മുഹമ്മദ് നബി ﷺ  മദീനയില്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 മെയ് 25 1440 റമദാന്‍ 20

(ലോകഗുരു: മുഹമ്മദ് നബി ﷺ  ഭാഗം: 21)

മക്കയിലെ സൗര്‍ ഗുഹയില്‍ നിന്നും നബി ﷺ  പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെ അബൂബകര്‍ സ്വിദ്ദീക്വും(റ) സേവകനായിക്കൊണ്ട് ആമിറുബ്‌നു ഫുഹൈറയും വഴി കാണിച്ചുകൊടുക്കാന്‍ അബ്ദു ഇബ്‌നു അബീ ഉറൈകത്തും ഉണ്ടായിരുന്നു. റബീഉല്‍ അവ്വല്‍ മാസത്തിലെ ഒരു തിങ്കളാഴ്ച ദിവസമാണ് അവര്‍ മദീനയിലെത്തിയത്. മദീനക്കാര്‍ വളരെ ആവേശത്തോടെയും സന്തോഷത്തോടെയും നബി ﷺ യെയും അബൂബകര്‍(റ)വിനെയും സ്വാഗതം ചെയ്തു.

സ്ത്രീകളും കുട്ടികളും ഒന്നടങ്കം പാട്ടുപാടി: 'ത്വലഅല്‍ ബദ്‌റു അലൈനാ മിന്‍ സനിയ്യാതില്‍ വദാഈ...'

ഔസ് ഗോത്രക്കാരനായ അംറുബ്‌നുഔഫിന്റെ കുടുംബത്തിങ്കല്‍ ഖുബയില്‍ നബി ﷺ  ഇറങ്ങി. കുല്‍സൂം ഇബ്‌നുല്‍ ഹദമിന്റെ വീട്ടിലും അവര്‍ താമസിച്ചു. ഏതാണ്ട് പതിനാല് ദിവസമാണ് അവിടെ താമസിച്ചത്. ആ സന്ദര്‍ഭത്തിലാണ് പള്ളി ഉണ്ടാക്കുകയും അതില്‍ നബി ﷺ  നമസ്‌കരിക്കുകയും ചെയ്തത്. സഅ്ദ് ഇബ്‌നു ഹൈസമയുടെ വീട്ടില്‍ നബി ﷺ  തന്റെ അനുചരന്‍മാരോടൊപ്പം ഇരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. കാരണം ഒരു അവിവാഹിതനായ വ്യക്തിയായിരുന്നു അദ്ദേഹം. കുടുംബം ഉണ്ടായിരുന്നില്ല. അവിവാഹിതരായ സ്വഹാബികളും അവിടെ ഉണ്ടായിരുന്നു. ഖാരിജതുബ്‌നു സൈദിന്റെ വീട്ടിലാണ് അബൂബകര്‍(റ) താമസിച്ചത്.

അനസുബ്‌നു മാലിക്(റ) പറയുന്നു: 'നബി ﷺ  മദീനയില്‍ വന്നു. അങ്ങനെ മദീനയുടെ ഉയര്‍ന്ന പ്രദേശമായ ബനൂഅംറ് ഇബ്‌നു ഔഫിന്റെ ഗോത്രത്തില്‍ താമസിച്ചു. 14 രാത്രികളാണ് അവിടെ കഴിച്ചുകൂട്ടിയത്' (ബുഖാരി: 3932, മുസ്‌ലിം 524).

വെള്ളിയാഴ്ച ദിവസം പകല്‍ സമയത്ത് നബി ﷺ  ഖുബയില്‍ നിന്നും പുറപ്പെട്ടു. സാലിം ഇബ്‌നു ഓൗഫിന്റെ ഗോത്രത്തിന് സമീപത്ത് എത്തിയപ്പോള്‍ ജുമുഅയുടെ സമയമായി. മദീനയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്ന വഴിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ആ താഴ്‌വരയില്‍ വെച്ചുകൊണ്ട് നബി ﷺ തന്റെ അനുചരന്മാരെ കൂട്ടി ജുമുഅ നമസ്‌കരിച്ചു. മദീനയില്‍ വെച്ചുകൊണ്ട് ആദ്യമായി നിര്‍വഹിക്കപ്പെട്ട ജുമുഅ ആയിരുന്നു അത്. ഈ പള്ളി ഇന്നും മസ്ജിദില്‍ ജുമുഅ എന്ന പേരില്‍ അറിയപ്പെടുന്നു.

മദീനയിലെത്തിയ ശേഷം നബി ﷺ ആദ്യമായി താമസിച്ചത് അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീട്ടിലായിരുന്നു. മുഹമ്മദ് നബി ﷺ  മക്കയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞ ദിവസം മുതല്‍ തന്നെ മദീനക്കാര്‍ ഓരോ രാവിലെയും പ്രവാചകനെ പ്രതീക്ഷിച്ചു നിന്നിരുന്നു. വെയിലിന്റെ ചൂടേല്‍ക്കാന്‍ തുടങ്ങിയാല്‍ അവര്‍ തിരിച്ചു പോകുമായിരുന്നു. ഒരു ജൂതനാണ് നബി ﷺ  മദീനയിലേക്ക് കടന്നുവരുന്നത് ആദ്യമായി കാണുന്നത്. മരീചികകള്‍ കീറിമുറിച്ചു കൊണ്ട് നബി ﷺ യും അനുചരന്മാരും കടന്നു വരുന്നത് കണ്ടപ്പോള്‍ ജൂതന്‍ ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചുപറഞ്ഞു: 'അല്ലയോ അറബികളേ, നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന മഹാന്‍ ഇതാ വന്നിരിക്കുന്നു.' ഇത് കേട്ട മാത്രയില്‍ മുസ്ലിംകള്‍ ഓടിയടുത്തു. ഹര്‍റ എന്ന സ്ഥലത്ത് വെച്ച് നബി ﷺ യെ അവര്‍ സ്വീകരിച്ചു. അങ്ങനെയാണ് നബി 14 ദിവസത്തോളം അവിടെ താമസിക്കുന്നത്.

തക്വ്‌വയുടെ അടിസ്ഥാനത്തില്‍ ആദ്യമായി ഉണ്ടാക്കപ്പെട്ട മസ്ജിദു ഖുബാ ആ സന്ദര്‍ഭത്തിലാണ് ഉണ്ടാക്കുന്നത്. മദീനയില്‍ അസ്അദ് ഇബ്‌നു സുറാറയുടെ കീഴില്‍ കഴിയുന്ന 2 അനാഥരായ കുട്ടികളായ സഹ്ല്‍, സുഹൈല്‍ എന്നിവരുടെ ഈത്തപ്പഴം കൂട്ടിയിടുന്ന സ്ഥലത്താണ് നബി ﷺ  ചെന്നെത്തിയത്. അവിടെയാണ് നബി ﷺ യുടെ ഒട്ടകം മുട്ടുകുത്തിയത്. ഒട്ടകം അവിടെ മുട്ടുകുത്തിയപ്പോള്‍ നബി ﷺ  പറഞ്ഞു: 'ഇവിടെയാണ് നമ്മുടെ സ്ഥലം.' ശേഷം ആ രണ്ടു കുട്ടികളെയും വിളിപ്പിച്ചു. അവിടെ പള്ളി ഉണ്ടാക്കുവാന്‍ വേണ്ടി ആ സ്ഥലം കച്ചവടമാക്കാന്‍ സംസാരിച്ചു. പക്ഷേ, ആ കുട്ടികള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ ഈ സ്ഥലം നിങ്ങള്‍ക്ക് ദാനമായി നല്‍കുകയാണ്.' എന്നാല്‍ നബി ﷺ  അത് സ്വീകരിച്ചില്ല. അവര്‍ക്ക് പണം കൊടുത്ത് സ്ഥലം വാങ്ങി. ശേഷം അവിടെ പള്ളിയുണ്ടാക്കി. പള്ളി ഉണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ അതിന്റെ നിര്‍മാണാവശ്യാര്‍ഥം തന്റെ അനുചരന്‍മാരോടൊപ്പം നബി ﷺ യും കല്ലുകള്‍ ചുമന്നു. ആ സന്ദര്‍ഭത്തില്‍ നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, പരലോകത്തെ പ്രതിഫലമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മുഹാജിറുകളോടും അന്‍സ്വാറുകളോടും നീ കരുണ കാണിക്കേണമേ' (ബുഖാരി: 3906).

മുഹമ്മദ് നബി ഓരോ ഗോത്രത്തിനു മുമ്പിലൂടെ നടന്നു പോകുമ്പോഴും ആ ഗോത്രങ്ങളുടെ പ്രധാനികള്‍ അദ്ദേഹത്തെ സ്വീകരിക്കുകയും തങ്ങളുടെ കൂടെ താമസിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ നബി ﷺ  അവരോട് പറഞ്ഞു: 'ഒട്ടകത്തെ അതിന്റെ വഴിക്ക് വിട്ടേക്കുക. അത് കല്‍പിക്കപ്പെട്ടവളാണ്' (അല്ലാഹു നിശ്ചയിച്ച സ്ഥാനം എത്തുമ്പോള്‍ അത് മുട്ടു കുത്തും എന്നര്‍ഥം). അങ്ങനെയാണ് ഇന്ന് 'മസ്ജിദുന്നബവി' നിലനില്‍ക്കുന്ന സ്ഥാനം വരെ എത്തിയത്. അവിടെ ഇറങ്ങിയപ്പോള്‍ നബി ﷺ ചോദിച്ചു: 'ആരുടെ വീടാണ് ഏറ്റവും അടുത്തുള്ളത്?' അബു അയ്യൂബുല്‍ അന്‍സ്വാരി(റ) പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഇതാ എന്റെ വീട്. ഇതാകുന്നു വീടിന്റെ വാതില്‍...' (ബുഖാരി: 3911).

സഹ്ല്‍, സുഹൈല്‍ എന്നീ കുട്ടികളില്‍നിന്നും നബി ﷺ  വാങ്ങിയ സ്ഥലത്ത് മുശ്‌രിക്കുകളുടെ പഴയ ക്വബ്‌റുകളും പഴക്കം ചെന്ന, തകര്‍ന്നടിഞ്ഞ വീടുകളും ഈത്തപ്പന മരങ്ങളും ഉണ്ടായിരുന്നു. ആ ക്വബ്‌റുകള്‍ മാന്തിക്കളയുവാനും തകര്‍ന്ന വീടുകള്‍ നിരപ്പാക്കുവാനും ഈത്തപ്പന മരങ്ങള്‍ മുറിച്ചു കളയുവാനും കല്‍പിച്ചു (ബുഖാരി: 3932).

നബി ﷺ ക്കുള്ള റൂമും പള്ളിയും നിര്‍മിക്കുന്നതു വരെ അബു അയ്യൂബുല്‍ അന്‍സ്വാരിയുടെ വീട്ടിലാണ് താമസിച്ചത്. ഏതാണ്ട് ഒരു മാസത്തിനുശേഷം തനിക്കു വേണ്ടി ഉണ്ടാക്കപ്പെട്ട റൂമിലേക്ക് (ഹുജ്‌റ) നബി ﷺ  താമസം മാറ്റി. സ്വഹാബികള്‍ക്ക് നബി ﷺ യോട് എത്രത്തോളം സ്‌നേഹം ഉണ്ടായിരുന്നു എന്ന് ഈ സംഭവങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഓരോരുത്തര്‍ക്കും നബി ﷺ  തങ്ങളുടെ അടുക്കല്‍ ഇറങ്ങണമെന്നായിരുന്നു അഭിലാഷം. എന്നാല്‍ അല്ലാഹുവിന്റെ ഉദ്ദേശമെന്താണോ അതനുസരിച്ച് നടക്കട്ടെ എന്നായിരുന്നു നബി ﷺ യുടെ തീരുമാനം.

നബി ﷺ  അബൂഅയ്യൂബുല്‍ അന്‍സാരി(റ)യുടെ വീട്ടില്‍ താമസിക്കുന്ന സന്ദര്‍ഭത്തില്‍ മക്കയിലുള്ള ആളുകളെ കൊണ്ടുവരുന്നതിനു വേണ്ടി സൈദ് ഇബ്‌നു ഹാരിസയെയും അബു റാഫിഇെനയും മക്കയിലേക്ക് പറഞ്ഞയച്ചു. രണ്ട് ഒട്ടകവും അഞ്ഞൂറ് ദിര്‍ഹവും അവര്‍ക്ക് നല്‍കുകയുണ്ടായി. അവരാണ് നബി ﷺ യുടെ രണ്ട് പെണ്‍മക്കളായ ഫാത്വിമ(റ), ഉമ്മുകുല്‍സൂം എന്നിവരെ കൊണ്ടുവന്നത്. നബി ﷺ യുടെ ഭാര്യ സൗദ ബിന്‍ത് സംഅ(റ), ഉമ്മു ഐമന്‍(റ), സൈദ് ഇബ്‌നു ഹാരിസ(റ)വിന്റെ ഭാര്യ, അവരുടെ മകന്‍ ഉസാമതുബ്‌നു സൈദ് എന്നിവരും അവരുടെ കൂടെ വന്നിരുന്നു. നബി ﷺ യുടെ മറ്റൊരു മകളായ സൈനബ്(റ)വിനെ അവരുടെ ഭര്‍ത്താവ് അബുല്‍ ആസ്വ് ഇബ്‌നുര്‍റബീഅ്  മദീനയിലേക്ക് പോകുവാന്‍ സമ്മതിക്കാതെ തടഞ്ഞുവച്ചു. കാരണം അബുല്‍ ആസ്വ് അന്ന് മുശ്‌രികായിരുന്നു. നബി ﷺ യുടെ മറ്റൊരു മകളായ റുകിയ്യ(റ)യാകട്ടെ തന്റെ ഭര്‍ത്താവ് ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)വിന്റെ കൂടെ അബിസീനിയയിലേക്ക് മുമ്പ് ഹിജ്‌റ പോയിരുന്നു. സൈദുബ്‌നു ഹാരിസയുടെ കൂടെ മക്കയില്‍നിന്ന് മദീനയിലേക്ക് വന്നവരോടൊപ്പം അബൂബകര്‍(റ)വിന്റെ മകനായ അബ്ദുല്ല(റ)യും ഭാര്യ ഉമ്മുറൂമാന്‍(റ)യും രണ്ടു സഹോദരിമാരായ ആഇശ(റ)യും അസ്മാഅ്(റ)യും ഉണ്ടായിരുന്നു. ഹാരിസതുബ്‌നു നുഅ്മാനിന്റെ വീട്ടിലാണ് നബി ﷺ യുടെ കുടുംബം മുഴുവന്‍ താമസിച്ചത്. അബൂബകര്‍(റ)വിന്റെ കുടുംബമാകട്ടെ സന്‍ഹ് പ്രദേശത്തുള്ള ബനുല്‍ ഹാരിസ് ഇബ്‌നു ഖസ്‌റജിന്റെ വീട്ടിലാണ് താമസിച്ചത്.