മുസ്‌ലിംകളുടെ ചരിത്രം അതിജീവനത്തിന്റെതാണ്

അബ്ദുല്‍ മാലിക് സലഫി

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

''ഇന്ത്യയിലെ ഒരു മുസ്‌ലിമും നിങ്ങളെ ഭയക്കുന്നില്ല'' രാജ്യസഭയില്‍ മുഴങ്ങിയ കപില്‍ സിബലിന്റെ ഈ ശബ്ദം ഓരോ മുസ്‌ലിമിന്റെയും ഹൃദയത്തിനുള്ളില്‍ നിന്നുള്ള ഗര്‍ജനമാണ്. പേടിപ്പിച്ച് നിര്‍ത്തുക എന്ന ഫാഷിസ്റ്റ് ഭരണ രീതിയില്‍ ചകിതരായി മാറുന്നവരല്ല മുസ്‌ലിംകള്‍. അവരുടെ ചരിത്രം എന്നും പ്രയാസങ്ങളുടെ തിരമാലകളെ വകഞ്ഞുമാറ്റിത്തന്നെയാണ് സഞ്ചരിച്ചിട്ടുള്ളത്. ആദ്യത്തെ റസൂലായ നൂഹ്(അ) മുതല്‍ അന്തിമ ദൂതനായ മുഹമ്മദ് നബി ﷺ  അടക്കമുള്ള മാനവരില്‍ മഹോന്നതന്മാര്‍ക്കുവരെ പ്രതിസന്ധികളുടെ പ്രളയങ്ങളെ തരണംചെയ്യേണ്ടി വന്നിട്ടുണ്ടെങ്കില്‍ വര്‍ത്തമാനകാലത്ത് ജീവിക്കുന്ന അവരുടെ അനുയായികള്‍ക്കും ആ അവസ്ഥയുണ്ടാകും എന്നത് തീര്‍ച്ചയാണ്. അത്‌കൊണ്ടുതന്നെ ഭയപ്പെടുത്തി തോല്‍പിച്ചുകളയാമെന്ന ശത്രുക്കളുടെ വിചാരം സംഭവിക്കാന്‍ പോകുന്നതല്ല. അല്ലാഹുവിന്റെ മതത്തെ സ്വീകരിച്ചവരെ അവന്‍ കൈവെടിയില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. പ്രമാണങ്ങളുടെ പ്രഖ്യാപനങ്ങള്‍ നമുക്ക് നല്‍കുന്ന ഉറപ്പും അതുതന്നെയാണ്. അതേസമയം പരീക്ഷണങ്ങളും ചില പ്രതിസന്ധികളും ഉണ്ടാവാം. അവയില്‍ നിന്നെല്ലാം അല്ലാഹു കരകയറ്റുകയും ചെയ്യും. അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കുന്ന വാഗ്ദാനം ക്വുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ''നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതു പോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടുകൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിനു ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്ന താണെന്ന്'' (24:55). ഈ വാഗ്ദാനം അവന്‍ നിറവേറ്റിയിട്ടുണ്ട് എന്നത് വിശ്വാസികള്‍ക്കെന്നും ആശ്വാസം പകരുന്നതാണ്.

ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദ്ര്‍ യുദ്ധത്തില്‍ നാം അതു ദര്‍ശിച്ചിട്ടുണ്ട്. ക്വുര്‍ആന്‍ പഠിക്കുന്നതിനനുസരിച്ച് എട്ടോളം രീതിയില്‍ അല്ലാഹുവിന്റെ സഹായം അവിടെ മുസ്‌ലിംകള്‍ക്ക് ലഭിച്ചു. മദീനയുടെ ചുറ്റുഭാഗത്തുള്ള മുഴുവന്‍ എതിരാളികളും ഒരുമിച്ച് ചേര്‍ന്ന് നടത്തിയ നീക്കം അല്ലാഹു പരാജയപ്പെടുത്തിയ ചരിത്രമാണ് ഹിജ്‌റ അഞ്ചാം വര്‍ഷത്തില്‍ നടന്ന അഹ്‌സാബ് സംഭവത്തില്‍ നാം ഗ്രഹിക്കുന്നത്. അന്ന് ഹൃദയങ്ങള്‍ തൊണ്ടക്കുഴിയിലെത്തുമാറ് ഭയാശങ്കകള്‍ മുസ്‌ലിംകളെ പിടികൂടിയിരുന്നു.

''നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം'' (ക്വുര്‍ആന്‍ 33:10). അധികം വൈകാതെ അവര്‍ക്ക് അല്ലാഹുവിന്റെ സഹായമെത്തി.

ഹിജ്‌റ അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ ക്രൈസ്തവ സഭകള്‍ നടത്തിയ കുരിശു തേരോട്ടത്തില്‍ ഇസ്‌ലാമിക സമൂഹം ഒന്ന് അമ്പരന്നുവെങ്കിലും സ്വലാഹുദ്ദീന്‍ അയ്യൂബി(റഹ്) എന്ന ധീരന്റെ മുന്നേറ്റത്തിലൂടെ കുരിശു പടയാളികളുടെ അടിവേരറുത്ത ചരിത്രം ഇന്നും ആവേശദായകം തന്നെയാണ്. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ക്രൂരതകള്‍ ചെയ്തുകൂട്ടിയ കുരിശുപടയ്ക്ക് മാപ്പുനല്‍കിയ അയ്യൂബിയുടെ ചരിത്രം ഇസ്‌ലാമിന്റെ പേരില്‍ ഭീകരതയുടെ സ്റ്റിക്കറൊട്ടിക്കുന്നവര്‍ ഒന്ന് വായിക്കുന്നത് നല്ലതാണ്.

ഹിജ്‌റ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായ താര്‍താരികളുടെ കടന്നാക്രമണങ്ങളെ ഏതു വിധേനയാണ് മുസ്‌ലിംകള്‍ അതിജയിച്ചത് എന്നത് ഒരു ചരിത്ര വിദ്യാര്‍ഥിക്ക് ഇന്നും കൗതുകം പകരുന്ന സംഗതിയാണ്. ഭയത്തിന്റെ കാര്‍മേഘങ്ങള്‍ നീക്കി നിര്‍ഭയത്വത്തിന്റെ കുളിര്‍മഴ മുസ്‌ലിംകള്‍ക്കുമേല്‍ വര്‍ഷിപ്പിച്ച് അല്ലാഹു സഹായിച്ച ചരിത്രം വിസ്മരിക്കപ്പെട്ടു കൂടാ.

ഇങ്ങനെ എത്രയെത്ര പരീക്ഷണങ്ങള്‍! അവയെല്ലാം അല്ലാഹുവിന്റെ മഹത്തായ സഹായത്താല്‍ അതിജീവിച്ച ഈ സമുദായത്തിന് പരീക്ഷണങ്ങള്‍ എന്നും ഊര്‍ജം മാത്രമെ നല്‍കിയിട്ടുള്ളൂ. പ്രവാചകന്റെ വചനങ്ങളില്‍ നിറഞ്ഞുകിടക്കുന്ന സന്തോഷവാര്‍ത്തകള്‍ എത്രയാണ്! 'ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ഈ ഉമ്മത്തിന്റെ ആധിപത്യമെത്തും' (മുസ്‌ലിം) എന്നത് സംഭവിക്കാനുള്ളതു തന്നെയാണ്. 'ഈ മതത്തിന്റെ ശബ്ദമെത്താത്ത ഒരു കുടിലും കൊട്ടാരവും ഉണ്ടാവില്ല' എന്ന പ്രവാചകന്റെ വാക്കുകള്‍ മുസ്‌ലിംകള്‍ക്കു നല്‍കുന്ന ആഹ്ലാദം ചെറുതല്ല. 'ഭൂമിയില്‍ ആധിപത്യവും ഉയര്‍ച്ചയും സഹായവും കൊണ്ട് ഈ ഉമ്മത്തിന് നിങ്ങള്‍ സന്തോഷവാര്‍ത്ത നല്‍കുക'' എന്ന നബിവചനവും പ്രതിസന്ധികളെ അതിജയിക്കാനുള്ള ഈ സമുദായത്തിന്റെ കരുത്തിനെ വിളിച്ചറിയിക്കുന്നുണ്ട്.

സമകാലിക പ്രശ്‌നങ്ങളിലും ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മതപരമായി ആശങ്കക്കു വകയില്ല. ഒരു പക്ഷേ, വലിയൊരു നന്മക്ക് വേണ്ടിയുള്ള തുടക്കമാവാം ഈ ചെറിയ പ്രയാസങ്ങള്‍. അല്ലാഹുവിന്റെ ഈ വചനങ്ങള്‍ ശ്രദ്ധിക്കുക: ''ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വന്നേക്കാം. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല'' (ക്വുര്‍ആന്‍ 2:216).

''നിങ്ങളൊരു കാര്യം വെറുക്കുന്നു. അതേ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്‌തേക്കാം'' (ക്വുര്‍ആന്‍ 4:19).

''എന്നാല്‍ തീര്‍ച്ചയായും പ്രയാസത്തിന്റെ കൂടെ ഒരെളുപ്പമുണ്ടായിരിക്കും'' (ക്വുര്‍ആന്‍ 94:5).

പിന്നെ എന്തിന് മുസ്‌ലിം സമുദായം ഭയപ്പെട്ടു കഴിയണം? ഒരു ബില്ല് പാസാക്കിയെടുത്ത് ഈ സമുദായത്തെ രാജ്യത്തിലെ രണ്ടാം കിടക്കാരാക്കാം എന്നത് കേവലം വ്യാമോഹമാണ്; സംഭവിക്കാന്‍ പോകുന്നതല്ല.

കുതന്ത്രക്കാരും ജനദ്രോഹികളുമായ ഭരണകര്‍ത്താക്കള്‍ക്ക് അല്‍പായുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്ന് ചരിത്രം പറയുന്നു. നന്മയും സഹവര്‍ത്തിത്വവും മതനിരപേക്ഷതയും നാട്ടില്‍ നിലനില്‍ക്കാന്‍ കൊതിക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്ന ഈ മണ്ണില്‍ ചിലരെ അഭയാര്‍ഥികളാക്കാനുള്ള എല്ലാ കുതന്ത്രങ്ങളെയും ഇന്ത്യന്‍ ജനത തോല്‍പിച്ചിരിക്കും. നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കുറിപ്പടികള്‍ക്കനുസരിച്ച് ചിലര്‍ പ്ലാനുകള്‍ തയ്യാറാക്കുമ്പോള്‍ തന്നെ വാനലോകങ്ങള്‍ക്കുമപ്പുറത്തും ചില പ്ലാനുകള്‍ നടക്കുന്നുണ്ടാകും എന്നത് നാം വിസ്മരിക്കരുത്. ബ്രിട്ടീഷുകാരന്റെ വെടിയുണ്ടകളെ നെഞ്ചേറ്റുവാങ്ങിയവരുടെ പിന്‍ഗാമികളുടെ പൗരത്വം തെളിയിക്കണമെങ്കില്‍ അവരുടെ സിരകളിലോടുന്ന ചുടു രക്തം മണത്താല്‍ മതിയാവും. അതിന് ഇന്ത്യയുടെ മണവുണ്ടാവും! എന്നാല്‍ മറ്റു ചിലരുടെ രക്തത്തിന് അധിനിവേശക്കാരുടെ ദുര്‍ഗന്ധമാണുണ്ടാവുക!

വിവാദ ബില്‍ സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്. നീതിപീഠം നീതിയുക്തമായി തന്നെ വിധിക്കും എന്നും നമുക്ക് പ്രതീക്ഷിക്കാം. ഈ കേസ് ജയിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളുമാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. അതല്ലാതെ ശത്രുവിന്റെ അജണ്ടകള്‍ക്ക് വിജയപാതയൊരുക്കുന്ന പ്രവൃത്തികളല്ല. ഈ കേസ് ജയിക്കേണ്ടത് ഇന്ത്യയെ ഹൃദയത്തിലേറ്റിയ ഏവരുടെയും ആവശ്യമാണ്. ഇന്ത്യയെ തിരിച്ചു പിടിക്കാനുഉള്ള ഈ സമരഭൂമിയില്‍ ബൗദ്ധിക പോരാളികളാവുകയാണ് ഇപ്പോള്‍ ആവശ്യം. എല്ലാ കുതന്ത്രങ്ങളെയും അല്ലാഹുവിന്റെ തന്ത്രങ്ങള്‍ അതിജയിക്കുകതന്നെ ചെയ്യും. പഴയ ഇന്ത്യയെ ന മുക്ക് തിരികെ കിട്ടുകയും ചെയ്യും; നാം കാത്തിരിക്കുക.