പുനരുത്ഥാനവും പരലോകവും

ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

ഉയിര്‍ത്തെഴുന്നേല്‍പ്

വീണ്ടും കാഹളത്തില്‍ ഊതപ്പെടും. അതാണ് ഉയിര്‍ത്തെഴുന്നേല്‍പ് നാള്‍. സര്‍വ മനുഷ്യരും എവിടെ മറവ് ചെയ്യപ്പെട്ടിരുന്നുവോ അവിടുന്ന് എഴുന്നേല്‍ക്കും. മനുഷ്യന്റെ നട്ടെല്ലിന്റെ ഏറ്റവും താഴെ അറ്റത്തുള്ള എല്ലാണ് 'ഉജ്ബുദ്ദനബ്' എന്ന് ഹദീഥില്‍ പറഞ്ഞ വാല്‍ക്കുറ്റി (Pail bone). അതിന്റെ ചെറിയ സൂക്ഷ്മമായ ഒരു ഭാഗം  ബാക്കിയാവും. എത്രയായാലും നശിക്കാതെ ഇവിടെ പറഞ്ഞ മനുഷ്യവിത്ത് മണ്ണില്‍ ബാക്കിയുണ്ടാകും!

വീണ്ടും കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ കുഴിമാടങ്ങളില്‍ നിന്ന് അവരുടെ രക്ഷിതാവിലേക്ക് കുതിച്ച് ചെല്ലും'' (യാസീന്‍: 51)

ഇത് പറയുമ്പോള്‍ ചില മനുഷ്യര്‍ക്ക് സംശയമാണ്. മരണപ്പെട്ട് എല്ലുകള്‍ പോലും നുരുമ്പിപ്പോയ അവസ്ഥയില്‍ നിന്ന് മനുഷ്യരെ മുഴുവനും പുനര്‍ജ്ജീവിപ്പിക്കുകയോ എന്ന് അവര്‍ ചോദിക്കുന്നു.

എന്നാല്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്നുവെന്ന് ഊഹിക്കപ്പെടുന്ന ഡിനോസറുകളുടെ ഫോസിലുകളില്‍ നിന്ന് ചത്തുപോകാതെ കിടക്കുന്ന DNA കളെ വേര്‍തിരിച്ചെടുത്ത് ക്ലോണിങ്ങിലൂടെ പെരുകിപ്പിച്ച് പുതിയ ഡിനോസറുകള്‍ വര്‍ധിച്ച് കൂട് തകര്‍ത്ത് മനുഷ്യരെ ആക്രമിക്കുന്നതായി അനിമേഷനിലൂടെ ജുറാസിക്ക് പാര്‍ക്ക് എന്ന ഫിലിമില്‍ കാണിക്കുന്നു. ഇതെല്ലാം മനുഷ്യന്റെ ഭാവനയും ആഗ്രഹവും മാത്രമാണ്. മനുഷ്യരെ സൃഷ്ടിച്ച രക്ഷിതാവിന് മനുഷ്യരെ പുനഃസൃഷ്ടിക്കാന്‍ കഴിയുമെന്ന് പറയുന്നത് ഭാവനയല്ല, യാഥാര്‍ഥ്യമാണ്. അതിനെ നിഷേധിക്കുന്നതാണ് യുക്തിവാദം.

ഒരു കമ്പ്യൂട്ടര്‍ നിര്‍മിച്ച എഞ്ചിനീയര്‍ക്ക് അതിനെ സ്‌പെയര്‍പാര്‍ട്ടുകളാക്കി മാറ്റിയാല്‍ വീണ്ടും അസംബ്ള്‍ ചെയ്ത് കമ്പ്യൂട്ടര്‍ നിര്‍മിക്കുന്നത് അസാധ്യമല്ല. എങ്കില്‍ മണ്ണില്‍ ലയിച്ച മനുഷ്യനെ പുനരുജ്ജീവിപ്പിക്കാന്‍ അല്ലാഹുവിനു കഴിയും. മജ്ജയും മാംസവുമുള്ള ഇതേ മനുഷ്യര്‍ തന്നെ ചുടലകളില്‍ നിന്ന്, ക്വബ്ര്‍സ്ഥാനുകളില്‍ നിന്ന്, സെമിത്തേരികളില്‍ നിന്ന് പുനര്‍ജീവിക്കപ്പെടും. ശതകോടിക്കണക്കിന് മനുഷ്യര്‍ കുഴിമാടങ്ങളില്‍ നിന്ന് എഴുന്നേറ്റ് പരക്കം പായുന്ന ഭയാനകമായ ഒരു ദിനമാണത്. നഗ്നപാദരായി, ചേലാകര്‍മം ചെയ്യപ്പെടാത്തവരായി, പരിപൂര്‍ണ നഗ്നരായി എഴുന്നേറ്റ് വരും എന്ന് നബി ﷺ  പറഞ്ഞപ്പോള്‍ ആഇശ(റ) ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ആ ദിനത്തില്‍ സ്ത്രീകളും പുരുഷന്മാരും അന്യോന്യം നഗ്നത കാണുകയില്ലേ?'' നബി ﷺ  പറഞ്ഞു: ''ഇല്ല ആഇശാ... ഒരാളും മറ്റൊരാളെ ശ്രദ്ധിക്കാത്തത്രയും ഭയാനകമാണ് ആ ദിനം.''

''അതായത് മനുഷ്യന്‍ തന്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. തന്റെ മാതാവിനെയും പിതാവിനെയും. തന്റെ ഭാര്യയെയും മക്കളെയും. അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ)വിഷയം അന്ന് ഉണ്ടായിരിക്കും'' (ക്വുര്‍ആന്‍: 34-37).

പിന്നീട് ഭൂമിയില്‍ അന്‍പതിനായിരം വര്‍ഷം ദീര്‍ഘമായ കാലഘട്ടം കഴിഞ്ഞ് കൂടുകയാണ്. അതാണ് മഹ്ശര്‍. മനുഷ്യപിതാവായ ആദം(അ) മുതല്‍ അന്ത്യനാളില്‍ മരണപ്പെട്ടവരില്‍ അവസാനത്തെ ആള്‍വരെ എഴുന്നേറ്റ് വരുന്നു. പിന്നെ  ദീര്‍ഘമായ കാലം മഹ്ശറയില്‍ നില്‍ക്കുകയാണ്. മിഖ്ദാദുബ്ന്‍ അസ്‌വദ്(റ) നബി ﷺ യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ''സൂര്യന്‍ ഒരു മൈല്‍ മാത്രം അകലെ മനുഷ്യരുടെ തലക്ക് മീതെ അടുപ്പിച്ച് കൊണ്ട് വരുന്നതാണ്.''

ഉള്‍ഭാഗത്ത് ഒന്നരക്കോടി ഡിഗ്രി സെന്റിഗ്രെയ്ഡും പുറമെ അയ്യായിരം ഡിഗ്രിയും ചൂടുള്ള സൂര്യന്‍ 15 കോടി കിലോമീറ്റര്‍ അകലെയാണ്. എന്നിട്ട് പോലും നമുക്ക് ചൂട് സഹിക്കാനാവുന്നില്ല. അതിനെ ഒരു മൈല്‍ ദൂരെ എത്തിച്ചാലുള്ള ചൂട് ഭാവനയില്‍ പോലും ഉള്‍കൊള്ളാന്‍ കഴിയില്ല.

ആളുകള്‍ കുറ്റത്തിന്റെ തോതനുസരിച്ച് വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചിരിക്കും. ഞെരിയാണിവരെ, മുട്ടുവരെ, നെഞ്ച് വരെ... അങ്ങനെ വ്യത്യസ്ത തോതില്‍. കുറ്റവാളികള്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവരായിട്ടാണ് ഒരുമിച്ചുകൂട്ടപ്പെടുക. അത്രയും ഭയാനകമായ വെയിലിലും ഏഴ് വിഭാഗം ആളുകള്‍ക്ക് അല്ലാഹു തണല്‍ നല്‍കും. നീതിമാനായ ഭരണാധികാരി, ആരുമറിയാതെ ദാനം ചെയ്തവന്‍, അല്ലാഹുവിന്റെ ദീനിന്റെ താല്‍പര്യത്തിന് വേണ്ടി അടുക്കുകയും അതിന് വേണ്ടി അകലുകയും ചെയ്തവന്‍, ഏകാന്തമായ സന്ദര്‍ഭം കിട്ടിയിട്ടും വ്യഭിചാരത്തില്‍ നിന്ന് ഒഴിഞ്ഞ് മാറിയ വ്യക്തി, അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞ് കണ്ണീര്‍ ഒഴുക്കിയ വ്യക്തി, പള്ളിയുമായി ഹൃദയം ബന്ധിച്ച വ്യക്തി, മുതലായവരൊക്കെ അന്ന് സവിശേഷമായ തണല്‍ അനുഭവിക്കുന്നവരാണ്.

ദീര്‍ഘകാലം നിന്ന് മടുക്കുമ്പോള്‍ മനുഷ്യര്‍ ചെന്ന് ആദിമനുഷ്യനായ ആദം(അ)നെ സമീപിക്കുന്നു. 'ഓ ആദമേ, മനുഷ്യ പിതാവണല്ലോ നിങ്ങള്‍. നിങ്ങളെ അല്ലാഹു അവന്റെ സ്വന്തം കൈകള്‍ കൊണ്ട് സൃഷ്ടിച്ചു. അവന്‍ ആത്മാവ് നിങ്ങളില്‍ ആവാഹിച്ചു, നിങ്ങള്‍ക്ക് സാഷ്ടാംഗം ചെയ്യാന്‍ അല്ലാഹു മലക്കുകളോട് കല്‍പിച്ചു. അവര്‍ സാഷ്ടാംഗം ചെയ്തു. (ഇത്രയും മേന്മകള്‍ ഉള്ള നിങ്ങള്‍) ഞങ്ങളെ ഒന്ന് വിചാരണക്കെടുക്കാന്‍ വേണ്ടി അല്ലാഹുവിനോട് ആവശ്യപ്പെടണേ. ഞങ്ങളുടെ ദുരവസ്ഥ നിങ്ങള്‍ കാണുന്നുണ്ടല്ലോ...' എന്ന് പറയുന്നു. അപ്പോള്‍ ആദം(അ) പറയും: 'എന്റെ റബ്ബ് ഇന്ന് അത്യധികം കോപിഷ്ടനാണ്. ഇതിന് മുമ്പ് അല്ലാഹു ഇങ്ങനെ കോപിച്ചിട്ടില്ല. ഇനിയൊരിക്കലും കോപിക്കുകയുമില്ല. അത്രക്കും കടുത്ത കോപത്തിലാണവന്‍. (സ്വര്‍ഗത്തില്‍) ആ വൃക്ഷത്തെ സമീപിക്കരുതെന്ന് അവന്‍ എന്നെ തടഞ്ഞിരുന്നു. ഞാനതിനെതിരായി പ്രവര്‍ത്തിച്ച് പോയി. ഞാനെന്നെക്കുറിച്ച് തന്നെ ഭയപ്പെടുകയാണ്. എന്തായിരിക്കും എന്റെ സ്ഥിതി! ഹാ... എന്തായിരിക്കും എന്റെ സ്ഥിതി! നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിച്ചു നോക്കൂ. നിങ്ങള്‍ നൂഹിനെ സമീപിച്ചോളൂ...' അങ്ങനെയവര്‍ നൂഹ് നബി(അ)യെ സമീപിച്ച് പറയുന്നു: 'ഓ നൂഹേ...ഭൂമിയിലേക്കയക്കപ്പെട്ട പ്രഥമ റസൂലാണല്ലോ നിങ്ങള്‍. നന്ദിയുള്ള അടിമ എന്ന് അല്ലാഹു നിങ്ങളെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുകയാണല്ലോ. അതിനാല്‍ ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്ന് ശുപാര്‍ശ പറയണം.' അദ്ദേഹം പറയം: 'എന്റെ നാഥന്‍ ഇന്ന് അത്യന്തം കോപിഷ്ടനാണ്. സന്ദര്‍ഭം പോലെ പ്രാര്‍ഥിക്കാനായി ഒരു പ്രാര്‍ഥനക്കുള്ള അവകാശം എനിക്കവന്‍ നല്‍കിയിരുന്നു എന്നത് ശരിയാണ്. പക്ഷേ, ഞാനത് എന്റെ ജനതക്കെതിരെ പ്രയോഗിച്ച് പോയി. ഞാന്‍ എന്നെക്കുറിച്ച് തന്നെ ഭയക്കുകയാണ്. നിങ്ങള്‍ ഇബ്‌റാഹീമിനെ സമീപിച്ച് നോക്കൂ; ഇബ്‌റാഹീം നബി(അ)യെ സമീപിച്ച് ജനങ്ങള്‍ പറയുന്നു: 'നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനും ഭൂമിയില്‍ അവന്റെ ഏക മിത്രവുമാണല്ലോ.' അദ്ദേഹം പറയും: 'മൂന്ന് കളവുകള്‍ (പ്രത്യക്ഷത്തില്‍ കളവ് എന്ന് തോന്നിക്കുന്നവ) ഞാന്‍ പറഞ്ഞ് പോയിട്ടുണ്ട്. എന്റെ കാര്യത്തെ പറ്റി ഞാന്‍ ഉല്‍കണ്ഠാകുലനാണ്. നിങ്ങള്‍ മൂസയെ സമീപിച്ച് നോക്കൂ, അങ്ങനെ മൂസാനബി(അ)യെ സമീപിച്ച് പറയുന്നു: 'ഓ മൂസാ, നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനാണല്ലോ. അവന്റെ ദൗത്യവും നേരിട്ടുള്ള സംഭാഷണവും വഴി മറ്റെല്ലാവരെക്കാളും അവന്‍ നിങ്ങളെ ശ്രേഷ്ഠനാക്കിയിട്ടുണ്ട്. അല്ലാഹു നേരിട്ട് നിങ്ങളോട് സംസാരിച്ചിട്ടുണ്ട്. അവന്റെ ദൗത്യ സന്ദേശം നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യണേ...' അദ്ദേഹം പറയും: '...എന്റെ രക്ഷിതാവ് വമ്പിച്ച കോപത്തിലാണ്... ഞാന്‍ ഒരു മനുഷ്യനെ അല്ലാഹുവിന്റെ കല്‍പന കൂടാതെ (അബദ്ധത്തില്‍) കൊന്ന് പോയിട്ടുണ്ട്. നിങ്ങള്‍ ഈസായുടെ അടുക്കലേക്ക് പോകൂ...' ഈസാനബി(അ)യോട് ജനങ്ങള്‍ പറയുന്നു: 'നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനും മര്‍യമിന് ഇട്ടുകൊടുത്ത വചനവും അവന്റെ ഉടമസ്ഥതയില്‍ നിന്നുള്ള ആത്മാവും കൂടിയാണ്. ജനങ്ങളോട് തൊട്ടിലില്‍ വെച്ച് സംസാരിച്ചിട്ടുണ്ട് നിങ്ങള്‍. അതിനാല്‍ ഞങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യണേ...' ഈസാ(അ) പറയും: 'ഞാന്‍ എന്നെക്കുറിച്ച് വ്യാകുലനാണ്. നിങ്ങള്‍ മുഹമ്മദ് നബിയെ സമീപിച്ച് നോക്കൂ...' അങ്ങനെയവര്‍ എന്നെ സമീപിച്ച് പറയുയും: 'ഓ മുഹമ്മദ്! നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനാണല്ലോ.. അന്ത്യപ്രവാചകനുമാണ്. സകല പാപങ്ങളും നിങ്ങള്‍ക്ക് പൊറുത്ത് തന്നിരിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഒന്ന് ശുപാര്‍ശ ചെയ്യണേ...' അപ്പോള്‍ ഞാന്‍ പോയി അല്ലാഹുവിന്റെ സിംഹാസനത്തിന് താഴെചെന്ന് നാഥന് സാഷ്ടാംഗം ചെയ്ത് വീഴുന്നു. അവന്റെ സ്തുതി കീര്‍ത്തനങ്ങള്‍ എടുത്ത് പറയാനും അവനെ ഏറ്റവും നന്നായി വാഴ്ത്താനും ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഒരു രീതി അപ്പോള്‍ അവന്‍ എനിക്ക് തോന്നിക്കുകയും തുറന്ന് തരുകയും ചെയ്യുന്നതാണ്. പിന്നീട് അല്ലാഹു പറയും: 'ഓ മുഹമ്മദേ! തലയുയര്‍ത്തൂ. ആവശ്യം പറയൂ, നല്‍കാം. ശുപാര്‍ശ ചെയ്‌തോളൂ, അംഗീകരിക്കാം....' അപ്പോള്‍ ഞാന്‍ പറയും: 'എന്റെ നാഥാ! ഒരു ശുപാര്‍ശക്കുള്ള അവകാശം നീയെനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നിന്റെ സൃഷ്ടികളില്‍ ആ ശുപാര്‍ശ നീ സ്വീകരിച്ചാലും. ഉടനെ അവരെ വിചാരണയ്ക്ക് തീരുമാനമെടുത്താലും.' അല്ലാഹു പറയും: 'നിന്റെ ശുപാര്‍ശ ഞാന്‍ സ്വീകരിച്ചു. ഞാന്‍ വരാം. തീരുമാനമെടുത്ത് തരാം.' അങ്ങനെ ഞാന്‍ തിരിച്ച് വരുന്നു. ജനങ്ങളോടൊപ്പം മഹ്ശറില്‍ തന്നെ വന്ന് നിലയുറപ്പിക്കുന്നു.' ഇതാണ് അശ്ശഫാഅത്തുല്‍ കുബ്‌റാ അഥവാ ഏറ്റവും വലിയ ശുപാര്‍ശ.

ഇതിന് പുറമെയുള്ള ശുപാര്‍ശയുടെ കാര്യത്തില്‍ അനേകം മനുഷ്യര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കന്മാര്‍ മന്ത്രിമാരുടെ മുമ്പില്‍ ശുപാര്‍ശ പറയുന്നത് പോലെ ആര്‍ക്ക് വേണ്ടിയും നബിമാരും മഹാന്മാരും ശുപാര്‍ശ നടത്തുമെന്നാണ് വിശ്വാസം. പക്ഷേ, അല്ലാഹുവിന്റെയടുക്കലുള്ള ശുപാര്‍ശക്ക് മൂന്ന് നിബന്ധനകള്‍ ഉണ്ട്:

1. ശുപാര്‍ശ നടത്താന്‍ അല്ലാഹുവിന്റെ സമ്മതം കിട്ടണം. രണ്ടാം അധ്യായം അല്‍ബക്വറ 255ാം വചനത്തില്‍ അല്ലാഹു പറയുന്നു;

''...അവന്റെ അനുമതി പ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താന്‍ ആരാണുള്ളത്...? (ആരുമില്ല എന്നര്‍ഥം).

അല്ലാഹു ശുപാര്‍ശക്ക് അനുമതി നല്‍കിയാല്‍ തന്നെ ആര്‍ക്ക് വേണ്ടിയും എന്തിനും ശുപാര്‍ശ പറ്റുകയില്ല.

2. സത്യമായതേ ശുപാര്‍ശ പറയാന്‍ പറ്റൂ.

78ാം അധ്യായം സൂറത്തുന്നബഅ് 38ാം വചനത്തില്‍ 'പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല' എന്ന് പറഞ്ഞതില്‍നിന്നും ഇക്കാര്യം ബമനസ്സിലാക്കാം.

3. രാഷ്ട്രീയ പ്രവര്‍ത്തകരോട് മന്ത്രിമാര്‍, ഇന്നിന്ന വ്യക്തികള്‍ക്ക് ശുപാര്‍ശ പറയാന്‍ നിനക്ക് സമ്മതം തന്നിരിക്കുന്നു എന്ന് പറയാറില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ മന്ത്രിയുടെയടുക്കല്‍ ആളെയും പ്രശ്‌നവും പരിചയപ്പെടുത്തി കൊടുക്കുകയാണ് ചെയ്യാറുള്ളത്. അത് പോലെയല്ല പരലോകത്തിലെ ശുപാര്‍ശ. 20ാം അധ്യായം സൂറതുത്ത്വാഹാ 109ാം വചനം കാണുക:

''അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല.'''

മഹാന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി ചെയ്യാനുള്ളതല്ല പരലോകത്തിലെ ശുപാര്‍ശ എന്നര്‍ഥം. ആദ്യം ശുപാര്‍ശ ചെയ്യാന്‍ സമ്മതം നല്‍കുന്നതും പിന്നീട് ശുപാര്‍ശ ചെയ്യപ്പെടേണ്ട വ്യക്തി ആരെന്ന് തീരുമാനിക്കുന്നതും അല്ലാഹുവാണ്. (അവസാനിച്ചില്ല)