വെളിച്ചവും ഇരുളും

മുഹമ്മദ് അലി വാരം

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

നബി ﷺ മരണപ്പെടുന്നതിനു മുമ്പ് ഉസാമതുബ്‌നു സൈദ്(റ)വിന്റെ നേതൃത്വത്തില്‍ എഴുന്നൂറ് അംഗസൈന്യത്തെ അവിടുന്ന് ശാമിലേക്ക് നിയോഗിച്ചിരുന്നു. ആ സൈന്യം മദീനയുടെ പ്രാന്തപ്രദേശമായ 'ദീ ഖശബ്' എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് നബി ﷺ യുടെ വിയോഗവാര്‍ത്ത അറിഞ്ഞത്. അതുകൊണ്ട് തന്നെ ഉസാമ(റ)യുടെ സൈന്യം അവിടെ തമ്പടിച്ചു.

നബി ﷺ യുടെ മരണത്തെ തുടര്‍ന്ന് അബൂബക്ര്‍(റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പല ദുര്‍ബല വിശ്വാസികളും കപടന്മാരും മതപരിത്യാഗികളായി. 'ഞങ്ങള്‍ സകാത്ത് കൊടുത്തിരുന്നത് മുഹമ്മദ് നബി ﷺ ക്കായിരുന്നു. നബി ﷺ മരിച്ചു; ഇനി സകാത്ത് കൊടുക്കുകയില്ല' എന്ന് ചിലര്‍ പറഞ്ഞു. അവസരം കാത്തിരുന്ന യഹൂദ ക്രൈസ്തവരാകട്ടെ ലഭിച്ച സന്ദര്‍ഭം മുതലെടുത്ത് മദീനക്ക് നേരെ തലയുയര്‍ത്തുവാനും തുടങ്ങി. 

ഈ സന്ദര്‍ഭത്തില്‍ പ്രവാചകാനുയായികള്‍ (സ്വഹാബികള്‍) അബൂബക്ര്‍(റ)വിനോട് പറഞ്ഞു: ''സ്ഥിതിഗതികള്‍ കലുഷിതമാണിപ്പോള്‍. അതുകൊണ്ട് തന്നെ ഉസാമ(റ)യുടെ സൈന്യത്തെ ഇപ്പോള്‍ ശാമിലേക്ക് പറഞ്ഞുവിടേണ്ട. പരിസരം ഒന്ന് ശാന്തമാകട്ടെ.'' ഇത് കേട്ടമാത്രയില്‍ അബൂബക്ര്‍(റ) പ്രതികരിച്ചത് ഇങ്ങനെ: ''അബൂബക്‌റിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം! വന്യമൃഗങ്ങള്‍ മലയിറങ്ങിവന്ന് എന്നെ തട്ടിക്കൊണ്ട് പോകും എന്ന് ഞാന്‍ ഉറപ്പിച്ചാലും ഈ മദീനയില്‍ ഞാന്‍ മാത്രമെ ശേഷിക്കുന്നുള്ളൂവെങ്കിലും ഉസാമ(റ)യുടെ സൈന്യത്തെ ഞാന്‍ നിയോഗിക്കുക തന്നെ ചെയ്യും; റസൂല്‍ ﷺ കല്‍പിച്ചത് പോലെ. റസൂല്‍ ﷺ ചെയ്ത ഏതൊരു പ്രവര്‍ത്തിയും ഞാന്‍ ഒഴിവാക്കുകയില്ല. ഞാനത് പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. റസൂലിന്റെ കല്‍പന വല്ലതും ഉപേക്ഷിക്കുകയാണെങ്കില്‍ മാര്‍ഗഭ്രംശത്തില്‍ അകപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു.''

എന്താണിവിടെ വിഷയം? ഉസാമ(റ)യെ അയക്കേണ്ട എന്ന് സ്വഹാബികള്‍ പറഞ്ഞിട്ടില്ല. മറിച്ച്, ഇപ്പോള്‍ ഈ അവസ്ഥയില്‍ ഉസാമ(റ)യുടെ സൈന്യത്തെ അയക്കേണ്ട എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. അതായത് സ്ഥിതിഗതികള്‍ മാറിയതിന് ശേഷം അയക്കാം. പക്ഷേ, അബൂബക്ര്‍(റ) എടുത്ത നിലപാട് 'നബി ﷺ യുടെ ഒരു കല്‍പന ഞാന്‍ ഒഴിവാക്കുകയില്ല; ഈ നാട്ടില്‍ ഞാന്‍ തനിച്ചാണെങ്കിലും ശരി' എന്നായിരുന്നു. നബി ﷺ യുടെ ഒരു പ്രവര്‍ത്തനത്തിനും എതിരു നില്‍ക്കില്ല എന്ന ഉറച്ച തീരുമാനത്തിന്റെ ഫലമാണിത്.

 നബി ﷺ യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരം നല്‍കിയ കാര്യങ്ങള്‍ എന്നിവയാണ് സുന്നത്തുകള്‍ അഥവാ നബിചര്യ. ഇതിന് സാക്ഷികളായവര്‍ സ്വഹാബികളാണ്. സ്വഹാബികള്‍ പ്രവാചക ചര്യകളെ കൃത്യമായി അനുധാവനം ചെയ്യുകയായിരുന്നു. സുന്നത്തുകള്‍ പ്രയോഗവത്കരിക്കുന്നതിലൂടെ മാത്രമെ ഒരു അടിമക്ക് അല്ലാഹുവിനെ യഥാവിധി സ്‌നേഹിക്കുവാനും അനുസരിക്കുവാനും അവനെ സൂക്ഷിച്ച് ജീവിക്കുവാനും സാധിക്കുകയുള്ളൂവെന്ന് അല്ലാഹുവിന്റെ വചനങ്ങളില്‍ നിന്ന് അത് പഠിച്ചവരാണവര്‍.

അല്ലാഹു പറഞ്ഞു: ''പറയുക: നബിയേ, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും'' (ആലു ഇംറാന്‍: 31).

''ആരാണോ റസൂലിനെ അനുസരിച്ചത് അവര്‍ അല്ലാഹുവിനെ അനുസരിച്ചു'' (അന്നിസാഅ്: 8).

''...നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്''(അല്‍ഹശ്ര്‍: 7).

''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്'' (അല്‍ അഹ്‌സാബ്: 21).

ആരാധനകളിലും ക്രയവിക്രയങ്ങളിലും സംസാരത്തിലും നോട്ടത്തിലും പെരുമാറ്റരീതിയിലും സ്വഭാവത്തിലുമെല്ലാം മഹാനായ പ്രവാചകന്‍ ﷺ നമ്മുടെ മാതൃകാപുരുഷനാണ്. ആ മാതൃകയനുസരിച്ച് ജീവിക്കലാണ് അല്ലാഹുവിനോടുള്ള സ്‌നേഹവും സൂക്ഷ്മതയും അനുസരണവും. 

തൂര്‍മുദിയിലെ സ്വഹീഹായ ഒരു ഹദീഥില്‍ അലിയ്യിബ്‌നുറബീഅ(റ) പറയുകയാണ്: ''ഞാനൊരിക്കല്‍ അലിയ്യിബ്‌നു അബീത്വാലിബി(റ)ന്റെ കൂടെയായിരിക്കുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഒരു വാഹനം കൊണ്ടുവരപ്പെട്ടു. ആ വാഹനത്തില്‍ തന്റെ കാലടുത്ത് വെച്ചപ്പോള്‍ അലി(റ) പറഞ്ഞു: 'ബിസ്മില്ലാഹ്.' തുടര്‍ന്ന് വാഹനപ്പുറത്ത് കയറിയിരുന്നുകൊണ്ട് അല്ലാഹുവിനെ സ്തുതിച്ചു: 'അല്‍ഹംദുലില്ലാഹ്.' ശേഷം വാഹനത്തില്‍ കയറിയാലുള്ള ദിക്‌റായ സൂറതുസ്സുഖ്‌റുഫിലെ 13,14 ആയത്തുകള്‍ ഓതുകയും, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍, എന്നിവ 3 പ്രാവശ്യം വീതം പറയുകയും ചെയ്തു. തുടര്‍ന്ന്, 'അല്ലാഹുവേ, നീ പരിശുദ്ധനാണ്. ഞാന്‍ എന്നോട് തന്നെ അതിക്രമം ചെയ്തിരിക്കുന്നു. നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ പൊറുത്തു തരുന്നവന്‍ ആരുമില്ല' എന്ന പ്രാര്‍ഥ നടത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം ചിരിച്ചു.

ഞാന്‍ ചോദിച്ചു: 'അമീറുല്‍ മുഅ്മിനീന്‍! നിങ്ങള്‍ എന്തിനാണ് ചിരിച്ചത്?'

''ഈ ചെയ്യുന്ന മാതിരി റസൂല്‍ ﷺ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നിട്ട് റസൂല്‍ ﷺ ചിരിക്കുകയും ചെയ്തിട്ടുണ്ട്' അലി(റ) പ്രതിവചിച്ചു'' (തുര്‍മുദി).

അമീറുല്‍ മുഅ്മിനീന്‍ അലിയ്യിബ്‌നു അബീത്വാലിബ്(റ) തിരുചര്യ അതുപോലെ തന്നെ പ്രാവര്‍ത്തികമാക്കി നിലനിര്‍ത്തുകയാണ്. റസൂല്‍ ﷺ ചിരിച്ചത് പോലും അദ്ദേഹം പകര്‍ത്തുന്നു! ഇതാണ് യഥാര്‍ഥപ്രവാചക സ്‌നേഹം. 

എന്നാല്‍ സുന്നത്തിന്റെ കാര്യത്തില്‍ നമ്മുടെ അവസ്ഥ എന്താണ്? എത്രയോ സുന്നത്തുകളെ അവഗണിക്കുകയും നിസ്സാരമാക്കി തള്ളിക്കളയുകയും ചെയ്യുന്നു! സ്ഥിരപ്പെട്ട നബിചര്യകളോട് താല്‍പര്യമില്ല എന്ന് മാത്രമല്ല അനാചാരങ്ങളെ സുന്നത്തെന്ന വിധത്തില്‍ കൊണ്ടാടുകയും ചെയ്യുന്നു. ഇസ്‌ലാം പഠിപ്പിക്കാത്ത കാര്യങ്ങളെ ഇസ്‌ലാമിന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കാന്‍ എന്ത് അവകാശമാണ് നമുക്കുള്ളത്?

അല്ലാഹു പറയുന്നു: ''അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.'' (അശ്ശുറാ: 21).

ഇങ്ങനെ അല്ലാഹു ചോദിക്കുക വഴി യാതൊരു വിശദീകരണത്തിനും പഴുതില്ലാത്ത വിധം മതത്തിന്റെ സമ്പുര്‍ണത അല്ലാഹു തന്നെ വ്യക്തമാക്കി.

''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മത്തിലേക്ക് ചായ്വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു'' (അല്‍മാഇദ: 3).

നബി ﷺ പറഞ്ഞു: ''ഒരു കാര്യവും ഞാന്‍ ബാക്കി വെച്ചിട്ടില്ല; സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന യാതൊരു സംഗതിയും നിങ്ങള്‍ക്ക് വിവരിച്ചു തരാതെ'' (സില്‍സിലതുസ്സ്വഹീഹ: 2:416).

''രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചിരിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുവോളം നിങ്ങള്‍ പിഴച്ചു പോകില്ല. അല്ലാഹുവിന്റെ കിതാബും അവന്റെ നബി ﷺ യുടെ സുന്നത്തുമാണവ'' (സ്വഹീഹുല്‍ ജാമിഅ്: 2937).

ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് പ്രവാചകന്‍ ﷺ ജീവിച്ചത്. നബി ﷺ യുടെ ജീവിതചരിത്രം രേഖപ്പെടുത്തി വെച്ചത് പോലെ ഒരു മഹാന്റെയും ജീവിതചരിത്രം എഴുതിവെക്കപ്പെട്ടിട്ടില്ല. നബി ﷺ യുടെ ജീവിതത്തിലെ ചെറുതും വലുതും പ്രധാനവും അപ്രധാനവുമായ കാര്യങ്ങളിലൊന്നും തന്നെ അടയാളപ്പെടുത്താതെ വിട്ടുപോയിട്ടില്ല.

''നബി ﷺ യുടെ ചര്യകള്‍ പിന്‍പറ്റി അല്ലാഹുവിലേക്ക് അടുക്കാന്‍ നമ്മോട് കല്‍പിച്ചതുപോലെ തിരുമേനി ﷺ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടും അദ്ദേഹത്തെ പിന്‍പറ്റാന്‍ നാം കല്‍പിക്കപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തിക്കല്‍ സുന്നത്തായ പോലെ വര്‍ജിക്കലും സുന്നത്താണ്. അതുകൊണ്ട് തന്നെ നബി ﷺ വര്‍ജിച്ചവ പ്രവര്‍ത്തിച്ചുകൊണ്ടും, അദ്ദേഹം പ്രവര്‍ത്തിച്ചവ വര്‍ജിച്ചുകൊണ്ടും നമുക്ക് അല്ലാഹുവിലേക്ക് അടുക്കുവാന്‍ സാധിക്കുകയില്ല. റസൂല്‍ ﷺ വര്‍ജിച്ചവ പ്രവര്‍ത്തിക്കുന്നവനും അദ്ദേഹം  പ്രവര്‍ത്തിച്ചവ വര്‍ജിക്കുന്നവനും യഥാര്‍ഥത്തില്‍ ഒരുപോലെയാണ്. അവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല'' (അല്‍ഇഅ്തിസ്വാം 1/57).

നബി ﷺ പറഞ്ഞു: ''നമ്മുടെ ഈ (മത)കാര്യത്തില്‍ അതിലില്ലാത്തത് ആരെങ്കിലും പുതുതായി നിര്‍മിച്ചാല്‍ അത് തള്ളിക്കളയണം'' (ബുഖാരി, മുസ്‌ലിം).

''നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയണം'' (മുസ്‌ലിം).

''നിങ്ങള്‍ പുത്തനാചാരങ്ങളെ കരുതിയിരിക്കണം. കാരണം എല്ലാ നൂതന സമ്പ്രദായങ്ങളും അനാചചാരങ്ങളാണ്. എല്ലാ അനാചാരങ്ങളും ദുര്‍മാര്‍ഗമാണ്'' (അബൂദാവൂദ്, തുര്‍മുദി).

ബിദ്അത്തുകളെ സുന്നത്തായി കരുതുകയും  അത് കൊണ്ടാടപ്പെടുകയും ചെയ്യുന്ന ദാരുണ അവസ്ഥയാണ് സമൂഹത്തില്‍ ഇന്ന് നാം കാണുന്നത്! നിര്‍ബന്ധനമസ്‌കാര ശേഷമുള്ള കൂട്ടുപ്രാര്‍ഥന, മരണപ്പെട്ടവര്‍ക്കായി ക്വുര്‍ആന്‍ ഓതി ദാനം ചെയ്യല്‍, ചാവടിയന്തിരം, അനേക തരം മൗലൂദുകള്‍, ക്വബ്ര്‍കെട്ടി ഉയര്‍ത്തല്‍, അവിടെപ്പോയി ബറകത്ത് എടുക്കല്‍, മക്വ്ബറകളോടും ജാറങ്ങളോടും അനുബന്ധിച്ച് നേര്‍ച്ചകളും ഉറൂസുകളും സംഘടിപ്പിക്കല്‍ എന്നിങ്ങനെ എന്തെല്ലാം അനാചാരങ്ങളാണ് നാം കാണുന്നത്! പ്രവാചക ചര്യയുമായി ഇതിനൊന്നും യാതൊരു ബന്ധവുമില്ല. എന്നാല്‍ പ്രവാചക ചര്യയില്‍ സ്ഥിരപ്പെട്ട; പുരുഷന്മാര്‍ താടി വളര്‍ത്തല്‍, നെരിയാണിക്ക് താഴെയിറങ്ങാത്ത വസ്ത്രം ധരിക്കല്‍, വലതുകൈ കൊണ്ട് വെള്ളം കുടിക്കല്‍, ഹജ്ജ്, ഉംറ, തുടങ്ങിയ എല്ലാ ദീര്‍ഘദൂര യാത്രകളിലും സ്ത്രീകള്‍ മഹ്‌റമില്ലാതെ യാത്ര ചെയ്യാതിരിക്കല്‍... എന്നിങ്ങനെയുള്ള അനേകം കാര്യങ്ങളെ അവഗണിക്കുകയും നിസ്സാരമാക്കുകയും ചെയ്യുന്നു. 

ഉമര്‍(റ) മദീനക്കാര്‍ ഹജ്ജിനും ഉംറക്കും പോകുമ്പോള്‍ ഇഹ്‌റാം കെട്ടുന്ന ദുല്‍ഹുലൈഫയില്‍ വെച്ച് (ഇന്ന് പ്രസിദ്ധമായ അബ്‌യാര്‍ അലി) രണ്ടു റക്അത്ത് നമസ്‌കരിക്കുകയുണ്ടായി. ഇഹ്‌റാമില്‍ പ്രവേശിക്കുവാന്‍ ചില നിര്‍ണിത സ്ഥലങ്ങള്‍ (മീക്വാത്ത്) ഉണ്ട്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പ്രവേശിച്ച് -ഹജ്ജിനാകട്ടെ, ഉംറക്കാകട്ടെ- ഇഹ്‌റാമില്‍ പ്രവേശിക്കുമ്പോള്‍ പ്രത്യേകം രണ്ട് റക്അത്ത് നമസ്‌കാരം സുന്നത്തില്ല. പക്ഷേ, ദുര്‍ഹുലൈഫയാകുന്ന മദീനക്കാരുടെ മീക്വാത്തില്‍ കടക്കുന്ന ഒരാള്‍ക്ക് രണ്ട് റകഅത്ത് നമസ്‌കാരമുണ്ട്. കാരണം നബി ﷺ ദുല്‍ഹുലൈഫയില്‍ പ്രവേശിച്ചപ്പോള്‍ അത് അനുഗൃഹീത താഴ്‌വരയായതിനാല്‍ രണ്ട് റകഅത്ത് നമസ്‌കരിക്കേണ്ടതുണ്ടെന്ന് ജിബ്‌രീല്‍(അ) അറിയിച്ചു. ഇത് ഇഹ്‌റാമിന്റെ ഭാഗമായ നമസ്‌കാരമല്ല എന്ന് വ്യക്തം. 

ഇബ്‌നിസ്സിംത്വി പറയുന്നു: ഉമറുബ്‌നുല്‍ ഖത്വാബ്(റ) ദുല്‍ഹുലൈഫയില്‍ വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടു. അതിനെപ്പറ്റി ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതന്‍ ﷺ എങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടുവോ അതുപോലെ ഞാന്‍ ചെയ്യുന്നു'' (മുസ്‌ലിം: 1616).

ഈ സംഭവം ഉമര്‍(റ)വിന്റെ സുന്നത്തിനോടുള്ള താല്‍പര്യം വ്യക്തമാക്കുന്നു. 

മക്ക-മദീന യാത്രയില്‍ ആളുകള്‍ ചില സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നതിന്നു വേണ്ടി പ്രത്യേകം താല്‍പര്യം കാണിക്കുന്നതായി ഉമര്‍(റ)വിന്റെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അതിന്‌വേണ്ടി തിക്കും തിരക്കും കാണിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം കാര്യം അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'യാത്രയില്‍ പ്രവാചകന്‍ ﷺ ഇവിടുന്ന് നമസ്‌കരിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.' അപ്പോള്‍ ഉമര്‍(റ) അതിനെ എതിര്‍ത്തു. ശേഷം അദ്ദേഹം പറഞ്ഞു: 'ഇങ്ങനെ തങ്ങളുടെ നബിമാരുടെ കാല്‍പാദങ്ങളെ പിന്‍പറ്റിയതാണ് പൂര്‍വകാല സമൂഹം നശിക്കുവാനുള്ള കാരണം. നമസ്‌കാരസമയമാകുമ്പോള്‍ നിങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ടെങ്കില്‍ ഇവിടുന്ന് നമസ്‌കരിക്കണം. അതല്ലെങ്കില്‍ നമസ്‌കരിക്കുവാന്‍ പാടുള്ളതല്ല'' (ഇബ്‌നു അബീശൈബ, സ്വഹീഹ് അല്‍ബാനി).

നബി ﷺ ഒരു സ്ഥലത്ത് ചെന്നിറങ്ങി. നമസ്‌കാര സമയമായതിനാല്‍ അവിടുന്ന് നമസ്‌കരിച്ചു. നമസ്‌കാരസമയമായപ്പോള്‍ ആ പ്രദേശത്ത് വെച്ച് നമസ്‌കരിച്ചു എന്നതല്ലാതെ ആ സ്ഥലത്തിന് യാതൊരു വിധ പ്രത്യേകതയും കല്‍പിച്ചല്ല അവിടെ നമസ്‌കരിച്ചത്. എന്നാല്‍ ഒരു സ്ഥലത്തിന് പ്രത്യേകത കല്‍പിച്ചുകൊണ്ട് അവിടെ വെച്ച് പ്രവാചകന്‍ ﷺ നമസ്‌കരിച്ചുവെങ്കില്‍ നമുക്കുമത് പിന്‍പറ്റാം. ഇതാണ് മഹാനായ ഉമര്‍(റ) നമ്മെ ബോധ്യപ്പെടുത്തുന്നത്. 

അല്ലാഹു പറയുന്നു: ''ഇതത്രെ എന്റെ നേരായപാത. അത് നിങ്ങള്‍ പിന്‍തുടരുക. മറ്റ് മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ചു കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (ആലുഇംറാന്‍: 7).

''പിന്‍തുടരാന്‍ അല്ലാഹു ആവശ്യപ്പെടുന്ന അവന്റെ യഥാര്‍ഥ മാര്‍ഗമായ 'സ്വിറാതുല്‍ മുസ്തക്വിം' കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകന്റെ സുന്നത്താണ്. മറ്റ് മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റരുത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം തെറ്റിപ്പോയവരുടെ മാര്‍ഗമായ ബിദ്അത്താണ്. ബിദ്അത്തുകാരുടെ എല്ലാമാര്‍ഗവും വര്‍ജിക്കേണ്ടതുണ്ട് എന്ന കാര്യവും ഈ ആയത്ത് പഠിപ്പിക്കുന്നു'' (ഇമാം ശാത്വിബി: അല്‍ഇഅ്തിസ്വാം:1/76).

സുന്നത്തിനോടുള്ള ഒരാളുടെ ഇഷ്ടം നബി ﷺ യോടുള്ള അയാളുടെ സ്‌നേഹത്തെയാണ് അറിയിക്കുന്നത്. എന്നാല്‍ ബിദ്അത്തിനോടുള്ള ഒരാളുടെ അടുപ്പം പോലും അയാള്‍ അല്ലാഹുവിന്റെ ദൂതനെ പരിഹസിക്കുന്നതിനും നിന്ദിക്കുന്നതിനും തുല്യമാണ്.

ഇമാം മാലിക്(റഹി) പറഞ്ഞു: ''ആരെങ്കിലും ഇസ്‌ലാമില്‍ പുതുതായി വല്ലതും നിര്‍മിക്കുകയും അതിനെ നല്ലതായിക്കാണുകയും ചെയ്താല്‍ അവന്‍ മുഹമ്മദ് നബി ﷺ അദ്ദേഹത്തിന്റെ ദൗത്യത്തില്‍ വഞ്ചന കാണിച്ചു എന്ന് ജല്‍പിക്കുന്നതിന് തുല്യമാണ്. കാരണം 'ഇന്ന് നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു' എന്ന് അല്ലാഹു പറഞ്ഞുകഴിഞ്ഞു. അന്ന് മതത്തില്‍ ഉള്‍പെട്ടിട്ടില്ലാത്ത ഒരു കാര്യം ഇന്ന് മതമായി തീരുകയില്ല' (ഇഅ്തിസ്വാം: 1/65).

നബി ﷺ പറഞ്ഞു: ''എല്ലാ ബിദ്അത്തുകാരില്‍ നിന്നും അല്ലാഹു തൗബയെ തടയുന്നതാണ്.'' (സില്‍സിലതുസ്സ്വഹീഹ: 1620).