ഇന്നും പ്രസക്തമാകുന്ന ഹമദാനീ ദര്‍ശനം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26

(വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 19 - ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍: 13)

ഒരു മുസ്‌ലിം പണ്ഡിത സഭയുടെ അനിവാര്യത കേരളത്തില്‍ ആദ്യമായി ഊന്നിപ്പറഞ്ഞ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളാണ്. പണ്ഡിത സംഘടനയുടെ അനിവാര്യത ന്യായയുക്തം ബോധ്യപ്പെടുത്തുന്ന ഈ ഗ്രന്ഥം പുറത്ത് വന്ന് 8 വര്‍ഷത്തിനു ശേഷവും പണ്ഡിത സംഘടന രൂപീകരിക്കുന്നത് മതപരമായി കൊടിയ പാതകമാകുമോ എന്ന ആശങ്കയാണ് പണ്ഡിതന്മാരുടെ ഭാഗത്ത് നിന്ന് പോലും ഉയര്‍ന്നു വന്നത്. വീണ്ടും 2 വര്‍ഷം കഴിഞ്ഞ് ആ സംഘടനയെ പിളര്‍ത്തിയപ്പോള്‍ അവര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെട്ടതുമില്ല!

മാറ്റത്തിനായുള്ള സമുദായത്തിന്റെ പ്രയാണത്തെ അത്രമേല്‍ മന്ദഗതിയിലാക്കുകയാണ് പണ്ഡിതന്മാരെന്നവകാശപ്പെട്ടിരുന്നവര്‍ ചെയ്തത്. 1924ല്‍ ആലുവയിലെ പണ്ഡിതസഭാരൂപീകരണ ചര്‍ച്ചയ്ക്കിടയിലാണ് ആദ്യ ആശങ്ക ബാക്വവി ബിരുദമുള്ള ഒരു മുസ്‌ലിയാരാല്‍ ഉന്നയിക്കപ്പെട്ടത്: 'ഇങ്ങനെ പണ്ഡിതന്മാര്‍ക്ക് ഒരു സംഘടിത രൂപം നല്‍കാന്‍ ദലീല്‍ (തെളിവ്) വല്ലതും ഉണ്ടോ?'

'നന്‍മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍' എന്ന വിശുദ്ധ ക്വുര്‍ആന്‍ മൂന്നാം അധ്യായം, വചനം 194ന്റെ അടിസ്ഥാനത്തിലാണ് ഇത് നടത്തുന്നതെന്ന് അധ്യക്ഷ വേദിയില്‍ നിന്ന് വിശദീകരിച്ചത് കേരളത്തിലെ ഒട്ടുമിക്ക പണ്ഡിതന്മാരുടെയും ഗുരുവും മൗലവി ഫാദില്‍ ബാഖവി ബിരുദം നല്‍കുന്ന തമിഴ്‌നാട്ടിലെ വെല്ലൂര്‍ അല്‍ബാക്വിയാതുസ്സ്വാലിഹാത് അറബിക്കോളേജിന്റെ പ്രിന്‍സിപ്പലുമായ അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്താണ്.

ഉടനെ ബാക്വവിയുടെ അടുത്ത ന്യായീകരണം വന്നു! 'അത് ക്വുര്‍ആനല്ലേ, ദലീല്‍ (തെളിവ്) ആണ് ഞാന്‍ ചോദിച്ചത്' എന്നായിരുന്നു അത്. ചോദ്യകര്‍ത്താവിനെ ഹസ്‌റത്ത് രൂക്ഷമായൊന്ന് നോക്കുക മാത്രം ചെയ്തു. വിശുദ്ധ ക്വുര്‍ആനിനെ ജീവിതപ്രമാണമാക്കാന്‍ പറ്റുമോ എന്ന് സംശയിക്കുന്ന പണ്ഡിതന്മാര്‍ ഉള്ള കാലത്ത് അവരെക്കൂടി ബോധവത്കരണം നടത്താന്‍ ഒരു പണ്ഡിത സംഘടന അനിവാര്യം തന്നെയായിരുന്നു.

പണ്ഡിത സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് 103 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹമദാനി തങ്ങള്‍ പങ്കുവെച്ച ചിന്തകള്‍ ഇവയായിരുന്നു:

''ആയതുകൊണ്ട് മുമ്പ് ഫണ്ട് തന്നെ ഉണ്ടാക്കണം. ഫണ്ട് ഉണ്ടാക്കണമെങ്കില്‍ ഇസ്‌ലാമിക ഐക്യം (ഇല്‍ഫതുല്‍ ഇസ്‌ലാം) എന്ന ജീവശക്തി പ്രചരിപ്പിക്കുവാനായി ആദ്യമായിട്ട് ഉലമാക്കളുടെ(120) ഒരു സംഘത്തെ ഏര്‍പ്പെടുത്തണം. അവര്‍ക്ക് വേണ്ടുന്ന ചെലവുകള്‍ ബൈതുല്‍ മാലില്‍ നിന്ന് കൊടുക്കണം. സമുദായ ഫണ്ട് ഉണ്ടാകണമെങ്കില്‍ സമുദായ ജനങ്ങളില്‍ ഐക്യവും സാഹോദര്യവും പരസ്പര സഹായവും ഒരുമയും ഉണ്ടാകണം. അവകള്‍ ഉണ്ടാകണമെങ്കില്‍ പരസ്പര സഹായ ബന്ധമുള്ള സഭകള്‍ സ്ഥാപിതമാകണം. സഭകള്‍ ഏര്‍പ്പാടാക്കണമെങ്കില്‍ സമുദായ നായകന്മാരായ ഉലമാക്കളും സമുദായം വക പത്രങ്ങളും സദാ ജനങ്ങളെ ഉണര്‍ത്തി ഉത്സാഹിപ്പിക്കണം. അതിലേക്കും ധനവ്യയം ചെയ്യണം. ആയതുകൊണ്ട് മറ്റെല്ലാ ആവശ്യത്തെക്കാള്‍ 'ബൈത്തുല്‍മാല്‍' തന്നെ മുന്തിനില്‍ക്കണം.(121) അല്ല, മറ്റു കാര്യങ്ങളെല്ലാം ഒന്ന് ഒന്നിനെക്കാള്‍ മുന്തുന്നവയായതുകൊണ്ട് മേല്‍ചൂണ്ടിക്കാണിച്ചിരിക്കുന്ന ദഅ്‌വത്ത് (പ്രസംഗം), ജരീദ (പത്രം), ബൈതുല്‍മാല്‍ (സമുദായ ഫണ്ട്), ഇല്‍മ് (വിദ്യാഭ്യാസം), സഭ എന്നിവ അഞ്ചും ഒന്ന് ഒന്നിനെക്കാള്‍ അത്യാവശ്യം തന്നെ ആയിരിക്കുന്നതിനാലും എല്ലാ കാര്യങ്ങളിലും നല്ലവണ്ണം ആലോചിച്ചുറച്ചും കൊണ്ട് കഴിവുള്ളിടത്തോളം സര്‍വത്തെയും സാധ്യപ്പെടുത്തുവാന്‍ സമുദായാംഗങ്ങള്‍ ഉത്സാഹിക്കേണ്ടതാകുന്നു.''(122)

തുടര്‍ന്ന് വിശുദ്ധ ക്വുര്‍ആനിലെ അമ്പത്തിമൂന്നാം അധ്യായം അന്നജ്മ്, വചനം 39ഉം പരിഭാഷയും വിശദീകരണവും ഹമദാനി തങ്ങള്‍ വായനക്കാരെ ധരിപ്പിക്കുന്നുണ്ട്.

''മനുഷ്യന് അവന്‍ അധ്വാനിച്ചുനേടിയതല്ലാതെ മറ്റൊന്നുമില്ല''(അന്നജ്മ് 39).

''ഇക്കാലത്തെ ഇര്‍ശാദിനും ദഅ്‌വത്തിനും വേണ്ടി ഉലമാക്കളുടെ പരസ്പര ബന്ധമുള്ള രണ്ട് സംഘം. ഹോ!  രണ്ടെന്നെഴുതിയത് തന്നെ അബദ്ധമായിപ്പോയിരിക്കുന്നു. രണ്ടോ അതിലധികമോ വകുപ്പുകളുള്ള ഒരേ ഒരൊറ്റ സംഘത്തെ ഏര്‍പ്പെടുത്തി മുസ്‌ലിമീങ്ങളില്‍ ബൈഅതും(123) നസ്വീഹതും(124) വസ്വിയ്യതും(125) ഇര്‍ശാദും ചെയ്തു ഉല്‍ഫത്തിലാക്കി സര്‍വകാര്യങ്ങളിലും അവരെ യോജിപ്പിച്ച്, മുസ്‌ലിമീങ്ങള്‍ അധിവസിക്കുന്ന എല്ലാ സ്ഥലങ്ങളിലും ആലോചനാസഭകളും മദ്‌റസകളും സ്ഥാപിച്ച്, അവകള്‍ക്കെല്ലാം വേണ്ടുന്നതായ ആലോചനകളും ഉപദേശങ്ങളും വെളിപ്പെടുത്തിക്കൊടുക്കുവാന്‍ വേണ്ടുന്ന വര്‍ത്തമാന പത്രങ്ങളും മാസികകളും നടപ്പാക്കി, മുസ്‌ലിമീങ്ങളെ അഭിവൃദ്ധിപ്പെടുത്തി ഉയര്‍ത്തുവാന്‍ എല്ലാ മുസ്‌ലിമീങ്ങളും അവരവരാല്‍ കഴിവുള്ളിടത്തോളം ശ്രമം ചെയ്യേണ്ടത് നമ്മളെല്ലാവരുടെയും കര്‍ത്തവ്യ കര്‍മ്മങ്ങളാല്‍ ഉള്ളതാകുന്നു. ഇങ്ങനെയുള്ള ഉത്സാഹം, പ്രയത്‌നം മുതലായവകള്‍ കൊണ്ടല്ലാതെ ഇനി നമുക്ക് സുഖജീവിതം ഇഹത്തിലും പരത്തിലും ഉണ്ടാകുവാന്‍ വളരെ പ്രയാസമാണെന്ന് തോന്നുന്നു. അല്ലാഹു തആലാ(126) നമ്മളെ എല്ലാവരെയും സര്‍വകാര്യങ്ങളിലും വേണ്ടുന്നതായ ഉത്സാഹത്തെ വേണ്ടുന്ന കര്‍മ്മത്തില്‍ ചെയ്തു സാധിപ്പിക്കുന്ന സാക്ഷാല്‍ മുസ്‌ലിമീങ്ങളായി  പോറ്റി രക്ഷിക്കട്ടെ, ആമീന്‍.''(127)

പ്രിയ വായനക്കാരേ, 12 അധ്യായങ്ങളിലായി ഹമദാനി തങ്ങളുടെ പ്രവര്‍ത്തനങ്ങളും രചനകളും വിശകലന വിധേയമാക്കിയപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ച ചില സുപ്രധാന വസ്തുതകള്‍ ഇവിടെ ക്രമത്തില്‍ സംഗ്രഹിക്കാം:

ഇല്‍ഫതുല്‍ ഇസ്‌ലാമിന്റെ സ്വാധീനഫലങ്ങള്‍

1. കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിശുദ്ധ ക്വുര്‍ആനും പ്രവാചക ജീവിത മാതൃകയുമാണ് വിശ്വാസിയുടെ ജീവിതപ്രമാണമെന്ന ചിന്ത വളര്‍ത്തിയെടുത്തു.

2. വ്യത്യസ്ത ത്വരീക്വത്ത് കക്ഷികളായിപ്പിരിഞ്ഞ് തമ്മില്‍ തല്ലേണ്ടവരല്ല തങ്ങളെന്നും മുസ്‌ലിംകള്‍ക്ക് ഉത്തമ സമുദായം എന്ന നിലയ്ക്ക് വിശുദ്ധ ക്വുര്‍ആനും പ്രവാചക ജീവിത മാതൃകയുമാകുന്ന ജീവിതപ്രമാണങ്ങള്‍ സ്വീകരിക്കുക വഴി ഏകതാനമായ ദൈവിക മാര്‍ഗദര്‍ശനത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നും അവിടെ ഭിന്നതകള്‍ക്ക് പ്രസക്തിയില്ലെന്നും മനസ്സിലാക്കിക്കൊടുക്കുകയും; സമുദായാംഗങ്ങള്‍ എല്ലാവരും ഒന്നാണെന്നും പരസ്പരം സഹായിക്കേണ്ടവരാണെന്നുമുള്ള ബോധമുണ്ടാക്കുകയും ചെയ്തു.

3. വിശ്വാസി സമൂഹം പരസ്പരം പാലിക്കേണ്ട കടമകളും കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും ഏതൊക്കെയാണെന്ന് മലയാളി ആദ്യമായി മനസ്സിലാക്കുന്നത് ഈ ഗ്രന്ഥത്തിലൂടെയാണ്.

4. ലോകത്ത് നടക്കുന്ന നവോത്ഥാന സംരംഭങ്ങളെ പരിചയപ്പെടുക വഴി, നമ്മുടെ സമൂഹത്തിലും മാറ്റം സാധ്യമാണ് എന്ന ആത്മവിശ്വാസം വളര്‍ത്തി.

5. കേരള മുസ്‌ലിം നവോത്ഥാനം സാധ്യമാക്കുന്ന തരത്തിലുള്ള വിഭവവിന്യാസത്തിന് കൂട്ടായ പരിശ്രമങ്ങളും സംഘടിത സംവിധാനങ്ങളും കൂടിയേ കഴിയൂ എന്ന തിരിച്ചറിവുണ്ടാക്കുകയും പണ്ഡിത സഭയുടെ അനിവാര്യത ഉണര്‍ത്തുകയും ചെയ്ത ആദ്യത്തെ ഗ്രന്ഥമാണിത്.

6. നമ്മുടെ നാട് തേടുന്ന നവോത്ഥാനത്തിന്റെ കരട് പദ്ധതികള്‍ അവതരിപ്പിക്കുക വഴി പിന്നീട് കേരള മുസ്‌ലിം സമൂഹത്തെ പരിവര്‍ത്തിപ്പിച്ച നവോത്ഥാന നായകര്‍ക്ക് ദിശാബോധം നല്‍കിയത് ഈ ഗ്രന്ഥമാണ്.

7. പ്രശസ്തരായ സമകാലിക കേരളീയ പണ്ഡിതന്മാരുടെ പുസ്തകാഭിപ്രായത്തെ ഈ ഗ്രന്ഥത്തിന്റെ വാണിജ്യവല്‍ക്കരണത്തിനുപയോഗിക്കുക വഴി അവരെയും കൂടി ഇതിന്റെ ബ്രാന്റ് അംബാസിഡര്‍മാരാക്കി.

8. പത്രപാരായണം പാതകമായി കരുതിയിരുന്നവരുടെ പുത്രന്മാര്‍ക്ക് വേണ്ടിയെങ്കിലും പത്രങ്ങള്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാകയാല്‍ സമുദായത്തിന്റെ ശ്രദ്ധ വലിയതോതില്‍ അതിലേക്ക് ക്ഷണിക്കുകയും പിതൃവാല്‍സല്യത്തോടുകൂടി അവയെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഹമദാനി തങ്ങളുടെ സ്വാധീനം

1. ജ്ഞാന ശാസ്ത്രത്തിന്റെ സൂക്ഷ്മാംശങ്ങള്‍ വിവരിക്കുന്ന ജീവിതഗന്ധിയല്ലാത്ത കൃതികള്‍ മാത്രം പഠിപ്പിക്കപ്പെട്ട പൗരോഹിത്യത്തിന്റെ നേതൃകരവലയങ്ങളിലമര്‍ന്ന്, സകല പുരോഗമന മാര്‍ഗങ്ങളുടെയും ശത്രുപക്ഷത്ത് നിലയുറപ്പിച്ച ഒരു പിന്തിരിപ്പന്‍ സമൂഹത്തിന്റെ പുനസ്സംരചന; പ്രൗഢമായ രചനകളിലൂടെ   നിര്‍വഹിക്കാനുള്ള സൗഭാഗ്യം ഇത്രമേല്‍ കൈവന്നത് സയ്യിദ് ഥനാഉല്ലാ മക്വ്ദി തങ്ങള്‍, ശൈഖ് മുഹമ്മദ് ഹമദാനി തങ്ങള്‍, വക്കം മുഹമ്മദ് അബ്ദുല്‍ ക്വാദിര്‍ മൗലവി തുടങ്ങിയ ചില അനുപമ വ്യക്തിത്വങ്ങള്‍ക്ക് മാത്രമാണ്.

2 പ്രബോധനത്തിന് പകരം ഭാഷാവ്യക്തതയില്ലാത്ത പഴക്കം പറച്ചിലുകള്‍ കേട്ട് മയങ്ങിക്കിടന്നിരുന്ന ഒരു സമൂഹത്തില്‍, പൊതുപ്രഭാഷണങ്ങളെ സാമൂഹ്യമാറ്റത്തിന്റെ ചടുലമായ ഉപകരണങ്ങാക്കി മാറ്റിയെടുത്തു.

3. നവോത്ഥാനം സാധ്യമാക്കുന്നതിന് വിവിധ സംഘടനകള്‍ രൂപീകരിക്കുകയും ആ ലക്ഷ്യത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട മറ്റു സംഘടനകള്‍ക്ക് താങ്ങും തണലുമായി മാറുകയും ചെയ്തു.

4. പ്രത്യുല്‍പന്നമതികളായ പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്നതിന് വിദ്യാലയങ്ങളും കലാലയങ്ങളും സര്‍വകലാശാലകളും സ്ഥാപിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

5. ജനപ്രതിനിധിസഭകളില്‍ നാട്ടിന്റെയും സമുദായത്തിന്റെയും ക്ഷേമത്തിന് വേണ്ടി വീറോടെ വാദിക്കുകയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഭരണാധികാരികളോടുള്ള അടുപ്പവും സമാന മനസ്‌കരുടെ സഹകരണവും പ്രയോജനപ്പെടുത്തുകയും ചെയ്തു.

6. വഴിയറിയാതുഴലുന്ന സമുദായത്തിന് ദിശാബോധം നല്‍കാന്‍ ധിഷണാശാലികളായ യുവാക്കളെയും മധ്യവയസ്‌കരെയും വളര്‍ത്തിക്കൊണ്ടുവന്നു.

7. മലയാളത്തിനെ നിഷിദ്ധമായ ആര്യനെഴുത്തും ഇംഗ്ലീഷിനെ നരകത്തിലെ ഭാഷയുമാക്കി ചാപ്പകുത്തി മാറ്റിനിര്‍ത്തിയിരുന്ന ആപല്‍ക്കാലത്ത് ഇംഗ്ലീഷിനെ വിജ്ഞാനസമ്പാദനത്തിനും മലയാളത്തെ ആശയ പ്രസാരണത്തിനും സക്രിയമായി എങ്ങിനെ ഉപയോഗിക്കാം എന്നതിന് മാതൃകയായി.

8. വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുക എന്നത് സാഹസമായി മാറിക്കഴിഞ്ഞിരുന്ന കാലത്ത് രചനയിലും പ്രഭാഷണത്തിലും താന്‍ ആവിഷ്‌കരിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് പ്രാമാണികതയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍, വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചകന്റെയും വചനങ്ങള്‍ക്ക് സാന്ദര്‍ഭികമായി പരിഭാഷയും വ്യാഖ്യാനവും നല്‍കിക്കൊണ്ട് ഹമദാനി ശൈഖിന് സാധിച്ചു.

ആധാര സൂചിക:

(120) പണ്ഡിതന്മാരുടെ.

(121) പ്രഥമ പരിഗണന നല്‍കണം.

(122)  'അല്‍ ഇല്‍ഫതുല്‍ ഇസ്‌ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വതില്‍ ഈമാനിയ്യ,' ഒന്നാം പതിപ്പ്, താള്‍ 86-88.

(123) അനുസരണ പ്രതിജ്ഞയുടെ പാലനം.

(124) ഗുണകാംക്ഷ.

(125) ശക്തിമത്തായ ഉപദേശം

(126) അത്യുന്നതനായ അല്ലാഹു

(127) 'അല്‍ ഇല്‍ഫതുല്‍ ഇസ്‌ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വതില്‍ ഈമാനിയ്യ,' ഒന്നാം പതിപ്പ്, താള്‍ 89,90.