സ്രഷ്ടാവ് സര്‍വവ്യാപിയോ?

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26

ഇസ്‌ലാം മതം സമ്പൂര്‍ണമാണ്. അതില്‍വല്ലതും കൂട്ടുവാനോ കൂറക്കുവാനോ പാടില്ല. ഏത് കാര്യത്തിലും ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാട് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കനുസരിച്ചായിരിക്കണം. അതില്‍ നിന്ന് യാതൊരു വ്യതിചലനവും പാടില്ല. മതപരമായ ഏതെങ്കിലും ഒരു കാര്യത്തില്‍ ഭിന്നത വന്നാല്‍ അതിനുള്ള പരിഹാരം അന്വേഷിക്കേണ്ടത് ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധക്വുര്‍ആനിലും തിരുസുന്നത്തിലുമായിരിക്കണം. ആ പ്രമാണങ്ങള്‍ ഒരു വിഷയത്തില്‍ ഖണ്ഡിതമായ തീരുമാനം നമുക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് സര്‍വാത്മനാ കീഴ്‌പ്പെടുകയാണ് വേണ്ടത്. വ്യക്തമായ തെളിവുകള്‍ കണ്ടിട്ടും ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് അതില്‍നിന്ന് കുതറിമാറുക എന്നത് ഒരു സത്യവിശ്വാസിയുടെ സ്വഭാവമല്ല. അല്ലാഹു പറയുന്നു:

''വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യാവസാനമുള്ളതും'' (അന്നിസാഅ്:59).

''തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞതിന് ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തു നില്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (അന്നിസാഅ്:115).

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു''(അല്‍അഹ്‌സാബ്: 36).

നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഞാന്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ച് പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല; അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയും.''

ഈ ക്വുര്‍ആന്‍ വചനങ്ങളുടെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഒരു വിശ്വാസി മനസ്സിലാക്കേണ്ടത്, ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന ഒരു കാര്യം തള്ളിക്കളയാന്‍ പാടില്ല എന്നാണ്.

വിശുദ്ധ ക്വുര്‍ആന്‍ പലവുരു ആവര്‍ത്തിച്ച് പറഞ്ഞതാണ് അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്നത്. അല്ലാഹുവിനെ ആരാധിക്കുന്നതിന് വിശുദ്ധ ക്വുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവനെ നാം മനസ്സിലാക്കണം. അല്ലാഹുവിന് സുന്ദരമായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും ഉണ്ടെന്ന് അല്ലാഹു തന്നെ വിശുദ്ധ ക്വുര്‍ആനിലുടെ നമ്മെ അറിയിച്ചിട്ടുണ്ട്. ഈ നാമവിശേഷണങ്ങളിലൊന്നും തന്നെ മറ്റാര്‍ക്കും യാതൊരു പങ്കുമില്ല. അല്ലാഹു പറയുന്നു:

 ''ആകയാല്‍ അല്ലാഹുവല്ലാതെ യതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക'' (മുഹമ്മദ്:19).

അല്ലാഹുവിനെ മനസ്സിലാക്കുന്നതില്‍ പെട്ടത് തന്നെയാണ് അവന്‍ എവിടെയാണ് എന്ന കാര്യം ഗ്രഹിക്കുന്നത്. പ്രവാചകന ﷺ ഒരാള്‍ വിശ്വാസിയാണോ അവിശ്വാസിയാണോയെന്ന് തീരുമാനിക്കുവാന്‍ ചോദിച്ചിരുന്നത് അല്ലാഹു എവിടെയാണ് എന്ന ചോദ്യമായിരുന്നു. ഇതിന് വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും ഒരുപാട് തെളിവുകള്‍ കണ്ടെത്തുവാന്‍ സാധിക്കും.

അല്ലാഹു അര്‍ശിന് മുകളില്‍

അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ടനാണെന്നാണ് ക്വുര്‍ആന്‍ സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

'''പരമ കാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു'''(ത്വാഹാ:5).

അല്ലാഹു ഉപരിലോകത്തില്‍

അല്ലാഹു ഉപരിലോകത്താണെന്നുള്ളതിന് വിശുദ്ധ ക്വുര്‍ആനില്‍ ഒരുപാട് വചനങ്ങള്‍ കാണാന്‍ സാധിക്കും.

'''ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞ് കൊണ്ടിരിക്കും'' (അല്‍മുല്‍ക്: 17).

''അതല്ല; ആകാശത്തുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?'' (അല്‍മുല്‍ക്: 18).

''അവര്‍ക്ക് മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു'' (അന്നഹ്ല്‍: 50).

ഈസാ നബി(അ)യെ അല്ലാഹു തന്നിലേക്ക് ഉയര്‍ത്തിയെന്ന് പറയുന്നു. അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ടെങ്കില്‍ എന്നിലേക്ക് ഉയര്‍ത്തിയെന്ന് പറയേണ്ടതില്ലല്ലോ. അല്ലാഹു പറയുന്നു:

''എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്'' (അന്നിസാഅ്:158).

പ്രവാചക ചര്യയിലും ഇതിന് പിന്‍ബലം നല്‍കുന്നഒരുപാട് തെളിവുകള്‍ കാണാന്‍ കഴിയുന്നതാണ്. നബി ﷺ പറയുന്നു:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; പ്രവാചകന ﷺ പറഞ്ഞു: ''എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ സത്യം; ഒരാള്‍ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് അവള്‍ അതിന് വിസമ്മതിക്കുകയാണെങ്കില്‍ ഭര്‍ത്താവ് അവളില്‍ തൃപ്തിപ്പെടുന്നത് വരെ ആകാശത്തുള്ളവന്‍ അവളില്‍ കോപിക്കുന്നതാണ്''(മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു അംറ്(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറയുന്നു: ''കരുണ കാണിക്കുന്നവരോട് പരമകാരുണികനും കാരുണ്യം കാണിക്കുന്നതാണ്. ആയതിനാല്‍ ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക; എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യം കാണിക്കുന്നതാണ്'' (തിര്‍മിദി).

മുആവിയ്യ ഇബ്‌നു ഹകമുസ്സുലമിയില്‍ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ''എനിക്ക് ആടുകളെ നോക്കുന്ന ഒരു അടിമ സ്ത്രീ ഉണ്ടായിരുന്നു. ഒരു ദിവസം ചെന്നായ ഒരു ആടിനെ പിടിക്കുകയുണ്ടായി. ഞാന്‍ ആദം സന്തതിയില്‍ പെട്ടതായത് കൊണ്ട് തന്നെ എനിക്ക് സങ്കടം വന്നു. മാത്രമല്ല ഞാനവളെ അടിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഞാന്‍ ചെയ്തത് ഒരു വലിയ പാതകമാണെന്ന് എനിക്ക് ബോധ്യമായത്. അത് കാരണത്താല്‍ ഞാന്‍ പ്രവാചകന്റെയടുത്ത് പോയി കാര്യം പറഞ്ഞു: 'അല്ലയോ തിരുദൂതരേ, ഞാനവളെ മോചിപ്പിക്കട്ടെയോ?' അപ്പോള്‍ നബി ﷺ പറഞ്ഞു: 'നീ അവളെയും കൊണ്ട് വരൂ.'' അങ്ങനെ ഞാന്‍ അവളെയും കൊണ്ട്‌വന്നു. അപ്പോള്‍ പ്രവാചകന ﷺ അവളോട് ചോദിച്ചു: 'അല്ലാഹു എവിടെയാണ്?'അവള്‍ പ്രതിവചിച്ചു: 'ആകാശത്തില്‍.'ഞാന്‍ ആരാണെന്ന് പ്രവാചകന ﷺ ചോദിച്ചു. അവള്‍ പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനാണ്.''അപ്പോള്‍ നബി ﷺ എന്നോട് പറയുകയുണ്ടായി: 'നീ അവളെ മോചിപ്പിക്കുക. അവള്‍ സത്യവിശ്വാസിനിയാണ്'' (മുസ്‌ലിം).

പ്രവാചകന ﷺ തന്റെ ആകാശാരോഹണ വേളയിലാണ് അല്ലാഹുവിനോട് സംസാരിച്ചത്. അതും അല്ലാഹു ആകാശത്താണെന്നുള്ളതിന് തെളിവാണ്.

നബി ﷺ ഇഹലോകവാസം വെടിഞ്ഞ സന്ദര്‍ഭത്തില്‍ മഹാനായ അബൂബക്ര്‍(റ) പറഞ്ഞ പ്രസിദ്ധമായ ഒരു വാക്യമുണ്ട്. അത് ഇപ്രകാരമാണ്: ''ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ അല്ലാഹു ആകാശത്ത്, മരിക്കാതെ എന്നെന്നും ജീവിക്കുന്നവനാകുന്നു'' (ദാരിമി ജഹ്മിയാക്കള്‍ക്കുള്ള മറുപടിയില്‍ സ്വഹീഹായ സനദോടുകൂടി ഉദ്ധരിച്ചത്).

ഹദീസ് പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്‌നു മുബാറകിനോട് നമ്മുടെ രക്ഷിതാവിനെ നാം എങ്ങനെ അറിയുമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി കാണുക: ''അല്ലാഹു ആകാശത്തിന് മുകളില്‍ സൃഷ്ടികളില്‍ നിന്നെല്ലാം വേറിട്ട് സിംഹാസനത്തിലാണ്.''

ഇതിന്റെ ആശയം അല്ലാഹു സൃഷ്ടികളില്‍ നിന്നെല്ലാം വേറിട്ട് തന്റെ സത്തയോടുകൂടി സിംഹാസനത്തില്‍ ഉപവിഷ്ടനാണ് എന്നാണ്. സൃഷ്ടികളില്‍ ആര്‍ക്കും തന്നെ അല്ലാഹുവിന്റെ ഉന്നതിയില്‍ സാദൃശ്യമില്ല.

നാല് മദ്ഹബിന്റെ ഇമാമുകളും മനസ്സിലാക്കിയത് അല്ലാഹു തന്റെ അര്‍ശിന് മുകളിലാണെന്നും ഉന്നതിയില്‍ ഒരു സൃഷ്ടിയും തന്നെ അല്ലാഹുവിനോട് സാദൃശ്യപ്പെടുന്നില്ലെന്നുമാണ്.

എന്നാല്‍ ചിലയാളുകള്‍ വിശുദ്ധ ക്വുര്‍ആനിലെ സൂറഃ അല്‍ഹദീദിലെ ഒരു വചനമുദ്ധരിച്ചുകൊണ്ട് അല്ലാഹു എല്ലായിടത്തുമുണ്ടെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കാറുണ്ട്. ആ വചനം കാണുക:  '

''...നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു'' (അല്‍ഹദീദ്: 4).

ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്‌സീര്‍ ഇബ്‌നു കസീറില്‍ പറയുന്നു: 'അവന്‍ നിങ്ങളെ നിരീക്ഷിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും എങ്ങനെയായിരുന്നാലും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവന്‍ കാണുന്നു.എല്ലാവരും അവന്റെ കാഴ്ചക്കും കേള്‍വിക്കും അറിവിനും വിധേയമാണ്.'

അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ട് എന്നാണ് ഈ വചനത്തിന്റെ ആശയമെങ്കില്‍ ഇസ്‌ലാം പ്രചരിപ്പിക്കുവാനും ജനങ്ങള്‍ക്ക് ജീവിച്ച് മാതൃക കാണിക്കുവാനും വേണ്ടി അല്ലാഹു നിയോഗിച്ചയച്ച നബി ﷺ അത് അങ്ങനെ പഠിപ്പിച്ച് തരുമായിരുന്നു. പ്രവാചകന്റെ ചെറുതും വലുതുമായ വാക്കുകളും പ്രവൃത്തികളുമെല്ലാം നമുക്ക് കൈമാറിയ അനുചരനമാര്‍ ഈ ആശയവും നമുക്ക് പറഞ്ഞുതരുമായിരുന്നു. എന്നാല്‍ ഒരു സ്വഹാബി പോലും അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ടെന്ന വിശ്വാസം വെച്ചുപുലര്‍ത്തിയതിന് യാതൊരു തെളിവും ലഭ്യമല്ല.

അല്ലാഹു സര്‍വ വ്യാപിയാണ് എന്നത് ഇസ്‌ലാമില്‍ നിന്നും പുറത്ത് പോയിട്ടുള്ള ജഹ്മിയാക്കളുടെ (ജഹ്മുബനു സ്വഫ്‌വാനെയും അദ്ദേഹത്തിന്റെ ആശയത്തെയും പിന്‍പറ്റുന്നവര്‍) വാദമാണ്. യഥാര്‍ഥ മുസ്‌ലിമായി ജീവിക്കുവാനും മുസ്‌ലിമായി മരിക്കുവാനും ആഗ്രഹിക്കുന്നവര്‍ വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന യഥാര്‍ഥ വിശ്വാസം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകേണ്ടതുണ്ട്. അതിനെതിരെയുള്ള വാദങ്ങള്‍ക്ക് യാതൊരു വിലയും നല്‍കുവാന്‍ പാടില്ല. അല്ലാഹുവിന്റെ ഈ വചനം കൂടി ശ്രദ്ധിക്കുക:

''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുകയും നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നത് വരെ അവര്‍ വിശ്വാസികളാവുകയില്ല'' (അന്നിസാഅ്: 65).