മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25

അല്ലാഹു മനുഷ്യസമൂഹത്തെ സൃഷ്ടിച്ചിട്ടുള്ളത് അവനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ്. അത് വിശദീകരിക്കുവാനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങളിറക്കിയതും. അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ പറയുന്നു:

''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (അദ്ദാരിയാത്:56).  

നമ്മെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് അവനെമാത്രം ആരാധിക്കുവാന്‍ വേണ്ടിയത്രെ. പ്രവാചകന്മാര്‍ മുഖേന അല്ലാഹു സന്മാര്‍ഗവും ദുര്‍മാര്‍ഗവും വ്യക്തമാക്കി തന്നിരിക്കുന്നു. സന്മാര്‍ഗത്തിലൂടെ സഞ്ചരിച്ച് മനുഷ്യന് നന്ദിയുള്ളവനായി മാറാം; ദുര്‍മാര്‍ഗത്തിലൂടെ സഞ്ചരിച്ച് നന്ദികെട്ടവനുമായിത്തീരാം. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നാം അവന്ന് വഴികാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു'' (അല്‍ഇന്‍സാന്‍: 3).

എല്ലാവരും അല്ലാഹുവിലേക്ക് മടക്കപ്പെടുന്നതാണ്. അല്ലാഹു പറയുന്നു:

''അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ?'' (അല്‍മുഅ്മിനൂന്‍: 115).

മരണവും ജീവിതവും സൃഷ്ടിച്ചിരിക്കുന്നത് നന്മയുടെ വക്താക്കളാരാണെന്ന് പരീക്ഷിക്കുവാന്‍ വേണ്ടിയാണ്. അല്ലാഹു പറയുന്നു:

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (അല്‍മുല്‍ക്: 2).

 മേല്‍ വിവരിച്ചതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്, നമ്മെ സൃഷ്ടിച്ചതിനു പിന്നില്‍ ഉന്നതമായ ലക്ഷ്യമുണ്ട് എന്നാണ്. അത് നമ്മെ സൃഷ്ടിച്ച, സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിച്ച് അവന്‍ വിശ്വാസികള്‍ക്കൊരുക്കിയ സ്വര്‍ഗം കരഗതമാക്കുകയെന്നതാണ്.

അല്ലാഹുവിനെ അറിയല്‍ വിശ്വാസികളുടെ ബാധ്യത

തന്റെ രക്ഷിതാവ് ആരാണെന്നും അവന്‍ എവിടെയാണെന്നും അവന്റെ നാമ വിശേഷണങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കല്‍ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. എങ്കില്‍ മാത്രമെ തന്റെ ആരാധനകള്‍ മുഴുവനും അവന്‍ നമുക്ക് അറിയിച്ച് തന്ന രൂപത്തില്‍ നിര്‍വഹിക്കുവാന്‍ സാധിക്കു കയുള്ളൂ. 

അല്ലാഹു ആര്? 

അല്ലാഹു ആരാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും'' (സൂറത്തുല്‍ ഇഖ്‌ലാസ്: 1-4).

''അല്ലാഹു- അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്തുവാനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ (മറ്റൊ ന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ'' (അല്‍ബക്വറ: 255).

അല്ലാഹു റബ്ബാണ്

ക്വുര്‍ആന്‍ പറയുന്നു: ''ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനി ല്‍ക്കുകയും ചെയ്യുക. അവന്നു പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയുമോ?'' (മറ്‌യം: 65).

''സ്തുതി സര്‍വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു'' (അല്‍ ഫാതിഹ: 1).

അല്ലാഹു ആരാധ്യനാണ്

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)'' (അന്നഹ്ല്‍: 36).

''ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക'' (മുഹമ്മദ്: 19).

അല്ലാഹുവിന് വിശുദ്ധ നാമങ്ങളുണ്ട്

അല്ലാഹു സ്വയം തന്നെ വിശുദ്ധക്വുര്‍ആനിലൂടെയും പ്രവാചക വചനങ്ങളിലൂടെയും അവന് അനേകം നാമങ്ങളുണ്ടെന്ന് സ്ഥാപിക്കുന്നു. ഈ നാമങ്ങള്‍ മുഴുവനും അവന് മാത്രം പ്രത്യേകമായിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:

''അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചു കൊള്ളുക'' (അല്‍അഅ്‌റാഫ്: 180).

''താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു. താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍. സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളവയും അവന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും'' (അല്‍ഹശ്ര്‍: 22-24).

അല്ലാഹു മാത്രമാണ് പ്രാര്‍ഥന കേള്‍ക്കുന്നവന്‍

''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്, തീര്‍ച്ച!'' (അല്‍ഗാഫിര്‍: 60). 

''അവനോടുള്ളത് മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവനു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുകയില്ല'' (അര്‍റഅ്ദ്: 14).

''നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്'' (അല്‍ബക്വറ: 186). 

അല്ലാഹു മാത്രം പാപം പൊറുക്കുന്നവന്‍: ''(നബിയെ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക'' (അല്‍ഹിജ്ര്‍: 49).

അല്ലാഹു കാരുണ്യവാനാണ്

അല്ലാഹു മുഴുവന്‍ സൃഷ്ടികളോടും കാരുണ്യം കാണിക്കുന്നവനാണ്. അല്ലാഹു പറയുന്നു: ''പരമകാരുണികനും കരുണാനിധിയും'' (അല്‍ഫാതിഹ: 3).

അല്ലാഹു വിചാരണ നാളിന്റെ അധിപനാണ്

''പ്രതിഫലനാളിന്റെ ഉടമസ്ഥന്‍'' (അല്‍ ഫാതിഹ: 4).

''അവര്‍ വെളിക്കുവരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആര്‍ക്കാണ് രാജാധികാരം? ഏകനും സര്‍വാധിപതിയുമായ അല്ലാഹുവിന്'' (അല്‍ഗാഫിര്‍: 16).

അല്ലാഹുവാണ് ഹിദായത്ത് നല്‍കുന്നവന്‍

''തീര്‍ച്ചയായും നിനക്കിഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താനുദ്ദേശിക്കുന്നവരെ നേര്‍വഴിലാക്കുന്നു. സന്മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു'' (അല്‍ക്വസ്വസ്വ്: 56).

അല്ലാഹുവാണ് ഭരമേല്‍പിക്കുവാന്‍ അര്‍ഹന്‍

''(നബിയേ,) നീ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്റെ നാഥന്‍'' (അത്തൗബ: 129).

''അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ'' (ആലുഇംറാന്‍: 173).

അല്ലാഹു അവനില്‍ പങ്കുചേര്‍ക്കുന്നതിനെ പൊറുക്കാത്തവന്‍

''തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്'' (അന്നിസാഅ്: 48).

അല്ലാഹു ഉപരിലോകത്ത്

അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ടനാണെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

''പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു'' (ത്വാഹാ:5). 

അല്ലാഹു ഉപരിലോകത്താണെന്നുള്ളതിന് വിശുദ്ധ ക്വുര്‍ആനില്‍ ധാരാളം വചനങ്ങള്‍ കാണാന്‍ സാധിക്കും. അല്ലാഹു പറയുന്നു:

''ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞ് കൊണ്ടിരിക്കും'' (അല്‍മുല്‍ക്: 17). 

പ്രവാചക വചനങ്ങളിലും ഇതിന് ധാരാളം തെളിവുകള്‍ കാണാന്‍ കഴിയുന്നതാണ്. 

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: പ്രവാചകന്‍ﷺ പറയുന്നു: ''എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം; ഒരാള്‍ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് അവള്‍ അതിന് വിസമ്മതിക്കുകയാണെങ്കില്‍ ഭര്‍ത്താവ് അവളില്‍ തൃപ്തിപ്പെടുന്നത് വരെ ആകാശത്തുള്ളവന്‍ അവളില്‍ കോപിക്കുന്നതാണ്'' (മുസ്‌ലിം). 

''മുആവിയ്യതുബ്‌നു ഹഖമുസ്സുലമി(റ)യില്‍ നിന്ന് നിവേദനം: ''എനിക്ക് ആടുകളെ പരിപാലിക്കുന്ന ഒരു അടിമ സ്ത്രീ ഉണ്ടായിരുന്നു. ഒരു ദിവസം ചെന്നായ ഒരു ആടിനെ പിടിച്ചു. ഞാന്‍ ആദം സന്തതിയില്‍ പെട്ടതായത് കൊണ്ട് തന്നെ എനിക്ക് സങ്കടം വന്നു, മാത്രമല്ല ഞാനവളെ അടിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഞാന്‍ ചെയ്തത് ഒരു വലിയ പാതകമാണെന്ന് എനിക്ക് ബോധ്യമായത്. അത് കാരണത്താല്‍ ഞാന്‍ പ്രവാചകന്റെയടുത്ത് പോയി കാര്യം പറഞ്ഞു: 'അല്ലയോ തിരുദൂതരേ, ഞാനവളെ മോചിപ്പിക്കട്ടെയോ?' അപ്പോള്‍ നബിﷺ പറഞ്ഞു: 'നീ അവളെയും കൊണ്ട് വരൂ.' അങ്ങനെ ഞാന്‍ അവളെയും കൊണ്ട് വന്നു. അപ്പോള്‍ നബിﷺ അവളോട് ചോദിച്ചു: 'അല്ലാഹു എവിടെയാണ്?' അവള്‍ പ്രതിവചിച്ചു: 'ആകാശത്തില്‍.' 'ഞാന്‍ ആരാണ്?' നബിﷺ ചോദിച്ചു. അവള്‍ പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനാണ്.' അപ്പോള്‍ നബിﷺ എന്നോട് പറയുകയുണ്ടായി: 'നീ അവളെ മോചിപ്പിക്കുക, അവള്‍ സത്യവിശ്വാസിനിയാണ്'' (മുസ്‌ലിം). 

അല്ലാഹു എല്ലാ സ്ഥലത്തും എല്ലാറ്റിലുമുണ്ടെന്ന വാദം വിശുദ്ധ ക്വുര്‍ആനിനും നബിവചനങ്ങള്‍ക്കും എതിരാണ്. അതിനാല്‍ സത്യവിശ്വാസികള്‍ അങ്ങനെയുള്ള വിശ്വാസം വെച്ചുപുലര്‍ത്തുവാന്‍ പാടില്ല. (അവസാനിച്ചില്ല)