ബറേല്‍വികള്‍: വിഷംവമിക്കുന്ന നിലപാടുകള്‍

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15

ബറേല്‍വികള്‍ക്കെതിരില്‍ ആദര്‍ശ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നവരെ തികച്ചും ശത്രുതാപരമായിട്ടാണ് ഇവര്‍ വീക്ഷിച്ചുവരുന്നത്. വഹാബികള്‍ കാഫിറുകളും മുര്‍ത്തദ്ദുകളുമാണന്ന് എഴുതാനും പറയാനും ലവലേശം മടിയില്ലാത്തവരാണ് ബറേല്‍വി ഗ്രൂപ്പുകള്‍. ബറേല്‍വിയുടെ നാവുകൊണ്ട് കാഫിറാണന്ന് വിധിയെഴുതപ്പെട്ടവരെപ്പറ്റി കാഫിറെന്ന് സംശയിക്കുകപോലും ചെയ്യാന്‍ പാടില്ലെന്നാണ് ബറേല്‍വി മതത്തിന്റെ അടിസ്ഥാന തത്ത്വം. അങ്ങനെ സംശയിച്ചാല്‍ അവരും കാഫിറുകളാെണന്ന് ബറേല്‍വി പ്രഖ്യാപിക്കുന്നു. നിരവധി വിഷയങ്ങളില്‍ ബറേല്‍വികളുമായി യോജിപ്പുണ്ടായിരുന്ന ലക്‌നൊവിലെ മൗലാനാ അബ്ദുല്‍ബാരിയെ ബറേല്‍വി 'കാഫിര്‍ ഫത്‌വ' നല്‍കി പുറത്താക്കിയതും ഇതുപോലൊരു വിഷയത്തിലാണ്. ബറേല്‍വി കാഫിറാക്കിയ ഒരുവിഭാഗം ഹനഫി പണ്ഡിതന്മാരെപ്പറ്റി അവര്‍ കാഫിര്‍ അല്ലെന്ന നിലപാട് സ്വീകരിച്ചതാണ് ഈ വിദ്വേഷത്തിനു കാരണം.

ആരെയും കാഫിറും മുര്‍തദ്ദുമായി പ്രഖ്യാപിക്കാനുള്ള ബറേല്‍വിയുടെ ഹീനമനസ്സിനെപ്പറ്റി പ്രമുഖ ഇസ്‌ലാമിക ചരിത്രകാരനും പണ്ഡിതനും സമകാലികനുമായിരുന്ന അല്ലാമാ അബ്ദുല്‍ ഹയ്യ് അല്‍ഹസനി(റഹ്) അദ്ദേഹത്തിന്റെ 'നുസ്ഹതുല്‍ ഖവാത്വിറില്‍' ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ഇല്‍മുല്‍ കലാമിലും കര്‍മശാസ്ത്രത്തിലും വളരെ തീവ്രതയുള്ള ആളായിരുന്നു ബറേല്‍വി. ആളുകളെ കാഫിറാണന്ന് പ്രഖ്യാപിക്കുന്ന വിഷയത്തില്‍ വളരെ വേഗതയായിരുന്നു. ഗ്രൂപ്പിസം സൃഷ്ടിക്കുന്നതിന്റെയും കാഫിറാക്കുന്നതിന്റെയും കൊടിവാഹകനായിരുന്നു ഇയാള്‍...ബറേല്‍വിയുടെയും അയാളുടെ പൂര്‍വികരുടെയും വിശ്വാസ വ്യതിയാനങ്ങളോട് യോജിക്കാത്തവരെ കാഫിറാക്കുന്നതില്‍ അദ്ദേഹം യാതൊരുവിധ കാരുണ്യവും കാണിച്ചിരുന്നില്ല. ശക്തമായി പ്രതിരോധിക്കുന്ന സ്വഭാവമായിരുന്നു. ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും വിലങ്ങുതടിയും നിരന്തര വിമര്‍ശകനുമായിരുന്നു ഇയാള്‍.'' 

ബറേല്‍വികള്‍ ലക്‌നോ നദ്‌വത്തുല്‍ ഉലമക്കെതിരില്‍ 

ഹി:1311ല്‍ കാണ്‍പൂരില്‍ വെച്ച് 'മദ്‌റസ ഫൈളുആം' എന്ന പേരില്‍ വലിയൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ പണ്ഡിതന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ലക്‌നോ നദ്‌വത്തുല്‍ ഉലമയായിരുന്നു ഇതിന്റെ സംഘാടകര്‍. ഇസ്‌ലാമിക പണ്ഡിത സമൂഹത്തിനിടയിലുള്ള അനൈക്യം ഇല്ലാതാക്കുകയും മതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണവുമായിരുന്നു സമ്മേളനലക്ഷ്യം. ബറേല്‍വി നേതാവ് റിളാഖാനും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തിനിടയില്‍ സമ്മേളനത്തിനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അയാള്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പ്രത്യേക പ്രസിദ്ധീകരണങ്ങള്‍ പോലും ഇയാള്‍ പുറത്തിറക്കി. 

ലക്‌നോ നദ്‌വത്തുല്‍ ഉലമയെ ആക്ഷേപിച്ചുകൊണ്ടും അവിടുത്തെ പണ്ഡിതന്മാരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും പിന്നീടയാള്‍ തുറന്ന യുദ്ധംതന്നെ ആരംഭിച്ചു. നൂറോളം കൃതികളും ലഘുലേഖനങ്ങളും നോട്ടീസുകളും ഇയാള്‍ പ്രസിദ്ധപ്പെടുത്തി. നദ്‌വത്തുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ കാഫിറുകളാെണന്ന് സമര്‍ഥിച്ചുകൊണ്ട് നിരവധി ഫത്‌വകളും പ്രസിദ്ധപ്പെടുത്തി. ബറേല്‍വികളെ അംഗീകരിക്കുന്ന നിരവധി പേരുടെ ഒപ്പും ഇയാള്‍ ഇതിനായി ശേഖരിച്ചു. ബറേല്‍വിയുടെ ചതിയന്‍ മനസ്സും ഉര്‍ദു ഭാഷയുമറിയാത്ത നിഷ്‌ക്കളങ്കരായ ഹിജാസിലെ പണ്ഡിതന്മാരെ ഇയാള്‍ തെറ്റുധരിപ്പിച്ചു. അവരില്‍നിന്നും കയ്യൊപ്പ് വാങ്ങി. 'ഫതാവല്‍ ഹറമൈന്‍' എന്ന പേരിലുള്ള ഇയാളുടെ ഈ ഫത്‌വകള്‍ ഏറെ കുപ്രസിദ്ധമാണ്.

ദാറുല്‍ഉലൂം ദയൂബന്തിലെ പണ്ഡിതന്മാരെയും ഇയാള്‍ പലതവണ കാഫിറുകളാക്കി ഫത്‌വ പുറപ്പെടുവിച്ചു. പ്രശസ്തരും പ്രഗത്ഭരുമായ ശൈഖ് ക്വാസിം നാനൂത്തവി, റഷീദ് അഹ്മദ് ഗാംഗോഹി, ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മൗലാനാ അശ്‌റഫ് അലി ഥാനവി തുടങ്ങിയവരെയെല്ലാം ബറേല്‍വി കാഫിറാക്കിയിട്ടുണ്ട്. ഇവരിലില്ലാത്ത വിശ്വാസങ്ങള്‍ ഇവരിലേക്ക് ചേര്‍ത്തുപറഞ്ഞുകൊണ്ട് ഹിജാസിലെ പണ്ഡിതന്മാരെ തെറ്റുധരിപ്പിച്ച ബറേല്‍വി, തനിക്കനുകൂലമായി ഹിജാസില്‍നിന്നും ഫത്‌വകള്‍ നേടിയിട്ടുണ്ട്. മക്കയില്‍ കുറച്ചുകാലം ഉസ്മാനി ഖിലാഫത്തിന്റെ മുഫ്തിയായിരുന്ന അഹ്മദ് സൈനീദഹ്‌ലാന്റെ ശിഷ്യനായിരുന്നു ഇയാള്‍. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് മക്കയിലെയും മദീനയിലെയും പണ്ഡിതന്മാരെ ഇയാള്‍ പാട്ടിലാക്കി കയ്യൊപ്പ് വാങ്ങിയത്. 

ബറേല്‍വിയുടെ കാഫിര്‍ ഫത്‌വക്ക് ഇരയാകാത്ത നേതാക്കളോ പണ്ഡിതന്മാരോ ഇന്ത്യാ ഭൂഖണ്ഡത്തിലില്ലെന്ന് പറയുന്നതാകും ശരി. ബറേല്‍വിയില്‍നിന്നും ശിഷ്യത്വം സ്വീകരിച്ച കേരളത്തിലെ ശാലിയാത്തിയിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരിലും ഇതേ രോഗംതന്നെ പടര്‍ന്നു പിടിച്ചിട്ടുണ്ട്. സ്വന്തം ഗുരുക്കന്മാരെപ്പോലും ഈ വിഭാഗം കേരളത്തില്‍ കാഫിറും മുര്‍തദ്ദുമാക്കിയത് മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ക്വുര്‍ആന്‍ പരിഭാഷ എഴുതിയതിന്റെ പേരില്‍ അതിന്റെ പരിഭാഷകനെ പോലും കേരളത്തിലെ ബറേല്‍വികള്‍ക്ക് കാഫിറാക്കിയ പാരമ്പര്യമാണുള്ളത്.

ബറേല്‍വികളുടെ പൂര്‍വകാല ഹീന നയങ്ങളെപ്പറ്റി ഉത്തമ ബോധ്യം മനസ്സില്‍നിന്നും മായ്ച്ചു കളയാനാവാത്തതിനാലാകും, ലക്‌നോ ദാറുല്‍ഉലൂം നദ്‌വത്തുല്‍ ഉലമയുടെ അധികാരികള്‍ ഈ വിഭാഗത്തിനെ ഇന്നും ഏറെ കരുതലില്‍ തന്നെയാണ് സമീപിക്കുന്നത്. വേഷവും ഭാവവും മാറ്റി ബറേല്‍വിസം ഉള്ളില്‍ ഒളിപ്പിച്ച നിരവധി ബറേല്‍വി അശയക്കാര്‍ ഇന്ന് നദ്‌വത്തുല്‍ ഉലമയില്‍ വിദ്യാര്‍ഥികളാണ്. എന്നാല്‍ ഇവരുടെ പൂര്‍വികന്മാരുടെ വൈകല്യങ്ങളെ അതേപടി സ്വീകരിക്കുകയും അങ്ങനെതന്നെ വിശ്വാസത്തില്‍ തുടരുകയും ചെയ്യുന്നുവെന്ന് ബോധ്യമുള്ള മലയാളി വിദ്യാര്‍ഥികളെ, നദ്‌വത്തുല്‍ ഉലമയുടെ അധികാരികള്‍ വിചാരണ നടത്തിയതിന് ഈ ലേഖകന്‍ 1990-1994 കാലയളവില്‍ സാക്ഷിയായിട്ടുണ്ട്. 

ബറേല്‍വികളെന്ന് ഉത്തമബോധ്യമുള്ള പലരെയും നദ്‌വത്തുല്‍ ഉലമയുടെ അധികാരികള്‍ സ്ഥാപനത്തില്‍നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് ബറേല്‍വികള്‍ക്കെതിരില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും അവരെ പ്രതിരോധിക്കുകയും ചെയ്തിരുന്ന പണ്ഡിത പ്രതിഭകളുടെ പിന്‍ഗാമികള്‍ ബറേല്‍വി ആശയങ്ങളുടെ പ്രചാരകരും പ്രയോക്തക്കളുമായി ചുറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചകളും ഈ സന്ദര്‍ഭത്തില്‍ കാണാതിരിക്കാന്‍ കഴിയില്ല. ബറേല്‍വി ആശയങ്ങള്‍ക്ക് ആവശ്യമായ തെളിവുകളും റഫറന്‍സുകളും നിര്‍മിച്ചുനല്‍കലാണ് ഇവരുടെ ഇന്നത്തെ മുഖ്യജോലി. മരണപ്പെട്ടവരുടെ പേരില്‍ നടത്തപ്പെടുന്ന ഉറൂസ്, കവാലി, നേര്‍ച്ച മുതലായവയാണ് ബറേല്‍വി ദീന്‍. തക്വിയ്യകള്‍(ഇന്നത്തെ തൈക്കാവ്) എന്ന പേരില്‍ അറിയപ്പെടുന്ന ഇവരുടെ കേന്ദ്രങ്ങള്‍ മതചൂഷണത്തിന്റെ മുഖ്യ കേന്ദ്രങ്ങളാണ്. 

മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയ സമിതികളില്‍ പോലും ബറേല്‍വികള്‍ ഗ്രൂപ്പിസത്തിന്റെ വിത്തുവിതച്ചത് നമ്മള്‍ കാണാതിരിക്കരുത്. കേരളത്തിലെ പ്രമുഖ ബറേല്‍വി നേതാവിനെ കൂട്ടുപിടിച്ചുകൊണ്ട് സംഘപരിവാര്‍/ഫാസിസ്റ്റുകള്‍ നടത്തുന്ന പൊറാട്ട് നാടകങ്ങള്‍ക്ക് ഓശാന പാടലാണ് ബറേല്‍വികളുടെ ഇപ്പോഴത്തെ ഹോബിയെന്നത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണല്ലോ.

ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവിയെ ബറേല്‍വികള്‍ കാഫിറാക്കി

ഇന്ത്യാ ഭൂഖണ്ഡത്തിലെ പ്രമുഖ പണ്ഡിതനും ധീരമുജാഹിദും സര്‍വോപരി ഹദീഥ് വിജ്ഞാനത്തിന്റെ പ്രചാരകനും ബ്രിട്ടീഷുകാരുടെ പേടി സ്വപ്‌നവുമായിരുന്ന ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവി(റഹ്)യെ ബറേല്‍വികള്‍ കാഫിറാക്കിയത് മറക്കാനാവില്ല. ബറേല്‍വികളുടെ ഖുറാഫാത്തിന്റെയും ബിദ്അത്തിന്റെയും മാര്‍ഗങ്ങള്‍ ഇസ്‌ലാമുമായി ബന്ധമില്ലാത്തതാണന്ന് സ്ഥാപിച്ചുകൊണ്ട് അദ്ദേഹം രചിച്ച 'തക്വ്‌വിയ്യതുല്‍ ഈമാന്‍' എന്ന ഗ്രന്ഥം സ്വൂഫി-ബറേല്‍വി-ശിയാ കൊട്ടത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബ്(റഹ്) രചിച്ച 'കിതാബുത്തൗഹീദി'ന്റെ ഇന്ത്യന്‍ പതിപ്പ് എന്നാണ് ഈ ഗ്രഥം വിശേഷിപ്പിക്കപ്പെടുന്നത്. നിരവധിയാളുകള്‍ ഈ ഗ്രന്ഥം മുഖേന സന്മാര്‍ഗം കണ്ടെത്തി. 

അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന, അവരുടെ നാമത്തില്‍ സത്യം ചെയ്യല്‍ തുടങ്ങിയ ഖുറാഫത്തുകളെ അദ്ദേഹം വിമര്‍ശിച്ചു. സര്‍വാവലംബമായ, സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ ദര്‍ബാറിലേക്ക് പ്രശ്‌നങ്ങള്‍ തിരിച്ചുവിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രാര്‍ഥനയും പഠനവുമായി കഴിഞ്ഞുകൂടിയ അദ്ദേഹം പകലില്‍ ശത്രുക്കളെ കിടുകിടെ വിറപ്പിച്ച ധീരമുജാഹിദും പോരാളിയും മുസ്വ്‌ലിഹുമായിരുന്നു. സ്വശരീരവും ജീവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പണയപ്പെടുത്തിയ ധീരവിപ്ലവകാരികളായ ഇത്തരം പണ്ഡിതന്മാരെ കാഫിറും മുര്‍ത്തദ്ദുമാക്കുന്ന ബറേല്‍വികളുടെ നടപടികള്‍ കേരളത്തിലെ ബറേല്‍വികളും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ശാലിയാത്തിയാണ് ഇതിന് കേരളത്തില്‍ തുടക്കമിട്ടത്. 

ബറേല്‍വികള്‍ മൗലാനാ നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിക്കെതിരില്‍ 

തുടര്‍ന്ന് ഇന്ത്യാ ഭൂഖണ്ഡത്തില്‍ ഇസ്വ്‌ലാഹിന്റെയും തജ്ദീദിന്റെയും പതാകയേന്തിയ ശൈഖ് നദീര്‍ഹുസൈന്‍ അദ്ദഹ്‌ലവി(റഹ്)യെയും ബറേല്‍വികള്‍ കാഫിറാക്കി. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രാമാണിക പിന്‍ബലത്തില്‍ ഇന്ത്യാ ഭൂഖണ്ഡത്തിലെ ശിയാ-ബറേല്‍വി-സ്വൂഫി ചിന്തകളെ അദ്ദേഹം നിഷ്പ്രഭമാക്കി. ഷാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവി തുടക്കമിട്ട ചിന്താപ്രസ്ഥാനത്തിന്റെ പ്രചാരകനും പ്രയോക്താവുമായിരുന്നു അദ്ദേഹം. ഹദീഥ് വിജ്ഞാനം പഠിക്കുക, അത് പഠിപ്പിക്കുകയെന്ന പുതിയ രീതിക്ക് അദ്ദേഹം തുടക്കമിട്ടു. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ യശസ്സും കീര്‍ത്തിയും ലോകമെമ്പാടും വ്യാപിച്ചു. 

അല്ലാമാ സയ്യിദ് റഷീദ്‌രിദ 'മുഖക്വദ്ദിമഃ മിഫ്താഹുസ്സുന്ന'യെന്ന രചനയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ അല്‍മനാര്‍ മാസികയില്‍ ഇങ്ങനെ വായിക്കാം: 

''ഈ കാലഘട്ടത്തില്‍ ഹദീഥ് പഠിക്കുന്ന വിഷയത്തില്‍ ഇന്ത്യയിലെ നമ്മുടെ സഹോദരന്മാര്‍ ശ്രദ്ധ പതിപ്പിച്ചില്ലായിരുന്നുവെങ്കില്‍ കിഴക്കന്‍ രാജ്യങ്ങളില്‍നിന്നും ഹദീഥ് വിജ്ഞാനം നീങ്ങിപ്പോകുമായിരുന്നു... നിര്‍ജീവികളും അന്ധമായ തക്വ്‌ലീദിന്റെ വക്താക്കളും ഈ ഗ്രന്ഥത്തെ ബറകത്തെടുക്കുന്നതിനും കേവലം നബിയുടെ മേല്‍ സ്വലാത്ത് ചെല്ലുന്നതിനും വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ഒരുകാലത്തായിരുന്നു ഇത്...''

നക്ഷത്ര തുല്യരായ, മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച ആരെയും ബറേല്‍വികള്‍ വെറുതെ വിട്ടിട്ടില്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ബറേല്‍വി പൊതുവില്‍ സുന്നിയാണന്ന് പറയപ്പെടുന്നുണ്ടെങ്കിലും അയാള്‍ ഹനഫി വേഷമണിഞ്ഞ ശിയാ മതവിശ്വാസി ആണെന്ന് കരുതുന്നതാണ് കൂടുതല്‍ ശരി. സ്വഹാബികളെയും താബിഉകളെയും അധിക്ഷേപിക്കുന്നതിന് ബറേല്‍വിക്ക് യാതൊരു മടിയുമുണ്ടായില്ല. ഇബ്‌നു അബ്ദുല്‍വഹാബിന്റെ കിതാബുത്തൗഹീദിന്റെ പരിഭാഷയാണ് ഇസ്മാഈല്‍ അദ്ദഹ്‌ലവിയുടെ 'തക്വ്‌വിയ്യത്തുല്‍ ഈമാന്‍' എന്ന പ്രചാരണത്തിന് തുടക്കമിട്ടതും ബറേല്‍വിയാണ്. ദഹ്‌ലവിയെയും അദ്ദേഹത്തിന്റെ അനുയായികളായ വഹാബികളെയും കാഫിറാക്കല്‍ ഫിക്വ്ഹിയായ നിര്‍ബന്ധ ബാധ്യതയാണെന്നും ബറേല്‍വി വാദിച്ചു. ജനങ്ങള്‍ സത്യം മനസ്സിലാക്കിയാല്‍ തന്റെ ഉപജീവനമാര്‍ഗം മുട്ടുമെന്ന് മനസ്സിലാക്കിയ ബറേല്‍വി, 'തക്വുവിയ്യത്തുല്‍ ഈമാന്‍' വായിക്കല്‍ വ്യഭിചാരത്തെക്കാളും കള്ളുകുടിയെക്കാളും വലിയ പാതകമാണന്ന് അനുയായികള്‍ക്കിടയില്‍ പ്രചരിപ്പിച്ചു.

ഇന്ത്യയില്‍ ഏറെ അറിയപ്പെട്ട പ്രമുഖ ഹദീഥ് പണ്ഡിതനും അഹ്‌ലുസ്സുന്നയുടെ പ്രമുഖ വക്താവുമായ ശൈഖ് ഹുസൈന്‍ ബിന്‍ മുഹ്‌സിന്‍ അല്‍യമാനി(റഹ്) മൗലാനാ നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെടുന്നു: ''എന്റെ അറിവിലും വിശ്വാസത്തിലും നിരൂപണത്തിലും തുല്യതയില്ലാത്ത പണ്ഡിതനും മഹാനുമാണ് നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവി. ആ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതരില്‍ ഒരാളും അതുല്യനും ആ കാലഘട്ടത്തില്‍ അവലംബയോഗ്യനുമായ വ്യക്തിയുമായിരുന്നു. തക്വ്വയിലും ധീരതയിലും കാര്യങ്ങളെ വ്യവഛേദിക്കാനുള്ള കഴിവിലും പാണ്ഡിത്യത്തിലും ഇന്ത്യാഭൂഖണ്ഡത്തില്‍ അദ്ദേഹത്തെപ്പോലെ ഒരു വ്യക്തി രണ്ടാമതുണ്ടായിരുന്നില്ല. ക്വുര്‍ആനിലേക്കും നബിചര്യയിലേക്കും ക്ഷണിക്കുന്നവനും ആ മാര്‍ഗം കാണിച്ചുകൊടുക്കുന്നവനും അത് പഠിപ്പിക്കുന്നവനുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഇന്നത്തെ മിക്ക പണ്ഡിതന്മാരും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ക്വുര്‍ആനിനും സുന്നത്തിനും യോജിച്ച സലഫുസ്സ്വാലിഹുകളുടെ വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെത്.'' 

തുടര്‍ന്ന് അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്ന ഔദാര്യത്തില്‍ അസൂയാലുക്കളാകുന്നവരെപ്പറ്റിയുള്ള, വിശുദ്ധ ക്വുര്‍ആന്‍ സൂറതുന്നിസാഇലെ 54ാം വചനം ശൈഖ് മുഹ്‌സിന്‍ ഉദ്ധരിക്കുന്നു:

''അല്ലാഹു അവന്റെ ഔദാര്യത്തില്‍നിന്നും മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്‌റാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്.'' '

തുടര്‍ന്ന് അദ്ദേഹം നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന വരികളാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അദ്ദേഹം ഇപ്രകാരം ദുആ ചെയ്യുന്നു: ''മഹാപണ്ഡിതനും ഇമാമും മുഹദ്ദിഥും ജ്ഞാനിയുമായ ഈ ഇമാമിന് അല്ലാഹുവേ നീ അനുഗ്രഹവും ഔന്നിത്യവും അധികരിപ്പിക്കേണമേ. അദ്ദേഹത്തിന്റെ ശത്രുക്കളെയും വിദ്വേഷികളെയും നീ പരാജയപ്പെടുത്തേണമേ. അവരില്‍ ആരെയും നീ ബാക്കി വെക്കരുതേ. ഇതാകുന്നു സയ്യിദ് നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയെപ്പറ്റി എനിക്കറിയാവുന്നതും ഞാന്‍ അംഗീകരിക്കുന്നതും. അല്ലാഹു അദ്ദേത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ...''

മൗലാനാ നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയെപ്പറ്റി വസ്തുനിഷ്ഠമായി വിലയിരുത്തിയ സമകാലികരായ പണ്ഡിത പ്രതിഭകള്‍ നല്‍കുന്ന അംഗീകാരവും പ്രശംസയുമാണ് നമുക്കിവിടെ വായിക്കാന്‍ കഴിയുന്നത്. ഉദയ സൂര്യനെപ്പോലെ പ്രഭചൊരിഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഭാ ശാലികളായ പണ്ഡിത വരേണ്യന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന അംഗീകാരം കൂടിയാണ് ഇവിടെ നമുക്ക് വായിക്കാന്‍ സാധിക്കുന്നത്. സത്യത്തിന്റെ എതിരാളികളായ ബറേല്‍വികള്‍ എത്രകണ്ട് എതിര്‍ത്തു നിന്നാലും ശരി.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പണ്ഡിതപ്രതിഭ സയ്യിദ് അബുല്‍ഹസന്‍ നദ്‌വി(റഹ്)യുടെ പിതാവ് സയ്യിദ് അബ്ദുല്‍ഹയ്യ് അല്‍ഹസനി(റഹ്) മൗലാനാ നദീര്‍ ഹുസൈന്റെ സമകാലികനും അദ്ദേഹത്തിന്റെ ശിഷ്യനും മഹാനവര്‍കളുമായി ഒന്നിച്ച് ഏറെക്കാലം ജീവിക്കുകയും ചെയ്ത വ്യക്തിയാണ്. മൗലാനാ നദീര്‍ ഹുസൈന്‍ അവര്‍കളെപ്പറ്റി അദ്ദേഹം തന്റെ ചരിത്ര ഗ്രന്ഥമായ 'നുസ്ഹതുല്‍ ഖവാത്വിര്‍' എന്ന ഗ്രന്ഥത്തില്‍ നിരവധി പേജുകളില്‍ വിശദീകരിക്കുന്നുണ്ട്. പദാനുപദ പരിഭാഷയല്ലെങ്കിലും പ്രതിപാദ്യ വിഷയത്തില്‍നിന്നും പ്രധാനപ്പെട്ട ചില ഭാഗങ്ങളുടെ ആശയപരിഭാഷ ഇവിടെ ഉദ്ധരിക്കുന്നത് മഹാനവര്‍കളെപ്പറ്റി വായനക്കാര്‍ക്ക് കൂടുതല്‍ ധാരണയുണ്ടാകാന്‍ സഹായകമാകുമെന്ന് കരുതട്ടെ. 

മൗലാനാ അബ്ദുല്‍ ഹയ്യ് എഴുതുന്നു: ''വിജ്ഞാനത്തിലും ഹദീഥിലും അദ്ദേഹത്തിന്റെ മഹത്ത്വവും നൈപുണ്യവും എല്ലാവരും അംഗീകരിക്കുന്നു. ഹനഫി കര്‍മശാസ്ത്രത്തില്‍ മറ്റാര്‍ക്കും ഇല്ലാത്ത അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്‌ശേഷം ക്വുര്‍ആനും സുന്നത്തും പഠിക്കാനുള്ള അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായി. മതവിജ്ഞാനവുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ അദ്ദേഹം ഉപേക്ഷിക്കുകയും ക്വുര്‍ആനിലും സുന്നത്തിലും കര്‍മശാസ്ത്രത്തിലുമായി കഴിഞ്ഞുകൂടുകയും ചെയ്തു. ഹിജ്‌റ:1312ല്‍ ഞാന്‍ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ പങ്കെടുത്തു. ക്വുര്‍ആനിലും ഹദീഥിലും ഇമാമും അതുല്യനായ പണ്ഡിതനും കൃത്യമായ വിശ്വാസത്തിന്റെ ഉടമയായിട്ടുമാണ് എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

രാവും പകലും നിരന്തരമായി അദ്ദേഹം അധ്യാപനത്തില്‍ ഏര്‍പ്പെട്ടു. ധാരാളമായി നിസ്‌കരിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു. ഭയഭക്തി കാരണം എപ്പോഴും കരയുന്ന പതിവുണ്ടായിരുന്നു. ആദര്‍ശ വിരുദ്ധരോട് അദ്ദേഹത്തിന് കടുത്തവിരോധമായിരുന്നു. വിനയാന്വിതനും ധീരനുമായിരുന്നു അദ്ദേഹം. ഒരു ആക്ഷേപകന്റെയും ആക്ഷേപത്തെ അദ്ദേഹം ഭയപ്പെട്ടില്ല. അറബികളും അനറബികളുമായ നിരവധിപ്പേര്‍ അദ്ദേഹത്തില്‍നിന്നും വിജ്ഞാനം തേടിയെത്തി. ഇന്ത്യയിലെ ഹദീഥിന്റെ നേതൃസ്ഥാനം അദ്ദേഹത്തിനാല്‍ അലങ്കരിക്കപ്പെട്ടു.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിരവധി തവണ അദ്ദേഹം പരീക്ഷിക്കപ്പെട്ടു. അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തില്‍നിന്നും പുറത്തുപോയ പിഴച്ച ആശയക്കാരനായി ജനങ്ങള്‍ അദ്ദേഹത്തെ തെറ്റുധരിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹിജ്‌റ:1280ലോ 1281ലോ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ റാവല്‍പിണ്ഡി ജയിലില്‍ അടച്ചു. ഒരു വര്‍ഷത്തിനു ശേഷം അവര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങുകയും നേരത്തെ ഉണ്ടായിരുന്നതുപോലെ അധ്യാപനത്തിലും പ്രബോധനത്തിലും മുഴുകുകയും ചെയ്തു.

ഹിജ്‌റ 1300ല്‍ അദ്ദേഹം ഹിജാസിലേക്ക് പുറപ്പെട്ടു. ശത്രുക്കള്‍ അവിടെയും അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു. പന്നിയുടെ കൊഴുപ്പ് ഹലാലാണെന്നും മാതൃസഹോദരിയുമായും പിതൃസഹോദരിയുമായും വിവാഹം അനുവദനീയമാണെന്നും കച്ചവടത്തിന് സകാത്ത് ഇല്ലെന്നും മറ്റും ഇദ്ദേഹത്തിന് വാദങ്ങള്‍ ഉള്ളതായി ശത്രുക്കള്‍ അപവാദങ്ങള്‍ പറഞ്ഞുപരത്തി. അദ്ദേഹം അഹ്‌ലുസ്സുന്നയുടെ വിശ്വാസ ആചാരങ്ങളില്‍നിന്നും പുറത്താണെന്നും അവര്‍ പ്രചരിപ്പിച്ചു. ഈ ആരോപണങ്ങളെല്ലാം മക്കയിലെ അമീറിന്റെ ചെവിയില്‍ എത്തി. തുടര്‍ന്ന് അദ്ദേഹം മക്കയില്‍ ജയിലില്‍ അടക്കപ്പെട്ടു. രണ്ടുദിവസത്തെ ജയില്‍ വാസത്തിനുശേഷം അദ്ദേഹം നാട്ടില്‍ മടങ്ങിയെത്തി. അദ്ദേഹം പുത്തന്‍ പ്രസ്ഥാനക്കാരനാണന്നും കാഫിറാണന്നുമുള്ള ആരോപണങ്ങള്‍ വ്യാപകമായി.

സൂക്ഷ്മതയിലും മതനിഷ്ഠയിലും അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള ഒരു അതിശയമായിരുന്നു അദ്ദേഹം. ജനങ്ങളില്‍നിന്നും ഒന്നും ആവശ്യപ്പെടാതിരിക്കുക, പടപ്പുകളെ ഒന്നിലും ആശ്രയിക്കാതിരിക്കുക, സത്യംപറയുക, സത്യസന്ധത പുലര്‍ത്തുക, അല്ലാഹുവിനെ ഭയപ്പെടുക, റസൂലിനെ സ്‌നേഹിക്കുക തുടങ്ങിയ നിരവധി മഹനീയ ഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു.

ധാരാളമായി ഗ്രന്ഥരചന നടത്താന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ വെല്ലാന്‍ ഹദീഥ് വിജ്ഞാനത്തില്‍ ആരുംതന്നെ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതി. വൈവിധ്യമാര്‍ന്ന, അദ്ദേഹത്തിന്റെ ഫത്‌വകള്‍ രാജ്യത്തിലുടനീളം പ്രചരിച്ചു. പണ്ഡിതന്മാരും നിരൂപകന്മാരുമുള്‍പെടെ ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി ഉണ്ടായിരുന്നു. ശിഷ്യന്മാരില്‍ പ്രമുഖന്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ മരണപ്പെട്ട മകന്‍ സയ്യിദ് ശരീഫ് ഹുസൈന്‍ ആയിരുന്നു. 

ശൈഖ് അബ്ദുള്ള ഗസ്‌നവി, അദ്ദേഹത്തിന്റെ മക്കളായ മുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ വാഹിദ്, അബ്ദുല്ല എന്നിവരും, ബിദ്അത്തുകാരുടെ പേടിസ്വപ്‌നവും പ്രശസ്തനും പ്രഗത്ഭനുമായ മുഹമ്മദ് ബഷീര്‍ അസ്സഹ്‌സവാനി, സയ്യിദ് അമീര്‍ ഹസന്‍, അദ്ദേഹത്തിന്റെ പുത്രന്‍ അമീര്‍ അഹ്മദ് അല്‍ഹുസൈനി അസ്സഹ്‌സവാനി, മുഹദ്ദിഥ് അബ്ദുല്‍ മന്നാന്‍ വസീറാബാദി, ഖാദിയാനികളൂടെ പേടി സ്വപ്‌നവും ഇശാഅത്തുസ്സുന്ന പത്രാധിപരുമായിരുന്ന ശൈഖ് മുഹമ്മദ് ഹുസൈന്‍ ഭട്ടാലവി, അല്ലാമാ അബ്ദുല്ല അബ്ദുറഹീം ഗാസിപ്പൂരി, സയ്യിദ് മുസ്തഫ യൂസുഫ് അശ്ശരീഫ് അല്‍ഹുസൈനി, സയ്യിദ് അമീര്‍ അലി അല്‍ഹുസൈനി മലീഹാബാദി, ഖാദി മുല്ലാ മുഹമ്മദ് ഹസന്‍, മുഹദ്ദിഥ് ശംസുല്‍ ഹക്ക്വ്, ശൈഖ് അബ്ദുല്ല ഇദ്‌രീസ് അല്‍ഹസനി അസ്സനൂസി അല്‍മഗ്‌രിബി, ശൈഖ് മുഹമ്മദ് നാസ്വിര്‍ അല്‍മുബാറക് അന്നജ്ദി, ശൈഖ് സഅദ്ബിന്‍ ഹമദ് അല്‍അതീക്വ് അന്നജ്ദി തുടങ്ങിയ പ്രമുഖന്മാരുടെ പരമ്പര തന്നെ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഹി:1320 റജബ്10ന് തിങ്കളാഴ്ച ദിവസം ദല്‍ഹിയില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു.