പ്രവാസലോകം: മത വിദ്യാഭ്യാസ ചിന്തകള്‍

നബീല്‍ പയ്യോളി

2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15

അല്‍പം നീണ്ട അവധിക്ക് ശേഷം ഗള്‍ഫ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയാണ്. പുതിയ അധ്യയന വര്‍ഷത്തിലെ ഒന്നോ രണ്ടോ മാസത്തെ പ്രവൃത്തി ദിനങ്ങള്‍ക്ക് ശേഷമാണ് അവധിക്കാലം വന്നെത്തുന്നത്. ഇനി കര്‍മനിരതമായ നാളുകള്‍.

പഠനത്തിന്റെയും പരീക്ഷയുടെയും തിരക്കുകളില്‍ നിന്ന് മാറി നാട്ടിലും വിദേശത്തുമായി ഉല്ലസിച്ച നാളുകള്‍. ഉറ്റവരോട് അടുത്തിടപഴകാനും സഹവസിക്കാനും സാധിച്ച ദിനങ്ങള്‍. മനസ്സിന് കുളിര്‍മ നല്‍കിയ ഒട്ടനവധി അനുഭവങ്ങള്‍ക്ക് ഒഴിവുകാലം അവസരം തന്നു. ചില തിരിച്ചറിവുകള്‍ നമ്മെ വല്ലാതെ സ്വാധീനിച്ചു. കളിയും തമാശയും യാത്രകളും നമുക്ക് നവോന്മേഷം നല്‍കി. നാടും പ്രകൃതിയും പുതിയ അനുഭൂതികള്‍ സമ്മാനിച്ചു. ശരവേഗത്തില്‍ അവധി ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഇനി ഒരവസരം ഉണ്ടാകുമോ എന്ന ആശങ്ക മനസ്സിനെ വല്ലാതെ അലട്ടുന്നു. എണ്ണപ്പെട്ട സുദിനങ്ങള്‍ സമ്മാനിച്ച തിരിച്ചറിവുകളില്‍ ഇനിയുള്ള നാളുകള്‍ കെട്ടിപ്പടുക്കാന്‍ നാം മാനസികമായി ഒരുങ്ങിക്കഴിഞ്ഞു.

പ്രവാസ ലോകം പ്രയാസങ്ങളുടെ പറുദീസയാണെങ്കിലും മതപഠനത്തിന്റെ പൂന്തോപ്പാണ് എന്നതാണ് സത്യം. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് മതം പഠിക്കുന്നതിനും പണ്ഡിതന്മാരുമായി സഹവസിക്കുന്നതിനും അറിവു നുകരാനും ഒട്ടനവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. നാട്ടിലെ തിരക്കുപിടിച്ച ജീവിത ശൈലിയില്‍ നിന്നും അല്‍പം തിരക്കൊഴിഞ്ഞ ജീവിത രീതിയാണ് പ്രവാസം സമ്മാനിക്കുന്നത്. അത് ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ നാളെയെ കുറിച്ച് ചിന്തിക്കാനും നന്മ നുകരാനും അവസരങ്ങള്‍ സുലഭം. വിവര സാങ്കേതിക വിദ്യ സമ്മാനിച്ച അവസരങ്ങള്‍ വേറെയും നമുക്ക് ചുറ്റുമുണ്ട്. അറിവിന്റെ വിശാലമായ സ്രോതസ്സുകളെ അറിഞ്ഞ് ഉപയോഗിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് അനുഗൃഹീതമായ നാളുകള്‍ സമ്മാനിക്കുന്ന പ്രവാസം ആസ്വാദ്യകരമാണ്.

അറിവ് മനുഷ്യന്റെ ജീവിതത്തെ പ്രകാശപൂരിതമാക്കാനും അര്‍ഥം നല്‍കാനും അനിവാര്യമാണ്. ഈ ലോകത്തെ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ജീവിത സന്ധാരണത്തിനും സാമൂഹിക വളര്‍ച്ചക്കും അറിവ് അനിവാര്യമാണ്. ചുറ്റുമുള്ള സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി അറിവുകള്‍ സമ്പാദിക്കുക എന്നത് നാം എല്ലാവരും ചെയ്തുവരുന്ന കാര്യം തന്നെ.

അല്ലാഹു പറയുന്നു: ''അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയും തന്റെ രക്ഷിതാവിന്റെ കാരുണ്യം ആശിക്കുകയും ചെയ്തുകൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നു പ്രാര്‍ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ'' (ക്വുര്‍ആന്‍ 39:9).

ജീവിതത്തെ കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടും തിരിച്ചറിവും ഉണ്ടായാലേ ജീവിതം അഥപൂര്‍ണമാകൂ. അതിന് ജീവിത ലക്ഷ്യവും അതിനുള്ള പാഥേയവും തിരിച്ചറിയേണ്ടതുണ്ട്. ഓരോരുത്തരും ഭൗതിക പഠനത്തെക്കാള്‍ ഗൗരവത്തില്‍ മതപഠനത്തെ സമീപിക്കേണ്ടത് ഇതിന് അനിവാര്യമാണ്. നൈമിഷിക ജീവിതത്തില്‍ കെട്ടിത്തിരിഞ്ഞു ജീവിതം ഹോമിക്കേണ്ടവരല്ല വിശ്വാസികള്‍; മറിച്ച് പരലോകരക്ഷക്ക് ആവശ്യമായ അറിവുകള്‍ സമ്പാദിക്കുകയും അതിനെ ജീവിത വെളിച്ചമാക്കി മാറ്റുകയും ചെയ്യണം. അപ്പോള്‍ മാത്രമാണ് ഒരിക്കലും നഷ്ടം വരാത്ത അറിവ് കരഗതമാക്കി വിജയിക്കാന്‍ സാധിക്കുക.

ഭൗതിക തിരക്കുകള്‍ക്കിടയില്‍ പലരും മത വിദ്യാഭ്യാസ രംഗത്തെ മനഃപൂര്‍വമോ അല്ലാതെയോ അവഗണിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. മനുഷ്യന്‍ ഭൗതിക വിദ്യാഭാസരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ അവനെ നല്ല മനുഷ്യനാക്കി മാറ്റുന്നതിന് ഉതകുന്നില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന പല തെളിവുകളും നമുക്ക് ചുറ്റുമുണ്ട്. വൃദ്ധസദനങ്ങളും കൊലപാതകങ്ങളും ആത്മഹത്യയും മദ്യമയക്കുമരുന്ന് ഉപയോഗവും അതിക്രമങ്ങളും കുടുംബത്തകര്‍ച്ചകളും ഒളിച്ചോട്ടങ്ങളും സാമൂഹ്യ തിന്മകളും അഭ്യസ്തവിദ്യരുടെ ഇടയിലാണ് കൂടുതല്‍ കാണപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ദിനേന നമ്മെ തേടിയെത്തുന്ന വാര്‍ത്തകള്‍ അതാണല്ലോ വിളിച്ചു പറയുന്നത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന ഘടകങ്ങള്‍ വിദ്യാര്‍ഥികള്‍, അധ്യാപക-അനധ്യാപക ജോലിക്കാര്‍, രക്ഷിതാക്കള്‍, മാനേജമെന്റ് എന്നിവയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലല്ലോ. ഇതില്‍ ഓരോ ഘടകത്തിനും അവരവരുടെതായ പങ്കുവഹിക്കാനുണ്ട് എന്ന തിരിച്ചറിവിന്റെ അഭാവം പലപ്പോഴും കാണാറുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും എന്ന ചെറിയ വൃത്തത്തിലേക്ക് കാര്യങ്ങള്‍ ചുരുങ്ങാറാണ് പതിവ്. അത് മദ്‌റസ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

സ്വയം അറിവ് നേടുന്നതോടൊപ്പം തങ്ങളുടെ കുടുംബത്തെ കൂടി ഈ അറിവിന്റെ മാര്‍ഗത്തില്‍ എത്തിക്കലും അതിനാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കലും ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 66:6).

''നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക''(ക്വുര്‍ആന്‍ 8:28).

പ്രവാസികള്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ എന്നും ജാഗ്രത പുലര്‍ത്താറുണ്ട്. നാട്ടിലും വിദേശത്തും അതിനുള്ള സംവിധാനങ്ങള്‍ കണ്ടെത്താനും ഉപയോഗപ്പെടുത്താനും രക്ഷിതാക്കള്‍ എന്നും ശ്രദ്ധിക്കാറുണ്ട്. തന്റെ വിദ്യാഭ്യാസ നിലവാരത്തെക്കാള്‍ ഒരുപടി മുന്നിലാവണം മക്കള്‍ എന്നത് ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ്. അതിന് കഠിന പരിശ്രമം നടത്താന്‍ അവര്‍ തയ്യാറുമാണ്.

മുമ്പൊരിക്കല്‍ ഒരു സുഹൃത്ത് വാടക കുറഞ്ഞ, നിലവിലെ ഫ്ളാറ്റില്‍ നിന്നും ഇരട്ടയിലധികം വാടക നല്‍കേണ്ട പുതിയ ഫ്ളാറ്റിലേക്ക് മാറാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് 'മക്കളുടെ സ്‌കൂളിന്റെ അടുത്തേക്ക് താമസം മാറ്റിയാല്‍ അവര്‍ക്കത് വളരെ ഉപകാരപ്പെടും. ഞാന്‍ കുറച്ച് അധികം യാത്ര ചെയ്താലും വാടക ഇരട്ടിയിലധികം നല്‍കേണ്ടി വന്നാലും അവരുടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമല്ലോ' എന്നാണ്. ഓരോ രക്ഷിതാവും മക്കള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണ് എന്നര്‍ഥം.

ഈ താല്‍പര്യം മതപഠന രംഗത്ത് കാണിക്കാന്‍ പലരും മനസ്സ് കാണിക്കാറില്ല. ഏതായാലും ജീവിതലക്ഷ്യം തിരിച്ചറിയാത്ത ഒരാള്‍ പരാജിതനാണ് എന്ന തിരിച്ചറിവ് ഉള്ളവര്‍ ഒരിക്കലും മതപഠന രംഗത്ത് അമാന്തം കാണിക്കും എന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ അത് തിരുത്തപ്പെടേണ്ടതാണ്.

ഭൗതിക വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വ്യാപനം ഇതിന് കൂടുതല്‍ വേഗത നല്‍കി. അറിവിന്റെ സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഓരോരുത്തരും തയ്യാറായി. ലോകം വിരല്‍തുമ്പിലേക്ക് ചുരുങ്ങിയത് ലോകത്തെ മാറ്റങ്ങള്‍ക്ക് മുന്നില്‍ മുഖം തീര്‍ക്കാന്‍ സാധ്യമല്ല എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റി. മാറ്റങ്ങള്‍ക്ക് അനുസരിച്ച് തങ്ങളും മാറാന്‍ തയ്യാവണം എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായി.

ഭൗതിക വിദ്യാഭ്യാസ രംഗത്തെ നല്ല മാറ്റങ്ങള്‍ മതവിദ്യാഭ്യാസ രംഗത്തും ഉപയോഗപ്പെടുത്തിത്തുടങ്ങി. വിവര സാങ്കേതിക വിദ്യയുടെ നല്ല വശങ്ങള്‍ ഉപയോഗിച്ച് മതപഠനം കൂടുതല്‍ ക്രിയാത്മകമായ രീതിയിലേക്ക് മാറി. സ്‌കൂളുകളില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മദ്‌റസകളിലും ലഭ്യമാക്കിയാലേ മതപഠന രംഗത്തേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനും അത് കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാനും സാധിക്കുകയുള്ളൂ.

ക്ലാസ്സ് മുറികള്‍ 'സ്മാര്‍ട്ട്' ആകുന്നതോടെ വ്യത്യസ്തമായ അധ്യാപന രീതികള്‍ മദ്‌റസകളിലും നടപ്പിലാക്കാന്‍ സാധിക്കും. കളിയും ചിരിയും തമാശയും ക്ലാസ്സ് മുറികളെ കൂടുതല്‍ സജീവമാക്കും. ക്ലാസ്സില്‍ എന്നും കാണുന്ന അധ്യാപകര്‍ക്കപ്പുറം സ്‌ക്രീനില്‍ പുതുമുഖങ്ങള്‍ അറിവുമായി അവരെ തേടിയെത്തും. അത് മക്കള്‍ക്ക് നവ്യാനുഭവം പകരും. പ്രായോഗിക പരിശീലനങ്ങള്‍ പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും.

അധ്യാപകര്‍

ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളം അവന്റെ ചുറ്റുമുള്ളതെല്ലാം അറിവിന്റെ സ്രോതസ്സുകളാണ്. അതിനെ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്നത് അധ്യാപകരുടെ കടമയാണ്. അധ്യാപകന്‍ എന്നത് ഏതാനും മണിക്കൂറുകള്‍ കുട്ടികളുടെ മുന്നില്‍ വന്ന് പോകുന്ന ഒരു കഥാപാത്രമല്ല, മറിച്ച് അവരുടെ ജീവിതത്തിന് ദിശാബോധം നല്‍കുന്ന ഒരു ഗൈഡ് കൂടിയാണ്. ഇത് തിരിച്ചറിയാത്തവര്‍ക്ക് കുട്ടികളെ സ്വാധീനിക്കുന്ന നല്ല അധ്യാപകരാകാന്‍ കഴിയില്ല. ഒരു കുട്ടിയുടെ ജീവിതത്തിന് കൃത്യമായ മാര്‍ഗദര്‍ശിയാവുക എന്നതാണ് ഒരു മതാധ്യാപകന്റെ കടമ. ഇല്ലെങ്കില്‍ മതപഠനം കേവലം ഒരു ചടങ്ങ് മാത്രമായി മാറും.

ഓരോ പ്രായത്തിലും കുട്ടികള്‍ സ്വായത്തമാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞുകൊണ്ടുള്ള സിലബസ് അനിവാര്യമാണ്. ഇതിനെക്കുറിച്ച് മുഴുവന്‍ അധ്യാപകര്‍ക്കും കൃത്യമായ ധാരണ ഉണ്ടാവുകയും വേണം. കുട്ടികള്‍ക്ക് ലഭിക്കേണ്ടത് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും വേണം.

പ്രവാസലോകത്ത് സാധാരണയായി ആഴ്ചയില്‍ അഞ്ചോ ആറോ മണിക്കൂറാണ് മതപഠനത്തിന് ലഭിക്കുക. അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. കൃത്യമായ പ്ലാനിങ് വേണം. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മുഴുവന്‍ അധ്യാപകരും ഒരുമിച്ചിരുന്ന് ആ വര്‍ഷത്തേക്കുള്ള  പ്ലാന്‍ തയ്യാറാക്കണം. പാഠപുസ്തകം വായിച്ചുതീര്‍ക്കുക എന്നതല്ല, ഓരോ ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആ വര്‍ഷം എന്ത് നേടിയിരിക്കണം എന്നതാണ് പ്ലാന്‍ ചെയ്യേണ്ടത്. ലഭ്യമായ പ്രവൃത്തി ദിവസങ്ങളെ സമയത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ച് അതില്‍ ഉള്‍കൊള്ളിക്കാവുന്ന കാര്യങ്ങള്‍ മാത്രമെ പ്ലാന്‍ ചെയ്യാവൂ. കൂടുതല്‍ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ചാല്‍ അത് അപ്രായോഗികമാവുകയും കുട്ടികള്‍ക്ക് ആ വര്‍ഷം ലഭിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ലഭിക്കാതെ പോവുകയും ചെയ്യും. ഓരോ ഘട്ടത്തിലും ലഭിക്കേണ്ടത് അപ്പപ്പോള്‍ കിട്ടിയില്ലെങ്കില്‍ അത് നികത്താനാകാതെ പോവുകയും അവരുടെ ജീവിതത്തെ അത് ബാധിക്കുകയും ചെയ്യും.

മദ്‌റസകളില്‍ കൂടുതലും അധ്യാപികമാരാകും ഉണ്ടാവുക. കുട്ടികളെ പരിപാലിക്കുന്നതിനും സ്‌നേഹിക്കുന്നതിനും അല്ലാഹു അവര്‍ക്ക് നല്‍കിയ കഴിവും ആര്‍ദ്രതയും ഒരു പ്രധാന ഘടകം തന്നെയാണ്.  തങ്ങളുടെ പരിമിതികളില്‍ ഒതുങ്ങി നില്‍ക്കാതെ പരമാവധി അറിവുകള്‍ സ്വായത്തമാക്കുവാനും അത് പകര്‍ന്ന് നല്‍കുവാനും അധ്യാപകര്‍ ശ്രദ്ധിക്കണം.

രക്ഷിതാക്കള്‍

കുട്ടികള്‍ കൂടുതല്‍ സമയവും ഉള്ളത് രക്ഷിതാക്കളുടെ കൂടെയാണ്. അവരുടെ നിലപാടുകള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. കുട്ടികളോടൊപ്പം അവരുടെ രക്ഷിതാക്കളെ കൂടി ബോധവല്‍കരിക്കാനും അവര്‍ക്ക് അറിവ് പകര്‍ന്ന് നല്‍കാനും പദ്ധതികള്‍ ഉണ്ടാവണം. ഏതാനും മണിക്കൂറുകള്‍ കൊണ്ട് നേടിയെടുക്കാവുന്നതല്ല മതപരമായ അറിവുകള്‍. സുപ്രധാനമായ കാര്യങ്ങള്‍ മാത്രമാണ് മതപഠന ശാലകളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുക. ബാക്കി പൂരിപ്പിക്കേണ്ടത് രക്ഷിതാക്കളാണ്. അതിന് അവര്‍ക്കും അറിവ് വേണം. അവര്‍ മതാധ്യാപനങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പ്രയോഗവത്കരിക്കണം. എങ്കിലേ കുട്ടികളിലും അത് ഉണ്ടാകൂ.

മക്കള്‍ക്ക് മതബോധം നല്‍കുന്നിടത്ത് ക്വുര്‍ആന്‍ നമുക്ക് മുന്നില്‍ വരച്ചുകാണിക്കുന്ന ഒരു ഉദാത്തമായ മാതൃകയുണ്ട്:

''ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു'' (ക്വുര്‍ആന്‍ 31:13).

''എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.

എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്.

നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.

നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ''(ക്വുര്‍ആന്‍ 31: 16-19).

സൗമ്യമായും എന്നാല്‍ ഗൗരവത്തോടെയും പരലോകവിജയത്തിനായി തന്റെ മകനെ ഉപദേശിക്കുന്ന ഈ മാതൃക പിന്തുടരാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്.

മക്കള്‍ക്ക് മതബോധം ഇല്ലാത്തതിനു സമൂഹത്തെയോ സ്ഥാപനങ്ങളെയോ പഴിക്കുന്നതില്‍ അര്‍ഥമില്ല. ഇതില്‍ നാം ജാഗ്രത പുലര്‍ത്തിയാലേ ഭാവിയില്‍ അവര്‍ നമുക്ക് ഉപകാരമുള്ളവരായി മാറുകയുള്ളൂ.

മാനേജ്‌മെന്റ്

പുതിയ കാലത്തിനും ലോകത്തിനും അനുസരിച്ച് മദ്‌റസകളെ പരിഷ്‌കരിക്കാന്‍ മാനേജ്‌മെന്റ് തയ്യറാവണം. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയാലേ ഫലപ്രദമായി മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ. അധ്യാപകര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കണം. അവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ രണ്ട് തലങ്ങളില്‍ ഒന്ന് പാഠ്യപദ്ധതിയും പാഠ്യേതര പദ്ധതികളുമാണ്. പ്രത്യേകിച്ച് പ്രവാസ ലോകത്ത് സ്‌കൂളുകളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുലോം കുറവാണ്. അത് നികത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം. മദ്‌റസകള്‍ എന്ന നിലയില്‍ അതിന് വലിയ പരിമിതികള്‍ ഉണ്ട്. അധ്യാപകര്‍ പാഠ്യപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കട്ടെ. അതിനേ അവര്‍ക്ക് സമയം ഉണ്ടാവുകയുള്ളൂ. അതേ ഫലപ്രദമാവൂ. ഇവിടെയാണ് രക്ഷിതാക്കളെ മാനേജ്മെന്റ് ഉപയോഗപ്പെടുത്തേണ്ടത്. പാഠ്യേതര പദ്ധതികള്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കാന്‍ മാനേജ്മെന്റും രക്ഷിതാക്കളും അടങ്ങിയ സമിതിയെ ഉപയോഗപ്പെടുത്തുകയും ചെയ്യുക. കലാ-കായിക രംഗത്ത് നമ്മുടെ കുട്ടികളെ കൈപിടിച്ചുയര്‍ത്താനും ഇസ്ലാമിക ചട്ടക്കൂടില്‍ അത് പരിപോഷിപ്പിക്കുവാനും ഉള്ള വേദികള്‍ ഉണ്ടാവട്ടെ.

രക്ഷിതാക്കള്‍ വ്യത്യസ്ത കഴിവുകളുള്ളവരായിരിക്കും. കൂട്ടത്തില്‍ ഒഴിവ് സമയം കൂടുതല്‍ ഉള്ളവര്‍ അവരുടെതായ പങ്ക് കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുവാന്‍ വിനിയോഗിക്കട്ടെ. മദ്‌റസ പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെടാതെ തന്നെ അതിന് സമയം കണ്ടെത്തണം.

ഭാഷാപരിജ്ഞാനം

മിക്ക മദ്‌റസകളും 'മലയാള മീഡിയം' ആണ്. പ്രവാസി വിദ്യാര്‍ഥികള്‍ക്കാകട്ടെ മലയാളം വലിയ കീറാമുട്ടിയാണ്. അത് പഠിക്കാനും പരിശീലിക്കാനും ഉള്ള അവസരം നന്നേ കുറവാണ് എന്നതാണ് പ്രധാന കാരണം. മദ്‌റസകളില്‍ നിന്നാണ് അല്‍പമെങ്കിലും മലയാളം കേള്‍ക്കാനും പഠിക്കാനും അവര്‍ക്ക് അവസരം ഉണ്ടാവുക. അതിനാല്‍ അധ്യാപകര്‍ക്ക് മലയാള ഭാഷയില്‍ പരിജ്ഞാനം അനിവാര്യമാണ്. അധ്യാപകര്‍ പറയുന്നതാണ് ശരിയായ ഭാഷ എന്ന് കരുതി അവര്‍ അത് പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യും. ഭാഷാപരിജ്ഞാനം അധ്യാപകര്‍ സ്വയം ഉണ്ടാക്കുകയോ അതില്ലെങ്കില്‍ അതിനുള്ള സാഹചര്യം മാനേജ്‌മെന്റ് ഒരുക്കിക്കൊടുക്കുകയോ ചെയ്യണം.

നാല് ഘടകങ്ങളും തങ്ങളുടെ ഭാഗധേയം നിര്‍വഹിക്കാന്‍ തയ്യാറായാല്‍ സാമൂഹിക പ്രതിബദ്ധതയും പരലോകബോധവും ഉള്ള ഒരു നല്ല തലമുറയെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കും.

നാം പരിശ്രമിക്കുക, അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍, അവനില്‍ ഭരമേല്‍പിക്കുക.

''സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും'' (ക്വുര്‍ആന്‍ 18:46).