ലക്ഷ്യം തെറ്റാതെ പ്രവര്‍ത്തിക്കുക

ശരീഫ് കാര

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

എത്രവലിയ പ്രവര്‍ത്തനങ്ങളും ലക്ഷ്യം തെറ്റിയാല്‍ നിഷ്ഫലമായിപ്പോകും. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ ചെറുതായിത്തോന്നുന്ന പല പ്രവര്‍ത്തനങ്ങളും ഉദ്ദേശ ശുദ്ധി നന്നായതിനാല്‍ വമ്പിച്ച പ്രതിഫലത്തിന് അര്‍ഹമായിത്തീരുകയും ചെയ്യും. ലഷങ്ങള്‍ മതത്തിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചിട്ടും പരലോകത്ത് ഉപകാരപ്പെടാതെ പോയേക്കാം. എന്നാല്‍ പ്രതിഫലം പ്രതീക്ഷിച്ച് ഭാര്യയുടെ വായില്‍ വെച്ച് കൊടുക്കുന്ന ഭക്ഷണത്തിന്റെ ഉരുളക്ക് പോലും വലിയ പ്രതിഫലം നേടാന്‍ കഴിയും എന്നതാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്.

ഐഹിക ജീവിതത്തെ ലാക്കാക്കി ചെയ്തതിനാല്‍ ഉപകാരപ്പെടാതെ പോയ രക്തസാക്ഷിത്വത്തെക്കുറിച്ചും മതാധ്യാപകനെക്കുറിച്ചും ധര്‍മിഷ്ഠനെക്കുറിച്ചും നബി ﷺ നമുക്ക് അറിയിച്ച് തന്നിരിക്കുന്നു.

അബൂഹുറയ്‌റ(റ) പറഞ്ഞു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ''അന്ത്യദിനത്തില്‍ ആദ്യമായി വിചാരണക്ക് കൊണ്ടുവരുന്നത് ഒരു രക്തസാക്ഷിയെ ആയിരിക്കും. അയാളുടെ അനുഗ്രഹങ്ങള്‍ അയാള്‍ക്ക് അറിയിച്ച് കൊടുക്കുകയും അയാള്‍ അത് അറിയുകയും ചെയ്യും. എന്നിട്ട് അല്ലാഹു അവനോട് ചോദിക്കും: 'നീ അത് കൊണ്ട് എന്താണ് പ്രവര്‍ത്തിച്ചത്?' അവന്‍ പറയും: 'ഞാന്‍ രക്തസാക്ഷിയാകുന്നത് വരെ നിന്റെമാര്‍ഗത്തില്‍ യുദ്ധം ചെയ്തു.' അപ്പോള്‍ അല്ലാഹു പറയും: 'നീ പറഞ്ഞത് കളവാണ്. നീ യുദ്ധം ചെയ്തത് നീ ഒരു ധീരനാണ് എന്ന് പറയപ്പെടാന്‍ വേണ്ടിയായിരുന്നു. അത് പറയപ്പെട്ട് കഴിഞ്ഞു.' പിന്നീട് അവനെ മുഖം നിലത്താക്കുന്ന വിധം വലിച്ച് നരകത്തിലിടാന്‍ പറയും. പിന്നീട് അറിവ് പഠിക്കുകയും പഠിപ്പിക്കുകയം ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്ത ഒരാളെ കൊണ്ടുവരും. അവന്റെ അനുഗ്രഹങ്ങള്‍ അവന് അറിയിച്ച് കൊടുക്കുകയും അവനത് അറിയുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: 'അതുകൊണ്ട് നീ എന്താണ് ചെയ്തത്?' അപ്പോള്‍ അവന്‍ പറയും: 'ഞാന്‍ അറിവ് അഭ്യസിക്കുകയും അത് പഠിപ്പിക്കുകയും നിന്റെ മാര്‍ഗത്തില്‍ ക്വുര്‍ആന്‍ ഓതുകയും ചെയ്തു.' അപ്പോള്‍ അല്ലാഹു പറയും: 'നീ പറഞ്ഞത് കളവാണ്. പക്ഷേ, നീ അറിവ് പഠിച്ചത് ഒരു പണ്ഡിതനാണ് എന്ന് പറയപ്പെടാന്‍ വേണ്ടിയാണ്. അത് പറയപ്പെട്ട് കഴിഞ്ഞു.' പിന്നെ അവനെയും മുഖം നിലത്താകുന്ന വിധം വലിച്ച് നരകത്തില്‍ ഇടാന്‍ കല്‍പിക്കും. ഇനി ഒരാള്‍, അല്ലാഹു അദ്ദേഹത്തിന് സാമ്പത്തിക വിശാലത നല്‍കുകയും ധനത്തിന്റെ വിവിധ ഇനങ്ങള്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. അവനെ കൊണ്ടുവരികയും അവന്റെ അനുഗ്രഹങ്ങള്‍ അറിയിച്ച് കൊടുക്കുകയും അവനത് മനസ്സിലാക്കുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: 'അതുകൊമണ്ട് എന്താണ് നീ ചെയ്തത്?' അവന്‍ പറയും: 'നീ ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വഴിയും ഞാന്‍ ചെലവഴിക്കാതെ വിട്ടേച്ചിട്ടില്ല.' അല്ലാഹു പറയും: 'നീ പറഞ്ഞത് കളവാണ്. പക്ഷേ, നീ അത് ചെയ്തത് നീ ഒരു ഉദാരവാനാണ് എന്ന് പറയപ്പെടാന്‍ വേണ്ടിയാണ്.' പിന്നെ അവനെയും മുഖം നിലത്താകുന്ന വിധം വലിച്ച് നരകത്തിലാക്കാന്‍ കല്‍പിക്കും'' (മുസ്‌ലിം).

എത്ര ഗൗവരമേറിയതാണ് ഈ പ്രവാചക വചനം! നാം ചെയ്യുന്ന ചെറുതും വലുതുമായ മുഴുവന്‍ കര്‍മങ്ങളിലും പരലോകത്തെ ലക്ഷ്യം വെക്കാന്‍ നമുക്ക് കഴിയണം. പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശമനുസരിച്ചാണെന്നും ഓരോരുത്തരും ലക്ഷ്യം വെക്കുന്നതാണ് അവന് ലഭിക്കുക എന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. 

അല്ലാഹു പറയുന്നു: ''ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റിക്കൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞ് പോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യം മാത്രം'' (ക്വുര്‍ആന്‍ 11:15,16).

ആരാധനകള്‍ സമയത്ത് നിര്‍വഹിക്കുക, പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, താമസിക്കാന്‍ വീടില്ലാത്തവര്‍ക്ക് വീടൊരുക്കിക്കൊടുക്കുക, രോഗമനുഭവിക്കുന്നവര്‍ക്ക് താങ്ങാവുക, സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുക എന്നതെല്ലാം വലിയ പ്രതിഫലം നേടിത്തരുന്ന കാര്യങ്ങളാണ്. പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുക എന്നത് ഇഹത്തിലെയും പരത്തിലെയും നമ്മുടെ പ്രയാസങ്ങള്‍ നീങ്ങിക്കിട്ടാനുള്ള മാര്‍ഗമായി നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മേല്‍പറഞ്ഞ നന്മകള്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലെ പ്രകടനങ്ങളായി മാറുകയാണെങ്കില്‍ പരലോകത്ത് നിഷ്ഫലമായിത്തീരുമെന്നതില്‍ സംശയമില്ല. 

സല്‍കര്‍മങ്ങളിലെല്ലാം ക്വുര്‍ആന്‍ പറഞ്ഞ സത്യവിശ്വാസികളുടെ സമീപനമാണ് നാം സ്വീകരിക്കേണ്ടത്. 

സ്വര്‍ഗാവകാശികളുടെ ചില ഗുണങ്ങള്‍ അല്ലാഹു നമ്മെ അറിയിക്കുന്നത് കാണുക:

''നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്ത് പടര്‍ന്നുപിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയുംചെയ്യും. ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'' (ക്വുര്‍ആന്‍ 76:7-9).

ജനങ്ങളെ കാണിക്കുവാന്‍ വേണ്ടിയും അവര്‍ക്കിടയില്‍ സ്ഥാനമാനങ്ങളും പരിഗണനയും ലഭിക്കുവാന്‍ വേണ്ടിയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരലോകത്ത് പരിഗണിക്കപ്പെടില്ല എന്ന തിരിച്ചറിവ് അനിവാര്യമാണ്. സല്‍പ്രവര്‍ത്തനങ്ങളില്‍ നാം പരലോകത്തെ ലക്ഷ്യം വെക്കുക. ബാത്ത്‌റൂമില്‍ ഇടതുകാല്‍ വെച്ച് പ്രവേശിക്കുന്നതും പല്ലുകള്‍ വൃത്തിയാക്കുന്നതും വസ്ത്രധാരണത്തിലും ചെരുപ്പ് ധരിക്കുമ്പോഴും മുടി ചീകുമ്പോഴും വലതിനെ മുന്തിക്കുന്നതും ഒരാളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതും തുടങ്ങി നിത്യജീവിതത്തിലെ അനേകം കാര്യങ്ങള്‍ നബി ﷺ മാതൃക കാണിച്ച സുന്നത്ത് എന്ന ഉദ്ദേശ്യത്തോടെ നാം ചെയ്താല്‍ വലിയ പ്രതിഫലം കരസ്ഥമാക്കാന്‍ സാധിക്കും. ലക്ഷ്യം തെറ്റിയാല്‍ വലിയ പ്രവര്‍ത്തനങ്ങളും നിഷ്ഫലമായിപ്പോകും.