ഉപദ്രവങ്ങളും പ്രവാചകന്റെ നിലപാടുകളും

അബ്ബാസ് ചെറുതുരുത്തി

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03

ക്വുറൈശികള്‍ പ്രവാചകന്റെ പ്രബോധനം തടയാന്‍ പുതിയ മാര്‍ഗം കണ്ടെത്തി; പ്രീണിപ്പിച്ചോ പീഡിപ്പിച്ചോ കാര്യം സാധിക്കുക! അതിന് വേണ്ടി പ്രവാചകന്റെ അടുക്കലേക്ക് ദൂതന്മാരെ അയച്ചുകൊണ്ട് എന്ത് ആവശ്യമാണോ ഇഹലോകത്ത് ആഗ്രഹിക്കുന്നത് അത് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രവാചകനെ സംരക്ഷിക്കുന്ന പിതൃവ്യന്റെ അടുക്കല്‍ ചെന്ന് മുഹമ്മദിനെ സംരക്ഷിക്കുന്നതും സഹായിക്കുന്നതും അവസാനിപ്പിക്കണമെന്നും പ്രബോധനത്തില്‍ നിന്നും തടയണമെന്നും ഇല്ലെങ്കില്‍കാര്യം പ്രയാസകരമാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ക്വുറൈശികളുടെ പ്രലോഭനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും ചില ഉദാഹരണങ്ങള്‍ പറയാം:

1. ക്വുറൈശി നേതാക്കള്‍ അബൂത്വാലിബിന്റെ അടുക്കല്‍ ചെല്ലുകയും എന്നിട്ട് ഇങ്ങനെ പറയുകയും ചെയ്തു: ''ഓ, അബൂത്വാലിബ്! താങ്കള്‍ക്ക് ഞങ്ങളുടെ ഇടയില്‍ വലിയ സ്ഥാനവും ബഹുമാനവും ശ്രേഷ്ഠതയുമുണ്ട്. തീര്‍ച്ചയായും താങ്കളോട് ഞങ്ങള്‍ താങ്കളുടെ സഹോദരപുത്രനെ വിലക്കാന്‍ പറഞ്ഞിട്ടും താങ്കള്‍ വിലക്കിയിട്ടില്ല. അല്ലാഹുവാണ് സത്യം, ഞങ്ങള്‍ക്ക് അത് ക്ഷമിക്കാന്‍ കഴിയുന്നതല്ല. അവന്‍ ഞങ്ങളുടെ പിതാക്കളെ ചീത്ത പറയുകയും ഞങ്ങളുടെ ആരാധ്യന്മാരെ കുറ്റം പറയുകയും ചെയ്യുന്നു. അതിനാല്‍ രണ്ടാലൊരു കക്ഷി നശിച്ച് പോകും.''

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ അബൂത്വാലിബ് പ്രവാചകന്‍ ﷺ യോട് പറഞ്ഞു: ''പിതൃവ്യ പുത്രാ, നിന്റെ ജനത എന്റെ അടുക്കല്‍ വന്ന് ഇന്നാലിന്ന കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. എന്റെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ നില്‍ക്കുന്നതല്ല. അതിനാല്‍, അവരെ വെറുപ്പിക്കുന്ന നിന്റെ സംസാരങ്ങള്‍ നിര്‍ത്തിവെക്കണം.''

എന്നാല്‍ പ്രവാചകന്‍ ﷺ  അല്ലാഹുവിലേക്കുള്ള പ്രബോധനത്തില്‍ ഉറച്ചുനിന്നു. ഒരു ആക്ഷേപകന്റെ ആക്ഷേപവും പ്രവാചകനെ സ്വാധീനിച്ചില്ല. കാരണം, താന്‍ സത്യത്തിലാണെന്ന് പ്രവാചകന് ഉറപ്പുണ്ട്. അദ്ദേഹത്തിനറിയാം അല്ലാഹു അവന്റെ ദീനിനെ സഹായിക്കുകയും കലിമത്തിനെ ഉയര്‍ത്തുകയും ചെയ്യുമെന്ന്. പ്രവാചകന്റെ ഈ സ്ഥൈര്യം അബൂത്വാലിബ് കണ്ടപ്പോള്‍ തൗഹീദിലേക്ക് ക്ഷണിക്കുന്നത് ഉപേക്ഷിക്കാനുള്ള ക്വുറൈശികളുടെ വാക്കിനോട് പ്രവാചകനെ യോജിപ്പിക്കുന്നതില്‍ നിന്നും നിരാശപ്പെടുകയും ചെയ്തപ്പോള്‍, അദ്ദേഹം പറഞ്ഞു: 'നിനക്ക് നന്മയെന്ന് തോന്നുന്നത് നീ പ്രവര്‍ത്തിച്ചുകൊള്ളുക. നിന്നെ ഒരാള്‍ക്കും പിന്തിരിപ്പിക്കാനാവില്ല. നിന്നെ ഞാനാര്‍ക്കും വിട്ടുകൊടുക്കില്ല...(സീറതു ഇബ്‌നു ഹിശാം).

2. ഹംസത് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബിന്റെയും ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെയും ഇസ്‌ലാം സ്വീകരണത്തോടെ മുശ്‌രിക്കുകള്‍ക്ക് ഭയം വര്‍ധിക്കുകയും ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നതിന്റെ തോത് വര്‍ധിക്കുകയും ചെയ്തു. മാത്രമല്ല, പലരും തങ്ങളുടെ ഇസ്‌ലാം സ്വീകരണം പരസ്യമാക്കാനും തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ മക്കാ മുശ്‌രിക്കുകള്‍ പ്രവാചകന്‍ ﷺ യോട് വിലപേശാന്‍ തീരുമാനിക്കുകയും അതിനായി ഉത്ബത്തുബ്‌നു റബീഅ്‌നെ നിയോഗിക്കുകയും ചെയ്തു; ദുന്‍യാവിലെ എന്താണോ പ്രവാചകന് ആവശ്യമുള്ളത് അത് നല്‍കാമെന്ന് വാഗ്ദാനം ചെയ്യാന്‍ വേണ്ടി.

അങ്ങനെ ഉത്ബ പ്രവാചകന്റെ അടുക്കല്‍ വരികയും ഇരിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: ''പിതൃവ്യ പുത്രാ, നീ ഞങ്ങളുടെ കുടുംബത്തില്‍ പെട്ടവനും ഉയര്‍ന്ന സ്ഥാനമുള്ളവനുമാണ്. നീ നിന്റെ ജനതയില്‍ വന്നുകൊണ്ട് പുതിയൊരു കാര്യം പറഞ്ഞതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും രക്തച്ചൊരിച്ചിലും ആരാധ്യന്മാരെ ചീത്തപറയലും പിതാക്കന്മാരെ നിഷേധിക്കലും ഒക്കെയുണ്ടായിരിക്കുന്നു. അതിനാല്‍ എന്റെ സംസാരം നീ കേള്‍ക്കുകയും നിനക്ക് താല്‍പര്യമുള്ളത് അതില്‍ നിന്ന് സ്വീകരിക്കുകയും വേണം.''

പ്രവാചകന്‍ ﷺ  പറഞ്ഞു: ''നിങ്ങള്‍ പറയൂ, അബുല്‍വലീദ്! ഞാന്‍ കേള്‍ക്കാം.'' അദ്ദഹം പറഞ്ഞു: ''പിതൃവ്യ പുത്രാ, ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള സമ്പത്തില്‍ നിന്നെല്ലാം ഒരുമിച്ച് കൂട്ടി ഞങ്ങള്‍ക്ക് ഉള്ളതിനെക്കാള്‍ കൂടുതല്‍ സമ്പത്ത് നിനക്ക് നല്‍കാം; നീ അത് ഉദ്ദേശിക്കുന്നുവെങ്കില്‍. അതല്ല, ആദരവാണ് നീ ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാവരും ഇനി മുതല്‍ നിന്നെ ആദരിക്കും. അതല്ല, അധികാരമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതും നിനക്ക് തരാം...''

അങ്ങനെ ഉത്ബത് സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി ﷺ  തിരിച്ച് ചോദിച്ചു: ''നീ സംസാരിക്കാന്‍ വന്നത് കഴിഞ്ഞോ അബുല്‍വലീദ്?'' അദ്ദേഹം പറഞ്ഞു: ''അതെ.'' നബി ﷺ  പറഞ്ഞു: ''എന്നില്‍ നിന്നും ശ്രദ്ധിച്ച് കേള്‍ക്കുക.'' അദ്ദേഹം പറഞ്ഞു: ''നീ പറയൂ.'' അപ്പോള്‍ പ്രവാചകന്‍ ﷺ  പറഞ്ഞു:

''പരമകാരുണികനും കരണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഹാമീം. പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്. വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം). സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിട്ടുള്ള (ഗ്രന്ഥം). എന്നാല്‍, അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല. അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുമുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ചുകൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു''(ഫുസ്സ്വിലത് 1-5).

ഇത് കേട്ടപ്പോള്‍ ഉത്ബ നിശ്ശബ്ദനായി. പ്രവാചകന്‍ ﷺ  ഓതുന്നതില്‍ നിന്ന് വിരമിച്ച് സുജൂദ് ചെയ്തപ്പോള്‍ ഇത്ബയും സുജൂദ് ചെയ്തു. പിന്നെ പ്രവാചകന്‍ ﷺ  പറഞ്ഞു: ''തീര്‍ച്ചയായും അബുല്‍വലീദ്, താങ്കള്‍ കേള്‍ക്കാത്തത് ഞാന്‍ കേട്ടിരിക്കുന്നു. അതിനാല്‍ താങ്കള്‍ അതില്‍ ഉള്‍പ്പെടുക.'' മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ''ഉത്ബ പ്രവാചകന്‍ ﷺ  ഇത് പറയുന്നത് വരെ കേട്ടിരുന്നു. 'എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക; ആദ്, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കര ശിക്ഷപോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു'(ഫുസ്സ്വിലത് 13) എന്ന വചനം കേട്ടപ്പോള്‍ ഭയചകിതനായി എഴുന്നേറ്റ് കൊണ്ട് ഉത്ബ തന്റെ കൈകൊണ്ട് പ്രവാചകന്റെ വായ പൊത്തിക്കൊണ്ട് പറഞ്ഞു: 'അല്ലാഹു താങ്കള്‍ക്ക് കരുണ ചെയ്യട്ടെ.' എന്നിട്ട് പാരായണം നിര്‍ത്താന്‍ പറയുകയും ധൃതിയില്‍ തന്റെ സമൂഹത്തിലേക്ക് മടങ്ങുകയും ക്വുറൈശികളോട് മുഹമ്മദിനെയും അദ്ദേഹത്തിന്റെ കാര്യങ്ങളെയും ഉപേക്ഷിക്കുവാനും നിര്‍ദേശിക്കുകയും അതിന്ന് അവരെ പ്രേരിപ്പിക്കുകയും ചെയ്തു.''

അല്ലാഹുവിന്റെ ഔദാര്യവും പ്രവാചകന്റെ മഹത്തായ ഹിക്മത്തും മൂലമാണ് ഈ ആയത്ത്  തിരഞ്ഞെടുത്ത് ഓതാന്‍ പ്രവാചകന് സാധിച്ചത്. തല്‍ഫലമായി, ഉത്ബക്ക് പ്രവാചകന്റെ രിസാലത്തിലെ സത്യസന്ധത ബോധ്യപ്പെട്ടു. തീര്‍ച്ചയായും മുഹമ്മദ് വഹിക്കുന്ന ഗ്രന്ഥം സ്രഷ്ടാവില്‍ നിന്നും സൃഷ്ടികളിലേക്കുള്ളതാണ്. അത് വഴികേടില്‍ നിന്നും സന്മാര്‍ഗത്തിലേക്ക് നയിക്കാനുള്ളതാണ്. നാശത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ളതാണ് എന്നെല്ലാം അയാള്‍ മനസ്സിലാക്കി. എന്നാല്‍ അതിനുമുമ്പേ അതിനെ സത്യപ്പെടുത്താനും പ്രാവര്‍ത്തികമാക്കാനും ബാധ്യസ്ഥനാണ് പ്രവാചകന്‍ ﷺ . അല്ലാഹു അവന്റെ കല്‍പനകളില്‍ ഉറച്ചുനില്‍ക്കാന്‍ ജനങ്ങളോട് കല്‍പിക്കുമ്പോള്‍ ആദ്യമായി അതില്‍ നിലകൊള്ളേണ്ടത് പ്രവാചകന്‍ തന്നെയാണ്. നബി ﷺ  അധികാരമോ സമ്പത്തോ പദവിയോ ഒന്നും വേണമെന്ന് പറഞ്ഞില്ല. കാരണം അദ്ദേഹത്തെ അല്ലാഹു ഏല്‍പിച്ച ഒരു ദൗത്യമുണ്ട്. അത് പൂര്‍ത്തിയാക്കല്‍ അദ്ദേഹത്തിന്റെ കടമയാണ്. പ്രലോഭനമോ ഭീഷണിയോ കാരണത്താല്‍ അതില്‍നിന്ന് പിന്തിരിയാന്‍ പാടില്ല. അദ്ദേഹം തന്റെ പ്രബോധനത്തില്‍ സത്യസന്ധനും രക്ഷിതാവിനോട്  നന്ദിയുള്ളവനും ആയിരുന്നു.

പ്രവാചകന്റെ മഹത്തായ ഈ നിലപാട് അദ്ദേഹത്തിന് അല്ലാഹു നല്‍കിയ ഹിക്മത്തില്‍ പെട്ടതാണ്. അദ്ദേഹം തന്റെ പ്രബോധനവീഥിയില്‍ ഉറച്ച് നിന്നു. വാഗ്ദാനങ്ങളില്‍ അദ്ദേഹം മയങ്ങിയില്ല. യുക്തിഭദ്രമായ മറുപടിയാണ് അദ്ദേഹം പ്രലോഭിപ്പിക്കാന്‍ വന്നവര്‍ക്ക് നല്‍കിയത്. യോജിച്ച വാക്ക് യോജിച്ച സന്ദര്‍ഭത്തില്‍വെച്ച്, അത് തന്നെയാണ് ഹിക്മത്ത്.

3. ഇസ്‌ലാമിനെയും അതില്‍ പ്രവേശിച്ചവരെയും പ്രവാചകനെയും ഉപദ്രവിക്കുന്നതില്‍ യാതൊരു കുറവും വരുത്തില്ലെന്ന് മുശ്‌രിക്കുകള്‍ തീരുമാനിക്കുകയും വ്യത്യസ്തങ്ങളായ പീഡനമുറകള്‍ പുറത്തെടുക്കുകയും ചെയ്തു.

നബി ﷺ  അല്ലാഹുവിലേക്കുള്ള പ്രബോധനം പരസ്യമാക്കുകയും ജാഹിലിയ്യത്തിലെ വിശ്വാസ വൈകല്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തപ്പോഴാണ് ശത്രുത ആരംഭിച്ചത് എന്ന് നമ്മള്‍ കണ്ടു. പത്തുവര്‍ഷത്തോളം മുസ്‌ലിംകളുടെ കൊച്ചു സംഘം വ്യത്യസ്തങ്ങളായ പീഡനങ്ങളുടെ തീച്ചൂളയിലായിരുന്നു. നിര്‍ഭയത്തിന്റെ ഗേഹമായ വിശുദ്ധ ഹറമില്‍പോലും ശത്രുക്കള്‍ അവര്‍ക്ക് സമാധാനം നല്‍കിയില്ല. പരിഹാസത്തിന്റെയും നിസ്സാരവല്‍ക്കരണത്തിന്റെയും കളവാക്കലിന്റെയും കൂരമ്പുകള്‍ ശത്രുക്കള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ എയ്തു. ക്വുര്‍ആന്‍ പൂര്‍വികരുടെ കെട്ടുകഥകളാണെന്ന് വിധിയെഴുതി. പ്രവാചകനെ അവര്‍ ഭ്രാന്തനനെന്നും മാരണക്കാരനെന്നും കളവു പറയുന്നവനെന്നും ജ്യോത്സ്യനെന്നുമൊക്കെ ആരോപിച്ചു. അവിടുന്ന് എല്ലാം ക്ഷമിച്ചു; അല്ലാഹുവിന്റെ മതം ഇവിടെ പുലര്‍ന്നുകാണാന്‍ വേണ്ടി.

ഒരിക്കല്‍ അബൂജഹല്‍ താന്‍ പ്രവാചകന്റെ മുഖത്ത് മണ്ണ് പറ്റിക്കുമെന്ന് വീരവാദം മുഴക്കുകയും അല്ലാഹു പ്രവാചകനെ അതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്ത സംഭവമുണ്ടായി.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: ''അബൂജഹല്‍ ചോദിച്ചു: 'നിങ്ങളുടെ ഇടയില്‍വെച്ച് മുഹമ്മദ് അവന്റെ മുഖം മണ്ണില്‍വെക്കാറുണ്ടോ?' ഉണ്ട് എന്ന് പറയപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞു: 'ലാത്തയും ഉസ്സയും തന്നെയാണ് സത്യം! അവനതു ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ നിശ്ചയമായും അവന്റെ പിരടിക്കു ഞാന്‍ ചവിട്ടും. അവന്റെ മുഖം ഞാന്‍ മണ്ണില്‍ പുരളിക്കുകയും ചെയ്യും.' അങ്ങനെ റസൂല്‍ ﷺ  നമസ്‌കരിക്കുമ്പോള്‍ അവന്‍ പിരടിക്കു ചവിട്ടുവാനായി ചെന്നു. എന്നാല്‍ അവന്‍ ചെന്ന കാലില്‍ തന്നെ പെട്ടെന്ന് മടങ്ങുകയും കൈകൊണ്ട് തടുക്കുകയും ചെയ്തു! തനിക്ക് എന്തുപറ്റി എന്ന് ചോദിക്കപ്പെട്ടു. അവന്‍ പറഞ്ഞു: 'എനിക്കും അവനുമിടയില്‍ ഒരു അഗ്‌നിയുടെ കിടങ്ങും കുറേ ഭയാനക വസ്തുക്കളും ചിറകുകളും!' നബി ﷺ  പറഞ്ഞു: 'അവന്‍ എന്നോട് അടുത്തുവന്നിരുന്നെങ്കില്‍ മലക്കുകള്‍ അവനെ ഓരോരോ അവയവമായി റാഞ്ചിയെടുക്കുമായിരുന്നു.' അപ്പോഴാണ് അല്ലാഹു ഈ വചനങ്ങള്‍ ഇറക്കിയത്: 'നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു; തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍. തീര്‍ച്ചയായും നിന്റെ രക്ഷിതാവിലേക്കാണ് മടക്കം. വിലക്കുന്നവനെ നീ കണ്ടുവോ? ഒരു അടിയനെ, അവന്‍ നമസ്‌കരിച്ചാല്‍. അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍, (ആ വിലക്കുന്നവന്റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? അഥവാ അദ്ദേഹം സൂക്ഷ്മത കൈകൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍ അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചുതള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്? നിസ്സംശയം, അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും. കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ. നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം. നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത്, നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക''(അല്‍ അലക്വ് 6-19).(മുസ്‌ലിം).

4. അബൂജഹലിന്റെ പ്രേരണയാല്‍ പ്രവാചകന്‍ ﷺ  പീഡിപ്പിക്കപ്പെട്ട മറ്റൊരു സംഭവം ഇബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്:

''ഒരിക്കല്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ  വീടിന്റെ അടുത്ത് നമസ്‌കരിക്കുമ്പോള്‍ അബൂജഹലും കൂട്ടുകാരും അതിനടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. തലേദിവസം ഒരു ഒട്ടകത്തെ അറുത്തിരിന്നു. അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: 'നിങ്ങളില്‍ ആര്‍ക്കാണ് ഇന്നാലിന്ന മനുഷ്യന്റെ വീട്ടില്‍ അറുത്ത ഒട്ടകത്തിന്റെ കുടല്‍ കൊണ്ടുവന്ന് മുഹമ്മദിന്റെ തോളില്‍ വെക്കാന്‍ കഴിയുക?' ആ ജനതയിലെ അതിനീചന്‍ അത് സ്വയം ഏറ്റെടുത്തു. (ഉഖ്ബത്ത് ഇബ്‌നു അബീ മുഈത്വ് എന്നാണ് ആ മനുഷ്യന്റെ പേര്). അങ്ങനെ പ്രവാചകന്‍ ﷺ  സുജൂദ് ചെയ്തപ്പോള്‍ അവന്‍ പ്രവാചകന്റെ രണ്ട് തോളുകള്‍ക്കിടയില്‍ അത് വെച്ചു. ഇബ്‌നു മസ്ഊദ്(റ) പറയുകയാണ്: 'അവര്‍ പരിഹസിച്ച് ചിരിച്ചുകൊണ്ട് പരസ്പരം ചാഞ്ഞുകൊണ്ടിരിന്നു. ഞാന്‍ നോക്കി നില്‍ക്കുകയാണ്. എനിക്ക് അവരെ തടയാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാനത് പ്രവാചകന്റെമുതുകില്‍ നിന്ന് എടുത്ത് വലിച്ചെറിയുമായിരുന്നു. പ്രവാചകന്‍ ﷺ  തല ഉയര്‍ത്താന്‍ കഴിയാതെ സുജൂദിലാണ്; ഫാത്വിമ(റ) ഇത് അറിയുന്നത് വരെ. അങ്ങനെ ഫാത്വിമ(റ) വരികയും (അവര്‍ അന്ന് കുട്ടിയാണ്) അത് എടുത്തെറിയുകയും അവരുടെ മുന്നിലേക്ക് ചെന്ന് അവരെ ശകാരിക്കുകയും ചെയ്തു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ പ്രവാചകന്റെ ശബ്ദം ഉയര്‍ന്നു. അവര്‍ക്കെതിരില്‍ പ്രവാചകന്‍ ﷺ  പ്രാര്‍ഥിച്ചു. പ്രാര്‍ഥിച്ചപ്പോള്‍ മൂന്ന് പ്രാവശ്യം പ്രാര്‍ഥിച്ചു. ചോദിച്ചപ്പോള്‍ മൂന്ന് പ്രാവശ്യം ചോദിച്ചു. 'അല്ലാഹുവേ, നിന്റെ മേല്‍ ക്വുറൈശികളെക്കൊണ്ട്...' എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. പ്രവാചകന്റെ ഈ ശബ്ദം കേട്ടപ്പോള്‍ അവരുടെ ചിരിപോവുകയും പ്രാര്‍ഥനയെ അവര്‍ ഭയപ്പെടുകയും ചെയ്തു. പിന്നെ നബി ﷺ  പറഞ്ഞു: 'അല്ലാഹുവേ, അബൂജഹ്ല്‍ ഇബ്‌നു ഹിശാം, ഉത്ബത്ത് ഇബ്‌നു റബീഅ, ശൈബത്ത് ഇബ്‌നു റബീഅ, വലീദ് ഇബ്‌നു ഉത്ബ, ഉമയ്യത്ത് ഇബ്‌നു ഖലഫ്, ഉഖ്ബത്ത് ഇബ്‌നു അബീമുഈത്വ് -ഏഴാമത് പറഞ്ഞ ആളെ എനിക്ക് ഓര്‍മ്മയില്ല- മുഹമ്മദ് നബിയെ സത്യം കൊണ്ട് അയച്ചവന്‍ ആരാണോ അവന്‍ തന്നെയാണ് സത്യം...' ബദ്ര്‍ ദിവസം മേല്‍ പറഞ്ഞവരെല്ലാം നിലംപതിച്ചതായി ഞാന്‍ കണ്ടു. പിന്നെ അവരെ ബദ്‌റിലെ പൊട്ടക്കിണറ്റിലേക്ക് വലിച്ച് കൊണ്ടുപോയി'' (ബുഖാരി).

5. മുശ്‌രിക്കുകളില്‍ നിന്നും പ്രവാചകന്‍ ﷺ  ഏറ്റവും ശക്തമായ പീഡനം ലഭിച്ചത് ബുഖാരി തന്റെ സ്വഹീഹില്‍ പറയുന്നുണ്ട്.

ഉര്‍വത്ത് ഇബ്‌നു സുബൈര്‍(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഞാന്‍ അബ്ദുല്ലാഹ്ബ്‌നു അംറ്ബ്‌നുല്‍ ആസ്വ്(റ)വിനോട് പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലിനോട് മക്കാമുശ്‌രിക്കുകള്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് എനിക്ക് അറിയച്ചുതരിക.'' അദ്ദേഹം പറഞ്ഞു: ''പ്രവാചകന്‍ ﷺ  കഅ്ബയില്‍ നമസ്‌കരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഉഖ്ബത്ത് ബ്‌നു അബീമുഈത്വ് വരികയും പ്രവാചകന്റെ തോളിലിട്ട വസ്ത്രം കൊണ്ട് ശക്തമായി ചുറ്റി ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോള്‍, അബൂബക്കര്‍(റ) വരികയും അവന്റെ തോളിന് പിടിക്കുകയും പ്രവാചകനെ അവനില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: 'എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്'' (ബുഖാരി). (തുടരും)