മദീനക്കാരുമായുള്ള കരാര്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജൂണ്‍ 08 1440 ശവ്വാൽ 05

(ലോകഗുരു: മുഹമ്മദ് നബി ﷺ  ഭാഗം: 23)

മദീന ജാഹിലിയ്യ കാലഘട്ടത്തില്‍ യഥ്‌രിബ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നബി ﷺ യുടെ ഹിജ്‌റക്കു ശേഷമാണ് അല്‍മദീന, ത്വയ്ബ, ത്വാബ എന്നീ പേരുകള്‍ ആ രാജ്യത്തിന് ലഭിച്ചത്. മദീന എന്ന പേര് ക്വുര്‍ആനില്‍ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്:

''മദീനക്കാര്‍ക്കും അവരുടെ ചുറ്റുമുള്ള അഅ്‌റാബികള്‍ക്കും അല്ലാഹുവിന്റെ ദൂതനെ വിട്ട് പിന്‍മാറി നില്‍ക്കാനോ, അദ്ദേഹത്തിന്റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ (സ്വന്തം) കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനോ പാടുള്ളതല്ല...''(അത്തൗബ: 120).

 ജാബിര്‍ ഇബ്‌നു സമുറ(റ) പറയുന്നു; നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ''അല്ലാഹു മദീനക്ക് ത്വാബ എന്ന പേര് നല്‍കിയിരിക്കുന്നു'' (മുസ്‌ലിം: 1385).

ഹിജ്‌റക്കു ശേഷം മദീന ഈമാനിന്റെ ഭവനവും ഇസ്‌ലാമിന്റെ കോട്ടയുമായി മാറി. അബൂഹുറയ്‌റ(റ) പറയുന്നു; നബി ﷺ  പറഞ്ഞിരിക്കുന്നു: ''ഒരു പാമ്പ് അതിന്റെ മാളത്തിലേക്ക് മടങ്ങുന്നത് പോലെ ഈമാന്‍ മദീനയിലേക്ക് മടങ്ങുന്നതാണ്''(ബുഖാരി: 1876, മുസ്‌ലിം: 147).

നബി ﷺ  മദീനയില്‍ എത്തിയതോടെ അവിടെ മുസ്‌ലിംകളും ജൂതന്മാരും മുശ്‌രിക്കുകളും ഉള്ള ഒരു സാഹചര്യമായി. അത്‌കൊണ്ടു തന്നെ മദീനക്കാര്‍ക്കിടയില്‍ ഒരു ബന്ധം വ്യവസ്ഥപ്പെടുത്താന്‍ തീരുമാനിച്ചു. അതിലൂടെ അവരുടെ അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കി കൊടുക്കലായിരുന്നു ഉദ്ദേശ്യം. മുഹമ്മദ് നബി ﷺ  ഈ വിഷയത്തില്‍ ഒരു കരാര്‍ തന്നെ തയ്യാറാക്കി. മുസ്‌ലിംകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധവും മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള ബന്ധവും വ്യവസ്ഥപ്പെടുത്തി പറയുന്ന രേഖയായിരുന്നു അത്. മുസ്‌ലിംകള്‍ക്കുള്ള നിയമം ഇപ്രകാരമായിരുന്നു: ''തീര്‍ച്ചയായും മുസ്‌ലിംകള്‍ ഒറ്റ സമുദായമാണ്. അവര്‍ക്കിടയില്‍ നീതി കാണിക്കേണ്ടതുണ്ട്. അവര്‍ക്കെതിരെ ആരെങ്കിലും പുറമെനിന്ന് അതിക്രമം കാണിച്ചാല്‍ ഒറ്റക്കൈ പോലെയായിരിക്കും അവര്‍. അവര്‍ പരസ്പരം മിത്രങ്ങളാണ്...''

യഹൂദികളുമായി ബന്ധപ്പെട്ട കരാറിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇപ്രകാരമായിരുന്നു: ''യുദ്ധങ്ങള്‍ നടക്കുന്നിടത്തോളം സമയം വിശ്വാസികളും ജൂതന്മാരും ഒന്നിച്ച് പണം ചെലവഴിക്കണം. ജൂതന്മാര്‍ വിശ്വാസികളോടൊപ്പം ഉള്ള ഒരു സമുദായം തന്നെയാണ്. എന്നാല്‍ ജൂതന്മാര്‍ക്ക് അവരുടെ മതവും മുസ്‌ലിംകള്‍ക്ക് അവരുടെ മതവുമാണുള്ളത്. വല്ലവനും അക്രമവും കുറ്റകൃത്യവും ചെയ്യാന്‍ പുറപ്പെട്ടാല്‍ അവന്‍ സ്വന്തത്തിനും സ്വന്തം കുടുംബത്തിനും നാശം വരുത്തുകയാണ്. മുസ്‌ലിംകള്‍ അവരുടെ ചെലവും ജൂതന്മാര്‍ അവരുടെ ചെലവും നടത്തേണ്ടതുണ്ട്. മുഹമ്മദ് നബി ﷺ യുടെ അനുവാദം കൂടാതെ ഒരു ജൂതനും മദീനവിട്ടു പുറത്തു പോകുവാന്‍ പാടില്ല. മദീനക്കാരോട് പുറമെ നിന്ന് വല്ലവനും യുദ്ധം ചെയ്താല്‍ വിശ്വാസികളും ജൂതന്മാരും പരസ്പരം സഹായിക്കേണ്ടതുണ്ട്. പരസ്പരം ഗുണകാംക്ഷ ഉള്ളവരായിരിക്കണം. നന്മ ചെയണം. തെറ്റ് ചെയ്യുന്നവന്‍ ആകരുത്...''

മുശ്‌രിക്കുകളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള കരാര്‍ ഇപ്രകാരമായിരുന്നു: ''ക്വുറൈശികള്‍ക്കോ ക്വുറൈശികളെ സഹായിക്കുന്നവര്‍ക്കോ അഭയം നല്‍കരുത്. ഒരു ക്വുറൈശിയുടെയും ശരീരമോ സമ്പത്തോ മദീനയിലെ ഒരു മുശ്‌രിക്കും സംരക്ഷിക്കുവാന്‍ പാടില്ല. എന്നാല്‍ ക്വുറൈശികള്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും അവര്‍ സന്ധിക്ക് ആവശ്യപ്പെടുകയാണെങ്കില്‍ ഇസ്‌ലാമിനോട് യുദ്ധം ചെയ്തവര്‍ക്കൊഴികെ സന്ധിക്കുള്ള അവകാശമുണ്ട്. ക്വുറൈശികള്‍ക്ക് ഒരുവിധത്തിലുമുള്ള സഹായങ്ങളും ചെയ്തു കൊടുക്കരുത്...''

ഈ ഉടമ്പടികള്‍ക്കും കരാറുകള്‍ക്കും പുറമെ മദീനാവാസികള്‍ക്ക് മൊത്തത്തിലുള്ള ചില കരാറുകളും ഉടമ്പടികളും നബി ﷺ  ഉണ്ടാക്കിയിരുന്നു: ''ഈ നിയമങ്ങളെ അംഗീകരിക്കുന്ന ആളുകള്‍ക്ക് മദീന പവിത്രമാണ്. അയല്‍വാസികള്‍ സ്വന്തം ശരീരം പോലെയാണ്. അവരെ ദ്രോഹിക്കുവാനോ കുറ്റങ്ങള്‍ ചെയ്യുവാനോ പാടില്ല. ഒരാളുടെയും പവിത്രതക്ക് കളങ്കം വരുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ല. മദീനക്കാര്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും അതിന്റെ അന്തിമ തീരുമാനം പറയേണ്ടത് അല്ലാഹുവും അവന്റെ പ്രവാചകനുമാണ്. മദീനയെ വല്ലവരും അക്രമിക്കുന്നുവെങ്കില്‍ മദീനക്കാര്‍ പരസ്പരം സഹായിക്കേണ്ടതാണ്. മദീനയില്‍ നിന്ന് പുറത്തു പോകുന്നവനും മദീനയില്‍ ഇരിക്കുന്നവനും നിര്‍ഭയനായിരിക്കും. അക്രമം ചെയ്തവനും കുറ്റകൃത്യങ്ങള്‍ ചെയ്തവനും ഒഴികെ. തക്വ്‌വ (സൂക്ഷ്മത) കാണിക്കുകയും പുണ്യം ചെയ്യുകയും ചെയ്തവര്‍ക്കുള്ള അഭയം നല്‍കുന്നത് അല്ലാഹുവാണ്. അവന്റെ പ്രവാചകനാണ്.''

യുക്തിഭദ്രവും നീതിപൂര്‍വകവും കാരുണ്യം നിറഞ്ഞതുമായ ചില അടിസ്ഥാനങ്ങളിലൂടെ ഒരു പുതിയ സൊസൈറ്റിക്ക് ജീവന്‍ നല്‍കുകയായിരുന്നു നബി ﷺ . ചരിത്രം അതുവരെ കേട്ടിട്ടില്ലാത്ത നിര്‍ഭയത്വവും സന്തോഷകരമായ ജീവിതത്തിന്റെ വ്യവസ്ഥകളും ആയിരുന്നു അത്.

''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം'' (അത്തൗബ: 128).

ജൂതന്മാരും അല്ലാത്തവരുമായി ഉണ്ടാക്കിയ ഈ കരാര്‍ വളരെ കൃത്യമായി നബി ﷺ  പാലിച്ചു. എന്നാല്‍ നബി ﷺ ക്കും ജൂതന്മാര്‍ക്കും ഇടയിലുള്ള കരാര്‍ ജൂതന്മാര്‍ ലംഘിക്കുകയുണ്ടായി. മാത്രവുമല്ല, പ്രവാചകനോട് അവര്‍ യുദ്ധം ചെയ്യുകയും ചെയ്തു. മദീനയില്‍ ജൂതന്മാരുടെ മൂന്ന് ഗോത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബനൂകൈ്വനുക്വാഅ്, ബനൂനളീര്‍, ബനൂക്വുറൈള തുടങ്ങിയവരായിരുന്നു അവര്‍. ജൂതന്മാര്‍ ചെയ്ത കരാര്‍ ലംഘനത്തിന്റെ ഫലമായി ബനൂകൈ്വനുക്വാഇനോട് നബി ﷺ  ചില പ്രത്യേകമായ കാരുണ്യത്താല്‍ ഔദാര്യം കാണിച്ചു. ബനൂ നളീറിനെ ഖൈബറിലേക്ക് നാടുകടത്തി. ബനൂക്വുറയ്‌ളക്കാര്‍ കൊല്ലപ്പെടുകയും അവരുടെ സന്താനങ്ങള്‍ ബന്ദികളായി പിടിക്കപ്പെടുകയും ചെയ്തു. സൂറതുല്‍ ഹശ്ര്‍ ബനൂനളീറിന്റെ വിഷയത്തിലും സൂറതുല്‍ അഹ്‌സാബ് ബനൂക്വുറൈളയുടെ വിഷയത്തിലുമാണ് അവതരിച്ചത്.

''ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം'' (അല്‍മാഇദ: 82)

മുഹമ്മദ് നബി ﷺ യോട് ഏറ്റവും കൂടുതല്‍ അസൂയയും അക്രമവും കാണിച്ചിരുന്ന ആളുകളായിരുന്നു ജൂതന്മാര്‍. മഹമ്മദ് നബി ﷺ  കൊണ്ടുവന്ന സത്യത്തോടും അങ്ങേയറ്റത്തെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നവരായിരുന്നു അവര്‍. പക്ഷേ, അല്ലാഹു അവരെ അപമാനിക്കുകയും തന്റെ പ്രവാചകനെ സഹായിക്കുകയും ചെയ്തു:

''നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയുംചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ'' (അല്‍ബക്വറ: 109).

ക്വുറൈശികളിലെ സത്യനിഷേധികളാകട്ടെ മുഹാജിറുകളെയും അവരെ സഹായിച്ച അന്‍സ്വാറുകളെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ക്വുറൈശികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഒന്ന് മദീനയിലെ കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യു ബിന്‍ സലൂലിലൂടെ തിരിച്ചുകിട്ടി. മുഹമ്മദ് നബി ﷺ യുടെ മദീനയിലേക്കുള്ള വരവോടുകൂടി മദീനക്കാരുടെ നേതൃത്വം നഷ്ടപ്പെട്ടുപോയ വ്യക്തിയായിരുന്നു അയാള്‍. മദീനയില്‍ അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും ഇടയില്‍ കുഴപ്പങ്ങളും ഛിദ്രതയും ഉണ്ടാക്കുവാന്‍ ഈ വ്യക്തി തുനിഞ്ഞിറങ്ങി. മുസ്ലിംകള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവരും പ്രവാചകനെ പരിഹസിക്കുന്നവരുമായ കപടന്മാര്‍ അബ്ദുല്ലയുടെ ചുറ്റുംകൂടി. അല്ലാഹുവിനെയും അവന്റെ റസൂലിനെയും വഞ്ചിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്.

''നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷേ, അവരത് മനസ്സിലാക്കുന്നില്ല''(അല്‍ബക്വറ: 11-12).

ജനങ്ങളെ സത്യത്തില്‍ നിന്നും തടഞ്ഞുവെക്കുക എന്നതായിരുന്നു അവരുടെ മറ്റൊരു ലക്ഷ്യം. അവരാകട്ടെ സ്വയം സത്യത്തില്‍ നിന്ന് അകന്നുപോയവരുമായിരുന്നു.

കപടവിശ്വാസികളുടെ നേതാവിന്റെ എല്ലാ കപട സമീപനങ്ങളുടെ സന്ദര്‍ഭത്തിലും നബി ﷺ  അയാള്‍ക്ക് മാപ്പ് കൊടുക്കുകയായിരുന്നു; തങ്ങളെ സഹായിച്ച അന്‍സ്വാറുകളോടുള്ള സ്‌നേഹബന്ധത്തിന്റെ പേരിലായിരുന്നു ഈ മാപ്പ് കൊടുക്കല്‍. സഅദ് ഇബ്‌നു ഉബാദ(റ) നബി ﷺ യോട് പറയുകയുണ്ടായി: ''അല്ലാഹുവിന്റെ പ്രവാചകരേ, നിങ്ങള്‍ അയാള്‍ക്ക് മാപ്പു കൊടുക്കുക. വിട്ടുവീഴ്ച ചെയ്തുകൊള്ളുക. സത്യപ്രകാരം താങ്കള്‍ക്ക് വേദഗ്രന്ഥം ഇറക്കിയ അല്ലാഹു തന്നെയാണ് സത്യം. സത്യവുമായാണ് അല്ലാഹു താങ്കളെ നിയോഗിച്ചിട്ടുള്ളത്. ഈ നാട്ടുകാരായ ആളുകള്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂലിനെ നേതാവാക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് സത്യവുമായുള്ള അങ്ങയുടെ രംഗപ്രവേശം. സത്യവുമായി അല്ലാഹു നിങ്ങളെ നിയോഗിച്ചതിലൂടെ ഇബ്‌നുസലൂലിന്റെ ആഗ്രഹങ്ങള്‍ നടക്കാതെ പോയി. അത് അയാളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ളതായി മാറുകയും ചെയ്തു. അങ്ങനെയാണ് താങ്കള്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ഈ കാര്യങ്ങളൊക്കെ ഇബ്‌നു സലൂല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.'' അപ്പോള്‍ നബി ﷺ  അയാള്‍ക്ക് മാപ്പ് കൊടുത്തു. നബിയും അനുചരന്മാരും അല്ലാഹു കല്‍പിച്ചത് പ്രകാരം മാപ്പ് ചെയ്തുകൊടുക്കുകയും പ്രയാസങ്ങളില്‍ ക്ഷമ കൈക്കൊള്ളുകയും ചെയ്തിരുന്നു.

''തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു'' (ആലു ഇംറാന്‍: 186).

 ''നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ''(അല്‍ബക്വറ: 109).

അല്ലാഹുവിന്റെ ഭാഗത്തുനിന്നും യുദ്ധത്തിനുള്ള കല്‍പന ലഭിക്കുന്നതുവരെ നബി ﷺ  വിട്ടുവീഴ്ച ചെയ്തു കൊണ്ടിരിക്കുക തന്നെയായിരുന്നു.(ബുഖാരി: 4565).

മക്കയില്‍ ഉണ്ടായിരുന്ന അവിശ്വാസികള്‍ ഇബ്‌നു സലൂലിന് ഇപ്രകാരം എഴുതി: ''നിങ്ങള്‍ ഞങ്ങളുടെ ആള്‍ക്ക് അഭയം നല്‍കി. അല്ലാഹുവിന്റെ പേരില്‍ ഞങ്ങള്‍ സത്യം ചെയ്ത് പറയുന്നു; നിങ്ങള്‍ മുഹമ്മദിനോട് യുദ്ധം ചെയ്യുകയോ മദീനയില്‍ നിന്ന് അവനെ പുറത്താക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ഞങ്ങള്‍ ഒന്നടങ്കം നിങ്ങളിലേക്ക് വരികയും യുദ്ധം ചെയ്യുകയും ചെയ്യും. മാത്രവുമല്ല നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ അനുവദനീയമാക്കുകയും ചെയ്യും.''

മക്കക്കാരുടെ ആവശ്യപ്രകാരം ഇബ്‌നു സലൂല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അങ്ങനെ മദീനയിലുള്ള അവിശ്വാസികളെ തന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി സംഘടിപ്പിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ നബി ﷺ  അവരോട് ഇപ്രകാരം പറഞ്ഞു: ''ക്വുറൈശികളുടെ ഭീഷണിയാണ് നിങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചത് എന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ഉദ്ദേശിച്ചിട്ടുള്ള തന്ത്രങ്ങളെക്കാള്‍ വലിയ തന്ത്രമാണ് അവര്‍ ഉദ്ദേശിച്ചിട്ടുള്ളത്. സത്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണ് യുദ്ധത്തിന് ഒരുങ്ങുന്നത്.' നബി ﷺ യുടെ ഈ വാക്ക് കേട്ടപ്പോഴാണ് അവര്‍ പിരിഞ്ഞു പോയത്'' (അബൂദാവൂദ്: 3004).

മക്കയിലെ അവിശ്വാസികള്‍ മദീനയിലെ മുസ്ലിംകളിലേക്ക് ആളെ പറഞ്ഞയച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 'നിങ്ങള്‍ ഞങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു എന്ന വിശ്വാസത്തില്‍ നിങ്ങള്‍ നിര്‍ഭയത്വത്തിന്റെ ചതിയില്‍ കുടുങ്ങി പോകരുത്. ഞങ്ങള്‍ നിങ്ങളിലേക്ക് വരിക തന്നെ ചെയ്യും. നിങ്ങളുടെ രാജ്യത്ത് വെച്ചുകൊണ്ട് നിങ്ങളുടെ അടിസ്ഥാനം ഞങ്ങള്‍ പിച്ചിച്ചീന്തുക തന്നെ ചെയ്യും.'

പക്ഷേ, അല്ലാഹു അവരെ എന്നെന്നേക്കുമായി നിന്ദിച്ചു. അവരുടെ കുതന്ത്രങ്ങളെ തകര്‍ത്തു കളഞ്ഞു. തന്റെ പ്രവാചകനെ അല്ലാഹു സഹായിക്കുകയും ചെയ്തു

''തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചുകൂട്ടപ്പെടുന്നതാണ്'' (അല്‍അന്‍ഫാല്‍: 36).