യഥ്‌രിബ്: പലായനത്തിന്റെ ഭവനം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 മെയ് 04 1440 ശഅബാന്‍ 28

(ലോകഗുരു: മുഹമ്മദ് നബി ﷺ  ഭാഗം: 20)

നബി ﷺ യുടെ ഹിജ്‌റയുടെ ഭവനമായി അല്ലാഹു മദീനയെ തിരഞ്ഞെടുത്തു. ഇസ്‌ലാമിക പ്രബോധനത്തിന് ഒരു കേന്ദ്രം കൂടിയായിരുന്നു അത്. ഇസ്‌ലാമിലേക്ക് അതിവേഗത്തില്‍ പ്രവേശിച്ച ആളുകള്‍ക്കുള്ള ആദരവായിരുന്നു മദീനയെ തന്നെ തിരഞ്ഞെടുക്കല്‍. നബി ﷺ യെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി തങ്ങളുടെ രാജ്യത്തേക്ക് അദ്ദേഹത്തെ ക്ഷണിച്ചതും അവര്‍ തന്നെയായിരുന്നു. പലകാരണങ്ങളാലും മദീന മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. യുദ്ധത്തിന്റെ പ്രകൃതിയില്‍നിന്നും സുരക്ഷിതമാക്കപ്പെട്ട രാജ്യമായിരുന്നു മദീന. പടിഞ്ഞാറുഭാഗത്ത് 'വബ്‌റ' കൊണ്ടും കിഴക്കുഭാഗത്ത് 'വാഖം' കൊണ്ടും ചുറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് മദീന. മദീനയുടെ വടക്കുഭാഗം വിശാലമായി തുറന്നു കിടക്കുന്ന പ്രദേശങ്ങളാണ്. മറ്റു ഭാഗങ്ങളാകട്ടെ ഈത്തപ്പനകളാലും ഇടതൂര്‍ന്ന കൃഷികളാലും നിറഞ്ഞുകിടക്കുന്നവയും. കൃഷികളുടെ ആധിക്യത്താല്‍ സൈന്യങ്ങള്‍ക്ക് ഇടുങ്ങിയ വഴിയിലൂടെ വേണമായിരുന്നു യാത്ര ചെയ്യാന്‍. 

നബി ﷺ  പറഞ്ഞതായി ആഇശ(റ) നിവേദനം ചെയ്യുന്നു: ''നിങ്ങളുടെ ഹിജ്‌റയുടെ പ്രദേശം എനിക്ക് കാണിക്കപ്പെട്ടു. അത് ഈത്തപ്പനകള്‍ കൊണ്ട് നിറഞ്ഞുകിടക്കുന്നതാണ്. രണ്ട് മലകള്‍ക്കിടയിലുള്ള പ്രദേശമാണിത്'' (ബുഖാരി: 3905). 

പരസ്പരം കലഹിച്ചും വൈരാഗ്യത്തിലും കഴിയുന്ന ഔസ്, ഖസ്‌റജ് ഗോത്രക്കാരായിരുന്നു മദീനയിലുണ്ടായിരുന്നത്; പടയാളികളും ശക്തരുമായിട്ടുള്ള ആളുകള്‍. സ്വാതന്ത്ര്യം സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളുകള്‍. മറ്റൊരാള്‍ക്ക് മുമ്പിലും കീഴൊതുങ്ങാത്ത പ്രകൃതം. ഗോത്രങ്ങള്‍ക്കോ ഭരണവ്യവസ്ഥകള്‍ക്കോ വിധേയപ്പെടാന്‍ അവര്‍ തയ്യാറായിരുന്നില്ല. അതോടൊപ്പം ജനങ്ങളില്‍ ഏറ്റവും അഭിമാനമുള്ളവരും ഏറ്റവും മാന്യതയുള്ളവരും ലോലമനസ്‌കരും ആയിരുന്നു അവര്‍.

നബി ﷺ ക്കും അനുയായികള്‍ക്കുമുള്ള ഏറ്റവുംനല്ല സ്ഥലം തന്നെയായിരുന്നു മദീന. ഇസ്‌ലാമിക പ്രബോധനത്തിന്റെ കേന്ദ്രമായും താവളമായും സ്വീകരിക്കുവാനും ഇസ്‌ലാമിനെ ശക്തിപ്പെടുത്തുവാനും ശേഷം ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് ഇസ്‌ലാമിനെ പ്രചരിപ്പിക്കുവാനും ഒരു ഉത്തമ സ്ഥാനം തന്നെയായിരുന്നു അത്. അല്ലാഹുവിന്റെ മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും ഇടയിലുള്ള ഒരു വേര്‍തിരിവായിരുന്നു സത്യത്തില്‍ ഹിജ്‌റയില്‍ അടങ്ങിയിട്ടുള്ള രഹസ്യം. 

തന്റെ മതത്തെ ശക്തിപ്പെടുത്തുവാനും തന്റെ അടിമയും പ്രവാചകനുമായ നബിയെ സഹായിക്കുവാനും സത്യവിശ്വാസികള്‍ക്ക് അനന്തരമായി നല്‍കുവാനും ഭൂപ്രദേശങ്ങളെ ഉടമപ്പെടുത്തിക്കൊടുക്കുവാനും ഹിജ്‌റയെ അല്ലാഹു ഒരു മാര്‍ഗമായി സ്വീകരിച്ചു. രണ്ടാം അക്വബ ഉടമ്പടി അവസാനിച്ചപ്പോള്‍ നബി ﷺ ക്ക് വലിയ ആശ്വാസം തോന്നി. 73 പുരുഷന്മാരും രണ്ട് സ്ത്രീകളും ആയിരുന്നു അന്ന് അതില്‍ പങ്കെടുത്തത്. മക്കയില്‍ മുശ്‌രിക്കുകളുടെ പീഡനങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മദീനയിലേക്ക് മുസ്‌ലിംകള്‍ പലായനം ചെയ്യുന്നു എന്നുകൂടി അറിഞ്ഞപ്പോള്‍ അവരുടെ പീഡനങ്ങള്‍ ശക്തമാവുകയും കൂടുതല്‍ കുടുസ്സത ഉണ്ടാക്കുകയും ദ്രോഹങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. സ്വഹാബികള്‍ ഇത് നബി ﷺ യോട് പരാതിയായി പറഞ്ഞു. മദീനയിലേക്ക് പോകാന്‍ അവര്‍ അനുവാദം ചോദിക്കുകയും നബി ﷺ  അവര്‍ക്ക് അനുവാദം കൊടുക്കുകയും ചെയ്തു. അധികം താമസിയാതെ സ്വഹാബികള്‍ മദീനയിലേക്ക് ഹിജ്‌റ പോയി. അല്‍പ ദിവസങ്ങള്‍ക്ക് ശേഷം അല്ലാഹുവിന്റെ അനുമതിപ്രകാരം നബി ﷺ യും സന്തോഷത്തോടുകൂടി തന്റെ അനുയായികളിലേക്ക് പുറപ്പെട്ടു. 

നബി ﷺ  ഇപ്രകാരം പറഞ്ഞതായി ഹദീഥില്‍ കാണുവാന്‍ സാധിക്കും: ''ഞാന്‍ മക്കയില്‍നിന്നും ഒരുപാട് ഈത്തപ്പനകള്‍ ഉള്ള ഒരു സ്ഥലത്തേക്ക് ഹിജ്‌റ പോകുന്നതായി സ്വപ്‌നത്തില്‍ കണ്ടു. യമാമയോ ഹജര്‍ പ്രദേശമോ ആയിരിക്കും അത് എന്ന് എനിക്ക് തോന്നി. ഇപ്പോഴത് യഥ്‌രിബ് എന്ന പേരിലുള്ള മദീനയാണെന്ന് എനിക്ക് ബോധ്യമായി'' (ബുഖാരി: 3662), (മുസ്‌ലിം: 2271). 

നബി ﷺ  മുഴുവന്‍ മുസ്‌ലിംകളോടും മദീനയിലേക്ക് ഹിജ്‌റ പോകുവാനും അവിടെയുള്ള അന്‍സ്വാറുകളായ തങ്ങളുടെ സഹോദരന്മാരോടൊപ്പം ചേരുവാനും കല്‍പിച്ചു. നബി ﷺ  പറയുന്നു:

''എല്ലാ രാജ്യങ്ങളെയും രക്ഷിക്കുന്ന ഒരു രാജ്യത്തേക്ക് പോകുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. 'യഥ്‌രിബ്' എന്നാകുന്നു അതിന്റെ പേര്‍. അതാകുന്നു മദീന. ഉല ഇരുമ്പിന്റെ ചെളിയെ നീക്കം ചെയ്യുന്നത് പോലെ അത് ജനങ്ങളെ ശുദ്ധീകരിക്കുന്നതാണ്.'' 

അല്‍പാല്‍പമായി നബി ﷺ യുടെ അനുചരന്മാര്‍ മദീനയിലേക്ക് പുറപ്പെട്ടു. രഹസ്യമായും പാത്തും പതുങ്ങിയും വാഹനത്തില്‍ കയറിയും ആ മഹാന്മാര്‍ മദീന ലക്ഷ്യം വെച്ച് നീങ്ങി. നബി ﷺ യാകട്ടെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള ഹിജ്‌റക്കുള്ള അല്ലാഹുവിന്റെ കല്‍പനയും പ്രതീക്ഷിച്ചിരുന്നു. മക്കയില്‍ നിന്നും മദീനയിലേക്ക് ആദ്യമായി ഹിജ്‌റ പോയത് അബൂസലമ ഇബ്‌നു അബ്ദില്‍അസദ് ആയിരുന്നു. ശേഷം ആമിര്‍ ഇബ്‌നുറബീഅതും അദ്ദേഹത്തിന്റെ ഭാര്യ ലൈലയും പിന്നീട് അബ്ദുല്ലാഹിബ്‌നു ജഹ്ശും മറ്റുള്ള ആളുകളും ആണ് പോയത്. അതിനുശേഷം സഹാബികള്‍ തുടരെത്തുടരെ പുറപ്പെട്ടു. ബര്‍റാഉബ്‌നു ആസിബ്(റ) പറയുന്നു: ''ഞങ്ങളിലേക്ക് ആദ്യമായി വന്നത് മിസ്അബ് ഇബ്‌നു ഉമൈര്‍ ആയിരുന്നു.''

'ശേഷം ഞങ്ങളിലേക്ക് വന്നത് അമ്മാര്‍ ഇബ്‌നു യാസിറും ബിലാലും ആയിരുന്നു' (ബുഖാരി: 3924)

ഒരാള്‍ക്ക് പിറകെ മറ്റൊരാളായി പ്രവാചകാനുചരന്മാര്‍ മദീനയിലേക്ക് പുറപ്പെട്ടു. അവസാനം മക്കയില്‍ ശേഷിച്ചത് മുഹമ്മദ് നബി ﷺ യും അബൂബക്ര്‍(റ)വും അലിയ്യുബ്‌നു അബീത്വാലിബ്(റ)വും രോഗത്താലും മറ്റു കാരണങ്ങളാലും തടയപ്പെട്ട കുറച്ചു മുസ്‌ലിംകളും ആയിരുന്നു. മുസ്‌ലിംകള്‍ മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുന്നു എന്ന വിവരമറിഞ്ഞപ്പോള്‍ അബിസീനിയയില്‍ ഉണ്ടായിരുന്ന മുസ്‌ലിംകളില്‍ ചിലര്‍ മക്കയിലേക്ക് മടങ്ങി. അവരില്‍ ചിലര്‍ മദീനയിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ മക്കയിലെ സത്യനിഷേധികള്‍ ചിലരെ തടഞ്ഞുവെച്ചു. ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്(റ)വും ചില മുഹാജിറുകളും അബിസീനിയയില്‍ തന്നെ നിലനിന്നു. ഹിജ്‌റ ഏഴാം വര്‍ഷം ഖൈബര്‍ യുദ്ധം നടക്കുന്ന സന്ദര്‍ഭത്തിലാണ് അബിസീനിയയില്‍ നിന്നും അവര്‍ മദീനയിലേക്ക് യാത്രയാകുന്നത്.

മക്കയില്‍ നിന്നും മദീനയിലേക്കുള്ള മുസ്‌ലിംകളുടെ ഹിജ്‌റ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകളുടെ ഹിജ്‌റ അവര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്ന കാര്യമായിരുന്നു. പരുക്കന്‍ ശൈലികള്‍ സ്വീകരിച്ചുകൊണ്ടാണ് മക്കയിലെ സത്യനിഷേധികള്‍മുഹാജിറുകളെ തടയാന്‍ ശ്രമിച്ചിരുന്നത്. വ്യത്യസ്ത രൂപത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് അവര്‍ മുസ്‌ലിംകളെ വിധേയരാക്കി. ഇസ്‌ലാമില്‍ നിന്നും അവരെ തടയുവാന്‍ വേണ്ടിയായിരുന്നു അത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ രാജ്യമോ സമ്പത്തോ ശരീരമോ അവര്‍ക്ക് ഒന്നുമല്ല എന്നു തോന്നി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വേണ്ടിവന്നാല്‍ മരണം വരിക്കേണ്ടി വരുമെന്നും സമ്പത്തും രക്തവും സമര്‍പ്പിക്കേണ്ടിവരുമന്നും അവര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇതിനെല്ലാം അല്ലാഹുവിങ്കല്‍ നിന്നും വലിയ പ്രതിഫലം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയും വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു.

 ''അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍'' (അല്‍ഹശ്ര്‍: 8). 

അങ്ങനെ മുഹാജിറുകള്‍ അല്ലാഹുവിന്റെ ദീനിനുവേണ്ടി പലതും ഉപേക്ഷിച്ചു. ഒരുപാട് ചെലവഴിച്ചു. അന്‍സ്വാറുകളാകട്ടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുഹാജിറുകള്‍ക്ക് വേണ്ടി എന്ത് ചെയ്യുവാനും സന്നദ്ധരായി. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെടുകയും ചെയ്തു.

''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (അത്തൗബ: 100).