വിജയത്തോടെ മടക്കം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 34)

ബദ്ര്‍ യുദ്ധം അവസാനിച്ചപ്പോള്‍ 24 ക്വുറൈശീ പ്രമാണികളെ അവര്‍ മരിച്ചുകിടക്കുന്ന സ്ഥാനത്തു നിന്ന് നീക്കം ചെയ്യുവാനും ബദ്‌റിലുള്ള ഒരു ഒഴിഞ്ഞ കിണറ്റിലേക്ക് കൊണ്ടുപോയി തള്ളാനും നബി ﷺ കല്‍പിച്ചു. ഉമയ്യതുബ്‌നു ഖലഫ് ഒഴികെ ബാക്കിയുള്ള എല്ലാവരെയും നബി ﷺ യുടെ കല്‍പന പ്രകാരം സ്വഹാബികള്‍ കിണറ്റില്‍ കൊണ്ട് പോയി തള്ളി. ഉമയ്യയുടെ ശരീരം പടയങ്കിക്കകത്ത് കിടന്നുകൊണ്ട് തന്നെ ചീര്‍ത്ത് കഴിഞ്ഞിരുന്നു. ഉമയ്യയുടെ ശരീരം നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവയവങ്ങള്‍ വേറിട്ട് പോരുകയായിരുന്നു. അത് അവിടെത്തന്നെ കല്ലും മണ്ണും ഇട്ടു മൂടി. ക്വുറൈശീ പ്രമാണികളെ കിണറ്റിലേക്ക് ഇട്ടതിനു ശേഷം അതിന്റെ സമീപത്ത് പോയി നിന്നു കൊണ്ട് നബി ﷺ  ഓരോരുത്തരുടെയും പേര് വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ എത്ര നന്നായിരുന്നു. ഞങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതെല്ലാം ലഭിച്ചു. നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് ലഭിച്ചുവോ?' ഇത് കണ്ടപ്പോള്‍ ഉമര്‍(റ) ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, ആത്മാവില്ലാത്ത ശരീരങ്ങളോടാണോ നിങ്ങള്‍ സംസാരിക്കുന്നത്?' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം, ഞാന്‍ പറയുന്ന കാര്യം അവര്‍ കേള്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ നിങ്ങള്‍ കേള്‍ക്കുന്നവര്‍ അല്ല.' ക്വതാദ(റ) പറയുന്നു: 'ദുഃഖവും സങ്കടവും ശിക്ഷയും ആക്ഷേപവും എല്ലാം അവരെ അറിയിക്കുന്നതിനു വേണ്ടി നബിയുടെ സംസാരം കേള്‍ക്കാന്‍ അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കിയതാണ്' (ബുഖാരി: 3976. മുസ്‌ലിം: 2875).

ഇപ്രകാരം അല്ലാഹു അസത്യത്തെ തകര്‍ത്തുകളഞ്ഞു. അതിന്റെ നായകന്മാരെയും നശിപ്പിച്ചു. എന്നെന്നേക്കുമായി അവരെ നിന്ദിക്കുകയും ചെയ്തു.

''അല്ലാഹുവിന്റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും തങ്ങളുടെ ജനതയെ നാശത്തിന്റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ? അഥവാ നരകത്തില്‍. അതില്‍ അവര്‍ എരിയുന്നതാണ്. അത് എത്ര മോശമായ താമസസ്ഥലം! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന് ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച് കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്'' (ക്വുര്‍ആന്‍ 14: 28-30).

മുസ്‌ലിംകളുടെ വിജയത്തോടു കൂടി യുദ്ധം അവസാനിക്കുകയും യുദ്ധാര്‍ജിത സ്വത്തും (ഗനീമത്ത്) ബന്ധികളും എടുക്കപ്പെടുകയും ചെയ്തപ്പോള്‍ നബിയോട് ഇപ്രകാരം പറയപ്പെട്ടു: 'താങ്കള്‍ കച്ചവട സംഘത്തിന്റെ കാര്യം ശ്രദ്ധിക്കുക. അവിടെ ആരും തന്നെ ഇല്ല.' അപ്പോള്‍ ബന്ധികളുടെ കൂട്ടത്തില്‍ നിന്നും അബ്ബാസ് ഉറക്കെ ഇപ്രകാരം വിളിച്ചു പറഞ്ഞു: 'അത് മുഹമ്മദിന് ഒരിക്കലും യോജിച്ചതല്ല.' നബി ﷺ  ചോദിച്ചു: 'എന്തുകൊണ്ട്?' അപ്പോള്‍ അബ്ബാസ് പറഞ്ഞു: 'അത് നിനക്ക് ഒരിക്കലും യോജിച്ചതല്ല.' നബി ﷺ  വീണ്ടും ചോദിച്ചു: 'എന്തുകൊണ്ട്?' അപ്പോള്‍ അബ്ബാസ് പറഞ്ഞു: 'രണ്ടു സംഘങ്ങളില്‍ ഒന്നിനെയാണ് അല്ലാഹു നിനക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. നിനക്ക് വാഗ്ദാനം ചെയ്തത് നല്‍കിക്കഴിഞ്ഞിട്ടുണ്ട്'(അഹ്മദ് 2022).

ക്വുറൈശികളുടെ നായകനായ അബൂജഹല്‍ ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പ്രായം കൊണ്ടും അനുഭവ ജ്ഞാനം കൊണ്ടും വളരെ ചെറിയവരായ മുആദുബ്‌നു അഫ്‌റാഅ്, മുആദുബ്‌നു അംറുബ്‌നു ജമൂഹ് എന്നീ രണ്ടു കുട്ടികളാണ് അബൂജഹലിനെ കൊലപ്പെടുത്തിയത്. അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ് പറയുന്നു: ''ബദ്‌റിന്റെ ദിവസം ഞാന്‍ അണിയില്‍ നില്‍ക്കുകയായിരുന്നു. ഞാന്‍ എന്റെ ഇടതും വലതും നോക്കി. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട രണ്ടു കുട്ടികളുടെ ഇടയിലായിരുന്നു ഞാന്‍. രണ്ടുപേരും വളരെ പ്രായം കുറഞ്ഞവരായിരുന്നു. അവരെക്കാള്‍ താഴെയായിരുന്നു ഞാന്‍ എങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. അവരില്‍ ഒരാള്‍ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു: 'അല്ലയോ പിതൃവ്യാ, നിങ്ങള്‍ അബൂജഹലിനെ അറിയുമോ?' ഞാന്‍ പറഞ്ഞു: 'അതെ, അറിയാം. നിനക്ക് എന്തിനാണ് അബൂജഹലിനെ?' അപ്പോള്‍ ആ കുട്ടി പറഞ്ഞു: 'അബൂജഹല്‍ അല്ലാഹുവിന്റെ പ്രവാചകനെ അസഭ്യം പറയുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം, അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞങ്ങളില്‍ ഒരാള്‍ മരിക്കുന്നതുവരെ ഞാനവനെ വിടുകയില്ല.' അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ) പറയുന്നു:'ആ കുട്ടിയുടെ വാക്കു കേട്ട് എനിക്ക് അത്ഭുതം തോന്നി. അടുത്തു നിന്നിരുന്ന അടുത്ത കുട്ടിയും ഇതു തന്നെ ചോദിച്ചു. ഈ സന്ദര്‍ഭത്തില്‍ അബൂജഹല്‍ ആളുകള്‍ക്കിടയിലൂടെ നടക്കുന്നത് ഞാന്‍ കണ്ടു. ആ കുട്ടികള്‍ക്ക് അബൂജഹലിനെ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു; അതാണ് നിങ്ങള്‍ ചോദിക്കുന്ന വ്യക്തി. രണ്ടുപേരും അതിവേഗതയില്‍ അബൂജഹലിനെ സമീപിക്കുകയും തങ്ങളുടെ വാളുകള്‍ കൊണ്ട് കൊണ്ട് വെട്ടി കൊലപ്പെടുത്തുകയും ചെയ്ത ശേഷം നബിയുടെ അടുക്കല്‍ ചെന്നു. നബി ﷺ യെ അവര്‍ വിവരം അറിയിക്കുകയും ചെയ്തു. നബി ﷺ  ചോദിച്ചു: 'നിങ്ങളില്‍ ആരാണ് അബൂജഹലിനെ കൊന്നത്?' രണ്ടു പേരും ഒരേ ശബ്ദത്തില്‍ പറഞ്ഞു: 'ഞാനാണ് കൊന്നത്.' നബി ﷺ  ചോദിച്ചു: 'അബൂജഹലിനെ കൊന്നതിനു ശേഷം നിങ്ങളുടെ വാള്‍ നിങ്ങള്‍ തുടച്ചിട്ടുണ്ടോ?' അവര്‍ രണ്ടുപേരും പറഞ്ഞു: 'ഇല്ല.' രണ്ടു പേരുടെയും വാളിലേക്ക് നോക്കിക്കൊണ്ട് നബി ﷺ  പറഞ്ഞു: 'നിങ്ങള്‍ രണ്ടുപേരുമാണ് അബൂജഹലിനെ കൊന്നത്...''(ബുഖാരി: 3141, മുസ്‌ലിം: 1752).

യുദ്ധം കഴിഞ്ഞ ശേഷം അബൂജഹലിന്റെ അവസ്ഥയറിയാന്‍ നബി ﷺ  ആളെ അയച്ചു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) അബൂജഹലിനെ കണ്ടു. അയാളുടെ തല മുറിച്ചെടുത്ത് പ്രവാചകന്റെ മുമ്പിലേക്ക് ചെന്നു.

മുസ്‌ലിംകള്‍ക്ക് വിജയം പൂര്‍ണമായപ്പോള്‍ മദീനയിലേക്ക് നബി ﷺ  എത്തുന്നതിനു മുമ്പു തന്നെ സന്തോഷ വാര്‍ത്ത അറിയിക്കുവാന്‍ ആളെ അയച്ചു. അബ്ദുല്ലാഹിബ്‌നു റവാഹ(റ), സൈദ് ഇബ്‌നു ഹാരിസ(റ) എന്നിവരെയാണ് നബി ﷺ  അയച്ചത്. നബിയുടെ ഒട്ടകപ്പുറത്താണ് അവര്‍ പോയത്. അല്ലാഹു അക്ബര്‍ എന്നും ലാഇലാഹഇല്ലല്ലാഹ് എന്നും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അവര്‍ മദീനയില്‍ ചുറ്റി നടന്നു. വമ്പിച്ച വിജയത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത അവര്‍ മദീനക്കാരെ അറിയിക്കുകയും ചെയ്തു.

യുദ്ധം കഴിഞ്ഞതിനു ശേഷവും നബി ﷺ  ബദ്‌റില്‍ തന്നെ മൂന്ന് ദിവസം ശേഷം മദീനയിലേക്ക് മടങ്ങി. നബിയോടൊപ്പം മുശ്‌രിക്കുകളില്‍ നിന്ന് പിടിക്കപ്പെട്ട എഴുപത് ബന്ധികളും ഗനീമത്ത് സ്വത്തും ഉണ്ടായിരുന്നു. സര്‍വ സ്തുതിയും അല്ലാഹുവിന്. അവനെക്കൊണ്ടാണ് എല്ലാ നന്മകളും പൂര്‍ത്തീകരിക്കപ്പെടുന്നത്.

''നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയുംവിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി'' (ക്വുര്‍ആന്‍ 8:26).

മുസ്‌ലിംകള്‍ ബദ്‌റില്‍ നിന്നും മടങ്ങുന്നതിനു മുമ്പ് ഗനീമത്ത് സ്വത്തിന്റെ പേരില്‍ ചെറിയ ഭിന്നത ഉണ്ടായി. കാരണം, ഗനീമത്ത് സ്വത്ത് എന്തുചെയ്യണമെന്ന നിയമം അന്ന് ഇറങ്ങിയിരുന്നില്ല. അങ്ങനെയാണ് സൂറതുല്‍ അന്‍ഫാലിലെ വചനം അല്ലാഹു അവതരിപ്പിക്കുന്നത്.

''(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 8:1).

ഭിന്നതക്കുള്ള കാരണം ഇതായിരുന്നു; യുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു വിഭാഗം ആളുകള്‍ ശത്രുക്കളെ പരാജയപ്പെടുത്തിക്കൊണ്ടും അവരെ കൊലപ്പെടുത്തിക്കൊണ്ടും മുന്നോട്ടു നീങ്ങി. മറ്റൊരു വിഭാഗം ആളുകള്‍ പ്രവാചകനെ സംരക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അല്‍പം ചില ആളുകള്‍ ഗനീമത്ത് സ്വത്ത് സമാഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും രാത്രിയില്‍ ഒത്തു കൂടിയപ്പോള്‍ ഗനീമത്ത് സ്വത്ത് സമാഹരിച്ച ആളുകള്‍ പറഞ്ഞു: 'ഞങ്ങളാണ് ഇത് ഒരുമിച്ചു കൂട്ടിയത്. അതുകൊണ്ട് ഇതില്‍ മറ്റാര്‍ക്കും പങ്കില്ല.' ശത്രുക്കളെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങിയ ആളുകള്‍ പറഞ്ഞു: 'ഞങ്ങളാണ് നിങ്ങളെക്കാള്‍ അതിനര്‍ഹര്‍. കാരണം, ഞങ്ങളാണ് ശത്രുക്കളെ പരാജയപ്പെടുത്തിയത്.' പ്രവാചകന്റെ സംരക്ഷണത്തിനായി നിന്ന ആളുകള്‍ പറഞ്ഞു: 'ഞങ്ങളാണ് അതിന് അര്‍ഹരായിട്ടുള്ളത്. പ്രവാചകനെ ശത്രുക്കള്‍ ചതിച്ചു കൊല്ലുമോ എന്ന ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പ്രവാചകന്റെ കൂടെ നിന്നത്.' ഈ അവസരത്തിലാണ് സൂറതുല്‍ അന്‍ഫാലിലെ ഒന്നാമത്തെ വചനം അവതരിച്ചത്. (അഹ്മദ്: 22762).

അങ്ങനെ അല്ലാഹു കല്‍പിച്ചതു പോലെ ബദ്‌റില്‍ പങ്കെടുത്ത ആളുകള്‍ക്കിടയിലായി ഗനീമത്ത് സ്വത്ത് വീതിക്കപ്പെട്ടു:

''നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 8:41).

ചില പ്രത്യേകമായ കാരണങ്ങളാലും നബി ﷺ  ഏല്‍പിച്ച ഉത്തരവാദിത്തങ്ങളാലും ബദ്‌റില്‍ പങ്കെടുത്തിട്ടില്ലാത്ത ഒമ്പത് സ്വഹാബികള്‍ക്കും നബി ﷺ  വിഹിതം നിശ്ചയിച്ചു. സ്വഫ്‌റാഅ് എന്ന സ്ഥലത്ത് വെച്ചു കൊണ്ടായിരുന്നു ഗനീമത്ത് സ്വത്തിന്റെ വീതം വെക്കല്‍ ഉണ്ടായത്. മദീനയിലേക്ക് മടങ്ങുന്ന വഴിയിലുള്ള സ്ഥലമായിരുന്നു അത്. അഞ്ചില്‍ ഒന്ന് മാറ്റിവെച്ച് ബാക്കിയെല്ലാം മുസ്‌ലിംകള്‍ക്കിടയില്‍ വീതിച്ചു. ദുല്‍ഫുഖാര്‍ എന്ന വാളാണ് അന്ന് നബി ﷺ ക്ക് വിഹിതമായി ലഭിച്ചത്. ശേഷം അത് അലി(റ)ക്ക് നല്‍കുകയുണ്ടായി. അബൂജഹലിന്റെ ഒട്ടകവും നബിക്കാണ് ലഭിച്ചത്. ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഈ ഒട്ടകത്തെ നബി ﷺ  ബലിയറുക്കുകയും ചെയ്തു. മുഹമ്മദ് നബിയുടെ സമുദായത്തിന് പ്രത്യേകമായി അല്ലാഹു നല്‍കിയ ഒന്നായിരുന്നു ഗനീമത്ത് സ്വത്ത്. ബദ്ര്‍ യുദ്ധം തന്നെയായിരുന്നു അതിന്റെ തുടക്കവും.

''എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 8:69).

ഗനീമത്തായി ലഭിച്ച സ്വത്ത് ഒരുമിച്ചുകൂട്ടി വെക്കുകയും ആകാശത്തുനിന്നും തീ വന്നു അതിനെ തിന്നുകയും ചെയ്യുന്ന രീതിയായിരുന്നു മുന്‍ സമുദായങ്ങളില്‍ ഉണ്ടായിരുന്നത്. ഈ ഉമ്മത്തിന്റെ ദുര്‍ബലതയും അശക്തതയുമാണ് ഗനീമത്ത് സ്വത്ത് അവര്‍ക്ക് അനുവദിച്ചു കൊടുക്കാനുള്ള കാരണം. (ബുഖാരി: 3124, മുസ്‌ലിം: 1747).