ഗുണകാംക്ഷികളാവുക

മൂസ സ്വലാഹി, കാര

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

'അന്നസ്വീഹത്' അഥവാ 'ഗുണകാംക്ഷ' എന്നത് മതത്തിന്റെ തൂണും അതിന്റെ കാതലുമാണ്. ഉദ്ദേശ ശുദ്ധിയും പ്രവൃത്തിയും നന്നാക്കി ഇഹപര വിജയം ലക്ഷ്യമിട്ട് നേരാംവിധം ഓരോ വ്യക്തിയോടും ഇടപഴകുക എന്നതാണ് ഇതിന്റെ വിവക്ഷ. ഗുണകാംക്ഷയില്ലാത്ത ജീവിതം ആക്ഷേപാര്‍ഹവും ഖേദകരവുമാകുമെന്നതിനാല്‍ തന്നെ യഥാര്‍ഥ മുസ്‌ലിമിന്റെ ജീവിത പങ്കാളിയാണിതെന്നതില്‍ സംശയമില്ല.  

അല്ലാഹു പറയുന്നു: ''പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു''(ക്വുര്‍ആന്‍ 5:2).

'അബൂഹുറയ്‌റ(റ)വില്‍നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''ഒരാള്‍ ഒരു നല്ല മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അയാളെ പിന്തുടരുന്നവര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം ആ ക്ഷണിച്ചയാള്‍ക്കും ലഭിക്കുന്നതാണ്. അവരുടെ പ്രതിഫലത്തിന് ഒരു കോട്ടവും തട്ടാതെ തന്നെ. ഒരാള്‍ ഒരു തെറ്റിലേക്ക് ക്ഷണിച്ചാല്‍ അയാളെ പിന്തുടരുന്നവരുടെതിനു തുല്യമായ ഒരു കുറ്റം അയാള്‍ക്കുമുണ്ട്. അവരുടെ കുറ്റത്തില്‍ നിന്നൊന്നും കുറയാതെ തന്നെ'' (മുസ്‌ലിം).

ഇസ്‌ലാം ഈ സ്വഭാവഗുണത്തിന് നല്‍കിയ സ്ഥാനം എത്രമേല്‍ വലുതാണെന്ന് ബോധ്യമാകാന്‍ പ്രവാചകന്മാരുടെ ജീവിതം തന്നെ മതിയായ തെളിവാണ്.

നൂഹ് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ പറയുന്നു: ''എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയുമാകുന്നു...'' (7:62)

ഹൂദ് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ പറയുന്നു: ''എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകക്ഷിയുമാകുന്നു''(7:68).

സ്വാലിഹ് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ പറയുന്നു: '...എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചു തരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷേ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല'' (7:79).

ശുഹൈബ് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ പറയുന്നു: ''...എന്റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചു തരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി...''(7:93).

നബി ﷺ  ഗുണകാംക്ഷ എന്ന നന്മക്ക് പ്രാമുഖ്യം നല്‍കിയതിന് സ്വഹാബത്ത് കൊടുത്ത അംഗീകാരം ശ്രദ്ധേയമാണ്.

ജാബിര്‍ ഇബ്‌നു അബ്ദുല്ല(റ)യില്‍ നിന്ന്; നബി ﷺ  പറഞ്ഞു: ''എന്നെക്കുറിച്ച് (നാളെ) ചോദിക്കപ്പെടുമ്പോള്‍ നിങ്ങള്‍ എന്ത് (മറുപടി) പറയും?'' അവര്‍ പറഞ്ഞു: ''അങ്ങ്(അല്ലാഹുവിന്റെ) സന്ദേശം എത്തിച്ചുതന്നു. (ഉത്തരവാദിത്തം) നിറവേറ്റി. (സമുദായത്തിന്) ആവശ്യമായ ഗുണകാംക്ഷ നല്‍കി.'' അപ്പോള്‍ അവിടുന്ന് ചൂണ്ടുവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തുകയും ജനങ്ങളിലേക്ക് താഴ്ത്തി ചൂണ്ടുകയും ചെയ്തു കൊണ്ട് മൂന്ന് തവണ 'അല്ലാഹുവേ, നീ ഇതിന് സാക്ഷിയാണ്' എന്ന് പറഞ്ഞു'' (മുസ്‌ലിം).

പ്രവാചകന്മാരുടെ ജീവിതത്തിലെ സവിശേഷതയായി അല്ലാഹു എടുത്തു പറഞ്ഞ ഈ കാര്യത്തില്‍ സ്വഹാബത്തിന്റെ നിലപാടും ഏറെ മാതൃകാപരമാണ്.

ജരീര്‍(റ)വില്‍ നിന്ന് നിവേദനം: ''ഞാന്‍ നമസ്‌കാരം നിലനിര്‍ത്താമെന്നും സകാത്ത് നല്‍കാമെന്നും എല്ലാ മുസ്‌ലിംകളോടും ഗുണകാംക്ഷ കാണിക്കാമെന്നും നബി ﷺ യോട് ഞാന്‍ കരാര്‍ ചെയ്തിട്ടുണ്ട്''(മുസ്‌ലിം).

ഗുണകാംക്ഷയെ സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ പൊതു നിര്‍ദേശം ഇതാണ്: തമീമുദ്ദാരി(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''മതം ഗുണകാംക്ഷയാണ്.'' ഞങ്ങള്‍ ചോദിച്ചു: ''ആരോട്?'' നബി ﷺ  പറഞ്ഞു: ''അല്ലാഹുവിനോടും അവന്റെ ഗ്രന്ഥത്തോടും അവന്റെ ദൂതനോടും മുസ്‌ലിം നേതാക്കളോടും അവരിലെ പൊതുജനങ്ങളോടും''(മുസ്‌ലിം).  

ഇമാം മുസ്‌ലിം ഈ ഹദീഥിന് നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്. അദേഹം പറയുന്നു:

 ''അല്ലാഹുവിനോടുള്ള ഗുണകാംക്ഷ എന്നാല്‍ അല്ലാഹുവില്‍ വിശ്വസിച്ച്, ശിര്‍ക്കിനെ വെടിഞ്ഞ്, അവന്റെ വിശേഷണങ്ങളെ ദുര്‍വ്യാഖ്യാനിക്കാതെ, സകല ന്യൂനതകളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തലും അവനെ അനുസരിച്ചും ധിക്കരിക്കുന്നതിനെ തടഞ്ഞും അവന്റെ മാര്‍ഗത്തെ പിന്‍പറ്റുന്നവരെ ഇഷ്ടപ്പെട്ടും എതിര്‍ക്കുന്നവരെ വെറുത്തും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിച്ചും കഴിയുക എന്നതാണ്.

ക്വുര്‍ആനിനോടുള്ള ഗുണകാംക്ഷ എന്നാല്‍ അത് അല്ലാഹുവിന്റെ സംസാരവും അവനില്‍ നിന്ന് ഇറങ്ങിയതും സൃഷ്ടികളില്‍ ആര്‍ക്കും അത് പോലുള്ള ഒന്ന് കൊണ്ടുവരിക സാധ്യമല്ലെന്ന് വിശ്വസിക്കലുമാണ്. ക്വുര്‍ആനിനെ മഹത്ത്വപ്പെടുത്തി, അതിന്റെ പാരായണത്തെ നന്നാക്കി, ഭയഭക്തിയോടെ പഠിച്ചും പഠിപ്പിച്ചും അതില്‍ പറഞ്ഞ മതവിധികള്‍ക്ക് കീഴ്‌പ്പെട്ടും അതിനെ ദുര്‍വ്യാഖ്യാനിക്കുന്നതും എതിര്‍ക്കുന്നതും തടഞ്ഞ് അതിലുള്ളതിനെ പരിപൂര്‍ണമായും സത്യപ്പെടുത്തി നിലകൊള്ളുക എന്നതാണ്.

പ്രവാചകനോടുള്ള ഗുണകാംക്ഷ എന്നാല്‍ പ്രവാചക സന്ദേശത്തെ സത്യപ്പെടുത്തലും അതിന് ആദരവും ബഹുമാനവും സഹായവും നല്‍കി അവിടുന്ന് കല്‍പിച്ചതിലും വിരോധിച്ചതിലും വിശ്വാസവും അനുസരണവും കാണിച്ച്, നബിചര്യയെ ജീവിപ്പിച്ചും വ്യാപിപ്പിച്ചും അതിന് നേരെയുള്ള ആക്ഷേപങ്ങളെ ഖണ്ഡിച്ചും അതിനെ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മര്യാദ കാണിച്ചും അതിന്റെ അനുയായികളെ സ്‌നേഹിച്ചും പുത്തനാചാരക്കാരില്‍ നിന്ന് അകന്നും ജീവിക്കുക എന്നതാണ്.

മുസ്‌ലിം നേതാക്കളോടുള്ള ഗുണകാംക്ഷ എന്നാല്‍ 'സത്യ'ത്തിനായി അവരെ സഹായിക്കലും അനുസരിക്കലും അത് കൊണ്ട് കല്‍പിക്കലുമാണ്. ബാധ്യതാ നിര്‍വഹണത്തില്‍ അവര്‍ അശ്രദ്ധരായാല്‍ അവരെ ഉണര്‍ത്തുന്നേടത്ത് അനുകമ്പയും മൃദുലതയും കൈക്കൊണ്ട്, അവര്‍ക്കെതിരെ തിരിയാതെ അവരെ അനുസരിക്കുന്നതിലേക്ക് ജനമനസ്സുകളെ ഇണക്കലുമാണ്.

പൊതുജനത്തോടുള്ള ഗുണകാംക്ഷ എന്നാല്‍ ഇരുലോകത്തും നന്മയാകുന്ന കാര്യങ്ങളിലേക്ക് അവരെ വഴിനടത്തുക, പ്രയാസങ്ങള്‍ നീക്കുക, മത വിഷയങ്ങളില്‍ അറിയാത്തത് പഠിപ്പിക്കുക, ന്യൂനതകള്‍ മറച്ചുവെക്കുക, ആത്മാര്‍ഥതയോടും സൗഹൃദത്തോടെയും നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക, അസൂയയും ചതിയും വെടിഞ്ഞ് അവരിലെ വലിയവരെ ബഹുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കുക, അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കാതെ സ്വന്തത്തിന് ഇഷ്ടപ്പെടുന്ന നന്മ അവര്‍ക്കും ആഗ്രഹിച്ച് പെരുമാറുക എന്നതാണ്'' (ശര്‍ഹു മുസ്‌ലിം, ഇമാം നവവി, വാള്യം1, പേജ് 249,250).

ഇസ്‌ലാം മുന്‍ഗണന നല്‍കി പഠിപ്പിച്ച ഈ സദ്ഗുണത്തെ ഇപ്രകാരം കാത്ത് സൂക്ഷിക്കാന്‍ കഴിയുക എന്നതിലാണ് യഥാര്‍ഥ വിജയം സാധ്യമാവുക.

ഏത് രംഗത്തും ആരോടുള്ള പെരുമാറ്റത്തിലും ഗുണകാംക്ഷ വെച്ചുപുലര്‍ത്താന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. അസൂയയും അഹന്തയും സ്വാര്‍ഥതയുമില്ലാത്ത, മാനസിക വിശുദ്ധിയുള്ളവര്‍ക്കേ മറ്റുള്ളവര്‍ നന്നാകണമെന്ന ആത്മാര്‍ഥമായ ആഗ്രഹമുണ്ടാകൂ. ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരുടെ ഉപദേശങ്ങള്‍ക്കേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.