ക്വുറൈശികള്‍ ബദ്‌റില്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 31)

നബി ﷺ  സൈന്യത്തെ ക്രമീകരിച്ചു തുടങ്ങി. പ്രധാന കൊടി മിസ്അബ് ഇബ്‌നു ഉമൈറി(റ)ന്റെ കയ്യില്‍ കൊടുത്തു. വെള്ളനിറത്തിലുള്ള കൊടിയായിരുന്നു അത്. സൈന്യത്തെ പ്രധാനമായും രണ്ടു വിഭാഗമാക്കി തിരിച്ചു; മുഹാജിറുകളുടെ സംഘവും അന്‍സ്വാറുകളുടെ സംഘവും. മുഹാജിറുകളുടെ കൊടി അലിയ്യുബ്‌നു അബീത്വാലിബി(റ)ന്റെ കയ്യിലും അന്‍സ്വാറുകളുടെ കൊടി സഅ്ദ് ഇബ്‌നു മുആദി(റ)ന്റെ കയ്യിലും നല്‍കുകയുണ്ടായി. വലതുഭാഗത്ത് നിര്‍ത്തിയ ആളുകളുടെ നേതൃത്വം സുബൈര്‍ ഇബ്‌നു അവ്വാമി(റ)നെയും ഇടതു ഭാഗത്ത് നിര്‍ത്തിയ ആളുകളുടെ നേതൃത്വം മിക്വ്ദാദുബ്‌നു അംറി(റ)നെയും ഏല്‍പിച്ചു. സൈന്യത്തിന്റെ പിന്‍ഭാഗത്ത് ഖൈസ് ഇബ്‌നു അബീസ്വഅ്‌സ്വഅത്(റ) ആയിരുന്നു നിശ്ചയിക്കപ്പെട്ടത്. തന്റെ അനുചരന്‍മാരുടെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കിയ നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, അവര്‍ നഗ്‌നപാദരാണ്; അവരെ ധരിപ്പിക്കേണമേ. അല്ലാഹുവേ, അവര്‍ നഗ്‌നരാണ്; അവരെ വസ്ത്രം ധരിപ്പിക്കേണമേ. അല്ലാഹുവേ, അവര്‍ വിശക്കുന്നവരാണ്; അവര്‍ക്ക് നീ ഭക്ഷണം നല്‍കേണമേ.'' നബി ﷺ യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. അല്ലാഹു അവര്‍ക്ക് ബദ്‌റില്‍ വിജയം നല്‍കി. അവര്‍ക്ക് വസ്ത്രം നല്‍കപ്പെട്ടു. ഗനീമത്ത് (യുദ്ധാര്‍ജിത) സ്വത്ത് ധാരാളമായി ലഭിച്ചു. ഒന്നും രണ്ടും ഒട്ടകങ്ങളില്‍ ചുമക്കാവുന്ന അത്രയും സമ്പത്ത് അവര്‍ക്ക് ലഭിക്കുകയുണ്ടായി.

''നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്...'' (ക്വുര്‍ആന്‍ 2:186).

സൈന്യത്തെ ക്രമീകരിച്ചതിനുശേഷം നബി ﷺ  തന്റെ അനുചരന്മാരോട് നോമ്പുതുറക്കാന്‍ ആവശ്യപ്പെട്ടു. യുദ്ധം ചെയ്യുവാനും മുന്നോട്ടു നീങ്ങുവാനുമുള്ള കഴിവ് അവര്‍ക്ക് ഉണ്ടാകേണ്ടതുണ്ടല്ലോ. നബി ﷺ  അവര്‍ക്ക് ആവശ്യമായ പ്രേരണയും പ്രോത്സാഹനവും നല്‍കിക്കൊണ്ടിരുന്നു. 'ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്ക് നിങ്ങള്‍ എഴുന്നേറ്റുവരൂ' എന്ന് അവരോട് നബി ﷺ  പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഉമൈര്‍ ഇബ്‌നു ഹുമാം അല്‍അന്‍സ്വാരി(റ) നബി ﷺ യോട് ചോദിച്ചു: ''അല്ലാഹുവിന്റെ പ്രവാചകരേ, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗമോ?' നബി ﷺ  പറഞ്ഞു: 'അതെ.' നബി ﷺ യുടെ ഈ വാക്കിനെ ഇഷ്ടപ്പെട്ടതായി അറിയിച്ചു കൊണ്ട് അദ്ദേഹം ഒരു ശബ്ദം ഉണ്ടാക്കി. നബി ﷺ  ചോദിച്ചു: 'എന്താണ് നീ ശബ്ദമുണ്ടാക്കാന്‍ കാരണം?' അദ്ദേഹം പറഞ്ഞു: 'ഒന്നുമില്ല റസൂലേ, ഞാനാ സ്വര്‍ഗത്തിലെ വക്താവാകുവാന്‍ ആഗ്രഹിക്കുന്നു.' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'നീ സ്വര്‍ഗക്കാരനാണ്.' അപ്പോള്‍ അദ്ദേഹം തിന്നാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഈത്തപ്പഴത്തിന്റെ പാത്രത്തില്‍ നിന്നും ഈത്തപ്പഴങ്ങള്‍ പുറത്തേക്കെടുത്തു. എന്നിട്ട് പറഞ്ഞു: 'ഈ ഈത്തപ്പഴം തിന്നുതീര്‍ക്കാന്‍ ആവശ്യമായ സമയം ഞാന്‍ ജീവിച്ചിരുന്നാല്‍ തന്നെ അത് സുദീര്‍ഘമായ ഒരു ജീവിതമാണ്.' ഇതും പറഞ്ഞു കൊണ്ട് അദ്ദേഹം ഇൗത്തപ്പഴം വലിച്ചെറിയുകയും എന്നിട്ട് അവരോടൊപ്പം യുദ്ധം ചെയ്യുകയും രക്തസാക്ഷിയാവുകയും ചെയ്തു'' (മുസ്‌ലിം: 1901).

മദീനയില്‍ നിന്നും പുറപ്പെട്ട നബി ﷺ  സ്വഫ്‌റാഅ് എന്ന സ്ഥലത്തിനു സമീപം എത്തിയപ്പോള്‍ ബുസൈസതുബ്‌നു അംറുല്‍ ജുഹനി(റ), അദിയ്യിബ്‌നു അബിസ്സഅബാഅ്(റ) എന്നീ രണ്ടു സ്വഹാബിമാരെ അബൂസുഫ്‌യാന്റെ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി പറഞ്ഞയച്ചു. യാത്രാവേളയില്‍ നബി ﷺ  ഹുര്‍റതുല്‍ വബ്‌റ എന്ന സ്ഥലത്തിന് സമീപത്തു വെച്ചുകൊണ്ട് മുശ്‌രിക്കുകളില്‍ പെട്ട ഒരാളെ കണ്ടുമുട്ടി. അയാളോട് ചോദിച്ചു: 'നീ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'അതെ.' നബി ﷺ  പറഞ്ഞു: 'എങ്കില്‍ മുന്നോട്ട് നടന്നോളൂ'' (മുസ്‌ലിം: 1817).

ക്വുറൈശി കച്ചവട സംഘത്തിലെ തലവന്‍ അബൂസുഫ്‌യാന്‍ ആയിരുന്നു. അതീവ ജാഗരൂകനും ശ്രദ്ധാലുവുമായിരുന്നു അദ്ദേഹം. യാത്രാ സന്ദര്‍ഭങ്ങളില്‍ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമം അദ്ദേഹവും നടത്തിയിരുന്നു. വഴിയില്‍ വെച്ച് കാണുന്നവരോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അപ്പോഴാണ് മുഹമ്മദ് നബി ﷺ  കച്ചവട സംഘത്തെ ലക്ഷ്യം വെച്ചുകൊണ്ട് മദീനയില്‍ നിന്നും പുറപ്പെട്ടിരിക്കുന്നു എന്ന വിവരം അബൂസുഫ്‌യാനു ലഭിച്ചത്. ഇത് അറിഞ്ഞ ഉടനെ അബൂസുഫ്‌യാന്‍ ളംളമുബ്‌നു അംറുല്‍ ഗഫ്ഫാരിയെ മക്കയിലേക്ക് പറഞ്ഞയച്ചു. മുഹമ്മദും സംഘവും ക്വുറൈശികളുടെ കച്ചവട സംഘത്തെ ലക്ഷ്യം വെച്ച് ഇറങ്ങിയിരിക്കുന്നു എന്ന് മക്കക്കാരെ അറിയിക്കലായിരുന്നു ഉദ്ദേശം. ളംളം മക്കാ താഴ്‌വരയിലെത്തി തന്റെ ഒട്ടകപ്പുറത്ത് കയറി നിന്നുകൊണ്ട് തന്റെ കുപ്പായം കീറി ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: ''അല്ലയോ ക്വുറൈശികളേ, അപകടം! അപകടം! നിങ്ങളുടെ സമ്പത്ത് അബൂസുഫ്‌യാന്റെ അടുക്കലുണ്ട്. അത് പിടിച്ചെടുക്കാന്‍ മുഹമ്മദും അനുയായികളും പുറപ്പെട്ടിരിക്കുന്നു. ഇനി ആ സമ്പത്ത് നിങ്ങള്‍ക്ക് കിട്ടുമോ എന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട്, സഹായം, സഹായം. (അബൂസുഫ്‌യാനെ സഹായിക്കാന്‍ പുറപ്പെട്ടോളൂ)''

ക്വുറൈശികള്‍ അതിവേഗത്തില്‍ ഒരുങ്ങി. കഴിവുള്ളവരും കഴിവില്ലാത്തവരും പുറപ്പെട്ടു. അബൂലഹബ് ഒഴികെ ക്വുറൈശികളിലെ എല്ലാ പ്രമാണിമാരും ഇറങ്ങിത്തിരിച്ചു. അബൂലഹബ് തനിക്കു പകരം ആസ്വ് ഇബ്‌നു ഹിശാമിനെയാണ് അയച്ചത്. ആസ്വ് ഇബ്‌നു ഹിശാം അബൂലഹബിന് കുറച്ച് പണം കടം വീട്ടാന്‍ ഉണ്ടായിരുന്നു. അതിനു പകരമായാണ് അബൂലഹബ് ആസ്വിനെ പറഞ്ഞയച്ചത്. കച്ചവട സംഘത്തെ രക്ഷിക്കുവാന്‍ വേണ്ടി എല്ലാവരും ഒരുങ്ങിയിറങ്ങി. മുഹമ്മദിനെയും അനുയായികളെയും ഉന്മൂലനം ചെയ്യുക എന്നുള്ളതും അവരുടെ ഒരു ലക്ഷ്യമായിരുന്നു. അത്‌കൊണ്ടു തന്നെ നിര്‍ബന്ധിപ്പിച്ചു കൊണ്ടാണെങ്കിലും ക്വുറൈശികള്‍ ഒരാളെയും ഒഴിവാക്കാതെ തങ്ങളുടെ കൂടെ കൂട്ടി. അങ്ങനെ നിര്‍ബന്ധത്തിന് വഴങ്ങി പുറപ്പെട്ട ആളുകളില്‍ പെട്ടവരായിരുന്നു അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്, നൗഫല്‍ ഇബ്‌നു ഹാരിസ്, അബുത്വാലിബിന്റെ രണ്ടു മക്കളായ നൗഫല്‍, ഉകൈ്വല്‍ തുടങ്ങിയവര്‍. യാത്രയുടെ തുടക്കത്തില്‍ 1319 പേരായിരുന്നു മുശ്‌രിക്കുകളില്‍ ഉണ്ടായിരുന്നത്. 100 കുതിരയും 600 പടയങ്കിയും ഒട്ടനവധി ഒട്ടകങ്ങളും അവരുടെ കൂടെ ഉണ്ടായിരുന്നു. അബൂജഹല്‍ ആയിരുന്നു നേതൃത്വം വഹിച്ചിരുന്നത്. അബൂസുഫ്‌യാന്റെ അടുക്കല്‍ നിന്നും വാര്‍ത്തകളുമായി ളംളം വരുന്നതിനു മുമ്പു തന്നെ അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ ആതിക അക്കാര്യം സ്വപ്‌നത്തില്‍ കണ്ടതായി ചരിത്രം പറയുന്നു. ക്വുറൈശികള്‍ സര്‍വ സന്നാഹങ്ങളുമായി യാത്രക്ക് വേണ്ടി ഒരുങ്ങിയപ്പോള്‍ കുറെ നാളുകളായി മക്കയിലുള്ള ക്വുറൈശികള്‍ക്കും ബനൂബകറിനും ഇടയില്‍ നിലനില്‍ക്കുന്ന ശത്രുതയെക്കുറിച്ച് അവര്‍ (ആതിക) ഓര്‍മിപ്പിച്ചു. ഇതു കേട്ട മാത്രയില്‍ മുശ്‌രിക്കുകള്‍ പറഞ്ഞു: 'ബനൂബകര്‍ പിറകില്‍ നിന്ന് നമുക്കെതിരെ വരുമോ എന്ന് നാം ഭയപ്പെടുന്നു.' ഈ സംസാരം യാത്രയില്‍ നിന്നും പിന്മാറാന്‍ പോലും കാരണമാകുന്ന രൂപത്തില്‍ എത്തി. അപ്പോള്‍ സുറാഖതുബ്‌നു മാലികിന്റെ രൂപത്തില്‍ ഇബ്‌ലീസ് അവരില്‍ പ്രത്യക്ഷപ്പെട്ടു. കിനാന ഗോത്രത്തിലെ പ്രധാനിയായിരുന്നു സുറാഖ. എന്നിട്ട് അവരോട് (ഇബ്‌ലീസ്) ഇപ്രകാരം പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്കുള്ള സംരക്ഷകനാണ്. നിങ്ങള്‍ ഭയപ്പെടുന്ന ഒന്നും തന്നെ പിറകില്‍ നിന്നും ഉണ്ടാവുകയില്ല.'

 ഇബ്‌ലീസിന്റെ ഇടപെടലിനെക്കുറിച്ച് അല്ലാഹു പറയുന്നു:

''ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്‍മാറിക്കളഞ്ഞു'' (ക്വുര്‍ആന്‍ 8:48).

ഈ സന്ദര്‍ഭത്തില്‍ വലിയ ആവേശത്തോടെ അല്ലാഹുവിനോടും റസൂലിനോടുമുള്ള ശത്രുത പ്രകടിപ്പിച്ചു കൊണ്ട്, വാദ്യമേളങ്ങള്‍ മുഴക്കി, നൃത്തം ചവിട്ടി, മുസ്‌ലിംകള്‍ക്കെതിരെ പാട്ടു പാടിക്കൊണ്ട്, അഹങ്കാരത്തോടെയും ധിക്കാരത്തോടെയും പൊങ്ങച്ചത്തോടെയും അവര്‍ പുറപ്പെട്ടു.

''ഗര്‍വോട് കൂടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 8:47).

സത്യനിഷേധികളുടെ സൈന്യത്തിന് ഭക്ഷണം നല്‍കുവാന്‍ വേണ്ടി മാത്രമായി പന്ത്രണ്ടോളം പേര്‍ ഉണ്ടായിരുന്നു. അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്, ഉത്ബതുബ്‌നു റബീഅ, ഹാരിസ് ഇബ്‌നു നൗഫല്‍, തുഐമതുബ്‌നു അദിയ്യ്, അബുല്‍ ബുഖ്തരി, ഇബ്‌നു ഹിശാം, ഹകീം ഇബ്‌നു ഹുസാം, നള്‌റുബ്‌നുല്‍ഹാരിസ്, അബൂജഹല്‍ ഇബ്‌നു ഹിശാം, ഉമയ്യത്തുബ്‌നു ഖലഫ്, സുഹൈലുബ്‌നു അംറ്, ഹജ്ജാജ് ഇബ്‌നു ആമിറിന്റെ രണ്ടു മക്കളായ നബീഹ്, മുനബ്ബിഹ് തുടങ്ങിയവരായിരുന്നു അവര്‍. വലിയ നേതാക്കന്മാരും സമ്പന്നരുമായിരുന്നു ഇവരൊക്കെ. ഓരോ ദിവസവും ഒന്‍പതോ പത്തോ ഒട്ടകങ്ങളെ വീതം അവര്‍ അറുത്തിരുന്നു. മക്കയില്‍ നിന്ന് പുറപ്പെട്ട ഉടനെത്തന്നെ അവര്‍ക്ക് വേണ്ടി ആദ്യമായി ഒട്ടകത്തെ അറുത്തത് അബൂജഹല്‍ ബിന്‍ ഹിശാം ആയിരുന്നു. ഇവരെക്കുറിച്ചാണ് അല്ലാഹു ഇങ്ങനെ പറയുന്നത്:

''തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചുകൂട്ടപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 8:36).

ക്വുറൈശികളുടെ സൈന്യം ബദ്ര്‍ ലക്ഷ്യമാക്കി നീങ്ങി. ജുഹ്ഫയില്‍ എത്തിയപ്പോള്‍ അവര്‍ അവിടെ ഇറങ്ങി. ബദ്‌റിലൂടെ കടന്നുപോകുന്ന പ്രധാന വഴിയിലൂടെയായിരുന്നു അബൂസുഫ്‌യാന്‍ കച്ചവട സംഘത്തെ കൊണ്ടുവന്നിരുന്നത്. അതീവ ജാഗ്രത പാലിക്കുന്ന ആളായിരുന്നു അബൂസുഫ്‌യാന്‍ എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ബദ്‌റിന്റെ സമീപത്തുള്ള ജല തടാകത്തില്‍ എത്തിയപ്പോള്‍ മുജ്ദിയ്യുബ്‌നു അംറുല്‍ ജുഹനിയെ അബൂസുഫ്‌യാന്‍ കണ്ടു. അബൂസുഫ്‌യാന്‍ ചോദിച്ചു: 'മുഹമ്മദിന്റെ വല്ല ചാരന്മാരെയും നീ കണ്ടുവോ?' മുജ്ദിയ്യ് പറഞ്ഞു: 'അല്ലാഹുവാണ് സത്യം, ഭയപ്പെടേണ്ടതായിട്ടുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ രണ്ടു യാത്രക്കാര്‍ ഇതുവഴി വരികയും ഈ മണ്‍തിട്ടക്കടുത്ത് വെച്ച് അവര്‍ തങ്ങളുടെ ഒട്ടകത്തെ മുട്ട് കുത്തിക്കുകയും അവരുടെ പാന പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചു തിരിച്ചുപോകുകയും ചെയ്തു.' ഇതു കേട്ടപ്പോള്‍ അബൂസുഫ്‌യാന്‍ മുജ്ദിയ്യ് സൂചിപ്പിച്ച ആളുകളുടെ ഒട്ടകങ്ങള്‍ മുട്ടുകുത്തിയ സ്ഥലത്തേക്ക് വന്നു. എന്നിട്ട് ആ ഒട്ടകത്തിന്റെ കാഷ്ടം എടുത്തു പരിശോധിച്ചു. അപ്പോള്‍ അതില്‍ ഈത്തപ്പഴത്തിന്റെ കുരുവുണ്ടായിരുന്നു. ഉടനെ അബൂസുഫ്‌യാന്‍ ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവാണ് സത്യം, ഇത് മദീനയിലെ ഈത്തപ്പഴം തിന്ന ഒട്ടകത്തിന്റെ കാഷ്ടമാണ്. തീര്‍ച്ചയായും ഇവര്‍ മുഹമ്മദിന്റെ ചാരന്മാര്‍ തന്നെ.' അബൂഅബൂസുഫ്‌യാന്‍ തന്റെ ആളുകളുടെ അടുക്കലേക്ക് അതിവേഗത്തില്‍ മടങ്ങിച്ചെന്നു. യാത്രാ സംഘത്തിന്റെ ഗതി മറ്റൊരു ഭാഗത്തേക്ക് അബൂസുഫ്‌യാന്‍ തിരിച്ചു. ബദ്‌റിന്റെ ഇടതു വശത്തു കൂടിയുള്ള പ്രധാന വഴി ഉപേക്ഷിച്ചുകൊണ്ട് കടല്‍ തീരത്തിലൂടെ യാത്രയായി. യാത്രാസംഘത്തിലെ ഒട്ടകങ്ങളെ അതിവേഗത്തില്‍ തെളിക്കുകയും മുസ്‌ലിംകള്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെടുകയും ചെയ്തു.

തന്റെ കച്ചവടസംഘം രക്ഷപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയ അബൂസുഫ്‌യാന്‍ കൈ്വസുബ്‌നു ഇംറുല്‍കൈ്വസിനെ ഒരു കത്തുമായി ക്വുറൈശികളുടെ അടുക്കലേക്കയച്ചു. ആ കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: 'നിങ്ങളുടെ കച്ചവട സംഘത്തെയും സമ്പത്തിനെയും ആളുകളെയും സംരക്ഷിക്കുവാന്‍ വേണ്ടിയാണ് നിങ്ങള്‍ പുറപ്പെട്ടത്. എന്നാല്‍ അവയെയെല്ലാം അല്ലാഹു രക്ഷപ്പെടുത്തിയിരിക്കുന്നു. അതു കൊണ്ട് നിങ്ങള്‍ മക്കയിലേക്ക് തിരിച്ചുപോയിക്കൊള്ളുക.'

പക്ഷേ, ഈ കത്ത് വായിച്ച് അബൂജഹല്‍ പറഞ്ഞു: 'അല്ലാഹുവാണ് സത്യം, ബദ്‌റില്‍ എത്തുന്നത് വരെ ഞങ്ങള്‍ ഒരിക്കലും മടങ്ങുകയില്ല. അവിടെ ഞങ്ങള്‍ മൂന്നുദിവസം താമസിക്കും. ഒട്ടകങ്ങളെ അറുക്കും. ഭക്ഷണം കഴിക്കും. മദ്യപിക്കും. വാദ്യമേളങ്ങള്‍ ഉണ്ടാക്കും. ഞങ്ങളെക്കുറിച്ചും ഞങ്ങളുടെ പുറപ്പാടിനെക്കുറിച്ചും ഞങ്ങളുടെ സംഘത്തെക്കുറിച്ചും അറബികള്‍ കേള്‍ക്കണം. അങ്ങനെ അറബികള്‍ ഞങ്ങളെ എന്നും ഭയപ്പെടണം. അതുകൊണ്ട് മുന്നോട്ട് ഗമിക്കൂ.'

അബൂജഹല്‍ ഇങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും ഇബ്‌നു ശുറൈഖ് മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. ബനൂസഹ്‌റ ഗോത്രക്കാരുമായി സഖ്യത്തില്‍ ഏര്‍പെട്ടവരായിരുന്നു അവര്‍. അക്കൂട്ടത്തിലുഉള്ള (ബനൂ സഹ്‌റ) എല്ലാവരും ജുഹ്ഫയില്‍ നിന്ന് മക്കയിലേക്ക് മടങ്ങുകയുണ്ടായി. ഏതാണ്ട് 300 പേരുണ്ടായിരുന്നു അവര്‍. ബനൂഹാശിമും മടങ്ങിപ്പോകുവാന്‍ ഉദ്ദേശിച്ചുവെങ്കിലും അബൂജഹല്‍ അവരെ തടഞ്ഞു വെക്കുകയുണ്ടായി. മുശ്‌രിക്കുകള്‍ ബദ്ര്‍ ലക്ഷ്യം വെച്ച് നീങ്ങി. ബദ്‌റിന്റെ സമീപത്ത് പോയി അവര്‍ ഇറങ്ങി. ബദ്ര്‍ താഴ്‌വരയുടെ താഴെ അറ്റമായിരുന്നു അവര്‍ ഇറങ്ങിയ ഭാഗം. സത്യത്തില്‍ മുശ്‌രിക്കുകളെ അവരുടെ നേതാവ് അബൂജഹല്‍ നാശത്തിലേക്ക് വലിച്ചു കൊണ്ടു വരികയായിരുന്നു. അല്ലാഹു പറഞ്ഞത് എത്ര സത്യം:

''സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി'' (ക്വുര്‍ആന്‍ 8:8).