വ്രതം: ആത്മനിയന്ത്രണത്തിന്റെ പരിശീലനക്കളരി

കെ സജ്ജാദ്

2019 മെയ് 11 1440 റമദാന്‍ 06

'എന്ത് ചെയ്യും? അങ്ങനെയൊക്കെ സംഭവിച്ചു പോയി! ആ സമയത്ത് എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല' എന്തെങ്കിലും വീഴ്ച ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമ്മില്‍ പലരും ഇങ്ങനെയൊക്കെ പറയാറുണ്ട്. ആയിരക്കണക്കിന് കിലോ ഭാരമുള്ള റോക്കറ്റിനെ തന്റെ വിരല്‍തുമ്പുകള്‍ കൊണ്ട്നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ശാസ്ത്രജ്ഞനും സുദീര്‍ഘമായ

മണിക്കൂറുകളിലൂടെ മനസ്സാന്നിധ്യം കൈവിടാതെ തന്റെ രോഗിയുടെ ആന്തരികാവയവങ്ങള്‍ മാറ്റിവെക്കുന്ന ഡോക്ടറും അതികഠിനമായ ചൂടിനെ അതിജീവിച്ച് കൃഷിയിടങ്ങളില്‍പണിയെടുക്കുന്ന കര്‍ഷകനും അവരവരുടെ മേഖലകളില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയുന്നുണ്ട്.

എന്നാല്‍ ഇത്ര ശക്തരും പ്രതിഭകളുമായ ആളുകള്‍ തന്നെ തികച്ചും ലളിതവുംനിസ്സാരവുമായ കാര്യങ്ങളുടെ പേരില്‍സ്വയം നിയന്ത്രിക്കാനാവാതെ ക്ഷോഭിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവാറില്ലേ?

സംസ്‌കാര സമ്പന്നരെന്ന് അഹങ്കരിക്കുമ്പോഴും അടിപിടി, കൊലപാതകം, പീഡനംതുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ നിത്യവും നമുക്കിടയില്‍ സംഭവിക്കുന്നു എന്നത് യാഥാര്‍ഥ്യമല്ലേ?

മാന്യതയുടെ വേഷവും ഭാഷയും ബാഹ്യ ആവരണമായി സ്വീകരിക്കുന്ന പലരും തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ചിലപ്പോള്‍ ക്ഷുദ്രജീവികളായി മാറുന്നില്ലേ? 

കായികമായി ശക്തരായവരും കഠിന പ്രയത്‌നങ്ങള്‍ കൊണ്ട് മാതൃകയാകുന്നവരുമായ ചിലര്‍ ആത്മ നിയന്ത്രണത്തിന്റെ കാര്യത്തില്‍ പരാജയപ്പെട്ടു പോകുന്നത് കാണാറില്ലേ? ആത്മനിയന്ത്രണവും ക്ഷമയും നഷ്ടപ്പെട്ട് അവിവേകത്തിലും അവിശുദ്ധ പ്രവര്‍ത്തനങ്ങളിലും അകപ്പെട്ട് പോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. 

ആവര്‍ത്തിച്ച് ചെയ്യുന്ന തിന്മകള്‍ മനസ്സില്‍ നിന്നും മസ്തിഷ്‌ക്കത്തില്‍ നിന്നും പറിച്ചെറിയാന്‍ ആഗ്രഹിച്ചിട്ടും അതിന് സാധിക്കാത്ത എത്രയോ മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ഇവിടെയാണ് വ്രതത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്.

വര്‍ഷത്തിലൊരു മാസം മുസ്‌ലിം സമൂഹത്തിന് നിര്‍ബന്ധ കര്‍മമായി നിശ്ചയിക്കെപ്പട്ട നോമ്പിലൂടെ ഓരോ വ്യക്തിയുടെയും ആത്മനിയന്ത്രണവും അതുവഴിയുണ്ടാകുന്ന ആത്മീയ വിമലീകരണവുമാണ് മതം പ്രധാനമായും ലക്ഷ്യമിടുന്നത്.

വ്യക്തിയെ പരിവര്‍ത്തിപ്പിക്കുകയും അതുവഴി അവനിലുണ്ടാകുന്ന വിശുദ്ധിയിലൂടെ സാമൂഹിക നവോത്ഥാനം സാക്ഷാത്കരിക്കുകയും ചെയ്യുകയെന്ന പ്രായോഗിക പദ്ധതി കൂടിയാണ് റമദാന്‍ വ്രതം.

ഒരു നല്ല ശാസ്ത്രജ്ഞനും ഒരു മികച്ച ഡോക്ടര്‍ക്കും കഠിനാധ്വാനിയായ ഒരു കര്‍ഷകനും ഒരു ദിവസം കൊണ്ട് കിട്ടിയതല്ല അവരുടെ മേഖലയിലെ മികവുകള്‍, മറിച്ച് കടുത്ത പരിശീലനങ്ങളിലൂടെയും കഠിനാധ്വാനങ്ങളിലൂടെയും വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്തതാണ് ഇതെല്ലാം.

ഇതുപോലെ തന്നെയാണ് ആത്മനിയന്ത്രണവും വിശുദ്ധമായ ജീവിതക്രമവും. നിരന്തര പരിശീലനത്തിലൂടെയും ആത്മീയ ബോധവല്‍ക്കരണത്തിലൂടെയും സമ്പാദിക്കേണ്ടതാണ് അവ.

വ്രത ദിനങ്ങളില്‍ നിര്‍ദേശിക്കപ്പെടുന്ന ചിട്ടകളും നിബന്ധനകളും ഒരുവ്യക്തിയെ ഈ പരിശീലനത്തിന് വിധേയമാക്കുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

സമൂഹത്തെ സാക്ഷിയാക്കി താന്‍ വിവാഹം കഴിച്ച, തന്റെ ജീവന്റെ പാതിയായി ചേര്‍ത്ത് നിര്‍ത്തിയ ഭാര്യയുമായുള്ള വൈകാരിക ലൈംഗിക ബന്ധത്തെ ദൈവ തൃപ്തിക്ക് വേണ്ടി വ്രതദിനത്തിന്റെസൂര്യോദയം മുതല്‍ അസ്തമയം വരെ ഒഴിവാക്കാന്‍വിശ്വാസിയോട് ഇസ്‌ലാം നിര്‍ദേശിക്കുന്നു. ലൈംഗികമായആഗ്രഹമുണ്ടെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഇണയുമായുള്ള ബന്ധപ്പെടല്‍ ദൈവപ്രീതിക്ക് വേണ്ടി മാത്രം നോമ്പിന്റെ പകലില്‍ ഒഴിവാക്കുന്ന ദമ്പതിമാര്‍ ഒരു അന്യപുരുഷനെയോ സ്ത്രീയെയോ ഒരു നിലയ്ക്കും ആഗ്രഹിക്കാന്‍ പാടില്ല എന്ന സന്ദേശവും വ്രതം നമുക്ക് നല്‍കുന്നു.

ശക്തമായ വിശപ്പും ദാഹവും ഉണ്ടെങ്കിലും തന്റെ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയതും അനുവദിക്കപ്പെട്ടതുമായ ഭക്ഷണ പാനീയങ്ങള്‍ കണ്‍മുന്നില്‍ ഉണ്ടായിട്ടും ദൈവത്തിന്റെ ഇഷ്ടത്തിന് വേണ്ടി അത് കഴിക്കാതെ മാറ്റി വെക്കുന്ന ഒരു വ്യക്തിക്ക് തനിക്ക് അവകാശപ്പെടാത്ത സമ്പത്ത് തട്ടിയെടുക്കാന്‍ പാടില്ലെന്ന ഒരു മാനസിക ബോധം ലഭിക്കുന്നുണ്ട്.

റമദാനിന്റെ പകലില്‍ ലൈംഗിക ബന്ധം നിഷിദ്ധമാണെന്ന് പറഞ്ഞു. ഇനി ഒരാള്‍ തന്റെ ഇണയുമായി അത്തരമൊരു ബന്ധം സ്ഥാപിച്ചാല്‍മതം നിര്‍ദേശിക്കുന്ന പ്രായച്ഛിത്തം 2 മാസം തുടര്‍ച്ചയായി നോമ്പ് നോല്‍ക്കലാണ്. അതിന് സാധിക്കാത്തവര്‍ 60 അഗതികള്‍ക്ക് ഭക്ഷണം കൊടുക്കണം. നിമിഷങ്ങള്‍ മാത്രം ആയുസ്സുള്ള, ദൈവിക മാര്‍ഗ ദര്‍ശന ലംഘനത്തിന്നിര്‍ദേശിക്കപ്പെടുന്ന പരിഹാരം ദൈവിക നിയമ ലംഘനം എത്ര മാത്രം കടുത്തതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. എങ്കില്‍ തീര്‍ത്തും നിഷിദ്ധമായ പരസ്ത്രീ-പുരുഷ ബന്ധത്തിന്റെ ശിക്ഷ എത്ര കഠിനമായിരിക്കുമെന്ന ബോധം കൂടി ഇത് നമുക്ക് നല്‍കുന്നുണ്ട്.

വിശപ്പിന്റെ ഗൗരവം ബോധ്യപ്പെടുത്താനും വിശക്കുന്നവന്റെ അന്നം ഉറപ്പുവരുത്താനും വ്രത ദിനങ്ങള്‍ നമ്മെ പരിശീലിപ്പിക്കുന്നുണ്ട്.

ഒരു പകല്‍ മുഴുവന്‍ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുമ്പോള്‍ പട്ടിണിയുടെ വില എന്തെന്ന്മനുഷ്യര്‍ അറിയുന്നു. വ്രതദിനങ്ങള്‍ അവസാനിച്ച് ഫിത്വ്ര്‍ പെരുന്നാളിന് അത്തര്‍ പുരട്ടും മുന്‍പ്നിശ്ചിത അളവ് ഭഷ്യപദാര്‍ഥം പാവപ്പെട്ടവര്‍ക്കും പട്ടിണിക്കാര്‍ക്കും നല്‍കാന്‍ നിര്‍ദേശിക്കുന്നതിലൂടെ ഇസ്‌ലാംനടപ്പില്‍ വരുത്തുന്നത് ഈ ആശയമാണ്.

വ്രത ദിനങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ ക്ഷേമ പ്രവര്‍ത്തനങ്ങളും പരസഹായ പദ്ധതികളും നടപ്പിലാക്കാനുള്ള പ്രേരണകളും പ്രവാചകന്‍ ﷺ നല്‍കുന്നുണ്ട്.

ലോകം ശാന്തമായി ഉറങ്ങുന്ന രാവുകള്‍ ദീര്‍ഘ നേരം പ്രാര്‍ഥനക്കും പ്രകീര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റി വെക്കുക വഴി തിന്മകള്‍ കൊണ്ട് പതക്കുന്നമനസ്സുകളില്‍ധര്‍മചിന്തകളുടെ കുളിര് കോരിച്ചൊരിയുകയാണ് ഇസ്ലാം.

ദൈവിക വചനങ്ങളായ ക്വുര്‍ആനിന്റെ പഠനം, പാരായണം, പ്രചാരണം എന്നിവ വഴി ഹൃദയം ദൈവിക മാര്‍ഗത്തില്‍ കീഴടങ്ങുന്നു!

ബദ്ര്‍ പോരാട്ടങ്ങളുടെ ഓര്‍മ പകരുന്ന റമദാന്‍ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് കുതിക്കാനുള്ള കരുത്ത് പകര്‍ന്നു നല്‍കുന്നു. ചുരുക്കത്തില്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച് ഒരു ആത്മീയ യാത്ര; ആത്മ നിയന്ത്രണം സാധ്യമാക്കുന്ന മനോഹര പ്രയാണം, അതത്രെ വിശുദ്ധ റമദാന്‍.