നോമ്പോര്‍മയുടെ ലോകാനുഭവങ്ങള്‍

ഷാമില തിരുതാലമ്മല്‍, സൗത്ത് കൊറിയ

2019 ജൂണ്‍ 01 1440 റമദാന്‍ 27

(ഭാഗം: 3)


വിയറ്റ്‌നാം

റിയാസ് അഹ്മദ്

പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സിന്റെ അധീനതയിലായിരുന്നു വിയറ്റ്‌നാം. സൗത്ത് വിയറ്റ്‌നാം, നോര്‍ത്ത് വിയറ്റ്‌നാം എന്നിങ്ങനെ രണ്ട് രാജ്യങ്ങള്‍ ആയിട്ടായിരുന്നു അന്ന് യഥാര്‍ഥത്തില്‍ ഇന്നത്തെ വിയറ്റ്‌നാം പ്രദേശങ്ങള്‍. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രാന്‍സില്‍നിന്ന് മോചനം ലഭിച്ചു. നോര്‍ത്ത്-സൗത്ത് യുദ്ധത്തിനുശേഷം ഇന്നത്തെ വിയറ്റ്‌നാം രൂപീകരിക്കപ്പെട്ടു. 11 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട, ഏകദേശം 20 വര്‍ഷം നീണ്ടുനിന്ന കുപ്രസിദ്ധ യുദ്ധമാണ് വിയറ്റ്‌നാം യുദ്ധം.

ഇവിടെ സ്വഹാബിമാരുടെ കാലഘട്ടത്തില്‍തന്നെ മുസ്‌ലിംകള്‍ എത്തിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു. ഉസ്മാന്‍്യ ഖലീഫയായിരുന്ന കാലത്ത് ചൈനയിലേക്ക് ഒരു സംഘത്തെ പ്രബോധനത്തിനായി അയച്ചിരുന്നു. ആ സംഘം ഇന്നത്തെ വിയറ്റ്‌നാം പ്രദേശങ്ങളിലും എത്തിയിരുന്നു. എങ്കിലും മറ്റു പ്രദേശങ്ങളിലെ പോലെ വിയറ്റ്‌നാമില്‍ ഇസ്‌ലാം അധികം വ്യാപിച്ചിരുന്നില്ല. ഇന്ന് അവിടത്തെ മുസ്‌ലിംകളില്‍ ഭൂരിഭാഗവും പരമ്പരാഗത വിഭാഗമായ 'ചാം' എന്ന വിഭാഗത്തില്‍ പെടുന്നവരാണ്. ഈ വിഭാഗത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമാണ് കൂടുതല്‍. മാത്രമല്ല വിയറ്റ്‌നാം യുദ്ധത്തിന്റെ സമയത്ത് 'ചാം' വിഭാഗത്തിന് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം ഉന്നയിച്ച് നോര്‍ത്ത് വിയറ്റ്‌നാമിനോടും സൗത്ത് വിയറ്റ്‌നാമിനോടും ഒരേസമയം ഇവര്‍ യുദ്ധം ചെയ്തിരുന്നു. അത് പക്ഷേ, പരാജയപ്പെട്ടു.  ഇന്നത്തെ വിയറ്റ്‌നാമില്‍ മുസ്‌ലിം ജനസംഖ്യ ഒരു ശതമാനത്തിലും കുറവാണ്. ആകെ 64000 മുസ്‌ലിംകളാണ് അവിടെയുള്ളത്.

പിന്നെ ജോലിക്ക് വന്ന വിദേശികളായ മുസ്‌ലിംകളുമുണ്ട്. ഹനൂയ് സിറ്റിയില്‍ 'അല്‍-നൂര്‍' എന്ന് പേരുള്ള ഒരു പള്ളിയുണ്ട്. 1890ല്‍ നിര്‍മിക്കപ്പെട്ടതാണ് ഇത്. എംബസി അവിടെയായതിനാല്‍ അറബ് നാടുകളില്‍നിന്നുള്ള എംബസി ഉദ്യോഗസ്ഥരും കുടുംബവും മറ്റു വിദേശ മുസ്‌ലിംകളുമൊക്കെയാണ്  കാര്യമായിട്ട് പള്ളിയില്‍ ഉണ്ടാകാറുള്ളത്. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ആഫ്രിക്കന്‍ മുസ്‌ലിംകളും പള്ളിയില്‍ വരാറുണ്ട്. പരമാവധി 100 പേരെ ഉള്‍ക്കൊള്ളാന്‍ മാത്രമെ പള്ളിക്ക് വിശാലതയുള്ളൂ.

ഒരു ദിവസം നോമ്പുതുറക്ക് അവിടെ ചെന്നപ്പോള്‍ ഈജിപ്ഷ്യന്‍ എംബസിയുടെ വകയായിരുന്നു ഭക്ഷണം. വിയറ്റ്‌നാംകാരുടെ ഭക്ഷണം റൈസ്, ന്യൂഡില്‍സ് തുടങ്ങിയവയാണ്. ഈ പള്ളിയില്‍ വിയറ്റ്‌നാം ഭാഷയിലാണ് ഖുത്വുബ നടക്കാറുള്ളത്. നോമ്പിന് തറാവീഹിന് പതിനൊന്ന് റക്അത്തില്‍ പത്ത് റക്അത്ത് ജമാഅത്തായി നമസ്‌കരിക്കും. ബാക്കി ഇടയത്താഴത്തിന് എഴുന്നേല്‍ക്കുമ്പോള്‍ വീട്ടില്‍ വച്ച് നമസ്‌കരിക്കാന്‍ ഇമാം പറയും.

പന്നിയിറച്ചി ഈ നാട്ടിലെ പ്രധാന ഭക്ഷണമാണ്. അതുകൊണ്ട് റൂമില്‍ സ്വയം ഭക്ഷണമുണ്ടാക്കി കഴിക്കാറാണ് പതിവ്. ഇസ്‌ലാമികമായി ആഴത്തില്‍ അറിവുള്ള പണ്ഡിതന്മാര്‍ ഇല്ല. നന്നായി അറബി അറിയുന്ന ഇമാമുമാരും ഇല്ല.

രാജ്യത്ത് കര്‍ശനമായ നിയമങ്ങളാണുള്ളത്. പബ്ലിക് ആയി പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റില്ല. തദ്ദേശീയര്‍ മതവിശ്വാസികള്‍ക്ക് എതിരല്ല എങ്കിലും അവര്‍ക്ക് സ്വന്തമായി മതവിശ്വാസമോ ആരാധനാകര്‍മങ്ങളോ ഇല്ല. ഉള്ളവര്‍ തന്നെ ആരാധന നടത്താറുമില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെപ്പറ്റി ഒട്ടും ധാരണയില്ല. അടുത്തുള്ള മുസ്‌ലിം രാഷ്ട്രം മലേഷ്യ ആയതുകൊണ്ട് ഇവിടുത്തെ മുസ്‌ലിംകള്‍ക്ക് അടുപ്പം മലേഷ്യയോടാണ്. പ്രത്യേകിച്ചൊരു ജീവിതലക്ഷ്യവും ഇല്ലാത്തവരാണ് മിക്കവരും. രാവിലെ എഴുന്നേല്‍ക്കുക, ജോലിക്ക് പോവുക, തിരിച്ചുവരിക, ഉറങ്ങുക! ഇതാണ് അവരുടെ ജീവിതം. ഇങ്ങനെയുള്ളവര്‍ക്കിടയില്‍ പ്രബോധനം നടത്തിയാല്‍ അവര്‍ അത് പെട്ടെന്ന് സ്വീകരിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ, അതിനുള്ള സാഹചര്യങ്ങളും അവസരങ്ങളും അനുയോജ്യമല്ല.


ലക്ഷദ്വീപ്

അബ്ദുല്‍ അഹദ്

കേരള തീരത്തുനിന്ന് 450 കി.മീ. പടിഞ്ഞാറ് മാറി അറബിക്കടലിന്റെ വിരിമാറില്‍ വെളുത്ത മുത്തുമണികള്‍ കണക്കെ ചിതറിക്കിടക്കുന്ന 33ല്‍ താഴെ എണ്ണം വരുന്ന ചെറിയ മണല്‍ത്തുരുത്തുകളാണ് ലക്ഷദ്വീപ്. ഇതില്‍ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ബാക്കിയുള്ളവ കുറ്റിക്കാടുകള്‍ നിറഞ്ഞവയും വേലിയേറ്റത്തില്‍ മുങ്ങിപ്പോകുന്നവയുമാണ്. 300 ആളുകള്‍ മാത്രം വസിക്കുന്ന ദ്വീപാണ് ഏറ്റവും ചെറുത്. വലിയ ദ്വീപില്‍ ഏകദേശം 12000 ഓളം ആളുകള്‍ വരും. എല്ലാവര്‍ക്കും പരസ്പരം അറിയാം. 100% മുസ്‌ലിംകളാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം.

2011 ലെ സെന്‍സസ് അനുസരിച്ച് ലക്ഷദ്വീപില്‍ മൊത്തം 64000 ല്‍ പരം ആളുകള്‍ ഉണ്ട്. പ്രകൃതി മനോഹരമായ ലക്ഷദ്വീപ് കടലും കടല്‍ക്കാഴ്ചകളും ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികളുടെ പറുദീസയാണ്.  

ലക്ഷദ്വീപിലേക്കുള്ള പ്രവേശനം ഇന്ത്യാ ഗവണ്‍മെന്റ് നിയമം മൂലം നിയന്ത്രിച്ചിരിക്കുകയാണ്. ലക്ഷദ്വീപ് ഗവണ്‍മെന്റിന്റെ പ്രത്യേക പ്രവേശനാനുമതി കിട്ടിയാലേ ഇവിടേക്ക് പ്രവേശനം ലഭിക്കൂ. മദ്യം, മയക്കുമരുന്ന് പോലുള്ളവ നിയമം മൂലം നിരോധിച്ചിരിക്കുന്നു. ദ്വീപുകളെ വന്‍കരകളുമായി ബന്ധിപ്പിക്കുന്നത് കപ്പല്‍മാര്‍ഗവും വിമാനമാര്‍ഗവുമാണ്.

മുജാഹിദ്, സുന്നി, ജമാഅത്തെ ഇസ്‌ലാമി എന്നിങ്ങനെ പല സംഘടനകളുടെ അനുയായികളും ഇവിടെയുണ്ട്. എങ്കിലും പരസ്പരം സൗഹാര്‍ദത്തിലാണ് ജീവിക്കുന്നത്. മതത്തിന്റെ പേരിലുള്ള കലാപങ്ങള്‍ ഉണ്ടാവാറില്ല. കുറ്റവാളികള്‍ ഇല്ലാത്തതിനാല്‍ ദ്വീപുകളിലെ പൊലീസ് സ്‌റ്റേഷനിലെ സെല്ലുകള്‍ സ്‌റ്റോര്‍ റൂം ആയിട്ടാണ് ഉപയോഗിക്കാറ്.

മാസപ്പിറവിയുടെ കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ചിലര്‍ക്ക് ദ്വീപില്‍ തന്നെ മാസം കാണണമെന്ന് നിര്‍ബന്ധമാണ്. ചിലര്‍ കേരളത്തില്‍ കണ്ടാല്‍ സ്വീകരിക്കും. എന്നാല്‍ 50 കി.മീ. അപ്പുറത്ത് മാസപ്പിറവി കണ്ടാല്‍ പോലും സ്വീകരിക്കാത്തവരുമുണ്ട്. റമദാനില്‍ ദ്വീപില്‍ ദ്വുഹ്‌റിന് ശേഷമെ കടകള്‍ തുറക്കൂ. ഹോട്ടലുകളില്‍ ഭക്ഷണം കിട്ടില്ല. അത്‌കൊണ്ടു തന്നെ അമുസ്‌ലിംകളായ അന്യരാജ്യ തൊഴിലാളികള്‍ റമദാനില്‍ ദ്വീപില്‍ ജോലി ചെയാന്‍ വരാറില്ല. പ്രധാന ഉപജീവന മാര്‍ഗം മീന്‍പിടുത്തവും തെങ്ങ് കൃഷിയുമാണ്. എന്നാല്‍ റമദാനില്‍ വാണിജ്യാവശ്യത്തിനായി മീന്‍ പിടിക്കാന്‍ ആരും പോകാറില്ല. നാട്ടുകാരുടെ അന്നന്നുള്ള ആവശ്യത്തിനുള്ള മീന്‍ മാത്രമാണ് അവര്‍ പിടിക്കാറ്. 14 മണിക്കൂറാണ് നോമ്പിന്റെ ദൈര്‍ഘ്യം.

കൊച്ചി, മംഗലാപുരം, ബേപ്പൂര്‍ തുറമുഖങ്ങളോട് ദ്വീപിന് അടുത്ത ബന്ധമുണ്ട്. തേങ്ങയും മീനുമൊഴികെ ദ്വീപുകാര്‍ക്കാവശ്യമായ എല്ലാ വസ്തുവകകളും ഈ തുറമുഖങ്ങള്‍ വഴിയാണ് വരാറ്. അരി, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, മരുന്നുകള്‍ എല്ലാം കപ്പല്‍ വഴി എത്തിയാലേ ഇവരുടെ ജീവിതം മുന്നോട്ടു പോകൂ. ഇന്ന് 17 കപ്പലുകള്‍ ദ്വീപ് ഭരണകൂടത്തിനുണ്ട്. നോമ്പിന് സ്വുബ്ഹി കഴിഞ്ഞാല്‍ നാടുറങ്ങും. പിന്നെ ദ്വുഹ്‌റിനോടടുത്തേ ഉണരൂ. ഗവണ്‍മെന്റ് ഓഫീസുകള്‍ കൃത്യസമയത്തു തന്നെ തുറന്നാലും നാട്ടുകാര്‍ സേവനത്തിന് എത്തില്ല. വനിതാ ജീവനക്കാരെ രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് തന്നെ വീട്ടിലേക്ക് വിടും; ഭക്ഷണം പാകം ചെയ്യാനാണിത്.

നോമ്പുതുറക്ക് വിഭവങ്ങളുടെ കോലാഹലമാണ്. പൊരിച്ചതും കരിച്ചതും ചുട്ടതുമെല്ലാം കാണും. മിക്കതിനും മീനായിരിക്കും മുഖ്യം. പുതുതലമുറയിലെ യുവത നോമ്പുതുറ വിഭവങ്ങളുമായി കടല്‍ തീരത്തു ചെന്നിരുന്ന് സുഹൃത്തുക്കളുമായി ചേര്‍ന്ന് നോമ്പുതുറക്കും. പരസ്പരം പങ്കിട്ട്് കഴിക്കും. ഇളനീര്‍ നോമ്പുതുറക്ക് എന്തായാലും കാണും. തറാവീഹിന് പള്ളികള്‍ സജീവമായിരിക്കും. ചിലര്‍ പുറത്തു നിന്നുള്ളവരെ ഇമാമായി കൊണ്ടു വരും. ദ്വീപുകാര്‍ നല്ല ശമ്പളവും കൊടുക്കും. അവസാനത്തെ പത്തില്‍ പെരുന്നാള്‍ പുടവയെടുക്കാനുള്ള തിരക്കാണ്. കടകളുടെ എണ്ണം കുറവാണ്. കപ്പല്‍ വരുന്നതിനനുസരിച്ച് പുതിയ കളക്ഷനുകള്‍ എത്തും. പടക്ക വില്‍പനക്ക് നിരോധനമുണ്ടെങ്കിലും കടക്കാര്‍ വില്‍ക്കാറുണ്ട്. ആണ്‍കുട്ടികള്‍ക്ക് പെരുന്നാള്‍ എന്നാല്‍ പടക്കം പൊട്ടിക്കലാണ്. പെണ്‍കുട്ടികള്‍ക്ക് മൈലാഞ്ചിയിടലും ഉമ്മമാര്‍ക്ക് അടുക്കളയിലെ പാചകക്കാര്യവുമാണ് പെരുന്നാള്‍. ചെറുപ്പക്കാര്‍ക്ക് പുതുവസ്ത്രം നാട്ടുകാരെ കാണിക്കാനായി ബൈക്കില്‍ നാടുചുറ്റലാണ് പെരുന്നാള്‍.