പ്രമാണങ്ങളും പണ്ഡിതന്മാരും

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 8)

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം | വിവര്‍ത്തനം: ശമീര്‍ മദീനി )

ശര്‍ത്തുകള്‍ ഉണ്ടാവുകയും 'മവാനിഉകള്‍' ഉണ്ടാകാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ഏതൊരു കാര്യത്തിലെയും അനുബന്ധമായ വിധി നിലനില്‍ക്കുകയുള്ളൂ എന്നു പറഞ്ഞുവല്ലൊ. അത് ഇങ്ങനെ വിശദീകരിക്കാം:

ഒരു ഹദീസനുസരിച്ച് പ്രവര്‍ത്തിക്കാത്ത പണ്ഡിതന് താഴെ പറയുന്ന മൂന്നില്‍ ഒരു അവസ്ഥയായിരിക്കും ഉണ്ടാവുക.

ഒന്നാമത്തേത്: മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത, അനുവദനീയമായ 'ഒഴിവാക്ക'ലായിരിക്കും അത്. അതായത്, ആ ഹദീസ് ലഭ്യമല്ലാതിരിക്കുകയും വിജ്ഞാനാന്വേഷണത്തില്‍ വീഴ്ച വരുത്താതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ പോലെ. അതോടൊപ്പം പ്രസ്തുത വിഷയത്തില്‍ ഹദീസ് അദ്ദേഹത്തിന് കിട്ടാതിരിക്കെ തന്നെ വിധി പറയുകയോ 'ഫത്‌വ' നല്‍കുകയോ ചെയ്യേണ്ടതായ സാഹചര്യം വന്നപ്പോള്‍ അയാള്‍ പറഞ്ഞത് ഏതെങ്കിലും ഹദീസിന് എതിരായിപ്പോയാല്‍ അയാള്‍ ആക്ഷേപാര്‍ഹനല്ല. ഖുലഫാഉര്‍റാശിദീങ്ങളടക്കമുള്ള സ്വഹാബത്തിന്റെ ജീവിതത്തില്‍ നിന്നു തന്നെ നാം മുമ്പ് വിശദീകരിച്ച സംഭവങ്ങള്‍ പോലെ. ഇത്തരം സാഹചര്യത്തില്‍ 'ഹദീസ്' ഉപേക്ഷിച്ചവന്‍' എന്നുള്ള ആക്ഷേപം അവര്‍ക്ക് ബാധകമാവുകയില്ല എന്നതില്‍ ഒരു മുസ്‌ലിമും സംശയിക്കുകയില്ല.

രണ്ടാമത്തേത്: അനുവദനീയമല്ലാത്ത ഉപേക്ഷ. അത്തരത്തിലുള്ള ഒരു ഉപേക്ഷ-ഇന്‍ശാ അല്ലാഹ്-ഇമാമുകളില്‍ ആരില്‍നിന്നും ഉണ്ടാവുകയില്ല.

മൂന്നാമത്തേത്: ചില പണ്ഡിതന്മാരില്‍ ആശങ്കപ്പെടുന്ന ഒന്നാണ്. അതായത്, ഒരു വിഷയത്തിലെ വിധി മനസ്സിലാക്കുന്നതില്‍ ഒരാള്‍ക്ക് പരിമിതികളുണ്ടാവുകയും ന്യായമായ കാരണങ്ങളോടുകൂടിയല്ലാതെ സംസാരിക്കുകയും ചെയ്യുന്നതുപോലെ. ഒരു പക്ഷേ, അദ്ദേഹത്തിന്റെതായ വീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ അദ്ദേഹത്തിനുണ്ടായിരിക്കാം. അല്ലെങ്കില്‍ തെളിവുകള്‍ മനസ്സിലാക്കുന്നിടത്ത് വീഴ്ച സംഭവിച്ചതാകാം. അങ്ങനെ പഠനം ശരിയായ നിലയില്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പേ അദ്ദേഹം തദ്‌വിഷയകമായി സംസാരിച്ചു. ചിലപ്പോള്‍ വല്ല നാട്ടുനടപ്പുകളോ മറ്റുവല്ല ലക്ഷ്യങ്ങളോ ആയിരിക്കാം പഠനത്തിന്റെ പൂര്‍ത്തീകരണത്തിനും തന്റെ പക്കലുള്ള വീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും എതിരായി സംസാരിച്ചവരുടെ ന്യായങ്ങളും തെളിവുകളുമൊക്കെ പരിശോധിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായത്. തെളിവും 'ഇജ്തിഹാദും' എല്ലാം വെച്ചു കൊണ്ടുതന്നെയാണ് അദ്ദേഹവും സംസാരിക്കുന്നത് എങ്കില്‍ പോലും ഒരു ഗവേഷകന്‍ തന്റെ ഗവേഷണത്തിലൂടെ (ഇജ്തിഹാദ്) എത്തിച്ചേരേണ്ട പരിധി അഥവാ ലക്ഷ്യം കൃത്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള സംഗതി പണ്ഡിതന്മാര്‍ ഭയപ്പെടാറുണ്ടായിരുന്നു. അതായത് പരിഗണിക്കപ്പെടേണ്ടതായ ഒരു ഗവേഷണം (ഇജ്തിഹാദ്) ഒരു പ്രത്യേക വിഷയത്തില്‍ ഉണ്ടാകാതെ പോകുന്നതിനെ അവര്‍ ഭയന്നിരുന്നു.

ഇതൊക്കെ തെറ്റുകളാണെങ്കിലും ആ തെറ്റിന്റെ കുറ്റവും ശിക്ഷയും അതിന്റെ വക്താവിന് ബാധകമാവുന്നത് അയാള്‍ പശ്ചാത്തപിക്കാത്തപ്പോള്‍ മാത്രമാണ്. ചിലപ്പോള്‍ പാപമോചന പ്രാര്‍ഥനകള്‍ (ഇസ്തിഗ്ഫാര്‍) കൊണ്ടോ, അയാള്‍ ചെയ്ത മറ്റു നന്മകള്‍ കൊണ്ടോ, അയാള്‍ക്കുണ്ടായ വല്ല പരീക്ഷണങ്ങള്‍ കൊണ്ടോ, ശഫാഅത്ത് കാരണത്താലോ പടച്ച റബ്ബിന്റെ പ്രത്യേക കാരുണ്യത്താലോ ഒക്കെ ആ തെറ്റുകള്‍ മായ്ക്കപ്പെടുകയും ചെയ്‌തേക്കും.

എന്നാല്‍ ദേഹേച്ഛ കീഴ്‌പ്പെടുത്തുകയും അസത്യമെന്ന് ബോധ്യമുള്ളതിനെ ഭൗതിക ലാഭങ്ങള്‍ക്ക് വേണ്ടി പിന്തുണക്കുകയും ചെയ്ത ഒരാള്‍ ഇതില്‍ പെടുകയില്ല. വാസ്തവമറിയാതെ, തെളിവുകള്‍ പരിഗണിക്കാതെ ഏതെങ്കിലും ഒരു കാര്യത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നയാളും തഥൈവ. ഈ രണ്ടു കൂട്ടരും നരകാവകാശികളാണ്. നബി ﷺ  പറഞ്ഞതുപോലെ; 'വിധികര്‍ത്താക്കള്‍ മൂന്ന് തരക്കാരാണ്. രണ്ട് പേര്‍ നരകത്തിലും ഒരാള്‍ സ്വര്‍ഗത്തിലും. വസ്തുതകള്‍ അറിയുകയും ന്യായമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് സ്വര്‍ഗാവകാശി. വസ്തുതകളറിയാതെ വിധിപറഞ്ഞയാളും വാസ്തവമറിഞ്ഞിട്ടും അതിനെതിരായി വിധിച്ചയാളും നരകാവകാശികളാണ്' (അബൂദാവൂദ്, ഇബ്‌നുമാജ).

'ഫത്‌വ' നല്‍കുന്നവരും ഇപ്രകാരമാണ്. അതേസമയം ഒരു പ്രത്യേക വ്യക്തിയെ സംബന്ധിച്ച് ഇത്തരം ശിക്ഷകളും താക്കീതുകളും അയാളിലേക്ക് ചേര്‍ത്തു പറയണമെങ്കില്‍ നാം മുമ്പു വിശദീകരിച്ച പോലെ ചില തടസ്സങ്ങള്‍ (മവാനിഅ്) ഉണ്ട്.

മുസ്‌ലിം സമുദായത്തിലെ പ്രശംസനീയരും മഹാന്മാരുമായിരുന്ന ചില വ്യക്തിത്വങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള ചിലത് സംഭവിച്ചു എന്ന് സങ്കല്‍പിക്കുക. വാസ്തവത്തില്‍ അത് അതിവിദൂരമോ അസംഭവ്യമോ ആണ്. എന്നാല്‍ പോലും അതിന്റെ പരിഹാരമാര്‍ഗങ്ങള്‍ അവരിലൊരാളും കയ്യൊഴിച്ചിട്ടില്ല. അതിനാല്‍ അവരുടെ സ്ഥാനമാനങ്ങള്‍ക്കൊന്നും ഒരു പരിക്കും പറ്റിയിട്ടുമില്ല.

മനുഷ്യന്മാര്‍ തെറ്റുപറ്റാത്ത 'പാപസുരക്ഷിതര്‍' (മഅ്‌സ്വൂമുകള്‍) ആണെന്ന് നാം വിശ്വസിക്കുന്നില്ല. മറിച്ച് അവര്‍ക്കും പിഴവുകള്‍ സംഭവിച്ചേക്കാം. അവരുടെ ഉത്തമമായ വിശേഷണങ്ങളും അവര്‍ക്ക് അല്ലാഹു നല്‍കിയ സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള പ്രത്യേകമായ തൗഫീഖും എല്ലാം കാരണമായി ഉന്നതമായ സ്ഥാനങ്ങള്‍ (അല്ലാഹുവിന്റെ പക്കലും) അവര്‍ക്കുണ്ടെന്നു തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. അവരൊരിക്കലും തെറ്റായി ബോധ്യമുള്ള കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരായിരുന്നില്ല. എന്നാല്‍ അവര്‍ സ്വഹാബികളെക്കാള്‍ ഉന്നതസ്ഥാനീയരൊന്നുമല്ല താനും.

അതിനാല്‍ അവരെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഇവരുടെ കാര്യത്തിലും പറയാനുള്ളത്. സ്വഹാബികള്‍ ഗവേഷണഫലമായിപ്പറഞ്ഞ ഫത്‌വകളിലും വിധികളിലും അവര്‍ക്കിടയില്‍ ഉണ്ടായിപ്പോയതായ യുദ്ധങ്ങളിലടക്കം അഹ്‌ലുസ്സുന്നയുടെ നിലപാട് വ്യക്തമാണല്ലോ.

തെളിവ് അഥവാ ഹദീസ് ഉപേക്ഷിച്ച ഒരു പണ്ഡിതന്‍ മേല്‍വിവരിച്ച പല ഒഴികഴിവുകളും ഉള്ള, ഒരുവേള പ്രതിഫലാര്‍ഹനാണ് എങ്കില്‍ പോലും സ്ഥിരപ്പെട്ടുവന്ന ഹദീസുകള്‍ പിന്‍പറ്റാന്‍ നമുക്കവയൊന്നും  ഒരു തടസ്സമല്ല. അവയെ നിരാകരിക്കുന്ന വല്ല എതിര്‍തെളിവുകളും നമുക്ക് കിട്ടാത്തിടത്തോളം കാലം നാം സ്വഹീഹായ ഹദീസുകളെ തന്നെയാണ് പിന്‍പറ്റേണ്ടത്. അവ പിന്‍പറ്റല്‍ മാത്രമല്ല സമൂഹത്തില്‍ പ്രചരിപ്പിക്കലും നമ്മുടെ മേല്‍ ബാധ്യതയാണെന്ന കാര്യത്തില്‍ ഒരു പണ്ഡിതനും വിയോജിക്കുകയില്ല.

ഹദീസുകള്‍ എല്ലാം ഒരേ വിധത്തിലല്ല. ചിലത് പണ്ഡിതന്മാര്‍ അറിയുകയും അവയനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്ന ഖണ്ഡിതമായവയാണ്. അഥവാ അതിന്റെ പരമ്പരയും (സനദ്) ഉള്ളടക്കവും (മത്‌ന്) സംശയരഹിതമായതും നബി ﷺ  പറഞ്ഞതായി ദൃഢബോധ്യമുള്ളത്. നബി ﷺ  ഉദ്ദേശിച്ചത് അഥവാ ഹദീഥിന്റെ താല്‍പര്യം ഇന്ന രൂപമാണ് എന്നതിലും ഉറച്ച ബോധ്യമുള്ളവ.

വേറെ ചിലത് ആശയം വ്യക്തമായതാണെങ്കിലും ഖണ്ഡിതമെന്ന് തീര്‍ത്തു പറയാന്‍ പറ്റാത്തത്. ആദ്യത്തേത് അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. മൊത്തത്തില്‍ ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. പ്രത്യുത ചില റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ മാത്രമാണ് അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുള്ളത്. അഥവാ അവ ഖണ്ഡിതമായ പരമ്പരയോടുകൂടിയുള്ളതാണോ അല്ലേ, അതിന്റെ ആശയം അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയില്ലാത്തവിധത്തിലുള്ളവയാണോ അല്ലേ എന്നതിലാണ് പ്രസ്തുത അഭിപ്രായ വ്യത്യാസങ്ങള്‍.

ഇസ്‌ലാമിക ലോകം ഒന്നടങ്കം സ്വീകരിക്കുകയും സത്യപ്പെടുത്തുകയും ചെയ്ത 'ഖബറുല്‍ വാഹിദി'ന്റെ കാര്യത്തിലുള്ള അഭിപ്രായവ്യാത്യാസം പോലെ; പൊതുവില്‍ കര്‍മശാസ്ത്രപണ്ഡിതന്മാരെല്ലാവരും തന്നെ, അപ്രകാരം ഭൂരിഭാഗം അക്വീദാ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് 'ഖബര്‍ വാഹിദ്' സംശയ രഹിതമായ അറിവ് പ്രദാനം ചെയ്യുമെന്നാണ്. എന്നാല്‍ ചില ആക്വീദാ പണ്ഡിതന്മാര്‍ - വചന ശാസ്ത്രത്തിന്റെ (ഇല്‍മുല്‍കലാം) ആളുകള്‍ - സംശയരഹിതമായ അറിവ് അതിലൂടെ കിട്ടുകയില്ല എന്നാണ് അഭിപ്രായപ്പെടുന്നത്.

അപ്രകാരം തന്നെ വ്യത്യസ്ത ഭാഗങ്ങളില്‍ ഉദ്ധരിക്കപ്പെടുന്ന ഒരു റിപ്പോര്‍ട്ട്, അവ പരസ്പരം ശക്തിപ്പെടുത്തുന്നതും ശരിവെക്കുന്നതുമാണെങ്കില്‍ ആ വശങ്ങളെയും അത് റിപ്പോര്‍ട്ട് ചെയ്ത് ആളുകളുടെ അവസ്ഥകളും ആ റിപ്പോര്‍ട്ടിനെ ചുറ്റിപ്പറ്റിയുള്ള മറ്റ് സാഹചര്യതെളിവുകളും ഒക്കെ അറിയുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സംശയ രഹിതമായ അറിവ് അതിലൂടെ കിട്ടിയേക്കാം. എന്നാല്‍ അങ്ങനെയൊന്നുമല്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അത്തരത്തിലൊരറിവ് അതിലൂടെ കിട്ടിക്കൊള്ളണമെന്നില്ല.

അതിനാല്‍ ഹദീസ് വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള അറിവ് നേടിയ മഹാപണ്ഡിതന്മാരായ മുഹദ്ദിഥുകളെ സംബന്ധിച്ചിടത്തോളം-അല്ലാഹു അവര്‍ക്ക് കരുണചൊരിയട്ടെ-ചില റിപ്പോര്‍ട്ടുകളിലൂടെ ദൃഢബോധ്യമുള്ള അറിവ് അവര്‍ക്ക് കിട്ടിയേക്കാം. എന്നാല്‍ അവരെപ്പോലെയല്ലാത്ത മറ്റ് പണ്ഡിതന്മാര്‍ക്ക് ചിലപ്പോള്‍ അതിന്റെ സത്യത പോലും ബോധ്യപ്പെട്ടിട്ടുണ്ടാവില്ല.

ചുരുക്കത്തില്‍, ഒരു റിപ്പോര്‍ട്ട് സംശയരഹിതമായ അറിവ് പകരുന്നത് പല രൂപത്തിലാണ്. ചിലപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണപ്പെരുപ്പം കൊണ്ടായിരിക്കും. മറ്റു ചിലപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തെക്കാളുപരി അവരുടെ ഗുണവിശേഷണങ്ങള്‍ കൊണ്ടായിരിക്കും. ചിലപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിഷയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മറ്റു ചിലപ്പോള്‍ പ്രസ്തുത റിപ്പോര്‍ട്ട് ലഭിക്കുകയും അത് ഗ്രഹിച്ചു മനസ്സിലാക്കുകയും ചെയ്ത വ്യക്തിയെ സംബന്ധിച്ചായിരിക്കും ആ ഉറപ്പ് ലഭിച്ചിട്ടുണ്ടാവുക.

എത്രയെത്ര ചെറു സംഘങ്ങളാണ്, അവരുടെ റിപ്പോര്‍ട്ടുകളിലൂടെ സുദൃഢമായ അറിവ് പ്രദാനം ചെയ്തത്! അവര്‍ക്കുള്ളതായ മതബോധവും ഗ്രഹണ ശേഷിയും ഓര്‍മശക്തിയും എല്ലാം പരിഗണിച്ച്, പിഴവും കളവും വരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്ന നിര്‍ഭയത്വം ഉള്ളതിനാല്‍ ആ എണ്ണച്ചുരുക്കം ഒരു ദോഷവും വരുത്തിയില്ല. എന്നാല്‍ അതിനെക്കാള്‍ എത്രയോ ഇരട്ടി എണ്ണമുണ്ടായിട്ടും മറ്റു ചിലരുടെ റിപ്പോര്‍ട്ടുകളിലൂടെ അത്തരത്തിലൊരു അറിവ് ലഭിക്കാത്ത അവസ്ഥയും ഉണ്ട്.

ഇതാണ് സംശയരഹിതമായ സത്യം. ഭൂരിഭാഗം കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും ഹദീസ് പണ്ഡിതന്മാരുടെയും വീക്ഷണവും ഇതുതന്നെ. വിശ്വാസകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന പല വിഭാഗങ്ങളും അഭിപ്രായപ്പെട്ടതും മറ്റൊന്നല്ല.

വേറെ ചില, വിശ്വാസശാസ്ത്ര (ഇല്‍മുല്‍കലാം) വിഭാഗങ്ങളും ചില കര്‍മശാസ്ത്ര പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്; ഒരു പ്രത്യേക വിഷയത്തില്‍ സംശയരഹിതമായ അറിവ് പ്രദാനം ചെയ്ത അത്രയും എണ്ണം നിവേദകര്‍, മറ്റേത് വിഷയത്തിലും ആ എണ്ണമുണ്ടെങ്കില്‍ സംശയരഹിതമായ അറിവ് പ്രദാനം ചെയ്യുമെന്നാണ്. ഈ അഭിപ്രായം നിരര്‍ഥകമാണെന്നതില്‍ സംശയമില്ല. പക്ഷേ, അത് വിശദീകരിക്കാന്‍ പറ്റിയ സന്ദര്‍ഭമല്ല ഇവിടം. (അവസാനിച്ചില്ല)