മുസ്‌ലിം വിദ്യാഭ്യാസ വഴിയില്‍ മുള്ള് വിതറിയ മുല്ലമാര്‍ക്കെതിരെ മൂലം സഭയിലെ മുല്ലപ്പൂ വിപ്ലവം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 മാര്‍ച്ച് 23 1440 റജബ് 16

(വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും: 10)

(ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍: 4)

ലോകം പുരോഗമിക്കുകയും ചുറ്റുമുള്ള ഹിന്ദു-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ വിദ്യാഭ്യാസപരമായി ഉയരുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ ലോകത്തിനുതന്നെ വെളിച്ചം നല്‍കിയ 'ഉത്തമ സമുദായം' എന്ന പദവി വഹിക്കുന്ന മുസ്ലിംകള്‍ കേരളത്തില്‍ വിദ്യാഭ്യാസത്തോടും ശാസ്ത്രപഠനത്തോടും ലോകഭാഷയായ ഇംഗ്ലീഷിനോടും മുഖംതിരിച്ചു നിന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമായിരുന്നു. സമുദായത്തെ പുരോഗതിയുടെ പടവുകളിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ട മതപണ്ഡിതന്മാരും മുല്ലമാരും അവരെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

 വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ എഴുതിച്ചേര്‍ത്തത് അന്നത്തെ മുസ്ലിം സമുദായത്തിന്റെ നേര്‍ചിത്രമാണ്: 'ഒരു സമുദായമെന്ന നിലയില്‍ അവര്‍ മുഴുവനും അല്ലെങ്കില്‍ മിക്കവാറും എല്ലാവരും നിരക്ഷരരാണ്. അവര്‍ക്ക് കിട്ടുന്ന ഒരേ ഒരു വിദ്യാഭ്യാസം അറബിഭാഷയിലുള്ള ക്വുര്‍ആനിലെ ചില വചനങ്ങള്‍ ചൊല്ലിക്കേള്‍ക്കുന്നത് തത്തയെപ്പോലെ ഉരുവിടുന്നത് മാത്രമാണ്. ഹിന്ദുക്കളുടെ പള്ളിക്കൂടങ്ങളില്‍ ചെന്ന് മുസ്‌ലിംകള്‍ പഠിക്കുന്നതിന് മുസ്‌ലിം രക്ഷിതാക്കള്‍ അനുവദിക്കുകയില്ല.'(1)

ഈ ദുരവസ്ഥ മാറ്റിയെടുക്കാനാണ് ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളും ശ്രീമൂലം പ്രജാസഭയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അക്ഷീണം പ്രയത്‌നിച്ചത്.

ശ്രീമൂലം തിരുനാള്‍ പ്രജാസഭയിലേക്ക് റൂള്‍ 7 പ്രകാരം നാമനിര്‍ദേശം ചെയ്യപ്പെട്ട കോട്ടയം ഡിവിഷനിലെ വൈക്കം താലൂക്കില്‍ അരൂക്കുറ്റി വടുതലയില്‍ താമസക്കാരനായ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ 1911 ഫെബ്രുവരി 16ന് ചേര്‍ന്ന സഭയില്‍ മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസ സ്ഥിതിയെ സംബന്ധിച്ച സുപ്രധാനമായ ചില വിവരങ്ങള്‍ സാമാജികരുമായി പങ്കുവെക്കുകയുണ്ടായി.

തുലോം തുച്ഛമായ എണ്ണം മുസ്‌ലിംകള്‍ മാത്രമാണ് തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയിട്ടുള്ളത്. സ്‌കൂള്‍ പ്രായത്തിലുള്ള മുസ്‌ലിം കുട്ടികളില്‍ ഒരു ശതമാനംപോലും പൊതുവിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. സ്ത്രീ വിദ്യാഭ്യാസം എന്താണ് എന്ന് ഈ സമുദായം ഇനിയും മനസ്സിലാക്കിയിട്ടില്ല.

സഭയില്‍ തുടര്‍ന്ന് അദ്ദേഹം സംസാരിച്ചത് സംസ്ഥാനത്തെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനെ സംബന്ധിച്ചായിരുന്നു.

മുസ്‌ലിം സമുദായത്തിനു വേണ്ടി ശ്രീമൂലംതിരുനാള്‍ മഹാരാജാവ് ചെയ്ത 4 കാര്യങ്ങള്‍ക്ക് അദ്ദേഹത്തിനും പ്രധാനമന്ത്രിയായ ദിവാന്‍ ബഹദൂര്‍ സര്‍ പെരുങ്കാവൂര്‍ രാജഗോപാലാചാരിക്കും നന്ദിപറയാന്‍ സഭയിലെ തന്റെ സുവര്‍ണാവസരം അദ്ദേഹം ഉപയോഗിച്ചു.

1. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കിയതിന്.

2. ഗവണ്‍മെന്റ് ജോലികളില്‍ യോഗ്യരായ മുസ്‌ലിം സമുദായാംഗങ്ങള്‍ക്ക് നിയമനം നല്‍കിയതിന്.

3. തിരുവിതാംകൂര്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലിയില്‍ (പ്രജാസഭ) മുസ്‌ലിം അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതിന്.

4. ആലുവ മുഹമ്മദന്‍ സ്‌കൂളിന് സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് എട്ട് ഏക്കര്‍ സ്ഥലം സൗജന്യമായി പതിച്ചു കൊടുത്തതിന്.

കൂടാതെ മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്ക് വിഘാതമായി നില്‍ക്കുന്ന, സമുദായത്തിനകത്ത് തന്നെയുള്ള പണ്ഡിത വേഷധാരികള്‍ക്കും അവരുടെ താളത്തിനു തുള്ളുന്ന സമുദായാംഗങ്ങള്‍ക്കും എതിരിലും അദ്ദേഹം സഭയില്‍ ആഞ്ഞടിക്കുകയുണ്ടായി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് എതിരുനില്‍ക്കുന്ന മുല്ലമാരുടെ മുടന്തന്‍ ന്യായങ്ങള്‍ അദ്ദേഹം സഭയില്‍ പൊളിച്ചെഴുതി. സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സമുദായം തുടരുന്ന അമാന്തം ഇനിയും തുടര്‍ന്നാല്‍ അധഃപതനത്തിന്റെ ആഴങ്ങളില്‍ അഭിരമിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.(2)

മൂന്ന് പ്രധാന ആവശ്യങ്ങളാണ് 1911 ഫെബ്രുവരി 16ലെ സഭയില്‍ അദ്ദേഹം മുന്നോട്ടുവച്ചത്:

1. പ്രധാന പട്ടണങ്ങളിലും ഗ്രാമീണ ഭാഗങ്ങളിലെ മുസ്‌ലിം കേന്ദ്രങ്ങളിലും മുഹമ്മദന്‍ സ്‌കൂളുകള്‍ ആരംഭിക്കണം.

2. പ്രസ്തുത സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ മുഹമ്മദന്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണം.

അവരുടെ ചുമതലകള്‍ താഴെ പറയുന്നവ ആയിരിക്കണം:

  • മുഹമ്മദന്‍ സ്‌കൂളുകള്‍ യഥാസമയം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക.
  • കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന്റെ അനിവാര്യത രക്ഷിതാക്കളെ ബോധ്യപ്പെടുത്തുക.
  • സാമൂഹിക ബോധവല്‍ക്കരണത്തിലൂടെ വിദ്യാഭ്യാസത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപീകരിച്ച് നവോത്ഥാനം ഉണ്ടാക്കുക.

3. ബി.എ വരെ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഫീസ് പൂര്‍ണമായും ഒഴിവാക്കുകയും മറ്റു ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുക.(3)

1912 മാര്‍ച്ച് നാലിന് തിങ്കളാഴ്ച ചേര്‍ന്ന സഭയിലും മുസ്‌ലിംകളുടെ വിദ്യാഭ്യാസ മാര്‍ഗത്തില്‍ മുള്ള് വിതറുന്ന മുല്ലമാര്‍ക്കെതിരെ ഹമദാനി തങ്ങള്‍ ആഞ്ഞടിച്ചു. ഇംഗ്ലീഷ് പഠിക്കുന്നതില്‍ നിന്ന് അവര്‍ ഒരു ജനതയെ തടയുന്നതില്‍ അദ്ദേഹം ധര്‍മരോഷം കൊണ്ടു. അതിനാല്‍ സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് ഗവണ്‍മെന്റ് ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമുദായ സ്ഥിതി കൂടുതല്‍ ദുസ്സഹമാകും എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

താഴെ പറയുന്ന നിര്‍ദേശങ്ങള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു:

1. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന എല്ലാ പ്രദേശങ്ങളിലും പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കുകയും മുസ്ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുകയും ചെയ്യുക.

2. വിശുദ്ധ ക്വുര്‍ആനിന്റെ ആശയ ഗ്രഹണത്തിന് ഉതകുംവിധം സ്‌കൂളുകളില്‍ അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കുക.

3. പ്രസ്തുത സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നതിന് മുഹമ്മദന്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണം. പരിശോധന പര്യടനത്തിനിടെ അവര്‍ മുസ്ലിംകളായ നാട്ടുകാരെ വിളിച്ചുകൂട്ടി വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളില്‍ അവരില്‍ അഭിരുചി വളര്‍ത്തുന്നതരത്തിലുള്ള പ്രഭാഷണങ്ങള്‍ നിര്‍വഹിക്കണം.

4. ദരിദ്രരായ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഫീസ് പൂര്‍ണമായി ഒഴിവാക്കിക്കൊടുക്കുകയും ആവശ്യമായ മറ്റ് ആനുകൂല്യങ്ങളും സഹായങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും വേണം. 

തുടര്‍ന്ന് സഭയില്‍ സംസാരിച്ച സാമാജികന്‍ കൊച്ചു ഹസന്‍ കുഞ്ഞ് ഹമദാനിയുടെ ഈ നിര്‍ദേശങ്ങളെ പിന്താങ്ങുകയും അറബി പഠിപ്പിക്കാന്‍ പ്രത്യേകം ക്ലാസുകള്‍ തുടങ്ങണമെന്നും അഞ്ചും ആറും ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്ന സമര്‍ഥരായ മുസ്ലിം വിദ്യാര്‍ഥികളെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പോലെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഇംഗ്ലണ്ട്, ബോംബെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ശേഷം സഭയില്‍ സംസാരിച്ച സാമാജികന്‍ ഹസന്‍ പിള്ള ശൈഖിന്റെ നിര്‍ദേശങ്ങളെ പിന്തുണക്കുകയും ഇംഗ്ലീഷ് സ്‌കൂളുകളില്‍ മുസ്ലിംകള്‍ ചേരാന്‍ മടിക്കുന്നതിനാല്‍ ലോവര്‍ ഗ്രേഡ് എലിമെന്ററി സ്‌കൂളുകളില്‍ ഒന്നാംതരം മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ മറുപടി പ്രഭാഷണത്തില്‍ മുസ്‌ലിം ജനതയുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി തന്റെ ഭരണകൂടം ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കി.

പിറ്റേന്ന് (1912 മാര്‍ച്ച് അഞ്ചിന്, ചൊവ്വാഴ്ച രാവിലെ 11 മണിക്ക്) ചേര്‍ന്ന സഭയില്‍ പങ്കെടുത്തുകൊണ്ട് സമുദായത്തിന്റെ താഴെ പറയുന്ന ആവശ്യങ്ങള്‍ക്കുവേണ്ടി ഹമദാനി തങ്ങള്‍ ശബ്ദമുയര്‍ത്തുകയുണ്ടായി:

1. മുസ്ലിംകളുടെ സാമൂഹികവും മതപരവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ക്വാദിമാരില്‍ നിക്ഷിപ്തമായിരുന്ന അധികാരങ്ങളില്‍ നിന്ന് പിന്‍വലിച്ചവ പുനഃസ്ഥാപിക്കണം. ഭരണകൂടത്താല്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ അവര്‍ക്ക് ഇല്ലാതെവന്നാല്‍ മുസ്‌ലിം അനാഥകളുടെ സംരക്ഷണം തുടങ്ങിയ സമുദായത്തെ ബാധിക്കുന്ന പല കാര്യങ്ങളും അവതാളത്തിലാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

2. ഉന്നത ഭരണ തസ്തികകള്‍ക്ക് യോഗ്യരായ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവരെ നിയമിക്കണം. സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണകൂടം മുസ്‌ലിം ഉദ്യോഗസ്ഥരോട് യഥാസമയം കൂടിയാലോചിച്ച് തീരുമാനം എടുക്കുകയാണെങ്കില്‍ സമുദായ താല്‍പര്യ സംരക്ഷണത്തിന് ഏറെ സഹായകമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംസ്ഥാനത്തിനകത്ത് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പുറത്തുനിന്ന് യോഗ്യരെ കൊണ്ടുവരേണ്ടതാണ്.

സഭയില്‍ തുടര്‍ന്ന് സംസാരിച്ച കൊച്ചു ഹസന്‍ പിള്ളയും ഹമദാനി ശൈഖിന്റെ നിര്‍ദേശങ്ങളുടെ ആവശ്യകതയില്‍ ഊന്നി സംസാരിക്കുകയുണ്ടായി.

1913 ഫെബ്രുവരി 13ന് ചേര്‍ന്ന സഭയില്‍ സംസാരിച്ച ഹമദാനി തങ്ങള്‍ മുസ്ലിം വിദ്യാഭ്യാസ പ്രോത്സാഹനാര്‍ഥം തിരുവിതാംകൂര്‍ രാജഭരണകൂടം അനുവദിച്ചു വരുന്ന ഇളവുകള്‍ക്ക് നന്ദി പറഞ്ഞു.

രണ്ടു പ്രധാന ആവശ്യങ്ങള്‍ സമുദായക്ഷേമാര്‍ഥം അദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി:

1. തിരുവിതാംകൂറില്‍ ഇപ്പോള്‍ 2,26,617 മുസ്ലിംകളുണ്ട്. അവര്‍ വിദ്യാഭ്യാസപരമായി മാത്രമല്ല, നവോത്ഥാനത്തിന്റെ സദ്ഫലങ്ങള്‍ സ്വീകരിച്ച് അഭിവൃദ്ധിപ്പെടാനുതകുന്ന ഏതാണ്ടെല്ലാ മേഖലകളിലും പിന്നാക്കമാണ്. നേരത്തെ അവര്‍ അനുഭവിച്ചിരുന്ന ചില ആനുകൂല്യങ്ങള്‍ കൂടി ഇപ്പോള്‍ എടുത്തു മാറ്റപ്പെട്ടിരിക്കുന്നു.

അവ പുനഃസ്ഥാപിക്കുന്നതില്‍ കാലവിളംബം വന്നാല്‍ സമുദായനില കൂടുതല്‍ പരുങ്ങലില്‍ ആകും. അതിനാല്‍ അവ പുനഃസ്ഥാപിക്കുന്നതിനു വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളണം.

2. വിവിധ സംസ്ഥാനങ്ങളിലെ ബ്രിട്ടീഷ് ഇന്ത്യന്‍ നിയമനിര്‍മാണ സഭകളില്‍ ഇംഗ്ലീഷ് പരിജ്ഞാനം പരിഗണിക്കാതെ തന്നെ മുസ്‌ലിംകളെ നിയമിച്ചിരുന്നു. ആയതിനാല്‍ തിരുവിതാംകൂര്‍ നിയമ നിര്‍മാണ സഭയിലേക്ക് (Travancore Legislative Council) ഒരു മുസ്‌ലിം അംഗത്തെ നാമനിര്‍ദേശം ചെയ്യണം.(4)

1913 ഫെബ്രുവരി 19ന് ചേര്‍ന്ന സഭയില്‍ ആരോഗ്യമേഖലയിലെ രണ്ട് പ്രധാന നിര്‍ദേശങ്ങളാണ് ഹമദാനി അവതരിപ്പിച്ചത്. 1. ചേര്‍ത്തല, വൈക്കം, അമ്പലപ്പുഴ, പറവൂര്‍, കൊച്ചി മുതലായ താലൂക്കുകളില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള മന്ത്, കുഷ്ഠം തുടങ്ങിയ രോഗങ്ങളുടെ സ്ഥിതിയറിഞ്ഞ് പരിഹാരം നിര്‍ദേശിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കണം.

2. അത്തരം രോഗികളുടെ ചികിത്സയ്ക്ക് ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ക്ക് പുറമെ തദ്ദേശീയരായ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം.

പിറ്റേന്ന്, 1913 ഫെബ്രുവരി 20ന് കുഞ്ഞുപിള്ള അവതരിപ്പിച്ച പ്രമേയത്തെ പുരസ്‌കരിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നാല് പ്രധാന ആവശ്യങ്ങള്‍ സമുദായത്തിനുവേണ്ടി തങ്ങള്‍ സഭയില്‍ സമര്‍പ്പിച്ചു:

1. മതവിദ്യാഭ്യാസവും മതേതര വിദ്യാഭ്യാസവും ഒരുപോലെ പഠിപ്പിക്കപ്പെടുന്ന പ്രത്യേക വിദ്യാലയങ്ങള്‍ മുസ്‌ലിം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി തുടങ്ങണം.

2. മുസ്‌ലിംകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം.

3. തിരുവനന്തപുരത്ത് ബി.എ വരെ പഠിക്കാന്‍ തയ്യാറാകുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷണീയമായ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണം.

4. അറബി ഭാഷയില്‍ പ്രാവീണ്യമുള്ളവരെ കണ്ടെത്തി സ്‌കൂളുകളില്‍ മുസ്‌ലിം കുട്ടികളെ പഠിപ്പിക്കാനായി നിയമിക്കണം.

1913 ഫെബ്രുവരി 22ന് ചേര്‍ന്ന സഭയില്‍ മുന്‍ സഭാവേളകളില്‍ മുസ്‌ലിം അംഗങ്ങള്‍ ഉന്നയിച്ചതും സമുദായത്തിന്റെ അഭിവൃദ്ധിക്ക് ഏറെ സഹായകമായിത്തീരാനിടയാകുന്നതുമായ ഒരു വിഷയം ഹമദാനി തങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയുണ്ടായി. ഓരോ തസ്തികയ്ക്കും നിഷ്‌കര്‍ഷിക്കപ്പെടുന്ന യോഗ്യതകള്‍ പരിഗണിക്കാതെ തന്നെ ജുഡീഷ്വറി, എക്‌സൈസ്, രജിസ്‌ട്രേഷന്‍, ഫോറസ്റ്റ്, പൊലീസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ജോലികളില്‍ എഴുതാനും വായിക്കാനും വസ്തുതകള്‍ ഗ്രഹിക്കാനും കഴിയുന്ന മുസ്‌ലിംകളെ നിയമിക്കണം എന്നതായിരുന്നു അത്. അതിനനുസൃതമായി ചട്ടങ്ങളില്‍ ഭേദഗതികളും ഹമദാനിയും മറ്റും പലവുരു നിര്‍ദേശിക്കുകയുണ്ടായി. അദ്ദേഹത്തിനു മുമ്പ് സഭയില്‍ സംസാരിച്ച അയ്യങ്കാളി പുലയര്‍ക്ക് വേണ്ടിയും, ജി.യേശുദാസന്‍ പറയര്‍ക്ക് വേണ്ടിയും വി.ആര്‍ പത്മനാഭന്‍, സി.കേശവന്‍ വൈദ്യര്‍, കെ.സി കുഞ്ഞുരാമന്‍, കുമാരനാശാന്‍, കെ.എം കൃഷ്ണന്‍ എന്നിവര്‍ ഈഴവര്‍ക്ക് വേണ്ടിയും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി.(5)

1914 ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 11 മണിക്ക് ചേര്‍ന്ന സഭയില്‍ തിരുവിതാംകൂര്‍ നിയമനിര്‍മാണ സഭയിലേക്ക് ഒരു മുസ്‌ലിം അംഗത്തെ നിയമിക്കാന്‍ ഹമദാനി തങ്ങള്‍ വീണ്ടും അഭ്യര്‍ഥിച്ചു. സമുദായ പുരോഗതി പ്രധാനമായും അവരുടെ മതപരമായ വിശ്വാസത്തെ ആസ്പദിച്ചാണിരിക്കുന്നതെങ്കിലും, നിയമനിര്‍മാണസഭയിലെ പ്രാതിനിധ്യക്കുറവ് ഒരു സമുദായമെന്ന നിലക്ക് അവരെ വിശ്വാസത്തിലെടുക്കാത്തതിന്റെ കൂടി പ്രതിഫലനമായി വിലയിരുത്തപ്പെടുകയും അത് സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇനിയെങ്കിലും എന്റെ സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡണ്ട് ഫണ്ട് കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ട പ്രത്യേക സമിതി തന്നെയായിരിക്കണം പി.എഫ് ചെലവിനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കേണ്ടത് എന്ന് തല്‍സംബന്ധമായ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് ഹമദാനി ശൈഖ് തന്റെ സുചിന്തിതമായ അഭിപ്രായം സഭയെ അറിയിക്കുകയുണ്ടായി.