തിക്താനുഭവങ്ങളില്‍ അടിപതറാതെ

അബ്ബാസ് ചെറുതുരുത്തി

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

പ്രവാചകനോടും അനുചരന്മാരോടുമുള്ള മുശ്‌രിക്കുകളുടെ ഉപദ്രവം കഠിനമായി. അന്നേരം ചില ശിഷ്യന്മാര്‍ പ്രവാചകനോട്, സഹായിക്കാന്‍ വേണ്ടി റബ്ബിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, പ്രവാചകന്‍ ﷺ റബ്ബിന്റെ സഹായത്തില്‍ ഉറച്ച പ്രതീക്ഷയര്‍പ്പിക്കുകയും നല്ല പര്യവസാനം അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവര്‍ക്കായിരിക്കുമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.

ഒരു ഹദീഥ് കാണുക: ഖബ്ബാബ് ഇബ്‌നുല്‍ അറത്(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''പ്രവാചകന്‍ ﷺ കഅ്ബയുടെ തണലില്‍ വിശ്രമിച്ച് കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ആവലാതിയുമായി അദ്ദേഹത്തിന്റെ അടുക്കലേക്കെത്തി. (മുശ്‌രിക്കുകളില്‍ നിന്ന് കഠിനമായി പീഡനമേറ്റിരുന്നു) ഞങ്ങള്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് വേണ്ടി സഹായത്തിന് ആവശ്യപ്പെടുന്നില്ലേ; ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നില്ലേ?' അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: 'തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പുള്ളവരിലുള്ള ഒരു മനുഷ്യനെ കൊണ്ടുവരികയും ഭൂമിയില്‍ കുഴിയുണ്ടാക്കുകയും അതില്‍ നിറുത്തുകയും വാളുകൊണ്ട് തല രണ്ടായി നെറുകെ പിളര്‍ത്തുകയും ചെയ്തിരുന്നു. ഇരുമ്പിന്റെ ചീര്‍പ്പുകൊണ്ട് ചീവുകയും ചെയ്തിരുന്നു. (എല്ലില്‍ നിന്നും മാംസം വേര്‍പ്പെടുത്തിക്കൊണ്ട്). അതൊന്നും അവരെ അവരുടെ മതത്തില്‍ നിന്ന് തടഞ്ഞിട്ടില്ല. അല്ലാഹുവാണെ സത്യം! ഈ കാര്യം പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും. ഒരു യാത്രക്കാരന് സന്‍ആഉ മുതല്‍ ഹളര്‍മൗത്ത് വരെ അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടേണ്ടാത്തതും തന്റെ ആടിന്റെ വിഷയത്തില്‍ ചെന്നായയെ അല്ലാതെ വേറൊന്നിനെയും പേടിക്കേണ്ടതില്ലാത്തതുമായ ഒരു കാലം വരും. പക്ഷേ, നിങ്ങള്‍ ധൃതികാണിക്കുകയാണ്'' (ബുഖാരി).

ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ക്ഷമിക്കാനുള്ള മനക്കരുത്തും നല്‍കുന്ന ഈ വാക്കുകള്‍ വിശ്വാസികള്‍ക്ക് ആശ്വാസമേകി. സത്യത്തില്‍ ഉറച്ച് നില്‍ക്കുകയും ഏകദൈവാരാധനയിലേക്ക് ക്ഷണിക്കുകയും ജാഹിലിയ്യത്തിലെ പതിവുകളും അന്ധവിശ്വാസങ്ങളും ബിംബാരാധനയും വെടിയുവാന്‍ പറയുകയും ചെയ്തതിന്റെ പേരിലാണ് ശക്തമായ ഉപദ്രവം പ്രവാചകനും അനുയായികള്‍ക്കും നേരിടേണ്ടിവന്നത്.

അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല തന്നെക്കുറിച്ച് ക്വുര്‍ആനില്‍ ആക്ഷേപിച്ച് വചനമിറങ്ങിയിട്ടുണ്ടെന്നറിഞ്ഞ് പ്രവാചകന്‍ ﷺ യുടെ അടുക്കലേക്ക് ചെന്നു. ആ സമയം പ്രവാചകന്‍ ﷺ പള്ളിയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ അബൂബക്കര്‍(റ) ഉണ്ടായിരുന്നു. ഉമ്മുജമീല കല്ലുകളുമായാണ് ചെന്നത്. എന്നാല്‍, പ്രവാചകന്റെ അടുക്കല്‍ എത്തിയപ്പോള്‍ അല്ലാഹു അവളുടെ കാഴ്ചയില്‍ മാറ്റം വരുത്തി. അതോടെ അവള്‍ക്ക് അബൂബക്കര്‍(റ)വിനെ മാത്രമെ കാണാന്‍ സാധിച്ചതുള്ളൂ. അവള്‍ ചോദിച്ചു: ''അബൂബക്കറേ, എവിടെ നിന്റെ കൂട്ടുകാരന്‍? അവന്‍ എന്നെ ആക്ഷേപിച്ചതായി അറിഞ്ഞു. അല്ലാഹുവാണെ, അവനെ ഞാന്‍ കണ്ടാല്‍ എന്റെ വായ കൊണ്ട് അവനെ അടിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും ഞാന്‍ ഒരു കവയിത്രിയാണ്...''(സീറതു ഇബ്‌നു ഹിശാം: 1/378).

ഏറെ ഉപദ്രവിച്ചിട്ടും ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണ്ടതോടെ മുശ്‌രിക്കുകളുടെ രോഷം ഇരട്ടിച്ചു. അവര്‍ കായികമായും നാവുകൊണ്ടും മുസ്‌ലിംകളെ ഉപദ്രവിക്കുന്നത് വര്‍ധിപ്പിച്ചു. പ്രവാചകനെ സംബന്ധിച്ചിടത്തോളം ഒന്നാമതായി അദ്ദേഹം അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്, പിന്നെ പിതൃവ്യന്റെ സംരക്ഷണത്തിലും. എന്നാല്‍ പ്രവാചകന് സ്വഹാബത്തിനെ ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അവരില്‍ ചിലര്‍ കൊല്ലപ്പെടുകയും മറ്റുചിലര്‍ ശക്തമായ ഉപദ്രവത്തില്‍ അകപ്പെടുകയും ചെയ്തു. ഈ അവസരത്തില്‍ പ്രവാചകന്‍ ﷺ തന്റെ അനുയായികള്‍ക്ക് അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുമതി നല്‍കി. അങ്ങനെ ഉസ്മാന്‍(റ)വിന്റെ നേതൃത്വത്തില്‍ ആദ്യമായി ഒരു സംഘം ഹിജ്‌റ പോയി. അതില്‍ നാല് സ്ത്രീകളും പന്ത്രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. പ്രവാചക നിയോഗത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ റജബ് മാസത്തിലാണ് ഇത് നടന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് തീരത്തെത്തിയ സന്ദര്‍ഭത്തില്‍ രണ്ട് കപ്പലുകള്‍ കിട്ടുകയും അവയില്‍ അബ്‌സീനിയയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. അവരെ പിന്തുടര്‍ന്ന് മുശ്‌രിക്കുകള്‍ തീരത്തെത്തിയപ്പോഴേക്കും മുസ്‌ലിംകള്‍ അവിടം വിട്ടിരുന്നു. അബ്‌സീനിയയില്‍ എത്തിയ സന്ദര്‍ഭത്തില്‍ മക്കയിലെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു എന്ന കള്ളവാര്‍ത്ത ലഭിച്ച് ചിലര്‍ അബ്‌സീനിയയില്‍ നിന്നും തിരിച്ച് മക്കയിലേക്ക് മടങ്ങി. എന്നാല്‍ മക്കയില്‍ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ അത് കള്ളവാര്‍ത്തയാണെന്നും ഇവിടെ അക്രമം കൂടിയിരിക്കുകയാണെന്നും അവര്‍ മനസ്സിലാക്കി. ഹിജ്‌റ പോയവര്‍ മക്കയില്‍ പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകള്‍ അവരെ കഠിനമായി ഉപദ്രവിച്ചു. പ്രവാചകന്‍ ﷺ അവര്‍ക്ക് വീണ്ടും അബ്‌സ്വീനിയയിലേക്ക് ഹിജ്‌റ പോകാന്‍ അനുമതി നല്‍കി. രണ്ടാംതവണ ഹിജ്‌റ പോയവരില്‍ 83 പുരുഷന്മാരും 19 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. അവരില്‍ അമ്മാറ്ബ്‌നു യാസിറും(റ) ഉണ്ടായിരുന്നു. നജ്ജാശിയുടെ ഭരണകൂടത്തിന് കീഴില്‍ മുസ്‌ലിംകള്‍ നിര്‍ഭയരായിരുന്നു. ഇത് അറിഞ്ഞ മുശ്‌രിക്കുകള്‍ സമ്മാനങ്ങളുമായി നജ്ജാശിയുടെ അടുക്കലേക്കെത്തുകയും മുസ്‌ലിംകളെ വിട്ടുതരാന്‍ അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ നജ്ജാശി മുശ്‌രിക്കുകളെയും അവരുടെ സമ്മാനങ്ങളെയും തിരസ്‌കരിക്കുകയും വിശ്വാസികള്‍ക്ക് അഭയം നല്‍കുകയും ചെയ്തു.

ഇസ്‌ലാമിന്റെ വ്യാപനവും ധാരാളം ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുന്നതും അബ്‌സീനിയയിലെത്തിയ മുഹാജിറുകള്‍ക്ക് നിര്‍ഭയത്വവും സ്വീകരണവും ലഭിച്ചതും മുശ്‌രിക്കുകളെ നിന്ദ്യന്മാരായിക്കൊണ്ട് മടക്കി അയച്ചതും കണ്ടപ്പോള്‍ മുശ്‌രിക്കുകള്‍ക്ക് മുസ്‌ലിംകളോട് ദേഷ്യം വര്‍ധിച്ചു. അവര്‍ ബനൂഹാശിം, ബനൂ അബ്ദില്‍ മുത്ത്വലിബ്, ബനൂഅബ്ദുമനാഫ് എന്നീ ഗോത്രങ്ങള്‍ക്കെതിരെ ബഹിഷ്‌കരണ ഉടമ്പടി പുറപ്പെടുവിച്ചു. പ്രവാചകനെ ﷺ വിട്ടുതരുന്നത് വരെ അവരുമായി കച്ചവടമോ, വിവാഹ ബന്ധമോ, സംസാരമോ, ഒരുമിച്ച് ഇരിക്കലോ ഉണ്ടാവില്ല എന്ന് എഴുതി അത് കഅ്ബയുടെ മേല്‍ക്കൂരയില്‍ തൂക്കിയിട്ടു. ഈ തീരുമാനത്തെ ബനൂഹാശിമിലെയും ബനൂഅബ്ദില്‍ മുത്ത്വലിബിലെയും വിശ്വാസികളും കാഫിറുകളും അംഗീകരിച്ചില്ല. അബൂലഹബ് മാത്രം അംഗീകരിച്ചു. അവന്‍ പ്രവാചകനോടും ഈ രണ്ട് ഗോത്രങ്ങളോടും പ്രത്യക്ഷത്തില്‍ എതിരായി ക്വുറൈശികളോടൊപ്പം നിന്നു.

പ്രവാചക നിയോഗത്തിന്റെ ഏഴാം വര്‍ഷം മുഹര്‍റം മാസത്തില്‍ ഈ രണ്ട് ഗോത്രങ്ങളെയും 'ശിഅബ് അബീത്വാലിബ്' താഴ്‌വരയില്‍ തടഞ്ഞ് വെച്ചു. അവരില്‍ നബി ﷺ യും ഉണ്ടായിരുന്നു. മൂന്ന് വര്‍ഷത്തോളം ഭക്ഷണമോ മറ്റ് അവശ്യവസ്തുക്കളോ ലഭിക്കാതെയുള്ള പീഡനം അവര്‍ ഏറ്റുവാങ്ങി. പിഞ്ചുകുഞ്ഞുങ്ങളുടെ വിശപ്പിനാലുള്ള കരച്ചില്‍ താഴ്‌വരയെ പ്രകമ്പനം കൊള്ളിച്ചു. അല്ലാഹു ചിതലുകളെ അയച്ചുകൊണ്ട് ആ ഉടമ്പടി പത്രം നശിപ്പിച്ചു. അല്ലാഹുവിന്റെ നാമങ്ങളൊഴികെ മറ്റെല്ലാം ചിതല്‍ തിന്ന് തീര്‍ത്തു.

പ്രവാചകനും അദ്ദേഹത്തോടൊപ്പമുള്ളവരും 'ശിഅബ് അബീത്വാലിബ്' താഴ്‌വരയില്‍ നിന്നും പ്രവാചക നിയോഗത്തിന്റെ പത്താം വര്‍ഷം പുറത്ത് വന്നു. അതിന് ശേഷം ആറ് മാസം കഴിഞ്ഞപ്പോള്‍ അബൂത്വാലിബും അതിന്റെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഖദീജാബീവി(റ)യും മരണപ്പെട്ടു. ഈ മരണങ്ങള്‍ക്ക് ശേഷം പ്രവാചകന് തന്റെ ജനതയിലെ വിഡ്ഢികളില്‍ നിന്നുള്ള ഉപദ്രവം ശക്തമായി. ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ ﷺ ത്വാഇഫുകാര്‍ അഭയം നല്‍കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അങ്ങോട്ട് പുറപ്പെട്ടു. എന്നാല്‍ അഭയം നല്‍കുന്നതിന് പകരം ശക്തമായ ഉപദ്രവമാണ് അവരില്‍ നിന്നും ഉണ്ടായത്.

ത്വാഇഫിലേക്ക് പുറപ്പെട്ടതിന് ശേഷമുള്ള പ്രവാചകന്റെ നിലപാടുകള്‍

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ശവ്വാല്‍ മാസത്തിലാണ് പ്രവാചകന്‍ ﷺ ത്വാഇഫിലേക്ക് പുറപ്പെട്ടത്. അദ്ദേഹത്തോടൊപ്പം സൈദ്ബ്‌നു ഹാരിസും(റ) ഉണ്ടായിരുന്നു. പ്രവാചകന്‍ ﷺ ഓരോ വഴിയില്‍ പ്രവേശിക്കുമ്പോഴും ഓരോ ഗോത്രങ്ങളെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവരില്‍ നിന്നും ഒരാളും അതിന് ഉത്തരം നല്‍കിയില്ല.

ത്വാഇഫുകാരോടുള്ള പ്രബോധനത്തില്‍ പ്രവാചകന്റെ ഹിക്മത്ത്

ത്വാഇഫില്‍ എത്തിയപ്പോള്‍ അവിടുത്തെ നേതാക്കളെ കാണുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ വളരെ മോശമായി പ്രതികരിക്കുകയാണുണ്ടായത്. ത്വാഇഫുകാര്‍ക്കിടയില്‍ പ്രവാചകന്‍ ﷺ പത്ത് ദിവസത്തോളം താമസിച്ചു. ഈ കാലയളവില്‍ പ്രവാചകന്‍ എല്ലാ പ്രധാനികളെയും കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ പറഞ്ഞത് നാടുവിട്ട് പോയില്ലെങ്കില്‍ കുട്ടികളെക്കൊണ്ട് കല്ലെറിഞ്ഞ് ഓടിക്കുമെന്നാണ്. പ്രവാചകന്‍ ﷺ അവിടെനിന്ന് പോരാന്‍ തീരുമാനിച്ചപ്പോള്‍ അവിടുത്തെ അവിവേകികളും കുട്ടികളും പിന്തുടര്‍ന്ന് കല്ലെറിയുകയുണ്ടായി. ഏറു കൊണ്ട് രക്തമൊലിച്ച് പ്രവാചകന്റെ ചെരുപ്പുകള്‍ക്ക് രക്ത വര്‍ണമായി. തലപൊട്ടി മുറിവാകുന്നത് വരെ സൈദ്ബ്‌നു ഹാരിസ്(റ) തന്റെ ശരീരം കൊണ്ട് പ്രവാചകനെ സംരക്ഷിച്ചു. അങ്ങനെ പ്രവാചകന്‍ ﷺ വിഷണ്ണനായി മക്കയിലേക്ക് മടങ്ങി. മടങ്ങിപ്പോകവെ ജിബ്‌രീല്‍ൗ പ്രവാചകനെ സമീപിച്ചു.  ജിബ്‌രീലിനോടൊപ്പം പര്‍വതങ്ങളുടെ മലക്കുമുണ്ടയിരുന്നു. പര്‍വതങ്ങള്‍ക്കിടയിലുള്ള മക്കയെ ഞെരിച്ചമര്‍ത്താന്‍ പ്രവാചകനോട് മലക്ക് കല്‍പന തേടുകയുണ്ടായി.

പര്‍വതങ്ങളുടെ മലക്കിനോടുള്ള പ്രവാചകന്റെ ഉത്തരത്തിലുള്ള മഹത്തായ ഹിക്മത്ത്

ആയിശ(റ)നിന്ന് നിവേദനം; അവര്‍ നബി ﷺ യോട് ചോദിക്കുകയുണ്ടായി: 'അല്ലാഹുവിന്റെ തിരുദൂതരേ, ഉഹ്ദ് ദിനത്തെക്കാള്‍ പ്രയാസമേറിയ ദിനം താങ്കള്‍ക്കുണ്ടായിട്ടുണ്ടോ?' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'നിന്റെ ജനതയില്‍ നിന്ന് ഏറെ പ്രയാസങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അക്വബ ദിനത്തിലാണ് എനിക്ക് കൂടുതല്‍ പ്രയാസം ഉണ്ടായിട്ടുള്ളത്. അന്ന് ഞാന്‍ ഇബ്‌നുഅബ്ദിയാലീല്‍ ഇബ്‌നു അബ്ദുകുലാലിനെ നേരിട്ട് ദീനിലേക്ക് ക്ഷണിച്ചു. ഞാന്‍ ഉദ്ദേശിച്ചതിന് അവന്‍ ഉത്തരമേകിയില്ല. മനോവിഷമത്തോടെ ഞാന്‍ തിരിച്ചുപോന്നു. ക്വര്‍നിസ്സആലിബില്‍ വെച്ചാണ് എനിക്ക് ബോധമുണര്‍ന്നത്. ഞാന്‍ എന്റെ തല ഉയര്‍ത്തി നോക്കി. അപ്പോഴതാ മേഘം എനിക്ക് നിഴലിട്ടിരിക്കുന്നു. ഞാന്‍ നോക്കിയപ്പോള്‍ അതില്‍ ജിബ്‌രീലുണ്ട്. എന്നെ അദ്ദേഹം വിളിച്ചു. എന്നിട്ട് പറഞ്ഞു: ''താങ്കളുടെ ജനത താങ്കളോട് പറഞ്ഞ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. എങ്ങനെയാണ് അവര്‍ താങ്കളോട് മറുപടി പറഞ്ഞതെന്നും. പര്‍വതങ്ങളുടെ മലക്കിനെ അല്ലാഹു താങ്കളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു. അവരുടെ കാര്യത്തില്‍ താങ്കള്‍ ഉദ്ദേശിക്കുന്നത് ആ മലക്കിനോട് കല്‍പിക്കാം.'' നബി ﷺ പറയുകയാണ്: ''ആ സമയത്ത് പര്‍വതത്തിന്റെ മലക്ക് എന്നെ വിളിച്ചു. എന്നോട് സലാം പറഞ്ഞു. എന്നിട്ട് പറഞ്ഞു: മുഹമ്മദേ, താങ്കളുടെ ജനത താങ്കളോട് പറഞ്ഞത് അല്ലാഹു കേട്ടിരിക്കുന്നു. ഞാന്‍ പര്‍വതത്തിന്റെ മലക്കാണ്. എന്നെ താങ്കളുടെ റബ്ബ് താങ്കളുടെ അടുത്തേക്ക് അയച്ചിരിക്കുകയാണ്. താങ്കളുടെ കാര്യം എന്നോട് കല്‍പിക്കാം. എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? താങ്കളുദ്ദേശിക്കുന്ന പക്ഷം അഖ്ശബൈനിനെ (അബൂഖുബൈബ് മലയും അതിനഭിമുഖമായ മലയും) ഞാന്‍ പുഴക്കിയിടാം.'' അപ്പോള്‍ അദ്ദേഹത്തോട് റസൂല്‍ ﷺ പറഞ്ഞു: ''എന്നാല്‍ അവരുടെ മുതുകുകളില്‍ നിന്ന് ഏകനായ അല്ലാഹുവിനെ ആരാധിക്കുന്ന, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാത്തവരെ അല്ലാഹു പുറത്ത് കൊണ്ടുവരണമെന്നാണെന്റെ ആഗ്രഹം''(ബുഖാരി, മുസ്‌ലിം).

മേല്‍ പറഞ്ഞതില്‍ നിന്നും പ്രവാചകന്‍ ﷺ തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കാള്‍ പ്രാധാന്യവും പരിഗണനയും നല്‍കിയത് തന്റെ സമൂഹത്തിനാണ് എന്ന് വ്യക്തമാകുന്നു. അദ്ദേഹം അവരോട് അങ്ങേയറ്റം കാരുണ്യം കാണിച്ചിരുന്നു. അതാണ് അല്ലാഹു പറഞ്ഞത്:

''(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്''(സൂറഃ ആലുഇംറാന്‍:159).

''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല''(സൂറഃ അല്‍അമ്പിയാഅ്: 107).

ദിവസങ്ങളോളം പ്രവാചകന്‍ ﷺ നഖ്‌ലയില്‍ താമസിച്ചു. മക്കയിലേക്ക് മടങ്ങുന്നതിനെ കുറിച്ച് പ്ലാന്‍ ചെയ്യുകയും ശാശ്വതമായ ഇസ്‌ലാമിക സന്ദേശം പ്രബോധനം ചെയ്യുന്നതിനെ കുറിച്ചും ചിന്തിച്ചു. അതിന് ശേഷം നവോന്മേഷത്തോടെ പ്രവാചകന്‍ ﷺ ശക്തമായി തയ്യാറായി. ഈ സന്ദര്‍ഭത്തില്‍ സൈദ്ബ്‌നു ഹാരിസ്(റ) ചോദിച്ചു: ''എങ്ങനെ താങ്കള്‍ അവരിലേക്ക് പ്രവേശിക്കും? അവര്‍ താങ്കളെ പുറത്താക്കിയതല്ലേ?''

പ്രവാചകന്റെ ﷺ യുടെ മറുപടി ഇപ്രകാരമായിരുന്നു: ''അല്ലയോ സൈദ്! തീര്‍ച്ചയായും അല്ലാഹു നീ കുടുസ്സായി കണ്ടതിന് ഒരു പോംവഴി ഉണ്ടാക്കുന്നവനാണ്. തീര്‍ച്ചയായും അല്ലാഹു അവന്റെ ദീനിനെ സഹായിക്കുന്നവനാണ്. അവന്റെ പ്രവാചകനെ പ്രകടമാക്കുന്നവനാണ്'' (സാദുല്‍മആദ്: 3/33).