കനക്കുന്ന ചൂടും ജലസാക്ഷരതയും

ഡോ. മുഹമ്മദ് റാഫി.സി

2019 മെയ് 04 1440 ശഅബാന്‍ 28

വെയില്‍ കത്തിപ്പടരുകയാണ്. ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ ചൂടാണ് നാം അനുഭവിക്കുന്നത്. ഒരു മഹാപ്രളയത്തെ നേരില്‍ കണ്ട മലയാളിസമൂഹത്തിന് ഒരു കൊടും വരള്‍ച്ചയെ കൂടി അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ആശങ്ക പങ്ക് വെക്കുന്നവരുടെ എണ്ണം ചെറുതല്ല.

മഴയും മഞ്ഞും വെയിലും ചൂടും തണുപ്പും അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന് കരുതേണ്ടവനാണ് വിശ്വാസി. ഓരോ സാഹചര്യത്തിലും കുടുതല്‍ ജാഗ്രത കാണിക്കാനും വിനയം പുലര്‍ത്താനും വന്നുപോയ തെറ്റുകളില്‍ നിന്ന് ഖേദിച്ചു മടങ്ങാനും അല്ലാഹുവിന്റെ പരീക്ഷണത്തെ ക്ഷമകൊണ്ടും നന്മകള്‍കൊണ്ടും അഭിമുഖീകരിക്കാനുമാണ് വിശ്വാസി ശ്രമിക്കേണ്ടത്.

വെയില്‍ കനക്കുന്നത് വലിയ വരള്‍ച്ചയിലേക്ക് നമ്മെ നയിച്ചേക്കും. വിശ്വാസികള്‍ അതീവ ജാഗ്രതയോടെ ഈ സാഹചര്യത്തെ കൈകാര്യം ചെയ്യണം. ജലത്തിന്റെ ദൗര്‍ലഭ്യതയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ വലുത്. ജല ദൗര്‍ലഭ്യതയെ പരിഹരിക്കാനുള്ള വഴി നമ്മളില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ജലസാക്ഷരത നേടുക എന്നത് മതപരമായ ഒരു ബാധ്യതയായി പഠിപ്പിക്കപ്പെട്ടവരാണ് മുസ്‌ലിം സമൂദായം. ഖേദകരമെന്ന് പറയട്ടെ, ഈ വിഷയത്തില്‍ ഒട്ടും അവബോധമില്ലാതെയാണ് നമ്മുടെ സമൂഹം മുന്നോട്ട് പോകുന്നത്. എന്തൊക്കെയാണ് ഇസ്‌ലാം ഈ വിഷയത്തില്‍ മുന്നോട്ടു വെക്കുന്ന മാനവിക നിര്‍ദേശങ്ങള്‍?

ജലം ജീവന്റെ അടിസ്ഥാനം 

ജലം ജീവന്റെ അടിസ്ഥാനമാണെന്നും ജലമില്ലാതെ മനുഷ്യനിലനില്‍പ്പ് സാധ്യമല്ലെന്നും ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പ് സാധ്യമാക്കുന്നതില്‍ അതിപ്രധാന ഘടകം ജലസാന്നിധ്യമാണെന്നും ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു.

''ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'' (ക്വുര്‍ആന്‍ 21:30). 

''ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു'' (ക്വുര്‍ആന്‍ 23:18).

ജലം ദൈവികാനുഗ്രം

ജീവജലം ലോകരക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും അവന്റെ അടിമകളുടെ മേല്‍ അവന്‍ നിശ്ചിത കണക്കനുസരിച്ച് മഴ വര്‍ഷിപ്പിക്കുമെന്നും ഓരോരുത്തര്‍ക്ക് അവന്‍ ഓഹരി വെച്ചിരിക്കുന്നുവെന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നു:

''തന്റെ കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിന് അത് മുഖേന നാം ജീവന്‍ നല്‍കുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി'' (ക്വുര്‍ആന്‍  25: 48,49). 

''മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല'' (ക്വുര്‍ആന്‍ 15:22).

ജലം ഉപയോഗിക്കേണ്ട വിധം

ദൈവാനുഗ്രഹമായി നമുക്ക് ലഭിക്കുന്ന മഴയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയെന്നും അവ ആര്‍ക്കൊക്കെയുള്ളതാണെന്നും അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. അവയില്‍ മനുഷ്യനും സസ്യലതാദികള്‍ക്കും ജന്തു ജീവജാലങ്ങള്‍ക്കും ഓഹരിയുണ്ടെന്നും മനുഷ്യന്‍ അവ മറന്നു പോകരുതെന്നും ക്വുര്‍ആന്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്:

''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തിന്നുകയും നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 20:53,54). 

''അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്. അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈന്തപ്പനയും മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട'' (ക്വുര്‍ആന്‍ 16:10,11).

അമിതോപയോഗം

ഇസ്‌ലാം മിതത്വത്തിന്റെയും മധ്യമ നിലപാടിന്റെയും മതമാണ്. ഏത് വിഷയത്തിലും അതിര് കവിയരുതെന്നും ധൂര്‍ത്ത് പൈശാചികമാണെന്നും ധൂര്‍ത്തിന്റെ ഒരംശത്തിലും ദൈവാനുഗ്രഹ സാന്നിധ്യമില്ലെന്നും മതം നമ്മെ പഠിപ്പിക്കുന്നുണ്ട്. ജലം ഏറ്റവും സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും ഇല്ലാത്തവരുമായി പങ്കുവെക്കണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു. ഏതു സാഹചര്യത്തിലും കുറച്ചു വെള്ളം മാത്രം ഉപയോഗിച്ച് എങ്ങനെ ജീവിക്കാം എന്നതിന്റെ ഉദാത്തമായ ഉദാഹരണങ്ങള്‍ പ്രവാചക ജീവിതത്തില്‍ നമുക്ക് ദര്‍ശിക്കാനാകും.

ദുര്‍വ്യയത്തിന്റെ അപകടം മനസ്സിലാക്കുവാന്‍ അല്ലാഹുവിന്റെ ഈ വചനം കാണുക:

''...നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (ക്വുര്‍ആന്‍ 7:31). 

അല്ലാഹു നല്‍കുന്ന ജലം ഉപയോഗിച്ചാണ് മനുഷ്യര്‍ വ്യത്യസ്തമായ കായ്കനികളും ധാന്യങ്ങളും കൃഷിചെയ്യുന്നത്. അത് കൊണ്ടുതന്നെ അവയിലും ദുര്‍വ്യയം പാടില്ല:  

''പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈന്തപ്പനകളും വിവിധതരം കനികളുള്ള കൃഷികളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ക്വുആന്‍ 6:141).

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം: നബി ﷺ  സഅദ്ബിന്‍ അബീ വഖാസിന്റെ അടുത്തുകൂടി നടന്നുപോവുകയായിരുന്നു. വുളുവെടുത്തു കൊണ്ടിരുന്ന സഅദിനോട് നബി ﷺ  പറഞ്ഞു: ''എന്തൊരു ധൂര്‍ത്താണിത്?'' സഅദ് ചോദിച്ചു. ''വുളുവെടുക്കുന്നതിലും ധൂര്‍ത്ത് ഉണ്ടോ?'' നബി ﷺ  ''അതെ, നിങ്ങള്‍ ഒരു ഒഴുകുന്ന നദിയില്‍ നിന്നും വുളു എടുക്കുകയാണെങ്കില്‍ പോലും ശ്രദ്ധയും സൂക്ഷ്മതയും കാണിക്കണം.''

നബി ﷺ  മിതത്വം പാലിക്കണമെന്ന് പറയുക മാത്രമല്ല ചെയ്തിട്ടുള്ളത്. അത് ജീവിതത്തില്‍ കാണിച്ചു തരികയും ചെയ്തിട്ടുണ്ട്.

അനസ്(റ) നിവേദനം: ''നബി ﷺ  ഒരു മുദ്ദ് (ഒരു കൈക്കുമ്പിള്‍) ജലം കൊണ്ട് അംഗശുദ്ധി വരുത്തുകയും അഞ്ച് മുദ്ദ് ജലം കൊണ്ട് കുളിക്കുകയും ചെയ്യാറുണ്ടായിരുന്നു'' (മുസ്‌ലിം).

ശേഖരിക്കുക, പങ്ക്‌വെക്കുക, പാഴാക്കരുത്

ശുദ്ധജല തടാകങ്ങളും ജലസ്രോതസ്സുകളും മലിനമാക്കരുതെന്നും അവയെ സ്വഛമായി ഒഴുകാന്‍ വിടണമെന്നും ജലം പാഴാക്കിക്കളയുന്നത് സൂക്ഷിക്കണമെന്നും അത് എല്ലാവരുടെയും അവകാശമാണെന്നും ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ജലസാക്ഷരതയും പരിസ്ഥിതി ബോധവുമില്ലാത്ത അജ്ഞാനകാല അറബികളെയാണ് ആധുനിക സമൂഹം പോലും പിന്നിലായിപ്പോകുന്ന വിധം ജലസാക്ഷരതയുള്ളവരായി നബി ﷺ  മാറ്റിയത്. 

''കെട്ടിക്കിടക്കുന്ന (ഒഴുക്കില്ലാത്ത) വെള്ളത്തിലോ തണല്‍മരങ്ങള്‍ക്ക് താഴെയോ വഴിയരികിലോ നിങ്ങള്‍ മലമൂത്ര വിസര്‍ജനം നടത്തരുത്'' എന്ന നബിവചനം ജലസാക്ഷരതയുടെ ഉന്നത പാഠമാണ് പഠിപ്പിക്കുന്നത്. 

ജലത്തെ പൊതുസ്വത്തായി കാണുവാനും എല്ലാവര്‍ക്കും അതില്‍ അവകാശമുണ്ടെന്നും മറ്റുള്ളവരുമായി അത് പങ്കുവെക്കണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു. 

നബി ﷺ  പറഞ്ഞു: ''മുസ്‌ലിംകള്‍ മൂന്നു കാര്യത്തില്‍ തുല്യപങ്കാളികളാണ്; ജലം, പുല്ല്, തീ എന്നിവയാണ് അവ'' (ഇബ്‌നുമാജ).

ആധുനിക ലോകത്തെ പരിസ്ഥിതി വാദികള്‍ക്ക് പോലും സങ്കല്‍പിക്കാനാവാത്തവിധം മനോഹരവും സമത്വപൂര്‍ണവുമായ നിര്‍ദേശങ്ങളാണ് ജലസംരക്ഷണ വിഷയത്തില്‍ ഇസ്‌ലാം ലോകത്തിനുമുന്നില്‍ സമര്‍പ്പിക്കുന്നത് എന്ന കാര്യം ഉറക്കെ പറയാന്‍ കൂടി ഇത്തരം വിഷമ സന്ധികള്‍ നമുക്ക് പ്രേരണയാകണം.