മുഹമ്മദ് നബി ﷺ  ത്വാഇഫിലേക്ക്

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 മാര്‍ച്ച് 30 1440 റജബ് 23

(ലോകഗുരു: മുഹമ്മദ് നബി ﷺ  ഭാഗം: 15)

അബൂത്വാലിബിന്റെ മരണത്തോടുകൂടി മുഹമ്മദ് നബി ﷺ യെ സഹായിക്കുവാനും സംരക്ഷിക്കുവാനും ആളില്ലാതായി. ഇത് മുതലെടുത്തുകൊണ്ട് ക്വുറൈശികളായ മുശ്‌രിക്കുകള്‍ നബി ﷺ യെയും അനുചരന്മാരെയും പീഡിപ്പിക്കാനും പ്രയാസപ്പെടുത്തുവാനും തുടങ്ങി. പലപ്പോഴായി അബൂബക്കര്‍(റ) നബി ﷺ യോട് ചോദിച്ചിരുന്നു; 'നമുക്ക് ഹിജ്‌റ പോയിക്കൂടേ' എന്ന്. മുഹമ്മദ് നബി ﷺ  അബൂബക്കറി(റ)ന് പോകാനുള്ള അനുവാദം കൊടുത്തു. അങ്ങനെ അദ്ദേഹം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വഴിയില്‍വെച്ച് ഇബ്‌നു ദുഗന്ന എന്ന വ്യക്തി അദ്ദേഹത്തെ കാണുകയും തിരിച്ചുപോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 'അങ്ങയെ പോലുള്ള ആളുകള്‍ ഇവിടെ നിന്ന് പുറത്ത് പോകാനും പുറത്താക്കപ്പെടാനും പാടില്ല' എന്നായിരുന്നു അയാള്‍ പറഞ്ഞത്! 'ഞാന്‍ നിനക്ക് അഭയം നല്‍കാം. അതുകൊണ്ട് മക്കയിലേക്ക് തിരിച്ചുപോകുകയും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്തുകൊള്ളുക' എന്നും അയാള്‍ പറഞ്ഞു! 

അങ്ങനെ അബൂബക്കര്‍(റ) തന്റെ വീടിന്റെ മുമ്പില്‍ ചെറിയ ഒരു പള്ളി ഉണ്ടാക്കുകയും അവിടെ വെച്ചുകൊണ്ട് ഉച്ചത്തില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ക്വുറൈശികളായ മുശ്‌രിക്കുകള്‍ അബൂബക്കറിന് അഭയം നല്‍കിയ വ്യക്തിയെ കാണുകയും പരാതി പറയുകയും ചെയ്തു. അബൂബക്കര്‍(റ) അദ്ദേഹത്തിന്റെ സംരക്ഷണം ഒഴിവാക്കുകയും എനിക്ക് അല്ലാഹുവിന്റെ സംരക്ഷണം മതി എന്നു പറഞ്ഞുകൊണ്ട് അതില്‍ തൃപ്തിപ്പെടുകയും ചെയ്തു. പ്രയാസങ്ങളും പീഡനങ്ങളും ശക്തമായപ്പോള്‍ മുഹമ്മദ് നബി ﷺ  മക്കയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് ഹിജ്‌റ പോകുവാനുള്ള കാര്യത്തെക്കുറിച്ച് ചിന്തിച്ചു. അവിടെ എത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള ആളുകളെങ്കിലും തന്നെ സ്വീകരിക്കുകയും താന്‍ പറയുന്ന ആദര്‍ശങ്ങള്‍ അംഗീകരിക്കുകയും ചെയ്‌തെങ്കിലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. മാത്രമല്ല അല്ലാഹുവിന്റെ സന്ദേശം എത്തിച്ചു കൊടുക്കുന്ന കാര്യത്തില്‍ ഏതെങ്കിലും നിലക്കുള്ള സഹായികളെ അവിടെ നിന്ന് ലഭിച്ചേക്കും എന്നും നബി ﷺ  ആശിച്ചു. അങ്ങനെയാണ് നബി ﷺ  ത്വാഇഫിലേക്ക് പുറപ്പെടുന്നത്. 

മക്കയില്‍ നിന്ന് 80 കിലോമീറ്ററോളം അകലെയുള്ള സ്ഥലമാണ് ത്വാഇഫ്. നബി ﷺ  കാല്‍നടയായി ത്വാഇഫിലേക്ക് പുറപ്പെട്ടു. സൈദുബ്‌നു ഹാരിസയും കൂടെയുണ്ടായിരുന്നു. അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുക, അതോടൊപ്പം തനിക്ക് സംരക്ഷണവും ലഭിക്കുക എന്നുള്ളതായിരുന്നു ത്വാഇഫിലേക്കുള്ള യാത്രയുടെ ലക്ഷ്യം. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ശവ്വാല്‍ മാസത്തിലെ അവസാനത്തിലായിരുന്നു ഈ യാത്ര. നബി ﷺ  ത്വാഇഫില്‍ എത്തിയതിനുശേഷം അവിടെയുള്ള ചില നേതാക്കന്മാരെയും പ്രമാണികളെയും നേരില്‍ കണ്ടു.

അബ്ദുയാലീല്‍, മസ്ഊദ്, ഹബീബ്, അംറ് ഇബ്‌നു ഉമൈര്‍ ഇബ്‌നു ഔഫ് തുടങ്ങിയവരായിരുന്നു ആ പ്രമുഖര്‍. ക്വുറൈശി ഗോത്രത്തിലെ ബനൂ ജുമഹില്‍ നിന്ന് ഇവരില്‍ ചിലര്‍ വിവാഹവും കഴിച്ചിരുന്നു. നബി ﷺ  അവരോടൊപ്പം ഇരുന്നു. അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. ഞാന്‍ കൊണ്ടുവന്ന ആദര്‍ശത്തില്‍ നിങ്ങളെന്നെ സഹായിക്കണമെന്നും എന്റെ ജനതയില്‍നിന്ന് എനിക്ക് എതിരായി നിന്ന ആളുകള്‍ക്കെതിരെ നിങ്ങള്‍ എന്നോടൊപ്പം നില്‍ക്കണമെന്നും നബി ﷺ  അവരോട് ആവശ്യപ്പെട്ടു. ഇതു കേട്ടമാത്രയില്‍ അവരിലൊരാള്‍ പറഞ്ഞു: ''നിന്നെയാണോ അല്ലാഹു പ്രവാചകനായി അയച്ചത്?'' മറ്റൊരു വ്യക്തി ചോദിച്ചു: ''നിന്നെയല്ലാതെ വേറെ ആരെയും അല്ലാഹു പ്രവാചകനാക്കാന്‍ കണ്ടില്ലേ?'' മൂന്നാമതൊരാള്‍ പറഞ്ഞു: ''അല്ലാഹുവാണ് സത്യം, ഞാന്‍ നിന്നോട് ഒരിക്കലും സംസാരിക്കുകയില്ല. കാരണം നീ പറഞ്ഞതുപോലെ അല്ലാഹുവില്‍ നിന്നുള്ള ഒരു പ്രവാചകനാണ് നീ എങ്കില്‍ നീയാണ് ഏറ്റവും വലിയ അപകടം. അതിനാല്‍ ഒന്നും സംസാരിക്കാതിരിക്കലാണ് ഏറ്റവും നല്ലത്. ഇനി അതല്ല, നീ പറയുന്നത് കളവാണെങ്കില്‍ എനിക്ക് നിന്നോട് സംസാരിക്കേണ്ട ആവശ്യവുമില്ല.'' 

മുഹമ്മദ് നബി ﷺ  അവിടെനിന്നും എഴുന്നേറ്റുപോയി. സഖീഫ് ഗോത്രത്തില്‍നിന്നും ഗുണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരാശ മാത്രം ബാക്കിയായി. നബി ﷺ  അവരോട് പറഞ്ഞു: ''നിങ്ങളുടെ സമീപനം ഇതാണ് എങ്കിലും എന്നെക്കുറിച്ച് നിങ്ങള്‍ ആരോടും പറയരുത്. എന്റെ കാര്യം നിങ്ങള്‍ മറച്ചുവെക്കണം.'' 

മുഹമ്മദ് നബി ﷺ  താഇഫിലേക്ക് വന്ന വിവരം തന്റെ ജനത അറിയുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല. താഇഫിലെ ആളുകള്‍ മുഹമ്മദ് നബിക്കെതിരെ അന്നാട്ടിലെ വിവരമില്ലാത്ത ആളുകളെ തിരിച്ചുവിട്ടു. കുട്ടികളടക്കമുള്ളവര്‍ അസഭ്യങ്ങള്‍ പറഞ്ഞും ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കിയും നബിയുടെ പിറകെ കൂടി. ശബ്ദകോലാഹലങ്ങള്‍ കേട്ട് ജനങ്ങളെല്ലാം ഒരുമിച്ചുകൂടി. അവരെല്ലാവരും കൂടി മുഹമ്മദ് നബി ﷺ യെ ഒരു തോട്ടത്തിലേക്ക് ആക്കി. ഉതുബ, ശൈബ തുടങ്ങിയവരും അതിലുണ്ടായിരുന്നു. നബി ﷺ  അവരില്‍ നിന്നും മാറി ഒരു വലിയ മുന്തിരിവള്ളിയുടെ താഴേക്ക് നീങ്ങി. അവിടെ ഇരുന്നു. ഉത്ബയും ശൈബയും ത്വാഇഫുകാര്‍ ചെയ്യുന്ന കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. അല്‍പ സമയങ്ങള്‍ക്ക് ശേഷം നബി ﷺ ക്ക് ആശ്വാസം ലഭിച്ചപ്പോള്‍ തന്റെ റബ്ബിലേക്ക് തിരിഞ്ഞുകൊണ്ട് ഇപ്രകാരം പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, എന്റെ കഴിവില്ലായ്മ ഞാന്‍ നിന്നിലേക്ക് പരാതി പറയുകയാണ്. എനിക്ക് തന്ത്രങ്ങള്‍ കുറവാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ നിസ്സാരനാണ്. പരമകാരുണികനായ അല്ലാഹുവേ, നീ ദുര്‍ബലരുടെ റബ്ബാണ്. ആരിലേക്കാണ് നീ എന്നെ ഏല്‍പിക്കുന്നത്? എന്നെ അകറ്റിക്കളയുന്ന വിദൂരത്തുള്ളവരിലേക്കോ? എന്റെ കാര്യങ്ങള്‍ ഉടമപ്പെടുത്തുന്ന ശത്രുവിലേക്കോ? അല്ലാഹുവേ, നിനക്ക് എന്നോട് കോപം ഇല്ലെങ്കില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല. നീ നല്‍കുന്ന സൗഖ്യമാണ് എനിക്ക് ഏറ്റവും വിശാലമായിട്ടുള്ളത്. അല്ലാഹുവേ, നിന്റെ കോപം എന്നില്‍ ഇറങ്ങുന്നതിനെ തൊട്ട് നിന്റെ വദനത്തിന്റെ പ്രകാശം കൊണ്ട് ഞാന്‍ നിന്നോട് അഭയം തേടുന്നു. ആ പ്രകാശം കൊണ്ടാണ് ഇരുട്ടുകള്‍ പ്രകാശിക്കുന്നത്. ഇഹലോകത്തിന്റെയും പരലോകത്തും കാര്യങ്ങള്‍ നന്നായിത്തീരുന്നത്. നിന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവും ഇല്ല.''

മുഹമ്മദ് നബി ﷺ യുടെ പ്രയാസവും അവസ്ഥയും കണ്ടപ്പോള്‍ ഉത്ബ, ശൈബ എന്നിവര്‍ക്ക് അല്‍പം അലിവു തോന്നി. അവര്‍ തങ്ങളുടെ നസ്രാണി ഭൃത്യനായ അദ്ദാസിനെ നബിയുടെ അടുക്കലേക്കയച്ചു. അല്‍പം മുന്തിരിയും കൂടെ കൊടുത്തയച്ചു. അദ്ദാസ് അവര്‍ പറഞ്ഞതു പോലെ ചെയ്തു. നബിയുടെ മുമ്പില്‍ മുന്തിരി വെച്ച് കൊടുത്തപ്പോള്‍ നബി ﷺ  തന്റെ കൈ അതില്‍ വെച്ചുകൊണ്ട് പറഞ്ഞു: 'ബിസ്മില്ലാഹ്.' ശേഷം അത് ഭക്ഷിക്കുകയും ചെയ്തു. നബി ﷺ യുടെ മുഖത്തേക്ക് തന്നെ നോക്കി ക്കൊണ്ടിരിക്കുകയാണ് അദ്ദാസ്. ഈ നാട്ടുകാരാരും ഇങ്ങനെ ഒരു വചനം പറയാറില്ലല്ലോ എന്നാണദ്ദേഹം പറഞ്ഞത്. അപ്പോള്‍ നബി ﷺ  ചോദിച്ചു: 'നീ ഏത് നാട്ടുകാരനാണ്?' അദ്ദാസ് പറഞ്ഞു: 'ഞാന്‍ നീനവ പ്രദേശത്തു കാരനാണ്.' അപ്പോള്‍ നബി ﷺ  അദ്ദാസിനോടു പറഞ്ഞു: 'യൂനുസ് ഇബ്‌നു മത്തായി എന്ന നല്ല വ്യക്തിയുടെ നാട്ടുകാരനാണോ നീ?' അദ്ദാസ് ചോദിച്ചു: 'യൂനുസ് ഇബ്‌നു മത്തായിയെ കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'അദ്ദേഹം എന്റെ സഹോദരനാണ്. അദ്ദേഹം ഒരു നബിയായിരുന്നു. ഞാനുമൊരു നബിയാണ്.' ഇതുകേട്ട് അദ്ദാസ് മുഹമ്മദ് നബി ﷺ യുടെ കൈയും തലയും കാലും ചുംബിക്കാന്‍ തുടങ്ങി. ഇത് കണ്ട് ഉത്ബത്തും ശൈബത്തും പരസ്പരം പറഞ്ഞു: 'നമ്മുടെ ഭൃത്യന്‍ നശിച്ചു എന്നാണ് തോന്നുന്നത്.' അദ്ദാസ് തിരിച്ചു വന്നപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലയോ അദ്ദാസ്, നിനക്ക് നാശം! എന്തിനാണ് നീ ആ വ്യക്തിയുടെ കൈയും തലയും ചുംബിച്ചത്? അപ്പോള്‍ അദ്ദാസ് പറഞ്ഞു: 'ഭൂമിയില്‍ അദ്ദേഹത്തോളം നല്ല മനുഷ്യന്‍ വേറെയില്ല. അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. നബിമാര്‍ക്കല്ലാതെ മറ്റാര്‍ക്കും അതറിയില്ല.' അപ്പോള്‍ അവര്‍ പറഞ്ഞു: 'നിനക്ക് നാശം! നിന്റെ മതത്തില്‍ നിന്നും അവന്‍ നിന്നെ തെറ്റിച്ചു കളയാതിരിക്കട്ടെ. നിന്റെ മതം അവന്റെ മതത്തെക്കാള്‍ നല്ല മതമാണ്.' 

മുഹമ്മദ് നബി ﷺ  ദുഃഖിതനായിക്കൊണ്ട് ത്വാഇഫില്‍ നിന്നും മടങ്ങി. മിനായുടെ സമീപത്തുള്ള മലമ്പ്രദേശമായ ക്വറ്‌നുസ്സആലിബ് എന്ന സ്ഥലത്ത് വെച്ചാണ് ശരിയാംവണ്ണം നബിക്ക് ബോധം തെളിഞ്ഞത്. ത്വാഇഫില്‍ ഉണ്ടായ ഈ അനുഭവത്തെ സംബന്ധിച്ചാണ് നബി ﷺ  ആഇശ(റ)യോട് തനിക്ക് ഉഹ്ദില്‍ ഉണ്ടായതിനെക്കാള്‍ പ്രയാസകരമായ ഘട്ടം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നു പറഞ്ഞത്. 

ഇവിടേക്കാണ് അല്ലാഹു നിയോഗിച്ച മലകളുടെ മലക്ക് കടന്നുവന്നതും 'പ്രവാചകരേ, താങ്കള്‍ കല്‍പിക്കുന്ന പക്ഷം ഈ മലകളെ അവര്‍ക്കു മുകളില്‍ മറിച്ചിട്ടുകൊണ്ട് അവരെയെല്ലാം നശിപ്പിക്കാം' എന്നും പറഞ്ഞത്. പക്ഷേ, നബി ﷺ  അതിനു സമ്മതിച്ചില്ല. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാത്ത ഒരു വിഭാഗം ആളുകള്‍ ഇവരുടെ തലമുറയില്‍ നിന്നെങ്കിലും വളര്‍ന്നു വരുമല്ലോ എന്ന പ്രത്യാശയായിരുന്നു നബിക്കുണ്ടായിരുന്നത്. (ബുഖാരി: 3231. മുസ്‌ലിം: 1795).

ആ രാത്രിയില്‍ നബി ﷺ  നമസ്‌കരിക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ ജിന്നുകളില്‍ പെട്ട ഒരു വിഭാഗത്തെ അല്ലാഹു അങ്ങോട്ടയച്ചു. മുഹമ്മദ് നബി ﷺ യുടെ 

ക്വുര്‍ആന്‍ പാരായണം അവര്‍ കേട്ടു. നബിയാകട്ടെ അവരെക്കുറിച്ച് ഒന്നും അറിഞ്ഞതുമില്ല. അങ്ങനെയാണ് അല്ലാഹു ഈ വചനം അവതരിപ്പിച്ചു കൊടുക്കുന്നത്:

''ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും   അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു'' (അല്‍അഹ്ക്വാഫ്: 29-32). 

മുഹമ്മദ് നബി ﷺ  മക്കയിലേക്ക് മടങ്ങി. ക്വുറൈശികള്‍ നബിക്കെതിരെ ആദ്യം ഉള്ളതിനെക്കാള്‍ കൂടുതല്‍ ശത്രുതയിലും അകല്‍ച്ചയിലും ആയിരുന്നു. മക്കയിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ സൈദുബ്‌നു ഹാരിസ പറഞ്ഞു: 'പ്രവാചകരേ, നിങ്ങളെങ്ങനെ അങ്ങോട്ട് പ്രവേശിക്കും? താങ്കളെ അവിടെ നിന്നും പുറത്താക്കിയതല്ലേ?' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'അല്ലാഹു ഒരു മാര്‍ഗം കാണിക്കുക തന്നെ ചെയ്യും. അവന്‍ എന്നെ സഹായിക്കുക തന്നെ ചെയ്യും. തന്റെ പ്രവാചകനെ അവന്‍ ബലപ്പെടുത്തുക തന്നെ ചെയ്യും.' 

മുഹമ്മദ് നബി ﷺ  ഹിറാഗുഹയുള്ള പര്‍വതത്തിലേക്ക് പോകുകയാണ്. അപ്പോള്‍ ഖുസാഅ ഗോത്രത്തില്‍ നിന്നുള്ള അബ്ദുല്ലാഹിബ്‌നു ഉറൈക്വിത് എന്ന വ്യക്തിയെ അഖ്‌നസ് ഇബ്‌നു ശുറൈഖിലേക്ക് അയച്ചു. മുഹമ്മദ് നബി ﷺ ക്ക് അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അയച്ചത്. പക്ഷേ, അയാള്‍ അത് വിസമ്മതിച്ചു. അഭയം നല്‍കാന്‍ തയ്യാറായില്ല. ശേഷം സുഹൈല്‍ ഇബ്‌നു അംറിലേക്കും അഭയം ചോദിച്ചുകൊണ്ട് ആളെ അയച്ചു. പക്ഷേ, അയാളും വിസമ്മതിച്ചു. അതിനുശേഷം മുത്ഇമുബ്‌നു അദ്യ്യിലേക്ക് അഭയം ചോദിച്ചു കൊണ്ട് ആളെ അയച്ചു. മുത്ഇം പറഞ്ഞു: 'ഞാന്‍ അഭയം നല്‍കാം.' അബ്ദുല്ലാഹിബ്‌നു ഉറൈക്വിതിനോട് ഈ വിവരം നബിയെ അറിയിക്കുവാനും പറഞ്ഞു. മുത്ഇം പ്രവാചകന്റെ അടുക്കലേക്ക് മടങ്ങിച്ചെന്നു. അന്ന് രാത്രി പ്രവാചകന്റെ കൂടെ കഴിച്ചു കൂട്ടി. നേരം പുലര്‍ന്നപ്പോള്‍ മുത്ഇം തന്റെ ആയുധം ധരിച്ചു. തന്റെ കൂടെ ആറോ ഏഴോ മക്കളെയും കൂട്ടി. അവര്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചു. നബി ﷺ യോട് പറഞ്ഞു: 'നിങ്ങള്‍ ത്വവാഫ് ചെയ്തുകൊള്ളുക.' മക്കളോട് കഅ്ബയുടെ ഓരോ മൂലകളില്‍ പ്രവാചകനെ സംരക്ഷിക്കുവാന്‍ വേണ്ടി നില്‍ക്കുവാനും പറഞ്ഞു. അബൂസുഫ്‌യാന്‍ മുത്ഇമിന്റെ അടുത്ത് വന്നുകൊണ്ട് ചോദിച്ചു: 'അല്ല, നീ മുഹമ്മദിന് അഭയം നല്‍കിയിരിക്കുകയാണോ? അതോ മുഹമ്മദിന്റെ കൂടെ കൂടിയിരിക്കുകയാണോ?' മുത്ഇം പറഞ്ഞു: 'ഇല്ല, ഞാന്‍ മുഹമ്മദിന് അഭയം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്.' അപ്പോള്‍ അബൂസുഫ്‌യാന്‍ പറഞ്ഞു: 'എങ്കില്‍ ഞങ്ങള്‍ താങ്കളെ ആക്ഷേപിക്കുന്നില്ല. താങ്കള്‍ അഭയം കൊടുത്ത വ്യക്തിക്ക് ഞങ്ങളും അഭയം കൊടുത്തിരിക്കുന്നു.' ഈ ഒരു സഹായം മുഹമ്മദ് നബി ﷺ  ഒരിക്കലും മറന്നില്ല. ബദ്ര്‍ യുദ്ധവേളയില്‍ ബന്ധികള്‍ പിടിക്കപ്പെട്ടപ്പോള്‍ നബി ﷺ  പറഞ്ഞു: 'ബന്ധികളുടെ കൂട്ടത്തില്‍ മുത്ഇം ഉണ്ടെങ്കില്‍ ആര്‍ക്കുവേണ്ടിയാണോ സംസാരിക്കുന്നത് അയാളെ ഞാന്‍ വെറുത വിടും.' (ബുഖാരി: 1139).

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന ഒരു വ്യക്തിയുടെ ലക്ഷ്യം ജനങ്ങളുടെ സന്മാര്‍ഗം മാത്രമായിരിക്കും. അവര്‍ക്ക് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കല്‍ മാത്രമായിരിക്കും. ലോകത്തിന് മുഴുവന്‍ കാരുണ്യമായിക്കൊണ്ടാണ് അല്ലാഹു മുഹമ്മദ് നബ(സ്വ)ിയെ നിയോഗിച്ചിട്ടുള്ളത്. അത് എല്ലാ കാലത്തേക്കും എല്ലാ രാജ്യത്തിലേക്കും ഉള്ളതാണ്. ഒരു നാട്ടുകാര്‍ ആ പ്രവാചകനില്‍ വിശ്വസിച്ചില്ലെങ്കില്‍ മറ്റൊരു നാട്ടുകാരിലേക്ക് അദ്ദേഹം പോകും. ഒരു വ്യക്തി ഇസ്‌ലാമിനെ വിസമ്മതിച്ചാല്‍ മറ്റൊരു വ്യക്തിയിലേക്ക് ആ പ്രവാചകന്‍ പോകും. വലിയവര്‍ സ്വീകരിച്ചില്ലെങ്കില്‍ ചെറിയവരിലേക്ക് ആ പ്രവാചകന്‍ പോകും.

''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (അല്‍അമ്പിയാഅ് 107).