ദുഃഖത്തിന്റെ വര്‍ഷം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 മാര്‍ച്ച് 23 1440 റജബ് 16

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 15)

അബൂത്വാലിബിന്റെ രോഗം ശക്തമായി. മലയിടുക്കില്‍ നിന്നും തിരിച്ചുവന്ന ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം അവസാനത്തിലായിരുന്നു ഇത്; ഹിജ്‌റയുടെ ഏതാണ്ട് 3 വര്‍ഷം മുമ്പ്. മരിക്കുമ്പോള്‍ 87 വയസ്സ് പ്രായമായിരുന്നു. മുഹമ്മദ് നബി ﷺ യെ ദ്രോഹിക്കുന്നവരില്‍ നിന്നെല്ലാം അദ്ദേഹത്തെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. 40 വര്‍ഷത്തില്‍ കൂടുതല്‍ അദ്ദേഹത്തിന്റെ സഹായം മുഹമ്മദ് നബി ﷺ ക്ക് ലഭിച്ചിട്ടുണ്ട്. എങ്കിലും അബൂതാലിബ് തന്റെ ജനതയുടെ മതത്തില്‍ തന്നെയായിരുന്നു. ഈ അവസ്ഥയിലാണ് അബൂത്വാലിബ് മരണപ്പെടുന്നതും. 

സഈദുബ്‌നുല്‍ മുസയ്യബ്(റ) തന്റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറയുകയാണ്: ''അബൂത്വാലിബിന്റെ മരണ സമയമായപ്പോള്‍ മുഹമ്മദ് നബി ﷺ അവിടെ ചെന്നു. അബൂജഹല്‍, അബ്ദുല്ലാഹിബ്‌നു അബീഉമയ്യത് തുടങ്ങിയവര്‍ അവിടെ ഉണ്ടായിരുന്നു. മുഹമ്മദ്‌നബി ﷺ അബൂത്വാലിബിനോട് പറഞ്ഞു: 'അല്ലയോ പിതൃവ്യാ, നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ. അല്ലാഹുവിന്റെ മുമ്പില്‍ അങ്ങേക്കുവേണ്ടി ഞാന്‍ സാക്ഷി പറയാന്‍ പറ്റുന്ന ഒരു വചനം.' അപ്പോള്‍ അബൂജഹലും അബ്ദുല്ലാഹിബ്‌നു അബീ ഉമയ്യതും ചോദിച്ചു: 'അല്ല, അബൂത്വാലിബ്! താങ്കള്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മതം കൈവിടുകയോ?' മുഹമ്മദ് നബി ﷺ അബൂത്വാലിബിന്റെ മുമ്പില്‍ കലിമത്ത് പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, അവസാനം അബൂത്വാലിബ് അബ്ദുല്‍ മുത്ത്വലിബിന്റെ മില്ലത്തില്‍ എന്നു പറഞ്ഞു കൊണ്ടാണ് മരണപ്പെട്ടത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയാന്‍ അബൂത്വാലിബ് വിസമ്മതിച്ചു. ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി ﷺ പറഞ്ഞു: 'അല്ലാഹുവാണ് സത്യം; എന്നോട് വിലക്കപ്പെടാത്തിടത്തോളം കാലം അങ്ങേക്കുവേണ്ടി ഞാന്‍ പാപമോചന പ്രാര്‍ഥന നടത്തുക തന്നെ ചെയ്യും.' അപ്പോള്‍ അല്ലാഹു തആല ഈ വചനം ഇറക്കി: ''ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്‌നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ -അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും- പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല''(തൗബ: 113). അബൂത്വാലിബിന്റെ ഈമാന്‍ ഇല്ലാത്ത മരണത്തില്‍ മുഹമ്മദ് നബി ﷺ ക്ക് ഏറെ വിഷമം തോന്നി. അപ്പോള്‍ അല്ലാഹു ഈ വചനം അവതരിപ്പിച്ചു കൊടുത്തു: ''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു'' (ക്വസ്വസ്വ്: 56)(ബുഖാരി: 3884. മുസ്‌ലിം: 24).

അബൂഹുറയ്‌റ(റ) പറയുന്നു: ''മുഹമ്മദ് നബി ﷺ തന്റെ പിതൃവ്യനോട് പറഞ്ഞു: 'നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ. ഈ വചനം കൊണ്ട് അന്ത്യദിനത്തില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ സാക്ഷി പറയാം.' അപ്പോള്‍ അബൂത്വാലിബ് പറഞ്ഞു: 'ക്വുറൈശികള്‍ എന്നെ ആക്ഷേപിച്ചു പറയുമായിരുന്നില്ലെങ്കില്‍ നിന്റെ കണ്ണിന് ഞാന്‍ കുളിര്‍മ നല്‍കുമായിരുന്നു. അതായത് അബൂത്വാലിബിന് ഭയം തോന്നി എന്ന് അവര്‍ എന്നെക്കുറിച്ച് പറയും.' അപ്പോഴാണ് അല്ലാഹു മുകളില്‍ സൂചിപ്പിച്ച ആയത്ത് അവതരിപ്പിച്ചത് (മുസ്‌ലിം: 25).

അബൂത്വാലിബ് മുഹമ്മദ് നബി ﷺ യെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. അബൂത്വാലിബ് മുസ്‌ലിമാകണമെന്നും മുഹമ്മദ് നബി ﷺ ആഗ്രഹിച്ചിരുന്നു. പക്ഷേ, അബൂത്വാലിബിന്റെ മനസ്സില്‍ മുഹമ്മദ് നബിയോടാണ് സ്‌നേഹം ഉണ്ടായിരുന്നത്; മുഹമ്മദ് നബിയുടെ മതത്തോടായിരുന്നില്ല. ഏതായാലും അബൂത്വാലിബ് അവിശ്വാസിയായി മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ അലി(റ)യാണ് അദ്ദേഹത്തെ മറമാടിയത്. അബൂത്വാലിബിന്റെ പര്യവസാനം നരകമാണ്. പക്ഷേ, നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷയാണ് അബൂത്വാലിബിന് ഉള്ളത്. അതും മുഹമ്മദ് നബി ﷺ യുടെ ശുപാര്‍ശയുടെ ഭാഗമായിക്കൊണ്ടാണ് ലഭിക്കുക. അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്(റ) പറയുന്നു: അദ്ദേഹം മുഹമ്മദ് നബി ﷺ യോട് ചോദിച്ചു: 'നിങ്ങളുടെ പിതൃവ്യന് നിങ്ങളെക്കൊണ്ട് വല്ല ഉപകാരവും ലഭിക്കുമോ? അങ്ങേക്കുവേണ്ടി കോപിക്കുകയും അങ്ങയെ സംരക്ഷിക്കുകയും ചെയ്തിരുന്നല്ലോ.' അപ്പോള്‍ മുഹമ്മദ് നബി ﷺ പറഞ്ഞു: 'അബൂതാലിബ് നരകത്തിന്റെ മുകള്‍തട്ടില്‍ ആയിരിക്കും. ഞാനില്ലായിരുന്നെങ്കില്‍ അബൂത്വാലിബ് നരകത്തിന്റെ ഏറ്റവും അടിയിലെ തട്ടില്‍ ആകുമായിരുന്നു' (ബുഖാരി:1883, മുസ്‌ലിം: 209). 'ഞാനില്ലായിരുന്നെങ്കില്‍' എന്ന മുഹമ്മദ് നബി ﷺ യുടെ വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബിയുടെ ശുപാര്‍ശ ഇല്ലായിരുന്നെങ്കില്‍ എന്ന ആശയമാണ്. മറ്റൊരു ഹദീഥില്‍ ഇത് വ്യക്തമായി കാണുവാന്‍ സാധിക്കും. മുഹമ്മദ് നബി ﷺ യുടെ മുമ്പില്‍ തന്റെ പിതൃവ്യനെക്കുറിച്ച് പറയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അന്ത്യ ദിനത്തില്‍ എന്റെ ശുപാര്‍ശ അബൂത്വാലിബിന് ഫലം ചെയ്‌തേക്കാം. അങ്ങനെ നരകത്തിന്റെ മുകള്‍ ഭാഗത്ത് അബൂത്വാലിബിനെ ആക്കിയേക്കാം. അബൂത്വാലിബിന്റെ കാലുകളില്‍ പതിക്കുന്ന തീജ്വാല പോലും തലച്ചോറിനെ തിളച്ചു മറിക്കുന്നതായിരിക്കും.' (ബുഖാരി: 1885. മുസ്‌ലിം: 210).

ഇബ്‌നുഅബ്ബാസി(റ)ന്റെ മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: നബി ﷺ പറയുന്നു: 'നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന ആളാണ് അബൂത്വാലിബ്. രണ്ടു ചെരിപ്പുകള്‍ അബൂത്വാലിബിന് ധരിക്കുവാന്‍ നല്‍കും. അത് ധരിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ തലച്ചോര്‍ തിളച്ചു മറിയും' (മുസ്‌ലിം: 212).

ഖദീജ(റ)യുടെ മരണം

ഖുവൈലിദിന്റെ മകള്‍ ഖദീജ(റ) നബി ﷺ യുടെ ഭാര്യയായിരുന്നു. അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് നല്‍കിയ വലിയ അനുഗ്രഹമായിരുന്നു ആ ഭാര്യ. അവര്‍ നബി ﷺ യില്‍ വിശ്വസിച്ചു. പ്രയാസപ്പെട്ട സന്ദര്‍ഭങ്ങളില്‍ ശക്തിനല്‍കി. തന്റെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിച്ചു. സമ്പത്ത്‌കൊണ്ടും ശരീരംകൊണ്ടും നബി ﷺ ക്ക് ആശ്വാസം നല്‍കി. അബൂത്വാലിബിന്റെ മരണം കഴിഞ്ഞ് അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ഖദീജ(റ)യും ഈ ലോകത്തോട് യാത്ര പറഞ്ഞു. ഇതോടെ നബി ﷺ ക്ക് രണ്ട് പ്രയാസങ്ങളാണ് ഒന്നിച്ചു വന്നത്. (ഒന്ന്) പുറമെനിന്ന് തന്റെ സഹായിയായി വര്‍ത്തിച്ച പിതൃവ്യന്റെ മരണം. (രണ്ട്) അകത്തു നിന്ന് തനിക്ക് താങ്ങും തണലുമായി നിന്ന ഭാര്യയുടെ മരണം. 

അതോടെ നബി ﷺ തന്റെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടാന്‍ തുടങ്ങി. വളരെ വിരളമായി മാത്രമെ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. ഖദീജയുടെ വേര്‍പാടില്‍ നബി ﷺ ഏറെ ദുഃഖിച്ചു. ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പായിരുന്നു ഖദീജയുടെ മരണം. അതായത് പ്രവാചകത്വത്തിന്റെ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം. ഇസ്‌റാഉം മിഅ്‌റാജും ഉണ്ടാവുകയും അതിലൂടെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടുകയും ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്. ഹുജൂന്‍ എന്ന സ്ഥലത്തുള്ള മക്കക്കാരുടെ ക്വബ്ര്‍സ്ഥാനില്‍ അവരെ മറവുചെയ്തു. നബി ﷺ തന്നെയാണ് ക്വബ്‌റില്‍ ഇറങ്ങി അവരെ വെച്ചത്. അന്ന് മയ്യിത്ത് നമസ്‌കാരം മതനിയമമാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. നബി ﷺ യുടെ കൂടെ 25 വര്‍ഷമാണ് അവര്‍ താമസിച്ചത്. ഖദീജ(റ) മരിക്കുമ്പോള്‍ അവര്‍ക്ക് 65 വയസ്സ് പ്രായമായിരുന്നു. നബി ﷺ ക്കാകട്ടെ 50 വയസ്സും. 

അബൂഹുറയ്‌റ(റ) പറയുന്നു: ജിബ്‌രീല്‍ നബി ﷺ യുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: 'പ്രവാചകരേ, ഒരു പാത്രവുമായി നിങ്ങളുടെ അടുത്തേക്ക് ഖദീജ വരികയാണ്. അതില്‍ ഭക്ഷണവും കറിയും ഉണ്ട്. അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും എന്റെ ഭാഗത്തുനിന്നുമുള്ള സലാം പറയുക. സ്വര്‍ഗത്തില്‍ ഒരു വീടുണ്ട് എന്നുള്ള സന്തോഷവാര്‍ത്തയും അറിയിക്കുക. അതില്‍ ക്ഷീണവും പ്രയാസങ്ങളും ഇല്ല' (ബുഖാരി: 3820. മുസ്‌ലിം: 2432). 

അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു; നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: 'സ്ത്രീകളില്‍ ഏറ്റവും നല്ലവര്‍ മറിയം ബിന്‍തു ഇമ്രാന്‍ ആണ്. സ്ത്രീകളില്‍ ഏറ്റവും നല്ലവര്‍ ഖദീജ ബിന്‍ത് ഖുവൈലിദ് ആണ്'(ബുഖാരി:3815, മുസ്‌ലിം: 2430). 

ആഇശ(റ) പറയുന്നു:''ഖദീജയുടെ കാര്യത്തില്‍ ഈര്‍ഷ്യത ഉള്ളതുപോലെ പ്രവാചകന്റെ ഒരു ഭാര്യമാരുടെ വിഷയത്തിലും ഞാന്‍ ഈര്‍ഷ്യത കാണിച്ചിട്ടില്ല. ഞാനാകട്ടെ അവരെ കണ്ടിട്ടുമില്ല. പക്ഷേ, അവരെക്കുറിച്ച് ധാരാളമായി നബി(റ) പറയാറുണ്ടായിരുന്നു. ചിലപ്പോള്‍ നബി ﷺ ആടിനെ അറുക്കുകയും അതിനെ കഷ്ണം കഷ്ണമാക്കി ഖദീജയുടെ സുഹൃത്തുക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ ഞാന്‍ നബി ﷺ യോട് പറഞ്ഞിട്ടുണ്ട്: 'ഖദീജ അല്ലാതെ മറ്റൊരു സ്ത്രീകളും ലോകത്തില്ലാത്ത പോലെയുണ്ട് നിങ്ങള്‍ കാണിക്കുന്നത് കണ്ടാല്‍.' അപ്പോള്‍ നബി ﷺ പറയും: 'ഖദീജ ഇന്നയിന്ന സ്വഭാവങ്ങള്‍ ഒക്കെ ഉള്ള ആളായിരുന്നു. അവരില്‍ നിന്നാണ് എനിക്ക് മക്കള്‍ ഉണ്ടായത്'' (മുഖാരി: 3818, മുസ്‌ലിം: 2435). ഖദീജ(റ)യുടെ മരണം വരെ നബി ﷺ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിട്ടില്ല. (മുസ്‌ലിം: 2436). 

മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തില്‍നിന്ന് ആദ്യമായി നബി ﷺ യില്‍ വിശ്വസിച്ച വനിത, അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ഏറ്റവും ആദ്യമായി ക്ഷണിച്ച സ്ത്രീകളില്‍ പെട്ടവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏറ്റവും ആദ്യമായി ധനം ചെലവഴിച്ച വ്യക്തി, നബി ﷺ യുടെ പിന്നില്‍ നിന്നുകൊണ്ട് ആദ്യമായി നമസ്‌കരിച്ച വ്യക്തി, ജിബ്‌രീലിന്റെ അടുക്കല്‍ അല്ലാഹു തആല ആദ്യമായി സലാം പറഞ്ഞയച്ച വ്യക്തി... ഇങ്ങനെ പല സവിശേഷതകളും ഉള്ള മഹതിയാണ് ഖദീജ(റ). 

നബി ﷺ യോട് അവര്‍ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. അവരുടെ ഭാഗത്തുനിന്ന് ഒരു പ്രയാസങ്ങളും നബി ﷺ ക്ക് ഉണ്ടായിട്ടില്ല. വഴക്കു പറയുകയോ ആക്ഷേപിക്കുകയോ ചെയ്യേണ്ട സാഹചര്യം നബി ﷺ ക്ക് ഉണ്ടായിട്ടില്ല. ഇബ്‌റാഹീം ഒഴിച്ച് ബാക്കിയുള്ള എല്ലാ മക്കളും ഖദീജയില്‍ നിന്നാണ് ഉണ്ടായത്. ഇബ്‌റാഹീമിന്റെ ഉമ്മ മാരിയതുല്‍ ക്വിബ്തിയ്യ ആയിരുന്നു. ഖദീജ(റ)യുടെ മരണശേഷം നബി ﷺ ആഇശ(റ)യെ വിവാഹം ചെയ്തു. മദീനയിലേക്കുള്ള ഹിജ്‌റക്ക് ശേഷമല്ലാതെ നബി ﷺ അവരോടൊപ്പം ഒന്നിച്ചിട്ടില്ല. ആഇശ(റ)യെ വിവാഹം ചെയ്തതിനുശേഷം സൗദ ബിന്‍ത് സംഅ(റ)യെ മക്കയില്‍വെച്ച് കല്യാണം കഴിച്ചു.

ആഇശ(റ)യുമായി ഒന്നിക്കുന്നതിന് മുമ്പു തന്നെ സൗദ(റ)യുമായി നബി ﷺ ഒന്നിച്ചിട്ടുണ്ടായിരുന്നു. ബുദ്ധിമതിയായ  മഹതി സൗദ(റ) തന്റെ വാര്‍ധക്യാവസ്ഥ പരിഗണിച്ചു കൊണ്ട് തനിക്ക് അവകാശപ്പെട്ടരാത്രിപോലും നബി ﷺ യോടൊപ്പം കഴിയാന്‍ ആഇശ(റ)ക്ക് വേണ്ടി അനുവദിച്ചുകൊടുത്തിരുന്നു. മദീനയില്‍ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഖിലാഫത്തിന്റെ അവസാന സമയത്താണ് അവര്‍ മരണപ്പെടുന്നത്.