ചില പ്രധാന സംഭവങ്ങള്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജൂണ്‍ 22 1440 ശവ്വാല്‍ 19

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 25)

ആഇശ(റ)യുമായുള്ള വിവാഹം

ഹിജ്‌റ ഒന്നാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ നബി ﷺ യും ആഇശ(റ)യും തമ്മില്‍ ഒന്നിച്ചു. അന്ന് ആഇശ(റ)ക്ക് 9 വയസ്സായിരുന്നു. ആഇശ(റ) പറയുന്നു: ''എനിക്ക് ആറു വയസ്സായിരിക്കെയാണ് നബി ﷺ  എന്നെ കല്യാണം കഴിച്ചത്. അങ്ങനെ ഞങ്ങള്‍ മദീനയില്‍ വന്നു. ബനുല്‍ഹാരിസ് ഇബ്‌നു ഖസ്‌റജിന്റെ വീട്ടിലാണ് ഞാന്‍ താമസിച്ചിരുന്നത്. എനിക്ക് ശക്തമായ രോഗം ബാധിക്കുകയും എന്റെ മുടിയെല്ലാം കൊഴിഞ്ഞു തുടങ്ങുകയും ചെയ്തു. ശേഷം നീണ്ട മുടി എനിക്ക് നല്ലപോലെ വന്നു. അതിനു ശേഷം എന്റെ ഉമ്മ ഉമ്മു റൂമാന്‍ എന്റെ അടുക്കലേക്ക് വന്നു. ഞാന്‍ എന്റെ ഊഞ്ഞാലിലായിരുന്നു. എന്റെ കൂടെ എന്റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. എന്റെ ഉമ്മ എന്നെ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ ഞാന്‍ ഉമ്മയുടെ അടുക്കലേക്കു ചെന്നു. എന്തിനാണ് എന്നെ വിളിച്ചത് എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഉമ്മ എന്റെ കൈ പിടിച്ചു കൊണ്ടുപോയി വീടിന്റെ വാതില്‍ക്കല്‍ നിര്‍ത്തി. ഞാന്‍ കിതക്കുന്നുണ്ടായിരുന്നു. അങ്ങനെ എന്റെ കിതപ്പ് മാറിയപ്പോള്‍ ഉമ്മ അല്‍പം വെള്ളം കൊണ്ടുവന്ന് എന്റെ മുഖത്തും തലയിലും എല്ലാം തടവി. ശേഷം എന്നെ വീടിനകത്തേക്ക് കൊണ്ടുപോയി. അപ്പോള്‍ അവിടെ അന്‍സ്വാരികളില്‍ പെട്ട ഒരുപാട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു: 'എല്ലാ നന്മയും അനുഗ്രഹവും ഉണ്ടാവട്ടെ.' എന്റെ ഉമ്മ എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്നെ അണിയിച്ചൊരുക്കി. പിന്നെ ഞാന്‍ ദ്വുഹാ സമയത്ത് നബിയെയാണ് കാണുന്നത്. ഉമ്മ എന്നെ നബിയിലേക്ക് ഏല്‍പിച്ചു. അന്നെനിക്ക് ഒമ്പത് വയസ്സ് പ്രായമായിരുന്നു'' (ബുഖാരി: 3894, മുസ്‌ലിം: 1422).

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ''ആഇശ(റ) പറയുന്നു: നബി ﷺ  എന്നെ കല്യാണം കഴിച്ചത് ഏഴാമത്തെ വയസ്സിലാണ്. ഞങ്ങള്‍ രണ്ടു പേരും വിവാഹം കൂടിയത് ഒമ്പതാമത്തെ വയസ്സിലാണ്. അന്ന് എന്റെ കൂടെ കളിപ്പാട്ടവും ഉണ്ടായിരുന്നു. നബി ﷺ  മരിക്കുമ്പോള്‍ എനിക്ക് 18 വയസ്സായിരുന്നു'' (മുസ്‌ലിം: 1422).

ആഇശ(റ) പറയുന്നു: ''നബി ﷺ  എന്നോട് പറഞ്ഞു: 'ഞാന്‍ നിന്നെ സ്വപ്‌നത്തില്‍ കണ്ടിട്ടുണ്ട്. മലക്ക് ഒരു പട്ടിന്റെ വസ്ത്രത്തില്‍ നിന്നെയും കൊണ്ട് എന്റെ അടുക്കല്‍ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു; ഇത് നിന്റെ ഭാര്യയാകുന്നു. ഞാന്‍ മുഖത്തുനിന്നും വസ്ത്രം ഉയര്‍ത്തി നോക്കി. അപ്പോള്‍ അത് നീയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ളതാണെങ്കില്‍ അല്ലാഹു അത് നടപ്പിലാക്കട്ടെ'' (ബുഖാരി: 5125, മുസ്‌ലിം: 2438).

ഇബ്‌നു അബീ മുലൈക(റ) പറയുന്നു: ''ആഇശ(റ) മരിക്കുന്നതിനു മുമ്പ് രോഗം ബാധിച്ച് കിടന്നപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) സന്ദര്‍ശനത്തിന് അനുവാദം തേടി. ആഇശ(റ) പറഞ്ഞു: 'ഇബ്‌നു അബ്ബാസ് എന്നെ പുകഴ്ത്തുമോ എന്ന കാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നു.' ഇബ്‌നു അബ്ബാസ്(റ)വിന് അനുവാദം കൊടുക്കാന്‍ ആഇശ(റ) പറഞ്ഞു. അദ്ദേഹം ചോദിച്ചു: 'എങ്ങനെയുണ്ട് ആഇശാ?' ആഇശ(റ) മറുപടി പറഞ്ഞു: 'ഞാന്‍ അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം നന്മയില്‍ തന്നെയാകുന്നു.' ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: 'ഇന്‍ശാ അല്ലാഹ്, നിങ്ങള്‍ നന്മയിലാണ്. നിങ്ങള്‍ നബിയുടെ ഭാര്യയാണ്. നിങ്ങളെയല്ലാതെ മറ്റൊരു കന്യകയെ നബി ﷺ  വിവാഹം കഴിച്ചിട്ടില്ല. ആകാശത്തു നിന്നും നിങ്ങളുടെ നിരപരാധിത്വം ഇറങ്ങിയിട്ടുണ്ട്.' ഇബ്‌നു അബ്ബാസിന്റെ തൊട്ടു പിറകെ ഇബ്‌നു സുബൈര്‍(റ) കടന്നുവന്നു. ആഇശ(റ) പറയുന്നു: 'ഇബ്‌നു അബ്ബാസ്(റ) എന്റെ അടുക്കലേക്ക് വന്ന് എന്നെ പുകഴ്ത്തിപ്പറയുന്നു. ഞാന്‍ വിസ്മരിക്കപ്പെട്ട ഒരാളായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു (പുകഴ്ത്തിപ്പറയലിനെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നര്‍ഥം)'' (ബുഖാരി: 4753).

ഉമ്മു അബ്ദുല്ല എന്ന പേരിലാണ് ആഇശ(റ) വിളിക്കപ്പെട്ടിരുന്നത്. ആഇശ(റ)യുടെ സഹോദരി അസ്മയുടെ പുത്രനാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) നബി ﷺ യാണ് അദ്ദേഹത്തിന് ഈ പേരിട്ടത്. ഉമ്മു അബ്ദുല്ല എന്ന് ആഇശ(റ)ക്ക് പേരുവിളിച്ചത് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ആയിരുന്നു. ആഇശ(റ) പ്രസവിച്ചിട്ടില്ല.

വളരെ സന്തോഷകരമായ ജീവിതമായിരുന്നു ആഇശ(റ)ക്ക് നബി ﷺ യോടൊപ്പം ഉണ്ടായിരുന്നത്. ആഇശ(റ) പറയുന്നു: ''ഒരിക്കല്‍ ഞാന്‍ നബിയോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. അന്ന് ഞാന്‍ ശരീരവണ്ണം ഇല്ലാത്ത ഒരു കുട്ടിയായിരുന്നു. നബി ﷺ  സ്വഹാബികളോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു. അവരെല്ലാവരും മുമ്പില്‍ നടന്നപ്പോള്‍ നബി ﷺ  എന്നോട് പറഞ്ഞു: 'ആഇശാ, നമുക്കൊരു ഓട്ടമത്സരം നടത്താം.' അങ്ങനെ ഞാനും നബിയും മത്സരിച്ചു. ഞാന്‍ വിജയിക്കുകയും ചെയ്തു. കുറേ കാലം കഴിഞ്ഞ് എന്റെ തടിയെല്ലാം കൂടി. മുമ്പുണ്ടായതൊക്കെ ഞാന്‍ മറന്നിരുന്നു. അങ്ങനെ ഒരു ദിവസം ഒരു യാത്രയില്‍ നബിയുടെ കൂടെ ഇറങ്ങിയപ്പോള്‍ നബി ﷺ  ജനങ്ങളോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു. അവര്‍ മുമ്പില്‍ നടന്നപ്പോള്‍ നബി എന്നോട് പറഞ്ഞു: 'വരൂ നമുക്ക് മത്സരിക്കാം.' അങ്ങനെ ഞാന്‍ നബിയോടൊപ്പം മത്സരിച്ചു. നബി ﷺ  എന്നെ പരാജയപ്പെടുത്തി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഇത് അന്നത്തെതിനു പകരമാണ്' (അഹ്മദ്: 26277).

ഇസ്‌ലാമിന്റെ കടന്നുവരവിനു ശേഷമാണ് ആഇശ(റ) ജനിച്ചത്. നബി ﷺ യുടെ ഭാര്യമാരില്‍ ഏക കന്യകയും ആഇശ(റ)യാണ്. വെളുത്ത സുന്ദരിയായിരുന്നു അവര്‍. നബി ﷺ ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാര്യയും ആഇശയായിരുന്നു; ഖദീജ(റ) ഒഴികെ. അനുഗൃഹീതവും നന്മ നിറഞ്ഞതുമായ ഒട്ടനവധി അറിവുകള്‍ നബി ﷺ യില്‍ നിന്നും നമുക്ക് പകര്‍ത്തിത്തന്നിട്ടുണ്ട്. രണ്ടായിരത്തിലധികം ഹദീസുകള്‍ അവരുടേതായി നമുക്ക് കാണുവാന്‍ സാധിക്കും. മറ്റു സ്ത്രീകള്‍ക്കൊന്നുമില്ലാത്ത അറിവും മഹത്ത്വവും അവരില്‍ സമ്മേളിച്ചിരുന്നു. അംറുബ്‌നുല്‍ ആസ്വ്(റ) പറയുന്നു: ''ഞാന്‍ നബിയോട് ചോദിച്ചു; 'അല്ലാഹുവിന്റെ പ്രവാചകരേ, ജനങ്ങളില്‍ ആരെയാണ് താങ്കള്‍ക്ക് ഏറ്റവും ഇഷ്ടം?' നബി ﷺ  പറഞ്ഞു: 'ആഇശയെ.' ഞാന്‍ ചോദിച്ചു പുരുഷന്മാരില്‍ ആരെയാണ് താങ്കള്‍ക്ക് ഏറ്റവും ഇഷ്ടം? നബി ﷺ  പറഞ്ഞു: 'ആഇശയുടെ പിതാവിനെ.' ഞാന്‍ ചോദിച്ചു: 'പിന്നെ ആരെയാണ് ഇഷ്ടം?' നബി ﷺ  പറഞ്ഞു: 'ഉമറിനെ.' ശേഷം പലരെയും എണ്ണിപ്പറഞ്ഞു'' (ബുഖാരി: 3662, മുസ്‌ലിം: 2384).

9 വര്‍ഷമാണ് നബി ﷺ  ആഇശ(റ)യോടൊപ്പം ജീവിച്ചത്. നബി ﷺ  മരിക്കുമ്പോള്‍ അവര്‍ക്ക് 18 വയസ്സ് പ്രായമായിരുന്നു. നബിയുടെ മരണശേഷം ഏതാണ്ട് അന്‍പതോളം വര്‍ഷം അവര്‍ ജീവിച്ചു. ഹിജ്‌റ വര്‍ഷം 58ന് ചൊവ്വാഴ്ച രാത്രിയില്‍ റമദാന്‍ 17ന് മദീനയിലാണ് ആഇശ(റ) മരണപ്പെടുന്നത്. ബക്വീഇല്‍ അവരെ മറവു ചെയ്യുകയും ചെയ്തു.

ബാങ്ക് നിയമമാക്കപ്പെടുന്നു

നബി ﷺ  മദീനയില്‍ എത്തി; ശാന്തമായ തന്റെ വീട്ടിലേക്ക്. നബിക്ക് ചുറ്റും മുഹാജിറുകളും അന്‍സ്വാറുകളുമാകുന്ന മുസ്‌ലിംകള്‍. നമസ്‌കാരത്തിനുള്ള ബാങ്ക് വിളി, സകാത്ത്, നോമ്പ് തുടങ്ങി ഇസ്‌ലാമിന്റെ ഓരോരോ നിയമവും അവതരിക്കാന്‍ തുടങ്ങി. ഹിജ്‌റ ഒന്നാം വര്‍ഷമാണ് ബാങ്ക് വിളി മതനിയമമാക്കപ്പെടുന്നത്. ആദ്യകാലത്ത് നമസ്‌കാരത്തിനു വേണ്ടി പ്രത്യേക വിളി ഇല്ലായിരുന്നു. പിന്നീട് 'അസ്സ്വലാതു ജാമിഅഃ' എന്ന് വിളിക്കപ്പെടാന്‍ തുടങ്ങി. മദീനയിലെത്തിയതോടു കൂടി ബാങ്കിന്റെ നിയമവും അവതരിച്ചു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ''മുസ്‌ലിംകള്‍ മദീനയിലെത്തിയപ്പോള്‍ നമസ്‌കാരത്തിനു വേണ്ടി അവര്‍ സ്വയം ഒരുങ്ങി വരികയായിരുന്നു. നമസ്‌കാരത്തിനുവേണ്ടി വിളിക്കുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. ഒരു ദിവസം അവര്‍ പരസ്പരം കൂടിയിരുന്ന് ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ചിലര്‍ പറഞ്ഞു: 'നസ്വാറാക്കള്‍ ഉപയോഗിക്കുന്നത് പോലെയുള്ള നാഖൂസ് (കുഴലൂത്തിനുള്ള ഉപകരണം)നമുക്ക് ഉപയോഗിക്കാം.' മറ്റു ചിലര്‍ പറഞ്ഞു: 'യഹൂദികള്‍ ഉപയോഗിക്കുന്നത് പോലെയുള്ള ശംഖ് ഉപയോഗിക്കാം.' അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: 'നമസ്‌കാരത്തിനു വേണ്ടി വിളിക്കുന്ന ഒരാളെ നമുക്ക് നിശ്ചയിച്ചു കൂടേ?' നബി ﷺ  പറഞ്ഞു: 'ബിലാല്‍ നീ നമസ്‌കാരത്തിനു വേണ്ടി വിളിക്ക്'' (ബുഖാരി 604, മുസ്‌ലിം 377).

അബ്ദുല്ലാഹിബ്‌നു സൈദ്(റ) പറയുന്നു: ''നമസ്‌കാരത്തിനു വേണ്ടി ജനങ്ങളെ ഒരുമിച്ച് കൂട്ടാന്‍ നാഖൂസ് ഉപയോഗിക്കാന്‍ നബി ﷺ  കല്‍പിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ഉറങ്ങിക്കൊണ്ടിരിക്കെ ഒരാള്‍ എന്റെ അടുക്കല്‍ വന്നു. ആ വ്യക്തിയുടെ കയ്യില്‍ ഒരു നാഖൂസ് ഉണ്ടായിരുന്നു. ഞാന്‍ ചോദിച്ചു: 'അല്ലയോ അല്ലാഹുവിന്റെ അടിമേ, അങ്ങയുടെ കയ്യിലുള്ള നാഖൂസ് എനിക്ക് വില്‍ക്കുമോ?' അദ്ദേഹം ചോദിച്ചു: 'ഇത് നിങ്ങള്‍ക്ക് എന്തിനാണ്?' ഞാന്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് അതുകൊണ്ട് നമസ്‌കാരത്തിലേക്ക് ജനങ്ങളെ വിളിക്കാന്‍ വേണ്ടിയാണ്.' അപ്പോള്‍ ആ വ്യക്തി എന്നോട് പറഞ്ഞു: 'ഞാന്‍ അതിനെക്കാള്‍ നല്ല ഒരു കാര്യം താങ്കളെ അറിയിച്ചു തരട്ടെയോ?' ഞാന്‍: 'പറഞ്ഞു തീര്‍ച്ചയായും.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇപ്രകാരം പറയുക; അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍...'' അങ്ങനെ ബാങ്കിന്റെ പദങ്ങള്‍ അവസാനിക്കുന്നത് വരെയുള്ള എല്ലാ വചനങ്ങളും എനിക്ക് പറഞ്ഞുതന്നു. ശേഷം ആ വ്യക്തി എന്നില്‍നിന്നും വിദൂരമല്ലാത്ത ഒരു സ്ഥലത്തേക്ക് പിന്മാറി. എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ നമസ്‌കാരത്തിന് ഇക്വാമത്ത് വിളിക്കുമ്പോള്‍ ഇപ്രകാരം പറയുക: (എന്നിട്ട് ഇക്വാമത്തിന്റെ പൂര്‍ണരൂപം പറഞ്ഞുതന്നു). നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം താങ്കള്‍ കണ്ടത് സത്യമായ സ്വപ്‌നമാണ്. അതുകൊണ്ട് താങ്കള്‍ എഴുന്നേറ്റ് ചെന്ന് താങ്കള്‍ കണ്ട കാര്യം ബിലാലിന് പറഞ്ഞു കൊടുക്കുക. ബിലാല്‍ അതുകൊണ്ട് ബാങ്ക് വിളിക്കട്ടെ. കാരണം ബിലാല്‍ നിങ്ങളെക്കാള്‍ നല്ല ശബ്ദത്തിന്റെ ഉടമയാണ്.' അങ്ങനെ ബാങ്കിന്റെ പൂര്‍ണമായ രൂപം ഞാന്‍ ബിലാലിന് പറഞ്ഞു കൊടുത്തു. ബിലാല്‍ അത് ഉപയോഗിച്ച് ബാങ്ക് വിളിക്കുകയും ചെയ്തു. ഉമറുബ്‌നുല്‍ ഖത്ത്വാബ് ഇതു കേട്ട മാത്രയില്‍ തന്റെ വീട്ടില്‍ നിന്നും വസ്ത്രം വലിച്ചിഴച്ച് ധൃതിയില്‍ വന്നുകൊണ്ട് പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, സത്യപ്രകാരം താങ്കളെ നിയോഗിച്ച അല്ലാഹു തന്നെയാണ് സത്യം, അബ്ദുല്ല കണ്ടതുപോലെയുള്ള സ്വപ്‌നം ഞാനും കണ്ടിട്ടുണ്ട്.' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'അല്ലാഹുവിന്നാകുന്നു സര്‍വ സ്തുതിയും'' (അഹ്മദ്്: 16477, അബൂദാവൂദ്: 499).

നമസ്‌കാരത്തിന് വേണ്ടിയുള്ള വിളി ഇസ്‌ലാമിന്റെ ഒരു ചിഹ്നം പ്രകടിപ്പിക്കല്‍ കൂടിയായിരുന്നു; തൗഹീദിന്റെ സാക്ഷ്യവചനങ്ങള്‍ പരസ്യപ്പെടുത്തലായിരുന്നു. മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വം സ്ഥിരപ്പെടുത്തലായിരുന്നു. നബിയുടെ രിസാലത്തിനു സാക്ഷ്യം വഹിച്ചുകഴിഞ്ഞാല്‍ നബി ﷺ യെ അനുസരിക്കാനുള്ള ക്ഷണമായിരുന്നു. കാരണം നബിയെ എങ്ങനെ അനുസരിക്കണമെന്ന് നബിയിലൂടെ അല്ലാതെ അറിയുകയില്ല. ശേഷം വിജയത്തിലേക്കുള്ള ക്ഷണമാണ്. യഥാര്‍ഥമായ പരലോക വിജയത്തിലേക്കുള്ള ക്ഷണം. അതോടൊപ്പം നമസ്‌കാരത്തിന് സമയമായിട്ടുണ്ട് എന്നുള്ള അറിയിക്കല്‍ കൂടിയായിരുന്നു ബാങ്ക്. ജമാഅത്തായി നമസ്‌കാരം നിര്‍വഹിക്കുവാനുള്ള ക്ഷണവും ആയിരുന്നു അത്.

മുസ്‌ലിംകള്‍ ചെയ്യുന്ന ആരാധനകളിലെ മുഖ്യമായ ഒന്നാണ് ബാങ്ക്. ഏറെ പ്രതിഫലാര്‍ഹമായ ഒരു കാര്യം. അബ്ദുല്ലാഹില്‍ മാസിനി പറയുന്നു: അബൂസഈദുല്‍ ഖുദ്രിയോട് നബി ﷺ  പറയുകയുണ്ടായി: 'നിങ്ങള്‍ ആടുകളെയും താഴ്വരകളെയും ഇഷ്ടപ്പെടുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ആടുകളുടെ കൂടെയോ അതല്ലെങ്കില്‍ താഴ്വരയിലോ ആകുമ്പോള്‍ നമസ്‌കാരത്തിനു വേണ്ടി ബാങ്ക് വിളിക്കുമ്പോള്‍ ഉറക്കെ ബാങ്ക് വിളിക്കണം. കാരണം, ബാങ്ക് വിളിക്കുന്ന വ്യക്തിയുടെ ശബ്ദം ജിന്നും ഇന്‍സും മറ്റു വസ്തുക്കളും കേള്‍ക്കുമ്പോള്‍ അന്ത്യദിനത്തില്‍ അവര്‍ ഈ വ്യക്തിക്ക് വേണ്ടി സാക്ഷി പറയാതിരിക്കുകയില്ല'' (ബുഖാരി: 609).

അബൂഹുറയ്‌റ(റ) പറയുന്നു: ''നബി ﷺ  പറഞ്ഞിരിക്കുന്നു: 'ബാങ്ക് വിളിക്കുന്നതിലും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നതിനുള്ള പ്രതിഫലം എന്താണെന്ന് ജനങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ നറുക്കിടേണ്ടി വരുമായിരുന്നു. നമസ്‌കാരത്തിനുവേണ്ടി ആദ്യമെത്തുന്ന ആളുകള്‍ക്കുള്ള പ്രതിഫലം അവര്‍ അറിഞ്ഞിരുന്നെങ്കില്‍ അതിലേക്ക് അവര്‍ മത്സരിക്കുമായിരുന്നു. ഇശാഅ് നമസ്‌കാരത്തിനും സ്വുബ്ഹി നമസ്‌കാരത്തിനുമുള്ള പ്രതിഫലം അവര്‍ അറിഞ്ഞിരുന്നെങ്കില്‍ കാല്‍മുട്ടില്‍ ഇഴഞ്ഞുകൊണ്ടെങ്കിലും അവര്‍ പള്ളിയിലെത്തുമായിരുന്നു'' (ബുഖാരി: 615, മുസ്‌ലിം: 437).

നബി ﷺ ക്ക് നാല് മുഅദ്ദിനുകളാണ് ഉണ്ടായിരുന്നത്. ബിലാല്‍ ഇബ്‌നു റബാഹ്(റ), അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ) (മസ്ജിദുന്നബവി), സഅദ് അല്‍ ഖറള്(മസ്ജിദു ഖുബാ), അബൂമഹ്ഹദൂറ(മക്ക) തുടങ്ങിയവരായിരുന്നു അവര്‍.