മുജ്തഹിദായ പണ്ഡിതന്മാരും ഹദീഥുകളും

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം ഈ ലക്കം മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു)

(വിവര്‍ത്തനം: ശമീര്‍ മദീനി )

ഹദീഥുകള്‍ മുഴുവന്‍ അറിയാത്ത ഒരാള്‍ 'മുജ്തഹിദാവുകയില്ല' എന്ന് വാസ്തവമറിയുന്ന ഒരാളും പറയുകയില്ല. കാരണം, മതവിധികളുമായി ബന്ധപ്പെട്ട് നബി ﷺ  പറഞ്ഞ എല്ലാ കാര്യങ്ങളും അപ്രകാരം തന്നെ അവിടുന്ന് ചെയ്ത എല്ലാ സംഗതികളും ഒരു മുജ്തഹിദ് (ഗവേഷണ യോഗ്യതയുള്ള പണ്ഡിതന്‍) അറിഞ്ഞിരിക്കല്‍ അനിവാര്യമായ നിബന്ധന(ശ്വര്‍ത്വ്)യാണെന്ന് പറയുകയാണെങ്കില്‍ ഒരൊറ്റ മുജ്തഹിദും ഈ സമൂഹത്തില്‍ ഉണ്ടാവുകയില്ല. മറിച്ച്, ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ പ്രവാചകാധ്യാപനങ്ങളുടെ ഭൂരിഭാഗവും അയാള്‍ അറിഞ്ഞിരിക്കണം എന്നേ പറയാനൊക്കുകയുള്ളൂ. അതായത്, വളരെ കുറഞ്ഞ ചില വിശദാംശങ്ങളല്ലാത്തവയൊന്നും അദ്ദേഹം അറിയാതെ പോകരുത്. അതോടൊപ്പം, അദ്ദേഹത്തിന് ലഭിക്കാതെ പോയ ആ കുറഞ്ഞ ഹദീഥുകള്‍ ചിലപ്പോള്‍ അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങള്‍ക്ക് എതിരായി വരികയും ചെയ്‌തേക്കാം. (സ്വഹാബത്തിന്റെ ജീവിതത്തില്‍ നിന്നു തന്നെ അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു കഴിഞ്ഞു).

നബി ﷺ യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീഥുകള്‍ക്ക് എതിരായി പണ്ഡിതന്മാരുടെ വാക്കുകള്‍ വരാനുള്ള രണ്ടാമത്തെ കാരണം ആ വിഷയത്തിലുള്ള ഹദീഥ് ലഭിക്കാത്തതല്ല. പ്രത്യുത ആ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെയടുക്കല്‍ സ്വഹീഹായി (സ്വീകാര്യയോഗ്യമായി) സ്ഥിരപ്പെട്ടിട്ടുണ്ടാവുകയില്ല.

തന്നോട് പ്രസ്തുത സംഭവം റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയോ അദ്ദേഹത്തോട് ആ ഹദീഥ് പറഞ്ഞ വ്യക്തിയോ അതുമല്ലെങ്കില്‍ അതിന്റെ പരമ്പര(സനദ്)യിലെ ഏതെങ്കിലും നിവേദകന്മാര്‍ (റാവികള്‍) ഹദീഥിന്റെ വിഷയത്തില്‍ സ്വീകാര്യയോഗ്യമല്ലാത്ത അജ്ഞാതരോ (മജ്ഹുല്‍) കളവ് പറഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടവരോ (മുത്തഹം) ഓര്‍മക്കുറവുള്ളവരോ (സയ്യിഉല്‍ ഹിഫ്ദ്വ്) പോലെയുള്ള അസ്വീകാര്യരായിരിക്കാം.

അതല്ലെങ്കില്‍ കണ്ണിമുറിയാത്ത കുറ്റമറ്റ പരമ്പരകളിലൂടെ പ്രസ്തുത ഹദീഥ് അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടാവില്ല. അതുമല്ലെങ്കില്‍ പ്രസ്തുത ഹദീഥിന്റെ പദങ്ങള്‍ ഇദ്ദേഹം കൃത്യപ്പെടുത്താതെയും വരാം. അതേ സമയം ഈ ഹദീഥ് മറ്റു പല പണ്ഡിതന്മാരുടെയും അടുക്കല്‍ കണ്ണിമുറിയാത്ത പരമ്പരയിലൂടെ കുറ്റമറ്റരീതിയില്‍ എത്തുകയും ചെയ്തിട്ടുണ്ടാവാം. അതായത്, അജ്ഞാതന്‍ (മജ്ഹൂല്‍) എന്ന് ഇദ്ദേഹം വിധിയെഴുതിയ നിവേദകന്‍ മറ്റു പലപണ്ഡിതന്മാരുടെയും അടുക്കല്‍ വിശ്വസ്തനും അറിയപ്പെട്ട ആളുമായിരിക്കാം. അതല്ലെങ്കില്‍ വിമര്‍ശന വിധേയരായ നിവേദകന്മാരിലൂടെയല്ലാതെ കുറ്റമറ്റ രീതിയില്‍ മറ്റുള്ളവര്‍ക്ക് പ്രസ്തുത ഹദീഥ് ലഭിച്ചിരിക്കാനും സാധ്യതയുണ്ട്. ചില ഹദീഥ് പണ്ഡിതന്മാര്‍ ഹദീഥിന്റെ പദങ്ങള്‍ സൂക്ഷ്മ പരിശോധനകളിലൂടെ ഉറപ്പ് വരുത്തിയിട്ടുള്ളത് കാണാം. അല്ലെങ്കില്‍ ആ റിപ്പോര്‍ട്ടിന് പിന്‍ബലമേകുന്ന മറ്റു റിപ്പോര്‍ട്ടുകള്‍ അഥവാ 'ശവാഹിദു'കളും 'മുതാബആത്തു'കളും മുഖേന അതിന്റെ പ്രബലത വ്യക്തമാക്കിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ കാണാം. ആദ്യകാലക്കാരായ സ്വഹാബത്തിലുള്ളതിനെക്കാള്‍ ഇത്തരം സംഗതികള്‍ കൂടുതലുള്ളത് താബിഈങ്ങളും തബഉത്താബിഈങ്ങളും മുതല്‍ അവര്‍ക്കു ശേഷമുള്ള പ്രമുഖരായ ഇമാമീങ്ങള്‍ വരെയുള്ളവരുടെ കാലങ്ങളിലാണ്.

ആളുകള്‍ക്കിടയില്‍ പ്രചരിക്കുകയും പ്രസിദ്ധമാവുകയുമൊക്കെ ചെയ്ത ചില ഹദീഥുകള്‍ പല പണ്ഡിതന്മാര്‍ക്കും ദുര്‍ബലമായ വഴികളിലൂടെയായിരിക്കും കിട്ടിയിട്ടുണ്ടാവുക. എന്നാല്‍ വേറെ ചിലര്‍ക്ക് ഈ ദുര്‍ബല വഴികളിലൂടെയല്ലാതെ കുറ്റമറ്റ പരമ്പരയിലൂടെ പ്രസ്തുത ഹദീഥുകള്‍ കിട്ടിയിട്ടുണ്ടാവുകയും ചെയ്യും. അപ്പോള്‍ കുറ്റമറ്റ വഴിയിലൂടെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രബലവും തെളിവിന് കൊള്ളുന്നവയുമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. എന്നാല്‍ കുറ്റമറ്റ പരമ്പരയിലൂടെ പ്രസ്തുത ഹദീഥ്, അതിന് എതിരായി 'ഫത്‌വ' പറഞ്ഞ പണ്ഡിതന്മാര്‍ക്ക് ലഭ്യമായിട്ടുണ്ടാവില്ല. അതുകൊണ്ടാണ് ഹദീഥിന്റെ പ്രബലതയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പല ഇമാമീങ്ങളും ഇങ്ങനെ പറഞ്ഞിട്ടുള്ളത്: ''ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഇന്നതാണ്. എന്നാല്‍ ഇതില്‍ ഇന്ന രൂപത്തില്‍ ഹദീഥ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് പ്രബലവും സ്വീകാര്യയോഗ്യവുമാണെങ്കില്‍ എന്റെ അഭിപ്രായം അതാണ്.''

മൂന്നാമത്തെ കാരണം: ഹദീഥ് ദുര്‍ബലമാണെന്ന വിശ്വാസം. മറ്റുള്ളവരുടെ അഭിപ്രായത്തിനു വിരുദ്ധമായി തന്റെ പഠന ഗവേഷണത്തിലൂടെ തനിക്ക് ലഭിച്ച ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന വിലയിരുത്തല്‍ കൊണ്ട് ഒരു പണ്ഡിതന്‍ പറഞ്ഞ വാക്കുകള്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് എതിരാകാം. പ്രസ്തുത ഹദീഥ് പ്രബലമാകാനുള്ള വല്ല വഴികളുമുണ്ടോ എന്നൊന്നും നോക്കാതെ തന്നെ ലഭ്യമായ ഹദീഥിന്റെ പരമ്പര മാത്രം വിലയിരുത്തിക്കൊണ്ടുമാകാം പ്രസ്തുത വാക്കുകള്‍. ചിലപ്പോള്‍ ശരി അദ്ദേഹത്തോടൊപ്പമായിരിക്കാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായത്തോടൊപ്പമായിരിക്കാം. അതുമല്ലെങ്കില്‍ 'ഓരോ മുജ്തഹിദിനും പ്രതിഫലമുണ്ട്' എന്ന ന്യായമനുസരിച്ച് രണ്ടു കൂട്ടര്‍ക്കും ശരിയുടെ പക്ഷമുണ്ട് എന്നും വരാം

ഇതിനു പല കാരണങ്ങളുമുണ്ട്: 1) ഒരു ഹദീഥ് ഉദ്ധരിക്കുന്ന പണ്ഡിതന്‍ നിവേദകരില്‍ ഒരാളെ ദുര്‍ബലനായി (ദഈഫ്) കാണുന്നു. എന്നാല്‍ മറ്റൊരാള്‍ ആ വ്യക്തിയെ സ്വീകാര്യമായി (ഥികത്) കാണുകയും ചെയ്യുന്നു. നിവേദകരെ കുറിച്ചുള്ള അറിവിന്റെ മേഖല അതിവിശാലമാണ്. ചിലപ്പോള്‍ ആ നിവേദകന്‍ ദുര്‍ബലനാണെന്നു പറഞ്ഞ വ്യക്തിയുടെ വാക്കുകളായിരിക്കാം ശരി. ദുര്‍ബലതയുടെ ന്യായമായ കാരണങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചതുകൊണ്ട് അങ്ങനെ ഒരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നതായിരിക്കാം. അതുപോലെ തന്നെ ആ നിവേദകനെ കുറിച്ച് സ്വീകാര്യനെന്ന് വിധിപറഞ്ഞ പണ്ഡിതന്റെ വാക്കുകളും ശരിയാവാനുള്ള സാധ്യതയുണ്ട്. ഉപരിസൂചിത പണ്ഡിതന്‍ ന്യൂനതയായി കരുതിയ സംഗതി സത്യത്തില്‍ ഹദീഥിന്റെ സ്വീകാര്യതയില്‍ അയോഗ്യനാക്കുന്ന ഒരു ന്യൂനത അല്ലാത്തതുകൊണ്ടോ അതെല്ലങ്കില്‍ ന്യൂനത വിധിക്കുന്നതിനു തടസ്സമാകുന്ന മറ്റെന്തെങ്കിലും ന്യായം അദ്ദേഹത്തിനുണ്ടായതുകൊണ്ടോ ആകാം. ഇത് വിശാലമായൊരു മേഖലയാണ്. ഹദീഥ് നിവേദകന്മാരെ കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ട്; മറ്റ് പല വിഷയങ്ങളിലും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളത് പോലെ.

ഹദീഥ് നിവേദനം ചെയ്ത വ്യക്തി അദ്ദേഹത്തിന്റെ നേരെ മുകളിലുള്ള നിവേദകനില്‍ നിന്ന് നേരിട്ട് ഹദീഥ് കേട്ടതായി ഉറപ്പ് കിട്ടാത്തതുകൊണ്ട് ഒരു പണ്ഡിതന്‍ ഒരു ഹദീഥിനെ കുറിച്ച് 'ദുര്‍ബലം' എന്ന നിഗമനത്തിലെത്തിയേക്കാം. അതേസമയം മറ്റൊരു പണ്ഡിതന്‍ ആ നിവേദകന്മാര്‍ പരസ്പരം കാണുകയും ഹദീഥ് നേരിട്ട് കൈമാറുകയും ചെയ്തതായി സ്ഥിരീകരിച്ച് പറയുകയും ചെയ്‌തേക്കാം.

അപ്രകാരം തന്നെ ഹദീഥ് റിപ്പോര്‍ട്ട് ചെയ്ത നിവേദകന്‍ സ്വീകരിക്കാവുന്ന നേരായ അവസ്ഥയും (ഇസ്തിക്വാമത്ത്) സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയും (ഇദ്തിറാബ്) ഉള്ള വ്യക്തിയാകാം. ഹദീഥ് നിവേദകന്റെ ഓര്‍മകള്‍ക്ക് തകരാര്‍ സംഭവിക്കുകയോ രേഖപ്പെടുത്തിയ ഹദീഥ് സമാഹാരം തീപിടിച്ചോ മറ്റോ നശിച്ചുപോയ അവസ്ഥയോ ഉള്ള വ്യക്തിയാണ് ഒരു നിവേദകനെങ്കില്‍ അദ്ദേഹം കുറ്റമറ്റ സന്ദര്‍ഭത്തില്‍ (ഇസ്തിക്വാമത്തിന്റെ ഘട്ടത്തില്‍) നിവേദനം ചെയ്ത ഹദീഥുകള്‍ സ്വീകരിക്കുകയും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളെ ദുര്‍ബലമായി ഗണിക്കുകയും ചെയ്യും. അഭിപ്രായ വ്യത്യാസത്തിലിരിക്കുന്ന ഹദീഥ് ഈ രണ്ടിനത്തില്‍ ഏതിലാണ് വരിക എന്ന് വ്യക്തമായി അറിയാതെ വരുമ്പോള്‍ വീക്ഷണ വ്യത്യാസമുണ്ടാകുന്നു. ഒരു പണ്ഡിതന്‍ ആ നിവേദകന്റെ പ്രസ്തുത ഹദീഥ് ഇദ്തിറാബിന്റെ ഘട്ടത്തിലുള്ള നിവേദനമായി പരിഗണിക്കുമ്പോള്‍ മറ്റൊരുപണ്ഡിതന്‍ അതിനെ ഇസ്തിക്വാമത്തിന്റെ റിപ്പോര്‍ട്ടായി ഗണിക്കുകയും ചെയ്യുന്നു. ഇക്കാര്യം സുവിദിതമാണ്.

ഹിജാസുകാരില്‍ അധികവും അഭിപ്രായപ്പെടുന്നത് ഹിജാസിലെ റിപ്പോര്‍ട്ടുകാരുമായി അടിസ്ഥാനപരമായി ബന്ധമില്ലാത്ത ഇറാഖി, സിറിയന്‍ നിവേദകരുടെ ഹദീഥുകള്‍ തെളിവിന് യോഗ്യമല്ല എന്നാണ്. എത്രത്തോളമെന്നാല്‍ അവരില്‍ ചിലര്‍ ഇങ്ങെന വരെ പറഞ്ഞിട്ടുണ്ട്: ഇറാഖുകാരുടെ ഹദീഥുകളെ നിങ്ങള്‍ അഹ്‌ലുല്‍കിതാബിന്റെ വാക്കുകളെ പോലെ ഗണിക്കുക. അതിനെ തള്ളുകയോ കൊള്ളുകയോ വേണ്ട.

മറ്റൊരാളോട് ഇങ്ങനെ ചോദിക്കുകയുണ്ടായി: 'സുഫ്‌യാന്‍ മന്‍സ്വൂറില്‍ നിന്നും അദ്ദേഹം ഇബ്‌റാഹീമില്‍ നിന്നും അദ്ദേഹം അല്‍ക്വമയില്‍ നിന്നും അദ്ദേഹം അബ്ദുല്ലയില്‍ നിന്നും ഉദ്ധരിക്കുന്നത് പ്രബലമാണോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അതിന് ഹിജാസില്‍ വല്ല അടിസ്ഥാനവുമുണ്ടെങ്കില്‍ പറ്റും, ഇല്ലെങ്കില്‍ പറ്റില്ല.'

ഇതെന്തു കൊണ്ടെന്നാല്‍; ഹദീഥുകള്‍ കൃത്യപ്പെടുത്തി സൂക്ഷിച്ചത് ഹിജാസുകാരാണെന്ന അവരുടെ വിശ്വാസത്താലാണ്. അതിനാല്‍ അവര്‍ക്ക് സുന്നത്ത് നഷ്ടപ്പെട്ടുപോയിട്ടില്ല. ഇറാഖുകാരുടെ നിവേദനങ്ങളാകട്ടെ, അവയില്‍ ഈ കണിശതയും കൃത്യതയും കാണുകയില്ല. അതിനാല്‍ ഒരു മധ്യനില അതില്‍ വേണ്ടതായി വന്നു.

ചില ഇറാഖീ പണ്ഡിതന്മാര്‍ സിറിയക്കാരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമല്ലെന്ന അഭിപ്രായക്കാരാണ് . ഈ നിലപാടിന് എതിരാണ് ഭൂരിപക്ഷം പണ്ഡിതന്മാരും എങ്കിലും  എപ്പോള്‍ ഒരു ഹദീഥിന്റെ പരമ്പര (സനദ്)വിശിഷ്ടമാകുന്നുവോ അപ്പോള്‍ അതിലൂടെ വന്ന ഹദീഥും പ്രബലമായിരിക്കും. അത് ഹിജാസ്‌കാരിലൂടെയോ ഇറാഖികളിലൂടെയോ സിറിയ(ശാം)ക്കാരിലൂടെയോ മറ്റു എവിടെനിന്നോ വന്നതായാലും ശരി.

ഇമാം അബൂദാവൂദ് അസ്സിജതാനി(റഹി) ഓരോ നാട്ടുകാരില്‍ നിന്നും മാത്രമായി വന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഒരൊറ്റ നാട്ടുകാരിലൂടെയുമായി പ്രത്യേകം വന്ന റിപ്പോര്‍ട്ടുകളും മറ്റു നാടുകളില്‍ കൃത്യമായ സനദോട് കൂടി അവ കാണപ്പെടാത്തതും അദ്ദേഹം അതില്‍ വിശദമാക്കുന്നുണ്ട്

നാലാമത്തെ കാരണം: സത്യസന്ധതയും ഓര്‍മശക്തിയുമൊക്കെയുള്ള സ്വീകാര്യയോഗ്യനായ ഒരു നിവേദകന്റെ റിപ്പോര്‍ട്ടില്‍ ചിലര്‍ കൂടുതലായി വെക്കുന്ന നിബന്ധനകള്‍ കാരണമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കും. അത്തരം അധിക നിബന്ധനകളില്‍ മറ്റു പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ളതാണ് ഇതിനു കാരണം. ഉദാഹരണത്തിന് വിശ്വസ്തരായ വ്യക്തികളുടെ ആഹാദായ റിപ്പോര്‍ട്ടുകള്‍ ക്വുര്‍ആനിനോടും സുന്നത്തിനോടും ഒത്തുനോക്കണം എന്ന ചിലരുടെ  നിബന്ധന. അതേപോലെ ഹദീഥിന്റെ നിവേദകന്‍ കര്‍മശാസ്ത്ര പണ്ഡിതന്‍ കൂടിയായിരിക്കണമെന്ന നിബന്ധന; വിശിഷ്യാ ഖിയാസിന്റെ അടിസ്ഥാനങ്ങള്‍ക്ക് എതിരായി റിപ്പോര്‍ട്ട് ഉദ്ധരിക്കപ്പെടുമ്പോള്‍. അപ്രകാരം തന്നെ, എല്ലാവരെയും ബാധിക്കുന്ന പൊതുവായ ഹദീഥുകളാണ് എങ്കില്‍ പ്രചുരപ്രചാരം നേടാതെ പോയാല്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ല എന്ന നിലപാടും ഇതിനുദാഹരണമാണ്. ഇതല്ലാത്ത വേറെയും പല നിബന്ധനകള്‍ ഇത്തരം ചര്‍ച്ചാ മേഖലകളില്‍ സുപരിചിതമാണ്.

(അവസാനിച്ചില്ല)