പരീക്ഷണങ്ങളില്‍ പതറാതെ

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 മാര്‍ച്ച് 08 1440 റജബ് 02

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 13)

പ്രവാചകനെയും അനുയായികളെയും മുശ്‌രിക്കുകളുടെ പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കഴിവുള്ളവനാണ് അല്ലാഹു. എന്നാല്‍ ശത്രുഭാഗത്തുനിന്ന് അവര്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നതില്‍ ചില നേട്ടങ്ങളുണ്ട്. അതിലൂടെ അവരുടെ വിശ്വാസം കൂടുതല്‍ തിളക്കമുള്ളതായിത്തീരും. സത്യമാര്‍ഗത്തില്‍ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് പില്‍ക്കാലക്കാരെ അത് ബോധ്യപ്പെടുത്തുന്നു. സത്യവിശ്വാസികള്‍ക്ക് പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും.  

''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും. അതല്ല, തിന്മ ചെയ്തുകൊണ്ടിരിക്കുന്നവര്‍ നമ്മെ മറികടന്ന് കളയാം എന്ന് വിചാരിച്ചിരിക്കുകയാണോ? അവന്‍ തീരുമാനിക്കുന്നത് വളരെ മോശം തന്നെ'' (അല്‍അങ്കബൂത്: 2-4). 

നല്ലതും ചീത്തതും ഇതിലൂടെ വേര്‍തിരിക്കപ്പെടുകയാണ്. തങ്ങളുടെ വിശ്വാസത്തില്‍ ആരാണ് സത്യസന്ധമായി നിലകൊള്ളുന്നത് എന്നും ആരാണ് വ്യാജന്മാര്‍ എന്നും വേര്‍തിരിക്കപ്പെടുകയാണ്. അത് കൊണ്ടു തന്നെ മക്കാജീവിത കാലഘട്ടത്തില്‍ ഒരു കപടവിശ്വാസിയെയും നമുക്ക് കാണുക സാധ്യമല്ല. മദീനയില്‍ എത്തുകയും അവിടെ പീഡനങ്ങള്‍ ശക്തമാവുകയും ചെയ്തപ്പോഴാണ് കപടന്മാര്‍ രംഗപ്രവേശനം ചെയ്തത്. ഇസ്‌ലാമിനെതിരെ തന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്ന ചിലയാളുകള്‍ ഇസ്ലാമില്‍ പ്രവേശിച്ചു. 

പീഡനങ്ങളിലൂടെ മുശ്‌രിക്കുകള്‍ എന്തൊന്നാണോ ഉദ്ദേശിച്ചത് അതിന് നേര്‍വിപരീതമായിക്കൊണ്ടാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഇസ്‌ലാം കൂടുതല്‍ പ്രചരിക്കുവാന്‍ തുടങ്ങി. ശത്രുക്കളുടെ ശക്തമായ പീഡനങ്ങള്‍ മുസ്‌ലിംകളോട് ചില ശത്രുക്കള്‍ക്ക് അനുകമ്പ തോന്നുവാനും കാരണമായി മാറി. അതുകൊണ്ടുതന്നെ രഹസ്യമായി അവര്‍ മുസ്ലിംകളെയും ഇസ്‌ലാമിനെയും സഹായിച്ചു. പ്രവാചകന്റെ പിതൃവ്യനായ ഹംസ(റ)യുടെ കാര്യത്തില്‍ സംഭവിച്ചത് ഇതായിരുന്നു. നബി ﷺയെ അബൂജഹല്‍ വല്ലാതെ പീഡിപ്പിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഹംസ(റ) മസ്ജിദുല്‍ ഹറാമിലേക്ക് കയറിവന്നു. എന്നിട്ട് അബൂജഹലിന്റെ തലയ്ക്ക് ഒരടി കൊടുത്തു. ശേഷം ചോദിച്ചു: 'നീ മുഹമ്മദിനെ ചീത്ത പറയുകയോ? ഞാന്‍ മുഹമ്മദിന്റെ മതത്തിലാണ്. മുഹമ്മദ് പറയുന്നതാണ് എനിക്കും പറയാനുള്ളത്. അതുകൊണ്ട് നിനക്ക് ആളുകളെ അതില്‍ നിന്നും മടക്കി കൊണ്ടുപോകാന്‍ കഴിയുന്ന വഴി നീ നോക്കുക.' 

ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഇസ്‌ലാം സ്വീകരണവും ഈ രൂപത്തില്‍ തന്നെയായിരുന്നു. അദ്ദേഹം തന്റെ സഹോദരിയുടെ ഭര്‍ത്താവിനെ മര്‍ദിച്ചു. തടുക്കാന്‍ വന്ന സഹോദരിയെയും മര്‍ദിച്ചു. അവസാനം അതില്‍ ഖേദം തോന്നുകയും അങ്ങനെ ദാറുല്‍ അര്‍ക്വമില്‍ ഇരിക്കുന്ന നബി ﷺയുടെ അടുക്കല്‍ ചെല്ലുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഇസ്‌ലാമില്‍ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍ നബി ﷺയുടെ കൂടെ മുസ്ലിംകള്‍ക്ക് ഒരുമിച്ച് കൂടുവാന്‍ ഒരു സ്ഥലം അനിവാര്യമായി വന്നു. ദീനിന്റെ കാര്യങ്ങള്‍ അവരെ പഠിപ്പിക്കുവാന്‍ കൂടി വേണ്ടിയായിരുന്നു അത്. അങ്ങനെയാണ് അര്‍ക്വമുബ്‌നു അബില്‍ അര്‍ക്വം അല്‍മഖ്‌സൂമിയുടെ വീട് നബി ﷺ തെരഞ്ഞെടുത്തത്. സ്വഫാ മലയുടെ ഓരത്തായിരുന്നു ആ വീട്. പിന്‍ഭാഗത്തുള്ള അതിന്റെ വാതിലിലൂടെ പ്രവേശിക്കുന്ന ആളുകളെ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. പ്രവാചകത്വത്തിന്റെ അഞ്ചാംവര്‍ഷം പ്രബോധനത്തിന് ഒരു കേന്ദ്രമായി നബി ﷺ ഈ വീട് സ്വീകരിച്ചു. നല്ല ഒരു ചുറ്റുപാടിന്റെ നിര്‍മാണവും അത്യുത്തമമായ കൂട്ടുകെട്ടിന്റെ കേന്ദ്രവുമായിരുന്നു ആ വീട്. മറന്നുപോയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുവാനും അറിയാത്ത കാര്യങ്ങള്‍ പഠിപ്പിക്കുവാനും അശ്രദ്ധമായ കാര്യങ്ങളെക്കുറിച്ച് ഉണര്‍ത്തുവാനും മുസ്‌ലിംകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുവാനും ഒരു കേന്ദ്രമായി ഈ വീടുമാറി. 

മുഹമ്മദ് നബിയെ അനുനയിപ്പിക്കാനുള്ള ചില ശ്രമങ്ങളും മക്കയിലെ മുശ്‌രിക്കുകള്‍ നടത്തിയിട്ടുണ്ട്. നബി ﷺ ഒരിക്കല്‍ കഅ്ബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ വലീദുബ്‌നു മുഗീറ, അസ്വദ് ബിന്‍ അല്‍മുത്ത്വലിബ്, ഉമയ്യതുബ്‌നു ഖലഫ്, ആസ്വ് ഇബ്‌നു വാഇല്‍ തുടങ്ങിയ മക്കയിലെ പ്രധാനികള്‍ നബിയോട് പറഞ്ഞു: 'വരൂ, ഞങ്ങള്‍ ആരാധിക്കുന്നതിനെ നീയും ആരാധിക്കുക. നീ ആരാധിക്കുന്നതിനെ ഞങ്ങളും ആരാധിക്കാം. ഞങ്ങള്‍ ആരാധിക്കുന്നതിനെക്കാള്‍ നല്ലതിനെയാണ് നീ ആരാധിക്കുന്നത് എങ്കില്‍ അതിന്റെ വിഹിതം ഞങ്ങള്‍ക്കും കിട്ടുമല്ലോ. എന്നാല്‍ ഞങ്ങള്‍ ആരാധിക്കുന്നതാണ് നീ ആരാധിക്കുന്നതിനെക്കാള്‍ നല്ലത് എങ്കില്‍ അതിന്റെ വിഹിതം നിനക്കും ലഭിക്കുമല്ലോ.' ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചത്:

''(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും'' (അല്‍കാഫിറൂന്‍: 1-6).

'മുഹമ്മദ് ഏതൊരു അവസ്ഥയിലാണോ നിലകൊള്ളുന്നത് അതില്‍ തന്നെ വിട്ടേക്കുന്നത് നല്ലതാണ്' എന്ന് ചിലപ്പോഴൊക്കെ ക്വുറൈശികളായ മുശ്‌രിക്കുകള്‍ ചിന്തിച്ചിട്ടുണ്ട്. പരസ്പരം യോജിപ്പുണ്ടാക്കാന്‍ വേണ്ടിയായിരുന്നു അവര്‍ അങ്ങനെ ചിന്തിച്ചത്. 

''ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന്. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അവന്റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്. നീ വഴങ്ങികൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു'' (അല്‍ക്വലം: 5-9). 

ഈ സന്ദര്‍ഭങ്ങളിലെല്ലാം അല്ലാഹു തന്റെ റസൂലിനെ സത്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയും തന്റെ സഹായംകൊണ്ട് ശക്തിപ്പെടുത്തുകയും ചെയ്തു. 

''നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു. എങ്കില്‍ ജീവിതത്തിലും ഇരട്ടിശിക്ഷ, മരണത്തിലും ഇരട്ടിശിക്ഷ; അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല'' (അല്‍ഇസ്‌റാഅ്: 74,75). 

ദുര്‍ബലരായ വിശ്വാസികളുടെ മേല്‍ ഉപദ്രവം ശക്തമായിത്തുടങ്ങിയപ്പോള്‍ പ്രവാചകന്റെ അടുക്കലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് ഖബ്ബാബ്(റ) ചെന്നു. ആ സന്ദര്‍ഭത്തില്‍ നബി ﷺ അവര്‍ക്ക് മുന്‍ഗാമികള്‍ അനുഭവിച്ച പ്രയാസങ്ങളുടെ ഉദാഹരണങ്ങള്‍ പറഞ്ഞുകൊടുത്തു. അതോടെ അവര്‍ തൃപ്തരായിക്കൊണ്ട് സമാധാനത്തോടു കൂടിയും പരീക്ഷണങ്ങളില്‍ ക്ഷമിക്കുവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടും പ്രവാചകന്റെ അടുക്കല്‍നിന്ന് പിരിഞ്ഞുപോവുകയും ചെയ്തു. 

ഖബ്ബാബ് ബിന്‍ അറത്ത്(റ) പറയുന്നു: ''കഅ്ബയുടെ തണലില്‍ ഒരിക്കല്‍ നബി ﷺ ഇരിക്കുമ്പോള്‍ ശാരീരിക പരാതികളുമായി ഞങ്ങള്‍ അങ്ങോട്ട് ചെന്നു. ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നില്ലേ?' അപ്പോള്‍ നബി ﷺ പറഞ്ഞു: 'നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ചില ആളുകള്‍ക്ക് വേണ്ടി ഭൂമിയില്‍ കുഴികള്‍ കുഴിക്കപ്പെടുമായിരുന്നു. എന്നിട്ട് അവരെ അതില്‍ ഇറക്കി നിര്‍ത്തുകയും വാളുകള്‍ കൊണ്ടുവന്ന് അവരുടെ തലയില്‍ വെച്ച് ശരീരം രണ്ടു ഭാഗമായി മുറിക്കുകയും ചെയ്തിരുന്നു. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും അത് അവരെ തടഞ്ഞില്ല. ചീര്‍പ്പുകള്‍ കൊണ്ടുവന്ന് അവരുടെ ശരീരത്തിലെ മാംസവും എല്ലും വേറെ വേറെ ചീകിയെടുക്കാറുണ്ടായിരുന്നു. പക്ഷേ, അതൊന്നും തങ്ങളുടെ മതത്തില്‍ നിന്നും അവരെ തടഞ്ഞില്ല. അല്ലാഹുവാണ് സത്യം! സ്വന്‍ആഇല്‍ നിന്നും ഹദര്‍മൗത്ത് വരെ അല്ലാഹുവിനെ മാത്രം ഭയപ്പെട്ടുകൊണ്ട്, അല്ലെങ്കില്‍ ആടിനെ ചെന്നായ പിടികൂടുന്ന ഭയമല്ലാതെ മറ്റൊരു ഭയവും ഇല്ലാത്ത രൂപത്തില്‍ ഒരു വ്യക്തി സഞ്ചരിക്കുന്ന അവസ്ഥയില്‍ അല്ലാഹു ഈ ദീനിന്റെ കാര്യത്തെ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. പക്ഷേ, നിങ്ങള്‍ ധൃതി കാണിക്കുകയാണ്'' (ബുഖാരി: 3612).

ശക്തരും പ്രമാണിമാരുമായിട്ടുള്ളവര്‍ ദുര്‍ബലരായ മുസ്‌ലിംകള്‍ക്കെതിരെ ശക്തമായ ശിക്ഷകളുമായി ഇറങ്ങി. പ്രവാചകനെ കണ്ടാല്‍ ശത്രുവിന്റെയും മിത്രത്തിന്റെയും മനസ്സില്‍ ഒരുപോലെ ബഹുമാനം തോന്നുമായിരുന്നു. അത്‌കൊണ്ടു തന്നെ ആദരവോടെയും ബഹുമാനത്തോടെയും ആയിരുന്നു പലയാളുകളും നബി ﷺയെ അഭിമുഖീകരിച്ചിരുന്നത്. അബൂത്വാലിബിന്റെ സംരക്ഷണം ലഭിക്കുന്നുവെന്നതും ഇതിനൊരു കാരണമായിരുന്നു. എന്നാല്‍ ക്വുറൈശികളിലെ നേതാക്കന്മാര്‍ നബി ﷺയെ ശക്തമായ നിലയ്ക്ക് പരിഹസിക്കാനും ആക്ഷേപിക്കുവാനും തുടങ്ങി. അദ്ദേഹത്തെയും അദ്ദേഹത്തെ പിന്‍പറ്റിയവരെയും അപമാനിക്കുവാനും അവരോട് തര്‍ക്കിക്കുവാനും ശ്രമിച്ചു. മുഹമ്മദ് എന്നതിനുപകരം മുദമ്മം(ആക്ഷേപാര്‍ഹന്‍) എന്നായിരുന്നു മക്കക്കാര്‍ നബിയെ വിളിച്ചത്! നബി ﷺയുടെ പിതൃവ്യനായ അബൂലഹബ് മക്കയില്‍ നബി പോകുന്നിടത്തെല്ലാം പിറകെ ചെല്ലുകയും എന്നിട്ട് അങ്ങാടികളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലുമെല്ലാം ജനങ്ങള്‍ക്ക് മുമ്പില്‍ നബിയെ വ്യാജനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണുവാന്‍ സാധിക്കും:

ജാഹിലിയ്യാ കാലഘട്ടത്തിലെ ചന്തയായിരുന്ന 'അല്‍മിജന്ന'യില്‍ ചെന്നുകൊണ്ട് നബി ﷺ ഇപ്രകാരം വിളിച്ച് പറയും: 'അല്ലയോ ജനങ്ങളേ, നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹു എന്നു പറയൂ. നിങ്ങള്‍ വിജയിക്കും.' ആളുകള്‍ ഇത് കേട്ട് പ്രവാചകന് ചുറ്റും കൂടിയിട്ടുണ്ടായിരിക്കും. ഈ സന്ദര്‍ഭത്തില്‍ അബൂലഹബ് വിളിച്ചുപറയും: 'ജനങ്ങളേ, ഇവന്‍ വ്യാജനാണ്, ഇവന്‍ മതം മാറിയവനാണ്.' 

നബി ﷺ എങ്ങോട്ടെല്ലാം പോകുന്നുവോ അങ്ങോട്ടെല്ലാം അബൂലഹബും കൂടെ ചെല്ലും. ഉത്ബത്ബ്‌നു അബീലഹബ് നബിയെ വല്ലാതെ പീഡിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ ഷര്‍ട്ട് കീറിയിട്ടുണ്ട്. അതിന്റെ ഫലമായി അയാള്‍ക്കെതിരെ നബി ﷺ പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ശാമിലേക്കുള്ള ഒരു യാത്രയില്‍ ഇയാളെ സിംഹം പിടിച്ചുകൊണ്ടുപോയി എന്നാണ് ഇമാം ഹാകിമിന്റെ ഒരു ഹദീഥില്‍ കാണുവാന്‍ സാധിക്കുന്നത്. (ഹാകിം: 4037). 

ഉമയ്യതുബ്‌നു ഖലഫ് നബി ﷺയെ കണ്ടാല്‍ കുത്തിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്യും. ഈ വിഷയത്തില്‍ അല്ലാഹു താഴെ കൊടുക്കുന്ന വചനങ്ങള്‍ അവതരിപ്പിച്ചു:

''കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്‌നിയാകുന്നു; ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ. തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്'' (അല്‍ഹുമസ: 1-9). 

ഇയാളുടെ സഹോദരനായ ഉബയ്യുബ്‌നു ഖലഫ് ഒരിക്കല്‍ ഒരു ദുര്‍ബലപ്പെട്ട എല്ലുമായി നബി ﷺയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് 'അല്ലയോ മുഹമ്മദ്, എല്ലുകള്‍ ദുര്‍ബലപ്പെട്ടു പോയതിനു ശേഷം വീണ്ടും അല്ലാഹു പുനര്‍ജീവിപ്പിക്കും എന്നാണോ നീ വാദിക്കുന്നത്' എന്ന് ചോദിച്ചുകൊണ്ട് അയാള്‍ തന്റെ കയ്യിലുള്ള എല്ലിന്‍ കഷ്ണം നബി ﷺയുടെ നേര്‍ക്ക് വീശി. അപ്പോള്‍ നബി ﷺ പറഞ്ഞു: 'അതെ, ഞാന്‍ അതുതന്നെയാണ് പറയുന്നത്. ഇതേപോലെ ദുര്‍ബലപ്പെട്ടതിനുശേഷം അല്ലാഹു നിന്നെയും ഉയര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്. ശേഷം നിന്നെ നരകത്തിലേക്ക് പ്രവേശിപ്പിക്കുന്നതുമാണ്.''

''അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ. പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍. അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!'' (യാസീന്‍ 78-83).