സുന്നത്ത്: തെളിമയാര്‍ന്ന മാതൃക

സയ്യിദ് സഅ്ഫര്‍ സ്വാദിഖ്

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19

അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണ്. അത് മനുഷ്യര്‍ക്ക് എത്തിച്ച് കൊടുക്കുവാനായി അല്ലാഹു കാലാകാലങ്ങളില്‍ പ്രവാചകന്മാരെ നിയോഗിക്കുകയുണ്ടായി. അതില്‍ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് ﷺ . അവസാന വേദഗ്രന്ഥമായ ക്വുര്‍ആനും അന്തിമദൂതന്റെ ചര്യയുമനുസരിച്ചാണ് ഇനി അവസാനനാള്‍ വരെയുള്ള മനുഷ്യര്‍ ജീവിക്കേണ്ടത്. വിശുദ്ധ ക്വുര്‍ആന്‍ അനുസരിച്ച് എങ്ങനെ ജീവിക്കണമെന്നാണോ നബി(സ) തന്റെ ഇരുപത്തിമൂന്ന് വര്‍ഷ ജീവിതത്തില്‍ നമുക്ക് കാണിച്ച് തന്നത്; ആ ജീവിതചര്യക്കാണ് സുന്നത്ത് എന്ന് സാങ്കേതികമായി പറയുന്നത്. പ്രവാചകന്റെ ആ സുന്നത്ത് തെളിമയാര്‍ന്ന ഒരു മാതൃകയാണ് എന്നതില്‍ യാതൊരു സംശയവുമില്ല.

എന്താണ് സുന്നത്ത്?

കര്‍മശാസ്ത്ര ഭാഷയില്‍ 'സുന്നത്ത്' എന്ന പദം ഉപയോഗിക്കുന്നത് 'എടുത്താല്‍ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതുമായ' ഐഛികമായ കാര്യ  ങ്ങള്‍ക്കാണ്. എന്നാല്‍ ഹദീഥ് നിദാന ശാസ്ത്രപണ്ഡിതന്മാര്‍ സുന്നത്തിനെ നിര്‍വചിക്കുന്നത് 'പ്രവാചകന്റെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവക്ക് മൊത്തത്തില്‍ പറയുന്ന പേരാണ് സുന്നത്ത്' എന്നാണ്. ഉദാഹരണമായി പറഞ്ഞാല്‍: പ്രവാചകന്‍ ﷺ  തന്റെ നമസ്‌കാരങ്ങളില്‍ പ്രാര്‍ഥിച്ച പ്രാര്‍ഥനകള്‍ അദ്ദേഹത്തിന്റെ വാചികമായ സുന്നത്തുകളാണ്. പ്രവാചകന്‍ ﷺ  തന്റെ നമസ്‌കാരം എങ്ങിനെ നിര്‍വഹിച്ചുവോ അത്‌പോലെ ചെയ്യല്‍ അദ്ദേഹത്തിന്റെ കര്‍മപരമായ സുന്നത്താണ്. പ്രവാചകന്റെ സാന്നിധ്യത്തില്‍ ചില സ്വഹാബികള്‍ ഉടുമ്പിന്റെ മാംസം കഴിക്കുകയുണ്ടായി (ബുഖാരി). ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ ആ മാംസം തിന്നുകയോ, സ്വഹാബികളോട് നിങ്ങള്‍ തിന്നരുതെന്ന് വിലക്കുകയോ ചെയ്തില്ല. ഇത് പ്രവാചകന്റെ അംഗീകാരമുള്ള ചര്യയില്‍ പെടുന്നു. ഒരു കാര്യം ഇസ്‌ലാമില്‍ അനുവദനീയമാകണമെങ്കില്‍, ഇസ്‌ലാമിക ശരീഅത്തില്‍ ഉള്‍കൊള്ളണമെങ്കില്‍ പ്രവാചകന്റെ വാക്കോ, പ്രവൃത്തിയോ, അംഗീകാരമോ വേണമെന്നര്‍ഥം.

സനദും മത്‌നും

നബി ﷺ യുടെ ഹദീഥുകള്‍ക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന്, സനദ്. രണ്ട്, മത്‌ന്. ഹദീഥുകള്‍ ഉദ്ധരിക്കുന്ന ആളുകളുടെ പരമ്പരക്കാണ് സനദ് എന്ന് പറയുന്നത്. ഹദീഥില്‍ പറയപ്പെട്ട വിഷയമെന്താണോ അതിനാണ് മത്‌ന് എന്ന് പറയുന്നത്. പ്രവാചകന്‍ പറഞ്ഞുവെന്ന് പറഞ്ഞ് ആരെങ്കിലും ഏതെങ്കിലും കാരൃം പറയുകയാണെങ്കില്‍ ആദ്യം ആ പറഞ്ഞ വ്യക്തിയെ സംബന്ധിച്ച് പഠിക്കുകയും അദ്ദേഹം ആരില്‍നിന്ന് കേട്ടു, അയാള്‍ ആരില്‍ നിന്ന് കേട്ടു എന്ന് വളരെ വിശദമായി പരിശോധിക്കുകയും ചെയ്ത ശേഷം എല്ലാം ശരിയാണെങ്കില്‍ മാത്രമെ ഒരു ഹദീഥ് സ്വീകരിക്കപ്പെടുകയുള്ളൂ. അത്‌പോലെ ഹദീഥില്‍ പറയപ്പെട്ട വിഷയവും ചില നിബന്ധനകള്‍ക്ക് വിധേയമാണ്. അവയെല്ലാം ശരിയായെങ്കില്‍ മാത്രമെ ഹദീഥ് സ്വീകരിക്കുകയുള്ളു. ഇല്ലായെങ്കില്‍ തള്ളിക്കളയും. ഈ വിഷയത്തില്‍ ഒരു വിജ്ഞാന ശാഖതന്നെ ഹദീഥ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആധുനിക കാലത്ത് ഹദീഥുകള്‍ മുഴുവനും ക്രോഡീകരിച്ച അനേകം ഹദീഥ് ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. ഇവയില്‍ ഏറ്റവും പ്രാധാന്യമുള്ളതും പ്രശസ്തിയാര്‍ജിച്ചതും പണ്ഡിതന്മാര്‍ കൂടുതല്‍ അംഗീകരിക്കുന്നതും സുനനുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ആറ് ഹദീഥ് ഗ്രന്ഥങ്ങളാണ്. അവ 'ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഇ, തിര്‍മിദി, ഇബ്‌നുമാജ എന്നീ ഹദീഥ് പണ്ഡിതന്മാര്‍ ക്രോഡീകരിച്ച ഹദീഥ് സമാഹാരങ്ങളാകുന്നു.  

സുന്നത്തും സുരക്ഷിതമാണ്

വിശുദ്ധ ക്വുര്‍ആന്‍ സംരക്ഷിക്കപ്പെട്ടത്‌പോലെ പ്രവാചകന്റെ ഹദീഥുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്വുര്‍ആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റടുത്തിട്ടുണ്ട്. അതുപോലെ ഹദീഥും മറ്റൊരു രൂപത്തില്‍ സംരക്ഷിതമാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്'' (സൂറഃ അല്‍ഹിജ്‌റ് 9).

ഈ വചനത്തിലെ 'ദിക്‌റ്' എന്ന അറബി പദത്തിനാണ് 'ഉല്‍ബോധനം' എന്ന് അര്‍ഥം നല്‍കിയിട്ടുള്ളത്. ഈ ഉല്‍ബോധനത്തില്‍ പ്രവാചകന്റെ സുന്നത്തും ഉള്‍പ്പെടുന്നു. തിരുമേനിയുടെ ഹദീഥുകള്‍ സംരക്ഷിക്കുവാന്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള മാര്‍ഗം 'സനദ്' (പരമ്പര) ആണ്. ഹദീഥ് റിപ്പോര്‍ട്ട് ചെയ്തവരുടെ പരമ്പര പരിശോധിക്കുകയാണെങ്കില്‍ ഹദീഥ് സ്വീകാര്യമാണോ, ദുര്‍ബലമാണോയെന്ന് കണ്ടെത്തുവാന്‍ സാധിക്കുന്നതാണ്. ഇതിന് വേണ്ടി ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ ചരിത്രം വളരെ വൃക്തവും സത്യസന്ധവുമായി രേഖപ്പെടുത്തിയ അനേകം ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്ത് നിലവിലുണ്ട്. മഹാനായ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനി ഈ വിഷയത്തില്‍ അവഗാഹം നേടിയ ആധുനിക പണ്ഡിതനായിരുന്നു.

സുന്നത്തും വഹ്‌യ് തന്നെ

പ്രവാചകന്‍ ﷺ  സുന്നത്തായി തന്റെ സമുദായത്തിന് നല്‍കിയിട്ടുള്ള മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിങ്കല്‍ നിന്നുള്ള ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അല്ലാഹു പറയുന്നു: ''അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു'' (സൂറഃ അന്നജ്മ് 3-4).

പ്രവാചകന് ക്വുര്‍ആന്‍ കൂടാതെ വേറെയും വഹ്‌യ് ലഭിച്ചിട്ടുണ്ടെന്നതിന് അനേകം തെളിവുകള്‍ പ്രമാണങ്ങളില്‍ കാണാനാവും. മിക്വ്ദാദ് ഇബ്‌നു മഹ്ദീ കരിബ് അല്‍കിന്‍ദി പറയുന്നു: ''പ്രവാചകന്‍ ﷺ  പറഞ്ഞു: 'അറിയുക, എനിക്ക് ക്വുര്‍ആനും അതിനോട് കൂടെ അതുപോലെയുള്ള വേറെയൊന്നും നല്‍കപ്പെട്ടു...' (അഹ്മദ്).

 

സുന്നത്തുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധം

സുന്നത്ത് സ്വീകരിക്കാതെ വെറും ക്വുര്‍ആന്‍ മാത്രം സ്വീകരിച്ചുകൊണ്ട് സത്യവിശ്വാസിയായി ജീവിക്കുവാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല. കാരണം വിശുദ്ധ ക്വുര്‍ആനിന്റെ വിശദീകരണമാണ് പ്രവാചക സുന്നത്ത്. ക്വുര്‍ആനില്‍ പറഞ്ഞ പല കാര്യങ്ങളും വിശദമാക്കുന്നത് തിരുമേനിയുടെ സുന്നത്താകുന്നു. നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തണം എന്ന് അടിക്കടി ക്വുര്‍ആന്‍ ജനങ്ങളെ ഉല്‍ബോധിപ്പിക്കുന്നു, എന്നാല്‍ എങ്ങനെ നമസ്‌കരിക്കണമെന്നത് സുന്നത്തില്‍ നിന്ന് മാത്രമെ ഒരു വിശ്വാസിക്ക് ലഭിക്കുകയുള്ളു. ഇസ്‌ലാമിന്റെ ഏകദേശമെല്ലാ ആരാധനാ കര്‍മങ്ങളും ക്വുര്‍ആന്‍ മൊത്തത്തിലാണ് പറഞ്ഞിട്ടുള്ളത്. അതിന്റെ രൂപവും മറ്റും പ്രവാചകന്‍ തന്റെ സുന്നത്തിലൂടെയാണ് വിവരിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

''നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു; ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയും അവര്‍ ചിന്തിക്കുവാന്‍ വേണ്ടിയും'' (സൂറഃ അന്നഹ്ല്‍ 44).

''അവര്‍ ഏതൊരു കാരൃത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കി കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്'' (സൂറഃ അന്നഹ്ല്‍ 64).

''നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക'' (സൂറഃ അല്‍ഹശ്ര്‍ 7).

മേല്‍ വിവരിച്ച സൂക്തങ്ങൡ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത് പ്രവാചകന്റെ സുന്നത്ത് നാം പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്ന കാരൃമാണ്. ഒന്നുകൂടി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

''തീര്‍ച്ചയായും സതൃവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു'' (സൂറഃ ആലുഇംറാന്‍ 164).

ഇതിലെ 'ഹിക്മത്' (ജ്ഞാനം) എന്ന പദത്തിന് പല പണ്ഡിതന്മാരും നല്‍കിയിട്ടുള്ള വ്യാഖ്യാനം പ്രവാചകന്റെ സുന്നത്ത് എന്നാണ്. ഈ കാര്യം ഇബ്‌നുകഥീര്‍(റഹ്) തന്റെ തഫ്‌സീറിലും പറയുന്നുണ്ട്.

സുന്നത്തിനെ അവഗണിക്കുവാന്‍ പാടില്ല

ഒരു വിഷയത്തില്‍ പ്രവാചകന്റെ സുന്നത്ത് സ്ഥിരപ്പെട്ടാല്‍ അതിനെ അവഗണിക്കാന്‍ ഒരു വിശ്വാസിക്ക് പാടില്ല. അത് തനിക്ക് ഇഷ്ടമില്ലെങ്കിലും ശരി; മനഃസംതൃപ്തിയോടെ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. തന്റെ ബുദ്ധിക്ക് യോജിക്കുന്നില്ല, അതല്ലെങ്കില്‍ ആധുനിക നൂറ്റാണ്ടിന് യോജിച്ചതല്ല എന്നൊക്കെ പറഞ്ഞ്‌കൊണ്ട് അതിനെ അവഗണിക്കുകയോ, തള്ളുകയോ ചെയ്യുന്നവര്‍ സൂക്ഷിക്കേണ്ടതാണ്. അതിനെപ്പറ്റി അല്ലാഹു പറയുന്നു: 'അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ'' (സൂറഃ അന്നൂര്‍:63).

സുന്നത്ത് തെളിമയാര്‍ന്ന മാതൃക

വിശ്വാസിയുടെ ജീവിതം തെളിമയുള്ളതാവുക പ്രവാചകന്റെ ചര്യ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ മാത്രമാകുന്നു. അതുകൊണ്ട് തന്നെ അല്ലാഹു അവന്റെ അവസാന പ്രവാചകനിലൂടെ ലോകത്തിന് മുന്നില്‍ തുറന്ന് വെച്ചിട്ടുള്ള മാതൃക തെളിമയുള്ളതും പ്രകാശപൂര്‍ണവുമാണ്. ആരാണോ അത് സ്വന്തം ചര്യയാക്കി മാറ്റുന്നത് അവന് ഇഹലോകത്തും പരലോകത്തും അനുഗ്രഹത്തിന്റെ തെളിമയാര്‍ന്ന മാര്‍ഗത്തിലൂടെ സഞ്ചരിക്കുവാന്‍ സാധിക്കുന്നതാണ്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്'' (സൂറഃ അല്‍അഹ്‌സാബ് 21).  

ഈ ഉത്തമമായ മാതൃക പിന്‍പറ്റുകയാണെങ്കില്‍ ഒരിക്കലും ഒരാള്‍ വഴിതെറ്റുകയില്ല. ഇമാം മാലിക് ഉദ്ധരിക്കുന്ന ഒരു ഹദീഥ് ശ്രദ്ധിക്കുക; പ്രവാചകന്‍ ﷺ  പറയുകയുണ്ടായി: ''നിങ്ങള്‍ക്ക് ഞാന്‍ രണ്ട് കാര്യങ്ങള്‍ വിട്ടേച്ച് കൊണ്ടാകുന്നു പോകുന്നത്. അത് മുറുകെ പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ സുന്നത്തുമാകുന്നു'' (മുവത്വ).

ഇബ്‌നുമാജ ഉദ്ധരിക്കുന്ന ഹദീഥില്‍ നമുക്ക് കാണാം: നബി ﷺ  പറയുന്നു: ''അല്ലാഹു തന്നെയാണ് സത്യം, നിങ്ങളെ ഞാന്‍ വിട്ടേച്ച് പോകുന്നത് തെളിമയാര്‍ന്ന ഒരു മാര്‍ഗത്തിലാകുന്നു, അതിന്റെ രാവും പകലും ഒരുപോലെയാകുന്നു.''

സുന്നത്ത് സമ്പൂര്‍ണം

ഇസ്‌ലാമിക ശരീഅത്ത് സമ്പൂര്‍ണമാക്കിയിട്ടാണ് പ്രവാചകന്‍ ﷺ  ഇഹലോകത്ത് നിന്ന് വിടപറഞ്ഞിട്ടുള്ളത്. ഈ സുന്നത്തില്‍ യാതൊന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുവാന്‍ ആര്‍ക്കും അവകാശമില്ല.

നബി ﷺ യില്‍ നിന്ന് ആഇശാ(റ) നിവേദനം ചെയ്യുന്നു: ''നമ്മുടെ ഈ കാരൃത്തില്‍ ആരെങ്കിലും വല്ലതും പുതുതായി കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടേണ്ടതാകുന്നു'' (ബുഖാരി).

ജീവിതത്തിന്റെ മുഴുവന്‍ മേഖലകൡലും പ്രവാചകന്റെ സുന്നത്ത് നമുക്ക് കാണാനാവും. നാം വളരെ നിസ്സാരമായി കരുതുകയും അവഗണിക്കുകയും ചെയ്യുന്നതുമായ മേഖലയില്‍ പോലും പ്രവാചകന്റെ സുന്നത്ത് തെളിച്ചം നല്‍കുന്നതായി കാണാവുന്നതാണ്. സല്‍മാന്‍(റ)വിനോട് ഒരു ജൂതനായ വ്യക്തിചോദിച്ചു: 'നിങ്ങളുടെ ദൂതന്‍ നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും പഠിപ്പിച്ച് തന്നിട്ടുണ്ടോ, വിസര്‍ജന മര്യാദകള്‍വരെ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അതെ, ക്വിബ്‌ലക്ക് അഭിമുഖമായി വിസര്‍ജനം ചെയ്യുന്നതിനെയും മൂന്ന് കല്ലിനെക്കാള്‍ കുറഞ്ഞ എണ്ണം കൊണ്ട് ശൗച്യം ചെയ്യുന്നതിനെയും കാഷ്ഠം, എല്ല് എന്നിവകൊണ്ട് ശൗച്യം ചെയ്യുന്നതിനെയും വിലക്കിയിട്ടുണ്ട്''(മുസ്‌ലിം).

പ്രവാചകന്റെ  സുന്നത്ത് ജീവിതത്തിന്റെ മുഴുവന്‍ മേഖലയെയും വലയം ചെയ്തിരിക്കുന്നുവെന്ന് ഈ ഹദീഥ് നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു ഹദീഥ് കൂടി ശ്രദ്ധിക്കുക: ജാബിറില്‍(റ) നിന്ന്: ''ഉറങ്ങാന്‍ നേരത്ത് ജനങ്ങള്‍ പാലിക്കേണ്ട മര്യാദയെപ്പറ്റി നബി ﷺ  പറയുകയുണ്ടായി: 'നിങ്ങള്‍ പാത്രങ്ങള്‍ അടച്ച് വെക്കുക, വെള്ളപ്പാത്രത്തിന്റെ മുഖം കെട്ടിവെക്കുക, വാതിലുകള്‍ അടക്കുക, ഇശാഇനോട് അടുത്ത സമയത്ത് കുട്ടികളെ വീട്ടില്‍ നിന്ന് പുറത്ത് വിടാതിരിക്കുക. കാരണം അപ്പോഴാണ് ജിന്നുകള്‍ ഭൂമിയില്‍ വ്യാപിക്കുന്നതും കുട്ടികളെ തട്ടിയെടുക്കുന്നതും. വിളക്കുകള്‍ കെടുത്തുകയും ചെയ്യുക. കാരണം എലികള്‍ വിളക്ക് തട്ടിമറിച്ച് തീപിടുത്തമുണ്ടായി വീട്ടിലുള്ളവരും വീട്ടുസാധനങ്ങളും കത്തിനശിക്കുവാന്‍ സാധ്യതയുണ്ട്'' (ബുഖാരി).

പ്രവാചകന്റെ സുന്നത്ത് എത്ര സുന്ദരവും സമ്പൂര്‍ണവും തെളിമയാര്‍ന്നതുമാണെന്ന് നമുക്ക് മേല്‍ ഉദ്ധരിച്ച ഹദീഥുകളില്‍ നിന്നും വ്യക്തമാകുന്നു. സുന്നത്തുകള്‍ക്ക് പകരം വേറൊരു ഉദാത്ത മാതൃക കാണിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല.