ഇല്‍ഫതുല്‍ ഇസ്ലാം: നവോത്ഥാനത്തിന്റെ ജീവശക്തി

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 മെയ് 18 1440 റമദാന്‍ 13

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 16

(ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍: 10)

ലോകപ്രസിദ്ധ മുസ്ലിം പരിഷ്‌കര്‍ത്താക്കളായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ്, സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് റിദ തുടങ്ങിയവരുടെ നവോത്ഥാന ചിന്തകള്‍ ഒരു നൂറ്റാണ്ടു മുമ്പത്തെ കേരളീയ മുസ്ലിം സമൂഹത്തില്‍ അടങ്ങാത്ത അലയൊലികള്‍ തീര്‍ത്ത ചരിത്രപ്രധാനമായ ഒരു കാലഘട്ടത്തിലാണ് ഹമദാനി തങ്ങള്‍ 'ഇല്‍ഫതുല്‍ ഇസ്‌ലാം' എന്ന വിശിഷ്ട ഗ്രന്ഥം രചിക്കുന്നത്. അന്നത്തെ കേരളത്തിലെ മുസ്ലിം ജനസാമാന്യം ത്വരീക്വത്തുകളുടെ കരാള ദ്രംഷ്ടങ്ങളിലമര്‍ന്ന്, കലഹപ്രിയരായി മാറി, വെളിച്ചമെന്തെന്നറിയാതെ ഇരുട്ടിനെ ബഹുമാനിച്ചു കഴിയുകയായിരുന്നു. റാത്തീബ് പുരകളും ദര്‍ഗകളും ഇസ്‌ലാമിന്റെ ആവാസകേന്ദ്രങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടു. വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനില്‍ക്കല്‍ മുസ്ലിം സമുദായത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ പ്രവിശാലമായ മുസ്ലിം ലോകത്തില്‍ രണ്ട് വിഭാഗക്കാരെയാണ് ഇതേ സമയത്ത് പ്രധാനമായും കാണാന്‍ കഴിഞ്ഞിരുന്നത്.

ഒന്ന്: ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങളെക്കുറിച്ച് അജ്ഞരായ പാശ്ചാത്യാനുകര്‍ത്താക്കള്‍.

രണ്ട്: കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ എന്ത്, പ്രശ്‌നങ്ങള്‍ എന്ത് എന്ന് തീരെ അറിഞ്ഞുകൂടാത്ത ഭൂതകാല പ്രേമികള്‍.

ഈ ഒരു പ്രതിസന്ധിഘട്ടത്തിലാണ് ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടും പാശ്ചാത്യരില്‍ നിന്ന് ഒട്ടും കടം എടുക്കാതെയുമുള്ള പരിഷ്‌കരണവുമായി ലോക മുസ്ലിം പരിഷ്‌കര്‍ത്താക്കള്‍ കടന്നുവരുന്നത്. മുസ്ലിം സമൂഹത്തില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ  ജ്ഞാനശാസ്ത്രാബദ്ധങ്ങളെയും വ്യാഖ്യാന വ്യതിയാനങ്ങളെയും അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങളെയും വകഞ്ഞുമാറ്റി യഥാര്‍ഥ ഇസ്‌ലാമിനെ സുതരാം പ്രകാശിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. മൗലിക സ്രോതസ്സുകളില്‍ നിന്ന് നേരിട്ട് വെളിച്ചം കൊളുത്തിയെടുത്തുകൊണ്ട് മുന്‍ഗാമികള്‍ എത്തിപ്പിടിച്ച അതേ ലക്ഷ്യങ്ങള്‍ പുതിയ ചരിത്ര സന്ദര്‍ഭങ്ങളില്‍ ഇവരും എത്തിപ്പിടിക്കുകയുണ്ടായി. പണ്ഡിത കൂട്ടായ്മക്ക് രൂപം നല്‍കിയാണ് അവരില്‍ ചിലര്‍ മാറ്റത്തിന് വഴിമരുന്നിട്ടത്. ഒന്നിനെയും അവര്‍ അന്ധമായി  നിരാകരിച്ചില്ലെന്ന് മാത്രമല്ല, സ്വന്തമായി അനുകരിക്കുകയും ചെയ്തില്ല. പാശ്ചാത്യ ശാസ്ത്രങ്ങളില്‍ നിന്നും സാങ്കേതിക വിദ്യകളില്‍ നിന്നും സാമുദായിക അഭിവൃദ്ധിക്ക് ഉപയുക്തമായതെല്ലാം അവര്‍ സ്വീകരിച്ചു. 

സയ്യിദ് റഷീദ് രിദയുടെ വിഖ്യാത ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ തഫ്‌സീറുല്‍ മനാറും അദ്ദേഹത്തിന്റെ വിശ്രുതമായ 'അല്‍മനാര്‍' മാസികയും വായിച്ചുതള്ളുക മാത്രമല്ല ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ ചെയ്തത്. ലോകമൊട്ടാകെ നടക്കുന്ന മുസ്ലിം സമുദായ പരിഷ്‌കരണ സംരംഭങ്ങളെയെല്ലാം നിഷ്പക്ഷമായ നിരീക്ഷണത്തിനും കൂലങ്കഷമായ അന്വേഷണത്തിനും വിധേയമാക്കിയ ഹമദാനി തങ്ങള്‍ പാശ്ചാത്യ ചിന്തകരുടെ ഇസ്‌ലാം വായനകളും ഏറെ ശ്രദ്ധിച്ചിരുന്നു. ലോകാംഗീകൃതമായ മുസ്ലിം പരിഷ്‌കരണ ദൗത്യങ്ങളുടെ സദ്ഫലങ്ങള്‍ സ്വാംശീകരിക്കുകയും കേരളീയ സാഹചര്യങ്ങള്‍ക്കനുസൃതമായി അവയെ ക്രോഡീകരിക്കുകയുമാണ് തങ്ങള്‍ ചെയ്തത്. അക്കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ 'ഇല്‍ഫതുല്‍ ഇസ്‌ലാം' എന്ന ചിന്തോദ്ദീപകമായ രചന ഒരര്‍ഥത്തില്‍ കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ഭരണഘടനയാണെന്ന് അത് വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ സംഘടിത രൂപത്തിന്റെ പിതാവായിരുന്ന ഇ.കെ.മൗലവിയെ ഹഠാദാകര്‍ഷിച്ച, ഗ്രന്ഥകാരനെക്കുറിച്ച് മതിപ്പ് വര്‍ധിപ്പിക്കാനിടയാക്കിയ, പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് വഴി തെളിയിച്ച അതേ ഗ്രന്ഥം.

ഒന്നാവുക, നന്നാവുക

ഗ്രന്ഥാരംഭത്തില്‍ തന്നെ നല്‍കിയ വിശുദ്ധ ക്വുര്‍ആനിലെ മൂന്നാം അധ്യായമായ ആലുഇംറാനിലെ നൂറാം വചനത്തെ വിശദീകരിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ ഇങ്ങനെ എഴുതി:

''ഈ ആയത്തിന്റെ(37) തര്‍ജമയും(38) തഫ്‌സീറും(39) എഴുതുന്നതിന്റെ മുമ്പ് 'ശഅ്‌നുന്നുസൂല്‍'   അഥവാ ആയത്ത് ഇറങ്ങുവാന്‍ കാരണം എന്താണെന്ന് വിവരിക്കുന്നത്  അതി ഉത്തമമായിരിക്കും എന്ന് വിചാരിക്കുന്നു. എന്നാല്‍ കുതുബുസ്സിയറിലും(40) തഫ്‌സീറുകളിലും(41) എഴുതിയിരിക്കും പ്രകാരം മദീനത്തുല്‍ മുനവ്വറയില്‍ യഹൂദികളെ കൂടാതെ ഔസ്-ഖസ്‌റജ് അല്ലെങ്കില്‍ മറ്റൊരു പേരില്‍ ബനൂബക്ര്‍, ബനൂതഗ്‌ലബ് എന്ന രണ്ടുകൂട്ടര്‍ ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ 120 വര്‍ഷത്തോളം സദാ കലഹങ്ങളും യുദ്ധങ്ങളും നടന്നുകൊണ്ടിരുന്നു. പരിശുദ്ധ മദീനയില്‍ ആദ്യം ഇസ്‌ലാം ആയത്(42) ഈ രണ്ട് കൂട്ടര്‍ തന്നെയാണ്. ദീനുല്‍ ഇസ്‌ലാമിന്റെ(43) നിഅ്മതും(44) സ്വുഹ്ബതുര്‍റസൂലിന്റെ(45) ബറകതും(46) കൊണ്ട് അവര്‍ ഇസ്ലാം ആയപ്പോള്‍ തന്നെ അവര്‍ തമ്മില്‍ മുമ്പ് ഉണ്ടായിരുന്ന വിരോധം (അദാവത്ത്) അവരെ വിട്ടുമാറി അവര്‍ സ്‌നേഹത്തിലായി (മഹബ്ബത്ത്). മുന്‍ കഴിഞ്ഞ പകയുടെ യാതൊരു ലക്ഷണവും അവരില്‍ ഉണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഈ രണ്ടുകൂട്ടരില്‍ നിന്ന് ചിലര്‍ വളരെ സന്തോഷത്തോടും സ്‌നേഹത്തോടും കൂടി ഒരു സ്ഥലത്ത് ഒരുമിച്ചുകൂടിയിരിക്കുന്ന അവസരത്തില്‍ യഹൂദികളുടെ മൂപ്പന്മാരില്‍ ഒരുവനും മുസ്‌ലിമീങ്ങളോടും റസൂലുല്ലാഹി(47) അവര്‍കളോടും അതിവിരോധം ഉള്ളവനുമായ ശാസുബ്‌നു കൈ്വസ് എന്നവന്‍ അവരുടെ അടുത്ത് കൂടി പോകുമ്പോള്‍ മുസ്‌ലിമീങ്ങളുടെ പരസ്പര സ്‌നേഹത്തെയും യോജിപ്പിനെയും കണ്ട് അവന്‍ വളരെ അസൂയയോടും പകയോടും കൂടെ യഹൂദികളില്‍ ഒരു ബാലനെ വിളിച്ച് അവനോട് പറഞ്ഞു: 'ഔസ്, ഖസ്‌റജ് എന്ന ഈ രണ്ട് കൂട്ടരും വിശ്വസിച്ചു ഇസ്‌ലാമായപ്പോള്‍ തന്നെ അവരില്‍ മുമ്പുണ്ടായിരുന്ന വഴക്കും പിണക്കവും നീങ്ങി അവര്‍ തമ്മില്‍ വളരെ യോജിപ്പിലും സ്‌നേഹത്തിലുമായിരിക്കുന്നു. ഇനി നമ്മുടെ ചതികളും അധികാരങ്ങളും അവരില്‍ നടക്കുന്നതല്ല. ആയതുകൊണ്ട് നീ അവരുടെ കൂട്ടത്തില്‍ ചെന്ന്കൂടി അവരില്‍ മുമ്പ് കഴിഞ്ഞ യുദ്ധകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു പഴയ പിണക്കത്തെ ഓര്‍മപ്പെടുത്തി രണ്ടാമതും കലഹത്തെ ഉണ്ടാക്കിത്തീര്‍ക്കണം.'

ആ യഹൂദി ഈ ബാലനോട് ചട്ടംകെട്ടിയതനുസരിച്ച് അവന്‍ അവരുടെ ഇടയില്‍ കടന്ന് മുന്‍കഴിഞ്ഞ പല യുദ്ധ കഥകള്‍ പറഞ്ഞു കേള്‍പിച്ചു, എന്നുമാത്രമല്ല, ഈ രണ്ടു കൂട്ടരുടെയും ചില മഹാന്മാര്‍ യുദ്ധ സന്ദര്‍ഭങ്ങളില്‍ ചൊല്ലിയിട്ടുള്ള ചില ബൈത്തുകളും ചൊല്ലിക്കേള്‍പിച്ചപ്പോള്‍ അവര്‍ക്ക് പഴയ വിരോധവും കലഹങ്ങളും ഓര്‍മ വന്ന് വീണ്ടും അവര്‍ തമ്മില്‍ കലഹിക്കാന്‍ ഒരുക്കമായി. ആയുധങ്ങള്‍ അണച്ച് ഇരുകൂട്ടരും യുദ്ധത്തിനായി ഒരുങ്ങിയപ്പോള്‍ അല്ലാഹു തആലാ ഈ ആയത്തിനെ റസൂലുല്ലാഹി ﷺ  അവര്‍കള്‍ക്ക് അറിയിച്ച് കല്‍പനാനുസരണം തങ്ങള്‍(48) അസ്വ്ഹാബുകളില്‍(49) ചിലരെയും കൂട്ടിക്കൊണ്ട് യുദ്ധത്തിന് ഒരുങ്ങിനിന്നവരുടെ അടുക്കല്‍ ചെന്ന് ആയത്ത് ഓതിക്കേള്‍പിച്ച് അവരോട് ഇപ്രകാരം ചോദിച്ചു: 

'ഹേ! മുഅ്മിനീങ്ങളേ(51), നിങ്ങളെ ദീനുല്‍ഇസ്‌ലാം കൊണ്ട് അനുഗ്രഹിച്ചിരിക്കുകയും ഞാന്‍ നിങ്ങളെ ഒരുമിച്ചുണ്ടായിരിക്കുകയും ചെയ്തിട്ട് കൂടി നിങ്ങള്‍ അജ്ഞതയും (ജഹ്ല്‍, അറിവ്‌കേട്) വിരോധവും പറഞ്ഞു കലഹിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത് ന്യായമോ? ഒരിക്കലും ന്യായമല്ല. നിങ്ങള്‍ ദീനുല്‍ ഇസ്‌ലാമിനെ വിശ്വസിച്ച് മുഅ്മിനായപ്പോള്‍(52) തന്നെ ഈമാന്‍ നിമിത്തം നിങ്ങളുടെ അന്ധവിശ്വാസത്തെയും (ജാഹിലിയ്യത്ത്) വിഡ്ഢിത്തത്തെയും(സഫാഹത്ത്) ദുഷ്ടതകളെയും നിങ്ങളില്‍ നിന്ന് കേവലം നീക്കി നിങ്ങളില്‍ അന്യോന്യം സ്‌നേഹത്തെയും വിനയത്തെയും(തവാദുഅ്) ജനിപ്പിച്ചു' എന്ന് തങ്ങള്‍(53) അവരോട് പറഞ്ഞ മാത്രയില്‍ യുദ്ധത്തിനായി ഒരുങ്ങിപ്പുറപ്പെട്ടിരുന്ന രണ്ടു കൂട്ടരും ഉണര്‍ന്ന് അവരുടെ ആയുധങ്ങള്‍ കയ്യില്‍ നിന്ന് എറിഞ്ഞുകളഞ്ഞുകൊണ്ട് വ്യസനസമേതം ഇങ്ങിനെ പരസ്പരം പറയുന്നവരായി:

'നമ്മള്‍ ഇസ്‌ലാം ദീനില്‍ വിശ്വസിച്ച് മുസ്‌ലിമീങ്ങള്‍ ആയതിനുശേഷം തമ്മില്‍ തന്നെ യുദ്ധത്തിനായി ഒരുങ്ങിയതായ ഈ ദുഷ്പ്രവൃത്തി പൈശാചികവും (ശൈത്വാനിയ്യത്ത്) നമ്മുടെ വിരോധികളായ യഹൂദികളുടെ ചതിയുമായിരുന്നു. ഇസ്‌ലാം നിയമാനുസരണം നമ്മള്‍ വിശ്വസിച്ചതിന് ശേഷം ഒരിക്കലും തമ്മില്‍ പിണങ്ങാന്‍ മാര്‍ഗമില്ല'(54) എന്ന് പറഞ്ഞതോടുകൂടി പരസ്പരം അണച്ചുകൂട്ടി മുത്തിമണത്ത്(55) സ്‌നേഹപൂര്‍വ്വം പിരിഞ്ഞു.

മേല്‍പ്പറഞ്ഞ ആയത്തും അതോടെ അടുത്ത മറ്റു ചില ആയത്തുകളും മുഅ്മിനീങ്ങള്‍ തമ്മില്‍ അശേഷം പിണങ്ങാതെ എപ്പോഴും സ്‌നേഹത്തിലും യോജിപ്പിലും പരസ്പര സഹായത്തിലും തന്നെ കാലയാപനം ചെയ്യേണ്ടതാണെന്ന് ഉണര്‍ത്തുവാനായി അല്ലാഹു തആലാ അറിയിച്ചു തന്ന ആയത്ത് ആകുന്നു. ഇനി ഇതിന്റെ തര്‍ജമ പറയാം.''(56)

''തമ്മില്‍ കാപട്യവും തര്‍ക്കവും ശത്രുതയും അവിശ്വാസികളുടെ സംസ്‌കാരവും ദുഷിച്ച അനാചാരങ്ങളും കടന്നുകൂടിയിരിക്കുന്നത് അതിശയവും വിഡ്ഢിത്തവും അജ്ഞതയും കുഫ്‌രിയ്യത്തിന്റെ മാര്‍ഗവും തന്നെ എന്നതിന് സംശയമില്ല. പ്രവാചകന്‍ മുഹമ്മദ് നബി ﷺ  പറഞ്ഞു: എനിക്ക് ശേഷം നിങ്ങള്‍ പരസ്പരം കഴുത്ത് വെട്ടുന്ന അവിശ്വാസികളായി മാറരുത്.''(57) ഹദീഥ് പണ്ഡിതന്മാര്‍ ഇതിനു നല്‍കിയ വിശദീകരണം ഇങ്ങനെയാണ്:

''അതായത് പരസ്പരം കൊല ചെയ്യുന്ന വിവിധ സംഘങ്ങളായാല്‍ ശത്രുത നിമിത്തം പരസ്പരം കൊല്ലുന്ന അവിശ്വാസികള്‍ക്ക് സമാനമാകും.''(58)

വേദസാരമറിയാത്ത വേദാന്തികള്‍

ഇന്നേക്ക് 103 വര്‍ഷം മുമ്പ് കേരള മുസ്ലിംകളുടെ മതപരമായ ശോചനീയ സ്ഥിതി ഹമദാനി തങ്ങള്‍ വിവരിക്കുന്നത് ഏവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. വേദപ്രമാണമായ ക്വുര്‍ആനിനെ കൈവിട്ടതാണ് ദുരന്തകാരണമെന്ന് അദ്ദേഹം സമര്‍ഥിക്കുകയും ചെയ്യുന്നുണ്ട്:

''ഇക്കാലത്ത് നമ്മില്‍ ചിലരുടെ സ്ഥിതി നിങ്ങള്‍ അല്‍പം ആലോചിച്ചു നോക്കണേ! അവര്‍ ചില മസ്അലകളില്‍(59) തമ്മില്‍ തര്‍ക്കിച്ചും കൊണ്ട് എന്തെല്ലാം ഗോഷ്ടികളാണ് കാണിക്കുന്നത്! ഗവണ്‍മെന്റ് ഭരണം നമ്മില്‍ സ്ഥിതി ചെയ്തിരുന്നില്ല എന്ന് വരുകില്‍ പരസ്പര വിരോധം നിമിത്തം മറ്റെന്തെല്ലാം ചെയ്തുകളയുമായിരുന്നു?! ഇക്കാലത്തുള്ള ചില മഹാന്മാരില്‍ പരസ്പര സ്‌നേഹത്തിന് പകരം ഹസദും(60) അദാവത്തും(61) സ്പര്‍ധയും ഭിന്നിപ്പും അല്ലയോ കടന്നുകൂടിയിരിക്കുന്നത്?! ഇവകള്‍ക്ക് കാരണം അവര്‍ നമ്മുടെ വേദാധാരമായ ക്വുര്‍ആനിനെ കൈവിട്ടുകൊണ്ട് തങ്ങളുടെ സ്വാഭിപ്രായങ്ങളെ മാത്രം പ്രധാനമാക്കി വെച്ചുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഈമാതിരിക്കാരുടെ അഭിപ്രായങ്ങള്‍ ബുദ്ധിപൂര്‍വ്വമായ പാത്രാലോചനയും(62) കൂടാതെ തലയില്‍ വഹിക്കുവാന്‍ പാമരജനങ്ങള്‍ ധാരാളമുണ്ട്. ഇത് ഇത്തരക്കാര്‍ക്ക് ഒരു വളമായിട്ടാണ് തീര്‍ന്നിരിക്കുന്നത്.''(63) 

''ആകയാല്‍ നാം എല്ലാവരും; (1) ക്വുര്‍ആനിനെയും ഹദീഥിനെയും എല്ലാ കാര്യങ്ങളിലും ആധാരമാക്കേണ്ടതും, (2) ക്വുര്‍ആനും ഹദീഥും പ്രത്യക്ഷത്തില്‍ വാരിദായി കാണാത്ത സ്ഥലത്ത,്(64) മുജ്തഹിദുകളായ ഇമാമീങ്ങളുടെ,(65) അഭിപ്രായവും (മദ്ഹബ്), (3) അവരുടെ അഭിപ്രായങ്ങള്‍ തെളിയിച്ചു കണ്ടുകിട്ടാത്ത സ്ഥലത്ത്(65) മുഹക്വിക്വീങ്ങളായ ഉലമാക്കളുടെ(66) വിശ്വാസയോഗ്യമായ ക്വൗലുകളെയും(67) സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് അല്‍പം ഓര്‍മ വേണം.''(68)

''അല്ലാഹു തആലായുടെ വിശുദ്ധ വാക്യങ്ങളായ ക്വുര്‍ആനിനോട് ഒത്തിരുന്നാല്‍(69) നിശ്ചയമായും അവന്‍ ചൊവ്വായ മാര്‍ഗത്തില്‍ (സ്വിറാതുല്‍ മുസ്തക്വീം) തന്നെയായിരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാകുന്നു.''(70)

ഭയഭക്തിയാണ് 'ഇല്‍ഫതുല്‍ ഇസ്‌ലാമി'ന്റെ മറ്റൊരു പ്രധാന പ്രതിപാദ്യം. ഭക്തിമാര്‍ഗങ്ങളെന്ന പേരിട്ടുകൊണ്ട്, ദൈവം നിശ്ചയിക്കാത്ത മനുഷ്യത്വവിരുദ്ധമായ കാടന്‍ വഴികളിലലഞ്ഞിരുന്ന സമുദായ മക്കളുടെ മുമ്പില്‍, ദൈവഭയം ഒരാളില്‍ ഉണ്ടാകുന്നത് എങ്ങനെയെല്ലാമാണെന്ന് വളരെ ലളിതവും പ്രായോഗികവുമായി 'ഇല്‍ഫതുല്‍ ഇസ്‌ലാം' എന്ന തന്റെ ഗ്രന്ഥത്തിന്റെ 15 മുതല്‍ 25 വരെയുള്ള താളുകളില്‍ 'തക്വ്‌വ-ഭയഭക്തി-വിശ്വാസം' എന്ന അധ്യായത്തില്‍ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ വിശദീകരിച്ചിട്ടുള്ളത് പാമരനും പണ്ഡിതനും ഒരുപോലെ അവലംബിക്കാവുന്നതാണ്. ദൈവഭക്തിയുടെ നേട്ടങ്ങള്‍ ക്വുര്‍ആന്‍, ഹദീഥ് പിന്‍ബലത്തോടെ അതില്‍ അദ്ദേഹം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

ആധാര സൂചിക:

കഴിഞ്ഞ ലക്കം:
 

(1) ഓര്‍മക്കുറിപ്പുകള്‍ (ആത്മകഥാഗ്രന്ഥം), കെ.മൊയ്തു മൗലവി കുറ്റ്യാടി, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) കോഴിക്കോട്, രണ്ടാം പതിപ്പ്. ഡിസംബര്‍ 2001,താള്‍ 91.

(2) വിശുദ്ധ ക്വുര്‍ആന്‍, അധ്യായം 3 ആലുഇംറാന്‍: വചനം 100. (3) താവഴി, പാരമ്പര്യം. (4) സ്‌ത്രോത്രങ്ങള്‍. (5) ഇസ്ലാമിക ജ്ഞാനശാസ്ത്രം. (6) ഇസ്ലാമിക വിശ്വാസദര്‍ശനം. (7) ത്വരീക്വത്ത് സന്യാസി സരണിയിലെ ഗുരുവിന്റെ ശിഷ്യന്‍. (8) ഹൃദയങ്ങളുടെ. (9) പൂര്‍ണത. (10) മനസ്സുകളുടെ. (11) ദുര്യോഗങ്ങള്‍. (12) ഗുണകാംക്ഷി. (13) വിജയം. (14) ക്വുര്‍ആനിലെയും പ്രവാചക ചര്യയിലെയും വിധികള്‍ അനുധാവനം ചെയ്യല്‍. (15) മതാനുഷ്ഠാനങ്ങള്‍. (16) പ്രപഞ്ചനാഥനെ. (17) വരികള്‍ വായിച്ചാല്‍ മനസ്സിലാകുന്ന ആശയമല്ല ഗ്രഹിക്കേണ്ടത്, ദിവ്യവചനങ്ങള്‍ ത്വരീക്വത്തിന്റെ പരിപ്രേക്ഷ്യത്തില്‍ വ്യാഖ്യാനിക്കണം എന്ന പിഴച്ച വാദം. (18) പദങ്ങള്‍. (19) അദ്വൈത സിദ്ധാന്തക്കാര്‍.

(20) മലയാളത്തിലെ ശൈഖന്മാരും ഇസ്ലാം സമുദായവും, ഇ.മൊയ്തു മൗലവി കോടഞ്ചേരി, വക്കം അബ്ദുല്‍ ക്വാദിര്‍ മൗലവിയുടെ 'അല്‍ ഇസ്ലാം' മാസിക, പു.1, ല.2, 1336 റമദാന്‍/1918 ജൂണ്‍.

(21) അതേ അവലംബം. (22) ഇടമുറിയലും. (23) ആരാധനകള്‍

(24) മലയാളത്തിലെ ശൈഖന്മാരും ഇസ്ലാം സമുദായവും, ഇ.മൊയ്തു മൗലവി കോടഞ്ചേരി, വക്കം അബ്ദുല്‍ ക്വാദിര്‍ മൗലവിയുടെ 'അല്‍ ഇസ്ലാം' മാസിക, പു.1, ല.2, 1336 റമദാന്‍/1918 ജൂണ്‍.

(25) കാലം കഴിച്ചുകൂട്ടുക.

(26) 'അല്‍ ഇല്‍ഫതുല്‍ ഇസ്ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ,' ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, സി.സൈദാലിക്കുട്ടി മാസ്റ്ററുടെ തിരൂര്‍ കാവുങ്ങല്‍ പറമ്പ് മത്വ്ബഅതുസ്സ്വലാഹിയ്യ ലിത്തോ പ്രസ്സ്, ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 1.

(27) അതേ അവലംബം, താള്‍ 1. (28) അതേ അവലംബം, താള്‍ 1. (29) അതേ അവലംബം, താള്‍ 1.

(30) ജാബിര്‍(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. ഇമാം ദാറക്വുത്വ്‌നി, അഹ്മദ്, ത്വബ്‌റാനി എന്നിവരുടെ ഹദീഥ് സമാഹാരഗ്രന്ഥങ്ങൡ ഉദ്ധരിച്ചത്. പ്രബല ഹദീഥുകളുടെ സമാഹാരത്തില്‍ ശൈഖ് അല്‍ബാനി 1/712 ആയി ഉള്‍പ്പെടുത്തിയത്.

(31) രിഫാഅത്ത്ബ്‌നു റാഫിഅ്(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. ഇമാം ബുഖാരി(റ)യുടെ ഹദീഥ് സമാഹാരഗ്രന്ഥമായ 'അല്‍ അദബുല്‍ മുഫ്‌റദി'ല്‍ ഉദ്ധരിച്ചത്. അതിലെ പ്രബല ഹദീഥുകളുടെ സമാഹാരത്തില്‍ ശൈഖ് അല്‍ബാനി നമ്പര്‍ 538 ആയി ഉള്‍പ്പെടുത്തിയത്.

(32) വിശുദ്ധ ക്വുര്‍ആന്‍, അധ്യായം 25 അല്‍ഫുര്‍ക്വാന്‍. വചനം 74. (33) വിശുദ്ധ ക്വുര്‍ആന്‍, അധ്യായം 2 അല്‍ബക്വറ, വചനം 286.

(34) 'അല്‍ ഇല്‍ഫതുല്‍ ഇസ്ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ', ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, സി.സൈദാലിക്കുട്ടി മാസ്റ്ററുടെ തിരൂര്‍ കാവുങ്ങല്‍ പറമ്പ് മത്വ്ബഅതുസ്സ്വലാഹിയ്യ ലിത്തോ പ്രസ്സ്, ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 91.

(35) അതേ അവലംബം, താള്‍ 95. (36) അതേ അവലംബം, താള്‍ 92-94.

ഈ ലക്കം:

(37) ക്വുര്‍ആന്‍ വചനത്തിന്റെ. 

(38) പരിഭാഷയും. 

(39) വ്യാഖ്യാനവും. 

(40) പ്രവാചക ചരിത്ര ഗ്രന്ഥങ്ങളിലും. 

(41) വിശുദ്ധ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും. 

(42) മുസ്‌ലിമായത്. 

(43) ഇസ്‌ലാം മതത്തിന്റെ. 

(44) അനുഗ്രഹവും. 

(45) പ്രവാചക സഹവാസത്തിന്റെ.

(46) ആത്മീയാഭിവൃദ്ധിയും. 

(47) അല്ലാഹുവിന്റെ ദൂതന്‍. 

(48) മുഹമ്മദ് നബി ﷺ . 

(49) അനുചരന്മാരില്‍.

(51) വിശ്വാസികളേ. 

(52) വിശ്വാസികളായപ്പോള്‍. 

(53) മുഹമ്മദ് നബി ﷺ .

(54) പാടില്ല. 

(55) അറബികളുടെ വിവിധ രൂപത്തിലുള്ള സ്‌നേഹപ്രകടനങ്ങള്‍.

(56) 'അല്‍ ഇല്‍ഫതുല്‍ ഇസ്ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ,' ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, സി.സൈദാലിക്കുട്ടി മാസ്റ്ററുടെ തിരൂര്‍ കാവുങ്ങല്‍ പറമ്പ് മത്വ്ബഅതുസ്സ്വലാഹിയ്യ ലിത്തോ പ്രസ്സ്, ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 2-7.

(57) പ്രവാചകനുചരന്മാരായ ജരീര്‍(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), അബൂബക്‌റ(റ) എന്നിവരില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം ഹദീഥ് പണ്ഡിതന്മാരായ ബുഖാരി(റ), മുസ്‌ലിം(റ), നസാഈ(റ), ഇബ്‌നുമാജ(റ) എന്നിവരുടെ ഹദീഥ് സമാഹാരഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടത്. 

(58) അതേ അവലംബം താള്‍ 10,11.

(59) മതവിധികളുമായി ബന്ധപ്പെട്ട് പ്രമാണങ്ങളില്‍ നിന്നും മറ്റും അപഗ്രഥിച്ചെടുക്കുന്ന സൂക്ഷ്മ സ്വഭാവമുള്ള പ്രശ്‌നങ്ങള്‍. 

(60) അസൂയയും. 

(61) ശത്രുതയും. 

(62) സൂക്ഷ്മനിരീക്ഷണം

(63) 'അല്‍ ഇല്‍ഫതുല്‍ ഇസ്ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ,' ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, സി.സൈദാലിക്കുട്ടി മാസ്റ്ററുടെ തിരൂര്‍ കാവുങ്ങല്‍ പറമ്പ് മത്വ്ബഅത്തുസ്സ്വലാഹിയ്യ ലിത്തോ പ്രസ്സ്, ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 10,11.

(64) നമ്മുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ക്വുര്‍ആന്‍ ഹദീഥ് വചനങ്ങള്‍ ഇല്ലെങ്കില്‍.  

(65) ഗവേഷകന്മാരായി മുന്‍കാലത്ത് അറിയപ്പെട്ട പണ്ഡിത പടുക്കള്‍. 

(66) അവഗാഹമുള്ള പണ്ഡിതന്മാര്‍.

(67) അഭിപ്രായങ്ങളെയും.

(68) 'അല്‍ ഇല്‍ഫതുല്‍ ഇസ്ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ,' ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, സി.സൈദാലിക്കുട്ടി മാസ്റ്ററുടെ തിരൂര്‍ കാവുങ്ങല്‍ പറമ്പ് മത്വ്ബഅതുസ്സ്വലാഹിയ്യ ലിത്തോ പ്രസ്സ്, ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 13,14. 

(69) ഒരാളുടെ ജീവിതം ക്വുര്‍ആന്‍ അനുസരിച്ചാണെങ്കില്‍.

(70) 'അല്‍ ഇല്‍ഫത്തുല്‍  ഇസ്ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ,' ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 15.