പ്രാര്‍ഥനയില്‍ സംഭവിക്കുന്ന ബിദ്അത്തുകള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 ഏപ്രില്‍ 06 1440 റജബ് 29

പ്രാര്‍ഥന ആരാധനയായത് കൊണ്ട്തന്നെ ഒരു വിശ്വാസി പ്രവാചക ചര്യക്ക് അനുസരിച്ചായിരിക്കണം പ്രാര്‍ഥിക്കേണ്ടത്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയല്ലേ എന്ന് പറഞ്ഞുകൊണ്ട് തനിക്ക് തോന്നിയ രൂപത്തില്‍ പ്രാര്‍ഥിക്കുവാന്‍ പാടില്ല. സാധാരണ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പ്രാര്‍ഥനകളിലെ ബിദ്അത്തുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്:

പ്രാര്‍ഥനക്ക് ശേഷം കൈകൊണ്ട് മുഖം തടവുക

ഇത് ബിദ്അത്താണ്. പ്രവാചകനിﷺ ല്‍ നിന്ന് ഇത് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അബൂദാവൂദ് ഉദ്ധരിച്ച ഒരു ഹദീഥ് ഈ വിഷയത്തിലുണ്ട്. അതിന്റെ നിവേദകപരമ്പരയില്‍ ബലഹീനതയുണ്ട്. അതിനാല്‍ ഈ ഹദീഥ് ദുര്‍ബലമാണെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി വിശദമാക്കിയിട്ടുണ്ട്.

രണ്ട് തള്ളവിരലുകളിലും ചുംബിച്ചുകൊണ്ട് കണ്ണുകള്‍ തടവുക 

സ്ഥിരപ്പെട്ട തെളിവുകളുടെ അഭാവം കൊണ്ട് ഇതും ബിദ്അത്തില്‍ പെട്ടതാണ്. ഇത് സംബന്ധിച്ച് വന്നിട്ടുള്ള ഹദീഥുകള്‍ മുഴുവനും സ്വഹീഹാണെന്ന് സ്ഥിരപ്പെടാത്തതാണ്.

കൂട്ടമായുള്ള പ്രാര്‍ഥന

നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഇമാം തിരിഞ്ഞിരുന്ന് കൊണ്ട് പ്രാര്‍ഥിക്കുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന കൂട്ടമായുള്ള പ്രാര്‍ഥന പ്രവാചകനില്‍ നിന്നോ സ്വഹാബികളില്‍ നിന്നോ സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതിനാല്‍ അത് ബിദ്അത്തില്‍ പെട്ടതാണ്. 

അത്‌പോലെ പ്ലേഗും മറ്റു പകര്‍ച്ചവ്യാധികളും പിടിപ്പെട്ടാല്‍ പള്ളികളില്‍ ജനങ്ങള്‍ ഒരുമിച്ച് കൂടി കൂട്ടമായി പ്രാര്‍ഥിക്കുന്നതിനും തെളിവുകളില്ല. അത് ബിദ്അത്തില്‍ പെട്ടതാണ്. മഹാനായ ഉമര്‍(റ)വിന്റെ കാലത്ത് പ്ലേഗ് ബാധിച്ചപ്പോള്‍ പ്രവാചകന്റെ സ്വഹാബികളിലാരും തന്നെ ഇങ്ങനെ ചെയ്തതായി തെളിവില്ല. 

പ്രവാചകനില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുള്ള കൂട്ടമായിട്ടുള്ള പ്രാര്‍ഥനകളുണ്ട്. അവ പ്രാവര്‍ത്തികമാക്കുവാന്‍ നാം താല്‍പര്യം കാട്ടേണ്ടതുണ്ട്.

പ്രാര്‍ഥനക്കിടയില്‍ കൈകള്‍ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കുക

പ്രാര്‍ഥിക്കുമ്പോള്‍ പ്രവാചകന്‍ﷺ  തന്റെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ചെയ്തിരുന്നത്. അത്‌കൊണ്ട് തന്നെ തന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കുന്ന സമ്പ്രദായം പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല. 

അനുവദനീയമല്ലാത്ത തവസ്സുല്‍ സ്വീകരിക്കുക

മൂന്ന്തരം തവസ്സുല്‍ അനുവദനീയമാണ്: 

ഒന്ന്) അല്ലാഹുവിന്റെ നാമവിശേഷങ്ങള്‍ മുന്‍നിറുത്തി നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാവുന്നതാണ്, ഇങ്ങനെ പ്രാര്‍ഥിക്കുന്നത് പ്രാര്‍ഥനയുടെ മര്യാദ കൂടിയാണ്. 

രണ്ട്) സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തിക്കൊണ്ട് നമുക്ക് തവസ്സുല്‍ ചെയ്യാവുന്നതാണ്. ക്വുര്‍ആനില്‍ നമുക്കിതിന് തെളിവ് കണ്ടെത്താവുന്നതാണ്. നബിﷺ  നമ്മെ അറിയിച്ച, ഗുഹയില്‍ അകപ്പെട്ട മൂന്ന് ആളുകളുടെ പ്രസിദ്ധമായ കഥ സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തിക്കൊണ്ട് നമുക്ക് തവസ്സുല്‍ ചെയ്യാമെന്നാണ് പഠിപ്പിക്കുന്നത്. 

മൂന്ന്) ജീവിച്ചിരിക്കുന്ന സത്യവിശ്വാസികളോട് നമുക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ പറയാവുന്നതാണ്. ഉംറക്ക് പോകുന്നവരോട് പ്രവാചകന്‍ﷺ  എനിക്കും നിങ്ങള്‍ പ്രാര്‍ഥിക്കണമെന്ന് പറയാറുണ്ടായിരുന്നു. അത്‌പോലെ പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്ത് സ്വഹാബികള്‍ അദ്ദേഹത്തെ കൊണ്ട് പ്രാര്‍ഥിപ്പിച്ചിരുന്നു. 

എന്നാല്‍ അനുവദനീയമല്ലാത്ത തവസ്സുല്‍ ജനങ്ങള്‍ക്കിടയില്‍ കാണാനാവും. മരിച്ച്‌പോയ പ്രാവാചകന്മാരെയും ഔലിയാക്കളെയും തവസ്സുലാക്കി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണ്. അതിന് വിശുദ്ധ ക്വുര്‍ആനിലോ പ്രവാചകന്മാരിലോ തെളിവ് കാണുവാന്‍ സാധ്യമല്ല.

നബിﷺ യുടെ ജാഹ് വസീലയാക്കി പ്രാര്‍ഥിക്കുക

പ്രവാചകന്റെ ജാഹ്(മഹത്ത്വം) മുന്‍നിറുത്തിയുള്ള പ്രാര്‍ഥനക്ക് ഒരു തെളിവും കാണാന്‍ സാധ്യമല്ല. ഒരുപാട് പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഒരുപ്രാര്‍ഥന പോലും ജാഹ് കൊണ്ടുള്ളതായി നമുക്ക് കാണുവാന്‍ സാധ്യമല്ല. എന്നാല്‍ ചിലയാളുകള്‍ തെളിവ് പിടിക്കുന്ന ഒരു ഹദീഥുണ്ട്. അതിനെപ്പറ്റി പണ്ഡിതന്മാര്‍ പറയുന്നത് 'യാതൊരു അടിസ്ഥാനവുമില്ലാത്ത ഹദീഥ്' എന്നാണ്. ആരോ കെട്ടിയുണ്ടാക്കിയതാണ് അത്. അത്‌കൊണ്ട് തന്നെ പ്രവാചകന്റെ ജാഹ്, ബറകത്ത് എന്നിവകൊണ്ടുള്ള പ്രാര്‍ഥന ബിദ്അത്തില്‍ പെട്ടതാണ്. 

ദുആ സമ്മേളനങ്ങള്‍

മുഹമ്മദ് നബിﷺ യുടെ മുഴുവന്‍ പ്രാര്‍ഥനകളും പരിശോധിക്കുകയാണെങ്കില്‍ അവയെല്ലാം അല്ലാഹുവിനോട് മാത്രമായിരുന്നുവെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. തന്റെ ജീവിതാന്ത്യത്തില്‍ പോലും നബിﷺ  പ്രാര്‍ഥിച്ചത് 'അല്ലാഹുവേ, എന്റെ ക്വബ്‌റിനെ ആരാധിക്കപ്പെടുന്ന ഒരു ബിംബമാക്കല്ലേ' എന്നായിരുന്നു. പ്രവാചകന്റെ അനുചരന്മാരെല്ലാം ജീവിതത്തിലുടനീളം അല്ലാഹുവിനോട് മാത്രമാണ്  പ്രാര്‍ഥിച്ചത്. നബിﷺ യുടെ 23 വര്‍ഷത്തെ പ്രവാചകത്വ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളും വാക്കുകളും മുഴുവന്‍ നമുക്ക് ഇന്ന് ലഭ്യമാണ്. 

നമ്മുടെ നാട്ടില്‍ ഇന്ന് കാണപ്പെടുന്ന ഒന്നാണ് വ്യവസായ രൂപത്തിലുള്ള ദുആ സമ്മേളനങ്ങളും സ്വലാത്ത് വാര്‍ഷികങ്ങളും. സ്വലാത്തും ദുആകളും നബിﷺ യാണ് പഠിപ്പിച്ചത്; 1400ല്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ്. സ്വലാത്തിന്റെ വാര്‍ഷികവും ദുആ സമ്മേളനങ്ങളും നബിﷺ യുടെ ചര്യയില്‍ പെട്ടതാണെങ്കി, അത് പരമ്പരാഗതമായി തുടര്‍ന്ന്‌വരുന്നതാണെങ്കില്‍ എത്രാം വാര്‍ഷികമായിരിക്കും ഇപ്പോള്‍ ആഘോഷിക്കുക? 

സാമ്പത്തിക ലാഭങ്ങള്‍ക്കായി ചിലര്‍ തട്ടിക്കൂട്ടിയ ഏര്‍പ്പാടുകളാണിത്. ലൈലതുല്‍ ക്വദ്ര്‍ പ്രതീക്ഷിച്ച് പള്ളികളില്‍ പ്രാര്‍ഥനയുമായി ഇഅ്തികാഫില്‍ കഴിഞ്ഞുകൂടേണ്ട വിശ്വാസികളെ പാടത്തേക്കും പറമ്പിലേക്കും ആട്ടിത്തെളിച്ച് കൊണ്ടുവരുന്ന ഏര്‍പ്പാടിനെ എങ്ങനെ ന്യായീകരിക്കാനാവും? നമ്മുടെ നാട്ടില്‍ അടുത്ത കാലത്താണ് ഇതിനെല്ലാം തുടക്കംകുറിച്ചിരിക്കുന്നത്. ഇതിന് മതപ്രമാണങ്ങളില്‍ യാതൊരു തെളിവുമില്ല. ഇവര്‍ പിന്‍പറ്റുന്ന മദ്ഹബുകളുടെ ഗ്രന്ഥങ്ങളിലും തെളിവില്ല. പഠിപ്പിക്കപ്പെട്ട കര്‍മങ്ങള്‍ ചെയ്യാതെ നൂതനമായവ കെട്ടിയുണ്ടാക്കി അവ ഭയഭക്തിയോടെ കൊണ്ടാടുന്ന ഏര്‍പ്പാടിലെ അപകടം ഇവര്‍ തിരിച്ചറിയാതെ പോകുന്നു!