തമസ്സു മാറ്റാന്‍ തപിച്ച സെയ്ദാലിക്കുട്ടി മാസ്റ്റര്‍

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

(വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 20)

(തിരൂര്‍ സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍ (1856-1919), ഭാഗം: 1)

1871ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാഗികമായി മുസ്ലിം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപതിപ്പിച്ചു തുടങ്ങിയത്. 1883 മാര്‍ച്ച് 20ന് സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റി മുമ്പാകെ വായിച്ചുകേള്‍പിച്ച് 1883ല്‍ തന്നെ ലണ്ടനിലെ എഡ്വേര്‍ഡ് സ്റ്റാന്‍ഫോര്‍ഡ് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് 'ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ റിപ്പോര്‍ട്ടില്‍ വിവരിച്ച വിദ്യാഭ്യാസ രംഗത്തെ മുസ്ലിംകളുടെ ശോചനീയാവസ്ഥ'(1) പരിഹരിക്കുന്നതിന് ഭരണകൂടം മുന്‍കൈ എടുക്കാത്ത സാഹചര്യത്തില്‍ സമുദായ നേതാക്കളുടെ കൂട്ടായ പരിശ്രമത്താല്‍ പലയിടത്തും സ്‌കൂളുകളും അറബി മദ്‌റസകളും നിലവില്‍ വന്നു.

ഉത്തരേന്ത്യയില്‍ വമ്പിച്ച മാറ്റം കൊണ്ടുവന്ന 1864ലെ 'ദ സയന്റിഫിക് സൊസൈറ്റി ഓഫ് അലീഗര്‍' എന്ന വിവര്‍ത്തന പ്രസ്ഥാനത്തിലൂടെയും 1875 മെയ് 24ന് ആരംഭിച്ച 'മദ്‌റസതുല്‍ ഉലൂം മുസല്‍മാനേ ഹിന്ദ്' എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയും ആരംഭിച്ച നവോത്ഥാന പ്രസ്ഥാനമായ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ നേതൃത്വത്തിലുള്ള അലീഗര്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പല പ്രദേശങ്ങളിലുമെന്നപോലെ കേരളത്തിലും മുസ്ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസവും ശാസ്ത്ര വിജ്ഞാനങ്ങളും അന്യമല്ലെന്നുള്ള ചിന്ത വളര്‍ത്തുന്നതിന് കാരണമായി. പില്‍ക്കാല നവോത്ഥാന പരിശ്രമങ്ങള്‍ക്ക് പ്രേരകശക്തിയും പ്രചോദനവുമായി വര്‍ത്തിച്ച ഒരു ഘടകം ഈ ചിന്തയായിരുന്നു.

ഭരണകൂടത്തിന്റെ ഉദ്യോഗമേഖലകളിലെ പ്രതിനിധാനം സമുദായത്തിന്റെ ദുഃസ്ഥിതി പരിഹരിക്കുന്നതിന് സഹായകമാകുമെന്ന ചിന്തയും അലീഗര്‍ പ്രസ്ഥാനത്തിന്റെ സ്വാധീനഫലമായിരുന്നു. തിരൂര്‍ സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍ എന്ന നവോത്ഥാന നഭസ്സിലെ നവ നക്ഷത്രത്തിന്റെ പിറവിക്കും അത് കളമൊരുക്കി.

നവോത്ഥാന നായകന്‍, പത്രാധിപര്‍, കവി, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ വിശാരദന്‍, ചിന്തകന്‍, വിവര്‍ത്തകന്‍, ശാസ്ത്ര സ്‌നേഹി, ബഹുഭാഷാ പണ്ഡിതന്‍ എന്നിങ്ങനെ തന്റെ വിവിധ കഴിവുകളുപയോഗിച്ചുകൊണ്ട് കേരള സമൂഹത്തിന്റെ നവജീവിതത്തിന് സുഗമപാതയൊരുക്കുന്നതിന് അനവരതം യത്‌നിച്ച മഹാമനീഷിയായിരുന്നു സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍. തിരൂര്‍ നഗരത്തിന്റെ കിഴക്ക് മുത്തൂര്‍ പ്രദേശത്ത് ഇന്നത്തെ റയില്‍പാതയുടെ കിഴക്ക് ഭാഗത്ത് റയില്‍ പാത വരുന്നതിന് മുമ്പ്, പുരാതന മുസ്ലിം തറവാടായ കണ്ണമാന്‍കടവത്ത് അലവി സാഹിബിന്റെ മകനായി 1856ല്‍ സെയ്ദാലിക്കുട്ടി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടി.(2)

എടവണ്ണ, തിരൂര്‍, വെളിയംകോട് എന്നീ പ്രദേശങ്ങളില്‍ സ്‌കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ പുതിയ തലമുറക്ക് ഏറ്റവും നല്ലതും പുതിയതുമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ തിരൂര്‍ സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍ ബദ്ധശ്രദ്ധനായിരുന്നു.

സമുദായത്തിലെ വിദ്യാഭ്യാസ-സാമുദായിക പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയ്ക്കു വിധേയമാക്കി സമുദായത്തെ ഉത്തരോത്തരം പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള വഴികള്‍ സ്വീകരിച്ചു.

 

സമുദായ സമുദ്ധാരകനായ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍

റിപ്പണ്‍ പ്രഭുവിന്റെ കാലം മുതല്‍ പൊതുവിദ്യാഭ്യാസ പ്രചാരണാര്‍ഥം ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള ഓത്തുപള്ളികള്‍, ബോര്‍ഡ് മാപ്പിള സ്‌കൂളുകള്‍ തുടങ്ങിയവ പരിശോധിച്ച് മുസ്ലിം പഠന നിലവാരം മെച്ചപ്പെടുത്താന്‍ സ്‌കൂള്‍ സബ് അസിസ്റ്റന്റ് ഇന്‍സ്പക്ടര്‍(എസ്.എ.ഐ) തസ്തികയില്‍ പാലക്കാട് സ്വദേശി എ. മുഹമ്മദ് ഖാനെ ആദ്യമായി നിയമിച്ചു. പരീക്ഷാ വിജയികളായ കുട്ടികളെ എണ്ണി തിട്ടപ്പെടുത്തിയാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് ധനസഹായം നല്‍കിയിരുന്നത്. 1906ല്‍ തലശ്ശേരിയില്‍ അച്ചാരത്ത് കാദര്‍കുട്ടി സാഹിബും മലപ്പുറത്ത് കല്‍പകഞ്ചേരി മണ്ടായപ്പുറത്ത് വലിയ ബാവ മൂപ്പനും ഏറനാട്ടിലും വള്ളുവനാട്ടിലും സി. സൈദാലിക്കുട്ടി മാസ്റ്ററും 1918ല്‍ കോഴിക്കോട് സയ്യിദ് അബ്ദുല്‍ ഗഫൂര്‍ ഷാ(3) (ബി. എ.എല്‍.ടി)യും സ്‌കൂള്‍ സബ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നിയമിതരായി.(4)

മുസ്ലിം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരാന്‍ വിസമ്മതിച്ചതിനാല്‍ പല സ്ഥലങ്ങളിലും ഓത്തുപള്ളികള്‍ക്കും മദ്‌റസകള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കിയും അവയില്‍ ചിലത് മാപ്പിള സ്‌കൂളുകളായി അംഗീകാരം നല്‍കിയും മുല്ലമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും സ്‌കൂള്‍ സബ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാര്‍ മുസ്ലിം വിദ്യാഭ്യാസ മേഖലക്ക് നവജീവന്‍ നല്‍കി. ഇതുമൂലം വിവിധ സ്ഥലങ്ങളില്‍ പ്രാഥമിക മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. പെരുമാതുറ സ്വദക്വത്തുല്ല ലബ്ബ, പൊന്നാനി വലിയ ജാറത്തിങ്കല്‍ കുഞ്ഞി സീതിക്കോയ വലിയ തങ്ങള്‍, കോഴിക്കോട് ഖാന്‍ ബഹദുര്‍ മുത്തുക്കോയ തങ്ങള്‍, മയ്യഴിയില്‍ കൊങ്ങണം വീട്ടില്‍ അബ്ദുര്‍റഹ്മാന്‍ ശൈഖ് തുടങ്ങിയ ആദ്യകാല പരിഷ്‌കര്‍ത്താക്കളും ഇവിടെ പേര് പറയപ്പെട്ട മുസ്ലിം വിദ്യാഭ്യാസ ഉദ്യോഗസ്ഥരും കൂട്ടായ പരിശ്രമത്തിലൂടെ പിന്നോക്കത്തില്‍ പിന്നോക്കമായ മുസ്‌ലിം സമുദായത്തെ വിദ്യയുടെ ലോകത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി കഠിനാധ്വാനം ചെയ്തു.(5)

 

ചരിത്രത്തിന്റെ ദിശ മാറ്റിയ ഒരു വര്‍ത്തമാന പത്രം

തിരൂര്‍ സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍ പുരോഗമനാശയ പ്രചാരണാര്‍ഥം 1899 മുതല്‍ 1906 വരെ എട്ടു വര്‍ഷം 'സ്വലാഹുല്‍ ഇഖ്‌വാന്‍' എന്ന പേരില്‍ അറബി മലയാള ലിപിയില്‍ ഒരു വര്‍ത്തമാന പത്രം പ്രസിദ്ധീകരിച്ചിരുന്നു.

മുഹമ്മദ് എന്ന ആളുടെ കൈപ്പടയില്‍ എഴുതി പൊന്നാനി നഗരം അറക്കല്‍ പാണ്ടികശാലയില്‍ വെച്ച് തലശ്ശേരിക്കാരന്‍ അണിയാരപ്പുറത്ത് അമ്മുവിന്റെ മഹ്കില്‍ ഗറാഇബ് എന്ന അച്ചുകൂടത്തിലും പഴയ പൊന്നാനി താലൂക്കില്‍ തിരൂരിനടുത്ത മംഗലം അംശം ദേശത്തെ തച്ചറക്കല്‍ സ്വലാഹിയ്യാ അറബിമലയാള കല്ലച്ചുകൂടത്തില്‍ നിന്നുമായി സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രം അച്ചടിച്ചിരുന്നു.

അതിനു വേണ്ടി 1897ല്‍ തന്നെ അദ്ദേഹം സ്വലാഹുല്‍ ഇഖ്വാന്‍ കമ്പനി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. വിദ്യാഭ്യാസ സംബന്ധമായതും ആരോഗ്യദായകവുമായ പല വസ്തുക്കളും വിപണനം ചെയ്തിരുന്ന തിരൂരിലെ സ്വലാഹുല്‍ ഇഖ്‌വാന്‍ കമ്പനിയുടെ മാനേജറും സി. സെയ്ദാലിക്കുട്ടി മാസ്റ്ററായിരുന്നു.

കേരളത്തിന്റെ നാനാഭാഗങ്ങളിലും ഇന്ത്യയിലെ വന്‍ നഗരങ്ങളിലും വിശുദ്ധ മക്കയടക്കം ലോകത്തെ പല തന്ത്രപ്രധാന സ്ഥലങ്ങളിലും പത്രത്തിന് റിപ്പോര്‍ട്ടര്‍മാരും ലേഖകന്മാരും ഉണ്ടായിരുന്നു. മുസ്‌ലിംകളെ സംബന്ധിക്കുന്നതോ, അവര്‍ക്ക് ഉപകാരപ്പെടുന്നതോ ആയ വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും പൊതുവാര്‍ത്തകള്‍ക്കും ലോകവാര്‍ത്തകള്‍ക്കും പുറമെ പ്രാധാന്യം നല്‍കിയിരുന്നു. പണ്ഡിതന്മാരുടെ ഫത്‌വകള്‍ (മതവിധി) സ്വലാഹുല്‍ ഇഖ്‌വാന്റെ തങ്കത്താളുകളെ സമ്പന്നമാക്കി.

മൗലാനാ ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയും സനാഉല്ലാ മക്വ്ദി തങ്ങളും പിന്നീട് വക്കം മൗലവിയും അറബിമലയാള ലിപി പരിഷ്‌ക്കരണം നടത്തിയിരുന്നു. മക്വ്ദി തങ്ങളുടെ ലിപിയാണ് സെയ്ദാലിക്കുട്ടി മാസ്റ്റര്‍ തന്റെ പ്രസിദ്ധീകരണങ്ങളില്‍ പ്രയോഗിച്ചത്. മക്വ്ദി തങ്ങളുടെ മിക്ക ലേഖനങ്ങളും പരസ്യങ്ങളും പുറത്തുവന്നത് സ്വലാഹുല്‍ ഇഖ്‌വാനിലൂടെയായിരുന്നു. ഹമദാനി തങ്ങള്‍ ഈ പത്രത്തില്‍ നല്‍കിയ പരസ്യം നേരത്തെ ഹമദാനി തങ്ങളെ സംബന്ധിച്ച അധ്യായത്തില്‍ നല്‍കിയിട്ടുണ്ട്.

മാസത്തില്‍ രണ്ട് തവണയായിരുന്നു പത്രം പുറത്തിറങ്ങിയത്. താനൂര്‍ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍, ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, തിരൂരങ്ങാടി സി. എ. മുഹമ്മദ് മൗലവിയുടെ പിതാവ് ചാലിലകത്ത് അബ്ദുല്ല മൗലവി, വി. എം. മൗലവി എന്ന കോക്കൂര്‍ മൊയ്ദുണ്ണി മുസ്‌ലിയാര്‍, മലപ്പുറം മേല്‍മുറി മാടമ്പി അലവി മുസ്‌ലിയാര്‍, വടക്കന്‍ പി.അഹ്മദ് മൗലവിയാര്‍, ശുജായി മൊയ്തു മുസ്‌ലിയാര്‍, അറക്കല്‍ കുഞ്ഞഹ്മദ് സാഹിബ്, പാലോളി അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രത്തില്‍ ലേഖനങ്ങളെഴുതിയിരുന്നു.(6)

സ്വലാഹുല്‍ ഇഖ്‌വാന്‍ അസ്തമിച്ച ശേഷം മൂന്ന് വര്‍ഷം തുടര്‍ച്ചയായി തിരൂരില്‍ നിന്ന് 'റഫീക്വുല്‍ ഇസ്ലാം' അറബി മലയാള പ്രതിപക്ഷ പത്രവും അദ്ദേഹം ആരംഭിച്ചു.

 

നവോത്ഥാന സഭകളുടെ അമരക്കാരന്‍

1900 സെപ്റ്റംബര്‍ 9ാം തീയതി രൂപീകൃതമായ നവോത്ഥാന സംഘടനയായ പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ രൂപീകരണത്തിന് അശ്രാന്ത പരിശ്രമം നടത്തിയത് മലപ്പുറം പുതിയ മാളിയേക്കല്‍ സയ്യിദ് മുഹമ്മദ്ബ്നു അലി ഹൈദ്രോസ് പൂക്കോയ തങ്ങള്‍, പൊന്നാനി വലിയ ജാറം കുഞ്ഞിസീതിക്കോയ വലിയ തങ്ങള്‍, പൊന്നാനി കുഞ്ഞന്‍ബാവ മുസ്ലിയാര്‍ മഖ്ദൂമി, മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍, തിരൂര്‍ സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍, കൂട്ടായി കല്ലിങ്ങലകത്ത് അബ്ദുല്‍ അസീസ് എന്ന കോയക്കുട്ടി തുടങ്ങിയ പ്രമുഖരാണ്.

തദനുബന്ധമായി ഇവരുടെ നേതൃത്വത്തില്‍ പൊന്നാനി വലിയ സിയാറത്തിങ്ങല്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം നേതൃ യോഗത്തില്‍ സമാദരണീയരായ പണ്ഡിതരും നേതാക്കളും ഉള്‍പ്പെട്ട പ്രമുഖരായ 800 ഓളം ദീര്‍ഘവീക്ഷകര്‍ സമ്മേളിച്ചു.(7)

മഊനത്തുല്‍ ഇസ്ലാം മാപ്പിള അസോസിയേഷന്‍ എന്ന പേരായിരുന്നു തുടക്കത്തില്‍. 1938 നവംബര്‍ 12നാണ് മഊനത്തുല്‍ ഇസ്ലാം അസോസിയേഷന്‍ എന്നാക്കി മാറ്റിയത്.(8)

മഊനത്തുല്‍ ഇസ്ലാം സഭയുടെ ആദ്യ ഭരണസമിതിയില്‍ സെയ്ദാലിക്കുട്ടി മാസ്റ്റര്‍ക്ക് വൈസ് പ്രസിഡന്റിന്റെ ചുമതല ഏല്‍പിക്കപ്പെട്ടു. 1900 ഒക്ടോബര്‍ 14ന് ചേര്‍ന്ന സഭയുടെ രണ്ടാമത്തെ യോഗത്തില്‍ മാനേജിംഗ് കമ്മിറ്റി അംഗം സെയ്ദാലിക്കുട്ടി മാസ്റ്റര്‍ അവതരിപ്പിച്ച ഭരണഘടന ചില ഭേദഗതികളോടെ അംഗീകരിച്ചു.(9)

പ്രസ്തുത യോഗത്തില്‍ വെച്ച് മാസ്റ്ററെ മാനേജരായി തെരഞ്ഞെടുത്തു. സ്വമേധയാ ഇസ്ലാമിലേക്കു കടന്നുവരുന്ന വിശ്വാസികള്‍ക്ക് മതപഠന പരിശീലനം നല്‍കലായിരുന്നു സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.(10)

ഇതേ ലക്ഷ്യത്തോടെ പൊന്നാനി പാലത്തുംവീട്ടില്‍ കുഞ്ഞിമൊയ്ദീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഹിദായത്തുല്‍ ഇസ്‌ലാം സഭ പൊന്നാനി വലിയ ജുമുഅത്ത് പള്ളിക്ക് സമീപമുള്ള കൗഡിയമാക്കാനകം തറവാട്ടില്‍ നേരത്തെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.(11)

മഊനത്തുല്‍ ഇസ്‌ലാം സഭയുടെയും ഉപസഭകളുടെയും പ്രൊസീഡിംഗ്‌സ് കൊല്ലമൊന്നുക്ക് ഇരുപത്തിയഞ്ചുറുപ്പിക പ്രതിഫലം നിശ്ചയിച്ചുകൊണ്ട് സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രത്തില്‍ കൊടുക്കാനുള്ള സഭയുടെ മിനുട്‌സ് സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രത്തിന്റെ 1901 ഡിസംബര്‍ 13 വെളളിയാഴ്ച പുറത്തിറങ്ങിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(12)

സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രത്തിലെ പരസ്യങ്ങള്‍ വായിച്ചവര്‍ ഭീമമായ തുക മഊനത്തുല്‍ ഇസ്ലാം സഭയ്ക്ക് സംഭാവനയായി ലഭിച്ചു. സഭയുടെ മാതൃസ്ഥാപനം പൊന്നാനിയില്‍ ആയിരിക്കുകയും ആവശ്യമായ മറ്റിടങ്ങളില്‍ അതിന്റെ ശാഖകള്‍ രൂപീകരിക്കുകയും ചെയ്യുക എന്നതായിരുന്നു അക്കാലത്തെ സംഘടനാനയം. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പോലും മഊനത്തുല്‍ ഇസ്‌ലാം എന്ന പേരില്‍ മുസ്‌ലിം സാംസ്‌കാരിക സംഘടനകള്‍ക്ക് രൂപം നല്‍കിയിരുന്നു.

ഏറിയാട്, അഴീക്കോട്, ചാവക്കാട്, കോക്കൂര്‍, ചാലിശ്ശേരി, എടപ്പാള്‍, കൂട്ടായി, മംഗലം, താനൂര്‍, വെട്ടത്ത് പുതിയങ്ങാടി, തലക്കടത്തൂര്‍, പാലക്കാട് തുടങ്ങി കൊടുങ്ങല്ലൂരിനും തലശ്ശേരിക്കുമിടയിലായി 28 ശാഖകളുണ്ടായിരുന്നു. പിന്നീട് ഇവയെല്ലാം മാതൃസ്ഥാപനത്തില്‍ ലയിക്കുകയുണ്ടായി. പില്‍ക്കാലത്ത് കൊടുങ്ങല്ലൂര്‍ അഴിക്കോട് ലജ്‌നത്തുല്‍ ഹമദാനിയ്യ, തിരൂര്‍ മലബാര്‍ ദീനുല്‍ ഇസ്ലാം സഭ എന്നീ നവോത്ഥാന സംഘടനകളുടെ സ്വത്തുക്കളും സഭക്ക് വക്വ്ഫ് ചെയ്യുകയുണ്ടായി.(13)

അക്കാലത്തെ മലബാറിലെ പ്രശസ്ത നവോത്ഥാന സംഘടനകളായിരുന്ന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ വള്ളുവനാട് മദ്ഹറുല്‍ ഇസ്‌ലാം സഭ, 1897ല്‍ ആരഭിച്ച് മഞ്ചേരിയില്‍ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭ തുടങ്ങിയവ സ്ഥാപിക്കുന്നതിനും കല്‍പകഞ്ചേരി മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍, തിരൂര്‍ സി.സെയ്ദാലിക്കുട്ടി മാസ്റ്റര്‍ എന്നിവരടങ്ങിയ കൂട്ടുകെട്ടുണ്ടായിരുന്നു.

ഏറനാട്ടിലെ നവോത്ഥാന സംഘടനയായിരുന്ന മഞ്ചേരി ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭയില്‍ ചാലിയം, നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലുള്ള അന്നത്തെ സമുദായ നേതാക്കള്‍ അംഗങ്ങളായിരുന്നു.(14)

 

ആധാര സൂചിക:

(1) അറബി - മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, അബ്ദുറഹ്മാന്‍ മങ്ങാട്, കേരള മുസ്ലിം ഹിസ്റ്ററി കോണ്‍ഗ്രസ് പ്രബന്ധം, കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോഴിക്കോട് വെബ്‌സൈറ്റ്.

(2) 1883ല്‍ ലണ്ടനിലെ എഡ്വേര്‍ഡ് സ്റ്റാന്‍ഫോര്‍ഡ് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് 'ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ റിപ്പോര്‍ട്ടിന്റെ ഭൂലോകവല പതിപ്പ്.

(3) സി. സൈദാലിക്കുട്ടി മാസ്റ്റര്‍: നൂറ്റാണ്ട് മുമ്പത്തെ പത്രാധിപര്‍, ടി. വി. അബ്ദുറഹ്മാന്‍ കുട്ടി, ചന്ദ്രിക ദിനപ്പത്രം, 2017 ജൂണ്‍ 8.

(4) കോഴിക്കോട് അല്‍ഹുദാ ബുക് ഹൗസ് പുനഃപ്രസിദ്ധീകരിച്ച നബി ചരിത്രം മണിപ്രവാളം എന്ന കൊച്ചു പദ്യകൃതിയുടെ കര്‍ത്താവ്.

(5) മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, കെ. കെ. മുഹമ്മദ് അബ്ദുല്‍ കരീം& സി.എന്‍. അഹ്മദ് മൗലവി, കോഴിക്കോട് അല്‍ഹുദാ ബുക് ഹൗസ്, ഒന്നാം പതിപ്പ് 1978, താള്‍ 63.

(6) കേരള മുസ്‌ലിം ചരിത്രം ഡയരക്ടറി സ്ഥിതി വിവരക്കണക്ക്, എഡിറ്റര്‍ ഡോ. സി. കെ. കരീം, ചരിത്രം പബ്ലിക്കേഷന്‍സ് ഇടപ്പള്ളി, ഒന്നാം പതിപ്പ്, മാര്‍ച്ച് 1997, മൂന്നാം സഞ്ചിക, താള്‍ 368.

(7) ഈ പത്രത്തെക്കുറിച്ചുള്ള വിശദമായ പഠനം അടുത്ത അധ്യായങ്ങളില്‍.

(8) പൊന്നാനി മഊനത്തുല്‍ ഇസ്ലാംസഭ സ്മരണിക 1991, താള്‍ 7.

(9) മഊനത്തുല്‍ ഇസ്‌ലാം സഭ ചരിത്രം, ടി. വി. അബ്ദുറഹ്മാന്‍ കുട്ടി, നഫീസാ പബ്ലിക്കേഷന്‍സ്, ബസ് സ്റ്റാന്റ് പൊന്നാനി, ഒന്നാം പതിപ്പ്, ഒക്ടോബര്‍ 2015, താള്‍ 48.

(10) കേരളീയ മുസ്ലിം പത്രപ്രവര്‍ത്തന ചരിത്രം, അബ്ദുറഹ്മാന്‍ മങ്ങാട്, പ്രബോധനം വാരിക അറുപതാം വാര്‍ഷികപ്പതിപ്പ് 2009.

(11) മഊനത്തുല്‍ ഇസ്‌ലാം സഭ ചരിത്രം, ടി.വി അബ്ദുറഹ്മാന്‍ കുട്ടി, നഫീസാ പബ്ലിക്കേഷന്‍സ്, ബസ് സ്റ്റാന്റ് പൊന്നാനി, ഒന്നാം പതിപ്പ്, ഒക്ടോബര്‍ 2015, താള്‍ 51.

(12) സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രം, 1901 ഡിസംബര്‍ 13, വെളളിയാഴ്ച.

(13) ഈ സഭകളെക്കുറിച്ചുള്ള വിശദമായ പഠനം അടുത്ത അധ്യായങ്ങളില്‍

(14) മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, കെ. കെ. മുഹമ്മദ് അബ്ദുല്‍ കരീം& സി.എന്‍. അഹ്മദ് മൗലവി, കോഴിക്കോട് അല്‍ഹുദാ ബുക് ഹൗസ്, ഒന്നാം പതിപ്പ് 1978, താള്‍ 67, 68.

(അവസാനിച്ചില്ല)