മതപഠനത്തോടുള്ള സമുദായത്തിന്റെ സമീപനം: ഒരു വാഴക്കാടന്‍ വായന

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06

വിശുദ്ധ ക്വുര്‍ആനിന്റെ സാരം ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കാത്ത, അതിന്റെ ചൈതന്യത്തെ കെടുത്തിക്കളയുന്ന, മനുഷ്യ ജീവിതത്തെ പ്രതിലോമകരവും ദുഷ്‌കരവുമാക്കിത്തീര്‍ക്കുന്ന സാമൂഹിക ശോചനീയാവസ്ഥയെ നിലനിര്‍ത്താനാണ് പുരോഹിത പ്രമാണിമാര്‍ കേരളക്കരയില്‍ ശ്രമിച്ചു പോന്നത്. ഉന്നത മതപഠനത്തിലൂടെ അവസ്ഥാ മാറ്റം ആഗ്രഹിച്ചവരെയൊക്കെ നിഷ്‌കാസനം ചെയ്യാന്‍ അവര്‍ പല്ലും നഖവും ഉപയോഗിച്ചു. യഥാര്‍ഥ ജ്ഞാനത്തിലൂടെ വെളിച്ചം പ്രസരിക്കാനുള്ള എല്ലാ കിളിവാതിലുകളും അവര്‍ അടച്ചു കുറ്റിയിട്ടു. ക്വുര്‍ആന്‍ പരിഭാഷകള്‍ പോലെയുള്ള വ്യക്തിഗത പഠനമാര്‍ഗങ്ങള്‍ അക്കാലത്ത് അചിന്ത്യമായിരുന്നു.

തിരൂര്‍ സി.സൈതാലിക്കുട്ടി മാസ്റ്ററുടെ സവിശേഷ സഹായത്തോടെ 1909ല്‍ ബഹുഭാഷാ പണ്ഡിതനും സമുദായ പരിഷ്‌കര്‍ത്താവുമായ മൗലാനാ ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി വാഴക്കാട് പള്ളി ദര്‍സിന്റെ സിലബസ് പരിഷ്‌കരിച്ച് മദ്‌റസാ പ്രസ്ഥാനത്തിന് നാന്ദി കുറിച്ചു. സ്വന്തം കുടുംബത്തിലെയും പൊന്നാനി മതപഠന കേന്ദ്രത്തിലെയും പ്രമുഖ പണ്ഡിതന്‍മാരുടെ അടുക്കല്‍ നിന്ന് വിദ്യ നുകര്‍ന്ന ശേഷം തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ലത്വീഫിയ്യഃ കോളജിലെ പഠനമാണ് അദ്ദേഹത്തില്‍ പരിഷ്‌കരണ ചിന്ത വളര്‍ത്തിയത്. അവിടുത്തെ റഹ്മാനിയ്യഃ മദ്‌റസയിലെ മുദര്‍രിസായ അതിരാംപട്ടണം സ്വദേശി ശൈഖ് അഹ്മദില്‍ നിന്ന് പ്രമുഖ ഗോളശാസ്ത്ര ഗ്രന്ഥമായ രിസാലത്തുല്‍ മാറദീനിയുടെ അഭ്യസനത്തോടെയാണ് അദ്ദേഹത്തില്‍ പുതുചിന്തകള്‍ നാമ്പെടുക്കുന്നത്.

അന്നത്തെ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ വാഴക്കാട് മദ്‌റസക്കുള്ള സഹായം; കൃത്രിമമായ മതവിധികള്‍ ചമച്ച് അധികാരികളെ കാണിച്ച് നിറുത്തല്‍ ചെയ്യിച്ചു. പോയ പ്രദേശങ്ങളിലെല്ലാം മൗലാനയും ശിഷ്യന്‍മാരും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. ക്ഷുദ്രകൃതികൡലൂടെയും ദേഹോപദ്രവങ്ങളിലൂടെയും അവരെ പിന്തിരിപ്പിക്കാന്‍ യാഥാസ്ഥിതികള്‍ നിരന്തരം ശ്രമിച്ചു.

അന്നത്തെ ദയനീയസ്ഥിതി വിവരിച്ചു കൊണ്ട് 1955 ജൂണ്‍ 5ലെ അല്‍മനാര്‍ ലേഖനത്തില്‍ ഇങ്ങനെ എഴുതി:'''പുരോഗമനം ആവശ്യമുള്ളവര്‍ക്കെല്ലാം വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ആവശ്യമുള്ള വിദ്യ കരസ്ഥമാക്കുവാനായി ഇസ്‌ലാം ശാസിക്കുന്നു. വൈദികവും ലൗകികവുമെന്ന വ്യത്യാസം ഈ വിഷയത്തിലില്ല. വ്യക്തികളുടെയും സമുദായത്തിന്റെയും നിലനില്‍പിനും പുരോഗതിക്കും ഒഴിച്ചുകൂടാത്ത അറിവ് സമ്പാദിക്കേണ്ടത് നിര്‍ബന്ധം തന്നെയാകുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ മുസ്‌ല്യാക്കള്‍ വിദ്യാഭ്യാസത്തിനെതിരായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ആര്യനെഴുത്ത് പഠിക്കല്‍ ഹറാമാക്കി, ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്... എന്നെല്ലാമായിരുന്നു പ്രാചരവേല. അപ്രകാരം തന്നെ ഇടക്കാലത്ത് പരിഷ്‌കൃത രീതിയില്‍ മദ്‌റസകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിനെയും അവര്‍ ആക്ഷേപിച്ചിരുന്നു. നമ്മുടെ ബാപ്പ ഉപ്പാപ്പമാര്‍ ഇങ്ങനെ ഒന്നുമല്ല പഠിച്ചിരുന്നത്, അവര്‍ മേശയും കസാലയും ബോര്‍ഡും ഉപയോഗിച്ചിട്ടില്ല, ഇതൊക്കെ ക്വിയാമത്തിന്റെ(1) അലാമത്താണ്;(2) അതിലൊന്നും പങ്കെടുക്കുന്നത് നമുക്ക് യോജിച്ചതല്ല... എന്നൊക്കെ പ്രസംഗിച്ച് നടക്കുകയാണ് അവര്‍ ചെയ്തിരുന്നത്. സ്ത്രീ വിദ്യാഭ്യാസത്തെയും അവര്‍ വളരെ ശക്തിപൂര്‍വം എതിര്‍ത്തിരുന്നു. സ്ത്രീകള്‍ക്ക് കയ്യെഴുത്ത് പഠിക്കല്‍ ഹറാമാണെന്ന്(3) അവര്‍ പ്രബോധനം ചെയ്തു. പക്ഷേ, ഫത്‌വകള്‍(4) പെണ്ണുങ്ങള്‍ എഴുത്ത് പഠിക്കല്‍ കറാഹത്താണെന്നായിരുന്നു.(5) അക്കാലത്ത് ദീനും(6) ദുന്‍യാവും(7) മനസ്സിലാവാത്ത പള്ളിയോത്ത് മാത്രമെ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. പാമരന്‍മാരായ ബഹുജനങ്ങള്‍ അവരുടെ വാദങ്ങളെ 'മതവിധി'കളായി സ്വീകരിച്ചു.''(8)

ബോര്‍ഡില്‍ എഴുതുന്ന സമ്പ്രദായം മതപഠന മേഖലയില്‍ ആദ്യം കൊണ്ടുവന്നത് മൗലാനാ ചാലിലകത്ത് ആയിരുന്നു. പലകമേല്‍ ചവിടി കൊണ്ട് പാഠങ്ങളെഴുതിക്കൊടുത്ത് പഠിപ്പിക്കുന്ന രീതി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. ബോര്‍ഡില്‍ ക്വുര്‍ആന്‍ എഴുതുമ്പോള്‍ താഴെ വീഴുന്ന ചോക്കിന്‍പൊടി ചവിട്ടുന്നത് ക്വുര്‍ആനിനെ നിന്ദിക്കലായതിനാല്‍ ചോക്ക് കൊണ്ട് ബോര്‍ഡില്‍ എഴുതുന്നത് നിഷിദ്ധമാണെന്ന് വിധി പുറപ്പെടുവിക്കുക മാത്രമല്ല, വാഴക്കാട് ദാറുല്‍ ഉലൂം മദ്‌റസയിലെ പാഠപുസ്തകങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനും പൗരോഹിത്യം പരിശ്രമിച്ചു. മതപഠനത്തിന് വേണ്ടി മാറ്റി വെച്ച വക്വഫ് സ്വത്തുക്കളില്‍ നിന്ന് ഇതിനായി ചെലവഴിക്കാന്‍ പാടില്ല എന്ന് ചില പണ്ഡിത വിധികള്‍ എഴുതിക്കൊണ്ടു വന്നു സ്ഥാപനാധികാരികളെ കാണിച്ചു. എതിര്‍പ്പുകള്‍ ശക്തമാക്കി ചാലിലകത്തിനെ പുറത്തു ചാടിക്കാനുള്ള സമ്മര്‍ദം സൃഷ്ടിച്ചു.

പൊന്നാനി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാര്‍, കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, രായിന്‍ കുട്ടി മുസ്‌ലിയാര്‍ എന്നീ പ്രമുഖ പണ്ഡിതന്‍മാരുടെ ഒരു സമിതി പാഠപുസ്തക പരിശോധനക്ക് നിയോഗിക്കപ്പെട്ടു. പരിശോധന സമയത്ത് മലബാറിലെ പ്രഗത്ഭരായ ചില പണ്ഡിതരും സന്നിഹിതരായിരുന്നു. അവയില്‍ മതവിരുദ്ധമായത് ഒന്നുമില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായ പാഠ്യരീതി നിലനിര്‍ത്തേണ്ടതാണെന്നും സമിതി പ്രസ്താവിച്ചു.

മദ്‌റസാ വിദ്യാര്‍ഥികളുടെ പഠന നിലവാരം കൂടി പരിശോധിക്കാന്‍ മൗലാനാ പരിശോധകരോട് അഭ്യര്‍ഥിച്ചു. അവരുടെ കഴിവില്‍ മതിപ്പ് രേഖപ്പെടുത്തുകയാണ് പരിശോധകര്‍ ചെയ്തത്.

പൗരോഹിത്യത്തിന്റെ തീക്ഷ്ണമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ 1914ല്‍ ദാറുല്‍ ഉലൂമിനോട് വിട പറഞ്ഞ മൗലാന വളപട്ടണം, പറവണ്ണ, പുളിക്കല്‍, നല്ലളം, കോഴിക്കോടിനടുത്ത കോട്ടുമ്മല്‍, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ പരിഷ്‌കരണ മദ്‌റസകള്‍ സ്ഥാപിക്കുകയും മേല്‍നോട്ടത്തിനായി ശിഷ്യന്‍മാരെ നിയമിക്കുകയും ശാസ്ത്രീയമായ പാഠപുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു.

മൗലാനയുടെ ശിഷ്യനും രണ്ടാമത്തെ മകള്‍ കുഞ്ഞായിശയുടെ ഭര്‍ത്താവുമായ പ്രമുഖ പണ്ഡിതന്‍ പി.കെ. മൂസാ മൗലവി മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകനായിരുന്നു. മൂസാ മൗലവിയെ കളിയാക്കിക്കൊണ്ട് യാഥാസ്ഥിതിക പണ്ഡിതനും 'അരീക്കല്‍ ഓര്‍' എന്ന് ആളുകള്‍ ബഹുമാനപൂര്‍വം വിളിക്കുന്നയാളുമായ മുയിപ്പോത്ത് അരീക്കല്‍ അമ്മദ് മുസ്‌ലിയാര്‍ ഒരു അറബി മലയാള ഗാനം തന്നെ രചിക്കുകയുണ്ടായി. പൈങ്ങോട്ടായി എ.കെ.കുഞ്ഞമ്മദ് സാഹിബിന്റെ കുറിപ്പുകളില്‍ നിന്ന് ടി.കെ അബ്ദുല്ല ശേഖരിച്ച ആ ഗാനത്തിലെ ചില വരികള്‍ കാണുക:

''ഇബ്‌ലീസ് മദ്‌റസയിട്ടു ഫീ അര്‍ദില്ലാ(9)

നാടാകെ ദീന് നടത്തി ലഅ്‌നതുല്ലാ(10)

മീമുന്‍ ലി മദ്‌റസതിന്‍ വ മീമു ജഹന്നമീ(11)

ഒന്നാണ് ചങ്ങാതീ ബിലാ തവഹ്ഹുമീ(12)

മൂസാ നബിക്കെതിരായി പണ്ടൊരു മൂസാ(13)

ഇസ്‌ലാമിന്നെതിരാണിന്ന് കുഞ്ഞിമ്മൂസാ(14)

ഒരു കാലത്തും ലാ തജ്അലുല്‍ ബനീന(15)

മദ്‌റസ വഴിയില്‍ യതഅല്ലമൂനാ(16)

മൗലൂദിനും തടസ്സമല്ലേ ഖാലൂ(17)

ഉണ്ടോ ഇവര്‍ക്ക് നാല് കാലും വാലും?!''(18)


 

ചാലിലകത്തിന്റെ മദ്‌റസ തന്നിലുണ്ടാക്കിയ മാറ്റം അന്ന് അദ്ദേഹത്തിന്റെ മറ്റൊരു ശിഷ്യനായിരുന്ന ഇ.മൊയ്തു മൗലവി തന്റെ 'സലഫി പ്രസ്ഥാനം ആദ്യകാല ചരിത്രം' എന്ന ലഘുഗ്രന്ഥത്തില്‍ ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട്. യാഥാസ്ഥിതികരുടെ എതിര്‍പ്പുകളുടെ നിരര്‍ഥകതയും സ്വാനുഭവത്തിലൂടെ മൊയ്തു മൗലവി അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.കെ മൂസാ മൗലവി അന്നത്തെ അനുഭവങ്ങള്‍ കെ.എം. മൗലവി സ്മാരക ഗ്രന്ഥത്തിലും(20) സൂചിപ്പിച്ചിട്ടുണ്ട്. മൗലാനയുടെ മറ്റൊരു ശിഷ്യനായ ഇ.കെ മൗലവിയുടെ 'കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനം'(21) എന്ന ലേഖന പരമ്പരയിലും ഇതിന്റെ വിശദീകരണങ്ങള്‍ കാണാം. മറ്റൊരു ശിഷ്യനായ സി.എ.മുഹമ്മദ് മൗലവി 1970ലെ തിരൂരങ്ങാടി യതീംഖാനയുടെ സില്‍വര്‍ ജൂബിലി സോവനീറിലും ഈ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 

ഇ.മൊയ്തു മൗലവി അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഈ സംഭവം വിവരിക്കുന്നതിങ്ങനെയാണ്:

''വാഴക്കാട് മദ്‌റസക്ക് ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. പക്ഷേ, അതിന്റെ നടത്തിപ്പ് ഒട്ടും തൃപ്തികരമായിരുന്നില്ല. പുതിയ നിലയിലുള്ള പഠന സമ്പ്രദായം നടപ്പാക്കണമെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ടായി. അങ്ങനെ അക്കാലത്തെ മുതവല്ലിയായിരുന്ന കൊയപ്പത്തൊടി അഹ്മദ്കുട്ടി ഹാജി മുന്നോട്ടുവന്നു. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് വ്യവസ്ഥപ്പെടുത്തി. നവീന രീതിയിലുള്ള ഒരു മദ്‌റസയും ആരംഭിച്ചു. പെന്‍സില്‍, ഫൗണ്ടന്‍ പെന്‍, ബ്ലാക്ക് ബോര്‍ഡ്, കടലാസ് എന്നീ പഠനോപകരണങ്ങള്‍ മദ്‌റസാ ഹാളില്‍ സ്ഥലം പിടിച്ചു. മുസ്‌ലിയാക്കന്മാര്‍ വിറളി പൂണ്ടു. ഫത്‌വകള്‍ പുറപ്പെടുവിച്ചു.

മദ്‌റസാ നടത്തിപ്പുകാരനായിരുന്ന മാന്യന്‍ യാഥാസ്ഥിതിക പണ്ഡിതന്‍മാരുടെ വലയില്‍ അകപ്പെട്ടു പോയി. ഒടുവില്‍ ദാറുല്‍ ഉലൂം അറബി വിദ്യാലയം; മൗലവി കുഞ്ഞഹ്മദ് ഹാജിക്കും ശിഷ്യഗണത്തിനും മറ്റ് അധ്യാപകര്‍ക്കും ഉപേക്ഷിക്കേണ്ടതായി വന്നു. ഈ ദുഃസ്ഥിതി സംജാതമായത് കള്ള ഫത്‌വയുടെ ഫലമായിട്ടത്രെ.''(22)

തുടര്‍ന്ന്, മൊയ്തു മൗലവി ഈ ഫത്‌വയെ മക്തി തങ്ങളുടെ പ്രസിദ്ധമായ ഒരു വാക്യത്തോടു ചേര്‍ത്തു വായിക്കുന്നുണ്ട്. മക്തി തങ്ങള്‍ക്ക് സമാനമായ അനുഭവങ്ങളാണ് ചാലിലകത്തിനും ഉണ്ടായതെന്നാണ് അതിലൂടെ മൗലവി സമര്‍ഥിക്കുന്നത്. കള്ള ഫത്‌വക്കാരെ പറ്റിയുള്ള മക്തി തങ്ങളുടെ ആ മഹദ്‌വാക്യം അദ്ദേഹം കൂടെക്കൂടെ അനുസ്മരിച്ചിരുന്നു.

''ക്രൈസ്തവ പാതിരിമാരോടെന്ന പോലെ മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതിക മുസ്‌ലിയാക്കന്‍മാരോടും അദ്ദേഹം പടപൊരുതി. ആ മഹാനായ പരിഷ്‌കര്‍ത്താവിന്റെ മരിക്കാത്തൊരു വാക്യം ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്.''(23)

''അടുക്കള വിട്ട് പോയില്ല;

അറിവുള്ളോരെ കണ്ടില്ല

അറിവുകളൊന്നും പഠിച്ചില്ല

ഫത്‌വക്കൊന്നും മുട്ടില്ല''(24)


 

അക്കാലത്തെ പള്ളിയോത്തിന്റെ അശാസ്ത്രീയത വേണ്ടുവോളം അനുഭവിച്ച മൊയ്തു മൗലവി തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത് വായിക്കുമ്പോള്‍ ചാലിലകത്തിന്റെ പരിഷ്‌കരണ സംരംഭങ്ങളുടെ പ്രസക്തി എത്രമാത്രമുണ്ടെന്ന് നമുക്ക് ബോധ്യപ്പെടും. വഖഫ് സ്വത്ത് ദുരുപയോഗമെന്ന ഉമ്മാക്കി കാട്ടി ചാലിലകത്തിനെ നിശ്ശബ്ദമാക്കാന്‍ നടന്ന ശ്രമങ്ങളെപ്പറ്റി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആധികാരിക ചരിത്രമായ; 'സമസ്ത: ചരിത്രത്തിന്റെ നാള്‍വഴികള്‍'(25) എന്ന ഗ്രന്ഥത്തിലും നിശ്ശബ്ദത പാലിക്കുന്നില്ല. ചാലിലകത്തിനെ സ്വന്തം പിതാവും മദ്‌റസാ പ്രസ്ഥാനത്തെ തങ്ങളുടെ സന്തതിയുമായി അവതരിപ്പിക്കാനുള്ള വിഫല ശ്രമങ്ങള്‍ക്കാണ് പിന്നീട് അവര്‍ നേതൃത്വം നല്‍കിയത്.

പഴയ കാലത്ത് കുരുന്നുകള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കിയിരുന്ന 'നാഗദം' എന്ന പള്ളിയോത്ത് മൊയ്തു മൗലവി ഓര്‍ത്തെടുക്കുന്നത് വായിക്കുക:

''സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന നാഗദം ഏര്‍പ്പാടാണ് അക്കാലത്ത് സമുദായത്തില്‍ നടപ്പുണ്ടായിരുന്നത്. അത് വെറും വായന മാത്രമാണ്. ഇരുപത്തിയെട്ട് ലിപികളുള്ള അക്ഷരമാലയാണ് അറബി ഭാഷയ്ക്കുള്ളത്. ആദ്യമായി കുഞ്ഞുകുട്ടികളെ ഹൃദിസ്ഥമാക്കാന്‍ പഠിപ്പിക്കുന്നു. അതോടു കൂടി എഴുത്ത് പഠിപ്പിക്കുന്നില്ല. ക്വുര്‍ആന്‍ പാരായണം തുടങ്ങി അതിലെ നാലാം ഖണ്ഡം പഠിച്ചതില്‍ ശേഷം മാത്രമേ 'ക്വലം' (തൂലിക) വിദ്യാര്‍ഥിക്ക് തൊടാന്‍ പാടുള്ളൂവെന്നാണ് വയ്പ്പ്. ഇന്നത്തെപ്പോലെ തുടക്കം മുതലേ കടലാസിലോ, സ്ലേറ്റിലോ എഴുതുന്ന ഏര്‍പ്പാടില്ല. അതിനു പകരം ചെത്തി മിനുക്കിയ പലകകളിന്‍മേല്‍ ഒരുതരം വെളുത്ത പൊടി (ചെവ്ടി) തേക്കും. ആ പലകമേല്‍ ചെത്തിക്കൂര്‍പ്പിച്ച മുളക്കഷ്ണം കൊണ്ട് എഴുതിക്കാണിക്കും. മണ്ണെണ്ണ വിളക്കു കത്തിച്ച്, അതിന്റെ പുകയേറ്റു കിട്ടുന്ന കരി വെളിച്ചെണ്ണയില്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മഷി. പെന്നിനുപകരം ചെത്തിക്കൂര്‍പ്പിച്ച മുളക്കഷ്ണം ആ മഷിയില്‍ മുക്കിയാണ് മേല്‍ പറഞ്ഞ പലക മേല്‍ എഴുതുന്നത്. അറബി പഠിപ്പിക്കുന്നതു തന്നെ യാതൊരു വിധ ചിട്ടയോ സിലബസോ ഇല്ലാതെയാണ്. മൊല്ലമാര്‍ അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് പഠിപ്പിക്കുന്നു. ക്വുര്‍ആനിനെയോ അതിലെ സാരംശത്തെയോ പറ്റി അറിവില്ലാത്ത മൊല്ലമാരായിരുന്നു അധ്യാപക ജോലി നടത്തിയിരുന്നത്. വായിക്കാന്‍ മാത്രമാണ് ഇവര്‍ പഠിപ്പിച്ചിരുന്നത്. ക്വുര്‍ആന്‍ പഠിക്കാന്‍ അഞ്ചും ആറും വര്‍ഷമാണെടുക്കുക. ക്വുര്‍ആന്‍(26) പഠിച്ചു കഴിഞ്ഞാല്‍ എല്ലാം ആയി എന്നായിരുന്നു അക്കാലത്ത് കരുതപ്പെട്ടിരുന്നത്. സ്ത്രീ വിദ്യാഭ്യാസം അതോടു കൂടി അവസാനിക്കുന്നു. പിന്നെ അവര്‍ ഇരുട്ടറയില്‍ നിന്നും പുറത്തേക്കു വരുന്നില്ല. ക്വുര്‍ആന്‍ പഠനത്തിനു(27) ശേഷമാണ് ആണ്‍കുട്ടികളെ കിതാബ്(28) ഓതാന്‍ പള്ളികളിലേക്ക് അയക്കുന്നത്.''(29)

മുസ്‌ലിം സമുദായത്തിലെ കൊച്ചു കുരുന്നുകളെ പറഞ്ഞയക്കാറുണ്ടായിരുന്നത് ഇത്തരം അശാസ്ത്രീയ സംവിധാനങ്ങളിലേക്കായിരുന്നുവെങ്കില്‍ അതിനു ശേഷമുള്ള മതപരമായ പഠന സമ്പ്രദായങ്ങള്‍ നിഷ്പ്രയോജനകരമായ ചില ഏര്‍പ്പാടുകളായിരുന്നു.

തന്റെ ചെറുപ്പകാലത്തെ മതപഠനത്തിന്റെ ഉപരി കേന്ദ്രങ്ങളായിരുന്ന പള്ളി ദര്‍സുകളുടെ അവസ്ഥ മൊയ്തു മൗലവി വിവരിക്കുന്നത് ഇങ്ങിനെയാണ്:

''പള്ളിപ്പഠനത്തിനും യാതൊരു സിലബസും പരിപാടിയുമുണ്ടായിരുന്നില്ല. പത്തു കിതാബ്(30) എന്ന പുസ്തകം വെച്ചാണ് പഠനം ആരംഭിക്കുന്നത്. ആ പുസ്തകം കുട്ടികളില്‍ എന്തു മാറ്റമാണ് ഉണ്ടാക്കുകയെന്നൊന്നും നോക്കാറില്ല. അതുമായി കുറേകാലം മല്‍പ്പിടുത്തം നടത്തിയ ശേഷം ഗ്രാമറിലേക്ക് പ്രവേശിക്കുന്നു. വളരെ കാലം വ്യാകരണം പഠിക്കാനായി വിനിയോഗിച്ച ശേഷം വീണ്ടും മതനിയമങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങളെ ശരണം പ്രാപിക്കുന്നു. ഇങ്ങനെ ജീവിതത്തിലെ നല്ലൊരു ഭാഗം യാതൊരു ചിട്ടയും ശാസ്ത്രീയതുമില്ലാത്ത പഠനത്തില്‍ ഏര്‍പ്പെടുക മൂലം പാഴായിപ്പോകുന്നു. പള്ളിയിലെ ഇത്തരം പഠനം കൊണ്ടു പറയത്തക്ക പ്രയോജനം ആര്‍ക്കും ഉണ്ടാകുന്നില്ല. ഈ ദുഷിച്ച നിലയ്ക്കു മാറ്റം വരുത്താന്‍ ശ്രമിച്ചവര്‍ക്കു യാഥാസ്ഥിതികന്‍മാരില്‍ നിന്നും വിവിധ തരത്തിലുള്ള മര്‍ദ്ദനങ്ങള്‍ക്കിരയാകേണ്ടി വന്നു.''(31)

മതപഠനമെന്ന പേരില്‍ നടത്തി വരുന്ന ഈ വ്യവഹാര രീതികളില്‍ മൊയ്തു മൗലവിയെപ്പോലെയുള്ള പ്രത്യുല്‍പന്നമതികളായ മഹാമനീഷികളുടെ ധിഷണക്ക് ചിതലു വരാതിരിക്കാന്‍ അവരും രക്ഷിതാക്കളും പുതിയ പഠനരീതികളെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

''ഞാനും പഠനം തുടങ്ങിയത് ഈ നിലയില്‍ത്തന്നെയായിരുന്നുവെങ്കിലും ഈ ദുഷിച്ച സമ്പ്രദായം പാടേ പിഴുതെറിയെണമെന്ന അഭിപ്രായക്കാരനായിരുന്നു എന്റെ പിതാവ്(32) എന്നതിനാല്‍ സംസ്‌കാര സമ്പന്നരും വിശാല വീക്ഷണഗതി ഉള്ളവരും സമുദായ ശരീരത്തെ ബാധിച്ച മഹാവ്യാധിയെ എന്തു ത്യാഗം ചെയ്തും അകറ്റാന്‍ കച്ചകെട്ടി പുറപ്പെട്ടിട്ടുള്ളവരുമായ ചില പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ചതു കൊണ്ട് എനിക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. അക്കാലത്തു ജീവിച്ചിരുന്ന ഒരു മഹാപണ്ഡിതനും മതഭക്തനും ആളുകള്‍ ദിവ്യനെന്നു കരുതിയിരുന്ന ആളുമായ പിയാമു മുസ്‌ലിയാര്‍ തങ്ങളുടെ അടുത്തേക്കാണു കിത്താബ് ഓത്ത് ആരംഭിക്കാന്‍ പിതാവ് എന്നെ കൊണ്ടു പോയത്. പിന്നീട് പള്ളികളില്‍ വെച്ചു നടത്തപ്പെടുന്ന 'ദര്‍സു'കള്‍ തന്നെ അവലംബിക്കേണ്ടി വന്നു. ആ നിലയില്‍ കൊല്ലങ്ങള്‍ പലതും കടന്നുപോയി. ഈ ഘട്ടത്തിലാണു പരിഷ്‌കൃതാശയനായ മര്‍ഹൂം ശൈഖ് ഹംദാനി സാഹിബുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ എനിക്കു ഭാഗ്യം ലഭിച്ചത്. അദ്ദേഹം എന്റെ വളര്‍ച്ചയില്‍ വളരെ ശുഷ്‌കാന്തി പ്രകടിപ്പിച്ചു. എന്നെ ഉറുദു ഭാഷ പഠിപ്പിച്ചു. ഉപരിപഠനത്തിനായി വെല്ലൂരിലേക്കു കൊണ്ടു പോകാന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് വാഴക്കാട് ദാറുല്‍ ഉലൂം മദ്‌റസയെപ്പറ്റി എനിക്കറിയാന്‍ കഴിഞ്ഞത്.''(33)

ഗുണകാംക്ഷികളുടെ ഉപദേശം സ്വീകരിച്ച് ഉപരി പഠനത്തിന്റെ പുതിയ ഭൂമിയും പുതിയ ആകാശവും കണ്ടെത്തിയവര്‍ പിന്നീട് മഹാ പ്രതിഭകളായിത്തീര്‍ന്നു. പക്ഷേ, പണ്ഡിതന്‍മാര്‍ക്കും പ്രമാണിമാര്‍ക്കും അവരുടെ സംശയങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥിതി മാറ്റങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന ധാര്‍ഷ്ഠ്യമാണ് പ്രകടിപ്പിച്ചത്. സി.സൈതാലിക്കുട്ടി മാസ്റ്ററും ശൈഖ് മാഹിന്‍ ഹംദാനി തങ്ങളും സയ്യിദ് സനാഉല്ലാ മക്തി തങ്ങളും കൊച്ചി അബ്ദുല്‍ കരീം മൗലവിയും കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാരും എതിര്‍ത്തു തോല്‍പിക്കാന്‍ ശ്രമിച്ച ശോചനീയവസ്ഥകളെ പുനഃപ്രതിഷ്ഠിക്കാനാണ് യാഥാസ്ഥിതിക പണ്ഡിതരും പ്രമാണിമാരും തോളോട് തോള്‍ ചേര്‍ന്നത്.

ഉന്നതമായ മതപഠനത്തോടൊപ്പം ശാസ്ത്ര-ഭൗതിക വിജ്ഞാനീയങ്ങളുടെ വിഹായസ്സിലേക്ക് തുറന്നു വെച്ച ദാറുല്‍ ഉലൂം എന്ന കിളിവാതിലിന്ന് നിസ്സങ്കോചം അവര്‍ സാക്ഷയിടുകയായിരുന്നു.

മൗലാനാ ചാലിലകത്തിന്റെ ശിഷ്യന്‍ ഇ.കെ മൗലവി വഖഫ് സ്വത്ത് ഉപയോഗത്തിന്റെ കാര്യത്തില്‍ പരിശോധകരും പണ്ഡിതരും അധികാരിയും തമ്മില്‍ നടന്ന അവസാന വട്ട ചര്‍ച്ചയുടെ അനന്തരഫലം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: 

''പ്രശസ്താതിഥികള്‍ക്ക് അധികാരിയുടെ വസതിയായ മണ്ണില്‍ തൊടികയില്‍ അന്ന് ഒരു സല്‍ക്കാരം ഏര്‍പ്പെടുത്തി. ശൈഖുനാ(34) അതില്‍ സംബന്ധിച്ചിരുന്നില്ല. വിചിത്രമെന്നു പറയട്ടെ, അവിടെ വെച്ച് സമുദായ നായകരായ ആ ആലിമുകള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു: 'നാം മദ്രസക്കായി വലിയ സംഖ്യ ചെലവുചെയ്യുന്നു. ആ സ്ഥിതിക്കു തര്‍ക്കത്തിലിരിക്കുന്ന ഒരു സ്ഥാപനത്തിന് ചെലവു ചെയ്യുന്നതിനേക്കാള്‍ തര്‍ക്കമില്ലാതെ വിഷയത്തില്‍ ചെലവഴിക്കുന്നതല്ലേ നല്ലത്?''

റഫറന്‍സസ്:

1. ലോകാവസാന ദിനം.

2. ലോാവസാനത്തിന് മുന്നോടിയായി സംഭവിക്കുന്ന അടയാളം.

3. മതനിഷിദ്ധം.

4. പണ്ഡിത വിധികള്‍.

5. അനഭിലഷണീയമായത്.

6. മതം.

7. ഇഹലോകം.

8. അല്‍മനാര്‍ മലയാള മാസിക, 06/06/1955, പു.6, ല.2&3. 'അവര്‍ പിന്നാലെ വരുന്നു.' കെ.എം തങ്ങള്‍ കോഴിക്കോട്

9. അല്ലാഹുവിന്റെ ഭൂമിയില്‍.

10. അല്ലാഹുവിന്റെ ശാപം.

11. മദ്‌റസ എന്ന അറബി വാക്കിലെ ആദ്യാക്ഷരമായ 'മീം' നരകം എന്നര്‍ഥം വരുന്ന 'ജഹന്നമ്' എന്ന വാക്കിലെ അവസാന അക്ഷരമാണ് എന്നര്‍ഥം. മദ്‌റസാ പഠനം നരക പ്രവേശനത്തിന് നിമിത്തമാകും എന്ന് സൂചന.

12. സംശയമന്യെ.

13. മൂസാ നബി(അ) തൗറാത്ത് സ്വീകരിക്കാന്‍ പോയപ്പോള്‍ പശുക്കുട്ടിയെ ഉണ്ടാക്കി വെച്ച് അതിനെ ആരാധിക്കാന്‍ ഇസ്‌റാഈല്‍ മക്കളെ പ്രേരിപ്പിച്ച വ്യക്തി.

14. പി.കെ മൂസാ മൗലവി.

15. മക്കളെ വിടരുത്.

16. മദ്‌റസയില്‍ പഠിക്കാന്‍.

17. മുഹമ്മദ് നബി ﷺ യുടെ ജന്മദിനാഘോഷത്തെ എതിര്‍ത്ത് സംസാരിക്കുന്നവരാണിവര്‍.

18. ടി.കെ അബ്ദുല്ല, 'നടന്നു തീരാത്ത വഴികളില്‍' (ആത്മകഥ). ഐ.പി.എച്ച്, 2015 ഒക്‌ടോബര്‍, ഒന്നാം പതിപ്പ്.

19. അല്‍ഹുദാ ബുക്‌സ്റ്റാള്‍ കോഴിക്കോട്, 1992 ഡിസംബര്‍, ഒന്നാം പതിപ്പ്.

20. കെ.എം മൗലവി മെമ്മോറിയല്‍ ട്രസ്റ്റ് കമ്മിറ്റി പുറത്തിറക്കിയത്.

21. അല്‍ മുര്‍ശിദ് മലയാളം മാസികയുടെ 1966-68 വര്‍ഷത്തിലെ 16 ലക്കങ്ങള്‍.

22. ഇ. മൊയ്തു മൗലവിയുടെ ആത്മ കഥ,  ഡി.സി.ബുക്‌സ്, ഡിസംബര്‍ 1985 (രണ്ടാം പതിപ്പ്) പേജ്:13

23. സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍. 

24. ഇ.മൊയ്തു മൗലവി, 04/02/1977 'ശ്ലാഘനീയമായ സംരംഭം' (മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികളുടെ ആദ്യ പതിപ്പിന്റെ അവതാരിക).

25. രചന: പി.എ സ്വാദിഖ് ഫൈസി, താനൂര്‍. ഇസ കോഴിക്കോട്, 2016 ഒക്‌ടോബര്‍ ആദ്യ പതിപ്പ്, പേജ് 611. 

26. ക്വുര്‍ആന്‍ വായിക്കാന്‍.

27. ക്വുര്‍ആന്‍ വായനാ പഠനം.

28. പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങള്‍.

29, ഇ.മൊയ്തു മൗലവി, 'മൗലവിയുടെ ആത്മകഥ,' ഡി.സി ബുക്‌സ്, ഡിസംബര്‍ 1985, രണ്ടാം പതിപ്പ്, പേജ് 11,12.

30. ഇസ്‌ലാമിലെ വിശ്വാസ- അനുഷ്ഠാന കാര്യങ്ങള്‍ വിവരിക്കുന്ന ശാഫിഈ ചിന്താധാരയിലുള്ള പത്ത് ലഘുഗ്രന്ഥങ്ങള്‍ ഒറ്റ വാള്യത്തിലാക്കിയത്.

31.  ഇ.മൊയ്തു മൗലവി, 'മൗലവിയുടെ ആത്മകഥ,' ഡി.സി ബുക്‌സ്, ഡിസംബര്‍ 1985, രണ്ടാം പതിപ്പ്, പേജ് 11,12.

32. കോടച്ചേറി മലയംകുളത്തേല്‍ മരക്കാര്‍ മുസ്‌ലിയാര്‍, കൊച്ചി അബ്ദുല്‍ കരീം മൗലവിയുടെ ശിഷ്യന്‍.

33. ഇ.മൊയ്തു മൗലവി, 'മൗലവിയുടെ ആത്മകഥ,' ഡി.സി ബുക്‌സ്, ഡിസംബര്‍ 1985, രണ്ടാം പതിപ്പ്, പേജ് 11,12.

34. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.

35. ഇ.കെ മൗലവി: കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനം, അല്‍മുര്‍ശിദ് മലയാള മാസിക, 1966 ഒക്‌ടോബര്‍