മദീനയിലെ ചില പ്രധാന സംഭവങ്ങള്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 26)

അബ്ദുല്ലാഹിബ്‌നു സലാമിന്റെ ഇസ്ലാമാശ്ലേഷണം

ജൂത പണ്ഡിതന്മാരില്‍ പ്രധാനിയായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം. നബി ﷺ മദീനയില്‍ എത്തിയപ്പോള്‍ അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണ് എന്ന് അബ്ദുല്ലാഹിബ്‌നു സലാമിന് ബോധ്യപ്പെടുന്ന സാഹചര്യമുണ്ടാവുകയും അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അനസ്(റ) പറയുന്നു: ''നബി ﷺ മദീനയില്‍ എത്തിയ വിവരം അബ്ദുല്ലാഹിബ്‌നു സലാം അറിഞ്ഞപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: 'ഞാന്‍ താങ്കളോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നു. ഒരു നബിക്കല്ലാതെ അതിന്റെ ഉത്തരങ്ങള്‍ അറിയുകയില്ല.' എന്നിട്ട് ചോദിച്ചു: 'അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം എന്താണ്? സ്വര്‍ഗക്കാര്‍ ആദ്യമായി കഴിക്കുന്ന ഭക്ഷണം എന്താണ്? ഒരു കുഞ്ഞിന് ഉമ്മയോടും ഉപ്പയോടും സാദൃശ്യം ഉണ്ടാകുന്നത് എപ്പോഴാണ്?' അപ്പോള്‍ നബി ﷺ പറഞ്ഞു: 'ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുറച്ചു മുമ്പ് ജിബിരീല്‍ എന്നെ അറിയിച്ചു.' അപ്പോള്‍ അബ്ദുല്ല പറഞ്ഞു: 'ജിബ്‌രീല്‍ മലക്കുകളിലെ കൂട്ടത്തില്‍ ജൂതന്മാരുടെ ശത്രുവാണ്.' നബി ﷺ പറഞ്ഞു: 'അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം കിഴക്കുനിന്നും പടിഞ്ഞാറോട്ട് ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു തീയാണ്. സ്വര്‍ഗക്കാരുടെ ഒന്നാമത്തെ ഭക്ഷണം മത്സ്യത്തിന്റെ കരളാണ്. ഒരു കുഞ്ഞിന് പുരുഷനോട് സാദൃശ്യം ഉണ്ടാകുവാന്‍ കാരണം പുരുഷന്റെ വെള്ളം സ്ത്രീയെ അതി ജയിക്കുമ്പോഴാണ്. എന്നാല്‍ സ്ത്രീയുടെ വെള്ളം അതിജയിച്ചാല്‍ കുഞ്ഞിന്റെ സാദൃശ്യം ഉമ്മയോടായിരിക്കും.' ഇത് കേട്ട മാത്രയില്‍ അബ്ദുല്ലാഹിബ്‌നു സലാം പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.' എന്നിട്ട് പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാര്‍ വല്ലാതെ കളവ് പറയുന്ന സമൂഹമാണ്. ഞാന്‍ മുസ്‌ലിം ആയിരിക്കുന്നു എന്ന വിവരം അവര്‍ അറിഞ്ഞാല്‍ താങ്കള്‍ക്ക് മുമ്പില്‍ വെച്ചു കൊണ്ട് അവര്‍ എന്നെക്കുറിച്ച് ആരോപണങ്ങള്‍ പറയും.' അങ്ങനെ ജൂതന്മാര്‍ വന്നു. അബ്ദുല്ല(റ) വീട്ടിലേക്ക് പ്രവേശിച്ചു. നബി ﷺ ചോദിച്ചു: 'ആരാണ് നിങ്ങളില്‍ അബ്ദുല്ലാഹിബ്‌നു സലാം?' അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങളിലെ ഏറ്റവും വലിയ പണ്ഡിതനാണ്. പണ്ഡിതന്റെ മകനാണ്. ഞങ്ങളില്‍ ഏറ്റവും നല്ലവനാണ്. ഏറ്റവും നല്ലവന്റെ മകനാണ്.' അപ്പോള്‍ നബി ﷺ ചോദിച്ചു: 'അബ്ദുല്ല ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?' അവര്‍ പറഞ്ഞു: 'അല്ലാഹു അദ്ദേഹത്തെ അതില്‍ നിന്നും കാത്തു രക്ഷിക്കട്ടെ.' ഈ സന്ദര്‍ഭത്തില്‍ അബ്ദുല്ല(റ) അവരിലേക്ക് ഇറങ്ങിവന്നു. എന്നിട്ട് പറഞ്ഞു: 'അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.' ഇത് കേട്ടമാത്രയില്‍ അവര്‍ ഒന്നടങ്കം പറഞ്ഞു: 'അബ്ദുല്ലാഹിബ്‌നു സലാം ഞങ്ങളില്‍ ഏറ്റവും മോശക്കാരനാണ്. ഏറ്റവും മോശക്കാരന്റെ മകനാണ്.' അവര്‍ അദ്ദേഹത്തെക്കുറിച്ച് പല ആരോപണങ്ങളും പറയാന്‍ തുടങ്ങി'' (ബുഖാരി: 3329).

സഅ്ദ്(റ) പറയുന്നു: ''ജീവനോടുകൂടി ഭൂമിയിലൂടെ നടക്കുന്ന ഒരാളെ സംബന്ധിച്ച്, അദ്ദേഹം സ്വര്‍ഗത്തിലാണെന്ന് അബ്ദുല്ലാഹിബ്‌നു സലാമിനെക്കുറിച്ചല്ലാതെ നബി ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല''(ബുഖാരി: 3812, മുസ്‌ലിം: 2483).

ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍(റ) റൂമാ കിണര്‍ വാങ്ങുന്നു

ഉസ്മാന്‍(റ)വില്‍ നിന്നും നിവേദനം; നബി ﷺ പറഞ്ഞു: ''വല്ലവനും റൂമാ കിണര്‍ കുഴിച്ചാല്‍ അവന് സ്വര്‍ഗമുണ്ട്.'' ഉസ്മാന്‍(റ) പറയുന്നു: ''അങ്ങനെ ഞാനാണത് കുഴിച്ചത്'' (ബുഖാരി 2778).

ഇവിടെ കിണര്‍ കുഴിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പുതിയ കിണര്‍ ഉണ്ടാക്കുക എന്നതല്ല. മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് രുചികരമായ വെള്ളം കുടിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഒരു ജൂതന്റെ കൈവശത്തിലുള്ള കിണര്‍ മാത്രമായിരുന്നു അഭയമായി അവര്‍ക്കുണ്ടായിരുന്നത്. അങ്ങനെ നബി ﷺ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ''ആരാണ് ജൂതനില്‍ നിന്നും റൂമാ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്ക് ദാനം ചെയ്യുന്നത് അവന് സ്വര്‍ഗമുണ്ട്.'' അത് കേട്ടപ്പോള്‍ ഉസ്മാന്‍(റ) അതിനു വേണ്ടി തയ്യാറാവുകയും തന്റെ പണം കൊടുത്ത് ആ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്കായി ദാനം ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ചാണ് കിണര്‍ കുഴിച്ചു എന്ന പരാമര്‍ശം ഹദീസില്‍ വന്നിട്ടുള്ളത്.

നമസ്‌കാരത്തിലെ വര്‍ധനവ്

മുഹമ്മദ് നബി ﷺ മിഅ്‌റാജ് പോയ സന്ദര്‍ഭത്തില്‍ നിര്‍ബന്ധമാക്കപ്പെട്ട അഞ്ചുനേരത്തെ നമസ്‌കാരം രണ്ട് റക്അത്ത് വീതമായിരുന്നു. മഗ്‌രിബ് മാത്രമാണ് മൂന്ന് റക്അത്ത് ഉണ്ടായിരുന്നത്. മദീനയില്‍ എത്തിയതിനു ശേഷം സ്വുബ്ഹി അല്ലാത്ത മറ്റുള്ള നമസ്‌കാരങ്ങളെല്ലാം രണ്ടില്‍ നിന്ന് നാലിലേക്ക് വര്‍ധിപ്പിച്ചു. മഗ്‌രിബ് മാത്രം മൂന്ന് റക്അത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നാല് റക്അത്തായി നിശ്ചയിക്കപ്പെട്ട ഈ നമസ്‌കാരങ്ങള്‍ യാത്രക്കാര്‍ക്ക് രണ്ട് റക്അത്തായി നിര്‍വഹിക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു. (അഹ്മദ്: 26338).

സ്വുബ്ഹി നമസ്‌കാരം രണ്ട് റക്അത്തില്‍ തന്നെ പരിമിതപ്പെടുത്തിയത് അതില്‍ സുദീര്‍ഘമായി ഓതുന്നതിനുവേണ്ടിയാണ് എന്നും മഗ്‌രിബ് നമസ്‌കാരം മൂന്നില്‍ പരിമിതപ്പെടുത്തിയത് അത് പകലിലെ വിത്ര്‍ ആയതിനാലാണ് എന്നും ഇബ്‌നു ഹിബ്ബാനിന്റെ ഹദീസില്‍ (2738) കാണുവാന്‍ സാധിക്കും.

നബി ﷺ യുടെ ഒരു ഭയം

നബി ﷺ യുടെ അനുചരന്മാരെല്ലാം മസ്ജിദുന്നബവിയുടെ സമീപത്തേക്ക് താമസം മാറ്റുന്നതിനാല്‍ മദീനയുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ ആളുകളില്‍ നിന്നും ഒഴിവായി കിടക്കുമോ എന്നുള്ള പേടി നബിക്കുണ്ടായി. ബനൂസലമക്കാര്‍ മദീനയുടെ ദൂര പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. അവര്‍ മസ്ജിദുന്നബവിയുടെ അടുത്തേക്ക് താമസം മാറ്റുവാന്‍ ആഗ്രഹിച്ചപ്പോള്‍ നബി ﷺ അതില്‍ നിന്നും വിലക്കുകയും നിങ്ങള്‍ ദൂരെനിന്ന് നടന്നുവന്നാല്‍ അത്രയും പ്രതിഫലം നിങ്ങള്‍ക്കുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.

ജാബിര്‍ ബിന്‍ അബ്ദുല്ല(റ) പറയുന്നു: ''ഞങ്ങളുടെ വീട് മദീനയില്‍ നിന്നും അല്‍പം അകലെയായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ വില്‍ക്കുവാനും പള്ളിയുടെ അടുത്തേക്ക് താമസം മാറ്റുവാനും ഉദ്ദേശിച്ചു. അപ്പോള്‍ നബി ﷺ ഞങ്ങളെ അതില്‍നിന്നും വിലക്കി. എന്നിട്ട് ഞങ്ങളോട് പറഞ്ഞു: 'നിങ്ങള്‍ക്ക് ഓരോ കാല്‍വെപ്പിനും ഓരോ സ്ഥാനം ഉയര്‍ത്തപ്പെടുന്നതാണ്'' (മുസ്‌ലിം: 664).

ബനൂസലമക്കാരോട് നബി ﷺ ഇപ്രകാരം പറയുകയുണ്ടായി: ''അല്ലയോ ബനൂസലമക്കാരേ, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ തന്നെ താമസിക്കുക. നിങ്ങളുടെ കാലടികള്‍ നന്മയായി രേഖപ്പെടുത്തപ്പെടും' -ഇത് രണ്ടു തവണ ആവര്‍ത്തിച്ചു'' (ബുഖാരി: 656, മുസ്‌ലിം: 665).

വീട്ടില്‍നിന്നും പള്ളിയിലേക്കുള്ള നടത്തം പ്രതിഫലമായി നിങ്ങള്‍ക്ക് രേഖപ്പെടുത്തപ്പെടും എന്നും അതുകൊണ്ട് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തു തന്നെ നിങ്ങള്‍ താമസിക്കുക എന്നുമായിരുന്നു ആ പറഞ്ഞതിന്റെ അര്‍ഥം. മദീനയുടെ ചുറ്റുവട്ടത്തുമുള്ള എല്ലാ ആളുകളും മസ്ജിദുന്നബവിയുടെ അടുത്തേക്ക് താമസം മാറ്റിക്കഴിഞ്ഞാല്‍ മദീനയുടെ മറ്റുഭാഗങ്ങള്‍ ഒഴിഞ്ഞു കിടക്കുകയും ശത്രുക്കളുടെയും മറ്റും പ്രവേശനത്തിനും നുഴഞ്ഞുകയറ്റത്തിനും കാരണമായിത്തീരും എന്നുമുള്ള ഭയമായിരിക്കാം ഈ നിലപാട് കൈക്കൊള്ളാന്‍ നബി ﷺ യെ പ്രേരിപ്പിച്ചത്.

യുദ്ധത്തിനുള്ള അനുമതി ലഭിക്കുന്നു

നാല് ഘട്ടങ്ങളിലായിക്കൊണ്ടാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന്റെ മതനിയമം ഇറങ്ങുന്നത്.

ഒന്നാം ഘട്ടം: ഇസ്‌ലാമിന്റെ ആരംഭ കാലത്ത് മക്കയില്‍ ക്ഷമയോടു കൂടി നിലകൊള്ളുവാനാണ് അല്ലാഹു വിശ്വാസികളോട് കല്‍പിച്ചത്. മുശ്‌രിക്കുകളില്‍നിന്നുണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുവാനും അവര്‍ക്ക് മാപ്പ് കൊടുക്കുവാനുമുള്ള കല്‍പനയാണ് അല്ലാഹു നല്‍കിയത്. നമസ്‌കാരവും സകാതും എല്ലാം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടു പോകുവാനുള്ള നിര്‍ദേശവും അല്ലാഹു നല്‍കി. മക്കാരാജ്യത്തായിരിക്കെ എണ്ണം കൊണ്ടും സായുധശക്തി കൊണ്ടും അവര്‍ വളരെ ദുര്‍ബലമായിരുന്നു. ശത്രുക്കളാകട്ടെ നേരെ മറിച്ചും. അല്ലാഹു പറയുന്നു:

''(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും പ്രാര്‍ഥന മുറപോലെ നിര്‍വഹിക്കുകയും സകാത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ?...'' (അന്നിസാഅ്: 77).

മുശ്‌രിക്കുകളുടെ കുതന്ത്രങ്ങളിലും പ്രയാസപ്പെടുത്തലുകളിലും നബി ﷺ യും അനുയായികളും ക്ഷമ കൈക്കൊണ്ട് തിരിച്ചടിക്കാന്‍ തുനിയാതെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ദഅ്‌വത്തില്‍ ഉറച്ചു നിന്ന് മുന്നോട്ടു നീങ്ങുകയായിരുന്നു. അല്ലാഹുവിന്റെ കല്‍പന പ്രകാരം തന്നെയായിരുന്നു ഇത്:

''അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു'' (അല്‍ഹിജ്ര്‍: 94,95).

വേദക്കാര്‍ക്കും സത്യനിഷേധികള്‍ക്കും മാപ്പ് കൊടുക്കുവാനും വിട്ടുവീഴ്ച ചെയ്യുവാനും അല്ലാഹു നബി ﷺ യോട് കല്‍പിക്കുകയും ചെയ്തു:

''നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ'' (അല്‍ബക്വറ: 109).

അല്ലാഹുവിന്റെ ഈ കല്‍പന നബി ﷺ യും അനുയായികളും കൃത്യമായി പാലിച്ചു

''തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു'' (ആലു ഇംറാന്‍: 186).

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും ചേര്‍ന്ന് നബി ﷺ യുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ മുശ്‌രിക്കുകളായിരുന്ന കാലത്ത് വലിയ പ്രതാപത്തിലായിരുന്നു. എന്നാല്‍ ഞങ്ങള്‍ വിശ്വാസികളായപ്പോള്‍ നിന്ദ്യന്മാരായിത്തീര്‍ന്നിരിക്കുകയാണ്.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'മാപ്പ് കൊടുക്കുവാനാണ് ഇപ്പോള്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ ജനതയോട് നിങ്ങള്‍ യുദ്ധം ചെയ്യരുത്.' പിന്നീട് അവര്‍ മദീനയിലേക്ക് മാറിയപ്പോള്‍ യുദ്ധത്തിനുള്ള കല്‍പന അല്ലാഹു നല്‍കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഈ സൂക്തം (അന്നിസാഅ്: 77) അവതരിപ്പിക്കുന്നത്'' (ഹാകിം: 2377).

രണ്ടാം ഘട്ടം: നബി ﷺ യില്‍ വിശ്വസിച്ച ആളുകള്‍ക്കെതിരില്‍ ക്വുറൈശികള്‍ വലിയ ഫിത്‌നകള്‍ ഉണ്ടാക്കിയിരുന്നു. മതം കൊണ്ട് പരീക്ഷിക്കപ്പെട്ടവരും ശരീരം കൊണ്ട് ശിക്ഷിക്കപ്പെടുന്ന വരുമായിരുന്നു അവര്‍. അതുകൊണ്ട് തന്നെ തന്നെ സ്വന്തം രാജ്യത്ത് നിന്നും മതം സംരക്ഷിക്കുവാന്‍ അവര്‍ ഓടി രക്ഷപ്പെട്ടു. അങ്ങനെയാണ് ചില സ്വഹാബിമാര്‍ അബിസീനിയയിലേക്കും പിന്നീട് മദീനയിലേക്കും ഹിജ്‌റ പോയത്. ക്വുറൈശികള്‍ അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിക്കുകയും അല്ലാഹുവിന്റെ മതത്തെ അവഗണിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയും പ്രവാചകനെ നിഷേധിക്കുകയും ആ പ്രവാചകനെ പിന്‍പറ്റിയ ആളുകളെ ദ്രോഹിക്കുകയും ചെയ്തപ്പോള്‍ അവരുമായി യുദ്ധത്തിനുള്ള കല്‍പന അല്ലാഹു നല്‍കുകയാണ്. മുസ്ലിംകളില്‍ നിന്ന് പീഡിപ്പിക്കപ്പെടുന്ന ആളുകള്‍ക്കുള്ള സുരക്ഷയുടെ മാര്‍ഗം കൂടിയായിരുന്നു ഇത്.

''യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും ക്രിസ്തീയദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത് നല്‍കുകയും സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു'' (അല്‍ഹജ്ജ്: 39-41).