പത്തരമാറ്റ് പത്ത്കിതാബിനോ? മക്വ്ദി തങ്ങളുടെ ചോദ്യത്തിന് ഇന്നും ഉത്തരമില്ല

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19

നാടുനീളെ ക്വുര്‍ആന്‍ പഠന സംരംഭങ്ങളാല്‍ സമ്പന്നമായ സമകാല മലയാള മണ്ണില്‍ നിന്നുകൊണ്ട്, വിശുദ്ധ ക്വുര്‍ആനിന്റെ ആശയ പരിസരവുമായി സമുദായത്തിനുണ്ടായിരുന്ന അകലം; പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരളക്കരയെ ബാധിച്ചിരുന്ന ജീര്‍ണതകള്‍ക്ക്, എങ്ങിനെയൊക്കെ വളം വെച്ചുകൊടുത്തു എന്ന്, ശോഭായമാനമായ ഒരു സമുദായം വളര്‍ന്നു വരിക എന്ന സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ജീവിതകാലം മുഴുവന്‍ പണിയെടുത്ത, തന്റെ കാലത്തെ സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിച്ച, കേരള മുസ്ലിം നവോത്ഥാനത്തിന്റെ അമരക്കാരന്‍ സയ്യിദ് ഥനാഉല്ലാഹ് മക്വ്ദി തങ്ങളുടെ കണ്ണടയിലൂടെ നോക്കിക്കാണാം.

ക്വുര്‍ആന്‍ കോടതിയില്‍ വെക്കാനുള്ളതോ?

ദൈനംദിന ജീവിതത്തില്‍ വിശുദ്ധ ക്വുര്‍ആനിനെ പടിക്കുപുറത്ത് നിര്‍ത്തിയിരുന്ന അക്കാലത്തെ മുസ്ലിംകളില്‍ പലരും കോടതി വ്യവഹാരങ്ങള്‍ക്കുവേണ്ടി അതിനെ ദുരുപയോഗം ചെയ്തിരുന്നുവെന്ന് മക്വ്ദി തങ്ങളുടെ പ്രസ്താവനകളില്‍ നിന്ന് നാം മനസ്സിലാക്കുകയുണ്ടായി. അത്തരം പ്രവണതകളെ ശക്തിയുക്തം എതിര്‍ക്കാന്‍ മക്വ്ദി തങ്ങള്‍ തൂലികയും ജിഹ്വയും പടവാളാക്കുക മാത്രമല്ല, മതപണ്ഡിതന്മാരുമായി വ്യക്തിപരമായി ആശയവിനിമയം നിര്‍വഹിക്കുകയും ചെയ്തു. ഹൈന്ദവ, ക്രൈസ്തവ വേദങ്ങള്‍ കോടതിയില്‍ വെച്ചതിനാല്‍ ക്വുര്‍ആനും അക്കൂട്ടത്തില്‍ വേണം എന്നായിരുന്നു അന്നത്തെ പണ്ഡിതന്യായം! മക്വ്ദി തങ്ങളുടെ 'ക്വുര്‍ആന്‍ വേദവിലാപം' എന്ന പുസ്തകത്തില്‍ 'മുതലുള്ളവരുണ്ടനേകര്‍; മതമുള്ളവരില്ലൊരുത്തര്‍' എന്ന മക്വ്ദി വാക്യത്തിനു കീഴില്‍ വിവരിക്കുന്നത് കോടതിയില്‍ മുസ്ലിംകള്‍ക്ക് സത്യം ചെയ്യാനായി വെച്ചിരിക്കുന്ന മുസ്വ്ഹഫ് എടുത്തുമാറ്റാന്‍ വേണ്ടി ഒരു മുസ്ല്യാരുമായി അദ്ദേഹം നടത്തിയ സംഭാഷണമാണ്. അതിലെ ഒരു ഭാഗം ഇങ്ങനെ വായിക്കാം:

'ഹാ കഷ്ടം! ക്വുര്‍ആന്‍മഹിമ അറിയുന്നില്ല. മുസല്‍മാനായിരിക്കുന്ന വാദിയും പ്രതിവാദിയും യോജിച്ചു ക്വുര്‍ആന്‍ എടുത്തു പറയേണ്ട ആവശ്യമില്ലെന്നു ബോധിപ്പിക്കുന്നതായാല്‍ കോടതി നിര്‍ബന്ധിക്കുന്നതല്ല. കക്ഷികളുടെ തൃപ്തിക്കായിക്കൊണ്ടു ചെയ്യിക്കുന്നതാകയാല്‍ സാധാരണ പോലെ ദൈവനാമ സത്യം മതിയാകുമെന്ന് കക്ഷികള്‍ രണ്ടും സമ്മതിക്കുന്ന പക്ഷം കോടതി അനുകൂലമാകാതിരിക്കുന്നതല്ല. അതു ചെയ്യാതെ ക്വുര്‍ആന്‍ പ്രമാണികളായ നിങ്ങള്‍ തന്നെ ക്വുര്‍ആന്‍ എടുത്തു സത്യം ചെയ്യണമെന്നു സിദ്ധാന്തിക്കുന്നു. സ്വല്‍പം സംഖ്യക്കുവേണ്ടി ദൈവ വചനമായ പരിശുദ്ധാധാരത്തെ അപമാനിക്കുന്നു. 'കാര്യം സത്യമായാലും സത്യം ചെയ്യില്ല' എന്നുള്ള വേദനിയമത്തെ നിരസിക്കുന്നു. ഇതിനാല്‍ ക്വുര്‍ആന്‍ പ്രമാണം കോടതികളില്‍ വെക്കുന്നതിന്നു കാരണമായതും നിങ്ങള്‍ തന്നെ എന്നും തെളിയുന്നു. ഹാ-കഷ്ടം-മഹാവ്യസനം! ഇതിന്നു കാരണമായതും ജ്ഞാനവിഹീനതയും ഹീനബുദ്ധിയും ആകുന്നു.''(1)

വിശുദ്ധ ക്വുര്‍ആന്‍ തീയില്‍ ദഹിക്കുമോ?

വിശുദ്ധ ക്വുര്‍ആനോടുള്ള പ്രാമാണിക പ്രതിബദ്ധതയാണ് മക്വ്ദി തങ്ങളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. തന്റെ സംഘത്തിലുള്ളവരോ അല്ലാത്തവരോ ക്വുര്‍ആനെ സംബന്ധിച്ച് അതിനോടുള്ള ആദരവ് നിമിത്തമായിട്ടാണെങ്കില്‍ പോലും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് തങ്ങള്‍ അനുവദിച്ചുകൊടുക്കുമായിരുന്നില്ല. തന്റെ ശിഷ്യന്മാരിലൊരാളായ പാലശ്ശേരി കുഞ്ഞഹമ്മദ് എന്ന ഇസ്ലാം മത പ്രാസംഗികന്റെ ക്രിസ്തുമതഖന്ധന സംസാരമധ്യെ വന്നുപോയ 'ബൈബിള്‍ ദഹിക്കും, ക്വുര്‍ആന്‍ ദഹിക്കാതിരിക്കും' എന്ന ഒറ്റ വാചകത്തിലുള്ള ഒരു അബദ്ധത്തെപ്പറ്റി ചിലര്‍ നേരിട്ടും, മറ്റു ചിലര്‍ തപാലില്‍ കത്തയച്ചും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. അവയൊക്കെയും ഗുണകാംക്ഷയായി കണ്ട് ശിഷ്യനെ തിരുത്തിക്കുകയാണ് തങ്ങള്‍ ചെയ്തത്. തദ്വിഷയകമായി വന്ന തങ്ങളുടെ പരാമര്‍ശങ്ങള്‍ ചുവടെ വായിക്കാം:

''സുബുദ്ധിയാകുന്നത് പ്രവൃത്തി പഴക്കത്താലുണ്ടാകുന്ന ജ്ഞാനത്താലാകുന്നു. കല്ലുകടിക്കുന്നതും പിന്നെ പല്ലുകടിക്കുന്നതും സാധാരണയാകുന്നു.''(2)

''ബൈബിള്‍ ദഹിക്കും, ക്വുര്‍ആന്‍ ദഹിക്കാതിരിക്കും എന്ന് വാദിക്കുന്നതും അറിവില്ലായ്മ തന്നെ.''(3)

'ഇതിനാല്‍ ക്വുര്‍ആന്‍ ലിഖിതങ്ങളില്‍ അഗ്‌നി സ്പര്‍ശിക്കുന്നതല്ലെന്നുള്ള വാദം ഇസ്ലാം മതത്തില്‍ ഇല്ലെന്ന് തീര്‍ച്ചയാകുന്നു.'(4)

ഇതായിരുന്നു മക്തി തങ്ങളുടെ സമീപന രീതി. അക്കാലത്ത് പ്രസംഗാബദ്ധങ്ങളെ പ്രബോധക സംഘത്തിന്റെ വിഭജനത്തിന് പ്രധാനായുധമാക്കുന്ന പ്രവണത പ്രചാരത്തിലുണ്ടായിരുന്നില്ല.

സയ്യിദ് ഥനാഉല്ലാഹ് മക്വ്ദി തങ്ങളുടെ കാലത്ത് പൊന്നാനിയിലും മറ്റു പ്രദേശങ്ങളിലും നിലനിന്നിരുന്ന മതപാഠശാലകള്‍ സമൂഹത്തിന് നല്‍കുന്ന ഗുണദോഷഫലങ്ങള്‍ വ്യവഛേദിച്ചറിയുവാന്‍ കഴിയുന്നവരോ, ഇതര മതപഠന സമ്പ്രദായങ്ങളെക്കുറിച്ച് കേട്ടറിവുള്ളവരോ, മതപഠനം എത്രമാത്രം വിദ്യാര്‍ഥി സൗഹൃദപരവും സമുദായോത്തേജകവും ആക്കി മാറ്റാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരോ, തദനുസൃതമായി മാറ്റത്തിനൊരുമ്പെടുന്നവരോ ആയി ഒരു മതപണ്ഡിതനെയും നേതാവിനെയും പ്രമാണിയെയും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ ഒരു ശൂന്യതയാണ് മക്വ്ദി തങ്ങളിലെ പരിഷ്‌കര്‍ത്താവിന് പരിസരമൊരുക്കിയത്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുക മാത്രമല്ല, ഫലപ്രദമായ ഉത്തരങ്ങള്‍ കണ്ടെത്തി സമുദായ ഗാത്രത്തിലടിഞ്ഞുകൂടിയ കട്ടപിടിച്ച അഴുക്കിനെ നിഷ്‌കാസനം ചെയ്യാനും അദ്ദേഹം മുതിര്‍ന്നു.

മതപാഠശാലകള്‍: ഒരു വിഹഗ വീക്ഷണം

അന്ന് നടപ്പിലുണ്ടായിരുന്ന മതാഭ്യാസ രീതികള്‍ ബാലികാബാലന്മാരെ എങ്ങനെയാണ് ബാധിച്ചിരുന്നത് എന്ന് മക്വ്ദി തങ്ങള്‍ വ്യക്തമാക്കുന്നു: ''വായനക്കാരേ! ക്വുര്‍ആന്‍ ഓത്തിന്റെ കഥ കേള്‍ക്കണം. അഞ്ചും ആറും വയസ്സ് പ്രായമുള്ള കുട്ടികളെ ഓത്തിനിരുത്തി മടിയില്‍ ഒരു പലക വെച്ചുകൊടുക്കുന്നു. സാമാന്യ ബുദ്ധിഗുണമുള്ളവനു ഒരു ആറേഴ് മാസം കൊണ്ടും ബുദ്ധി മന്ദിച്ചവനു കഷ്ടിച്ചാല്‍ ഒരു വത്സരം കൊണ്ടും അവസാനിപ്പിക്കാവുന്ന ക്വുര്‍ആന്‍ രണ്ടും മൂന്നും വത്സരം കൊണ്ട് അവസാനിപ്പിക്കാതെ കാലം കഴിക്കുന്നു. ഒരുവിധം അവസാനിപ്പിച്ചിരുന്നാലും പേന(ക്വലം) പിടിക്കേണ്ടത് എങ്ങിനെ? എഴുതേണ്ടത് എങ്ങിനെ? എന്നറിയുന്നില്ല.''(5)

നടപ്പുരീതി വിവരിച്ച് സങ്കടപ്പെടുകയല്ല മക്വ്ദി തങ്ങള്‍ ചെയ്തത്. അധ്യാപകര്‍ എന്തുകൊണ്ട് ഈ രീതി അവലംബിച്ചു എന്ന് അന്വേഷിക്കുകയും അതിന്റെ കാരണം കണ്ടെത്തുകയും ചെയ്തു. പ്രശ്നകാരണം അപഗ്രഥിക്കാതെ പരിഹാരത്തിലേക്ക് നീങ്ങാന്‍ കഴിയുകയില്ല എന്ന് പരിഷ്‌കര്‍ത്താവിന് ഉത്തമബോധ്യമുണ്ടായിരുന്നു. തൊലിപ്പുറത്ത് ചികില്‍സിക്കുന്ന മുറിവൈദ്യന്മാരെ നവോത്ഥാന നായക വേഷം കെട്ടിച്ച് എഴുന്നള്ളിക്കാനുള്ള ശ്രമം വ്യാപകമായ ഇക്കാലത്ത് മക്വ്ദി തങ്ങളുടെ പരിഷ്‌കരണ പരിശ്രമങ്ങളെപ്പറ്റി പിന്തുടര്‍ച്ചാവാദികള്‍ക്കെങ്കിലും സാമാന്യ ധാരണ അനിവാര്യമാണ്. അധ്യാപകരുടെ യോഗ്യതക്കുറവായിരുന്നു ഈ നിര്‍ഗുണ രീതി കാലങ്ങളോളം തുടരാന്‍ ഇടയാക്കിയത്. അവര്‍ക്ക് പരിശീലനം നല്‍കുന്ന സമ്പ്രദായമോ, അതിന് പ്രാപ്തരായ വിദഗ്ധരോ അന്ന് ഉണ്ടായിരുന്നില്ല. തങ്ങളുടെ തന്നെ വാക്കുകള്‍ വായിക്കുക: ''ഈ വക ദോഷങ്ങള്‍ക്കുള്ള കാരണം, പഠിപ്പിക്കേണ്ട മുറയും ക്രമവും അറിവില്ലായ്ക തന്നെ.''(6)

 കേരളമൊട്ടുക്കും ഈ മതപഠന രീതിയാണ് അക്കാലത്ത് വ്യാപകമായിരുന്നത് എന്നതിന് മക്വ്ദി തങ്ങള്‍ തന്നെ സാക്ഷിയാണ്. സാര്‍വത്രികതയാണ് ഈ ദുഷിച്ച സമ്പ്രദായത്തിന് മതപരമായ ആധികാരികത സാധാരണക്കാര്‍ക്കും പണ്ഡിതര്‍ക്കുമിടയില്‍ കല്‍പിച്ചു നല്‍കിയിരുന്നതെന്ന് തങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ക്വുര്‍ആന്‍ ഓതിക്കൊടുക്കാന്‍ മാത്രമറിയുന്ന അല്‍പജ്ഞരായ മൊല്ലമാരെയല്ലാതെ മറ്റാരെയും സമുദായത്തിലെ ബാലിക ബാലകന്മാര്‍ക്ക് പ്രാഥമിക മതവിദ്യാഭ്യാസം നല്‍കുന്നതിന് അന്ന് ലഭിക്കുമായിരുന്നില്ല. മക്വ്ദി തങ്ങള്‍ എഴുതിയത് കാണുക: ''അക്ഷരാഭ്യാസ പ്രാപ്തരാകുന്ന പുത്ര-പുത്രിമാരെ ക്വുര്‍ആന്‍ ഓതിക്കുന്ന മൊല്ലാമാരില്‍ ഏല്‍പിക്കുന്നു. ക്വുര്‍ആന്‍ അവസാനിക്കുന്നതുവരെ അതില്‍തന്നെ ശ്രമിക്കുന്നു. ഒന്നോ രണ്ടോ മൂന്നോ വത്സരം കൊണ്ട് ക്വുര്‍ആന്‍ അവസാനിപ്പിക്കുന്നു. ഉടനെ 'പത്തുകിതാബ്' എന്ന പുസ്തകം എടുക്കുന്നു.''(7)

ഒരു മുസ്ലിം വിദ്യാര്‍ഥിയുടെ ക്വുര്‍ആനുമായുള്ള ബന്ധം ഇതോടെ അവസാനിക്കുന്നു. മാനവര്‍ക്ക് മാര്‍ഗദീപമായി ലഭിച്ച പരിശുദ്ധ ഗ്രന്ഥവും അന്നത്തെ മുസ്ലിം സമുദായവും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ദൃക്സാക്ഷി വിവരണമാണ് തങ്ങളുടെ കൃതികളില്‍ നമുക്ക് കാണാനാകുന്നത്. 

''ക്വുര്‍ആന്‍ വായന ശുദ്ധമാക്കുന്നതല്ലാതെ പൊരുള്‍പ്പെടുത്തി പഠിക്കുന്നില്ല. അങ്ങിനെ പഠിക്കത്തക്ക പ്രായവുമില്ല. ഈ നിലയില്‍ പ്രിയപുത്രന്റെ വിലയേറിയ പ്രായമായ അഭ്യാസകാലം ഒന്നോ രണ്ടോ കൊല്ലം വായനാവശ്യത്തിലേക്ക് മാത്രം ചിലവഴിക്കുന്നത് ന്യായമോ?''(8)

വിശുദ്ധ ക്വുര്‍ആനിന്റെ കേവല വായനക്കപ്പുറത്ത് യാതൊന്നും ആര്‍ജിക്കാതെയാണ് നമ്മുടെ നിരവധി തലമുറകള്‍ ഈ മതത്തെ പ്രതിനിധീകരിച്ചുകൊണ്ട് കടന്നുപോയത് എന്നത് എത്രമാത്രം സങ്കടകരമാണ്! 

മക്വ്ദി തങ്ങളുയര്‍ത്തിയ ചോദ്യത്തിന് കിട്ടിയ ഉത്തരം ഇതായിരുന്നു: ''...എന്നുണ്ടാകുന്ന ബുദ്ധിയനുസരണ ചോദ്യത്തിനുത്തരം കാണാതെ മതവിധി എന്നും വേദാവശ്യമെന്നും ഉത്തരം പറയുന്നു. ഒഴിയുവാന്‍ പാടില്ലാത്തവിധത്തില്‍ ഉറപ്പിക്കുന്നു: 'ഇത് മതക്രമം തന്നെ'. മതവിധികളും വേദനിയമങ്ങളും ബുദ്ധിയനുസരണ ചോദ്യത്തിനു സമാധാനമില്ലാത്തവയല്ലായ്കയാല്‍ 'മതവിധി' എന്നും 'വേദാവശ്യ'മെന്നും ധരിച്ചതും പറഞ്ഞതും തെറ്റാകുന്നു.''(9)

ശീലബോധത്തെ പ്രമാണമായി വിലയിരുത്തുന്നതിലുപരി, യാതൊരു ആദര്‍ശ അടിത്തറയുമില്ലാത്ത സമുദായ നേതൃത്വത്തിന് എങ്ങനെയാണ് ആത്യന്തികമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാനാവുക?! ആ ഒരു നിര്‍ണായക ഘട്ടത്തിലാണ് മക്വ്ദി തങ്ങളുടെ മതവിജ്ഞാനവും സമുദായ സ്നേഹവും ഒരു പരിഷ്‌കര്‍ത്താവിന്റെ ചുമതലയേറ്റെടുക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നത്.

ക്വുര്‍ആന്‍ പഠിപ്പിക്കാത്ത ഉന്നത മതപഠന കേന്ദ്രങ്ങള്‍ സമുദായത്തിന് എന്ത് നല്‍കി?

വിശുദ്ധ ക്വുര്‍ആന്‍ വായിക്കാന്‍ പഠിച്ചു കഴിഞ്ഞാല്‍ ഒരു കുട്ടിക്ക് പഠിക്കാനുണ്ടായിരുന്ന പ്രധാന ഗ്രന്ഥം പത്ത്കിതാബ് എന്നറിയപ്പെട്ടിരുന്ന ഒറ്റവാള്യത്തിലുള്ള പത്ത് ലഘുഗ്രന്ഥങ്ങളുടെയും രണ്ട് അനുബന്ധ കൃതികളുടെയും സമാഹാരമായിരുന്നു. ഗ്രന്ഥകര്‍ത്താക്കളുടെ പേര് നല്‍കിയിട്ടില്ല. ഇന്നും അതിന്റെ അറബി-മലയാള പരിഭാഷയടക്കം വിപണിയിലുണ്ട്.

തങ്ങളുടെ കാലത്തുണ്ടായിരുന്ന അതേ പുസ്തകം ഇന്നും നമ്മുടെ പള്ളിദര്‍സുകളില്‍  പ്രഥമസ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. പൊന്നാനി പണ്ഡിതന്മാരില്‍ ചിലരുടെ നോട്ടീസുകളാണ് അതെന്നാണ് പ്രമുഖ അറബിപണ്ഡിതനും ചരിത്രകാരനുമായ കെ.കെ.മുഹമ്മദ് അബ്ദുല്‍കരീം സാഹിബിന്റെ നിഗമനം.(10) വിശ്വാസ-അനുഷ്ഠാന മുറകളാണ് അതിലെ പ്രതിപാദ്യം. അത് പഠിപ്പിച്ചിരുന്ന അക്കാലത്തെ രീതി മക്വ്ദി തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

''അത് അറബി ഭാഷയില്‍ ഉള്ളതാകയാല്‍ വാചകം ചൊല്ലി മലയാളഭാഷയില്‍ അര്‍ഥപ്പെടുത്തി പഠിപ്പിക്കുന്നു.''(11)

ക്വുര്‍ആനിന്റെ അര്‍ഥം പറഞ്ഞുകൊടുക്കാനറിയില്ലെങ്കിലും ഇത്തരം കൃതികളുടെ അര്‍ഥം പണ്ഡിതന്‍മാര്‍ പഠിച്ചു വെച്ചിരുന്നു എന്നര്‍ഥം. ഭാഷാന്തര രീതികള്‍ വിചിത്രമായിരുന്നു എന്നുള്ളത് മറ്റൊരു വസ്തുത. മലയാള ഭാഷയോടുള്ള അന്നത്തെ സമുദായത്തിന്റെ സമീപനവുമായി ബന്ധപ്പെട്ട വിഷയം വിശദ ചര്‍ച്ചയാവശ്യമുള്ള മേഖലയാണ്. 

ഈ അശാസ്ത്രീയ പള്ളിദര്‍സ് പഠന സമ്പ്രദായത്തെ ശക്തിയുക്തം വിമര്‍ശിച്ചുകൊണ്ട് മക്വ്ദി തങ്ങള്‍ 'മതവിധിയാക്രമം' എന്ന തലക്കെട്ടിനു കീഴില്‍ വ്യക്തമാക്കി:

''പത്തുകിതാബ്! ഈ പഠനവും അവകാശ ആക്രമം തന്നെ. എങ്ങനെയെന്നാല്‍ പത്ത് കിതാബില്‍ അടങ്ങിയിരിക്കുന്ന ജ്ഞാനവിഷയം ഒക്കെയും നിര്‍ബന്ധിതമല്ല. 'ഫറളുല്‍ ഐനാ'യതുകളില്‍ കവിഞ്ഞ ഭാഗങ്ങളും അടങ്ങിയിരിക്കുന്നു.ആ അറിവ് മുഴുവനും ഉണ്ടാകുന്നത് ഗുണമെന്നുദ്ദേശിക്കുന്നതായാലും അറബി വാചകം ചൊല്ലി പഠിക്കുകതന്നെ വേണമെന്നും ഈ കിതാബു തന്നെ വായിക്കണമെന്നും മതം നിര്‍ബന്ധിക്കുന്നില്ല.''(12) 

പടച്ചവന്റെ കിതാബിനെക്കാള്‍ പത്തു കിതാബിന് പ്രാമുഖ്യം നല്‍കി അക്ഷരംപ്രതി പഠിപ്പിച്ചിരുന്ന ഒരു സമൂഹത്തില്‍ ഈ പൊളിച്ചെഴുത്ത് ഏറ്റവും അനിവാര്യമായിരുന്നു. 

പത്ത് കിതാബ് പഠിച്ചുകഴിഞ്ഞാല്‍ പിന്നെ ക്വുര്‍ആന്‍ പഠിച്ചിരുന്നോ എന്ന് നോക്കാം. അതും മക്വ്ദി തങ്ങള്‍ നമുക്കായി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്: ''ഈ കിതാബ് പത്തും പഠിച്ചാല്‍ മതപ്രകാരം അത്യാവശ്യമായ വിശ്വാസ കര്‍മങ്ങളും കര്‍മാചാരക്രമങ്ങളും (അക്വാഇദ്, ഫിക്വ്ഹ്) പഠിക്കുന്നു. ഫര്‍ളുല്‍ ഐനായ 'നിര്‍ബന്ധിതമായ' ജ്ഞാനം സിദ്ധിക്കുന്നു.''(13) 

ഇതായിരുന്നു മലയാളക്കരയുടെ ചിത്രമെങ്കില്‍ തമിഴ്നാടിന്റെ സ്ഥിതിയും ശുഭോദര്‍ക്കമായിരുന്നില്ല. ''വേലൂര്‍ മുതലായ രാജ്യങ്ങളില്‍ ഈ പത്തു കിതാബിന് പകരം ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളെ വായിപ്പിക്കുന്നു. നിര്‍ബന്ധിത ജ്ഞാനം പഠിപ്പിക്കുന്നു''(15)

രണ്ടു പ്രദേശങ്ങളിലെയും പഠനരീതികള്‍ പ്രാകൃതവും വിരസവുമായിരുന്നുവെന്ന് സ്വാനുഭവം വിശദമാക്കി മക്വ്ദി തങ്ങള്‍ പറയുന്നു: ''ഉടനെ അറബി വ്യാകരണമായ മഹാസമുദ്രത്തില്‍ ഇറക്കി മൗലവി ആവേണ്ട രീതിയില്‍ പിടികൂടുന്നു.അനേകര്‍ ഒഴിയുന്നു. അവസാനം വരെ സ്വന്തം ഭാഷയായ മലയാളമോ തമിഴോ പഠിക്കുന്നില്ല. മത വിരോധമോ ജനരോഷമോ ഉണ്ടെന്നഭിപ്രായപ്പെട്ടിരിക്കുന്നു.''(15)

ഈ പാഠ്യക്രമം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ സമുദായ പുരോഗതിയുടെ കടയ്ക്കല്‍ കത്തിവെച്ചു എന്നതിന് തെളിവായി മക്വ്ദി തങ്ങളുടെ സാക്ഷ്യം മാത്രം മതിയാവും: 

''ഈ നടപടിക്രമം മതവിധിയെ ആക്രമിച്ചും മതാഭിവൃദ്ധി മാര്‍ഗത്തെയും ജന പരിഷ്‌കാര രീതിയെയും ബന്ധിച്ചും ഇരിക്കുന്നു.''(16) 

''കഷ്ടാനുഭവം പൊന്നാനിയിലേക്ക് ഉന്തുന്നു. മുസ്ല്യാരാവാന്‍ ശ്രമിക്കുന്നു. അതിനാല്‍ 'ഫര്‍ളുല്‍ കിഫായ' എന്ന മതനിയമം ആക്രമിക്കപ്പെട്ടു. മുസ്ല്യാന്മാര്‍ അനവധിയായി. അവകാശപ്പെട്ട അവസ്ഥക്ക് നാശം ഭവിച്ചും, നിയമപ്രകാരം ഒരു രാജ്യത്ത് ഒന്നോ രണ്ടോ ഉണ്ടാകുന്നതില്‍ ജനം ഭക്തിയോടുകൂടി ആശ്രയിക്കുന്നതും ദാനം, സമ്മാനം മുതലായ വരുമാനങ്ങള്‍ ഉണ്ടാക്കുന്നതുമായ പൂര്‍വ്വാചാരം പിഴച്ചു. മുസ്ല്യാന്മാര്‍ അഷ്ടിക്ക് കഷ്ടപ്പെട്ടു. രാജ്യങ്ങള്‍ തോറും ഓടിയലയുവാനും പലരെ ആശ്രയിക്കാനും സംഗതി വന്നു.''(17)

മതപരമായ അവഗാഹം നേടിയവര്‍ ഒരു സമൂഹത്തില്‍ ഉണ്ടായിരിക്കുക എന്നത് ആ സമൂഹത്തിന്റെ പൊതുബാധ്യത എന്ന നിലക്ക് ആവശ്യാനുസരണം മതിയെന്നും അല്ലാത്തവര്‍ക്ക് അടിസ്ഥാനപരമായ മതവിജ്ഞാനം നേടി അനുവദനീയമായ മറ്റു വിദ്യകള്‍ അഭ്യസിക്കാം എന്നുമുള്ള മതത്തിന്റെ അനുവാദം വകവെക്കാതെ എല്ലാ ഓരോ വ്യക്തിയുടെ മേലും ഇത് അടിച്ചേല്‍പിച്ചപ്പോള്‍ ഉപജീവനത്തിനു പോലും വകയില്ലാതെ ഗതിമുട്ടിയ മുസ്ല്യാക്കള്‍ സമൂഹത്തിനു ഭാരമായിത്തീര്‍ന്നു. 

സമുദായത്തെ ഗ്രസിച്ച ജീര്‍ണതകള്‍ക്കെതിരെ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയും തമിഴ്നാട്ടിലും പ്രഭാഷണപരമ്പരകള്‍ നടത്തിയും പത്ര പ്രസിദ്ധീകരണങ്ങളിലൂടെയും ഗ്രന്ഥങ്ങളും ലഘുലേഖകളും വഴിയും 'ഡോര്‍ ടു ഡോര്‍' നടത്തിയും മഹാനായ മക്വ്ദി തങ്ങള്‍ പടവെട്ടി. പ്രതികൂലാവസ്ഥകള്‍ മാത്രമാണ് പിന്നിട്ട വഴികളില്‍ നിറഞ്ഞുനിന്നത്. ക്രൈസ്തവ പാതിരിമാരുടെ ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായി മറുപടി നല്‍കാന്‍ അക്ഷീണം പ്രയത്നിച്ച മക്വ്ദി തങ്ങള്‍ മുസ്ലിം സമുദായത്തില്‍നിന്ന് അനുകൂലമായ പ്രതികരണങ്ങള്‍ ഏതെങ്കിലും ഒരു കാലത്ത് ഉണ്ടാകുമെന്ന് ജീവിത സായാഹ്നത്തിലും പ്രതീക്ഷിച്ചിരുന്നു. 

മഹാനായ പരിഷ്‌കര്‍ത്താവിന്റെ പ്രതീക്ഷാനിര്‍ഭരമായ വാക്കുകള്‍ ഇങ്ങനെ വായിക്കാം: ''നിങ്ങള്‍ വിശ്വസിച്ച മലയാളികളും, ഞാന്‍ പ്രവാചകന്റെ സന്താനവും ആയതുകൊണ്ട് മതത്തിലും മത കര്‍ത്താവിലും മതക്കാരായ ജനത്തിലും ഉണ്ടാകുന്ന ആക്ഷേപത്തില്‍ എനിക്കും പങ്കുണ്ടാകുന്നു. ആകയാല്‍ ഞാന്‍ വ്യസനിച്ചു നിങ്ങളെ ഗുണദോഷിക്കുന്നതില്‍ നിങ്ങള്‍ വഴിപ്പെടുമെന്നും ജന പരിഷ്‌കാരത്തില്‍ ശ്രമിക്കുമെന്നും വിശ്വസിക്കുന്നു. ക്വുര്‍ആന്‍ പ്രമാണത്തിലും മത കര്‍ത്താവിലും ഭക്തിയുള്ളവരായിരിപ്പാന്‍ ഉപദേശിക്കുന്നു.''(19)

പ്രമാണരേഖകള്‍ കാണാന്‍ പോലും ശ്രമിക്കാതെ അദ്ദേഹം വിമര്‍ശിച്ച പത്ത് കിതാബും മതത്തിന്റെ ആധികാരിക രേഖകളല്ലാത്ത അപ്രധാനമായ പണ്ഡിത കൃതികളും മറ്റും 'പിടികൂടാന്‍'(20) വേണ്ടി ഇന്നും ആയുസ്സ് തീര്‍ക്കുന്ന പുരോഹിതര്‍ തന്നെ അദ്ദേഹത്തെ നവോത്ഥാന നായകരുടെ മുന്‍നിരയില്‍ നിര്‍ത്തുന്ന സ്ഥിതിവിശേഷം സംജാതമായല്ലോ. സര്‍വശക്തന് സര്‍വ സ്തുതികളും. 

മക്വ്ദി തങ്ങള്‍ ഇരുകരങ്ങളും നീട്ടി അന്ന് പ്രപഞ്ചാധിപനായ സര്‍വശക്തനോട് കേണു പ്രാര്‍ഥിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കാതെ വയ്യ.

''സര്‍വകര്‍ത്താവായ തമ്പുരാനേ! ക്രിസ്തീയ ജനത്തില്‍ കാണുന്ന മത സ്നേഹത്തിനൊത്ത സ്നേഹവും മത വര്‍ധനയില്‍ കാണുന്ന ഉത്സാഹത്തിനൊത്ത ഉത്സാഹവും ഈഴവ ജനത്തില്‍ കാണുന്ന പരിഷ്‌കാര പരിശ്രമത്തിനൊത്ത ശ്രമവും ജന വാത്സല്യത്തിനൊത്ത വാത്സല്യവും കേരളത്തിലുള്ള മുസ്ലിം ജനത്തിലും കല്‍പിച്ചു തരേണമേ. 22 വത്സരമായി ഞാന്‍ നടത്തിവരുന്ന പ്രോത്സാഹ ഫലം കണ്ട് മരിക്കുമാറാക്കി രക്ഷിക്കേണമേ!-ആമീന്‍.''(21)

Ref:

1) മക്തി മനഃക്ലേശം-സമ്പൂര്‍ണ കൃതികള്‍, പേജ് 564.

2) ലഘുലേഖ 4, പാലില്ലാ പായസം-സമ്പൂര്‍ണ കൃതികള്‍, പേജ് 482.

3) സ്വജനാര്‍ഥ വിലാപം-മക്തി മനഃക്ലേശം (ആത്മകഥ). സമ്പൂര്‍ണ കൃതികള്‍, പേജ് 689.

4) ലഘുലേഖ 4, പാലില്ലാ പായസം-സമ്പൂര്‍ണ കൃതികള്‍, പേജ് 482.

5) സ്വജനാര്‍ഥ വിലാപം-മക്തി മനഃക്ലേശം, സമ്പൂര്‍ണ കൃതികള്‍, പേജ് 712.

6) അതേ അവലംബം.

7) തമിഴ് രാജ്യം മുതല്‍ മലയാള രാജ്യനിവാസികളായ മുസ്ലിം ജനവും വിദ്യാഭ്യാസവും- മുസ്ലിം ജനവും വിദ്യാഭ്യാസവും-സമ്പൂര്‍ണ കൃതികള്‍, പേജ് 438.

8) അതേ അവലംബം, പേജ് 439.

9) അതേ അവലംബം, പേജ് 439.

10. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം- മക്വ്ദി തങ്ങളുടെ ജീവചരിത്രം, യുവത, 1997 ഡിസംബര്‍, പേജ് 28, 29.

11) തമിഴ് രാജ്യം മുതല്‍ മലയാള രാജ്യനിവാസികളായ മുസ്ലിം ജനവും വിദ്യാഭ്യാസവും- മുസ്ലിം ജനവും വിദ്യാഭ്യാസവും-സമ്പൂര്‍ണ കൃതികള്‍, പേജ് 438.

12) അതേ അവലംബം, പേജ് 440.

13) അതേ അവലംബം, പേജ് 438, 439.

14) ഇന്നത്തെ മലബാറിന്റെ മിക്ക പ്രദേശങ്ങളും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

15) മുസ്ലിം ജനവും വിദ്യാഭ്യാസവും-സമ്പൂര്‍ണ കൃതികള്‍, പേജ് 439.

16) അതേ അവലംബം, പേജ് 439.

17) അതേ അവലംബം, പേജ് 439.

18) അതേ അവലംബം, പേജ് 443. 

19) ക്വുര്‍ആന്‍ വേദവിലാപം, സമ്പൂര്‍ണ കൃതികര്‍, പേജ് 565.

20) തങ്ങളുടെ കാലത്തെ ശൈലി ഗ്രഹിക്കുക എന്നര്‍ഥം. അറബി ഭാഷയിലെ ഇദ്‌റാക് എന്ന പദത്തിന്റെ മൊഴിഭേദം.

21) ക്വുര്‍ആന്‍ വേദവിലാപം, സമ്പൂര്‍ണ കൃതികര്‍, പേജ് 565.