പൗരത്വബില്ലും ഗാന്ധിയന്‍ സമരമാര്‍ഗങ്ങളും

നബീല്‍ പയ്യോളി

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

ഇന്ത്യയെ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളും ലോകരാഷ്ട്രങ്ങളും ഒരേസ്വരത്തില്‍ പറയുന്നു. രാജ്യത്തിന്റെ പാരമ്പര്യത്തെ കാറ്റില്‍പറത്തി മതരാഷ്ട്രം എന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങള്‍ ഓരോന്നായി പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ് ഭരണകൂടം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികളുടെ മുഖത്തേറ്റ അടിയാണ് ഇരുസഭകളും കടന്ന് നിയമമായ പൗരത്വ ഭേദഗതി ബില്‍. ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ ഭേദമന്യെ ഇന്ത്യക്കാര്‍ എന്ന വികാരത്താല്‍ കോര്‍ത്തിണക്കപ്പെട്ട ഭാരതത്തിലെ പൗരന്മാരെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ അവസരം ഒരുക്കുകയാണിത്.

പൗരത്വ ഭേദഗതി നിയമം മുസ്ലിംകള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിക്കഴിഞ്ഞു. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ വക്താവ് ജെറമി ലോറന്‍സാണ് ഐക്യരാഷ്ട്ര സഭയുടെ നിലപാട് വ്യക്തമാക്കിയത്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ലോകരാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം ഇതിനകം അറിയിച്ചു കഴിഞ്ഞു. വിവിധ ലോക രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കണം എന്ന നിര്‍ദേശം നല്‍കുകയും ചെയ്തു. ജപ്പാന്‍ പ്രധാനമത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി.

പൗരത്വ ഭേദഗതി രാജ്യത്തെ തകര്‍ക്കുന്നതാണ് എന്ന തിരിച്ചറിവില്‍ നിന്ന് മുഴുവന്‍ ജനാധിപത്യ പ്രസ്ഥാനങ്ങളും മതേതര ജനാധിപത്യ വിശ്വാസികളും തങ്ങളുടെ പ്രതിഷേധങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യെ രാജ്യത്തെ മുഴുവന്‍ ജനതയും ഒരേസ്വരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന കാഴ്ച ഏതൊരു ഇന്ത്യക്കാരന്റെയും പ്രതീക്ഷകള്‍ക്ക് നിറം പകരുന്നതാണ്. ജനാധിപത്യ രീതിയില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ഭരണകൂടത്തെ തിരുത്താനും രാജ്യത്ത് ഐക്യവും സമാധാനവും നിലനിര്‍ത്താനും സാധ്യമാകും. ശക്തമായ പ്രതിഷേധ സമരങ്ങള്‍ ആണ് ആദ്യമായി എന്‍.ആര്‍.സി നടപ്പിലാക്കിയ ആസാമില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ തെരുവുകളിലും  ക്യാമ്പസുകളിലും  പ്രതിഷേധങ്ങള്‍ അലതല്ലുകയാണ്. സമരങ്ങള്‍ പലപ്പോഴും ആക്രമാസക്തമാവുകയും ഏതാനും ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു എന്നത് ഖേദകരമാണ്. രാജ്യത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കുന്ന നിയമത്തിനെതിരെ നമ്മുടെ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. എന്നാല്‍ രാജ്യത്തിന്റെ സമരപാരമ്പര്യത്തെ മറപ്പിച്ചു കളയാന്‍ തക്കവിധം അതിവൈകാരികത പലരെയും പിടികൂടിയിരിക്കുന്നു. ഇന്ത്യയെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കി ബ്രിട്ടന്‍ അടക്കി വാണപ്പോള്‍ അഹിംസയെന്ന സമരമാര്‍ഗത്തിലൂടെ അവരില്‍ നിന്നും സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയ പാരമ്പര്യം ഉള്ളവരാണ് നാം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിരവധി സമരങ്ങള്‍ രാജ്യത്തുടനീളം നടന്നിരുന്നു. എന്നാല്‍ സ്വാതന്ത്ര്യസമര നായകനായ ഗാന്ധിജിയുടെ അഹിംസയിലധിഷ്ഠിതമായ സമരങ്ങളാണ് വിജയം കൈവരിക്കാന്‍ ഹേതുവായത്. അതില്‍ ശ്രദ്ധേയമായ സ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിനുണ്ട്. അനീതിയില്‍ അധിഷ്ഠിതമായ ഭരണസംവിധാനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുവാനായി ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ പരീക്ഷിച്ച സത്യഗ്രഹം എന്ന സമരായുധത്തിന്റെ ഒരു രൂപമായിരുന്നു നിസ്സഹകരണം. ബ്രിട്ടീഷ് ഔദ്യോഗികവൃന്ദത്തിന് ഭരണസംവിധാനം നടത്തിക്കൊണ്ടുപോകുന്നതിന് സഹായകമായ ഒന്നും ചെയ്യാതിരിക്കുക എന്നതാണ് നിസ്സഹകരണംകൊണ്ട് ഉദ്ദേശിച്ചത്. ഇതാണ് ഇന്ത്യയിലെ ജനാധിപത്യ ബോധമുള്ള വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ച നിസ്സഹകരണം. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുക എന്നത് കേന്ദ്ര സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സാധ്യമല്ല. 135 കോടി ഇന്ത്യന്‍ ജനതയുടെ വിവരങ്ങള്‍ ശേഖരിച്ചു പട്ടിക തയ്യാറാക്കുക എന്ന ഭാരിച്ച പ്രയത്നത്തിന് പ്രാദേശിക ഭരണകൂടങ്ങളുടെ സഹായം ഉണ്ടായേതീരൂ. വില്ലേജ് ഓഫീസ് മുതല്‍ റവന്യു വകുപ്പ് വരെയുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങളും വിവരശേഖരണം നടത്തേണ്ട അധ്യാപകര്‍ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരും പങ്കാളികളാകുന്ന വലിയ പ്രക്രിയ നൂലില്‍ കെട്ടിയിറക്കുക അസാധ്യമാണ്. ആ നിലയില്‍ ഈ ജനാധിപത്യ വിരുദ്ധ നിയമത്തെ ദുര്‍ബലമാക്കാനും ചെറുക്കാനും ഒരു പരിധിവരെ നിസ്സഹകരണ സമരത്തിന് സാധ്യമാകും.

ഒന്നാം ലോക മഹായുദ്ധത്തില്‍ ഇന്ത്യ നല്‍കിയ സഹായ സഹകരണത്തിനു പ്രത്യുപകാരമായി ഉത്തരവാദഭരണം സ്ഥാപിക്കുകയാണ് ബ്രിട്ടന്റെ ലക്ഷ്യം എന്ന മൊണ്ടേഗുവിന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനം ഇന്ത്യയില്‍ പരക്കെ സ്വീകരിക്കപ്പെട്ടു. എന്നാല്‍, ഈ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യയിലെ സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനെന്ന പേരില്‍ പൗരാവകാശങ്ങള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള റൗലറ്റ് ആക്റ്റ് ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയില്‍ നടപ്പിലാക്കിയത് വന്‍ പ്രതിഷേധമുളവാക്കി. സ്വയംഭരണം, ഉത്തരവാദഭരണം എന്നീ വാഗ്ദാനങ്ങള്‍ നല്‍കി ലിബറല്‍ നയത്തിന്റെ വക്താക്കള്‍ എന്ന് തോന്നിപ്പിക്കുന്നതിനോടൊപ്പംതന്നെ ശക്തമായ അടിച്ചമര്‍ത്തല്‍ തുടരാനുള്ള ഗവണ്‍മെന്റിന്റെ നീക്കമാണ് റൗലറ്റ് ആക്റ്റിലൂടെ വ്യക്തമായത്. ഗവണ്‍മെന്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സംശയമുള്ള വ്യക്തികളെ വിചാരണകൂടാതെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിക്കാനും അവരുടെ നീക്കങ്ങളെ നിയന്ത്രിക്കാനും വ്യവസ്ഥ ചെയ്ത ഈ നിയമം വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രാഥമിക നീതിയുടെയും നഗ്നമായ ലംഘനമായിരുന്നു.

അന്യായത്തിനെതിരെ അക്രമരഹിതമാര്‍ഗത്തിലൂടെ പ്രതിഷേധിക്കുവാനായി ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി പരീക്ഷിച്ച സത്യഗ്രഹം എന്ന കര്‍മസിദ്ധാന്തം ഇന്ത്യയില്‍ ദേശവ്യാപകമായി ആദ്യമായി പ്രയോഗിച്ചത് റൗലറ്റ് ആക്റ്റിനെതിരായിട്ടാണ്. ഈ സമര മാര്‍ഗം തന്നെയാണ് ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്നും അവലംബിക്കേണ്ടത്. ചോരത്തിളപ്പില്‍ തോക്കിനുമുന്നില്‍ മുദ്രാവാക്യം വിളിക്കുന്ന ചെറുപ്പക്കാര്‍, അവര്‍ക്ക് നേരെ നിറയൊഴിക്കുന്ന നിയമപാലകര്‍... ആവേശത്തില്‍ ആത്മഹത്യയിലേക്ക് എടുത്തു ചാടുകയാണ് സമരഭടന്മാര്‍. ഭരണകൂടത്തിന്റെ ചട്ടുകമായ നിയമപാലകര്‍ അവരെ വെടിവെച്ചു വീഴ്ത്തുകയും ചെയ്യുന്നു. നിരവധി കുടുംബങ്ങള്‍ അനാഥത്വത്തിലേക്ക് തള്ളിവിടപ്പെടുകയാണിവിടെ, വൈധവ്യത്തിന്റെ കൈപ്പുനീര്‍ കുടിക്കാന്‍ സഹോദരിമാര്‍ വിധിക്കപ്പെടുന്നു. സന്താനനഷ്ടം തകര്‍ത്ത മാതാപിതാക്കളെ സമ്മാനിക്കുന്നു ഇവിടെ. പിതാവിന്റെ സ്നേഹലാളനകള്‍ എല്‍ക്കേണ്ട പ്രായത്തില്‍ അനാഥത്വത്തിന്റെ നിസ്സഹായത പേറേണ്ടിവരുന്ന കുരുന്നുകളെ സൃഷ്ടിക്കുന്ന സമരമുറയായി ഇത് മാറുന്നു. രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട പൗരന്റെ ജീവന്‍ ബലി കൊടുത്ത് കൊണ്ടുള്ള പ്രക്ഷോഭങ്ങളില്‍ നിന്നും മാറി, കുതന്ത്രങ്ങള്‍ മെനയുന്ന ഭരണകൂടത്തെ അഹിംസാധിഷ്ഠിത സമരങ്ങളുടെ വേലിയേറ്റത്തില്‍ ആടിയുലയാന്‍ തക്ക പ്രക്ഷോഭം ഉയര്‍ന്നു വരണം. ഡല്‍ഹിയിലെ വിവിധ ക്യാമ്പസുകളില്‍ നടന്ന പ്രക്ഷോഭവും പോലീസ് അതിക്രമവും ഒരു ഇരുണ്ട രാത്രികൂടി സമ്മാനിച്ചു. പൊലീസിന്റെ ക്രൂര മര്‍ദനങ്ങള്‍ക്ക് മുന്നില്‍ ധീരമായി ചെറുത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ നല്‍കുന്ന ഊര്‍ജ്ജവും പ്രതീക്ഷയും ചെറുതല്ല. അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കാന്‍ വിദ്യാര്‍ഥികളും യുവജനങ്ങളും ജനപ്രതിനിധികളും ഡല്‍ഹി പോലീസ് ആസ്ഥാനം നീണ്ട ഒന്‍പത് മണിക്കൂര്‍ ഉപരോധിച്ചു ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ മുഴുവന്‍ വിട്ടയക്കേണ്ടി വന്നു പൊലീസിന്. ഗാന്ധിയന്‍ സമരമാര്‍ഗത്തിന്റെ വിജയമായിരുന്നു ഇത്.  സൈന്യത്തെ ഇറക്കി പ്രതിഷേധങ്ങളെ ഒതുക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിയമപാലകര്‍ നിര്‍ദാക്ഷിണ്യം ടിയര്‍ഗ്യാസ് പ്രയോഗിക്കുന്ന രംഗങ്ങള്‍ ഹൃദയഭേദകമാണ്. അവര്‍ തന്നെ വാഹനങ്ങള്‍ക്ക് തീ കൊളുത്തുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നാം കണ്ടതാണ്. ഇരകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതെല്ലാം.

ഭീകരാന്തരീക്ഷം സൃഷിച്ചും ഭയം ജനിപ്പിച്ചും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ എന്നും ഭരണകൂടങ്ങള്‍ ശ്രമിച്ചു പോന്നിട്ടുണ്ട്. അത് തുടരുക തന്നെ ചെയ്യും. അവരുടെ കുതന്ത്രങ്ങളില്‍ കാലിടറാതെ വിവേകപൂര്‍വം ഇടപെടുകയാണ് വേണ്ടത്. രാജ്യത്തെ വരിഞ്ഞുമുറുക്കിയ ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിഞ്ഞത് ഈ മാര്‍ഗത്തിലൂടെയായിരുന്നു എന്ന പാരമ്പര്യവും ചരിത്രവും വിസ്മരിക്കപ്പെടരുത്. ഇരകളെ പരമാവധി പ്രകോപിപ്പിച്ചു വൈകാരികതയുടെ വലയത്തില്‍ കെട്ടിയിടുക എന്നത് വേട്ടക്കാരുടെ സ്ഥിരം രീതിയാണ്. അത് തിരിച്ചറിയുമ്പോള്‍ മാത്രമെ മുന്നോട്ടുള്ള പ്രയാണത്തില്‍ കാലിടറാതെ ഗമിക്കാന്‍ സാധിക്കുകയുള്ളൂ.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര വീഥിയില്‍ നമ്മുടെ പൂര്‍വികരെ വൈകാരികമായി ഇളക്കിവിടാന്‍ ബ്രിട്ടീഷ് ഭരണകൂടം അശ്രാന്ത പരിശ്രമം നടത്തുകയും പലരുടെയും ജീവന്‍ ബലിയാടാവാന്‍ അത് കാരണമാവുകയും ചെയ്തിട്ടുണ്ട്. അന്ന് ധിഷണാശാലികളായ നേതാക്കളുടെ ശക്തവും യുക്തിഭദ്രവുമായ തീരുമാനങ്ങളും ഇടപെടലുകളുമാണ് ഈ ചതിയില്‍ നിന്നും രക്ഷിച്ചത്. ഈ വസ്തുത വിസ്മരിക്കപ്പെടുകയാണ് രാജ്യത്തെ തെരുവുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അക്രമാസക്തമാകുന്ന സമരങ്ങള്‍ വഴി ഗുണത്തെക്കാളേറെ ദോഷങ്ങളാണ് ഉണ്ടാവുകയെന്ന വസ്തുത സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കണം. വിവേകപൂര്‍വം ഇടപെടാനും വേട്ടക്കാരന്റെ ചൂണ്ടയില്‍ കൊത്താതെ ലക്ഷ്യം കൈവരിക്കും വരെ ധീരമായി മുന്നേറാനും സാധിക്കണം. അതിന് നേതൃപരമായ പങ്ക് നിര്‍വഹിക്കാന്‍ രാജ്യത്തെ മുഴുവന്‍ സംഘടനകള്‍ക്കും സാധ്യമാകേണ്ടതുണ്ട്.

ദേശീയ പൗരത്വ രജിസ്റ്ററും നിയമവും ഏതെങ്കിലും ഒരു മതത്തെയോ ജാതിയെയോ വര്‍ണ, വര്‍ഗ, ഭാഷകളെയോ ബാധിക്കുന്ന പ്രശ്നമല്ല. മറിച്ച് നമ്മുടെ ജനാധിപത്യ-മതേതര അടിത്തറയിളക്കുന്ന നീക്കമാണ്. അതിന് ബഹുജന മുന്നേറ്റങ്ങളാണ് ആവശ്യം. സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും സഹായവും സാന്നിധ്യവും പ്രക്ഷോഭങ്ങളിലുടനീളം ഉണ്ടാവണം. ഏതെങ്കിലും ഒരു വിഭാഗം ഒറ്റക്ക് നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്താനും അക്രമാസക്തമാക്കി അനുകൂലിക്കുന്നവരെ കൂടി പ്രതികൂലമാക്കാനുള്ള തന്ത്രങ്ങള്‍ വേട്ടക്കാര്‍ മെനയും. ഈ തിരിച്ചറിവില്‍ നിന്ന് യോജിച്ച മുന്നേറ്റങ്ങള്‍ മാത്രമേ നടത്തൂ എന്ന തീരുമാനം ജനാധിപത്യ സമൂഹം കൈക്കൊള്ളണം. അവിടെ മറ്റ് വിഷയങ്ങളില്‍ ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിലങ്ങുതടിയാവരുത്. രാജ്യത്തെ മുച്ചൂടും തകര്‍ക്കുന്ന ശ്രമങ്ങള്‍ക്ക് മുമ്പില്‍ ഇത്തരം അഭിപ്രായന്തരങ്ങള്‍ക്ക് സ്ഥാനമില്ല തന്നെ.

ക്വിറ്റ് ഇന്ത്യാ സമരവും ഉപ്പ് സത്യാഗ്രഹവും അടക്കമുള്ള ഗാന്ധിയന്‍ സമരമുറകള്‍ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാന്‍ പ്രാപ്തമാക്കി. ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്ത ഗാന്ധിയന്‍ സമരമുറകളാണ് ഓരോ ഇന്ത്യക്കാരനും ആവേശം പകരേണ്ടത്. മറിച്ച് ബ്രിട്ടീഷ് ഭരണ കൂടത്തിന് പാദസേവനടത്തി അവര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ഭരണത്തിന്റെ ഓശാരം പറ്റിയ സവര്‍ക്കറും ഗോഡ്സെയും അടങ്ങുന്ന ഒറ്റുകാരുടെ സമര രീതികളല്ല.

ഗാന്ധിയെ തമസ്‌കരിക്കാനും ചരിത്രത്തെ അപനിര്‍മിക്കനും രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കാനും ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ അവയെ പ്രതിരോധിക്കേണ്ടത് ചരിത്രത്തെ പുനരാനയിച്ചു കൊണ്ടാണ്. ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി പുരോഗതിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വം, സമഭാവന തുടങ്ങിയ മഹിത സന്ദേശങ്ങളുടെയും കേദാരമായി നിലകൊണ്ട ഇന്ത്യയുടെ ഇന്നലെകളിലൂടെ നാം കണ്ണോടിക്കണം. അത് തിരിച്ചു പിടിക്കാന്‍ ചരിത്രത്തിന്റെ വെളിച്ചത്തില്‍ മുന്നേറാന്‍ സാധ്യമാകേണ്ടതുണ്ട്. ഏത് ക്രൂരനായ ഭരണാധികാരിയെയും തകര്‍ത്തെറിയാനും ഭരണകൂടത്തെ തിരുത്താനും നന്മയുടെ, ശരിയുടെ ഇടപെടലുകള്‍ക്ക് സാധ്യമാവും.

ജനാധിപത്യത്തില്‍ നീതിന്യായ വ്യവസ്ഥകളുടെ പങ്ക് വലുതാണ്. അതില്‍ പ്രതീക്ഷയര്‍പ്പിച്ച് ശക്തമായ നിയമപോരാട്ടങ്ങളും ഇതിന്റെ കൂടെ നടക്കണം. ഈ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ ഇന്ത്യയിലെ വിവിധ സംഘടനകളും വ്യക്തികളും സുപ്രീം കോടതിയെ സമീപിച്ചത് പ്രതീക്ഷ നല്‍കുന്നു. നിയമപരമായി നിലനിക്കാന്‍ സാധിക്കാത്ത വിധം ഭരണഘടനാവിരുദ്ധമാണ് പുതിയ നിയമം എന്നും അത് പിന്‍വലിക്കാന്‍ ആവശ്യമായ നടപടി കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നും ഈ ഹര്‍ജികള്‍ ആവശ്യപ്പെടുന്നു. ഇത്തരം നിയമ പോരാട്ടങ്ങള്‍ ശക്തമായിത്തന്നെ നടക്കണം. പരമാവധി വ്യക്തികളും സംഘടനകളും സുപ്രീം കോടതിയെ ഇനിയും സമീപിക്കണം; രാജ്യത്തിന്റെ അഭിമാനം കാക്കാന്‍.

 

കേരളം മാതൃകയാണ്

ഉയര്‍ന്ന ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടും പുലര്‍ത്തിപ്പോന്ന നമ്മുടെ കേരളം എന്നും മാതൃകാപരമായ ഇടപെടലുകള്‍ക്ക് മുന്നില്‍ നിന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെയും മാതൃകാപരമായ ഇടപെടല്‍ നടത്താന്‍ കേരളത്തിന് സാധിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഇന്നലെ വരെ പരസ്പരം കൊമ്പുകോര്‍ത്ത ഭരണ, പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തെ തകര്‍ക്കുന്ന നീക്കത്തിനെതിരെ ഒരുമിച്ചു പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതും അത് പ്രാവര്‍ത്തികമാക്കിയതും പ്രശംസനീയമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും പാര്‍ട്ടികളും ഈ മാതൃക പിന്തുടരാന്‍ സന്നദ്ധമാകണം. നിയമപരവും ജനാധിപത്യപരവുമായ മുഴുവന്‍ മാര്‍ഗങ്ങളും ഉപയോഗിച്ചു ഇത്തരം നീക്കങ്ങള്‍ക്ക് ശക്തിപകരാന്‍ ഓരോ ഇന്ത്യക്കാരനും സാധിക്കണം. മുഴുവന്‍ ജനങ്ങളെയും അണിനിരത്തി പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കേണ്ട ഈ സന്ദര്‍ഭത്തില്‍ ജനദ്രോഹ സമര രീതികള്‍ പാടെ ഉപേക്ഷിക്കണം. ഹര്‍ത്താലും അക്രമ സമരങ്ങളും യഥാര്‍ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും ഒരുമിച്ചുള്ള നീക്കങ്ങളെ ദുര്‍ബലപ്പെടുത്താനുമേ സഹായകമാകൂ. ഈ തിരിച്ചറിവ് പ്രബുദ്ധ കേരളത്തിന് നഷ്ടപ്പെടരുത്.

അനീതിക്കും തിന്മയ്ക്കും അല്‍പായുസ്സ് മാത്രമെ ഉണ്ടാവുകയുള്ളൂ എന്നതിന് ചരിത്രം സാക്ഷിയാണ്. ഹിറ്റ്ലറും മുസോളിനിയും അടക്കമുള്ള, ചരിത്രത്തിന്റെ ഇന്നലകളെ മലിനമാക്കിയ ഏകഛത്രാധിപതികള്‍ അനിവാര്യ പതനത്തിന് വിധേയരായി എങ്കില്‍ ഇന്നും നാളെയും അത് തന്നെയാണ് സംഭവിക്കാനിരിക്കുന്നത്. ഭയപ്പെടേണ്ടതില്ല. നല്ല പ്രതീക്ഷ മാത്രമാണ് നമുക്ക് ഉണ്ടാവേണ്ടത്; നമ്മെ നയിക്കേണ്ടതും. ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു കറുത്ത ദിനം സമ്മാനിച്ച ഡിസംബര്‍ 13 പുതിയ ഇന്ത്യയുടെ പ്രതീക്ഷ സമ്മാനിക്കുന്ന ദിനമായി കൂടി ചരിത്രം രേഖപ്പെടുത്തും എന്ന് പ്രത്യാശിക്കാം.