നോമ്പോര്‍മയുടെ ലോകാനുഭവങ്ങള്‍

ഷാമില തിരുതാലമ്മല്‍ സൗത്ത് കൊറിയ

2019 മെയ് 25 1440 റമദാന്‍ 20

(ഭാഗം: 2)


സൗത്ത് കൊറിയ

-ഡോ. റിയാസ് ചെറുവാടി

മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രമാണ് സൗത്ത് കൊറിയ. ഏകദേശം ഒന്നര ലക്ഷം മുസ്‌ലിംകളാണ് ഇവിടെയുള്ളത്. എന്നാല്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലിയാവശ്യാര്‍ഥം വന്ന മുസ്‌ലിംകള്‍ ധാരാളമുണ്ട്. മുസ്‌ലിംകളുടെ ഒരു പൊതു സംവിധാനമാണ് 'കൊറിയന്‍ മുസ്‌ലിം ഫെഡറേഷന്‍.' ഇതിനു കീഴില്‍ 9 ജുമുഅ മസ്ജിദുകളാണ് കൊറിയയില്‍ ആകെയുള്ളത്. എന്നാല്‍ നമസ്‌കാര പള്ളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമുക്ക് കാണാം. മതപരമായ പഠന സംവിധാനങ്ങള്‍ക്കും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഒക്കെയായി 4 ഇസ്‌ലാമിക് സെന്ററുകള്‍ ഈ ഫെഡറേഷനു കീഴിലുണ്ട്.

ഒരു ജുമുഅ മസ്ജിദ് ബുസാന്‍ ടൗണിനോടനുബന്ധിച്ച് ഡുസില്‍ എന്ന സ്ഥലത്തുണ്ട്. അവിടെയാണ് ഈ പ്രദേശവാസികള്‍ നമസ്‌കാരത്തിനും റമദാനില്‍ തറാവീഹിനുമൊക്കെ പോകാറുള്ളത്. ഇവിടെ താരതമ്യേന പകലിന് ദൈര്‍ഘ്യം കൂടുതലാണ്. ഇപ്പോള്‍ രാവിലെ 3.30ന് സ്വുബ്ഹി. മഗ്‌രിബ് 7.30ന്. എന്നാല്‍ കാലാവസ്ഥ അനുകൂലമായതുകൊണ്ട് പ്രയാസം അനുഭവപ്പെടാറില്ല. ഇഫ്താറിനായി പള്ളിയിലാണ് ഒരുക്കങ്ങള്‍ നടത്താറ്. സൗജന്യമായി ആവശ്യാനുസരണം ഭക്ഷണവിഭവങ്ങള്‍ ലഭിക്കും. ശേഷം പള്ളിയിലെ തറാവീഹ് നമസ്‌കാരവും കഴിഞ്ഞിട്ടാണ് മിക്കവാറും ആളുകള്‍ പിരിഞ്ഞു പോകാറുള്ളത്.

ക്വുര്‍ആന്‍ പഠന ക്ലാസുകള്‍ ഉണ്ടാവാറുണ്ട്. ഇവിടെ നമസ്‌കാരത്തിനും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നതിനുവേണ്ടി സൗദിയില്‍ നിന്നുംമറ്റുമുള്ള പണ്ഡിതന്മാരാണ് റമദാന്‍ മാസത്തില്‍ എത്താറുള്ളത്. തറാവീഹ് 11 റക്അത്ത് തന്നെയാണ് നമസ്‌കരിക്കാറുള്ളത്. പള്ളികളോട് അനുബന്ധിച്ചുള്ള പരിപാടികള്‍ കൊറിയന്‍ മുസ്‌ലിം ഫെഡറേഷന്റെ കീഴില്‍ നടത്താറുണ്ട്. കെ.എം.എഫിന്റെ കീഴില്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ ഉണ്ട്. ഇവര്‍ ചില ഒഴിവു ദിവസങ്ങളില്‍ സ്ട്രീറ്റ് ദഅ്‌വ പോലുള്ള പരിപാടികള്‍ നടത്താറുണ്ട്. വിദേശത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ സഹകരണത്തോടുകൂടിയാണ് ഇത്തരം പരിപാടികള്‍ നടത്തിവരാറുള്ളത്. ഇതൊക്കെ നിയന്ത്രിക്കുന്നതും നേതൃത്വം നല്‍കുന്നതും കെ.എം.എഫ് ആണ്. 1965ലാണ് കെ.എം.എഫ് സ്ഥാപിതമായത്.

ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അറബികള്‍ കച്ചവട ആവശ്യത്തിനായി കൊറിയയില്‍ വന്നിട്ടുണ്ടെന്ന് ചരിത്രത്തില്‍ കാണാം. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തുര്‍ക്കിയില്‍ നിന്ന് കൂടുതല്‍ മുസ്‌ലിംകള്‍ എത്തിയതോടെയാണ് മതപരമായ ചടങ്ങുകള്‍ അനുവര്‍ത്തിച്ചു തുടങ്ങിയത്. 1945ലെ കൊറിയന്‍ യുദ്ധ സമയത്ത് തുര്‍ക്കിയിലെ പട്ടാളക്കാരാണ് ടെന്റില്‍ നമസ്‌കാരത്തിനുള്ള സംവിധാനം ഒരുക്കിയത്. പിന്നീട് അത് വികസിച്ചു വന്നിട്ടാണ് ഒരു പള്ളി സോളില്‍ സ്ഥാപിതമായത്. ഒരു തുര്‍ക്കി ഇമാമിന്റെ കീഴിലാണ് പള്ളി സ്ഥാപിതമായത്. അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തന ഫലമായി കൊറിയയില്‍ നിന്നുള്ള ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അതില്‍ നിന്ന് കൊറിയന്‍ ഇസ്‌ലാമിക് സൊസൈറ്റി രൂപീകൃതമായി. പിന്നീട് വന്ന ഇമാം സുബൈര്‍ കൊച്ചിന്റെ നേതൃത്വത്തില്‍ നടന്ന ദഅ്‌വാ പരിപാടികളുടെ ഫലമായി 1957 കാലത്ത് 200ല്‍ പരം കൊറിയക്കാര്‍ ഇസ്‌ലാം സ്വീകരിച്ചു.

1959ല്‍ കെ. ഐ.എസ് പ്രസിഡന്റ് സൗദി, മലേഷ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മുസ്‌ലിംകളുടെ ആവശ്യങ്ങള്‍ അവരെ അറിയിച്ചു. ആ കാലഘട്ടത്തില്‍ അദ്ദേഹം ഹജ്ജ് ചെയ്യുകയും കൊറിയയിലെ ആദ്യത്തെ ഹാജിയായി അറിയപ്പെടുകയും ചെയ്തു. ഇതിനിടെ കൊറിയന്‍ വിദ്യാര്‍ഥികള്‍ മറ്റു രാജ്യങ്ങളിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റികൡ എത്തുകയും ഇസ്‌ലാം മതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും തല്‍ഫലമായി നാട്ടില്‍ ഇസ്‌ലാം ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിക്കുകയും ചെയ്തു. അങ്ങനെ 1965ല്‍ കെ.എം.എഫ് രൂപീകൃതമായി. 1976 മെയ് 1 ന് ആദ്യത്തെ ജുമുഅ മസ്ജിദ് സോളില്‍ സ്ഥാപിതമായി. അതാണ് സോള്‍ സെന്‍ട്രല്‍ ജുമുഅ മസ്ജിദ്.

1978ല്‍ ബൂസാനിലെ അല്‍ഫത്താഹ് മസ്ജിദ് സ്ഥാപിതമായി. പെരുന്നാളിന് ഈ പള്ളിയിലും പള്ളിയോട് അനുബന്ധിച്ചുള്ള ഗ്രൗണ്ടിലുമാണ് നമസ്‌കാരം നടക്കാറുള്ളത്. പെരുന്നാളിന് എല്ലാ മുസ്‌ലിംകളും പള്ളിയില്‍ ഒരുമിച്ചുകൂടി സന്തോഷം പങ്കുവയ്ക്കും.


കാനഡ

-നൂറുദ്ദീന്‍, ടൊറണ്ടോ

ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള രാജ്യം. വലിപ്പത്തില്‍ അമേരിക്കയെക്കാള്‍ ഉണ്ടെങ്കിലും ജനവാസം കുറവ്. ആര്‍ട്ടിക് പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ മിക്ക ഭാഗവും മഞ്ഞുമുടി ജനവാസയോഗ്യമല്ലാത്തത്. ഇതാണ് കാനഡ!

ഇവിടെ വേനലിലാണ് റമദാന്‍. 4 മണി മുതല്‍ 9 മണിവരെ (17 മണിക്കൂര്‍) നീണ്ട നോമ്പ്. ശൈത്യ കാലത്ത് പകലിന്റെ ദൈര്‍ഘ്യം കുറവാണ്.

ദീര്‍ഘമായ വ്രതനാളുകളാണെങ്കിലും നോമ്പിനോട് ഈ ജനത നീതിയും സഹിഷ്ണുതയും പുലര്‍ത്തുന്നു. നോമ്പിന്റെ മഹത്ത്വം മനസ്സിലാക്കി ഇസ്‌ലാമിലേക്ക് ഒരുപാട് വിദേശികള്‍ കടന്നുവരുന്നുണ്ട്. ഒരു വീട്ടില്‍ തന്നെ വ്യത്യസ്ത മതസ്ഥര്‍ക്കു ജീവിക്കാം. മതവും വിശ്വാസവും അവരവരുടെ വ്യക്തി ജീവിതത്തിലെ കാര്യമായിട്ടാണ് സമൂഹം വിലയിരുത്തുന്നത്. അതുകൊണ്ട് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും മതാചാരങ്ങള്‍ അനുവര്‍ത്തിക്കുന്നതിനും യാതൊരു വിധ വിഘ്‌നവും നേരിടേണ്ടി വരുന്നില്ല.

പള്ളികളില്‍ സജീവമായ നോമ്പുതുറ ഉണ്ടാവാറുണ്ട്. കുടിയേറിയ മുസ്‌ലിംകളാണ് സംഘാടകര്‍. ടൊറണ്ടോയില്‍ മാത്രം 5 വര്‍ഷം കൊണ്ട് ജനസംഖ്യയില്‍ 25% മുസ്‌ലിംകളാവും എന്ന നിരീക്ഷണം  ഉണ്ട്. കാരണം മുസ്‌ലിംകളുടെ സുദൃഢവും സുരക്ഷിതവുമായ കുടുംബ ജീവിതം തന്നെ. ഇവിടെ തദ്ദേശീയര്‍ക്ക്  കുടുംബ ജീവിതം പരിചിതമല്ല. അവര്‍ക്കുള്ളത് ശിഥിലമായ കുടുംബ ബന്ധങ്ങളാണ്. ഖുത്വുബകളിലും മോറല്‍ ക്ലാസു കളിലും അന്യമതസ്ഥരും രാഷ്ട്രീയക്കാരുമായ ഗവണ്‍മെന്റ് പ്രതിനിധികള്‍ വളരെ സന്തോഷത്തോടെ പങ്കെടുക്കാറുണ്ട്. ഈദ്ഗാഹുകളിലും ഫാമിലിമീറ്റുകളിലും വലിയ പരിപാടികളിലുമൊക്കെ ആശംസയര്‍പ്പിക്കാനും സാമ്പത്തിക സഹായങ്ങള്‍ നല്‍കാനും ഇവരെത്താറുണ്ട്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രാര്‍ഥനയും സന്തോഷവും സ്‌നേഹം പങ്കിടലുമൊക്കെ ഇവിടത്തെ കാഴ്ചയാണ്.


ഇറ്റലി

-നിയാസ്, കോമോ

ചരിത്ര പൈതൃകം കാത്തുസൂക്ഷിക്കുന്ന, പ്രകൃതിരമണീയമായ രാജ്യമാണ് ഇറ്റലി. രണ്ടാം ലോക മഹായുദ്ധത്തിലെ തോല്‍വി മൂലം അസ്ഥിരമായ ഭരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. ശരാശരി 6 മാസമാണ് ഒരു ജനകീയ സര്‍ക്കാര്‍ നിലനിന്നത്. മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു ഭരണം. എന്നിരുന്നാലും സമ്പുഷ്ടമായ പ്രകൃതിസമ്പത്തും കഠിനാധ്വാനികളായ ജനങ്ങളും കൂടി ഒത്തൊരുമിച്ചപ്പോള്‍ ഇറ്റലി വളരെ മികവുറ്റ ഒരു വ്യാവസായിക രാജ്യമായി മാറി. കൃഷിയിലും മത്സ്യസമ്പത്തിലും അധിഷ്ഠിതമായിരുന്ന സാമ്പത്തിക അവസ്ഥ സാവധാനം വ്യാവസായിക അടിസ്ഥാനത്തിലേക്ക് മാറിയതോടെ ലോകത്തിലെ 4ാമത്തെ ഓട്ടോമൊബൈല്‍ വ്യവസായ രാഷ്ട്രമായി ഇറ്റലി മാറി.

ഇറ്റലിയിലെ വടക്കന്‍ പ്രവിശ്യയായ 'കോമോ'യിലാണ് ഞാന്‍ പഠിക്കുന്ന സ്ഥാപനം. ഇവിടെ അന്യമതസ്ഥരാണ് കൂടുതല്‍. മുസ്‌ലിംകള്‍ വളരെ കുറവ്. മൈക്കിലൂടെ ബാങ്ക് വിളിക്കാന്‍ നിയമം അനുവദിക്കുന്നില്ല. താമസം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സംസ്‌കാരങ്ങളുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഒരു ഇന്റര്‍ നാഷണല്‍ േഹാസ്റ്റലിലാണ്. മൊബൈല്‍ ആപ്പ് വഴിയാണ് നമസ്‌കാര സമയം അറിയുന്നത്. വേനലില്‍ പകലിന്റെ ദൈര്‍ഘ്യം കൂടുതലാണ്. ഒരു ദിവസം പതിനെട്ട് മണിക്കൂറിലേറെ നോമ്പ് നോല്‍ക്കേണ്ടി വരും! സ്വുബ്ഹി 3 മണിക്കാണ്. സൂര്യോദയം 5.30ന്. അസ്തമയമാകട്ടെ 9.15നും!

നോമ്പുതുറക്കാന്‍ സൗഹാര്‍ദപൂര്‍വം നാനാരാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം സുഹൃത്തുക്കളുണ്ടാകും. പാചകം സ്വയം തന്നെ. നോമ്പിനായി പ്രത്യേക വിഭവം ഒന്നുമില്ല; എന്നത്തെയും പോലെ തന്നെ. തൈര് അവിഭാജ്യഘടകം. വിഭവങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം പങ്കുവെക്കാറുണ്ട്. ടര്‍ക്കിഷ് പളളിയാണ് അടുത്തുള്ളത്. സാധാരണ മൂന്ന്‌നില കെട്ടിടം. മിനാരമില്ല. ഖുതുബ ടര്‍ക്കിഷ് ഭാഷയില്‍. അന്യമതസ്ഥര്‍ക്കെല്ലാം സൗഹാര്‍ദപരമായ സമീപനമാണ്. ത്യാഗികളായ നോമ്പുകാരോട് അവര്‍ക്ക് ബഹുമാനമാണ്. എല്ലാവിധ  പിന്തുണയും നല്‍കും. തദ്ദേശീയര്‍ നോമ്പു നോല്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് കാണാം.