതയാണിത്. അതായത് അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവനയച്ച ദൂതന്മാരിലും മരണാനന്തര ജീവിതത്തിലും വിധിയിലും അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കുക.

അല്ലാഹുവിലുള്ള വിശ്വാസത്തില്‍ പെട്ടതാണ് അല്ലാഹു അവനെപ്പറ്റി അവന്റെ ഗ്രന്ഥത്തില്‍ വിശേഷിച്ചതും അല്ലാഹുവിന്റെ ദൂതന്‍ അവനെപ്പറ്റി വിശദീകരിച്ചതുമായ വിശേഷണങ്ങള്‍ ദുര്‍വ്യാഖ്യാനിക്കാതെയും നിഷേധിക്കാതെയും സാമ്യപ്പെടുത്താതെയും ഉപമിക്കാതെയും വിശ്വസിക്കുക എന്നത്.

''അവന് സാമ്യമൊത്ത ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണ്'' (42:11) എന്ന് അല്ലാഹുെവ സംബന്ധിച്ച് അവര്‍ വിശ്വസിക്കണം. അവന്‍ സ്വന്തത്തെപ്പറ്റി വിശേഷിപ്പിച്ചതായ ഒന്നും അവര്‍ നിഷേധിക്കരുത്. പദങ്ങളെ അതിന്റെ യഥാര്‍ഥ സ്ഥാനത്തുനിന് കോട്ടിമാട്ടുകേയാ അല്ലാഹുവിന്റെ നാമങ്ങളിലും ആയത്തുകളിലും കൃത്രിമം കാണിക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ വിശേഷണങ്ങളുടെ രൂപം പറയുകയോ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യപ്പെടുത്തുകയോ ചെയ്യരുത്. പരിശുദ്ധനായ അല്ലാഹുവിന് പേരൊത്തതായി ആരുമില്ല. അവന് സമന്മാരോ സദൃശ്യരോ ഇല്ല. പരിശുദ്ധനും ഉന്നതനുമായ അവനെ സൃഷ്ടികളോട് താരതമ്യം ചെയ്യാന്‍ കഴിയുന്നതുമല്ല.

തീര്‍ച്ചയായും സ്വന്തത്തെപ്പറ്റിയും ഏറ്റവും വസ്തുതാപരവും നല്ലതും അവന്റെ വാക്കുകളാണ്. ശേഷം വിശ്വസ്തരായ അവന്റെ ദൂതന്മാരുടെ (വാക്കുകളും). അല്ലാഹുവെക്കുറിച്ച് അറിവില്ലാത്തവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിന് വിരുദ്ധമായാണ് (കാര്യങ്ങള്‍). അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്: 'പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്മാര്‍ക്ക് സമാധാനം. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി'' (അക്വീദതുല്‍ വാസിത്വിയ്യഃ, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ).

അല്ലാഹുവിനെക്കുറിച്ച് പ്രമാണബദ്ധമായി മനസ്സിലാക്കിയില്ലെങ്കില്‍ അത് മനുഷ്യരെ സ്രഷ്ടാവിനെക്കുറിച്ച തെറ്റായ ധാരണകളിലേക്കെത്തിക്കുകയും അത് മുഖേന അല്ലാഹുവിനെക്കുറിച്ച് അറിവില്ലാത്തത് പറയുകയും ചെയ്യും. ഇതാകട്ടെ വിലക്കപ്പെട്ട കാര്യവുമാണ്. അല്ലാഹു പറയുന്നത് കാണുക:

''പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും അധര്‍മവും ന്യായം കൂടാതെയുള്ള കയ്യേറ്റവും യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്''(7:33).

ക്വുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ വചനമായി നബി ﷺ  അറിയിച്ച ആയത്തുല്‍ കുര്‍സിയ്യ് അല്ലാഹുവിനെ സംബന്ധിച്ച വ്യക്തമായ ബോധം നമുക്ക് നല്‍കുന്നതാണ്:

''അല്ലാഹു-അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ'' (2:255).

പ്രത്യേകതകള്‍ ഏറെയുള്ള സൂറത്തുല്‍ ഇഖ്‌ലാസും അല്ലാഹു ആരെന്ന് നമുക്ക് പറഞ്ഞുതരുന്നു. അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തുന്നവര്‍ക്കുള്ള കൃത്യമായ മറുപടിയും അത് നല്‍കുന്നു: ''(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (112:1-4).