ബദ്‌റിനു ശേഷമുണ്ടായ ചില സുപ്രധാന സംഭവങ്ങള്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 38)

(1) ഖര്‍ഖറതുല്‍കദിര്‍ യുദ്ധം:

ഹിജ്‌റ മൂന്നാം വര്‍ഷം മുഹര്‍റം മാസത്തിന്റെ പകുതിയില്‍ 200 സ്വഹാബികളെയും കൊണ്ട് നബി ﷺ  പുറപ്പെട്ടു. ഖര്‍ഖറതുല്‍കദിര്‍ എന്ന സ്ഥലത്ത് ബനൂസുലൈം, ബനൂഗത്വ്ഫാന്‍ എന്നീ ഗോത്രക്കാര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു എന്ന റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ഈ പുറപ്പെടല്‍ ഉണ്ടായത്. സബാഅ്ബ്‌നു അര്‍ഫത്വതുല്‍ ഗഫ്ഫാരിയെ(റ) മദീനയുടെ ചുമതല ഏല്‍പിച്ചു. അലിയ്യുബ്‌നു അബീത്വാലിബിന്റെ(റ) കയ്യിലാണ് നബി ﷺ  കൊടി നല്‍കിയത്. നബി ﷺ  ഖര്‍ഖറതുല്‍കദിറില്‍ എത്തുകയും അവിടെ മൂന്ന് ദിവസം താമസിക്കുകയും ചെയ്തു. പക്ഷേ, ആരെയും കണ്ടില്ല. തന്റെ സ്വഹാബിമാരില്‍ ചിലരെ താഴ്‌വരയുടെ മുകള്‍ ഭാഗത്തേക്ക് അയച്ചു. താഴ്‌വരയുടെ താഴ് ഭാഗത്തുവെച്ചു പിന്നീട് അവരെ സ്വീകരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് കുറച്ച് ഇടയന്മാരെ കാണുന്നത്. അവരുടെ കൂട്ടത്തില്‍ യസാര്‍ എന്ന് പേരുള്ള ഒരാളും ഉണ്ടായിരുന്നു. ബനൂസുലൈംകാരെ കുറിച്ച് നബി ﷺ  ഇയാളോട് ചോദിച്ചുവെങ്കിലും 'എനിക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല' എന്നായിരുന്നു മറുപടി. നബി ﷺ  മദീനയിലേക്ക് തിരിച്ചുപോയി. 15 ദിവസത്തെ യാത്രയായിരുന്നു ഇത്.

(2) ഗത്വ്ഫാന്‍ യുദ്ധം:

മദീനയെ ആക്രമിക്കുന്നതിനു വേണ്ടി 'ദൂ അംറ്' എന്ന സ്ഥലത്തുള്ള ജല തടാകത്തിന് അരികില്‍ ഗത്ഫാന്‍ ഗോത്രത്തില്‍ പെട്ട ബനൂസഅ്‌ലബക്കാര്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്ന വാര്‍ത്ത പ്രവാചകനു ലഭിച്ചു. അപ്പോള്‍ 450 ആളുകളുമായി നബി ﷺ  അങ്ങോട്ടു പുറപ്പെട്ടു. ഇത് മുഹര്‍റം മാസത്തിലായിരുന്നു). ഉഹ്ദ് യുദ്ധത്തിന് മുമ്പ് നബി ﷺ  നയിച്ച ഏറ്റവും വലിയ സൈന്യമായിരുന്നു ഇത്. ഉസ്മാനുബ്‌നു അഫ്ഫാനെ(റ)യാണ് മദീനയുടെ കാര്യം ഏല്‍പിച്ചത്. ഗത്വ്ഫാന്‍ ഗോത്രക്കാര്‍ ഈ വിവരം അറിഞ്ഞപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടുകൊടുത്തു. മലകളുടെ ശിഖരങ്ങളിലേക്ക് അവര്‍ അഭയം തേടി ഓടിപ്പോയി. സത്യനിഷേധികളുടെ ഉപദ്രവത്തില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു സംരക്ഷിക്കുകയും ചെയ്തു.

''സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ (ആക്രമണാര്‍ഥം) അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍, അവരുടെ കൈകളെ നിങ്ങളില്‍ നിന്ന് തട്ടിമാറ്റിക്കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ'' (അല്‍മാഇദ: 11).

(3) കഅ്ബ്ബ്‌നുല്‍ അശ്‌റഫ് കൊല്ലപ്പെടുന്നു:

നബി ﷺ യോടും സ്വഹാബിമാരോടും ഏറ്റവും കൂടുതല്‍ ശത്രുത കാണിച്ചിരുന്ന ആളായിരുന്നു കഅ്ബ്ബ്‌നുല്‍ അശ്‌റഫ്. ത്വയ്യ് ഗോത്രത്തില്‍പെട്ട അറബി വംശജന്‍ ആയിരുന്നു അയാളുടെ പിതാവ്. മദീനയിലേക്ക് കടന്നുവന്ന് ബനൂനളീര്‍ ഗോത്രത്തോടൊപ്പം സഖ്യം ചെയ്തു കഴിഞ്ഞുകൂടുകയും പിന്നീട് അവര്‍ക്കിടയില്‍ വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്ത വ്യക്തിയാണ് ഇയാള്‍. അബുല്‍ ഹക്വീക്വിന്റെ മകള്‍ ഉകൈ്വലയെയായിരുന്നു വിവാഹം ചെയ്തത്. അതില്‍ ജനിച്ച മകനാണ് കഅ്ബ്. നീണ്ടു തടിച്ച ആളായിരുന്നു കഅ്ബ്. പേരുകേട്ട നല്ല ഒരു കവിയുമായിരുന്നു. സമ്പത്തിന്റെ ആധിക്യം കൊണ്ട് ഹിജാസിലെ ജൂതന്മാരുടെ നേതാവായി. ജൂത പുരോഹിതന്മാര്‍ക്ക് ധാരാളമായി ഇയാള്‍ സമ്പത്ത് നല്‍കുകയും അവരുമായി ശക്തമായ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. മദീനയുടെ കിഴക്ക്-തെക്ക് ഭാഗത്തായിരുന്നു അയാളുടെ കോട്ട. ബനൂ നളീര്‍ ഗോത്രത്തിന്റെ വീടുകളുടെ പിന്‍ഭാഗത്തായിരുന്നു ഇത്. ബദ്‌റില്‍ മുസ്‌ലിംകള്‍ വിജയിക്കുകയും ക്വുറൈശീ പ്രമാണിമാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന വാര്‍ത്ത ലഭിച്ചപ്പോള്‍ അയാള്‍ ചോദിച്ചു: 'സത്യമാണോ ഇതൊക്കെ? അറബികളിലെ പ്രധാനികള്‍ ആണല്ലോ അവരെല്ലാം. മാത്രവുമല്ല ജനങ്ങളുടെ രാജാക്കന്മാരുമായിരുന്നു അവര്‍. അല്ലാഹുവാണ് സത്യം, അറേബ്യന്‍ സമൂഹത്തെ മുഹമ്മദ് ഇപ്രകാരം ചെയ്തിട്ടുണ്ടെങ്കില്‍ ഭൂമിയുടെ ഉപരിഭാഗത്തെക്കാള്‍ എനിക്ക് നല്ലത് അതിന്റെ ഉള്‍ഭാഗമാണ്.'

ഈ വാര്‍ത്തകളെല്ലാം സത്യമാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍ ദീനിന്റെ ശത്രുവായ കഅ്ബ്ബ്‌നുല്‍ അശ്‌റഫ് അല്ലാഹുവിന്റെ റസൂലിനെയും മുസ്‌ലിംകളെയും ആക്ഷേപിച്ചു കൊണ്ട് രംഗത്തിറങ്ങി. അവരുടെ ശത്രുക്കളെ പുകഴ്ത്തിക്കൊണ്ടും മുസ്‌ലിംകള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു കൊണ്ടും സജീവ സാന്നിധ്യമായി. അല്ലാഹുവിന്റെ ശത്രു ഇതില്‍ മാത്രം അവസാനിപ്പിച്ചില്ല; മക്കയിലുള്ള ക്വുറൈശികളിലേക്ക് അയാള്‍ യാത്ര ചെയ്തു. ബദ്‌റില്‍ കൊല്ലപ്പെട്ട അവരുടെ ആളുകള്‍ക്ക് വേണ്ടി പാട്ടുപാടിക്കരഞ്ഞു. മുസ്‌ലിംകള്‍ക്കെതിരെ യുദ്ധംചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. മുത്ത്വലിബ് ഇബ്‌നു അബീവദാഅത്തുസ്സഹ്മിയുടെ വീട്ടിലാണ് ചെന്നുകയറിയത്. അയാള്‍ കഅ്ബിനെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. കഅ്ബ് കവിതകള്‍ പാടിക്കൊണ്ടിരിക്കുകയും ചെയ്തു. അതിലൂടെ ക്വുറൈശികളെ നബിക്കും മുസ്‌ലിംകള്‍ക്കുമെതിരെ തിരിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. പകരം വീട്ടാനുള്ള ചിന്ത അവരില്‍ ഉണ്ടാക്കിയെടുക്കുവാന്‍ വേണ്ടിയായിരുന്നു ഇത്. മദീനയില്‍ മടങ്ങിയെത്തിയ ഇയാള്‍ അവിടെയുള്ള മുസ്‌ലിം സ്ത്രീകളുടെ സൗന്ദര്യം വര്‍ണിച്ചുകൊണ്ട് പാട്ടുപാടാന്‍ തുടങ്ങി.

ഇയാളുടെ ഉപദ്രവം അസഹ്യമായപ്പോള്‍ കൊന്നുകളയാന്‍ നബി ﷺ ക്ക് കല്‍പന പുറപ്പെടുവിക്കേണ്ടിവന്നു. ജാബിര്‍(റ) പറയുന്നു: ''നബി ﷺ  ചോദിച്ചു: 'ആരാണ് അശ്‌റഫിനെ വകവരുത്തുക? കാരണം, അവന്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ദ്രോഹിച്ചിരിക്കുന്നു.' ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് ഇബ്‌നു മസ്‌ലമ പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞാനയാളെ കൊലപ്പെടുത്തുന്നത് താങ്കള്‍ ഇഷ്ടപ്പെടുമോ?' നബി ﷺ  പറഞ്ഞു: 'അതെ.' അപ്പോള്‍ മുഹമ്മദ്ബ്‌നു മസ്‌ലമ(റ) പറഞ്ഞു: 'എങ്കില്‍ എനിക്ക് അനുവാദം നല്‍കുക...' അങ്ങനെ മുഹമ്മദ്ബ്‌നു മസ്‌ലമയും അബ്ബാദ് ഇബ്‌നുബിശ്‌റും അബൂഅബ്‌സുബ്‌നു ജബ്‌റും കൂടി രാത്രിയില്‍ കഅ്ബിനെ തേടി വീട്ടില്‍ ചെല്ലുകയും അയാളെ വധിക്കുകയും ചെയ്തു. (ബുഖാരിയിലും മുസ്‌ലിമിലും ഈ സംഭവം വിശദീകരിക്കുന്നുണ്ട്).

റബീഉല്‍ അവ്വല്‍ 14ന്റെ രാത്രിയിലായിരുന്നു ഈ സംഭവം. കഅ്ബ്ബ്‌നുല്‍ അശ്‌റഫിന്റെ മരണവാര്‍ത്ത അറിഞ്ഞതോടു കൂടി ജൂത മനസ്സുകളിലേക്ക് ഭയം ഇരച്ചുകയറാന്‍ തുടങ്ങി. രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും നിര്‍ഭയത്വത്തെ നശിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഉപദേശം ഫലം ചെയ്യുന്നില്ലെങ്കില്‍ അവരുടെ നേരെ ശക്തി പ്രയോഗിക്കുന്ന വിഷയത്തില്‍ മുഹമ്മദ് വൈകിപ്പിക്കുന്നില്ല എന്ന് ജൂതന്മാര്‍ മനസ്സിലാക്കിയപ്പോള്‍ നിശ്ശബ്ദതയുടെയും ശാന്തതയുടെയും മാര്‍ഗം അവര്‍ സ്വീകരിച്ചു. അവര്‍ സത്യസന്ധന്‍മാരും കരാര്‍ പാലിക്കുന്നവരുമാണെന്ന് പ്രകടിപ്പിക്കുവാന്‍ തുടങ്ങി. പാമ്പുകള്‍ പത്തി മടക്കി മാളങ്ങളിലേക്ക് മടങ്ങി.

(4) ഉസ്മാനും(റ) ഉമ്മുകുല്‍സുമും(റ) തമ്മിലുള്ള വിവാഹം:

ഉസ്മാന്‍(റ) ആദ്യം നബി ﷺ യുടെ മകള്‍ റുക്വിയ്യ(റ)യെ കല്യാണം കഴിച്ചിരുന്നു. ബദ്ര്‍ യുദ്ധത്തിന് മുമ്പായി അവര്‍ രോഗബാധിതയായി. അക്കാരണത്താല്‍ ബദ്‌റിലേക്ക് പോകാന്‍ ഉസ്മാനെ(റ) നബി ﷺ  അനുവദിച്ചില്ല. ബദ്‌റില്‍ മുസ്‌ലിംകള്‍ വിജയിച്ചിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത മദീനയിലെത്തിയ സന്ദര്‍ഭത്തിലാണ് റുക്വിയ്യ(റ) മരണപ്പെടുന്നത്. അവരുടെ മരണശേഷം നബി ﷺ  തന്റെ മകള്‍ ഉമ്മുകുല്‍സുമിനെ(റ) ഉസ്മാന്(റ) കല്യാണം കഴിച്ചുകൊടുത്തു. ഹിജ്‌റ മൂന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു ഇത്. കന്യകയായിരുന്നു അവര്‍. എന്നാല്‍ അവരിലൂടെ അദ്ദേഹത്തിന് മക്കള്‍ ജനിച്ചിട്ടില്ല. ഉസ്മാന്‍(റ) അല്ലാതെ മറ്റൊരാള്‍ക്കും നബി(റ) തന്റെ രണ്ടു മക്കളെ വിവാഹം ചെയ്തു കൊടുത്തിട്ടുമില്ല. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പറയുന്നു: 'അല്ലാഹു മുഹമ്മദ് നബി ﷺ യെ സത്യം കൊണ്ട് നിയോഗിച്ചു. അല്ലാഹുവിനും അവന്റെ റസൂലിനും ആദ്യമായി ഉത്തരം നല്‍കിയ ആളുകളില്‍ പെട്ട വ്യക്തിയായിരുന്നു ഞാന്‍. എന്തൊന്നു കൊണ്ടാണോ മുഹമ്മദ് നബി ﷺ  നിയോഗിക്കപ്പെട്ടത് അത് ഞാന്‍ വിശ്വസിച്ചു. രണ്ടുതവണ ഞാന്‍ ഹിജ്‌റ പോയി. റസൂലിന്റെ കൂടെ ജീവിക്കുകയും അദ്ദേഹത്തോട് ബൈഅത്ത് ചെയ്യുകയും ചെയ്തു. നബി ﷺ  മരിക്കുന്നതുവരെ, അല്ലാഹുവാണെ സത്യം! ഞാന്‍ നബിയോട് അനുസരണക്കേട് കാണിക്കുകയോ വഞ്ചന കാണിക്കുകയോ ചെയ്തിട്ടില്ല'' (ബുഖാരി: 3696).

(5) അല്‍ഖിറദ സൈന്യം:

ബദ്ര്‍ യുദ്ധത്തിന് ശേഷം ക്വുറൈശികള്‍ ശാമിലേക്ക് കച്ചവടത്തിന് പോകുമ്പോള്‍ പ്രവേശിച്ചിരുന്ന വഴിയിലൂടെ പ്രവേശിക്കുവാന്‍ അവര്‍ക്ക് പേടിയായി. ഉഷ്ണ കാലത്തുള്ള ശാമിലേക്കുള്ള അവരുടെ യാത്രയുടെ സമയമായപ്പോള്‍ ഇപ്രകാരം പറഞ്ഞു: 'മുഹമ്മദ് നമ്മുടെ കച്ചവട സംഘത്തിന്റെ വഴി മുടക്കിയിരിക്കുകയാണ്. ഇനി ഏതു വഴിയിലൂടെയാണ് പോകേണ്ടത് എന്ന് പോലും അറിയില്ല.' അപ്പോള്‍ സ്വഫ്‌വാനുബ്‌നു ഉമയ്യ പറഞ്ഞു: 'നമ്മള്‍ മക്കയില്‍ ഈ നിലയ്ക്ക് നിന്നാല്‍ നമ്മുടെ മൂലധനം ഭക്ഷിക്കേണ്ടി വരും. പിന്നെ നമുക്ക് ഒന്നും ബാക്കിയാവുകയില്ല.' അങ്ങനെ ഈ വിഷയത്തില്‍ ക്വുറൈശികള്‍ കൂടിയാലോചന നടത്തി. അവസാനം അവര്‍ ഇറാഖിന്റെ വഴി തിരഞ്ഞെടുത്തു. നജ്ദ് പ്രദേശം താണ്ടിക്കടന്നുകൊണ്ട് ശാമിലേക്കുള്ള വഴിയായിരുന്നു അത്. അതാകട്ടെ ഒരുപാട് ദൂരം ഉള്ളതാണ് താനും. മദീനയില്‍ നിന്നും ഒരുപാട് അകലെ കിഴക്കുഭാഗത്ത് കൂടി യാത്ര ചെയ്യേണ്ടി വരും. ഫുറാതുബ്‌നു ഹയ്യാന്‍ എന്ന വ്യക്തിയെ അവര്‍ വഴികാട്ടിയായി വാടകയ്ക്ക് കൂടെ കൂട്ടി. ബകറുബ്‌നു വാഇല്‍ കുടുംബത്തില്‍പെട്ട വ്യക്തിയായിരുന്നു ഇയാള്‍. അങ്ങനെ മക്കയില്‍ നിന്നുള്ള ഒരു കച്ചവട സംഘം സ്വഫ്‌വാനുബ്‌നു ഉമയ്യയുടെ നേതൃത്വത്തില്‍ പുറപ്പെട്ടു. അബൂസുഫ്‌യാനിന്റെ നേതൃത്വത്തിലാണ് എന്നും പറയപ്പെടുന്നു. 100 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. 30,000 ദിര്‍ഹം വിലവരുന്ന വെള്ളി അവരുടെ കൂടയുണ്ടായിരുന്നു. വഴികാട്ടിയായ ഫുറാതുബ്‌നു ഹയ്യാന്‍ അവരെയും കൊണ്ട് ഇറാഖിലേക്കുള്ള വഴിയില്‍ ദാതുഇറഖ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ഈ കച്ചവട സംഘത്തെ കുറിച്ചുള്ള അറിവ് നബിക്ക് ലഭിച്ചു. സൈദുബ്‌നു ഹാരിസ(റ)യെ നബി ﷺ  ഇവരിലേക്ക് അയച്ചു. 100 ആളുകള്‍ സൈദിന്റെ കൂടെ ഉണ്ടായിരുന്നു. ക്വുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടലായിരുന്നു ലക്ഷ്യം. അല്‍ഖിറദ എന്ന് പേരുള്ള നജ്ദിലെ ഒരു ജല തടാകത്തിനു സമീപത്ത് വെച്ച് അവരെ കണ്ടുമുട്ടി. സൈദുബ്‌നു ഹാരിസയും അനുയായികളും ക്വുറൈശീ സംഘത്തില്‍ ഒന്നടങ്കം ആധിപത്യം നേടി. എതിരിടാന്‍ പോലും സാധ്യമല്ലാതെ സ്വഫ്‌വാനും കൂട്ടര്‍ക്കും ഓടിപ്പോകേണ്ടി വന്നു. ഇതല്ലാതെ മറ്റൊരു മാര്‍ഗവും അവരുടെ മുമ്പില്‍ ഉണ്ടായിരുന്നില്ല. അവര്‍ വഴികാട്ടിയായി കൊണ്ടുവന്ന ഫുറാത്തിനെ മുസ്‌ലിംകള്‍ ബന്ദിയായി പിടികൂടി. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും തന്റെ ഇസ്‌ലാമിക ജീവിതം നന്നാക്കുകയും ചെയ്തു. ദീനില്‍ വലിയ പാണ്ഡിത്യവും നേടി. പില്‍ക്കാലത്ത് അദ്ദേഹം മക്കയിലേക്ക് നീങ്ങുകയും അവിടെ താമസമാക്കുകയും ചെയ്തു.

അഞ്ചില്‍ ഒന്ന് മാറ്റി വെച്ചതിനു ശേഷം യുദ്ധാര്‍ജിത സ്വത്ത് നബി ﷺ  അര്‍ഹരായ ആളുകള്‍ക്ക് വീതിച്ചു കൊടുത്തു. ഹിജ്‌റ മൂന്നാംവര്‍ഷം ജമാദുല്‍ ആഖിര്‍ മാസത്തിലായിരുന്നു ഇത്. ഉഹ്ദ് യുദ്ധത്തിനു മുമ്പായി മുസ്‌ലിംകള്‍ നയിച്ച ഏറ്റവും വിജയകരമായ സൈന്യമായിരുന്നു ഇത്. ഇവിടെയുണ്ടായ പരാജയം ബദ്‌റിന് ശേഷം ക്വുറൈശികളെ സംബന്ധിച്ചിടത്തോളം ഒരു ഇടിത്തീ പോലെയായിരുന്നു. ഇതോടെ അവരുടെ ദുഃഖവും ഭയവും അസ്വസ്ഥതയും നാള്‍ക്കു നാള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. ക്വുറൈശികളുടെ എല്ലാ പ്ലാനുകളും മുസ്‌ലിംകള്‍ക്ക് മുമ്പില്‍ തകര്‍ന്നടിയുന്നതായി കണ്ടപ്പോള്‍ വലിയ ഒരു സൈന്യത്തെ മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലത്തേക്ക് തന്നെ നിയോഗിക്കണമെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തി.ഒരു പ്രതികാര നടപടിയെന്നോണവും അതോടൊപ്പം എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യാന്‍ സാധ്യമാകും എന്ന ഉദ്ദേശത്തോടു കൂടിയും ആയിരുന്നു ഇത്. തങ്ങളുടെ കച്ചവടമാര്‍ഗത്തില്‍ പഴയ കാലത്ത് ഉണ്ടായിരുന്ന നിര്‍ഭയത്വത്തിന്റെ സാഹചര്യം തിരിച്ചുകൊണ്ടുവരാന്‍ ഇതിലൂടെ സാധ്യമാകുമെന്നും അവര്‍ ചിന്തിച്ചു. മാത്രവുമല്ല ബദ്ര്‍ യുദ്ധത്തിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ സല്‍കീര്‍ത്തി തിരിച്ചുപിടിക്കാനും ഇതിലൂടെ സാധ്യമാകും എന്നായിരുന്നു അവരുടെ ചിന്ത. അങ്ങനെയാണ് ഉഹ്ദ് യുദ്ധം ഉണ്ടാകുന്നത്.

(6) നബി ﷺ യും ഹഫ്‌സ(റ)യും തമ്മിലുള്ള വിവാഹം:

ശഅ്ബാന്‍ മാസത്തില്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ മകള്‍ ഹഫ്‌സയെ നബി ﷺ  വിവാഹം ചെയ്തു. ആദ്യ ഭര്‍ത്താവായിരുന്ന ഖുനൈസ് ഇബ്‌നു ഹുദാഫതുസ്സഹ്മി(റ)യുടെ മരണ ശേഷം ഇദ്ദയുടെ കാലം അവസാനിച്ചപ്പോഴാണ് വിവാഹം നടന്നത്. ബദ്ര്‍ യുദ്ധത്തിന് ശേഷമാണ് ഖുനൈസ് മരണപ്പെടുന്നത്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: 'ഖുനൈസിന്റെ മരണത്തോടു കൂടി ഹഫ്‌സ വിധവയായി. നബിയുടെ സ്വഹാബിമാരില്‍ പെട്ട ഒരാളായിരുന്നു ഖുനൈസ്. മദീനയില്‍ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്.' ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) പറയുന്നു: 'ഹഫ്‌സയെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ഉസ്മാനുബ്‌നു അഫ്ഫാനെ കാണാന്‍ ചെന്നു. ഉസ്മാന്‍(റ) ഞാന്‍ ഒന്ന് ആലോചിക്കട്ടെ എന്നു പറഞ്ഞു. ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം എന്നെ കണ്ടുമുട്ടി. ഈ ദിവസങ്ങളില്‍ ഞാന്‍ വിവാഹം കഴിക്കുന്നില്ല എന്നാണ് എനിക്ക് അഭിപ്രായമായി തോന്നുന്നത് എന്ന് ഉസ്മാന്‍ പറഞ്ഞു.'

ഉമര്‍ പറയുന്നു: ''ശേഷം ഞാന്‍ അബൂബക്‌റിനെ(റ) കണ്ടുമുട്ടി. താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം ഹഫ്‌സയെ വിവാഹം കഴിച്ചുതരാം എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, അബൂബക്ര്‍ നിശ്ശബ്ദനായി. ഒരു മറുപടിയും എനിക്ക് നല്‍കിയില്ല. ഉസ്മാനോട് ഉണ്ടായതിനെക്കാള്‍ നീരസമാണ് അബൂബക്‌റിനോട് എനിക്ക് തോന്നിയത്. ദിവസങ്ങള്‍ക്കു ശേഷം നബി ﷺ  ഹഫ്‌സയെ വിവാഹമന്വേഷിച്ചു. ഞാന്‍ നബിക്ക് ഹഫ്‌സയെ നിക്കാഹ് ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട് അബൂബക്ര്‍ എന്നെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഹഫ്‌സയെ വിവാഹം കഴിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ഞാനൊന്നും മറുപടിയായി പറയാതിരിക്കുകയും ചെയ്തപ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടാകാം.' ഞാന്‍ പറഞ്ഞു: 'അതെ, ശരിയാണ്.' അപ്പോള്‍ അബൂബക്ര്‍ പറഞ്ഞു: 'നബി ഹഫ്‌സയെ കല്യാണം കഴിക്കുന്നതിനെ കുറിച്ച് പറയുന്നത് ഞാന്‍ അറിഞ്ഞതു കൊണ്ടാണ് എന്നോട് താങ്കള്‍ ആ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നും മറുപടി പറയാതിരുന്നത്. നബി ﷺ  രഹസ്യമാക്കി വെച്ച കാര്യം ഞാന്‍ പരസ്യപ്പെടുത്തുന്നവനല്ല. നബി അങ്ങനെ ചെയ്യുന്നില്ലായിരുന്നുവെങ്കില്‍ ഹഫ്‌സയെ ഞാന്‍ സ്വീകരിക്കുമായിരുന്നു'' (ബുഖാരി: 5122).

(7) നബി ﷺ യും സൈനബും(റ) തമ്മിലുള്ള വിവാഹം:

റമദാന്‍ മാസത്തില്‍ സൈനബ് ബിന്‍തു ഖുസൈമ അല്‍ഹിലാലിയ്യയെ നബി ﷺ  വിവാഹം കഴിച്ചു. സാധുക്കള്‍ക്ക് ധാരാളമായി ഭക്ഷണം കൊടുക്കുകയും ധര്‍മം വര്‍ധിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ഉമ്മുല്‍ മസാകീന്‍ എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അവരുടെ ആദ്യഭര്‍ത്താവ് ബദ്‌റില്‍ വെച്ച് ശഹീദാവുകയായിരുന്നു. അങ്ങനെയാണ് നബി ﷺ  അവരെ വിവാഹാന്വേഷണം നടത്തുന്നത്. പക്ഷേ, നബിയുടെ കൂടെ അധിക കാലം ജീവിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. ഹിജ്‌റ നാലാം വര്‍ഷം റബീഉല്‍ ആഖിറിന്റെ അവസാനത്തില്‍ അവര്‍ മരണപ്പെട്ടു. നബി ﷺ  ജീവിച്ചിരിക്കെ മരണപ്പെട്ട രണ്ടു ഭാര്യമാരില്‍ ഒരാളാണ് സൈനബ്(റ). മരിക്കുമ്പോള്‍ അവര്‍ക്ക് 30 വയസ്സ് പ്രായമായിരുന്നു. ബക്വീഇലാണ് അവരെ മറവു ചെയ്തത്.