ഇസ്‌ലാമിന്റെ സൗന്ദര്യം

അബൂബക്കര്‍ സലഫി

2019 ജൂണ്‍ 08 1440 ശവ്വാൽ 05

മതത്തെയും മതനിയമങ്ങളെയും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യല്‍ ചില മുസ്‌ലിം നാമധാരികള്‍ക്ക് ഇന്ന് ഒരു ഹോബിയാണ്. പൊതുസമൂഹത്തില്‍ അംഗീകാരവും ആദരവും കിട്ടാന്‍ അതൊരു മാര്‍ഗമാണെന്നും അവര്‍ കരുതുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ വാസ്തവത്തില്‍ ചെയ്യുന്നത് അല്ലാഹുവിനെ എതിര്‍ക്കുകയും പരിഹസിക്കുകയുമാണ്.

മനുഷ്യര്‍ പരസ്പരം കൊച്ചാക്കുന്നതും പരിഹസിക്കുന്നതും പോലും ശക്തമായ ഭാഷയില്‍ ഇസ്‌ലാം എതിര്‍ത്തിട്ടുണ്ട്. അപ്പോള്‍ സ്രഷ്ടാവിനെ പരിഹസിച്ചാല്‍ എന്തായിരിക്കും അവസ്ഥ!

''സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കുന്നവര്‍) അവരെക്കാള്‍ നല്ലവരായിരിക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മികമായ പേര് വിളിക്കുന്നത് എത്ര ചീത്ത. അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍'' (ഹുജുറാത് 11).

ആഇശ(റ) നബി ﷺ യോട് സ്വഫിയ്യ(റ)യെപ്പറ്റി 'കുറിയവള്‍' എന്ന് പരിഹാസച്ചുവയോടെ പറഞ്ഞപ്പോള്‍ നബി ﷺ  പറഞ്ഞു: 'ആഇശാ! നീ പറഞ്ഞ വാക്ക് കടലില്‍ കലക്കിയാല്‍ അതിന്റെ നിറവും വാസനയും മാറുമായിരുന്നു.'

മതവിധികളുടെ മഹത്ത്വം

വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലുമാണ് മതവിധികള്‍ ഉള്ളത്. മാനവര്‍ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് പരിശുദ്ധ ക്വുര്‍ആനും അതിന്റെ വ്യാഖ്യാനമായ സുന്നത്തും. നബി ﷺ  പറഞ്ഞു: ''അല്ലാഹുവിന്റെ ഗ്രന്ഥം ആകാശത്തുനിന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ട പാശമാകുന്നു'' (സ്വഹീഹുല്‍ ജാമിഅ് 4473).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍; അതിന്റെ ഒരറ്റം അല്ലാഹുവിന്റെ കയ്യിലും ഒരറ്റം നിങ്ങളുടെ കൈകളിലുമാണ്. അതിനാല്‍ അത് മുറുകെ പിടിക്കുക. എന്നാല്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല, നശിക്കുകയില്ല'' (സില്‍സിലതുസ്സ്വഹീഹ: 1420).

ഇസ്‌ലാമിന്റെ സൗന്ദര്യം

ഇസ്‌ലാം പഠിപ്പിക്കുന്ന ഏകദൈവ സിദ്ധാന്തവും നീതിയിലും അക്രമരാഹിത്യത്തിലും സമാധാനത്തിലും അധിഷ്ഠിതമായ സാമൂഹ്യക്രമവും ആരാധനകള്‍, വിധിവിലക്കുകള്‍, ശിക്ഷാനിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളും മനുഷ്യര്‍ക്ക് നല്‍കുന്ന നിര്‍ഭയത്വവും സമാധാനവും അനിര്‍വചനീയമാണ്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ഒരു കറുത്ത സ്ത്രീയുടെ കഥപറയുന്നുണ്ട്. അവര്‍ മദീനയിലെ പള്ളിയുടെ ഒരു അരികില്‍  മറച്ചുകെട്ടി അതിലാണ് താമസിച്ചിരുന്നത്. എപ്പോഴും ആഇശ(റ)യുടെ അടുത്ത് ചെന്ന് സംസാരിച്ചിരിക്കുന്ന അവര്‍ എഴുന്നേറ്റ് പോകുമ്പോള്‍ രണ്ട് വരി കവിത പാടുമായിരുന്നു. അതിന്റെ ആശയം ഇതാണ്:

''അരപ്പട്ട (വിശാഹ്) നമ്മുടെ റബ്ബിന്റെ അത്ഭുതങ്ങളില്‍ പെട്ടതാണ്. അറിയുക അതാണ് അവിശ്വാസത്തിന്റെ നാട്ടില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയത്.''

ഒരിക്കല്‍ മഹതി ആഇശ(റ) അവരോട് ചോദിച്ചു: ''നിങ്ങള്‍ എഴുന്നേറ്റ് പോകുമ്പോള്‍ സ്ഥിരമായി ഈ രണ്ടു വരി കവിത ആലപിക്കുന്നത് എന്തിനാണ്? എന്താണ് അതിന്റെ ഉദ്ദേശ്യം?''

അവര്‍ പറഞ്ഞു: ''ഞാന്‍ ഒരു പ്രദേശത്ത് അടിമയായി ജീവിക്കുകയായിരുന്നു. എന്റെ യജമാനന്റെ ഒരു പെണ്‍കുട്ടിയിടെ കല്ല്യാണത്തിന് വേണ്ടി വിലപിടിച്ച മുത്തുകള്‍ കൊണ്ട് അലങ്കരിച്ച ഒരു അരപ്പട്ട (വിശാഹ്) അവര്‍ വാങ്ങിയിരുന്നു. കുളിക്കാന്‍ വേണ്ടി അവള്‍ അത് അഴിച്ചു വെച്ചപ്പോള്‍ മാംസമാണെന്ന് കരുതി ഒരു പരുന്ത് അതെടുത്ത് പോയി. അങ്ങനെയാണത് നഷ്ടെപ്പട്ടത് എന്ന് പറഞ്ഞിട്ട് അവര്‍ വിശ്വസിക്കുന്നില്ല. അത് ഞാന്‍ കട്ടതാണ് എന്ന് പറഞ്ഞ് അവര്‍ എന്നെ മര്‍ദിച്ചു. എന്റെ ശരീരം അവര്‍ പരിശോധിച്ചു. എന്റെ ജനനേന്ദ്രിയത്തിന്റെ ഭാഗത്ത് പോലും അവര്‍ പരിശോധിച്ചു. ഞാന്‍ റബ്ബിനോട് പ്രാര്‍ഥിച്ചു. അല്‍പ സമയം ആ പരുന്ത് ഞങ്ങളുടെ മുകളില്‍ വന്ന് ആ അരപ്പട്ട താഴെയിട്ടു. അവര്‍ക്ക് ബോധ്യമായി; എന്നോട് ചെയ്ത അക്രമങ്ങള്‍ എല്ലാം വെറുതെയായിരുന്നുവെന്ന്. അപ്പോള്‍ അടിമത്തത്തില്‍ നിന്ന് അവരെന്നെ മോചിപ്പിച്ചു. അതിന് ശേഷമാണ് ഞാനിവിടെ എത്തുന്നത്.''

ഇതിന് ശേഷം അവര്‍ അനുഭവിക്കുന്ന നിര്‍ഭയത്വവും മാനസിക സുഖവും സമാധാനവുമെല്ലാം വ്യക്തമാക്കുന്നതാണ് അവരുടെ ഈ രണ്ട് വരി കവിത.  

അവര്‍ക്ക് സ്വന്തമായി വീടില്ല. ഭര്‍ത്താവും കുടുംബങ്ങളുമില്ല. പക്ഷേ, ഇസ്‌ലാം സ്വീകരിച്ചതോടെ അവരുടെ മനസ്സിന് കൈവന്ന ധന്യത അളവറ്റതാണ്.

പഴയ ആ അടിമസ്ത്രീ മഹാനായ പ്രവാചകന്റെ പള്ളിയുടെ അരിക് മറച്ചുകെട്ടി അതില്‍ താമസിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥിരമായി ചെല്ലുന്നു. അവിടുത്തെ ഭാര്യയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിലെ ഉച്ചനീചത്വമില്ലായ്മയാണ് ഇത് വ്യക്തമാക്കിത്തരുന്നത്. അതെ, മുസ്‌ലിംകളെല്ലാം സമന്മാരാണ്. അവര്‍ക്കിടയില്‍ താഴ്ന്നവരും ഉന്നതരുമില്ല; വര്‍ഗ, ഭാഷ, ദേശ, വര്‍ണങ്ങളുടെ അതിര്‍വരമ്പുകളില്ല. തറവാടിത്തത്തിന്റെ പേരില്‍ വമ്പുപറച്ചിലുകളില്ല. ആരാണോ ദീനിന്റെ നിയമങ്ങള്‍ കൂടുതല്‍ അനുസരിച്ചു ജീവിക്കുന്നത് അവനാണ് അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതന്‍. അല്ലാഹു പറയുന്നു:

''ഹേ മനുഷ്യരേ! തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വ്യത്യസ്ത സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെയടുത്ത് നീങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ഹുജുറാത്ത് 13).

തന്റെ വിടവാങ്ങര്‍ പ്രസംഗത്തില്‍ നബി ﷺ  നബി ﷺ  പറഞ്ഞു: ''...മനുഷ്യരേ, അറിയുക: നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്. നിങ്ങളുടെ പിതാവ് ഒന്നാണ്. അറിയുക, അറബിക്ക് അനറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ധര്‍മനിഷ്ഠകൊണ്ടല്ലാതെ'' (അഹ്മദ്).

നബി ﷺ  പറഞ്ഞു: ''നിശ്ചയമായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുന്നത്; എന്നാല്‍ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് അവന്‍ നോക്കുന്നത്'' (മുസ്‌ലിം).

എത്യോപ്യയില്‍ നിന്ന് വന്ന അടിമയായിരുന്ന ബിലാല്‍(റ)വിന്റെ നിറം കറുപ്പായിരുന്നു. കാണാന്‍ ഒട്ടും സൗന്ദര്യവുമുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം ഇസ്‌ലാമിന്റെ മുന്‍നിരയിലാണ്. അദ്ദേഹത്തിന്റെ ധര്‍മനിഷ്ഠയാണ് അതിനു കാരണം. അദ്ദേഹത്തെപ്പറ്റിയും അബൂബക്ര്‍(റ)വിനെപ്പറ്റിയും ഒരിക്കല്‍ ഉമര്‍(റ) പറഞ്ഞു: ''ഞങ്ങളുടെ നേതാവ് ഞങ്ങളുടെ നേതാവിനെ മോചിപ്പിച്ചു.'' അബൂബക്ര്‍(റ) ആയിരുന്നു അദ്ദേഹത്തെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചത്.

ഹിജ്‌റ എട്ടിന് മക്കാവിജയമുണ്ടായി. നബി ﷺ  മക്കയിലേക്ക് തിരിച്ചുവരികയും മക്ക നൂറ് ശതമാനവും നബി ﷺ യുടെ നിയന്ത്രണത്തിന്‍ കീഴില്‍ ആവുകയും ചെയ്തപ്പോള്‍ നബി ﷺ  ചെയ്ത കാര്യങ്ങളില്‍ ഒന്ന് ബിലാല്‍(റ)വിനോട് കഅ്ബയുടെ മുകളിലേക്ക് കയറി ഉച്ചത്തില്‍ ബാങ്ക് കൊടുക്കാന്‍ പറഞ്ഞതായിരുന്നു. അതുവഴി മഹത്തായ ഒരു പാഠം നബി ﷺ  ലോകത്തെ പഠിപ്പിക്കുകയായിരുന്നു. തറവാട്, കുലമഹിമ, നാട്, നിറം, സമ്പത്ത്, ഭാഷ എന്നിങ്ങനെയുള്ളതൊന്നും മനുഷ്യന്റെ മഹത്ത്വവും മഹത്ത്വമില്ലായ്മയും അളക്കുന്ന മാനദണ്ഡങ്ങളല്ല; അതെല്ലാം അജ്ഞാനകാല ചിന്താഗതികളാണ് എന്ന പാഠം.

സാമൂഹ്യ നീതി

ഇസ്‌ലാമില്‍ നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. എത്ര കൊടിയ ശത്രുക്കളാണെങ്കിലും അവരോട് അനീതി ചെയ്യാന്‍ പാടില്ല. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുക, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക, അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. തീര്‍ച്ചയായും നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (അല്‍മാഇദ: 8).

അന്‍സ്വാരികളില്‍പെട്ട ഒരാള്‍ ഒരു പടയങ്കി കട്ടെടുക്കുകയുണ്ടായി. അയാള്‍ കപടവിശ്വാസിയായിരുന്നുവെന്ന് അഭിപ്രായമുണ്ട്. പക്ഷേ, കളവ് മുതല്‍ കണ്ടെടുക്കുമെന്നായപ്പോള്‍ അദ്ദേഹം ആ പടയങ്കി ഒരു യഹൂദിയുടെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. കളവിന്റെ വിഷയത്തില്‍ ചിലര്‍ തന്നെ സംശയിക്കുന്നു എന്ന് ബോധ്യമായപ്പോഴാണ് അദ്ദേഹം അങ്ങനെ ചെയ്തത്. പടയങ്കി യഹൂദിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതിനാല്‍ യഹൂദിയായിരിക്കും കട്ടത് എന്ന് നബി ﷺ  വിചാരിച്ചു. എന്നാല്‍ ഈ യഹൂദിയുടെ നിരപരാധിത്വം തെളിയിച്ചു കൊണ്ട് അല്ലാഹു താഴെ കൊടുക്കുന്ന സൂക്തം അവതരിപ്പിച്ചു:

''നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടിവാദിക്കുന്നവനാകരുത്'' (അന്നിസാഅ്: 104).

ഖൈബറിലെ യഹൂദികളുമായി നബി ﷺ  ഉടമ്പടി ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവിടെയുള്ള ഉല്‍പന്നങ്ങളുടെ നിശ്ചിത വിഹിതം വാങ്ങാന്‍ അവിടുന്ന് അബ്ദുല്ലാഹിബ്‌നു റവാഹ(റ)യെ പറഞ്ഞയച്ചു. അവിടെയെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇവിടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ മതിച്ച് ബൈതുല്‍ മാലിലേക്കുള്ള വിഹിതം കണക്കാക്കാന്‍ വന്നതാണ് ഞാന്‍.' അപ്പോള്‍ അവര്‍ സ്ത്രീകളുടെ ചില ആഭരണങ്ങളും മറ്റും കൈക്കൂലിയായി കൊണ്ടുവന്നിട്ട് അബ്ദുല്ലാഹിബ്‌നു റവാഹ(റ)യോട് പറഞ്ഞു: 'ഇത് നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ മതിച്ചു കണക്കാക്കുമ്പോള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.' അപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും മോശപ്പെട്ടവരായിട്ടാണ് ഞാന്‍ നിങ്ങളെ കാണുന്നത്. എന്നു വെച്ച് നിങ്ങളില്‍ നിന്ന് അമിതമായി ഈടാക്കി ഞാന്‍ നിങ്ങളോട് അനീതി ചെയ്യുകയുമില്ല. നിങ്ങള്‍ എന്റെ മുമ്പില്‍ സമ്മാനം എന്ന പേരില്‍ സമര്‍പ്പിച്ചത് കൈക്കൂലിയാണ്. അത് ഞങ്ങള്‍ ഭക്ഷിക്കാറില്ല. അത് ദുഷിച്ച സമ്പത്താണ്.'

വിധിവിലക്കുകള്‍

ഇന്നയിന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം, ഇന്നതെല്ലാം ചെയ്യരുത് എന്ന് അല്ലാഹു നമ്മെ ക്വുര്‍ആനിലൂടെയും നബി ﷺ  തന്റെ സുന്നത്തിലൂടെയും അറിയിച്ചിട്ടുണ്ട്. അതാണ് ഇസ്‌ലാമിലെ വിധിവിലക്കുകള്‍. അവയെ അങ്ങനെത്തന്നെ ചോദ്യം ചെയ്യാതെ സ്വീകരിക്കുകയാണ് നമ്മുടെ ബാധ്യത.

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ  ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ  തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ വഴിപിഴവില്‍ ആയിരിക്കുന്നു'' (അല്‍അഹ്‌സാബ്: 36).

''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം! അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായും സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നത് വരെ അവര്‍ വിശ്വാസികളാവുകയില്ല'' (അന്നിസാഅ്: 65).

നമ്മെ സൃഷ്ടിച്ചത് അല്ലാഹുവാണ്. നമുക്ക് ഗുണകരമായതും ദോഷകരമായതും ഏത് എന്ന് നന്നായറിയുന്നവന്‍ അല്ലാഹു മാത്രമാണ്. നമ്മുടെ ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം കൃത്യമായി അവനാണറിയുക. അങ്ങനെയുള്ളവന്‍ ഇറക്കിത്തന്ന മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. അതിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്  ക്വുര്‍ആനും സുന്നത്തും. അവയെ അവലംബിക്കാതെ സ്വന്തം ബുദ്ധിയെയും തന്നിഷ്ടത്തെയും മാത്രം അവലംബിച്ച് ജീവിച്ചാല്‍ ഇരുലോകത്തും നഷ്ടമായിരിക്കും ഫലം.  

മനുഷ്യന്റെ ബുദ്ധിക്ക് പരിധിയുണ്ട്. അത് കൊണ്ടാണ് അവന്റെ തീരുമാനങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കുന്നത്. പ്രായവും പരിതസ്ഥിതിയും ജീവിത സാഹചര്യങ്ങളും മനുഷ്യന്റെ ബുദ്ധിയെയും ഭാവനയെയും ഏറെ സ്വാധീനിക്കുന്നുണ്ട്. ചെറുപ്പത്തില്‍ കൗതുകം തോന്നുന്ന പലതും വലിപ്പത്തില്‍ ആകര്‍ഷകമായി തോന്നുകയില്ല. മുമ്പ് എടുത്തിരുന്ന പല നിലപാടുകളും തനി ബാലിശമായിരുന്നുവെന്ന് പിന്നെയവന് ബോധ്യമാവും. യൗവനത്തിലെ എടുത്തുചാട്ടം തനി വങ്കത്തമായിരുന്നുവെന്ന് മധ്യവയസ്‌കതയിലെ വിവേകം അവനെ പഠിപ്പിക്കും. എന്നാല്‍ സ്രഷ്ടാവിന്റെ അറിവിന് യാതൊരു പിരിധിയുമില്ല. അവന്‍ ത്രികാല ജ്ഞാനിയാണ്:

''...അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു...'' (അല്‍ബക്വറ: 255).

അതിനാല്‍ നമ്മുടെ ആത്യന്തിക വിജയത്തിനും രക്ഷക്കും അവന്റെ നിര്‍ദേശങ്ങള്‍ക്ക് സര്‍വാത്മനാ കീഴൊതുങ്ങകയല്ലാതെ  മറ്റു പോംവഴികളൊന്നും നമ്മുടെ മുമ്പിലില്ല. പൂര്‍വസൂരികള്‍ ഈ വിഷയത്തില്‍ ഉന്നതമായ മാതൃകകളാണ് നമുക്ക് കാണിച്ചു തന്നിട്ടുള്ളത്.

അബൂബക്ര്‍(റ) പറഞ്ഞു: ''നബി ﷺ  പ്രവര്‍ത്തിച്ച ഒന്നും ഞാന്‍ ഒഴിവാക്കുകയില്ല. അവിടുന്ന് കല്‍പിച്ച ഏതെങ്കിലും കാര്യം ഞാന്‍ ഒഴിവാക്കിയാല്‍ വ്യതിചലിച്ച് പോകുമോ എന്ന് ഞാന്‍ തീര്‍ച്ചയായും ഭയപ്പെടുന്നു.''

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''നബി ﷺ  ഇങ്ങനെ പറഞ്ഞു എന്ന് ഞാന്‍ പറയുമ്പോള്‍ അബൂബക്ര്‍ ഇങ്ങനെ പറഞ്ഞു, ഉമര്‍ ഇങ്ങനെ പറഞ്ഞു എന്നാണോ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ക്കു മീതെ മുകളില്‍ നിന്ന് ശിക്ഷയായി പാറകള്‍ വീഴാറായിട്ടുണ്ട്.''

മദ്യം നിഷിദ്ധമാക്കിയിട്ടുണ്ട് എന്നു വിളിച്ചു പറയാന്‍ നബി ﷺ  അങ്ങാടിയിലേക്ക് ഒരാളെ പറഞ്ഞയച്ചു. അത് കേട്ടമാത്രയില്‍ കച്ചവടക്കാര്‍ മുഴുവനും മദ്യം ശേഖരിച്ചു വെച്ച അവരുടെ പാത്രങ്ങളെല്ലാം തച്ചുടക്കുകയും ഞങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു, വിരമിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്തു. മദീനയുടെ തെരുവിലൂടെ മദ്യം ചാലിട്ടൊഴുകി (ബുഖാരി).

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്ന മറ്റൊരു സംഭവം ഇങ്ങനെയാണ്: ''ജനങ്ങള്‍ ഖുബാഇല്‍ സ്വുബ്ഹി നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: 'ക്വിബ്‌ല മാറിയിരിക്കുന്നു, കഅ്ബയിലേക്ക് തിരിയാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.' നമസ്‌കാരത്തില്‍വെച്ചു തന്നെ അവര്‍ കഅ്ബയിലേക്ക് തിരിഞ്ഞു'' (ബുഖാരി, മുസ്‌ലിം).

ഒരിക്കല്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ നബി ﷺ  തന്റെ രണ്ടു ചെരിപ്പുകളും ഊരിവെച്ചു. അത് കണ്ട അനുചരന്മാരും അവരുടെ ചെരിപ്പുകള്‍ ഊരി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ നബി ﷺ  ചോദിച്ചു: 'നിങ്ങള്‍ എന്തിനാണ് ചെരുപ്പുകള്‍ ഊരിവെച്ചത്?' അവര്‍ പറഞ്ഞു: 'താങ്കള്‍ അഴിച്ചുവെച്ചത് കണ്ടപ്പോള്‍ ഞങ്ങളും ചെയ്തു.' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'എന്റെ ചെരിപ്പില്‍ നജസുണ്ടെന്ന് ജിബ്‌രീല്‍ പറഞ്ഞതിനാലാണ് ഞാന്‍ ഊരിയത്.'

പരിഹസിക്കുന്നവരോട്

ഭാവിയില്‍ വ്യതിചലിച്ച പല കക്ഷികളും വരുമെന്ന് നബി ﷺ  പ്രവചിച്ചിട്ടുണ്ട്. അതില്‍ പെടാതെ റസൂലും സ്വഹാബത്തും സഞ്ചരിച്ച വഴിയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് അവിടുന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: 'എനിക്ക് ശേഷം ജീവിക്കുന്നവര്‍ ധാരാളം അഭിപ്രായ വ്യത്യാസം കാണും. അപ്പോള്‍ നിങ്ങള്‍ എന്റെ സുന്നത്തിനെയും സച്ചരിതരായ പിന്‍ഗാമികളുടെ സുന്നത്തിനെയും മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് അത് കടിച്ചുപിടിക്കുക.'

'യഹൂദികള്‍ എഴുപത്തിയൊന്ന് കക്ഷികളായും നസ്വാറാക്കള്‍ 72 കക്ഷികളായും പിരിഞ്ഞു. എന്റെ സമുദായം 73 കക്ഷികളാവും. ഒരു കക്ഷിയല്ലാത്തതെല്ലാം നരകത്തിലാവും' എന്ന് നബി ﷺ  പറഞ്ഞപ്പോള്‍ 'ആരാണ് ആ രക്ഷപ്പെട്ട കക്ഷി' അനുചരന്മാര്‍ ചോദിച്ചു. 'ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തിലാണോ ആ മാര്‍ഗത്തില്‍ ജീവിക്കുന്നവര്‍' എന്നായിരുന്നു പ്രവാചകന്റെ മറുപടി.

വ്യതിചലിച്ച കക്ഷികള്‍ പ്രമാണങ്ങളിലെ ചില കാര്യങ്ങളെ നിരാകരിക്കുന്നു, പരിഹസിക്കുന്നു, ചില ന്യായങ്ങള്‍ മെനഞ്ഞെടുത്ത് ഹദീഥുകളെ നിഷേധിക്കുന്നു. സത്യത്തെയും അസത്യത്തെയും വിവേചിക്കാന്‍ അവരുടെ ബുദ്ധിയെയും തന്നിഷ്ടങ്ങളെയും മാനദണ്ഡമാക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഇത് ക്വുര്‍ആനിന് എതിരാണ്. ഇത് ബുദ്ധിക്ക് എതിരാണ്. ഇത് ഖബര്‍ വാഹിദാണ്. ഇത് വിശ്വാസപരമാണ്. ഇത് ചരിത്രത്തിന് എതിരാണ്... ഇങ്ങനെ പൂര്‍വികര്‍ക്കൊന്നും പരിചയമില്ലാത്ത സ്വയംകൃത ന്യായങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഇവര്‍ രംഗത്ത് വരിക. ഇത്തരക്കാര്‍ ഈ വാദങ്ങളില്‍ നിന്ന് മാറി പശ്ചാത്തപിക്കുന്നില്ലെങ്കില്‍ വലിയ അപകടമാണ് അവരെ കാത്തിരിക്കുന്നത്.

അപകടങ്ങള്‍

''ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും (ഫിത്‌ന) വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ'' (അന്നൂര്‍: 63).

ഇവിടെ പറഞ്ഞ ഫിത്‌ന പലനിലയില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു:

1. ഭൗതികമായ ശിക്ഷകളും പരീക്ഷണങ്ങളും അവരെ പിടികൂടുന്നതാണ്: നബി ﷺ യെ ഇകഴ്ത്തുകയും അവിടുത്തെ അധ്യാപനങ്ങളെ പരിഹസിക്കുകയും ചെയ്തവര്‍ക്ക് ഇവിടെ വെച്ചുതന്നെ പരീക്ഷണങ്ങള്‍ നേരിട്ട അനേകം സംഭവങ്ങള്‍ കാണാന്‍ കഴിയും. മുസ്‌ലിമാണെന്ന് പറഞ്ഞ് പ്രമാണങ്ങളെ ഇകഴ്ത്തുന്നവര്‍ കരുതിയിരിക്കുക. മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കും ഇത് ബാധകം തന്നെ. അതിന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ തെളിവ് പിടിക്കുന്ന ഒരു സംഭവം കിസ്‌റാ, ഖൈസര്‍മാരുടെ ചരിത്രമാണ്. അദ്ദേഹം പറഞ്ഞു: 'ഖൈസര്‍ ചക്രവര്‍ത്തി നബി ﷺ യുടെ കത്തിനെ ആദരിച്ചു. അതിനാല്‍ അവരുടെ ആധിപത്യം ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ കിസ്‌റാ ചക്രവര്‍ത്തി നബി ﷺ യുടെ കത്ത് പിച്ചിച്ചീന്തുകയാണ് ചെയ്തത്. പുറമെ നബി ﷺ യെ നിസ്സാരമാക്കി സംസാരിക്കുകയും ചെയ്തു. അതിനാല്‍ അയാളുടെ ആധിപത്യം ഉടനത്തന്നെ തകരുകയും പിന്നെ അതിന്റെ നിലനില്‍പ് നഷ്ടപ്പെടുകയും ചെയ്തു.'

2. കുഫ്‌റില്‍ (അവിശ്വാസത്തില്‍) അകപ്പെടും: ഒരാള്‍ കാഫിറാകാന്‍ ബഹുദൈവാരധകനോ യഹൂദിയോ നസ്വ്‌റാണിയോ ആകല്‍ മാത്രമല്ല കാരണമായിട്ടുള്ളത്. വെറെയും പല കാരണങ്ങള്‍ ഉണ്ട്. അതില്‍പെട്ടതാണ് മതാധ്യാപനങ്ങളെ പരിഹസിക്കുക എന്നത്.

അല്ലാഹു പറയുന്നത് കാണുക: ''പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഒഴിവുകഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞു'' (അത്തൗബ: 65,66).

മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ്(റഹി) ഒരാളുടെ ഇസ്‌ലാമിനെ തകര്‍ക്കുന്ന പത്ത് കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ അഞ്ചാമത്തേത് ഇങ്ങനെയാണ്:

'റസൂല്‍ ﷺ  കൊണ്ടുവന്ന ഏതെങ്കിലും ഒന്നിനെ ഒരാള്‍ വെറുത്താല്‍ അയാള്‍ കാഫിറായി.'

അല്ലാഹു പറഞ്ഞു: ''അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു'' (മുഹമ്മദ്: 9)

റസൂല്‍ തിരുമേനി ﷺ  കൊണ്ടുവന്നതില്‍ ഏതെങ്കിലും ഒന്നിനെ ഒരാള്‍ പരിഹസിച്ചാല്‍ അവന്‍ സത്യനിഷേധി (കാഫിര്‍) ആയിരിക്കുന്നു. അതിനുള്ള തെളിവ് ഇതാണ്: ''നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു...'' (അത്തൗബ: 65,66).

3. കാപട്യത്തില്‍ അകപ്പെടും: നരകത്തിന്റെ അടിത്തട്ടിലായിരിക്കും കപടന്മാര്‍ എന്ന് നാം ഭയപ്പെടണം. കപടവിശ്വാസികളുടെ ലക്ഷണമാണ് പ്രമാണങ്ങളെ വെറുക്കലും പരിഹസിക്കലും.

4. ശിര്‍ക്കില്‍ അകപ്പെടും: മുകളില്‍ പ്രസ്താവിച്ച വചനത്തിലെ ഫിത്‌ന കൊണ്ടുദ്ദേശിക്കുന്നത് ശിര്‍ക്കാകുന്നു എന്ന് ഇമാം അഹ്മദ് ഇബ്‌നു ഹമ്പല്‍(റഹി) പറഞ്ഞിരിക്കുന്നു.