അപമാനത്തെ അലങ്കാരമാക്കരുത്

റിയാസ് സ്വലാഹി തളിപ്പറമ്പ്

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19

തബൂക്ക് യുദ്ധവേളയില്‍ കപടവിശ്വാസികള്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞ് വഞ്ചനകാണിച്ചു. സത്യവിശ്വാസികളായ മൂന്ന് പേരും പിന്തിരിഞ്ഞവരില്‍ ഉണ്ടായിരുന്നു. കഅ്ബ് ഇബ്‌നു മാലിക്(റ), മറാറത്ത് ഇബ്‌നു റബീഅ്(റ), ഹിലാലുബ്‌നു ഉമയ്യ(റ) എന്നിവരാണവര്‍. യുദ്ധം അവസാനിച്ച് തിരിച്ചുവന്ന നബിﷺ യോട് കപട വിശ്വാസികളായ ആളുകള്‍ കളവ് പറഞ്ഞ് ഒഴിവ് കഴിവുകള്‍ ബോധിപ്പിച്ച് തല്‍ക്കാലം രക്ഷപ്പെട്ടു. എന്നാല്‍ ഈ മൂന്ന് സ്വഹാബികളും സത്യം മാത്രം പറഞ്ഞു. അവര്‍ പ്രത്യേകിച്ച് ഒഴിവ് കഴിവൊന്നും പറഞ്ഞില്ല. അന്നുവരെ ഇല്ലാത്ത മാനസിക സംഘര്‍ഷവും ബഹിഷ്‌കരണവുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അവരുടെ കാര്യത്തില്‍ അല്ലാഹു തീരുമാനമെടുക്കട്ടെ എന്നാണ് നബിﷺ പ്രതികരിച്ചത്.

വലിയ പ്രയാസങ്ങളും മാനസിക സംഘര്‍ഷവും ഉണ്ടായിട്ടും സത്യസന്ധത പുലര്‍ത്തിയ ആ സ്വഹാബിമാര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്തു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു മാസം കഴിച്ചു കൂട്ടിയ അവരുടെ മാനസിക പ്രയാസത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ''...ഭൂമി വിശാലമായിട്ട് കൂടി അവര്‍ക്കത് ഇടുങ്ങിയതായിത്തീരുകയും തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍...'' (ക്വുര്‍ആന്‍ 9:118).

സത്യവിശ്വാസികളുടെ സത്യസന്ധതയും കപടന്മാരുടെ കള്ളത്തരവും പ്രകടമായ ഈ സംഭത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് നമുക്ക് വ്യക്തമാകുന്ന രണ്ട് കാര്യങ്ങളുണ്ട്. 

ഒന്ന്: സത്യത്തിന്റെ കൂടെ നില്‍ക്കുന്നതായി നടിക്കുകയും മനസ്സില്‍ കാപട്യം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് പരാജയമാണ്. അവര്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുവാനും അവരുടെ തൃപ്തി നേടുവാനുമാണ് ശ്രമിക്കുന്നത്. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ തൃപ്തിയാണ് ആഗ്രഹിക്കേണ്ടത്. അല്ലാഹു പറയുന്നു:

''നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മകാരികളായ ആളുകളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 9:96).

ആര് അതൃപ്തി കാണിച്ചാലും അല്ലാഹുവിന്റെ തൃപ്തി ലഭിക്കുവാനാണ് സത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്. നബിﷺ പറഞ്ഞു: ''ആരെങ്കിലും ജനങ്ങളുടെ വെറുപ്പ് സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ നിന്ന് അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിന്റെ കോപമുണ്ടായാലും ജനങ്ങളുടെ തൃപ്തി ലഭിക്കണമെന്നാശിച്ചാല്‍ അവനെ അല്ലാഹു ജനങ്ങള്‍ക്ക് ഏല്‍പിച്ചു കൊടുക്കും'' (തിര്‍മിദി).

രണ്ട്: സത്യസന്ധരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുകയും സത്യവാന്മാരോടൊപ്പം നിലകൊള്ളുകയും ചെയ്യുക എന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണ്. ഭൗതികമായ എന്ത് നഷ്ടവും അതിന്റെ പേരില്‍ സഹിക്കാന്‍ കഴിയണം. സത്യം പുണ്യത്തിലേക്ക് നയിക്കും പുണ്യം സ്വര്‍ഗത്തിലേക്കും വഴിനടത്തും; കളവ് അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും. 

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യവാന്മാരുട കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 9:119).

സത്യസന്ധന്‍മാര്‍ക്ക് അതിമഹത്തായ സ്ഥാനമാണ് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ''ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ലകൂട്ടുകാര്‍!'' (ക്വുര്‍ആന്‍ 4:69).

കളവിന്റെ പര്യവസാനം വളരെ ദാരുണമാണ്. അവര്‍ക്ക് എത്തിച്ചേരാനുള്ള സങ്കേതം ഭയാനകവും. അല്ലാഹുവിന്റെയടുക്കല്‍ 'പെരുങ്കള്ളന്‍' എന്ന പദവി ലഭിക്കുന്നത് എന്തുമാത്രം അപമാനകരമാണ്. 

ഒരു സത്യവിശ്വാസിക്ക് ഒരിക്കലും കളവ് പറയാന്‍ സാധ്യമല്ല. അവന്റെ നാവ് അതിന് സമ്മതിക്കുകയുമില്ല. കാരണം കളവ് പറയല്‍ കപട വിശ്വാസിയുടെ സ്വഭാവമാണ്. 

''...തീര്‍ച്ചയായും കപട വിശ്വാസികള്‍ കള്ളംപറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു'' (ക്വുര്‍ആന്‍ 63:1).

എല്ലാതരം കളവുകളെയും നാം ഭയപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരിലുള്ള കളവുകളെ. അല്ലാഹുവിന് പങ്കുകാരുണ്ടെന്ന വാദം തനിച്ച കള്ളമാണ്. 

ഇബ്‌റാഹിം നബിൗ പിതാവിനോടും ജനതയോടും പറഞ്ഞത് ക്വുര്‍ആന്‍ എടുത്തുകാട്ടുന്നു: ''തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?'' (ക്വുര്‍ആന്‍ 37:85-86).

ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം അന്യരെ സംബന്ധിച്ച് അപവാദം പ്രചരിപ്പിക്കുന്ന ആളുകളുണ്ട്. ഊഹങ്ങളെ സൂക്ഷിക്കണമെന്ന് നബിﷺ താക്കീത് നല്‍കിയിട്ടുണ്ട്. 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''നിങ്ങള്‍ ഊഹങ്ങളെ സൂക്ഷിക്കണം. കാരണം ഊഹമെന്നത് വര്‍ത്തമാനത്തിലെ ഏറ്റവും വലിയ കളവാണ്'' (ബുഖാരി).

അന്യരുടെ ധനം അപഹരിച്ചെടുക്കുന്നതിനും മറ്റ് സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമായി കള്ളസത്യം പറയുന്നവരുണ്ട്. അവര്‍ വലിയ പാപമാണ് ചെയ്യുന്നത്. 

നബിﷺ പറഞ്ഞു: ''ആരെങ്കിലും സത്യം ചെയ്ത് ഒരു മുസ്‌ലിമിന്ന് അവകാശപ്പെട്ടത് അപഹരിച്ചെടുത്താല്‍ അല്ലാഹു അവന് നരകം നിര്‍ബന്ധമാക്കുകയും സ്വര്‍ഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കൂന്നു.'' അപ്പോള്‍ ഒരാള്‍ ചോദിച്ചു: ''വളരെ നിസ്സാരമായതെന്തെങ്കിലുമാണെങ്കിലോ?'' നബിﷺ പറഞ്ഞു: ''ഒരു അറാക്കിന്റെ കൊള്ളിയാണെങ്കിലും ശരി'' (അഹമ്മദ്)

പരസ്പര ബന്ധങ്ങളിലും ഇടപാടുകളിലും കളവു വരുന്നതിനെ നാം സൂക്ഷിക്കണം. യഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ച് അവതരിപ്പിക്കുകയും മറ്റുള്ളവരുടെ പേരില്‍ കളവ് കെട്ടിച്ചമക്കുകയും ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. കേട്ടതിനെക്കാള്‍ അധികരിപ്പിച്ച്, പൊടിപ്പും തൊങ്ങലുംവെച്ച് കാര്യങ്ങള്‍ പറയുന്നത് ചിലര്‍ക്കൊക്കെ ഒരു വിനോദമാണ്. കേട്ടതൊക്കെ പറഞ്ഞുനടക്കല്‍ തന്നെ തെറ്റാണെന്ന് നബിﷺ പറഞ്ഞിരിക്കെ കേട്ടതില്‍ കളവ് കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കല്‍ എത്ര വലിയ പാപമാണ്!

മറ്റുള്ളവരെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവു പറയുന്നത് ഇന്നൊരു ട്രെന്‍ഡാണ്. പ്രവാചകന്‍ﷺ പറഞ്ഞു: ''സംസാരിക്കുമ്പോള്‍ ജനങ്ങളെ ചിരിപ്പിക്കുന്നതിനായി നുണ പറയുന്നവന് നാശം! അവനു നാശം! അവനു നാശം!'' (തിര്‍മിദി).

നേതാക്കന്മാര്‍ക്ക് വേണ്ടി കള്ളം പ്രചരിപ്പിക്കുന്ന അണികളും സംഘടനക്ക് വേണ്ടിയോ സ്വന്തം താല്‍പര്യസംരക്ഷണാര്‍ഥമോ കള്ളം പറയുന്ന നേതാക്കളുമുണ്ട്. കച്ചവട രംഗത്തും രാഷ്ട്രീയരംഗത്തും കള്ളവും കള്ളത്തരവും ആവാം എന്ന ധാരണയും ചിലര്‍ക്കുണ്ട്. അങ്ങനെയൊരു ഇളവ് ഇസ്‌ലാം നല്‍കുന്നില്ല.

ഹിര്‍ഖല്‍ ചക്രവര്‍ത്തി മുഹമ്മദ് നബിﷺയെപ്പറ്റി അബൂസുഫ്‌യാനോട് ചോദിച്ചപ്പോള്‍ അന്ന് അവിശ്വാസിയായ അബൂസുഫ്‌യാന്‍ പോലും നബിﷺയെ കുറിച്ച് കളവ് പറയുവാന്‍ തുനിഞ്ഞില്ല എന്നത് ഓര്‍ക്കുക. പ്രവാചകന്‍ സത്യം മാത്രം പറയുന്നവനും വഞ്ചന കാണിക്കാത്തവനുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

മതം പ്രചരിപ്പിക്കുവാന്‍ വേണ്ടി കളവ് പറയുവാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടില്ല. ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യഖ്യാനം ചെയ്യുവാനും വളച്ചൊടിക്കുവാനും മടിയില്ലാത്ത പണ്ഡിതവേഷധാരികള്‍ ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്? അതുകൊണ്ട് പരലോകത്ത് എന്ത് നേട്ടമാണ് അവര്‍ ആഗ്രഹിക്കുന്നത്? ലജ്ജയില്ലെങ്കില്‍ മനുഷ്യന്‍ തോന്നിയതുപോലെ എന്തും പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യും. 

ജീവിത വിശുദ്ധി പരമപ്രധാനമാണ്. ആകര്‍ഷകമായ വേഷഭൂഷാധികളും മലിനമായ മനസ്സുംകൊണ്ടജീവിച്ചാല്‍ ഭൗതികമായ തല്‍ക്കാലം വല്ല നേട്ടവും കിട്ടിയേക്കാം. എന്നാല്‍ പരലോകത്ത് അത്തരക്കാരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണ്. കരുതലോടെ ജീവിച്ചാല്‍ സ്രഷ്ടാവിന്റെ കാവലുണ്ടാകും.